രാ­മകഥാ­മൃ­തം - ഭാ­ഗം 17


എ. ശിവപ്രസാദ്

സുഗ്രീവന്റെ വെല്ലുവിളി കേട്ട ബാലി ദ്വന്ദയുദ്ധത്തിനായി എത്തി. ബാലി സുഗ്രീവന്റെ നേരെ പാഞ്ഞടുത്തു. രണ്ടുപേരും ഘോരമായ യുദ്ധമാരംഭിച്ചു. രണ്ടുപേരും അതിശക്തരായ വീരന്മാരായിരുന്നു. ആകാരത്തിലും ഈ സഹോദരന്മാർ ഏതാണ്ടൊരു പോലെയായിരുന്നു. ദൂരെ മാറി നിന്ന് ബാലി സുഗ്രീവയുദ്ധം കണ്ടുകൊണ്ടിരുന്ന ശ്രീരാമൻ തന്റെ ആവനാഴിയിൽ നിന്ന് ഒരസ്ത്രമെടുത്ത് ബാലിക്കു നേരെ തൊടുക്കാനായി നിന്നു. പക്ഷെ ദൂരെയായതിനാൽ ശ്രീരാമന് അവരിരുവരെയും തിരിച്ചറിയാനായില്ല. യുദ്ധം മുറുകി വന്നു. ബാലിയുടെ അതിശക്തമായ പ്രഹരങ്ങളേറ്റ് സുഗ്രീവൻ ക്ഷീണിതനാകാൻ തുടങ്ങി. ശ്രീരാമനാകട്ടെ ബാലിക്കു നേരെ അസ്ത്രമയക്കാനും കഴിയാതായി. ഒടുവിൽ ക്ഷീണിതനായ സുഗ്രീവന് യുദ്ധക്കളം വിട്ട് ഓടിപ്പോകേണ്ടി വന്നു.

യുദ്ധത്തിൽ പരാജയപ്പെട്ട് ഋഷ്യമൂകാചലത്തിലെത്തിയ സുഗ്രീവൻ ശ്രീരാമനെ കണ്ടു. രണ്ടുപേരെയും തിരിച്ചറിയാൻ കഴിയാത്തതിനാൽ അസ്ത്രമയക്കാൻ കഴിഞ്ഞില്ലെന്ന് ശ്രീരാമൻ സുഗ്രീവനോട് പറഞ്ഞു. അതുകൊണ്ട് നാളെ യുദ്ധത്തിനു പോകുന്പോൾ അടയാളമായി കഴുത്തിൽ ഒരു മാലയുമണിഞ്ഞ് പോകാൻ ശ്രീരാമൻ നിർദേശിച്ചു. അതുപ്രകാരം പിറ്റേ ദിവസം ശ്രീരാമൻ നൽകിയ മാലയുമായി സുഗ്രീവൻ ബാലിയാട് യുദ്ധത്തിനായി പുറപ്പെട്ടു. ബാലിയുടെ കൊട്ടാരമുറ്റത്തെത്തിയ സുഗ്രീവൻ ബാലിയെ പോരിനു വിളിച്ചു. സുഗ്രീവന്റെ വെല്ലുവിളി കേട്ട ബാലി ക്രൂദ്ധനായി എഴുന്നേറ്റു. ഈ സമയത്ത് ബാലിയുടെ ഭാര്യയായ താര ബാലിയെ തടഞ്ഞു. സുഗ്രീവന്റെ സഹായത്തിന് ശ്രീരാമദേവനുണ്ടെന്നും ഇപ്പോൾ യുദ്ധത്തിനു പോകുന്നത് അനുചിതമാണെന്നും താര പറഞ്ഞു. എന്നാൽ താരയുടെ വാക്കുകൾ കേൾക്കാൻ ബാലി തയ്യാറായിരുന്നില്ല.

ബാലി സുഗ്രീവന്മാ‍ർ വീണ്ടും യുദ്ധമാരംഭിച്ചു. രണ്ടുപേരുടെയും ഗർജനങ്ങളും പോ‍‍ർവിളിയും അന്തരീക്ഷത്തിൽ നിറഞ്ഞു. രാമൻ യുദ്ധഗതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അല്പനേരം കഴിഞ്ഞപ്പോൾ രാമൻ ആവനാഴിയിൽ നിന്നും അതി തീവ്രമായ അഗ്നേയാസ്ത്രം കൈയിലെടുത്ത് ഞാണിന്മേൽ ചേർത്തു വെച്ച് വലിച്ചു പിടിച്ചു. സുഗ്രീവൻ മാല ധരിച്ചിരുന്നതിനാൽ ബാലിയെ എളുപ്പം തിരിച്ചറിയാൻ രാമനു കഴിഞ്ഞു. ഞാൺ വലിച്ച് അസ്ത്രം ബാലിക്കുനേരെ തൊടുത്തു വിട്ടു. ആഗ്നേയാസ്ത്രം ഒരു മിന്നൽ പിണർ പോലെ സഞ്ചരിച്ച് ബാലിയുടെ നെ‍‍ഞ്ചിൽ തറച്ചു. ബാലി നിലത്തു വീണു. നിലത്ത് വീണ ബാലിയുടെ അടുത്തേക്ക് ശ്രീരാമൻ നടന്നുചെന്നു.

തന്റെ അടുത്തെത്തിയ ശ്രീരാമചന്ദ്രനോട് എന്തിനാണ് ഒളിഞ്ഞിരുന്ന് അന്പെയ്തതെന്ന് ബാലി ചോദിച്ചു. ഞാൻ രാമന് വിരോധം വരുന്ന കാര്യം ഒന്നും ചെയ്തിട്ടില്ല എന്നും ബാലി പറഞ്ഞു. കാട്ടിൽ കിടക്കുന്ന ഒരു വാനരരാജാവിനെ എന്തിനാണ് കൊന്നതെന്നും ബാലി ചോദിച്ചു. ഒളിച്ചിരുന്ന് അന്പെയ്ത് വീഴ്ത്തുക എന്നത് ക്ഷത്രിയന്മാർക്ക് ചേർന്നതല്ലെന്നും ബാലി പറഞ്ഞു. ബാലി ശ്രീരാമനോട് ചോദിച്ചു. “അല്ലയോ രാമാ അങ്ങ് ഇന്ന് നിരപരാധിയായ എന്നെ വധത്തിനിരയാക്കിയിരിക്കുന്നു. അങ്ങയുടെ ഈ പ്രവർത്തി അക്ഷന്തവ്യവും അപലപനീയവുമാണ്. ബുദ്ധിമതികൾ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചാൽ താങ്കൾ എന്ത് മറുപടി  പറയും? എന്റെ ഭാര്യ താര പറഞ്ഞത് ഞാൻ അനുസരിച്ചിരുന്നുവെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു. ദശരഥനെപ്പോലെയുള്ള ധർമ്മിഷ്ഠനായ ഒരു രാജാവിന് അങ്ങയെപ്പോലുള്ള ഒരു പുത്രനുണ്ടായതിൽ ഞാൻ ലജ്ജിക്കുന്നു. അങ്ങയുടെ ഈ പ്രവർത്തി എല്ലാവിധ ധർമ്മാനുഷ്ഠാനങ്ങൾക്കും എതിരാണ്. ഒരു അധർമ്മിഷ്ഠന് ഞാൻ ഇന്ന് ഇരയായി തീർന്നിരിക്കുകയാണ്. എന്റെ മരണശേഷം സുഗ്രീവൻ സിംഹാസനമേറും. അത് നീതിക്ക് നിരക്കുന്നത് തന്നെ. പക്ഷേ അങ്ങയുടെ ഈ പ്രവർത്തി ഒരു കാരണവശാലും ന്യായീകരിക്കാവുന്നതല്ല”.

ബാലിയുടെ വാക്കുകൾ കേട്ട ശ്രീരാമൻ ശാന്തനായി കൊണ്ട് പറഞ്ഞു. “പ്രിയ വാനരശ്രേഷ്ഠാ, താങ്കൾ ചെയ്ത പാപത്തിന്റെ ഫലം അനുഭവിക്കുക മാത്രമാണ് അങ്ങ് ചെയ്തത്. ഒരു രാജാവിന് വേണ്ട ഒരു ഗുണവും താങ്കളിലുണ്ടായിരുന്നില്ല. അതുകൊണ്ട് അനിവാര്യമായത് സംഭവിച്ചു”.

You might also like

Most Viewed