പ്രവാസത്തിന്റെ ചില പെൺമുഖങ്ങൾ
മലയാളി മറുനാട്ടിലേക്കുള്ള അവന്റെ പ്രവാസം തുടങ്ങിയിട്ട് പാതി നൂറ്റാണ്ടിലധികമായിരിക്കുന്നു. കാലചക്രം ഉരുണ്ടപ്പോൾ സ്വന്തം നാട്ടിൽ അന്യനായി പുറന്പോക്കുകാരന്റെ നാണത്തോടെ ഓരോ തവണയും വീണു കിട്ടുന്ന പരോളിൽ നാട്ടിലെത്താൻ വിധിക്കപ്പെട്ടവനാണ് സാധാരണ പ്രവാസികൾ. ആദ്യംകാലം തൊട്ട് തന്നെ പ്രവാസി എന്ന പദം പുരുഷന്മാർക്കൊപ്പം സ്ത്രീകളും പങ്ക്്വഹിച്ചിരുന്നു. സ്ത്രീകൾക്ക് ഈ നാടുകളിൽ ഒട്ടേറെ വിലക്കുകൾ ഉള്ളതിനാൽ അത്രയേറെ സുരക്ഷിതത്വവും ഉണ്ട് എന്ന പ്രതീക്ഷയിലും ധാരണയിലും മോഹന സ്വപ്നങ്ങളുമായി മരുഭൂവിലേക്ക് പറന്നിറങ്ങുന്പോൾ വിസാ തട്ടിപ്പിനാൽ വഞ്ചിതരാകുന്ന ആയിരക്കണക്കിന് സ്ത്രീകളുണ്ട്. ഇത്തരം തട്ടിപ്പിൽ അകപ്പെടുന്നവരിൽ അധികം പേരും വീട്ടുജോലിക്കായി (ഹൗസ് മെയ്ഡ്) വരുന്നവരാണ്. ഈ തട്ടിപ്പ് നടത്തുന്ന സമൂഹത്തിലെ വന്പൻ സ്രാവുകൾ സാധാരണ ഗതിയിൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറില്ലെങ്കിലും അപൂർവ്വമായി ഓപ്പൺ ഹൗസ് പോലെയുള്ള സന്ദർഭങ്ങളിൽ മാത്രം ഇതിലെ ചെറു മത്സ്യങ്ങളെ കണ്ടെത്തി വാർത്താ വിഭവമാക്കാറുണ്ട് മാധ്യമ സമൂഹം. ഇവിടെ വഞ്ചിക്കപ്പെടുന്ന സ്ത്രീ സമൂഹം പലപ്പോഴും ചെന്നെത്തുന്നത് നിലയില്ലാ കയങ്ങളിൽ വലയും വിരിച്ചു കാത്തിരിക്കുന്ന വാണിഭ സംഘങ്ങളുടെ കൈകളിലാണ്.
ഭർത്താവിന്റെയും മക്കളുടെയും പട്ടിണിയകറ്റാൻ, അനിയത്തിമാരെ വിവാഹം കഴിപ്പിച്ചയക്കാൻ, മരണപ്പെട്ട സഹോദരന്മാരുടെ കുടുംബത്തെ പോറ്റാൻ, മക്കളുടെ വിദ്യാഭ്യാസത്തിന്, വൃദ്ധ മാതാപിതാക്കൾക്ക് മരുന്നും ഭക്ഷണവും നൽകാൻ എന്നിങ്ങനെ നാടിനും വീടിനുമായി ഉരുകിത്തീരുന്ന പ്രവാസത്തിന്റെ ഈ പെൺമുഖങ്ങൾ പലപ്പോഴും നേരിടുന്നത് നാട്ടിലുള്ളവരുടെ സംശയത്തിന്റെ ഒളികണ്ണുകളെയാണ്. യഥാർത്ഥത്തിൽ ഫലപ്രദമായി ഒരു ബോധവൽക്കരണം ആവശ്യമായ മേഖലയാണ് സ്ത്രീകളുടെ പ്രവാസ തൊഴിൽ മേഖലയെന്ന് മനസ്സിലാക്കേണ്ട സമയമായിരിക്കുന്നു. ഇത് നാട്ടിലെ മഹിളാ സംഘടനകൾ പോലും പലപ്പോഴും വിസ്മരിക്കുന്നു. പീഡനങ്ങളുടെ കദനകഥകൾ നിറയുന്പോഴും നാട്ടിൽ നിന്ന് ഇങ്ങോട്ട് വരാനായി ക്യൂ നിൽക്കുന്നവരുടെ എണ്ണം നാട്ടിൽ ദിനംപ്രതി കൂടി തന്നെ വരികയാണ്.
ഇപ്പോൾ പ്രവാസി വകുപ്പിന്റെ കീഴിൽ നിയമങ്ങൾ ശക്തമാണെങ്കിലും അതിന്റെ ഇളവുകൾ മനസ്സിലാക്കി റിക്രൂട്ട്മെന്റ് ഏജൻസികൾ നടത്തുന്ന തട്ടിപ്പുകളും ഈ മേഖലയിൽ സാധാരണമാണ്. എങ്ങിനെയെങ്കിലും ഇവിടെ എത്തിയാൽ മതിയെന്ന ചിന്തയിൽ പലപ്പോഴും നാട്ടിലെ ഒരു റെയിൽവേ േസ്റ്റഷനിൽ നിന്ന് മുംബൈക്ക് തീവണ്ടി കയറുന്പോൾ മുതൽ വഴിയിലെവിടെയെങ്കിലും ഇവർക്ക് വേണ്ടി ചതിക്കുഴി ഒരുങ്ങിയിട്ടുണ്ടാവും. പരിചയം ഭാവിച്ച് അടുത്ത് കൂടുന്ന ഒരു സ്ത്രീയുടെ രൂപത്തിലോ സഹായിയായ ഒരു യുവാവിന്റെ രൂപത്തിലോ ശീതള പാനീയത്തിന്റെ രൂപത്തിലോ ആകാം കെണിയുടെ ചരട് മുറുകിത്തുടങ്ങുന്നത്. മുംബൈ വിമാനത്താവളത്തിലെ അപരിചിതത്വതിനിടയിൽ പുഞ്ചിരിക്കുന്ന ഒരു മുഖമോ ഒരു മലയാളം വാക്കോ ആശ്വാസമായി കന്നി പ്രവാസത്തിന് ഇറങ്ങുന്ന ഏത് പാവം സ്ത്രീയും കരുതിപ്പോകും. ഒടുവിൽ താൻ കെണിയിൽ അകപ്പെട്ടു കഴിഞ്ഞു എന്ന് മനസ്സിലാക്കുന്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാകും.
സുരക്ഷിതമായി കൃത്യമായ രേഖകളോടെ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്ത് കുടുംബം രക്ഷപ്പെടുത്തുന്ന ആയിരക്കണക്കിന് സഹോദരിമാരെ കാണാതെയല്ല ഇത് എഴുതുന്നത്. പ്രവാസ കാര്യമന്ത്രാലയവും മറ്റും ചില പരസ്യങ്ങൾ ഇപ്പോൾ നൽകുന്നുണ്ട്. എങ്കിലും പ്രശ്നത്തിന്റെ രൂക്ഷത കണക്കിലെടുക്കുന്പോൾ അതൊന്നും എവിടെയും എത്തുന്നില്ല എന്നതാണ് യാഥാർത്ഥ്യം. കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് എമിഗ്രേഷൻ ക്ലിയറൻസ് ഇല്ലാതെ ‘ചവിട്ടികേറ്റ്’ (ഈ മേഖല ഉപയോഗിക്കുന്ന പദം) വ്യാപകമാണെന്ന പരാതി എത്രയോ വർഷങ്ങളായി നിലനിൽക്കുന്നു. ഇവിടെ വേണ്ടത്, ഗൾഫ് നാടുകളിലേക്ക് റിക്രൂട്ടിംഗ് ചെയ്യാൻ അംഗീകൃത ലൈസൻസ് ഇല്ലാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ കർശന നടപടി എടുക്കാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ തയ്യാറാകണമെന്നതാണ്. ഇവിടേക്ക് എത്തുന്ന വീട്ടുജോലിക്കാരുടെ കൈവശം തൊഴിൽ വിസ, സ്പോൺസർമാരുടെ ഐഡന്റിറ്റി തിരിച്ചറിയിക്കുന്ന പേപ്പർ, ഓഫർ ലെറ്റർ, റിക്രൂട്ടിംഗ് ഏജൻസിക്കുള്ള കത്ത് എന്നിവ ചേംബർ ഓഫ് കോമേഴ്സ്, വിദേശകാര്യ മന്ത്രാലയം മുതലായ സ്ഥാപനങ്ങൾ സാക്ഷ്യപ്പെടുത്തിയത് ആവശ്യമാണ്. അതിന് പുറമേ സൗജന്യ താമസം, ഭക്ഷണം, എയർടിക്കറ്റ് ആവശ്യമുണ്ടെങ്കിൽ എംബസിയുമായോ കോൺസുലേറ്റുമായോ ബന്ധപ്പെടാനുള്ള സൗകര്യം എന്നിവയും വീട്ടുജോലിക്കാരുടെ അവകാശങ്ങളാണ്. ഇന്ത്യ ഗവൺമെന്റിന്റെ മാർഗ്ഗ നിർദ്ദേശം പാലിക്കാത്ത റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെ കർശന നടപടി എടുക്കേണ്ട അധികാര കേന്ദ്രങ്ങൾ ഉറക്കം നടിക്കുന്പോൾ നിയമങ്ങൾ വെറും കടലാസിൽ കുരുങ്ങുന്നു.
സ്ത്രീകളിൽ വീട്ടുജോലിക്കാരുടെത് പോലെ തന്നെ മറ്റൊരു പ്രധാന തൊഴിൽ മേഖലയാണ് ആതുരസേവനം അല്ലെങ്കിൽ നഴ്സിംഗ്. ഇവിടെയും ധാരാളം ചുഷണങ്ങൾ നടക്കുന്നുണ്ട്. തങ്ങളുടെയും തങ്ങളെ ആശ്രയിച്ച് കഴിയുന്നവരുടെയും ജീവിതത്തിനടിത്തറ പാകി സ്വപ്ന സൗധത്തിന്റെ പണിപ്പുരയിൽ ബാധ്യതകളുടെ മാറാപ്പും തോളിലേറ്റി അവർ കടൽ കടക്കുന്നു. ആതുരസേവന രംഗത്തെ വെള്ളരിപ്രാവുകൾ എന്നറിയപ്പെടുന്ന ഈ സ്ത്രീസമൂഹം മരുഭൂമിയിലേക്ക് പറക്കുന്പോൾ ശൂന്യമാകുന്ന മനസ്സ് പിന്നീട് ആർദ്രമാക്കി മാറ്റുന്നത് ആതുര സേവന രംഗത്തെ മഹത്തായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയാണ്.
പ്രവാസ ലോകത്ത് എത്തിപ്പെടുന്ന നഴ്സിംഗ്, പാരാമെഡിക്കൽ വിഭാഗത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾക്കും ദുരിതങ്ങൾക്കും കുറവൊന്നുമില്ല. ഒരേ ആതുരാലയത്തിൽ ഒരേ ജോലി ചെയുന്നവർക്ക് പോലും വ്യത്യസ്ത സേവന വ്യവസ്ഥകളാണ് ചില കന്പനികൾ നൽകുന്നത്. ചിലർക്ക് വർഷത്തിൽ അവധിയും ടിക്കറ്റും നൽകുന്പോൾ മറ്റു ചിലർക്ക് രണ്ടും മൂന്നും വർഷത്തിലാണ് അത് നൽകുന്നത്. മതപരവും ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളിൽ പോലും സഹിഷ്ണുതയോടെ ഏകത്വം കണ്ടെത്തിയും അതിജീവനത്തിന്റെ പുത്തൻ പാഠഭേദങ്ങൾ തീർത്തും ഒറ്റപ്പെടലിന്റെ മനം പുരട്ടലിലും തിരക്കിട്ട് ആതുരാലയങ്ങളുടെ നീണ്ട കോറിഡോറുകളിലൂടെ പുഞ്ചിരിയോടെ അവർ ഓടി നടക്കുന്നു. തങ്ങളുടെ അത്യാവശ്യങ്ങളെ പോലും മറന്ന് ജീവിത പ്രാരാബ്ധങ്ങളുടെ കെട്ടും പേറി, രോഗാതുരമായ മനസ്സുകളിലേക്ക് അവർ സ്നേഹത്തിന്റെ താങ്ങും തണലുമേകി നമ്മുടെ ഇടയിൽ ജീവിക്കുന്നു.
ഈ രണ്ട് വിഭാഗക്കാരെ പറ്റി പറയുന്പോഴും ഒരിക്കലും മറന്ന് കളയാൻ പറ്റാത്തവരാണ് പ്രവാസലോകത്തെ വീട്ടമ്മമാർ. ഉണ്ടും ഉറങ്ങിയും ടെലിവിഷന്റെ മുന്പിൽ സമയം കൊല്ലുന്നവരാണ് ഇവരെന്ന് പലരും ധരിച്ച് വെക്കാറുണ്ട്. എന്നാൽ ഈ പഴഞ്ചൻ ധാരണകളെ കാറ്റിൽ പറത്തി പല കുടുംബിനികളും സാമൂഹിക ഇടപെടലുകളും സർഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും മുന്നോട്ടു പോകുന്ന കാഴ്ചയാണ് ഇന്ന് നാം പ്രവാസ ലോകത്ത് കാണുന്നത്. ഇതിന്റെ പ്രധാന കാരണം സ്ത്രീകൾ നേടിയ വിദ്യാഭ്യാസം തന്നെയാണ്. അത് നൽകിയ ആത്മവിശ്വാസമാണ് ഇവരെ പുതിയ മേച്ചിൽപുറങ്ങൾ തേടാൻ പ്രേരിപ്പിക്കുന്നത്. ഇവർ അവിടെ അറിവിന്റെയും ആരോഗ്യത്തിന്റെയും സമയബോധത്തിന്റെയും ഭൂമികയിൽ നിന്നുകൊണ്ട് സ്വന്തം കുടുംബത്തിനും സമൂഹത്തിനും വേണ്ടി പ്രവർത്തിക്കാൻ മുന്നോട്ട് വരുന്നു എന്നതിന്റെ തെളിവാണ് പുതുതായി രൂപംകൊള്ളുന്ന വിവിധങ്ങളായ പ്രവാസി വനിതാ സംഘടനകളും അതുപോലെ ഉള്ള സംഘടനകളുടെ വനിതാ വിഭാഗങ്ങളും.
തങ്ങൾക്ക് കിട്ടുന്ന സമയം ഫലപ്രദമായി ഉപയോഗിക്കാനും കാര്യക്ഷമമായി പ്രവർത്തിക്കാനും പ്രവാസി വീട്ടമമ്മാർ പഠിച്ചപ്പോൾ ജോലിക്കനുസരിച്ച് കൃത്യമായി ആസൂത്രണ പാടവത്തോടെ കാര്യങ്ങളെ സമീപിക്കുന്ന പ്രവാസത്തിന്റെ ആധുനികത, പ്രവാസി വനിതകൾക്കും ശീലമായിരിക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ ഈ യുഗത്തിൽ പോലും ഒരു ഭാഗത്ത് ബന്ധങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന് വിലപിക്കുന്പോൾ ഭൂരിപക്ഷം പ്രവാസി വനിതകൾ ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും വലിയ വില കൽപ്പിക്കുന്നു എന്നത് നന്മയെ സ്നേഹിക്കുന്നവർക്ക് നല്ലൊരു വാർത്തയാണ്. വായന മരിച്ചുകൊണ്ടിരിക്കുന്നു എന്ന പല്ലവി മാറിവരുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇതിൽ പ്രവാസി വീട്ടമ്മമാരും അപവാദമല്ല. ഇവിടെയുള്ള പ്രവാസി സ്ത്രീകളിൽ വളരെ ഉയർന്ന ശതമാനം പേരും ഗൗരവമായി വായനയെ സമീപിക്കുന്നവരാണെന്നും ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും ഓൺലൈൻ മാഗസിനുകളിലും തങ്ങളുടെ വായനയെ ഇവർ കണ്ടെത്തുന്നുണ്ടെന്നും പുതിയ പഠനങ്ങൾ തെളിയിക്കുന്നു.
പ്രവാസലോകത്ത് സ്ത്രീകൾ തങ്ങളുടെ കഴിവ് തെളിയിക്കുന്ന ഇനിയും എത്രയോ മേഖലകളുണ്ട്. അവിടെയൊക്കെ, ചൂഷണം വലിയ തോതിൽ നടക്കുന്പോൾ തന്നെ മികച്ച സമയാസൂത്രണത്തോട ചിട്ടയായ ജീവിത ക്രമത്തിലൂടെ മാറ്റങ്ങളുടെ വേലിയേറ്റത്തിൽ പ്രവാസി വനിതകൾ ആലസ്യം വിട്ട് ഉയർത്തെഴുന്നേൽക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് പറയേണ്ടി വരും.