അതിശയിപ്പിക്കുന്ന വിക്രം വേദ
ധനേഷ് പത്മ
‘നാൻ ഒരു കഥ സൊല്ലട്ടുമാ’. വില്ലൻ കഥാപാത്രം നായകനോട് കഥപറയുന്നതിലൂടെ സഞ്ചരിക്കുന്ന ചിത്രം, വിക്രം വേദ. മാധവനും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തിയ വിക്രം വേദ എന്ന ചിത്രം തമിഴകത്ത് ഇന്നോളം ഇറങ്ങിയിട്ടുള്ള എല്ലാ തരം സിനിമ ൈസ്റ്റലുകളേയും പൊളിച്ചെഴുതുന്ന ഒന്നാണ്. ഗായത്രി-പുഷ്‌കർ ടീം തിരക്കഥയെഴുതി സംവിധാനം ചെയ്ത വിക്രം വേദ പ്രമേയം കൊണ്ടും ചിത്രീകരണ ശൈലികൊണ്ടും അഭിനയമികവുകൊണ്ട് ഏറെ വ്യത്യസ്തമാണ്.
ചിത്രത്തിൽ മാധവൻ എൻകൗണ്ടർ പോലീസ് ഓഫീസറായി എത്തുന്പോൾ അധോലോക നായകനായാണ് വിജയ് സേതുപതി വേഷമിട്ടിരിക്കുന്നത്. പോലീസും ക്രിമിനലും വേറെ വേറെയെന്ന് ചിത്രം പറയുന്പോൾ ഇമോഷൻസ് എല്ലാവർക്കും ഒരു പോലെയാണെന്ന് വിജയ് സേതുപതിയുടെ വേദ എന്ന കഥാപാത്രം പറയുന്നുണ്ട്.
വളരെ ശ്രദ്ധിച്ച് തന്നെ കാണേണ്ടതായ ഒരു ചിത്രം കൂടിയാണ് വിക്രം വേദ. സീനുകളുടെ കൂട്ടിയിണക്കലുകൾ അത്ര നന്നായിട്ടുണ്ടെങ്കിലും ശ്രദ്ധ മാറിയാൽ ഒരു പക്ഷെ ചിത്രത്തിലെ ചില സന്ദർഭങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാം. ചിത്രീകരണ ശൈലിയിലെ വ്യത്യസ്തതയാണ് അതിന് കാരണം. വേദയെന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പ്രധാനമായും കഥ പറയാനും സന്ദേശങ്ങൾ നൽകാനും ഉപയോഗിച്ചിരിക്കുന്നത്. ഓരോ മനുഷ്യനിലും ഒരു ക്രിമിനലുണ്ടെന്ന് ഇടക്കെപ്പഴോ പറയുന്ന ചിത്രത്തിൽ എൻകൗണ്ടർ എന്ന സംവിധാനത്തിന്റെ ദോഷ വശങ്ങളെ കുറിച്ചും പറയുന്നു.
വിജയ് സേതുപതിയെ ചിത്രത്തിൽ ഉപയോഗിച്ച സംവിധായകരുടെ മിടുക്കിനെ പ്രശംസിക്കേണ്ടത് അനിവാര്യമാണ്. സേതുപതി ക്യാമറയ്ക്ക് മുന്നിലാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് തോന്നിക്കത്തക്ക വിധത്തിൽ അല്ല അദ്ദേഹത്തിന്റെ സീനുകൾ ഷൂട്ട് ചെയ്തിരിക്കുന്നത്. കഥാപാത്രമായി പൊരുത്തപ്പെട്ട് അവതരിപ്പിക്കുന്നതിൽ ഒരു പക്ഷെ വളരെ നന്നായി തന്നെ സേതുപതിയുടെ ബോഡി ലാഗ്വേജ് ഒത്തിണങ്ങി കിട്ടിയതാകാം സംവിധായകർക്ക് ലഭിച്ച ഏറ്റവും നല്ല അവസരം. ചിത്രത്തിലെ നായക കഥാപാത്രത്തിന് ഇല്ലാത്ത മാസ് ഇൻട്രോയാണ് വില്ലൻ കഥാപാത്രമായ സേതുപതിക്കുള്ളത്.
സിനിമ സഞ്ചരിച്ച് സഞ്ചരിച്ച് ചെറിയ സസ്പെൻസിലേക്കെത്തുന്പോഴേക്കും കൊല്ലുംകൊലയ്ക്കും എണ്ണമില്ലാത്ത ഒരു അവസ്ഥയുണ്ട്. ചീറിപ്പായുന്ന ബുള്ളറ്റുകളും വെട്ടും കുത്തും എല്ലാം വയലൻസ് മൂഡാണ് പലപ്പോഴും സൃഷ്ടിക്കുന്നത്. എങ്കിലും വേദയും വേദയുടെ അനിയനും തമ്മിലുള്ള ബന്ധം ഫാമിലിയെകൂടെ തീയറ്ററിലേയ്ക്ക് എത്തിക്കാൻ പാകത്തിലുള്ളതാണ്.
ഒരുപക്ഷെ മാധവന് തന്റെ കരിയറിൽ ലഭിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാകും ചിത്രത്തിലെ വിക്രം എന്ന കഥാപാത്രം. നായികാ പ്രാധാന്യമില്ലാത്ത ചിത്രത്തിൽ ശ്രദ്ധ ശ്രീനാഥും വരലക്ഷ്മിയും അവരവരുടെ കഥാപാത്രങ്ങൾ ഗംഭീരമാക്കി. സേതുപതിയുടെ സഹോദര കഥാപാത്രമായി എത്തിയ കതിർ ഏട്ടനെ അളവറ്റ് സ്നേഹിക്കുന്ന അനിയൻ കഥാപാത്രമായി നന്നായി ചെയ്തിട്ടുണ്ട്. ചിത്രത്തിലെ പശ്ചാത്തല സംഗീതം എടുത്തു പറയേണ്ട ഒന്നാണ്. വേദ എന്ന കഥാപാത്രത്തെ മാസ് ആക്കി നിലനിർത്തുന്നതിൽ പശ്ചാത്തല സംഗീതം പ്രാധാന്യം വഹിച്ചിട്ടുണ്ട്. സാം സിഎസ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. പിഎസ് വിനോദാണ് ഛായാഗ്രഹണം. ഒരു മാസ് ത്രില്ലർ മൂവി എന്നതിനപ്പുറം വളരെ വ്യത്യസ്തതകൾ നിറഞ്ഞ ചിത്രം ആസ്വദിക്കാൻ വിക്രം വേദയക്ക് ടിക്കറ്റെടുക്കാം...