രാ­മകഥാ­മൃ­തം - ഭാ­ഗം 15


എ. ശിവപ്രസാദ്

സീതയുടെ നിർബന്ധത്തിനു വഴങ്ങി ലക്ഷ്മണൻ ശ്രീരാമദേവന്റെ അടുത്തേക്ക് പോകാൻ തയ്യാറായി. പോകുന്നതിന് മുന്പ് ലക്ഷ്മണൻ ബ്രഹ്മദേവനെ മനസിൽ ധ്യാനിച്ച് സീതാ ദേവിയിരിക്കുന്ന ആശ്രമത്തിനു ചുറ്റുമായി ഭൂമിയിൽ തന്റെ അസ്ത്രമുപയോഗിച്ച് ഒരു വര വരച്ചു. ഒരു കാരണവശാലും ഈ രേഖ കടന്ന് പുറത്തു കടന്നുപോകരുതെന്ന നിർദേശവും സീതയ്ക്ക് നൽകിയ ലക്ഷ്മണൻ ശ്രീരാമനെയും അന്വേഷിച്ച് യാത്ര തിരിച്ചു.

ആകുലചിത്തയായി ആശ്രമത്തിൽ നിൽക്കുന്ന സീതയുടെ മുന്നിലേക്ക് ഒരു സന്യാസി നടന്നുവന്നു. പർണ്ണശാലയിലേക്ക് പ്രവേശിക്കാൻ വന്ന ആ സന്യാസിക്ക് പക്ഷെ ലക്ഷ്മണരേഖ കടക്കാൻ കഴിഞ്ഞില്ല. ഓരോ തവണ കാൽ വെക്കുന്പോഴും അഗ്നി ആളിക്കത്താൻ തുടങ്ങി. അതുകാരണം ആശ്രമത്തിനു പുറത്തു നിന്നുകൊണ്ട് സീതാദേവിയോട് കുറച്ച് ദാഹജലം ആവശ്യപ്പെട്ടു. ദാഹജലവും കൊണ്ട് ലക്ഷ്മണരേഖയും കടന്ന സീത സന്യാസിയുടെ അടുത്തെത്തി. ഈ സമയം സന്യാസി തന്റെ യഥാർത്ഥ രൂപം പുറത്തെടുത്തു. രാക്ഷസ രാജാവായിരുന്ന സാക്ഷാൽ രാവണനായിരുന്നു അത്. രാവണൻ സീതയെ ബലം പ്രയോഗിച്ച് തന്റെ പുഷ്പക വിമാനത്തിൽ കയറ്റി. സീത രാമദേവനെ വിളിച്ച് ആർത്തു കരഞ്ഞു. പക്ഷെ ആ രോദനം കേൾക്കാൻ ആരുമുണ്ടായിരുന്നില്ല. പുഷ്പക വിമാനം ലങ്കാ നഗരം ലക്ഷ്യമാക്കി ദക്ഷിണ ദിക്കിലേക്ക് പറന്നു. പോകുന്ന വഴിയെ സീതാദേവിയുടെ ദീനരോദനം വൃക്ഷത്തിൽ വിശ്രമിക്കുകയായിരുന്ന പക്ഷിശ്രേഷ്ഠനായ ജടായു കേട്ടു. ഉടൻ തന്നെ ആകാശത്തിലേക്കു പറന്നുയർന്ന ജടായു രാവണൻ്റെ രഥം തടഞ്ഞു. സീതാദേവിയെ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് രാവണനെ ആക്രമിക്കാനൊരുങ്ങിയ ജടായുവിനെതിരെ രാവണൻ തന്റെ പ്രസിദ്ധമായ ആയുധമായ ചന്ദ്രഹാസം എന്ന വാൾ പ്രയോഗിച്ചു. രാവണന്റെ ആക്രമത്താൽ തന്റെ രണ്ടു ചിറകുകളും അറ്റുപോയ ജടായു നിലംപതിച്ചു. നിലത്തു വീഴുന്നതിന് മുന്പ് ശ്രീരാമനെ കണ്ടതിനു ശേഷമേ നീ മരിക്കുകയുള്ളൂ എന്ന് സീതാദേവി അനുഗ്രഹം നൽകി. ഇങ്ങ് പഞ്ചവടിയിൽ ശ്രീരാമനെ അന്വേഷിച്ചു പോയ ലക്ഷ്മണൻ ശ്രീരാമന്റെ അടുത്തെത്തി മാരീചന്റെ മരണവ വൃത്താന്തമറിഞ്ഞു. രണ്ടുപേരും ആശ്രമത്തിലേക്ക് തിരിച്ചു. സീത ആശ്രമത്തിൽ ഒറ്റയ്ക്കാണെന്ന വിവരം ശ്രീരാമനെ വ്യാകുലചിത്തനാക്കി. അവർ രണ്ടുപേരും ആശ്രമത്തിൽ തിരിച്ചെത്തി. എന്നാൽ സീതാദേവിയെ അവർക്ക് അവിടെ കാണാൻ കഴിഞ്ഞില്ല. സീതയെ ആശ്രമത്തിൽ കാണാതായതോടെ ശ്രീരാമൻ ഗദ്ഗദകണ്ഠനായി. ആശ്രമത്തിനു ചുറ്റും ഓടിനടന്ന് സീതയെ അന്വേഷിച്ചു. ദുഃഖാർത്തരായ രാമനെ ആശ്വസിപ്പിക്കാൻ ലക്ഷ്മണനു കഴിഞ്ഞില്ല. അവർ രണ്ടുപേരും സീതാന്വേഷണം ആരംഭിച്ചു. ദക്ഷിണ ദിക്കിലേക്കായിരുന്നു രണ്ടുപേരും യാത്ര ചെയ്തത്. കുറേദൂരം ചെന്നപ്പോൾ ചിറകുകളറ്റ് നിലത്തു കിടക്കുന്ന പക്ഷിശ്രേഷ്ഠനായ ജടായുവിനെ അവർ കണ്ടു. ജടായു സംഭവിച്ചതെല്ലാം അവരോട് പറഞ്ഞു. രാവണനാണ് സീതയെ അപഹരിച്ചതെന്നും അത് എതിർത്ത തന്റെ ചിറകുകളും രാവണൻ വെട്ടിമാറ്റിയെന്നും. ശ്രീരാമനെ കണ്ട് ഈ വൃത്താന്തമെല്ലാം ധരിപ്പിച്ച ശേഷമേ തനിക്ക് മൃത്യു സംഭവിക്കുകയുള്ളൂ എന്ന് സീതാദേവി അനുഗ്രഹിച്ച വിവരവും പറഞ്ഞ ശേഷം ജടായു ചരമഗതി പ്രാപിച്ചു. രാമൻ ജടായുവിന്റെ ശരീരം തന്റെ കൈകളിലെടുത്ത് ഗോദാവരീ തീരത്തേക്ക് നടന്നു. ദർഭ വിരിച്ച് മൃതദേഹം അതിൽ കിടത്തി. ലക്ഷ്മണൻ ഉണങ്ങിയ വൃക്ഷങ്ങൾ ശേഖരിച്ച് ചിതയൊരുക്കി, അരണിയിൽ നിന്നും സൃഷ്ടിച്ച അഗ്നിയുപയോഗിച്ച് ശ്രീരാമൻ ചിതക്ക് തീ കൊളുത്തി. ജടായുവിന്റെ മൃതശരീരം അഗ്നിനാളങ്ങൾ വിഴുങ്ങി. ജടായു ദശരഥ മഹാരാജാവിന്റെ ഉറ്റചങ്ങാതിയായിരുന്നതിനാൽ ശ്രീരാമന് പിതൃതുല്യനായിരുന്നു. അതുകൊണ്ട് രാമലക്ഷ്മണന്മാർ ഗോദാവരിയിൽ ഇറങ്ങി കുളിച്ച് ശ്രാദ്ധമനുഷ്ഠിക്കാനുള്ള സൂക്തങ്ങൾ ചൊല്ലി. അതിനുശേഷം ശാസ്ത്രവിധിയനുസരിച്ച് ജടായുവിന് തർപ്പണം ചെയ്തു. ജടായു സ്വർഗ്ഗത്തിൽ എത്തിച്ചേർന്നു. രാമന്റെ ദുഃഖത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. അവർ വീണ്ടും ദക്ഷിണദിക്കിലേക്ക് യാത്ര തുടർന്ന് ക്രൗഞ്ചാരണ്യമെന്ന കാട്ടിൽ എത്തിച്ചേർന്നു.

You might also like

Most Viewed