രാ­മകഥാ­മൃ­തം - ഭാ­ഗം 16


എ. ശിവപ്രസാദ്

സീതാന്വേഷണവുമായി രാമലക്ഷ്മണന്മാർ ദക്ഷിണദിക്കിലേക്കുള്ള യാത്ര തുടർന്നു. ഘോരവനത്തിലൂടെയായിരുന്നു യാത്ര. അങ്ങിനെ അവർ യാത്ര ചെയ്തുകൊണ്ടിരിക്കെ വനാന്തരത്തിൽ നിന്നും ഭീകരമായ ഒരു ശബ്ദം കേട്ടു. എന്താണെന്നറിയാനായി അവ‍ർ ചുറ്റുപാടും നോക്കുന്പോഴേക്കും വിചിത്രരൂപമുള്ള ഒരു ഭീകര സത്വം അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. തലയില്ലാത്ത ഒരു ഭീകരരൂപമായിരുന്നു അത്. കണ്ണുകൾ നെഞ്ചിലും വായ വയറിലുമായിരുന്നു ആ ഭീകരരൂപിക്ക്. കബന്ധൻ എന്ന രാക്ഷസനായിരുന്നു അത്. കബന്ധന്റെ ഓരോ കൈയും ഒരു യോജന നീളമുള്ളതായിരുന്നു. കബന്ധൻ രാമലക്ഷ്മൻന്മാരെ വിഴുങ്ങാനായി മുന്നോട്ടടുത്തു. ഉടൻ തന്നെ ശ്രീരാമൻ അതിശക്തമായ ഒരസ്ത്രമെടുത്ത് കബന്ധനു നേരെ തൊടുത്തു. രാമബാണമേറ്റ കബന്ധൻ യമലോകം പൂകി. കബന്ധവധത്തിനു ശേഷം രാമലക്ഷ്മണന്മാർ വീണ്ടും യാത്ര തുടർന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ അവർ ശബര്യാശ്രമത്തിലെത്തി. മഹാതപസ്വിയായ ശബരി രാമലക്ഷ്മണന്മാരെ സ്വീകരിച്ച് മധുരമൂറുന്ന ഫലങ്ങൾ നൽകി. ശബരി ശ്രീരാമനോട് പറഞ്ഞു. “അല്ലയോ ശ്രീരാമദേവാ! എന്റെ എല്ലാ ആഗ്രഹങ്ങളും സഫലമായി. ഇനി എനിക്ക് സ്വർഗത്തിലേക്കു പോകാനുള്ള അനുവാദം തന്നാലും.” ശ്രീരാമൻ ശബരിയെ അനുഗ്രഹിച്ചു. സകല മോഹങ്ങളും പരിത്യജിച്ച ശബരി ജലസ്പർശം ചെയ്ത് അഗ്നിദേവനെ ധ്യാനിച്ചു. സ്വയം നിർമ്മിച്ച അഗ്നിജ്വാലയിൽ ജ്വലിച്ച് ഇല്ലാതായി. രാമലക്ഷ്മണന്മാർ നോക്കിനിൽക്കെ ശബരി സ്വർഗത്തിലേക്ക് പോയി. വീണ്ടും സഞ്ചരിച്ച രാമലക്ഷ്മണന്മാർ പന്പാനദിയുടെ തീരത്തെത്തി. പന്പയിൽ കുളിച്ച് ക്ഷീണമകറ്റിയാണ് അവർ വീണ്ടും യാത്ര തുടർന്നത്. ഏറെ ദൂരം യാത്ര ചെയ്ത രാമലക്ഷ്മണന്മാർ ഋഷ്വമൂകാചലത്തിന്റെ താഴ്്വരയിലെത്തി. ജ്യേഷ്ഠനായ ബാലിയെ പേടിച്ച് വാനരരാജാവായ സുഗ്രീവൻ താമസിച്ചു കൊണ്ടിരുന്ന പർവ്വതാമായിരുന്നു ഋഷ്യമൂകാചലം. മുനിശാപം മൂലം ബാലിക്ക് ഋഷ്യമൂകാചലത്തിൽ പ്രവേശിക്കുവാൻ കഴിയുമായിരുന്നില്ല. ദൂരം രാമലക്ഷ്മണന്മാരെ കണ്ട സുഗ്രീവൻ ഭയചകിതനായി. ജ്യേഷ്ഠനായ ബാലി തന്നെ വധിപ്പാനായി കിങ്കരന്മാരെ അയച്ചതാണോ എന്ന് സുഗ്രീവൻ സംശയിച്ചു. സുഗ്രീവൻ തന്റെ മന്ത്രിമാരിൽ പ്രമുഖനായ ഹനുമാനെ അന്വേഷണത്തിനായി രാമലക്ഷ്മണന്മാരുടെ അടുക്കലേക്ക് അയച്ചു. ഹനുമാൻ ഒരു ബ്രാഹ്മണകുമാരന്റെ വേഷം ധരിച്ച് രാമലക്ഷ്മണന്മാരുടെ അടുത്തെത്തി. നിങ്ങൾ രണ്ടു പേരും ആരാണെന്നും ആഗമനോദ്ദേശ്യം എന്താണെന്നും രാമലക്ഷ്മണന്മാരോട് ചോദിച്ചു. ശ്രീരാമൻ അതുവരെ സംഭവിച്ച കാര്യങ്ങൾ സംക്ഷിപ്തമായി ഹനുമാനോട് പറഞ്ഞു. ഇതുകേട്ട ഹനുമാൻ രാമലക്ഷ്മണന്മാരോട് ഋഷ്യമൂകാചലത്തിലേക്ക് വരാൻ ആവശ്യപ്പെട്ടു. മാത്രമല്ല അവിടെ സുഗ്രീവൻ എന്ന വാനരരാജാവുണ്ടെന്നും സീതയെ കണ്ടെത്താൻ സുഗ്രീവനും സൈന്യവും സഹായിക്കും എന്നും പറഞ്ഞു. ബ്രാഹ്മണവേഷത്തിൽ വന്ന ഞാൻ സാക്ഷാൽ ഹനുമാനാണെന്നു ഹനുമാൻ പറഞ്ഞു. 

ഋഷ്യമൂകാചലത്തിലെത്തിയ രാമലക്ഷ്മണന്മാരെ സുഗ്രീവൻ ഭക്ത്യാദരവോടെ സ്വീകരിച്ചിരുത്തി. രണ്ട് പേരും പരസ്പരം തങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ പറഞ്ഞു. ഇന്നു മുതൽ നമ്മൾ എക്കാലത്തേയും വലിയ മിത്രങ്ങളായിരിക്കുമെന്ന് സുഗ്രീവൻ പറഞ്ഞു. തന്റെ ജ്യേഷ്ഠനായ ബാലിയുമായുള്ള ശത്രുതയും രാജ്യം നഷ്ടപ്പെട്ട സംഭവങ്ങളെല്ലാം സുഗ്രീവൻ ശ്രീരാമനോട് പറഞ്ഞു. ബാലിയെ വധിക്കാതെ തനിക്ക് രാജ്യാവകാശം ലഭിക്കില്ലെന്ന് സുഗ്രീവൻ പറഞ്ഞതനുസരിച്ച് ബാലിയെ വധിക്കാൻ സഹായിക്കാമെന്ന് ശ്രീരാമൻ സമ്മതിച്ചു. പിറ്റേ ദിവസം തന്നെ ബാലിയെ യുദ്ധത്തിനായി വിളിക്കാൻ ശ്രീരാമൻ സുഗ്രീവനോട് പറഞ്ഞു. ബാലി അതിശക്തനായിരുന്നു. നേരിട്ടെതിരിട്ടാൽ ആർക്കും തന്നെ ബാലിയെ പരാജയപ്പെടുത്തുക സാധ്യമായിരുന്നില്ല. ബാലി സുഗ്രീവ യുദ്ധം നടക്കുന്പോൾ മറഞ്ഞിരുന്ന് ബാലിയെ വധിച്ചുകൊള്ളാം എന്ന് ശ്രീരാമൻ പറഞ്ഞു. അതനുസരിച്ച് പിറ്റേന്ന് രാവിലെ തന്നെ സുഗ്രീവൻ ബാലിയുടെ കൊട്ടാരത്തിലെത്തിയിട്ട് ബാലിയെ പോരിന് വെല്ലുവിളിച്ചു. സുഗ്രീവന്റെ വെല്ലുവിളി സ്വീകരിച്ച ബാലി യുദ്ധത്തിനൊരുങ്ങി.

You might also like

Most Viewed