രാ­മകഥാ­മൃ­തം - ഭാ­ഗം 18


എ. ശിവപ്രസാദ്

ബാലി വധത്തിന് ശേഷം ശ്രീരാമൻ സുഗ്രീവനെ കിഷ്കിന്ദയിലെ രാജാവായി കിരീടധാരണം നടത്തി. കാലം വീണ്ടും കുറെ കടന്നുപോയി. ബാലിയെ വധിക്കാൻ സഹായിച്ചാൽ സീതാന്വേഷണത്തിന് സഹായിക്കാമെന്ന് സുഗ്രീവൻ വാക്കു നൽകിയിരുന്നു. എന്നാൽ അക്കാര്യങ്ങളെല്ലാം മറന്ന സുഗ്രീവൻ രാജസുഖഭോഗങ്ങളിൽ മുഴുകി ഇരുന്നു. സീതാന്വേഷണത്തിൽ കാലതാമസം വന്നപ്പോൾ ശ്രീരാമൻ അസ്വസ്ഥനായി. ലക്ഷ്മണനെ അടുത്തു വിളിച്ച് സുഗ്രീവനോട് സീതാന്വേഷണം നടത്തേണ്ട കാര്യം ഓർമ്മിപ്പിക്കാനായി പറഞ്ഞയച്ചു. കോപിഷ്ഠനായ ലക്ഷ്മണൻ അന്പും വില്ലും ധരിച്ച് സുഗ്രീവനെ കാണാനായി കിഷ്കിന്ദയിലേക്ക് പുറപ്പെട്ടു.

ക്രുദ്ധനായി കിഷ്കിന്ദാപുരിയിലെത്തിയ ലക്ഷ്മണനെ ഹനുമാൻ സുഗ്രീവന്റെ അടുത്തേക്കാനയിച്ചു. ഈ സമയത്ത് സുഖലോലുപതയിൽ മുഴുകിയിരുന്ന സുഗ്രീവന്റെ അടുത്തെത്തിയ ഹനുമാൻ സുഗ്രീവനോട് പറഞ്ഞു. “പ്രഭോ! കോസല സഹോദരനായ രാമലക്ഷ്മണന്മാർ സത്യസന്ധരും ധർമ്മിഷ്ഠരുമാണ്. അങ്ങ് അവർക്ക് നൽകിയ വാഗ്ദാനം പാലിക്കുന്നതിൽ വിളംബം കാണിച്ചിരിക്കുന്നു. ശ്രീരാമന്റെ അനുജൻ ലക്ഷ്മണൻ രാജകൊട്ടാരത്തിലേക്ക് വരുന്നുണ്ട്. അങ്ങയുടെ ചുമതലകൾ ഓർമ്മിപ്പിക്കുന്ന സന്ദേശവും കൊണ്ടാണ് ലക്ഷ്മണൻ വന്നിരിക്കുന്നത്.” ഇതുകേട്ട സുഗ്രീവൻ തന്റെ ജാഡ്യതയിൽ നിന്ന് ഉണർന്നു. ഉടൻ തന്നെ ചെന്ന് ലക്ഷ്മണനെ തന്റെ അന്തഃപുരത്തിലേക്ക് ആനയിച്ചു. തുടർന്ന് സുഗ്രീവൻ ലക്ഷ്മണനോട് ക്ഷമാപണം നടത്തി. തുടർന്ന് സുഗ്രീവൻ ലക്ഷ്മണനേയും കൂട്ടി ശ്രീരാമന്റെ അടുത്തെത്തി. ശ്രീരാമൻ സുഗ്രീവനോട് പറഞ്ഞു. “ഒരു രാജാവ് ആചരിക്കേണ്ട ധർമ്മനീതികളെപ്പറ്റി അങ്ങയെ ഓർമ്മപ്പെടുത്തണമെന്നെനിക്ക് തോന്നി. അതിനാലാണ് ലക്ഷ്മണൻ അങ്ങോട്ട് വന്നത്. അങ്ങ് വാഗ്ദത്തം ചെയ്തപോലെ സീതാന്വേഷണം എന്ന കാര്യം അങ്ങ് ഓർക്കുന്നുണ്ടാവുമല്ലോ?” ശ്രീരാമന്റ വാക്കുകൾ കേട്ട സുഗ്രീവൻ ഉടൻ തന്നെ സീതാന്വേഷണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.

സുഗ്രീവൻ തന്റെ സൈന്യങ്ങളെ മുഴുവൻ വിളിച്ചു വരുത്തി. നാലുദിക്കുകളിലേക്കും ശക്തരായ വാനരവീരന്മാരുടെ നേതൃത്വത്തിൽ സൈന്യങ്ങളെ സീതാന്വേഷണത്തിനയക്കാൻ തീരുമാനിച്ചു. മുപ്പതു ദിവസത്തിനുള്ളിൽ സീതയെ കണ്ടെത്താതെ തിരിച്ചു വരുന്നവ‍ർക്ക് മരണശിക്ഷ നൽകുമെന്നും സുഗ്രീവൻ പ്രഖ്യാപിച്ചു. ദക്ഷിണ ദിക്കിലേക്ക് അയച്ചത് ഹനുമാന്റെ നേതൃത്വത്തിലുള്ള അതിശക്തമായ സൈന്യത്തെയാണ്. ശ്രീരാമൻ തന്റെ മോതിരം ഹനുമാന്റെ കൈയിൽ അടയാളമായി നൽകി. ഹനുമാൻ ശ്രീരാമനിൽ നിന്ന് അനുഗ്രഹം വാങ്ങിയിട്ട് തന്റെ സൈന്യവുമായി ദക്ഷിണദിക്കിലേക്ക് യാത്രയാരംഭിച്ചു. എന്നാൽ ഏറെ ദിവസങ്ങൾ അന്വേഷിച്ചിട്ടും അവർക്ക് സീതാദേവിയെ കണ്ടെത്താൻ കഴിഞ്ഞില്ല. നിരാശരായ അവ‍ർ വീണ്ടും സഞ്ചരിച്ച് ഹിന്ദുമഹാസമുദ്രതീരത്ത് എത്തി. സീതയെ കണ്ടെത്താതെ തിരിച്ച് കിഷ്കിന്ദയിലേക്ക് പോകുക സാധ്യമായിരുന്നില്ല. കാരണം സീതയെ കൂടാതെ തിരിച്ചു ചെന്നാൽ സുഗ്രീവന്റെ കൈകളാൽ മരണം ഉറപ്പായിരുന്നു.

ഒടുവിൽ അവർ ഒരുകാര്യം തീരുമാനിച്ചു. സുഗ്രീവന്റെ കൈകളാൽ മൃത്യു വരിക്കുന്നതിനേക്കാൾ നല്ലത് ഹിന്ദുമഹാസമുദ്രതീരത്ത് ദ‍ർഭ വിരിച്ച് നിരാഹാരമനുഷ്ഠിച്ച് മരിക്കുന്നതാണ്. അതിനിടയിൽ ഹനുമാൻ അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ മരണഭയം പിടികൂടിയതു മൂലം അവ‍ർ ഹനുമാന്റെ വാക്കുകൾ കേൾക്കാൻ തയ്യാറായില്ല. അംഗദന്റെ നേതൃത്വത്തിൽ വാനരസൈന്യം മുഴുവൻ കടൽതീരത്ത് ദർഭപ്പുല്ല് വിരിച്ച് ഉപവാസമനുഷ്ഠിക്കാൻ തയ്യാറായി കിടന്നു.

സമുദ്രതീരത്തിനോട് ചേർന്ന് ഒരു വലിയ പർവ്വതമുണ്ടായിരുന്നു. ആ പർവ്വതത്തിൽ പക്ഷിശ്രേഷ്ഠനായ ജടായുവിന്റെ സഹോദരനായ സന്പാതി എന്ന പക്ഷിപുംഗവൻ താമസിച്ചിരുന്നു. പർവ്വതത്തിനു മുകളിൽ നിന്നും താഴെ കടൽതീരത്ത് കിടക്കുന്ന വാനരന്മാരെ കണ്ട സന്പാതി നല്ല ഭക്ഷണം കിട്ടുമെന്നോർത്ത് താഴേക്കു വന്നു. ഭീമാകാരനായ സന്പാതിയെ കണ്ട വാനരർ പേടിച്ചു വിരണ്ടു. സന്പാതിയെ കണ്ട ഹനുമാൻ എല്ലാ കാര്യങ്ങളും വിശദീകരിച്ചു.

You might also like

Most Viewed