സ്പന്ദിക്കുന്ന അസ്ഥിമാടം


നിതിൻ നാങ്ങോത്ത്  

ില്ലേജാപ്പീസറുടെ മോളെ പെണ്ണുകാണാൻ‍ പോയിട്ട് എന്തായി? “നാളെ വരാൻ‍ പറഞ്ഞു”!! ഈ തമാശയിൽ‍ പതിരില്ല. ഒരുപാട് കതിരുണ്ടുതാനും. നിങ്ങൾ‍ക്ക് മുന്നിൽ‍ ലഭിക്കുന്ന ഫയലുകളിൽ‍ സ്പന്ദിക്കുന്നത് ജീവിതങ്ങളാണെന്ന് മുഖ്യമന്ത്രി ജീവനക്കാരെ ഗുണദോഷിച്ചിട്ട് നാളുകളധികമായില്ല. ഫയലുകളിൽ‍ സ്പന്ദിക്കുന്നത് മനുഷ്യരുടെ അസ്ഥിമാടങ്ങളാണെന്ന് ചുരുങ്ങിയ പക്ഷം കോഴിക്കോട് ചെന്പനോടയിലെ ഉദ്യോഗസ്ഥദുഷ്പ്രഭുക്കന്‍മാരെങ്കിലും ഭംഗിയായി തെളിയിച്ചു. പ്രതിഷേധസ്വരം സ്വന്തം ജീവിതം കൊണ്ട് പൂരിപ്പിച്ച ജോയി എന്ന കർ‍ഷനോടുളള ശ്രദ്ധാഞ്ജലി “നാം’’എന്ന പതാകയെ പാതി താഴ്ത്തിക്കെട്ടിയാവട്ടെ.

ആ സർ‍ട്ടിഫിക്കറ്റ്, ഈ സർ‍ട്ടിഫിക്കറ്റ്, മറ്റേ സർ‍ട്ടിഫിക്കറ്റ്... ആ മേശ, ഈ മേശ, മറ്റേ മേശ... ജനസൗഹൃദകേന്ദ്രങ്ങളായ വിവിധ സർ‍ക്കാരാപ്പീസുകളിൽ‍ കയറിയിറങ്ങാൻ‍ ഭാഗ്യം സിദ്ധിച്ച എല്ലാ ‘പ്രജ’യും ഈ വട്ടംചുറ്റിക്കലിൽ‍ സർ‍വത്ര സംപൂജ്യരായിട്ടുണ്ടാവും.പൂവിട്ടുപൂജിക്കേണ്ട ഒരുപാട് നല്ല ഉദ്യോഗസ്ഥരുണ്ട്. എന്നാൽ‍ എൺ‍പത് ശതമാനം പേരും ബ്രൂട്ടിന്‍റെ സ്പ്രേ അടിച്ച് വന്നാലും വരുന്നവഴിയിൽ‍ വില്ലേജ് ‘മോൻ’ മനുഷ്യമലം ചവിട്ടിപ്പോയാൽ‍ ആപ്പീസ് ബ്രൂട്ടസ്പ്രേയാൽ‍ സുഗന്ധപൂരിതമാകില്ലല്ലോ. വെറും ഇരുപത് ശതമാനം വരുന്ന ചവിട്ടികളുടെ ജാടത്തരം കൊണ്ടാണ് ചിലരൊക്കെ വില്ലേജ് ഓഫീസ് തന്നെ തീയിട്ട് ആനന്ദദുന്ദുഭി അനുഭവിക്കുന്നത്. കൊല്ലങ്ങളായി കൂർ‍ക്കം വലിച്ചുറങ്ങുന്ന ഫയലുകളിൽ‍ അഗ്നിസ്‌ഫുരണങ്ങൾ‍ സ്പന്ദിക്കാൻ ആ മനുഷ്യന് വേണ്ടി വന്നത് ഇത്തിരി പെട്രോൾ‍ തുള്ളികൾ‍ മാത്രം. ശക്തമായി പ്രതികരിക്കുന്ന ഒരു ജനത വിദ്യകൊണ്ട് പ്രബുദ്ധരായ കേരളത്തിൽ‍ ഇനിയും സൃഷ്ടിക്കപ്പെട്ടില്ലെങ്കിൽ‍ കുറ്റബോധത്തിന്‍റെ തോമസ്സുമാർ‍ ഒരുവിലാപമായി തൂങ്ങിയാടും.

ഓഫീസുകളിൽ‍ സ്വന്തം ഭരണപരിഷ്ക്കാരങ്ങൾ‍ (തോന്ന്യാസങ്ങൾ‍) നടപ്പിലാക്കുന്ന ധാരാളം ഇടങ്ങളുണ്ട്. ഇത്തരം തുഗ്ലക്കുമാരാണ് നല്ല ആപ്പീസർ‍മാരുടെ കൂടി മാതാപിതാസ്മരണ നടത്താൻ‍ സാധാരണക്കാരെ നിർ‍ബന്ധിക്കുന്നത്. വരുമാനസർ‍ട്ടിഫിക്കറ്റ് ലഭിക്കാൻ‍ വൈകിയതിന്‍റെ പേരിൽ‍ ആനുകൂല്യവും അഡ്മിഷനും നഷ്ടപ്പെട്ട എത്രയെത്ര കണ്ണീരു വീണ് ഈ നാടിന്‍റെ ഇന്നലെകൾ‍ കരഞ്ഞു കലങ്ങിയിട്ടുണ്ട്. നാറ്റിവിറ്റിക്കും കമ്മ്യൂണിറ്റിക്കും വേണ്ടി ഓടിയ ഓടലുകൾ‍ അങ്ങ് ട്രാക്കിലൂടെ ആക്കിയിരുന്നെങ്കിൽ‍ സർ‍വ്വകലാശാലാ കായികപ്രതിഭാ പട്ടം പെരയിലിരുന്നേനെ.കൈപ്പണം വാങ്ങിക്കാനുളള അടവുനയങ്ങളായിരുന്നു ഇതെന്ന് തിരിച്ചറിയുന്പോഴേക്കും മടുപ്പിന്‍റെ കൊടുമുടിയിൽ‍ പലരും ആ ഉദ്യമത്തിൽ‍ നിന്നും സലാം ചൊല്ലിയിട്ടുണ്ടാവും. ജാടകളുടെ ചുവപ്പുനാടയിൽ‍ കുടുങ്ങിപ്പോയി എത്രയെത്ര ലൈഫുകളാണ് സ്പന്ദനം അസ്തമിച്ച കുഴിമാടങ്ങളായി എരിഞ്ഞുതീർ‍ന്നത്? ഇന്ന് അക്ഷയകേന്ദ്രങ്ങൾ‍ വഴി ഒട്ടുമിക്ക സർ‍ട്ടിഫിക്കറ്റുകളും ‘മിന്നൽ‍’ വേഗത്തിൽ‍ ലഭ്യമാകുന്നുണ്ടെങ്കിലും അത് അനുവദിച്ചുതരാനുളള വിശാലമനസ്കത പണയംവെച്ച ചാരുകസേര ആപ്പീസന്മാ‍‍രോടും ആപ്പീസത്തിമാരോടുമാണ് വജ്രകേരളത്തിന്‍റെ തീവ്രപുച്ഛം.

സർ‍ക്കാർ‍ മാത്രം ഒപ്പമുണ്ടായിട്ടെന്തുകാര്യം? സർ‍ക്കാരാപ്പീസിലെ പീയൂണിന് കൂടി അത് തോന്നേണ്ടേ? മേ ഐ ഹെൽ‍പ്പ് ബോർ‍ഡിന് കീഴെയുളള മിക്ക ചെയറുകളും പൊടിയഭിഷിക്തനായിട്ടാണ് കണ്ടിട്ടുള്ളത്. പല വകുപ്പുതല “തല”കളിരിക്കുന്ന ചെയറുകളിലും പൊടി കുറവായിരിക്കുമെങ്കിലും കാൽ പ്ലോട്ടിലോ സൈറ്റിലോ ആയിരിക്കും. പകരം ചാർ‍ജ് കൊടുത്തിരിക്കുന്ന ദേഹം ഹൗ മെനി കിലോമീറ്റേർ‍സ് ദൂരത്തിലായിരിക്കും. ബേജാറുകൊണ്ട് കിട്ടിയ ഓട്ടോയിൽ‍ അവിടെ കുതിച്ചെത്തുന്പോഴേയ്ക്കും ആൾ‍ ലഞ്ചിന് പിരിഞ്ഞിരിക്കും. അല്ലേൽ‍ ഹാഫ് ഡെ ലീവാണെന്ന് ഡോറിന്‍റെ നെറ്റിയിൽ‍ ഒട്ടിച്ചുവെച്ചിട്ടുണ്ടാവും. ഇങ്ങനെ മനം മടുത്ത് നിരാശയുടെ നാറാണക്കല്ല് കണ്ടിട്ടുതന്നെയാവണം ആ കർ‍ഷകൻ‍ കയർ‍ വാങ്ങിയിട്ടുണ്ടാവുക. മന്ത്രി ചന്ദ്രശേഖരൻ‍ മിന്നൽ‍ പര്യടനം നടത്തുന്നതിനാൽ‍ മിക്കയിടവും ചലനാത്മകമാണ്.എന്നാലും സേവനം കൊടുക്കേണ്ടത് ദാനമായ്ക്കരുതുന്ന ചിലരുടെ ഔദാര്യരീതിയോടാണ് സന്ധിയില്ലായ്മ. ശരിക്ക് പരിശോധിക്കാതെ പലതും പാസാക്കിക്കൊടുത്തതിന് പുലിവാൽ പിടിച്ചുപോയ ചില ഉദാഹരണങ്ങൾ‍ നിരത്തിയാണ് അധികൃതർ‍ സ്കൂട്ടാവുന്നത്. ഒരേ ഭൂമിക്ക് തന്നെ നിരവധി കരമടച്ച് രസീറ്റ് വസൂലാക്കി ബാങ്ക് ലോൺ‍ കരസ്ഥമാക്കിയ പ്രജകളെ ചൂണ്ടിക്കാട്ടി കൈ കഴുകുന്നവരുമുണ്ട്.പൊതുജനത്തെ തമാശയ്ക്ക് നടത്തിക്കുന്ന കാലവിളംബത്തിന്‍റെ ബ്രാന്‍റ്അംബാസിഡർ‍മാരായ ഓ“ഫീസ”ർ‍മാരെ എല്ലാം ശരിയാക്കുന്ന കൂട്ടത്തിൽ‍ ഒന്ന് ശരിയാക്കാൻ‍ ബന്ധപ്പെട്ടവർ‍ക്ക് കനിവുണ്ടാവണം.

ദിലീപിനെ ഒതുക്കുകയോ പിടിക്കുകയോ ചെയ്യുന്നത് കൊണ്ട് നമുക്കെന്ത് കാര്യം? നടിയുടെ വദനരതിച്ചർ‍ച്ചയിൽ‍ കണ്ണുംനട്ടിരിക്കാൻ‍ പനിക്കണ്ണുള്ള ഡങ്കുഗുനിയാ മലയാളികൾ‍ക്കെവിടെ സമയം.മെട്രോയിൽ‍ പാന്പുകയറിയെന്ന കഥയും ഫോട്ടോയും പ്രചരിപ്പിച്ചവനെ മട്ടലെടുത്ത് ചതയ്ക്കണം. പാവം ഊമയും ബധിരനുമായ ആ മനുഷ്യന്‍റെയും അവസ്ഥചാനലിൽ‍ കണ്ടിട്ട് കണ്ണുനിറഞ്ഞു പോയി. ഫേക്ക് ന്യൂസുകൾ‍ ആഘോഷിക്കാനുളള മലയാളികളുടെ കരവിരുതിന് വല്ല അവാർ‍ഡുകളും തരപ്പെടുത്തണം.നെയ്മർ‍ അപകടത്തിൽ‍ മരിച്ചതായുളള വാർ‍ത്ത എത്ര ഗ്രൂപ്പുകളിലൂടെയാണ് മെട്രോ ചെയ്യപ്പെട്ടത്!! കുമ്മനപ്പെടൽ‍ എന്ന ഭാഷ തന്നെ ശ്രേഷ്ഠഭാഷയിൽ‍ കടന്നു വന്നു. പ്രധാന മന്ത്രി ട്രംപിന് വരെ കൈ കൊടുത്തു. നമ്മളിവിടെ കരമടയ്ക്കാനുളളവനെ എങ്ങനെ ബുദ്ധിമുട്ടിക്കാം എന്നതിന് ഗവേഷണം നടത്തുകയാണ്.പച്ച മഷിയിൽ‍ ഫോറസ്റ്റ് എന്നെഴുതി ലൈഫ് കുരുക്കിയിടുകയാണ്.പകവീട്ടലിന്‍റെ മാനിഫെസ്റ്റോ പദവിയിലിരിക്കുന്നവരെങ്കിലും ചാലുവാക്കാതിരുന്നെങ്കിൽ‍ എത്ര സുന്ദരമായിരിക്കും നമ്മുടെ സൗഹൃദാലയങ്ങൾ‍ !!

പഞ്ചവർ‍ഗ്ഗത്തറയിൽ‍ മെർ‍ക്കുറി വീഴ്ത്തിയവരെ മിനിറ്റുകൾ‍ക്കുള്ളിൽ‍ പൊക്കും. നടുറോട്ടിൽ‍ പച്ചയ്ക്ക് കീറിയവനെ തൊടാൻ‍ പെർ‍മിഷൻ‍ വാങ്ങിക്കണം. ഭരതൻ‍ എസ്ഐ എന്നെ ഒന്നറസ്റ്റ് ചെയ്യൂ പ്ലീസ്... ശാഖ ശാഖ എന്നു പറഞ്ഞപ്പോ അത് റിസർ‍വ് ബാങ്കിന്‍റെ ശാഖയാണെന്ന് ഒരിക്കലും നിരീച്ചില്ല. അന്വേഷണം ത്വരിതമോ ദുരിതമോ ആവട്ടെ. ജനത്തിന്‍റെ ദൈനംദിനജീവിതത്തിൽ‍ അള്ളുവെയ്ക്കുന്ന ജാടകളുടെ കൂടാരങ്ങളിൽ‍ കുഴിബോംബ് നാട്ടാൻ‍ കരുണയുണ്ടാവണം. ഫയലുകളിൽ‍ ജീവൻ‍ നൃത്തം വെയ്ക്കണം.അധികാരികളുടെ അനങ്ങാപ്പാറ നയത്തിനിടയ്ക്കാവട്ടെ തോട്ടയും ക്വാറിയും. സർ‍ക്കാർ‍ മാത്രമല്ല നാട്ടുകാരും ഒപ്പമുണ്ട്. പ്രജാധിപത്യം നീണാൾ വാഴട്ടെ... ഗസറ്റഡ് യക്ഷിയും യക്ഷനും നീണാൾ വീഴട്ടെ...

You might also like

Most Viewed