നിറയും മൗനമേ....
ഷിബു മലയിൽ
മലയാളി മനസ്സുകളിൽ ഗൃഹാതുരത്വത്തിന്റെ അസുലഭ നിമിഷങ്ങൾ സമ്മാനിച്ച, മനോഹരമായ ഈണങ്ങളിലൂടെ മലയാളിക്ക് മധുര ഗാനങ്ങൾ നൽകിയ സംഗീത സംവിധായകൻ എം.ജി രാധാകൃഷ്ണൻ ഓർമ്മയായിട്ട് ഏഴ് വർഷം പൂർത്തിയാകുന്നു. എങ്കിലും ആ അനുഗ്രഹീത ഗായകന്റെ അപാര ഗംഭീര ശബ്ദം ഇന്നും നമ്മുടെ കാതിലും മനസ്സിലും മുഴങ്ങുന്നുണ്ട്. ഒപ്പം അദ്ദേഹം ഈണം നൽകിയ ഗാനങ്ങളും. സംഗീത സംവിധായകൻ എന്ന നിലയിൽ മാത്രമല്ല ഗായകൻ എന്ന നിലയിലും എം.ജി രാധാകൃഷ്ണൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളിയുടെ ആസ്വാദനക്ഷമതയെ സന്പന്നമാക്കിയ സംഗീതജ്ഞൻ അതായിരുന്നു എം.ജി രാധാകൃഷ്ണൻ. ഓർമ്മകളുടെ ആകാശത്ത് തിളങ്ങി നിൽക്കുന്ന സംഗീത നക്ഷത്രത്തെ ഏത് സംഗീത പ്രേമിയാണ് മറക്കുക.
കേരളത്തിലെ ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് എന്ന സ്ഥലത്താണ് എം.ജി രാധാകൃഷ്ണന്റെ ജനനം. മലബാർ ഗോപാലൻ നായർ ആയിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ. പ്രശസ്ത സംഗീതസംവിധായകനും നല്ലൊരു ഹാർമോൻണിസ്റ്റും ആയിരുന്നു അദ്ദേഹം. അമ്മ കമലാക്ഷിയമ്മ, ഹരികഥ കലാകാരിയായിരുന്നു. ആലപ്പുഴ എസ്.ഡി കോളേജിൽ നിന്നും കലാലയ വിദ്യാഭ്യാസം പൂർത്തിയാക്കിയ എം.ജി രാധാകൃഷ്ണൻ സ്വാതി തിരുന്നാൾ സംഗീത അക്കാദമിയിൽ നിന്നും ഗാനഭൂഷണവും കരസ്ഥമാക്കി. ഗാനഗന്ധർവ്വൻ യേശുദാസും അവിടെ അദ്ദേഹത്തിന്റെ സതീർത്ഥ്യനായിരുന്നു. പിന്നീട് ലളിതഗാന ശാഖയെ ജനകീയമാക്കിയ മലയാള സംഗീതലോകത്തെ കുലപതിയായ അദ്ദേഹത്തിൽ നിന്നും നിലാവിന്റെ നീല ഭസ്മം പോലെ വിശുദ്ധമായ എത്രയോ സിനിമാ ഗാനങ്ങൾ ആണ് നാം കേട്ടത്.
ജി. അരവിന്ദന്റെ പ്രശസ്തമായ തന്പ് എന്ന ചലച്ചിത്രത്തിനാണ് അദ്ദേഹം ആദ്യമായി സംഗീതസംവിധാനം നിർവ്വഹിച്ചത്. തുടർന്ന്, തകര, ആരവം, ഞാൻ ഏകനാണ്, ഗീതം, ജാലകം, നൊന്പരത്തിപ്പൂവ്, അദ്വൈതം, കാറ്റുവന്നു വിളിച്ചപ്പോൾ അങ്ങനെ എത്രയോ സിനിമകൾ... കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിൽ അദ്ദേഹം പാടിയിട്ടുമുണ്ട്. ഭാവം മുഴുവൻ ആവാഹിച്ച് ചൈതന്യത്തോടെ കവിതകൾക്ക് സംഗീതം നൽകാനുള്ള കഴിവാണ് എം.ജി രാധാകൃഷ്ണനെ വേറിട്ട സംഗീതജ്ഞനാക്കിയത്. ലളിത സംഗീതത്തിന്റെ വശ്യമനോഹാരിത കയ്യടക്കത്തോടെ സിനിമയിലേക്ക് പരിവർത്തിപ്പിക്കുകയാണ് രാധാകൃഷ്ണൻ ചെയ്തത്. പ്രണയാർദ്ര ഹൃദയങ്ങളെ സ്പർശിച്ച ഒരുപിടി അമൂല്യഗാനങ്ങൾ ശാസ്ത്രിയ സംഗീതം തുളന്പുന്ന ഗാനങ്ങൾ എന്നിങ്ങനെ അദ്ദേഹത്തിന്റെ ഹാർമോണിയത്തിൽ വിരിയുന്നത് നിരവധി സുന്ദരഗാനങ്ങൾ കൂടിയായിരുന്നു.
തന്പ് എന്ന ചിത്രത്തിനൊപ്പം തന്നെ രണ്ട് ജന്മം എന്ന ചിത്രത്തിനും എം.ജി രാധാകൃഷ്ണൻ ഈണം നൽകിയിരുന്നു. മോഹൻലാൽ ആദ്യമായി അഭിനയിച്ച തിരനോട്ടം എന്ന ചിത്രത്തിന് സംഗീതം നൽകിയത് എം.ജി ആറായിരുന്നു. മമ്മൂട്ടി ആദ്യമായി തലകാട്ടിയ ചിത്രമായ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിന്റെ പിന്നണിയിലും എം.ജി രാധാകൃഷ്ണൻ ഉണ്ടായിരുന്നു. അങ്ങനെ വരുന്പോൾ നമ്മുടെ എക്കാലത്തെയും വലിയ രണ്ട് താരങ്ങളുടെ മുഖം കാണിക്കൽ ചിത്രങ്ങളിലെ സാന്നിദ്ധ്യമായിരുന്നു അദ്ദേഹമെന്നത് പറയാം. മലയാളത്തിന്റെ എക്കാലത്തെയും പ്രിയഗായിക ചിത്രയെ രംഗത്തുകൊണ്ടുവന്നത് എം.ജി രാധാകൃഷ്ണനാണ്. ചിത്രയുടെ സഹോദരി കെ.എസ് ബീനയെയും അദ്ദേഹം രംഗത്തു കൊണ്ടുവന്നിരുന്നെന്നത് ഇന്നൊരു കൗതുകമാണ്. അരുന്ധതി എന്ന ഗായികയെ പരിചയപ്പെടുത്തിയും എം.ജി രാധാകൃഷ്ണനാണ്.
എം.ജിയുടെ സംഗീത സംവിധാനത്തിൽ പിറന്ന നവംബറിന്റെ നഷ്ടത്തിലെ മൗനമേ നിറയും മൗനമേയും ചാമരത്തിലെ നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്ത് ഞാനിരുന്നു എന്നീ ഗാനങ്ങൾ എസ്. ജാനകിക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നേടിക്കൊടുത്തു. മണിച്ചിത്രത്താഴിലെ എല്ലാ ഗാനങ്ങളും ഓരേ രാഗത്തിൽ ചിട്ടപ്പെടുത്തി വിസ്മയം തീർത്തു. അദ്ദേഹം അവസാനം ചെയ്ത അനന്തഭദ്രത്തിലെ ഗാനങ്ങൾക്ക് മാന്ത്രികസ്പർശം ഉണ്ടായിരുന്നു. മറ്റൊരു നടനുവേണ്ടി മോഹൻലാൽ ആദ്യമായി പാടിയിരിക്കുന്നതും രാധാകൃഷ്ണന്റെ സംഗീതത്തിലാണ്. കണ്ണെഴുതി പൊട്ടും തൊട്ടിലെ കൈതപ്പൂവിൻ എന്ന ഗാനം ലാൽ അബ്ബാസിന് വേണ്ടി പാടി. ഒരു നടൻ മറ്റൊരു നടനായി പാടുന്നത് ഈയൊരു പാട്ടേ കാണൂ.
അവസാന കാലത്ത് സംഗീതം നിർവ്വഹിച്ച അനന്തഭദ്രത്തിലൂടെ സംസ്ഥാന അവാർഡ് നേടിക്കൊണ്ടാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത് എന്നത് ആ പ്രതിഭയുടെ മാറ്ററിയിക്കുന്നതാണ്. രാധാകൃഷ്ണ സ്പർശമുള്ള ഗാനങ്ങൾ ഇനി പിറക്കുകയില്ല. പക്ഷേ അദ്ദേഹത്തിന്റെ ഉജ്ജ്വലഗാനങ്ങൾ മലയാളം മറക്കില്ല.
2001ൽ അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിനും 2005ൽ അനന്തഭദ്രം എന്ന ചിത്രത്തിനുമായി രണ്ട് തവണ സംസ്ഥാന സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. സിനിമാ സംഗീതത്തിലും ലളിതസംഗീതത്തിലും തന്റേതായ മുഖമുദ്ര പതിപ്പിച്ചിരുന്നു എം.ജി രാധാകൃഷ്ണൻ.
1962ൽ തിരുവനന്തപുരത്ത് ആകാശവാണിയിൽ ചേർന്നതോടെയാണ് അദ്ദേഹത്തിന്റെ സംഗീത സപര്യ ആരംഭിക്കുന്നത്. ആകാശവാണിക്ക് വേണ്ടി നിരവധി ലളിതഗാനങ്ങൾക്ക് സംഗീതം പകർന്നു. മലയാളികൾക്ക് ഇങ്ങനെ എത്രയോ ഗാനങ്ങൾ സമ്മാനിച്ചു ഈ അനുഗ്രഹീത സംഗീതജ്ഞൻ. ആ ഗാനങ്ങളിലൂടെ ഇന്നും ജീവിക്കുന്നു, ഗൃഹാതുരത്വത്തിന്റെ ഗാനങ്ങൾ സമ്മാനിച്ച എം.ജി രാധാകൃഷ്ണൻ.