ഖൽ­ബു­കൾ­ക്കകത്ത് പാ­ർ­ക്കു­ന്നൊ­രാ­ൾ


ഇസ്മയിൽ പതിയാരക്കര

2009 ആഗസ്റ്റ് 1. ഒരുപക്ഷേ ജില്ലാ രൂപീകരണത്തിനു ശേഷം കേരളത്തിന്റെ കണ്ണും കാതും മലപ്പുറത്തിന്റെ മുഖത്തേയ്ക്ക് നോക്കി നിന്ന നിമിഷങ്ങൾ. മതേതര കേരളം കണ്ണീർ വാർത്ത രാപ്പകലുകൾ.

ഒരു സമൂഹം ഒന്നാകെ തളർന്നു പോയ, നീണ്ട എട്ടുവർഷങ്ങൾക്കിപ്പുറവും നികത്താൻ കഴിയാത്ത വിടവായി നിൽക്കുന്ന ഒരു വിയോഗം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടേത് മാത്രമായിരിക്കും.

അനുദിനം മലീമസമായി കൊണ്ടിരിക്കുന്ന, മൂല്യങ്ങൾ മരിച്ചു കൊണ്ടിരിക്കുന്ന, അതിനുമപ്പുറം ആദർശം എന്നത് പറഞ്ഞു നടക്കാവുന്ന നാലക്ഷരം മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ മേഖലയിൽ നക്ഷത്ര ശോഭയോടെ പ്രഭ പരത്തി നിൽക്കാൻ കഴിഞ്ഞു എന്നതാണ് തങ്ങളുടെ ഏറ്റവും വലിയ മഹത്വം. എതിരാളികളെപ്പോലും വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാതെ, സർവ്വരുടെയും സ്നേഹ ബഹുമാനം പിടിച്ചു പറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു എന്നതും വളരെ ശ്രദ്ധേയമായ സംഗതിയത്രേ.

‘ലക്ഷം മാനുഷ്യർ കൂടും സഭയിൽ ലക്ഷണമൊത്തവർ ഒന്നോ രണ്ടോ’ എന്ന കുഞ്ചൻ നന്പ്യാരുടെ ആപ്തവാക്യത്തിന് അടിവരയിട്ടാൽ മനുഷ്യകുലത്തിൽ വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസമായി ശിഹാബ് തങ്ങളുടെ ജന്മത്തെ നമുക്ക് കണക്കാക്കാൻ കഴിയും. 

ജീവിത പ്രയാസങ്ങളുടെ കൊടും വെയിലിൽ വാടിത്തളർന്നു പോകുന്നവർക്ക് സാന്ത്വനമായി നിലകൊള്ളാനാണ് തങ്ങൾ എന്നും ശ്രമിച്ചത്. കൊടപ്പനക്കൽ തറവാടിന്റെ തുറന്നു കിടക്കുന്ന വാതിലിനു മുന്പിലേയ്ക്ക് പ്രതീക്ഷയോടെ വന്നവരാരും ഹതാശരായി തിരിച്ചു പോകേണ്ടി വന്നിട്ടില്ല എന്നതും ചരിത്രം. മരണശേഷവും അദ്ദേഹത്തിന്റെ ജ്വലിക്കുന്ന നാമധേയത്തിൽ ‘സ്നേഹസാന്ത്വനങ്ങൾ’ വേദനിക്കുന്നവരെ തേടിയെത്തിക്കൊണ്ടിരിക്കുന്നു എന്നതും നമ്മുടെ മുന്പിലുള്ള നഗ്നസത്യങ്ങളിലൊന്നാണ്.

ഓരോ മനുഷ്യനും ഓരോ പുസ്തകമാണ്. വായിച്ചെടുക്കാൻ നമുക്ക് കഴിയണമെന്ന വില്യം ചാനിങ്ങിന്റെ വരികൾക്ക് അടിവരയിട്ടു പറഞ്ഞാൽ ശിഹാബ് തങ്ങൾ എന്ന വലിയ പുസ്തകത്തെ വേണ്ടവിധത്തിൽ പഠിച്ചു മനസിലാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. അദ്ദേഹത്തെ വരും തലമുറകൾക്ക് വേണ്ട വിധത്തിൽ മനസിലാക്കാനുതകുന്ന തരത്തിലുള്ള ധൈഷണികമായ ചില ഇടപെടലുകൾക്ക് കാലം വല്ലാതെ കൊതിക്കുന്നുണ്ട്.

വാചാലമായ ശബ്ദപ്രഘോഷണത്താൽ പൊതുജനത്തെ ആവേശഭരിതനാക്കിയ വാഗ്മിയോ അക്ഷരങ്ങൾ കൊണ്ട് വർണപ്രപ‍ഞ്ചങ്ങൾ വിരിയിച്ച് ആസ്വാദനഹൃദയങ്ങളെ കീഴടക്കിയ സമാധാന കേരളത്തിന്റെ തലക്കു മുകളിലേക്ക് വർഗ്ഗീയതയുടെയും വിഭാഗീയതയുടെയും തീമഴ പെയ്യിക്കാൻ കുത്സിത ശക്തികൾ ശ്രമം നടത്തിയപ്പോഴൊക്കെ ശാന്തിയുടെ മഹാമേരുവായി അദ്ദേഹം നിലകൊണ്ടു എന്നതിന് ചരിത്രം സാക്ഷി.

ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയിൽ ഒരേയൊരു പ്രാവശ്യമേ അദ്ദേഹവുമായി ഇടപെടാൻ സാധിച്ചിട്ടുള്ളൂ. വലിയ നേതാവായിരുന്നിട്ടും വിനയത്തിൽ ചാലിച്ച അദ്ദേഹത്തിന്റെ പെരുമാറ്റം വർഷങ്ങൾക്കിപ്പുറത്തും കുളിരോർമ്മയായി മനസ്സിൽ അവശേഷിക്കുന്നു.

ആ സമയത്ത് തന്നെ മനസിൽ നാന്പിട്ടതായിരുന്നു ആ മഹത് വ്യക്തിത്വത്തെപ്പറ്റി ഒരു ചെറുഗ്രന്ഥം എഴുതുക എന്നത്. അദ്ദേഹത്തിന്റെ വിയോഗ ശേഷമേ അത് പുറത്തിറക്കാൻ കഴി‍‍ഞ്ഞുള്ളൂ എന്നത് വിധി വൈപരീത്യം.

ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങൾ ഭാരതത്തിലങ്ങോളമിങ്ങോളം അനുദിനം അരക്ഷിതമാക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാലത്ത് കേവലം പശു എന്ന നിരുപദ്രവകാരിയായ പാവം മൃഗത്തെ പോലും മുസ്ലീമിനെ കൊല്ലാനുള്ള കാരണമാക്കി മാറ്റുന്ന നേരത്ത് താടിയും തൊപ്പിയുമൊക്കെ പൊതുബോധത്തെ പേടിപ്പെടുത്തുന്ന അടയാളങ്ങളായി ചിത്രീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്പോൾ, ഇങ്ങ് കേരളത്തിൽ പോലും നിയമപാലനത്തിന്റെ അത്യുന്നത സ്ഥാനത്തിരിക്കുന്നവർ മറയില്ലാതെ വർഗ്ഗീയത വർഷിക്കുന്പോൾ സമാധാനമാഗ്രഹിക്കുന്നവരെല്ലാം ചരിത്രത്തിലേയ്ക്ക് മാഞ്ഞുപോയ കൊടപ്പനക്കുന്നിലെ വെള്ളരിപ്രാവിനെ വല്ലാതെ കൊതിച്ചു പോവുന്നുണ്ടാവും എന്നത് തീർച്ചയാണ്.

മരണത്തിന്റെ മറുകരയിലേക്ക് മടങ്ങിപ്പോയ മുഹമ്മദലി ശിഹാബ് തങ്ങളുടെ ജ്വലിക്കുന്ന ഓർമ്മകളെ ഇന്ധനമാക്കി മാറ്റി നമുക്ക് പ്രത്യാശയുടെ പുതിയൊരു ലോകം പണിതുയർത്താം.

You might also like

Most Viewed