മാറി വീശിയ കാറ്റ്


സംഗീത് ശേഖർ

2017ൽ‍ പുറത്തിറങ്ങിയ ദംഗൽ‍ എന്ന ബോളിവുഡ് ചിത്രം വ്യത്യസ്തമായത് ഒരു പെൺ‍കുട്ടി ആൺകുട്ടിയേക്കാൾ‍ പുറകിലല്ല എന്ന ചെറിയ പക്ഷെ വലിയ ആശയം  വരച്ചു കാട്ടിയത് കൊണ്ട് കൂടെയാണ്. ഹരിയാനയിലെ എന്നല്ല ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും പെൺ‍കുട്ടിയുടെ വരവോടെ അൽപ്പമൊന്നു ചുളിയുന്ന നെറ്റികളിൽ‍ മാറ്റമൊന്നും വരുത്താൻ‍ ഒരു ദംഗലിനുംകഴിയില്ലെങ്കിലും ചിന്തകളിലെചെറിയ മാറ്റങ്ങൾ‍ക്ക് തുടക്കമിടാനെങ്കിലും അതിനു കഴിയട്ടെ എന്നാഗ്രഹിച്ചവർ ഒരുപാടുണ്ട്. എത്രയും നേരത്തെ കല്യാണം കഴിച്ചു വിട്ടു ഒഴിവാക്കികളയുന്ന ഒരു ഭാരം, ഒരുഅടുക്കളയിൽ‍ നിന്നും മറ്റൊരുഅടുക്കളയിലേയ്ക്ക് പറിച്ചു നടപ്പെടാൻ‍ മാത്രം വളർ‍ത്തിയെടുക്കുന്ന വസ്തു എന്നിങ്ങനെയുള്ള പൊതുധാരണകൾ‍ക്കപ്പുറത്തേയ്ക്ക് (ഇതൊക്കെ ഉത്തരേന്ത്യയിലെയും മറ്റും പിന്നോക്ക ഗ്രാമങ്ങളിൽ‍ മാത്രം കണ്ടു വരുന്ന ചിന്താഗതിയൊന്നുമല്ല എന്നതാണ് രസം, വിദ്യാസന്പന്നർ എന്ന് അഭിമാനിക്കുന്ന നമ്മുടെ ഇടയിലും ധാരാളമായുണ്ട്) ഒരു ഐഡന്റിറ്റി അവർ‍ക്ക് കിട്ടേണ്ടതാണ്.ആരുടേയും ഔദാര്യമായല്ല, അവകാശമായി തന്നെ. പറഞ്ഞു വരുന്നത് നമ്മൾ‍ കാലങ്ങളായി അവഗണിച്ചു വരുന്ന വനിതാ ക്രിക്കറ്റിനെ കുറിച്ചാണ്.

ഇന്ത്യയിൽ‍ ക്രിക്കറ്റ് കളിക്കുന്ന വനിതകൾ‍ എന്നൊരു വിഭാഗം ഉണ്ടെന്നത് പോലും പലർ‍ക്കും ഒരു തമാശയായിരുന്നു. നിലവാരത്തിലെ ഏറ്റകുറച്ചിലുകൾ‍ കൊണ്ട് കൂടെയാകാം പുരുഷ ക്രിക്കറ്റിനു കൊടുക്കുന്ന പരിഗണനയുടെ നൂറിലൊന്നു പോലും വനിതാക്രിക്കറ്റിനു ലഭിക്കാറില്ല.ഇന്ത്യയിലെ ഒട്ടുമിക്ക സ്കൂളിലേയ്ക്കും കടന്നു ചെല്ലുന്ന ഒരാൾ‍ക്ക് ഗ്രൗണ്ടുകളിൽ‍ ക്രിക്കറ്റ് ആസ്വദിച്ചു കളിക്കുന്ന ആൺ‍കുട്ടികളെ കാണാൻ‍ സാധിച്ചേക്കും, അല്ലെങ്കിൽ‍ നാട്ടിൻ‍ പുറത്തെ ഗ്രൊണ്ടുകളിൽ‍ ആയാലും ഇത്തരമൊരു കാഴ്ച അപൂർ‍വ്വമല്ല.മറിച്ച് പെൺ‍കുട്ടികളെ ഇങ്ങനെ കാണാൻ‍ എവിടെയാണ് സാധിക്കുന്നത് എന്ന ചോദ്യത്തിനുത്തരമില്ല.പെൺ‍കുട്ടി  വീടിനുള്ളിൽ‍ അച്ചടക്കത്തോടെ കഴിയേണ്ടവൾ‍ ആണെന്ന രീതിയിൽ‍ സമൂഹം പണ്ട് മുതലേ അടിച്ചേൽപ്പിച്ച നിയമങ്ങൾ‍ ഇന്നും നിശബ്ദമായി പ്രാബല്യത്തിലുണ്ട്. ഇതിനെല്ലാമപ്പുറം നിലവാരമില്ലായ്മ എന്ന ആരോപണം പണ്ട് മുതലേ വനിതാക്രിക്കറ്റ് നേരിടുന്നുണ്ട്. ആരാധകരും ക്രിക്കറ്റ് ബോർ‍ഡും അകന്നുനിൽ‍ക്കാനുള്ള കാരണങ്ങളിൽ‍ ഒന്നിതായിരുന്നു. ഈയൊരു പ്രശ്നം പരിഹരിക്കാവുന്നതായിരുന്നു. പരിഹരിക്കാനുള്ള ശ്രമങ്ങൾ‍ നടക്കുന്നതിന്റെ തെളിവായിരുന്നു കഴിഞ്ഞ ലോകകപ്പിലെ പ്രകടനം. 

തുടർ‍ച്ചയായ 16 മത്സരങ്ങളുടെ അപരാജിത യാത്ര പോലും  ഇന്ത്യൻ‍ വനിതാ ടീമിനെ കിരീട പ്രതീക്ഷയുള്ള ടീമുകളുടെ കൂട്ടത്തിൽ‍ ഉൾ‍പ്പെടുത്താൻ‍ വിദഗ്ദ്ധരെ പ്രേരിപ്പിച്ചിരുന്നില്ല. പരിശീലന മത്സരങ്ങളിലെ പരാജയങ്ങൾ‍ ഉള്ള പ്രതീക്ഷയും നശിപ്പിക്കാൻ‍ പോന്നതായിരുന്നു. പ്രതീക്ഷകൾ‍ക്ക് ചിറക് മുളയ്ക്കുന്നത് ആദ്യ മത്സരത്തിൽ‍ കരുത്തരായ ഇംഗ്ലണ്ടിനെ വീഴ്ത്തുന്നതോടെയാണ്‌. ആദ്യത്തെ നാല് വിജയങ്ങൾ‍ക്ക് ശേഷം സൗത്ത് ആഫ്രിക്കയോടും ഓസ്ട്രേലിയയോടും തോൽ‍വികൾ‍ ആശങ്കയുണർ‍ത്തി. ന്യൂസിലാന്റിനെതിരെ നിർ‍ണ്ണായക മത്സരത്തിൽ‍ ജയിച്ചില്ലെങ്കിൽ‍ പുറത്തേയ്ക്ക് എന്ന അവസ്ഥയിൽ‍ നിൽ‍ക്കുന്ന ടീമിന് വേണ്ടി ക്യാപ്റ്റൻ‍ മിഥാലി രാജ് കളിച്ച ഇന്നിംഗ്സ് മികവുറ്റതായിരുന്നു. സമ്മർ‍ദ്ദം മുഴുവനും സ്വയം ഏറ്റെടുത്ത ക്യാപ്റ്റൻ‍ ന്യൂസിലന്റ് ബൗളർ‍മാരെ ഏകദേശം ഒറ്റയ്ക്ക് ചെറുത്തു നിന്നു.

സെമിയിൽ‍ കരുത്തരായ ഓസ്ട്രേലിയയുടെ മുന്നിൽ‍ തോൽ‍വി മുഖാമുഖംകണ്ട സമയത്ത് ഹർ‍മ്മൻപ്രീത് അവതരിച്ചു. ഓസീസ് ബൗളിംഗിനെ നിർ‍ദ്ദയം പ്രഹരിച്ച ഹർ‍മ്മൻ‍പ്രീത് ഏതാണ്ടൊറ്റക്കാണ് മത്സരം തട്ടിയെടുത്തത്. ഫൈനലിൽ‍ ഇംഗ്ലണ്ടിനെതിരെ ഏതാണ്ട് ജയമുറപ്പിച്ച അവസ്ഥയിൽ‍  കടുത്ത സമ്മർ‍ദ്ദം സ്വയം ഉണ്ടാക്കിയെടുത്ത ബാറ്റിംഗ് നിര തോൽ‍വിചോദിച്ചു വാങ്ങുകയായിരുന്നു. രണ്ടാം സ്ഥാനത്തിൽ‍ തൃപ്തിയടയുന്ന പാരന്പര്യം മുറുകെ പിടിക്കുന്ന കുറെയധികം ആരാധകരെ ഈ തോൽ‍വിപോലും  ആവശഭരിതരാക്കിയെങ്കിലും നഷ്ടപ്പെട്ടത് കിരീടമാണ്. ഇവിടെ പക്ഷെ പുതിയ വഴിത്താരകൾ‍ തുറക്കപ്പെടുകയാണ്.

ആരാണ് നിങ്ങൾ‍ക്കേറ്റവും പ്രിയപ്പെട്ട പുരുഷ ക്രിക്കറ്റർ‍? ഇന്ത്യൻ‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ നായിക മിഥാലി രാജിനോട് ഇക്കഴിഞ്ഞ വനിതാ ക്രിക്കറ്റ് ലോകകപ്പ് തുടങ്ങുന്നതിനു മുന്നേ നടന്നൊരു പത്രസമ്മേളനത്തിൽ‍ ഒരു ജേണലിസ്റ്റ് ചോദിച്ച ചോദ്യമാണ്. മിഥാലിയുടെ മറുപടി ഒരു മറു ചോദ്യമായിരുന്നു. “നിങ്ങളീ ചോദ്യം ഒരു പുരുഷ ക്രിക്കറ്ററോട് ചോദിച്ചിട്ടുണ്ടോ?”. ക്രിക്കറ്റ് ആണുങ്ങളുടെ ഗെയിം എന്ന ഒരുതരം ആധിപത്യ മനോഭാവം മാറ്റിയെടുക്കാൻ‍ പ്രയാസമാണ് എങ്കി
ൽ‍ പോലും മിഥാലി രാജിന്റെ മറുപടി അർ‍ഹതപ്പെട്ടത് നിഷേധിക്കപ്പെടുന്ന എല്ലാവർ‍ക്കും വേണ്ടിയാണ് എന്നതിൽ‍ ഒരു തർ‍ക്കവുമില്ല.വനിതാ ക്രിക്കറ്റിനെ അംഗീകരിക്കുന്നതിൽ‍ ഏറ്റവും മടി കാട്ടിയ ക്രിക്കറ്റ് ബോർ‍ഡ് ബി.സി.സി.ഐ ആണെന്നുള്ളതിൽ‍ അദ്ഭുതപ്പെടെണ്ട കാര്യമേയില്ല. 2006ലാണ് ബി.സി.സി.ഐ വനിതാ ക്രിക്കറ്റ് ബോർ‍ഡിനെ അംഗീകരിക്കുന്നത്. അതിനു മുന്നേയും അതിനു ശേഷവും രണ്ടാം തരം പൗരന്മാർ‍ എന്ന നിലയിൽ‍ മാത്രമാണ് വനിതാക്രിക്കറ്റ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്‌. മാച്ച് ഫീയുടെ കാര്യത്തിലായാലും, കോണ്ട്രാക്റ്റ് ഫീയുടെ കാര്യത്തിലായാലും സൗകര്യങ്ങളുടെ കാര്യത്തിലായാലും ഈ വിവേചനം നിലനിൽ‍ക്കുന്നുണ്ട്. ചില ഏജ് ഗ്രൂപ്പ് ടൂർ‍ണ്ണമെന്റുകൾ‍ വേണ്ടെന്നു വെയ്ക്കാനുള്ള ബി.സി.സി.ഐയുടെ തീരുമാനം വനിതാ ക്രിക്കറ്റർ‍മാർ‍ക്ക് ഗ്രാസ് റൂട്ട് ലെവലിൽ‍ വളർ‍ന്നു വരാനുള്ള സാഹചര്യം നിഷേധിക്കുന്നതായിരുന്നു. മാറ്റങ്ങൾ‍ തുടങ്ങേണ്ടത് രാജ്യത്തെ ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന സംഘടനയിൽ‍ നിന്നു തന്നെയാണ്.

1983ലെ ലോകകപ്പ് വിജയം ക്രിക്കറ്റിനെ ഇവിടെയൊരു വികാരമാക്കി വളർ‍ത്തിയതിൽ‍ ഏറ്റവും പ്രധാന പങ്ക് വഹിച്ച നേട്ടമാണ്. കപിലിന്റെ ചെകുത്താന്മാർ‍ അക്കാലത്തെ ഏറ്റവും മികച്ച ടീമിനെ അവിശ്വസനീയമായ ഒരു ത്രില്ലറിൽ‍ വീഴ്ത്തി കിരീടം നേടുന്പോൾ‍ ക്രിക്കറ്റിനു ഇവിടെയൊരു അടിത്തറ ഉയർ‍ന്നു വരികയായിരുന്നു. പണം കായ്ക്കുന്ന മരമായി ഈ ഗെയിം വളർ‍ന്നത് പിന്നീടുള്ള കഥയാണ്. സൈന നെഹ്്വാൾ‍ ഒളിന്പിക്സിൽ‍ നേടിയ വെങ്കലം ഇന്ത്യയിലെ വനിതാ ബാഡ്മിന്റണിൽ‍ കൊണ്ട് വന്ന മാറ്റം ഓർ‍മ്മയില്ലേ? ഇവിടെ കിരീടം നഷ്ടപ്പെട്ടെങ്കിലും വനിതാ ക്രിക്കറ്റിനു ഇതൊരു മൃതസഞ്ജീവനി തന്നെയാണ്. പുരുഷ ടീമിന്‍റെ നേട്ടങ്ങളിലും ഐ.പി.എൽ‍ കാഴ്ചകളിലും മനം നിറഞ്ഞിരിക്കുന്ന ആരാധകർ‍ വനിതാ ക്രിക്കറ്റിനെ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. വനിതാ ക്രിക്കറ്റിനു ഇനി പുറകോട്ടു പോകാൻ‍ കഴിയില്ല എന്നതൊരു യാഥാർ‍ത്ഥ്യമാണ്. യാത്ര മുന്നോട്ട് തന്നെയാണ്. വനിതാ ക്രിക്കറ്റിൽ‍ ഐ.പി.എൽ‍ എന്ന ആവശ്യം ഉയർ‍ന്നു കഴിഞ്ഞു. സ്മൃതി  മന്ദാനയും ഹർ‍മ്മൻപ്രീതും ഓസ്ട്രേലിയൻ‍ ബിഗ്‌ ബാഷ് ലീഗിൽ‍ കളിക്കുകയും ചെയ്തു.

വനിതാക്രിക്കറ്റ് എന്നല്ല ഏതൊരു ഗെയിമായാലും  വിജയമാകണമെങ്കിൽ‍ കളിയുടെ നിലവാരം ഉയരുന്നതിനൊപ്പം തന്നെ സ്പോൺസർ‍ ഷിപ്പ്, വ്യുവർ‍ ഷിപ്പ് എന്നീ രണ്ടു ഘടകങ്ങളുടെ സാന്നിദ്ധ്യം അത്യാവശ്യമാണ്. ഇക്കാര്യത്തിൽ‍ ഒരു മാറ്റം പ്രകടമാണ്. ലോകകപ്പ് ഫൈനലിലെ തോൽ‍വി പോലും ഒരു ചലനം സൃഷ്ടിച്ചു കഴിഞ്ഞു. ടെലിവിഷനിൽ‍ ഇന്ത്യയുടെ വനിതാ ലോകകപ്പിലെ കളികൾ‍ കണ്ടവരുടെ എണ്ണത്തിലെ വർദ്‍ധനവ് ഒരു സൂചന തന്നെയാണ്. ഏതൊരു ഗെയിമിനെയും മുന്നോട്ടു നയിക്കുന്നതിൽ‍ അതാത് ഗെയിമുകളിൽ‍ ഇംപാക്റ്റ് ചെലുത്തുന്ന സൂപ്പർ‍ താരങ്ങൾ‍ എന്നതും  ഒരു വലിയ ഘടകമാണ്. സൂപ്പർ‍ താരങ്ങൾ‍ തന്നെ രണ്ടു തരമുണ്ട് ക്രിക്കറ്റിൽ‍. ഇതിഹാസ പദവിയുള്ളവരും ഫ്ളാം ബോയന്റ് വ്യക്തിത്വമുള്ളവരും. ഇവിടെ വനിതാ ക്രിക്കറ്റിൽ‍ സൂപ്പർ‍ താരങ്ങൾ‍ ഉയർ‍ന്നു വരുന്നുണ്ട്. മിഥാലി രാജ് ഏകദിന ക്രിക്കറ്റിൽ‍ ഇതിഹാസ പദവിയിലേയ്ക്ക് നീങ്ങുന്പോൾ‍  സ്മൃതി മന്ദാന എന്ന ഫ്ളാം ബോയന്റ് കളിക്കാരിയും താരപദവിയിലേയ്ക്ക് ഉയർ‍ന്നു വരികയാണ്. സ്ഥിരതയുള്ള പ്രകടനങ്ങൾ‍ കൂടെ ഉണ്ടാകുന്ന പക്ഷം സ്മൃതി ഇവിടെ സൂപ്പർ‍ താരമായേക്കും.

അന്താരാഷ്ട്ര മത്സര പരിചയം എന്ന ഘടകം മാറ്റി നിർ‍ത്താൻ‍ കഴിയില്ല. അടുത്ത കൊല്ലം അവസാനം നടക്കുന്ന ട്വന്റി20 ലോകകപ്പ് എന്ന പ്രധാനപ്പെട്ട ടൂർ‍ണ്ണമെന്റിന് മുന്നേ കാര്യമായ അന്താരാഷ്ട്ര മത്സരങ്ങൾ‍ ഇന്ത്യൻ‍ ടീമിനില്ല എന്നത് ദയനീയമാണ്. ചാന്പ്യൻ‍സ് ട്രോഫിക്ക് ശേഷം ഇന്ത്യൻ‍ പുരുഷ ടീം തുടർ‍ച്ചയായി പരന്പരകൾ‍ കളിക്കുന്പോൾ‍ വനിതാ ടീമിന്‍റെ മുന്നിൽ‍ നിലവിലുള്ള ഒരേയൊരു ഫിക്സ്ച്ചർ‍ 2018 അവസാനം നടക്കുന്ന −ട്വന്റി20 ലോകകപ്പാണ്. ഇതിനുള്ള മതിയായ തയ്യാറെടുപ്പ് ലഭിക്കുമോ എന്ന സംശയത്തിലാണ് ടീം ഇപ്പോൾ‍. അത് മാത്രമല്ല കഴിഞ്ഞ ലോകകപ്പിന് ശേഷം വനിതാ ക്രിക്കറ്റിന്‍റെ കാര്യത്തിൽ‍  ഉണ്ടായിട്ടുള്ള ആവേശവും പ്രതീക്ഷയും നിലനിർ‍ത്തണമെങ്കിൽ‍ വനിതാക്രിക്കറ്റ് ടീമിന് കൂടുതൽ‍ അന്താരാഷ്ട്ര മത്സരങ്ങൾ‍ കൃത്യമായ ഇടവേളകളിൽ‍ കളിച്ചേ മതിയാകൂ. 1978ൽ‍ അന്താരാഷ്ട്ര ക്രിക്കറ്റിലേയ്ക്ക് വന്ന ഇന്ത്യൻ‍ വനിതകൾ‍ ഇതുവരെ ആകെ കളിച്ചിട്ടുള്ളത് 248 ഏകദിനങ്ങളാണ്. അതായത് ഒരു കൊല്ലം ഏകദേശം 6 ഏകദിനങ്ങൾ‍.

വനിതാക്രിക്കറ്റിൽ‍ ഐ.പി.എൽ‍ എന്ന ആവശ്യത്തിനു തടസ്സമായി നിൽ‍ക്കുന്നത് നിലവാരമുള്ള വനിതാ ക്രിക്കറ്റർ‍മാരുടെ അഭാവം തന്നെയാണ്. ടീമുകളുടെ എണ്ണം ചുരുക്കിയാൽ‍ പോലും ഇന്ത്യയിൽ‍ നിന്നും അതിനു വേണ്ടത്ര വനിതാക്രിക്കറ്റർ‍മാരെ ലഭിക്കുന്ന കാര്യം സംശയമാണ്. വനിതാക്രിക്കറ്റിൽ‍  ഐ.പി.എൽ‍ സാധ്യമാകുകയാണെങ്കിൽ‍ അത് ക്രിക്കറ്റർ‍മാർ‍ക്ക് സാന്പത്തിക ഭദ്രത കൂടെ ഉറപ്പ് നൽ‍കുന്ന ഒരു ചുവടു െവപ്പാകും. എന്തായാലും ബി.സി.സി.ഐ കാര്യമായി തന്നെ ഈ പ്രശ്നങ്ങളിൽ‍ ചർ‍ച്ചകൾ‍ നടത്താൻ‍ താൽ‍പ്പര്യം പ്രകടിപ്പിച്ചു തുടങ്ങി എന്നത് തന്നെ ശുഭലക്ഷണമാണ്. 

ക്രിക്കറ്റിനോടുള്ള അതിയായ താൽപര്യം കൊണ്ട് മാത്രം ഹൈദരാബാദിലെ അർ‍ഷാദ് അയൂബ് ക്രിക്കറ്റ് അക്കാഡമിയിലേയ്ക്ക് കടന്നു ചെന്ന ഒരു 9 വയസ്സുകാരിയുടെ കഥയുണ്ട്. ആൺ‍കുട്ടികളോടൊപ്പം കളിക്കാൻ‍ നീ തീരെ പോരെന്ന പരിഹാസം വക െവയ്ക്കാതെ ഞാൻ‍ അവരെക്കാൾ‍ നന്നായി കളിക്കുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ കുട്ടി. രചന കുമാർ‍ എന്ന അന്നത്തെ ആ ചെറിയ പെൺ‍കുട്ടി ഇന്ന് ഹൈദരാബാദ് സീനിയർ‍ ടീമിലെ അംഗമാണ്. ഇത്തരമൊരു അക്കാഡമിയിൽ‍ അഡ്മിഷൻ‍ നേടുന്ന വളരെ കുറച്ചു പെൺ‍കുട്ടികളിൽ‍ ഒരാൾ‍.രചന ഒരൊറ്റപ്പെട്ട സംഭവമല്ല. കാരണം  നിങ്ങൾ‍ക്കതിനു സാധിക്കില്ല എന്നാണ് ഇപ്പോഴും ഈ സമൂഹത്തിലെ ഒരു വലിയ വിഭാഗം ഉറച്ചു വിശ്വസിക്കുന്നത്. അല്ലെന്നു തെളിയിക്കേണ്ട ഭാരം കൂടെ ഏറ്റെടുക്കാൻ‍ പ്രാപ്തമായ ചുമലുകലുള്ള പെൺ‍കുട്ടികൾ‍ക്ക് മാത്രമേ ഇന്ത്യയിൽ‍ ഏതൊരു കായികരംഗത്തും നിലനിൽപുള്ളൂ. പുരുഷന് അവകാശം പോലെ ലഭ്യമാകുന്ന അവസരങ്ങളും പ്രചോദനവും ആനുകൂല്യങ്ങളും പിടിച്ചു വാങ്ങേണ്ട അവസ്ഥയാണ് ഇവിടെ സ്ത്രീകൾ‍ക്കുള്ളത് എന്നിരിക്കെ വനിതാ ക്രിക്കറ്റ് ഉയർ‍ന്നു വരണമെങ്കിൽ‍ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു ജനതയുടെ പിന്തുണ കൂടെ ആവശ്യമാണ്.

You might also like

Most Viewed