അവനവൻ കടന്പയുടെ അനുഭവത്തിലൂടെ
അന്പിളിക്കുട്ടൻ
തനത് നാടക സങ്കൽപ്പം പച്ചയായ മനുഷ്യ ജീവിതത്തിന്റെ ആവേഗങ്ങളെയും ആശങ്കകളെയും സത്യസന്ധമായും കലാത്മകമായും ഉൾക്കൊള്ളുന്നതാണ്. നാടൻ ജീവിതത്തിന്റെ ഉപോൽപ്പന്നങ്ങളായ തുടിതാളങ്ങളെയും ബിംബകൽപ്പനകളെയും അത് അസംസ്കൃത വസ്തുക്കളാക്കുന്നു. നാടകത്തിന്റെ ഇതിവൃത്തത്തെയും അതിന്റെ രംഗാവിഷ്ക്കാരത്തെയും കൂട്ടിയിണക്കുന്ന കലാപരവും സാങ്കേതികവുമായ അംശങ്ങൾ സാമൂഹ്യ ജീവിതത്തിൽ നിന്നും ഉരുത്തിരിയുന്നതാണ്.രംഗവേദിയിൽ പ്രകൃതിയെ സാക്ഷിനിർത്തി സമൂഹമധ്യത്തിൽ അവതരിപ്പിക്കുന്പോളാണ് അത് ജൈവമാകുന്നത്.
ഇക്കഴിഞ്ഞ ദിവസം ബഹ്റൈൻ കേരളീയ സമാജത്തിലെ സ്കൂൾ ഓഫ് ഡ്രാമ കലാകാരന്മാർ, കാവാലം ശിഷ്യനും പ്രഗത്ഭനുമായ ശ്രീ.ഗിരീഷ് സോപാനത്തിന്റെ ശിക്ഷണത്തിൽ അവതരിപ്പിച്ച അവനവൻ കടന്പ ഇത് സംബന്ധിച്ചുണ്ടായിരുന്ന എന്റെ പഴയ അനുഭൂതികൾ തൊട്ടുണർത്തുന്നതായിരുന്നു. ഏതൊരു ജീവിതത്തിലും ഒരു അവനവൻ കടന്പയുണ്ട്. അറിഞ്ഞും അറിയാതെയും അത് ജീവിതങ്ങളെ സ്വാധീനിച്ചു കൊണ്ടേ ഇരിക്കും. ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിലുള്ള അവനവൻ കടന്പ, ചെയ്യുന്ന ഏത് പ്രവർത്തിയും അടിസ്ഥാനപ്പെടുത്തുന്ന സ്വാർത്ഥതയുടെ അവനവൻ കടന്പ ഏതൊരു ജീവിതത്തിന്റെയും സ്വകാര്യമായ അന്തർധാരയാണ്. അതിൽ ജീവിത നാടകമാടുന്ന ആട്ടപ്പണ്ടാരങ്ങളുണ്ട്, സ്വയം മാന്യത കൽപ്പിക്കുന്ന പാട്ടുപരിഷകളുണ്ട്. ഇവർ തമ്മിലുള്ള മേൽകോയ്മയ്ക്ക് വേണ്ടിയുള്ള കുറ്റപ്പെടുത്തലും വാക്പോരും സമൂഹജീവിതത്തിന്റെ ഭാഗമായി നടന്നുകൊണ്ടേ ഇരിക്കുന്നു. എന്നാൽ എല്ലാവരുടെയും ലക്ഷ്യം വാലടിക്കാവിലെ ഉത്സവം കൂട്ടുക എന്നതാണ്. അത് ഏവരും ആഗ്രഹിക്കുന്ന ജീവിതത്തിന്റെ ഉത്സവമാണ്. എന്നാൽ അവിടെ എത്തിച്ചേരുന്നതിന് മുന്പ് ഒരു അവനവൻ കടന്പ എല്ലാവരും കടക്കേണ്ടതുണ്ട്. ഒരു വാനരന്റെ വാലുപോലെ മാത്രമുള്ള ആ കടന്പയിൽ തട്ടി "ഇണ്ടപ്പുടിനോ" എന്ന് വീണുപോകുന്നു എല്ലാവരും. ആട്ടപ്പണ്ടാരങ്ങൾ അവിടേക്കുള്ള വഴി പാട്ടുപരിഷകളോട് ചോദിക്കുന്നിടത്ത് നാടകം അതിന്റെ ഗതി തുടങ്ങുന്നു. അത് "ലതിലെ പോണം ലിതിലെ തിരിയണം" എന്ന് പറഞ്ഞ് സങ്കീർണപ്പെടുത്തുന്ന പാട്ടുപരിഷകൾ സമൂഹത്തിലെ പ്രമാണികൾക്ക് എന്തുകൊണ്ട് ഈ വഴി അറിയില്ല എന്ന് ചോദിക്കുന്പോൾ തങ്ങൾക്ക് അറിയാവുന്ന വഴി ഒന്നുകൂടി ചോദിച്ചെന്നേയുള്ളു എന്ന് മറുപടി കൊടുക്കുന്ന ആട്ടപ്പണ്ടാരങ്ങൾ ഒരു സമൂഹത്തിന്റെ പരസ്്പ്പര മാത്സര്യം നിറഞ്ഞ ജീവിതക്രമത്തെ ദ്യോതിപ്പിച്ചുകൊണ്ട് സമൂഹത്തിന്റെ പരിച്ഛേദങ്ങളായി തങ്ങളെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇരട്ടക്കണ്ണൻ പക്കി യഥാർത്ഥത്തിൽ തന്റെ രണ്ട് കണ്ണുകളാൽ സമൂഹത്തെപ്പറ്റിയുള്ള നേരറിവുകൾ സസൂക്ഷ്മമായി അവലോകനം ചെയ്ത് കരുക്കൾ നീക്കി തസ്കരവിദ്യയിലൂടെ കാര്യം നേടുന്നു. അതിനിടെയിൽ തലയില്ലാ ജഡം പുഴയിലൊഴുകിയ കിംവദന്തിയിൽ അത് വട്ടിപ്പണക്കാരന്റെ ശവമാണെന്നും അയാളുടെ അനീതിക്ക് പകരമായി താൻ തന്നെ അയാളുടെ ജീവനെടുത്തതാണെന്നും പക്കി പറയുന്പോൾ അയാളുടെ ചോരക്കത്തി ഏവർക്കും പൂങ്കത്തിയാകുന്നു. കാഴ്ചപ്പാടുകൾ അങ്ങിനെ മാറുന്നു. സമൂഹം കാഴ്ചക്കാരായ ശവങ്ങൾ മാത്രമാണെന്നും തനിക്ക് ചുറ്റും ജീവിച്ചിരിക്കുന്ന ശവങ്ങൾ മാത്രമാണ് ഉള്ളതെന്നും ആറ്റിലൊഴുകിയ വട്ടിപ്പണക്കാരനും പണ്ട് തലയുണ്ടായിരുന്നതിനാൽ ആറ്റിൽ തലയില്ലാതെ ഒഴുകിയ അയാളുടെ ശവത്തിനും അതുകണ്ട ജീവിച്ചിരിക്കുന്ന ശവങ്ങൾക്കുമിടയിൽ ഒരു തലയുടെ വ്യത്യാസം മാത്രമാണുള്ളതെന്നും പക്കി പറയുന്പോൾ നാടകം ആക്ഷേപഹാസ്യത്തിന്റെ പാരമ്യത്തിലെത്തുന്നു.
ഇതിനിടെയിൽ ദേശത്തുടയോന്റെ പുത്രൻ വടിവേലവനും പക്കിയുടെ പുത്രി ചിത്തിരപ്പെണ്ണുമായുള്ള പ്രണയവും വടിവേലവന്റെ വധവും അതിലെ പക്കിയുടെ കയ്യും നാടകീയ രംഗങ്ങൾ ഇതിൽ ചേർക്കുന്നു. പിന്നീട് ദേശത്തുടയോൻ നാടകീയമായ രംഗപ്രവേശം നടത്തുന്പോൾ പക്കിയെക്കണ്ട് പഴയകാല ബന്ധം ഓർത്തെടുത്ത് അവർ പരസ്പ്പരം ചങ്ങാതികളാകുന്നത് സമകാലിക അവിശുദ്ധ രാഷ്ട്രീയ സദാചാരബോധത്തിന് നേർക്കുള്ള ശരിയായ ഒരു താഡനം തന്നെയാണ്. അനിവാര്യമായ വിചാരണയിൽ കുറ്റം സമ്മതിക്കുന്ന പക്കി ശിക്ഷ അനുഭവിക്കുന്നതിനു മുന്പ് ഒന്ന് വാലടിക്കാവ് ഉത്സവത്തിന് പോകാനുള്ള ആഗ്രഹം അറിയിക്കുന്നു. യാത്ര നയിക്കുന്ന ദേശത്തുടയോനും പക്കിയെയും മറ്റാരെയും പോലെ അവനവൻ കടന്പക്കൽ അടിതെറ്റി വീഴുന്നു. സ്വയം തിരിച്ചറിവുണ്ടായി അയാൾ സ്വന്തം ഉടവാൾ കടന്പക്കൽ ഉപേക്ഷിക്കുന്നതോടെ ഏവരുടെയും ഉള്ളിൽ കുടികൊള്ളുന്ന കടന്പകൾ മറികടന്ന് അവർ എല്ലാവരും ഒരു സമൂഹമായി മാറി കടന്പ കടന്നു ഉത്സവം കാണാനായി ഒരുമിച്ചു ജീവിതയാത്ര തുടങ്ങുന്നതോടെ നാടകം അവസാനിക്കുന്നു. വികാര വിമലീകരണം സംഭവിച്ച പ്രേക്ഷകരും ആ യാത്രയുടെ ഭാഗമാകുന്നു.
ജീവിതസത്യങ്ങളുടെയും സമൂഹ യാഥാർത്ഥ്യങ്ങളുടെയും അതിശയിപ്പിക്കുന്ന രംഗാവിഷ്ക്കാരങ്ങൾ ഇതിൽ ഉടനീളം നാടോടി താളലയങ്ങളുടെയും ഈണങ്ങളുടെയും സർഗ്ഗാനുഭൂതികളിലൂടെ സന്നിവേശിപ്പിച്ചിരിക്കുന്നത് അതിസുന്ദരമാണ്. ചൊല്ലുകൾ, വായ്ത്താരികൾ എന്നിവയിലൂടെ ദൃശ്യ ശ്രാവ്യ സന്പുഷ്ടത വരുത്തുന്നത് ഉദാത്തമാണ്. പുരോഗതിയുടെ പാത ഉള്ളിലെ കടന്പകൾക്ക് അതീതമായ അഹന്തയില്ലാത്ത ഐക്യത്തിലൂടെ മാത്രമേ സാക്ഷാത്കരിക്കൂ എന്ന ആശയത്തെ കാവ്യാനുഭൂതിപ്രദമായി നമ്മിലേക്ക് സന്നിവേശിപ്പിക്കുന്ന ഈ നാടകം അവതരിപ്പിച്ച ബഹ്റൈനിലെ കലാകാരന്മാർ മുക്തകണ്ഠമായ പ്രശംസ അർഹിക്കുന്നു. പല പരിമിതികൾക്കിടയിലും അപരിമിതമായ ആവിഷ്ക്കാര തികവുകൾ തങ്ങളിൽ കുടികൊള്ളുന്നു എന്ന് തെളിയിച്ച അവർക്ക് ഓരോരുത്തർക്കും അഭിവാദ്യങ്ങൾ.