പനി പിടിച്ച കേരളം..
ഇ.പി അനിൽ
ആരോഗ്യ രംഗത്ത് കേരളം അറിയപ്പെട്ടിരുന്നത് പകർച്ച വ്യാധികളെ മാതൃകാപരമായി ചെറുക്കുവാൻ വിജയിച്ച സംസ്ഥാനം എന്നാണ്. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും മരണ നിരക്കിൽ ഇന്നും കേരളത്തിന് ഇന്ത്യക്ക് മാതൃകയുകവാൻ കഴിയുന്നുണ്ട്. അപ്പോഴും കേട്ട് കേൾവി ഇല്ലാത്ത നിരവധി അസുഖങ്ങൾ കേരളത്തിൽ വ്യാപകമാകുന്നു. അതിനെ പ്രതിരോധിക്കുവാൻ നമ്മൾ വിജയിക്കുന്നില്ല എന്നത് വളരെ അപകടകരമായ സൂചനകൾ നൽകുന്നുണ്ട്. കേരളത്തെ പറ്റി കരുതി വരുന്ന പല വിജയഗാഥകളും അത്ര കണ്ട് സത്യസന്ധമല്ല എന്ന്പറയേണ്ടിവരുന്ന സന്ദർഭങ്ങളെ ഗൗരവതരമായി കാണണം. രാജ്യത്തെ പൊണ്ണത്തടിക്കാർ പഞ്ചാബ് കഴിഞ്ഞാൽ കേരളത്തിൽ ആണ് കൂടുതൽ എന്നത് ആശാവഹമല്ല. രാജ്യത്തെ പട്ടിണിക്കാരുടെ എണ്ണത്തിൽ ആ നുപാതികമായി ഏറ്റവും കുറവ് ജനങ്ങൾ ഉള്ള കേരളീയരുടെ ഭക്ഷണ ശീലത്തിൽ പ്രോട്ടീൻ പങ്കാളിത്തം ദേശിയ ശരാശരിയിലും കുറവാണ്. ഗ്രാമ തലത്തിൽ മുതൽ സർക്കാർ നിയന്ത്രണത്തിലുള്ള ഹെൽത്ത് സെന്‍റർ, താലൂക്ക് ആശുപത്രി,ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി, മെഡിക്കൽ കോളേജുകൾ തുടങ്ങിയവ മറ്റൊരു സംസ്ഥാനത്ത് ഇല്ലാത്ത വിധം നമ്മുടെ കേരളത്തിൽ പ്രവർത്തിച്ചുവരുന്നു.
തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്ത് വസൂരി വ്യാപകമായി തീർന്നപ്പോൾ ബ്രിട്ടിഷുകാരുടെ സഹകരണത്തോടെ ജനറൽ ആശുപത്രി തിരുവനന്തപുരത്ത് തുടങ്ങി. (1865) അവിടെ അച്ചുകുത്ത് തുടങ്ങിയ ആധുനിക സംവിധാനങ്ങൾ നടപ്പിൽ വരുത്തി. പകർച്ച വ്യാധികളെ തടയുവാൻ പതുക്കെ നാട് വിജയിച്ചുഎന്ന് കാണാം. ഒപ്പം ആയുർവ്വേദ ചികിത്സയുടെ വ്യാപനത്തിനായി ആയുർവ്‍വേദ പഠനകേന്ദ്രങ്ങളും ആശുപത്രികളും വ്യാപകമായി. ഇത്തരം തീരുമാനങ്ങൾ ആധുനിക കേരളത്തിൽ ആരോഗ്യരംഗത്തെ മെച്ചപ്പെടുത്തി. 1980കൾ വരെ എല്ലാ ആരോഗ്യ മേഖലയിലും മുന്നേറ്റം ഉണ്ടാക്കിയ കേരളത്തിലും 90കളോടെ ഈ സ്വാഭാവത്തിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി. അന്തർദേശിയ വ്യാപാര കരാറുകൾ ഇന്ത്യൻ പെറ്റനറ്റ് നിയമങ്ങളെ അസാധുവാക്കിയ കാലം മുതൽ നാട്ടിൽ സർവ്വജന്യ ചികിത്സകൾക്ക് നിയന്ത്രണം ഉണ്ടായി. ആരോഗ്യരംഗം വലിയ തരത്തിൽ കച്ചവടവൽക്കരിക്കപ്പെട്ടു. സർക്കാരിന് മുൻതൂക്കം നഷ്ടപ്പെടുകയും പകരം സ്വകാര്യ സംരംഭങ്ങൾ സജ്ജീവമാകുകയും ചെയ്തു. ഇത് കേരളത്തിലെ ആരോഗ്യരംഗം വൻ വ്യവസായമായി മാറുവാൻ ഇടം ഉണ്ടാക്കി. 85 കാലത്ത് മലയാളി ആരോഗ്യത്തിനായി പ്രതിവർഷം മാറ്റി വെച്ച തുക 100 രൂപയ്ക്ക് താഴെയാണെങ്കിൽ ഇന്നത് 100 ഇരട്ടിയിൽ എത്തിക്കഴിഞ്ഞു. ഇതിന്‍റെ ഭാഗമായി (വർദ്ധിച്ച ചികിത്സാ ചിേലവിനാൽ) 25 ലക്ഷത്തിൽ അധികം കുടംബങ്ങൾ പാപ്പരായി എന്ന് സാമൂഹിക പഠനങ്ങൾ കണ്ടെത്തിയിട്ടിണ്ട്.
ഒരു വശത്ത് ആധുനിക ചികിത്സാ സൗകര്യങ്ങൾ വർദ്ധിക്കുന്പോഴും മരുന്നുകളുടെ വ്യാപാരം കൂടുന്പോഴും രോഗാതുരതയ്ക്ക് കുറവില്ല. ജീവിത ശൈലീരോഗങ്ങൾ ഏറെ വ്യാപകമായിക്കഴിഞ്ഞു. ഹൃദ്രോഗം, അർബുദം, വൃക്ക സംബന്ധ രോഗങ്ങൾ, മാനസിക രോഗങ്ങൾ ഇവ കൂടുതൽ ആളുകളെ ബാധിച്ചു വരുന്നു. ഇതിനൊപ്പം ഒരു കാലത്ത് പൂർണ്ണമായും ഒഴിവാക്കപ്പെട്ട അസുഖങ്ങൾ മടങ്ങിവരുന്നതായി കാണാം. മലേറിയ, ഡിഫ്തീരിയ ചിലരെ ബാധിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. (സ്വകാര്യ സംരഭകർ ആരോഗ്യ രംഗത്തെ നിയന്ത്രിച്ചാൽ ഉണ്ടാകുന്ന സ്വാഭാവിക ഫലങ്ങൾ ആണിവ). കേരളത്തിൽ നൂറ്റാണ്ടുകളായി ഇടവപ്പാതി തുടങ്ങുന്ന ജൂൺ മാസത്തിൽ സാധാരണ പനി കുറച്ച് കൂടുതൽ ജനങ്ങൾക്ക് ഉണ്ടാകാറുണ്ടായിരുന്നു. എന്നാൽ അത് വ്യാപകമായ ദുരന്തങ്ങളിലേക്ക് എത്തിയിരുന്നില്ല. എന്നാൽ ഇന്ന് കേരളത്തിൽ വിവിധ ഇനം പനികൾ വ്യാപകമായിത്തീരുകയും ദിനം പ്രതി രണ്ട് ഡസനിലധികം ആളുകൾ മരിക്കുകയും ചെയ്യുന്നു. പ്രതി ദിനം കാൽ ലക്ഷം ആളുകൾ സർക്കാർ ആശുപത്രിയിൽ പനി ചികിത്സയ്ക്കായി എത്തുന്നുണ്ട്. (അതിൽ എത്രയോ അധികം ആളുകൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നുണ്ട്.)
കേരളത്തിൽ വ്യാപകമായിട്ടുള്ള അസുഖങ്ങളിൽ H1N1 പനി, ഡെങ്കി, ലെപ്ടോ, ചിക്കൻപോക്സ്, ഹെപ്പറ്റെറ്റിസ് A യും Bയും മലേറിയ, വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയവ പ്രധാനമാണ്. 20ൽ ഒരു മലയാളി പനിപിടിച്ച് ചികിത്സ നേടുവാൻ നിർബന്ധിതനായിക്കഴിഞ്ഞു. വ്യപകമായിമാറിയിട്ടുള്ള H1N1 പനിയെ swine flu എന്ന് വിളിക്കുന്നു. ആദ്യകാലത്ത് പന്നിയിൽ നിന്നും വൈറസ് അണുക്കൾ മനുഷ്യ ശരീരത്തിൽ കടക്കുന്നതിലൂടെയായിരുന്നു അസുഖം ബാധിച്ചിരുന്നത്. എന്നാൽ പിൽക്കാലത്ത് വൈറസ്സുകൾ അന്തരീക്ഷത്തിൽ തങ്ങി മനുഷ്യ ശരീരത്തിൽ പ്രാവേശിക്കുവാൻ കഴിവ് നേടി. അസുഖം ബാധിച്ച ആളുകളുടെ ശ്രവങ്ങളിലൂടെ അണുക്കൾ മറ്റൊരാളിലേക്ക് പടരുന്നു. (പന്നി മാംസത്തിലൂടെ ഇത് പകരുകയില്ല.) മെക്സിക്കോയിൽ നിന്നും വ്യാപിച്ച ഈ അസുഖത്തിന് കാരണം വൈറസ് ആയതിനാൽ ബാക്ടീരിയയെ ചെറുക്കുന്ന തരത്തിലുള്ള ആന്റിബയോട്ടിക്കുകൾക്ക് അവയെ കൊല്ലുവാൻ കഴിയുകയില്ല. അസുഖം ശ്വാസകോശത്തെയാണ് പൊതുവേ ബാധിക്കുക. ചുമ, പനി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്ന അവസരത്തിൽ വേണ്ട വിശ്രമവും മറ്റും എടുത്തില്ല എങ്കിൽ ന്യുമോണിയ ബാധിക്കുവാൻ സാഹചര്യം ഉണ്ടാകും. ഇതിനെ ചെറുക്കുവാൻ വിദേശങ്ങളിൽ വാക്സിനെഷൻ ലഭ്യമാണ്.
(മൂക്കൊലിപ്പ് മുതൽ എയ്ഡ്സ് രോഗം വരെ വരുത്തുവാൻ കഴിവുള്ള വൈറസ് എന്ന സൂക്ഷ്മ ജീവികൾക്ക് മറ്റ് ജീവികളിൽ നിന്നുള്ള വ്യത്യാസം അവയ്ക്കെതിരായ ചികിത്സ കൂടുതൽ ദുഷ്ക്കരമാക്കുന്നുഎന്നതാണ്. ബാക്ടീരിയ പോലെയുള്ള സൂക്ഷ്മ ജീവികൾ നമ്മുടെ ശരീരത്തിൽ പ്രവേശിച്ചാൽ നമ്മൾ അവയ്ക്കെതിരെ പ്രവർത്തിക്കുവാൻ ശേഷിയുള്ള ആന്‍റിബയോട്ടിക്കുകളെ ശരീരത്തിൽ കയറ്റി വിട്ട് ശരീരത്തിന്‍റെ പ്രതിരോധ ശക്തി വർദ്ധിപ്പിച്ച് അണുക്കളെ തുരത്തുന്നു. എന്നാൽ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ അവ നമ്മുടെ ശരീരത്തിന്‍റെ പ്രതിരോധ ശക്തിയെ തകർത്ത് കടന്നുവരുന്ന മരുന്നുകളെ സഹായിക്കുവാൻ ശരീരത്തിനുള്ള കഴിവ് നഷ്ടപ്പെടുന്നു. അതിനാൽ കുറെ നാളുകൾക്ക് മുന്‍പ് വരെ വൈറസ് ബാധിച്ചുള്ള അസുഖങ്ങൾക്ക് മരുന്നുകൾ ഫലപ്രദമല്ല എന്ന് പറഞ്ഞിരുന്നത്. നമ്മെ ബാധിക്കുന്ന പല തരത്തിലുള്ള പനികളും വൈറസ് വരുത്തി വെക്കുന്നതായതിനാൽ ചികിത്സ അത്രകണ്ട് വിജിയിച്ചിരുന്നില്ല.) ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും മലേറിയയും പടരുന്നത് കൊതുക് വഴിയാണ്. ഇതിൽ ഡെങ്കി ലോകവ്യാപകമായി പടർന്നു വരുന്നു. ഡെങ്കിപ്പനി പതിനെട്ടാം നൂറ്റാണ്ടിൽ മുതൽ കണ്ടു വരുന്നുവെങ്കിലും വ്യപകമായി തീർന്നത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആണ്. പ്രതിവർഷം 5 കോടി മുതൽ 50 കോടിവരെ ആളുകളെ ബാധിക്കുന്ന ഈ പനി പ്രതിവർഷം കാൽ ലക്ഷം മരണങ്ങൾക്ക് കാരണം ആകുന്നു. 100ലധികം രാജ്യങ്ങളിൽ ഈ അസുഖം ഇന്ന് എത്തിച്ചേർന്നു. ഈഡിസ് (aedes) കൊതുകുകൾ പരത്തുന്ന ഈ പനിക്ക് (വൈറൽ) ചൂടും ശരീരം വേദനയും കണ്ണിന് വേദനയും ശരീര ഭാഗങ്ങൾ തടിച്ചു പൊങ്ങുകയും ചെയ്യും. അസുഖം കലശലായാൽ ആന്തരിക രക്ത സ്രാവം ഉണ്ടാകാം. ഒപ്പം മജ്ജയുടെ പ്രവർത്തനം ക്ഷയിച്ച് രക്താണുക്കൾ നിർജ്ജീവമാകും. ആശുപത്രി ചികിത്സയും നല്ല വിശ്രമവും രോഗിയെ കൂടുതൽ കുഴപ്പത്തിൽ നിന്നും രക്ഷിക്കും. ഡെങ്കിക്കെതിരായി വാക്സിനുകൾ താമസിയാതെ ലഭ്യമാക്കും എന്ന് വാർത്തകൾ ലഭിക്കുന്നുണ്ട്.
ചിക്കുൻഗുനിയ എന്ന അസുഖവും കൊതുകുകൾ പ രത്തുന്നു. പക്ഷികളിലൂടെയും എലികളിലൂടെയും അസുഖം പടരാം. ഒരിക്കൽ ചിക്കുൻഗുനിയ വന്ന ആളിന് അതിനെതിരെ പ്രതിരോധ ശക്തി ആർജ്ജിക്കുവാൻ കഴിയും. ഈ പനിയിലൂടെ മരണം വളരെ വിരളമായി മാത്രമേ സംഭാവിക്കാറുള്ളൂ. മലേറിയയും കുതുകുകൾ പരത്തുന്ന അസുഖമാണ്. അതിനെ പൂർണ്ണമായും നമുക്ക് ഒഴിവാക്കുവാൻ കഴിഞ്ഞു വെങ്കിലും ആ അസുഖം മടങ്ങിവരുന്നു എന്നത് ആരോഗ്യ രംഗത്തിന് തിരിച്ചടിയാണ്. ചിക്കൻഗുനിയയുടെ തുടർച്ചയായി പത്തനംതിട്ട ജില്ലയിൽ തക്കാളി പനി (ശരീരത്തിൽ ചുമപ്പ് പാടുകൾ) ഉണ്ടായിട്ടുണ്ട്. ചിക്കുൻഗുനിയയെ പോലെ വളരെ അപകടരമല്ലാത്ത ഈ പനിക്ക് പാരസെറ്റമോൾ ഗുളികയും കൂടുതൽ വെള്ളവും കഴിക്കുകയാണ് പ്രാധാനമായ പ്രതിവിധി. ഹെപ്പറ്റൈറ്റിസ്സ് (Aയും Bയും) (മഞ്ഞപ്പിത്തം) ഡയേറിയയും വെള്ളത്തിലൂടെ പടരുന്ന അസുഖങ്ങൾ ആണ്. അവയുടെ കാരണം സുരക്ഷിതമായ വെള്ളം ലഭ്യമല്ലാത്ത അവസ്ഥയാണ് എന്ന് നമ്മൾ കുട്ടികാലം മുതൽ പഠിച്ചതാണ്. വായുവിലൂടെ പടരുന്ന അസുഖങ്ങളിൽ ചിക്കൻപോക്സ്, ഡിഫ്തീരിയ, ക്ഷയം തുടങ്ങിയവ പെടുന്നു. കേരളത്തിൽ ചിക്കൻപോക്സ് കൂടുതൽ വ്യപകായിട്ടുണ്ട്. അവ മരണം വരെ ചിലപ്പോൾ ഇന്ന് വരുത്തിവെക്കുന്നു. ഡിഫ്തീരിയ ഒരു കാലത്ത് കേരളത്തിൽ വാക്സിനേഷനിലൂടെ പൂർണ്ണമായും നിയന്ത്രിച്ചവെങ്കിലും അത് മലപ്പുറം ജില്ലയിൽ ചുരുക്കം കുഞ്ഞുങ്ങളിൽ മടങ്ങിവന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. എലികളിലൂടെ പടരുന്ന എലിപ്പനി കുട്ടനാട്ടിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കേരളത്തിൽ കഴിഞ്ഞ കുറെ വർഷമായി മഴക്കാലത്ത് വ്യാപിക്കുന്ന വൈറൽ പനികളിൽ swineഉം(H1N1) ഡെങ്കിയും ചിക്കുൻഗുനിയയും കൊതുകുകൾ പരത്തുന്നവയാണ് എന്നത് നമ്മുടെ ശുചിത്വ ബോധാത്തിന്‍റെ കാര്യക്ഷമത ഇല്ലായ്മയെ തെളിയിക്കുന്നു. കേരളം പൊതുവേ വൃത്തി കൂടുതൽ ഉള്ള സംസ്ഥാനമാണ് എന്ന് പറയാറുണ്ട് എങ്കിലും കൊതുക് പരത്തുന്ന രോഗങ്ങൾ മടങ്ങി വരുന്നു എന്നത് നമ്മുടെ പരിസരത്തോടുള്ള സമീപനങ്ങൾ പൊളിച്ചെഴുത്തേണ്ടതുണ്ട് എന്നാണ് പഠിപ്പിക്കുന്നത്.
കേരളം പോലെയുള്ള വളരെയധികം ആളുകൾ തിങ്ങി പാർക്കുന്ന പ്രദേശം, പൊതുവെ മഴ കൂടുതൽ ലഭിക്കുന്ന നാട്, ചതുപ്പ് നിലങ്ങളും ഈർപ്പവും ഉള്ള പ്രതലം, തോട്ട കൃഷി വ്യാപകമായ ഭൂഭാഗം ഇവ എല്ലാം ഒരു തരത്തിൽ അനുഗ്രഹം ആണെങ്കിലും അവയ്ക്ക് രോഗങ്ങളെ ക്ഷണിച്ചു വരുത്തുവാൻ ശേഷിയുണ്ട്. 3.3 കോടി മലയാളികൾ ഓരോത്തരും 250−300 ഗ്രാം ഖരമാലിന്യങ്ങൾ പ്രതിദിനം ഉൽപ്പാദിപ്പിക്കുന്നുണ്ട്. കേരളത്തിൽ പ്രതി ദിനം ഏകദേശം 8000 ടൺ മാലിന്യങ്ങൾ പുറത്തു വരുന്നു എന്നർത്‍ഥം. ഇതിനൊപ്പം ആഴ്ച്ചയിൽ 10,000 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടാക്കുന്നു. ഈ മാലിന്യങ്ങളുടെ തുറസ്സായ പ്രദേശങ്ങളിലെ സാന്നിദ്ധ്യം കൊതുകകൾ വളരുവാൻ ഇട നൽകും. ഇത് വെള്ളവും വായുവും മലിനപ്പെടുവാൻ കാരണമാണ്. നമ്മുടെ സംസ്ഥാനത്തെ ഖര −പ്ലാസ്റ്റിക്− മറ്റ് മാലിന്യങ്ങളുടെ സംസ്കരണം ശാസ്ത്രീയമായി നടപ്പിൽ വരുത്തുവാൻ സർക്കാർ ആവർത്തിച്ചു പരാചയപ്പെടുകയാണ്. നഗരങ്ങളിലെ മാലിന്യങ്ങൾ ഗ്രാമങ്ങളിൽ നിക്ഷേപിക്കുവാൻ അവിടുത്തെ ജനങ്ങൾ അനുവദിക്കുന്നില്ല. പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിൽ എത്താതെ ജലശായങ്ങളെയും ജീവികളെയും അ വയുടെ സാന്നിദ്ധ്യത്തിൽ നിന്നും സംരക്ഷിക്കുവാൻ പദ്ധതികൾ ഇല്ല.
സർക്കാരുകൾ ജനങ്ങളുമായി ചേർന്ന് നടപ്പിൽ വരുത്തേണ്ട മാലിന്യ സംസ്കരണത്തിന് വേണ്ട പരിഹരങ്ങൾ ഉയർത്തിക്കൊണ്ട് വരുവാനും അതിലേക്ക് എല്ലാവരുടേയും ശ്രദ്ധ എത്തിക്കുവാനും ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ വിജയിച്ചിട്ടുണ്ട്. ജൈവ മാലിന്യങ്ങളിൽ നിന്നും വൈദ്യുതി, പ്ലാസ്റ്റിക്കിൽ നിന്നും പെട്രോൾ തുടങ്ങിയവ വേർതിരിക്കുവാൻ യൂറോപ്പ് വിജയിച്ചിട്ടുണ്ട്. 100% സാക്ഷരത നേടിയ കേരളീയർ ഈ വിഷയങ്ങളിൽ അലംഭാവം കാണിക്കുന്നു. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുവാനുള്ള ഉത്തരവാദിത്തം അത് ഉൽപ്പാദിപ്പിക്കുന്നവർക്ക് ഉണ്ട്. മാലിന്യങ്ങളെ മൂന്നായി തിരിച്ച് സൂക്ഷിക്കുകയും പരമവാധി പുനർ ചംക്രമണത്തിന് വിധേയമാക്കുകയും വേണം. സ്കൂളുകളിലും തൊഴിൽ ഇടങ്ങളിലും മറ്റെല്ലാ സംഘടനകളിലും മാലിന്യ സംസ്കരണത്തിന്‍റെ ഉത്തരവാദിത്തത്തെ പ്പറ്റിയുള്ള ബോധവൽക്കരണവും അത്യാവശ്യമാണ്. നിയമങ്ങൾ ലംഘിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കുവാൻ അവസരം ഉണ്ടാക്കണം. ഒരാൾ എത്ര മാലിന്യങ്ങൾ ഉണ്ടാക്കുന്നു എന്നതിനെപ്പറ്റി സ്വയം അറിയുവാനുള്ള ശീലം നമ്മളിൽ കണ്ടുവരുന്നില്ല. ഒഴുകുന്ന നദികളിലും തോടുകളിലും കൊതുകുകൾ വളരാറില്ല എന്ന് നമുക്കറിയാം. പാടങ്ങൾ ഇല്ലാതാകുകയും വെള്ളം ഒഴുകി അടുത്ത പുഴയിൽ എത്തുവാൻ തടസ്സം ഉണ്ടാകുകയും ചെയ്യുന്പോൾ വെള്ളം കെട്ടിക്കിടകുകയും കൊതുകുകൾ വളരുകയും ചെയ്യും. കഴിഞ്ഞ നാളുകളിൽ ആലപ്പുഴയിലും കൊച്ചിയിലും മാത്രം ഉണ്ടായിരുന്ന ഈ പ്രശ്നം ഇന്ന് മലന്പ്രദേശങ്ങളിലും വ്യാപിച്ചു കഴിഞ്ഞു. അങ്ങനെ കൊതുകുകൾ കൂടുതൽ പെരുകുവാൻ നമ്മുടെ തെറ്റായ ഇടപെടലുകൾ കാരണമായി. വർദ്ധിച്ച ജനസാന്ദ്രത (പ്രത്യേകിച്ച് നഗരങ്ങളിൽ) പ്രശ്നത്തെ സങ്കീർണ്ണമാക്കി. പൊതു ഇടങ്ങളിലെ മല വിസ്സർജ്ജനം ഒഴിവായി എങ്കിലും മറ്റ് മാലിന്യങ്ങൾ കുന്നുകൂടി സാംക്രമിക രോഗങ്ങൾക്ക് കേരളം കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ്. കേരളത്തിലെ പനികളിൽ ഡെങ്കിയും H1N1ഉം കൂടുതലായി തിരുവനന്തപുരം ജില്ലയിലാണ് ഉള്ളത്. പത്തനംതിട്ട ജില്ലയിൽ ചിക്കുൻഗുനിയയും ആലപ്പുഴയിൽ എലിപ്പനിയും കൂടുതൽ കണ്ടുവരുന്നു. നഗരങ്ങളിൽ അസുഖം താരതമ്യേന കൂടുതൽ ഉണ്ടാകുവാൻ കാരണം അവിടുത്തെ അശാസ്ത്രീയവും പഴക്കം ചെന്നതുമായ സീവേജ് സംവിധാനവും മലിന ജലം ഒഴുകുന്ന ഓടകളുമാണ്. കൊതുകിനെ തുരത്തുവാൻ ജാഥകളും പ്രചരണങ്ങളും സേവനദിനങ്ങൾ ആചരിച്ച് വൃത്തിയാക്കലുകൾ നടത്തുന്ന രാഷ്ട്രീയ −മറ്റ് സംഘടനകൾ വിഷയത്തിന്‍റെ ദുരന്തം മൂർച്ഛിക്കുന്ന ഘട്ടത്തിൽ മാത്രം സജീവമായി വാർത്തകളിൽ ഇടം പിടിക്കുകയും പ്രതിപക്ഷം ഒരായുധമായി ഉപയോഗിക്കുകയും തീവ്രത കുറഞ്ഞാൽ പ്രശ്നത്തെ മറക്കുകയും ചെയ്യുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ പനി ബാധിച്ച തിരുവനന്തപുരം നഗരത്തിന്‍റെ അവസ്ഥ പരിശോധിച്ചാൽ കോർപ്പറേഷനും സർക്കാർ വകുപ്പുകളും വിഷയത്തിൽ എടുക്കുന്ന മുൻഗണനാ പട്ടികയിൽ ശുചിത്വമുള്ള നഗരം എന്ന വിഷയത്തിന് മറ്റ് വിഷയങ്ങൾക്കുള്ള പ്രാധാന്യമേ പരമാവധി നൽകാറുള്ളൂ. കേന്ദ്ര സർക്കാർ തിരഞ്ഞെടുത്ത സ്മാർട്ട് സിറ്റികളിൽ പുതുതായി തിരഞ്ഞെടുത്ത പട്ടികയിൽ തിരുവനന്തപുരവും ഉണ്ട്. നഗരത്തിന് 1538 കോടിയുടെ വികസനമാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ ജനസംഖ്യ 10 ലക്ഷത്തിനടുത്ത് വരും. ആകെ വിസ്തീർണ്ണം 215 ചതുരശ്ര കിലോമീറ്റർ ഇതിനർത്‍ഥം 215 ∗247 ഏക്കർ (53145 ഏക്കർ). എന്നാൽ സ്മാർട്ട് സിറ്റി പദ്ധതി നടപ്പിൽ വരുത്തുന്നത് പാളയവും കിഴക്കെകോട്ടയും ഉൾപ്‍പെടുന്ന 1403 ഏക്കറിൽ മാത്രം. (സെക്രട്ടറിയേറ്റ്, നിയമസഭ, ഒന്നാം രാജവീഥി, പദ്മനാഭപുരം കൊട്ടാരം തുടങ്ങിവയയും രണ്ട് പ്രധാന ചന്തകളും അതിൽ ഉൾപ്പെടും. നഗരത്തിന്‍റെ 2.6% മാത്രം പ്രദേശത്തെ ഉൾപ്പെടുത്തി ഒരു നഗരത്തെ സ്മാർട്ട് ആക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്പോൾ എന്തായിരിക്കും ഫലം എന്ന്‍ ഊഹിക്കുവുന്നതെയുള്ളൂ. തിരുവനന്തപുരം നഗരം ഇന്ത്യയിലെ ഏറ്റവും വൃത്തിയും വെടിപ്പും ഉള്ള നഗരങ്ങളിൽ മുന്നില്ലായിരുന്നു. അതിനുള്ള കാരണങ്ങളിൽ ഒന്ന് നഗരത്തിൽ വെള്ളകെട്ടുകൾ വിരളമായിരുന്നു എന്നതാണ്. നഗരത്തിനുള്ളിൽ കൂടി ഒഴുകുന്ന ചെറു തോടുകൾ കുളിക്കുവാൻ ഉപകരിക്കുന്ന തരത്തിൽ വൃത്തിയുള്ളതായിരുന്നു. എന്നാൽ ഇന്ന് ആമയഴയഞ്ചൻ തോട് കുപ്പ തോട്ടിലായി ഒഴുക്ക് നിലച്ച് കിടക്കുന്നു. നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂന്പാരമായി കൊതുകുകളും എലിയും മറ്റും വളരുന്ന ഇടമായി മാറി. ഒരു കാലത്ത് ചരക്കുകൾ വന്നിറങ്ങിയിരുന്ന വള്ളകടവ് പ്രദേശത്തെ പാർവ്വതി പുത്തനാർ (റാണി പാർവ്വതി അധികാരിയായിരുന്നപ്പോൾ നിർമ്മിച്ച കനാൽ) ഇന്ന് മാലിന്യങ്ങളെ പേറുന്ന, ഒഴുക്ക് നിലച്ച, ശൗചാലയങ്ങളുടെ മാലിന്യം ഒഴികി എത്തുന്ന കേന്ദ്രമായി മാറി. തിരുവനന്തപുരം നഗരത്തിന്‍റെ വികസനത്തെപറ്റി ചിന്തിക്കുന്പോൾ നഗരത്തിൽ ആദ്യം പരിഹാരം കാണേണ്ട പ്രശ്നങ്ങൾ ഈ രണ്ട് തോടുകളുടെതാണ്. അതിനായി ചില ശ്രമങ്ങൾ കോർപ്പറേഷൻ നടത്തി എന്നത് ശരിയാണ്. എന്നാൽ അവക്ക് ഒരു പരിഹാരവും കണ്ടെത്തുവാൻ കഴിഞ്ഞില്ല. ഇതിന്‍റെ ഒഴുക്ക് അവസാനിച്ചതോടെ തിരുവനന്തപുരം നഗരം വെള്ളകെട്ടുകളാൽ വീർപ്പ് മുട്ടുന്നു. ഒരു ഏക്കറിൽ ഒരു കോടിയിൽ അധികം പണം ഒഴുക്കി നടപ്പിൽ വരുത്തുന്ന പദ്ധതിയിൽ ഇത്തരം പ്രശനങ്ങൾക്ക് ശ്വാശ്വത പരിഹാരം കണ്ടെത്തും എന്ന് ഒരു ഉറപ്പും അധികാരികളിൽ നിന്നും ഉണ്ടായിട്ടില്ല. കേരളത്തിൽ വ്യാപകമായി മാറുന്ന വൈറൽ പനിക്ക് കൊടുക്കുന്ന വൈറസ്സിനെ പ്രതിരോധിക്കുന്ന മരുന്ന്‍ പ്രധാനമായി ലോക മാർക്കറ്റിൽ ഉണ്ടാക്കുന്നത് റോച്ച് എന്ന ബഹുരാഷ്ട കുത്തകയാണ്. അതിന്‍റെ അന്തർദേശിയ വില 10 ഗുളികയ്ക്ക് ഏകദേശം 4,000 മുതൽ 6,000 രൂപ വരെയുണ്ട്. ഇന്ത്യൻ കന്പനികൾ 800 മുതൽ 1,000 രൂപയ്ക്ക് മാർക്കറ്റിൽ എത്തിച്ചിട്ടുണ്ട് എങ്കിലും സാധാരണക്കാർക്ക് താങ്ങാവുന്ന വിലയല്ല ഒസൽടാമിവിർ 75 എം.ജി (ടാമി ഫ്ലു)വിന്‍റേത്. ഒപ്പം മലയാളികളിൽ 5% ആളുകളെ പനി ബാധിച്ചു എന്ന് പറയുന്പോൾ അവരുടെ രണ്ടാഴ്ചയിലെ തൊഴിൽ, പഠനം തുടങ്ങിയ വിവിധ രംഗത്ത് നഷ്ടങ്ങൾ ഉണ്ടാക്കുന്നു. അത് ഉണ്ടാക്കുന്ന സാമൂഹിക−സാന്പത്തിക തിരിച്ചടികൾ കണക്കുകൾക്കും അപ്പുറമാണ്.
ഡെങ്കിപ്പനി ലോകത്താകെ വ്യാപിക്കുവാൻ പ്രധാനമായി കാരണമാകുന്നത് ഡെങ്കി പരത്തുന്ന കൊതുകുകളുടെ വർദ്ധനയാണ്. അതിന് എൽനിനോയുടെ ഭാഗമായ (വരൾച്ച) കാലാവസ്ഥ വ്യതിയാനം പ്രധാന പങ്കുവഹിച്ചു. ഇതിനർത്ഥം നമ്മുടെ നാട്ടിലും മറ്റ് പ്രദേശങ്ങളിലും പുതിയതരം സാംക്രമിക രോഗങ്ങൾ വളരുവാൻ കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി നശീകരണവും തെറ്റായ വികസനവും കാരണമാകുന്നു എന്നാണ്. കേരളവും ഇന്ത്യയും വെട്ടിത്തിളങ്ങുന്നു എന്ന് അധികാരികൾ വീന്പ് പറയുന്പോൾ, നമ്മുടെ നാട്ടിൽ ആളുകൾ പനിപിടിച്ച് വിറച്ച് കിടക്കുകകയും അതിൽ ഒരു വിഭാഗം മരണത്തിലേക്ക് വരെ എടുത്തെറിയപ്പെടുകയും ചെയ്യുന്നു. പ്രസ്തുത വിഷയത്തെ ഒരു വിരോധാഭാസമായി അധികാരകൾക്ക് എ ന്തുകൊണ്ട് തിരിച്ചറിയുവാൻ കഴിയുന്നില്ല?