അദീലയും ശ്രീറാമും കേരളത്തോട് പറയുന്നത്...
ജെ. ബിന്ദുരാജ്
രാഷ്ട്രീയക്കാർക്ക് ദാസ്യവേല ചെയ്യുന്നതാണ് തങ്ങളുടെ ആത്യന്തികമായ ഉത്തരവാദിത്തം എന്നു വിശ്വസിച്ചുപോന്നിരുന്നവരും, അടിമത്ത മനോഭാവത്തിലൂടെ മാത്രമേ അധികാരത്തിന്റെ ഉന്നതസ്ഥാനങ്ങളിലേയ്ക്ക് എത്തപ്പെടാനാകുകയുള്ളുവെന്നും വിശ്വസിച്ചിരുന്ന ഉദ്യോഗസ്ഥർ ഇന്ത്യൻ അഡ്മിനിട്രേറ്റീവ് സർവ്വീസിന്റെ അഭിമാനം കളങ്കപ്പെടുത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു ഇവിടെ. കോളനി ഭരണകാലത്ത് വെള്ളക്കാരന്റെ മുന്നിൽ തല കുന്പിട്ടുനിന്നിരുന്ന പഴയ ഇംപീരിയൽ സിവിൽ സർവ്വീസുകാരെപ്പോലെ ഇവർ രാഷ്ട്രീയ മേലാളന്മാർക്കു മുന്നിൽ ഓച്ഛാനിച്ചു നിൽക്കുകയും അവരുടെ അഴിമതികൾക്കും സ്വജനപക്ഷപാതത്തിനും മേലെ ഒപ്പുചാർത്തിക്കൊണ്ട് പിന്നീട് സ്വയം പ്രതിരോധത്തിലാകുകയും ചെയ്യുമായിരുന്നു. രാഷ്ട്രീയക്കാർ അഴിമതിക്കേസ്സുകളിൽ കുടുങ്ങുന്പോൾ അത്തരം കളങ്കിത ഫയലുകളിൽ ഒപ്പുവെച്ച ഉദ്യോഗസ്ഥരും അതിൽ പ്രതിചേർക്കപ്പെടാൻ തുടങ്ങിയതോടെയാണ് ഫയലുകളിൽ വിയോജനക്കുറിപ്പുകളെഴുതാനുള്ള ധൈര്യമെങ്കിലും സിവിൽ സർവീസ് ഉദ്യോഗസ്ഥർ കാട്ടാൻ തുടങ്ങിയത്. അതോടെയാണ് ഉദ്യോഗസ്ഥരെ അഥവാ എക്സിക്യൂട്ടീവിനെക്കൂടി അഴിമതിയുടെ ഭാഗമാക്കിക്കൊണ്ടുപോകാനുള്ള ശ്രമങ്ങൾ രാഷ്ട്രീയക്കാർ ആരംഭിച്ചത്. അതിന്റെ പരിണതഫലമായിരുന്നു 2015ൽ നൂറിലധികം ഐഎഎസ് ഓഫീസർമാർക്കെതിരെ സിബിഐ അഴിമതി ആരോപണങ്ങളുടെ പേരിൽ അന്വേഷണം പ്രഖ്യാപിച്ച കാഴ്ച്ച. ഇതിനു പുറമേ, ഇക്കഴിഞ്ഞ വർഷം 1800ലധികം ഐഎഎസ് ഉദ്യോഗസ്ഥർ സർക്കാരിന് തങ്ങളുടെ സ്ഥാവരജംഗമ വസ്തുക്കളുടെ പട്ടിക മനപൂർവം സമർപ്പിക്കുകയുമുണ്ടായില്ലെന്നതും പ്രധാനം. എന്തിനധികം പറയുന്നു, ഈ വർഷം കൽക്കരി കുംഭകോണത്തിൽ ഒരു കേന്ദ്ര സർക്കാർ സെക്രട്ടറിയും മറ്റു ചില ഐഎഎസ് ഉദ്യോഗസ്ഥരും ജയിലഴിക്കു പിന്നിലാകുകയും ചെയ്തു.
കേരളത്തിലും ഐഎഎസ്, ഐപി എസുകാർ അഴിമതി അന്വേഷണങ്ങൾ പലതും നേരിടുന്നുണ്ട്. അനധികൃത സ്വത്ത് സന്പാദനത്തിന്റെ പേരിൽ ടോം ജോസ് ഐഎഎസും ടോമിൻ തച്ചങ്കരി ഐപിഎസും ടിഒ സൂരജ് ഐഎഎസ്സും അന്വേഷണം നേരിടുകയാണ്. മുൻ വിജിലൻസ് ഡയറക്ടറായ ജേക്കബ് തോമസിനെതിരെ തുറമുഖ ഡയറക്ടറായിരുന്ന സമയത്ത് നടന്ന സാന്പത്തിക ക്രമക്കേടുകളുടെ പേരിലും പ്രാഥമിക അന്വേഷണവും വിജിലൻസ് വകുപ്പ് ഉത്തരവിട്ടു കഴിഞ്ഞിരിക്കുന്നു. എറണാകുളം മുൻ കളക്ടറായ ഷേയ്ക്ക് പരീത്, ബിശ്വാസ് മേത്ത, ഷീലാ തോമസ്, പി സലിം തുടങ്ങിയ ഐഎഎസ്സുകാർക്കെതിരെയും എൻ ശങ്കർ റെഡ്ഢി, മനോജ് എബ്രഹാം, പി വിജയൻ, മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നീ ഐപിഎസ്സുകാർക്കെതിരെയും വിജിലൻസ് കേസ്സുകൾ നിലവിലുണ്ട്. ഇവർക്കു പുറമേ സംസ്ഥാനത്തെ 32 ഐഎ എസ് ഉദ്യോഗസ്ഥരും 15 ഐപിഎസ് ഉദ്യോഗസ്ഥരും വിജിലൻസ് അന്വേഷണം നേരിടുന്നവരാണെന്നാണ് 2016ലെ വിവരാവകാശ രേഖ പറയുന്നത്. അതിനർത്ഥം രാഷ്ട്രീയക്കാർക്കൊപ്പം തന്നെ അഴിമതിയിലൂടെ നേട്ടമുണ്ടാക്കാൻ ബ്യൂറോക്രസിയിലെ പ്രമുഖരും ശ്രമങ്ങളാരംഭിച്ചു കഴിഞ്ഞിരിക്കുന്നുവെന്നു തന്നെയാണ്.
ഇത്തരം ആരോപണങ്ങൾ എക്സിക്യൂട്ടീവിനെ പൊതിഞ്ഞുനിൽക്കുന്ന സമയത്താണ് സത്യസന്ധവും ധീരവുമായ നിലപാടുകളിലൂടെ ചില ഉദ്യോഗസ്ഥർ അഴിമതിക്കാരായ ഭരണവർഗത്തിന് കല്ലുകടിയായി മാറിക്കൊണ്ടിരിക്കുന്നത്. എറണാകുളം സബ് കളക്ടറായിരുന്ന ഡോക്ടർ അദീല അബ്ദുള്ളയേയും ദേവികുളം സബ്കളക്ടറായ ഡോക്ടർ ശ്രീറാം വെങ്കിട്ടരാമനേയും അത്തരം ഉദ്യോഗസ്ഥരുടെ പ്രതിനിധികളായി വേണം കാണാൻ. കൈയേറ്റക്കാർക്ക് ദാസ്യവേല ചെയ്യുന്ന ഭരണകർത്താക്കൾക്കും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനുമെതിരെ, നിയമം അനുശാസിക്കുന്ന രീതിയിൽ പ്രവർത്തിച്ചുകൊണ്ട് ഭാവിയിൽ ഈ രംഗത്തേയ്ക്ക് കടന്നുവരാൻ താൽപര്യപ്പെടുന്ന യുവാക്കൾക്ക് മാതൃകയാകുകയാണ് അവർ ഇരുവരും. ഭരണകൂടവും പ്രാദേശിക നേതാക്കളും എതിരാകുന്പോഴും നാടിനു വേണ്ടി പൊരുതണമെന്നും കൈയേറ്റക്കാരനായി നാട് തീറെഴുതിക്കൊടുക്കുന്നതിനെ ചെറുക്കുമെന്നും ചിന്തിക്കുന്ന ഉറച്ച മനസ്സുള്ള, ഉരുക്കുമനുഷ്യരുടെ ഗണത്തിലാണ് ഇവരെ പെടുത്തേണ്ടത്. അഴിമതിക്കാരായ ഭരണാധിപരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് നിയമത്തെ വളച്ചുകെട്ടാൻ തയ്യാറാകുന്ന ഏറാൻമൂളികളായ ഉദ്യോഗസ്ഥരുടെ കൂട്ടത്തിലല്ല അവരുടെ സ്ഥാനം. രാഷ്ട്രീയപാർട്ടികളുടെ അണികളും അനുഭാവികളും സാമൂഹ്യമാധ്യമങ്ങളിലൂടെ അപഹസിക്കുന്പോൾ പോലും അവയെ തൃണവൽക്കരിച്ചുകൊണ്ട് നീതിയുടെ പക്ഷം നിൽക്കാനാണ് അവർ കിണഞ്ഞുശ്രമിക്കുന്നത്. സാധാരണ കുടുംബങ്ങളിലോ ഇടത്തരം കുടുംബങ്ങളിലോ ജനിച്ച അവർ വ്യവസ്ഥിതിയുടെ മലീമസമായ അവസ്ഥകൾ നേരിട്ടുകണ്ടറിഞ്ഞു തന്നെയാണ് അവ തിരുത്താൻ ഈ തൊഴിലിലേയ്ക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ എത്ര തന്നെ ആക്ഷേപിക്കപ്പെട്ടാലും ഭീഷണികളും സമ്മർദ്ദങ്ങളും നിറഞ്ഞാലും അവർ നിയമത്തെ മുറുകെ പിടിക്കും. അവിടെയാണ് രാഷ്ട്രീയക്കാർ അവരുടെ തനിനിറം പുറത്തെടുക്കാൻ നിർബന്ധിതരാകുന്നതും പൊതുസമക്ഷം തങ്ങൾ അഴിമതിക്കാരാണെന്ന് സ്വയം വെളിപ്പെടുത്തിക്കൊണ്ടുപോലും ആ ഉദ്യോഗസ്ഥന്മാരെ തുരത്താൻ കച്ചകെട്ടിയിറങ്ങുന്നതും. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾക്കെതിരെ ശ്രീറാം അതിശക്ത നിലപാടുകൾ സ്വീകരിച്ചതുകൊണ്ട് പ്രദേശത്തെ റിസോർട്ട് മാഫിയകളുടേയും കൈയേറ്റക്കാരുടേയും വിടുവേലക്കാരായ രാഷ്ട്രീയനേതാക്കൾ ശ്രീറാമിനെ മാറ്റണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയെങ്കിൽ നെൽവയൽ നികത്തലിനെതിരെ ശക്തമായ നിലപാട് കൈക്കൊള്ളുകയും സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാൻ രംഗത്തിറങ്ങുകയും ചെയ്തത് എറണാകുളം സബ്കളക്ടർ അദീല അബ്ദുള്ളയെ അപ്രധാന വകുപ്പിലേക്ക് സ്ഥലംമാറ്റുന്നതിലാണ് സർക്കാരിനെ കൊണ്ടെത്തിച്ചത്. ഫോർച്ചുകൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലെ 60 കോടി രൂപയോളം വരുന്ന സർക്കാർ ഭൂമി പലരും കൈയേറിയത് കണ്ടെത്തി നടപടി സ്വീകരിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ലൈഫ് മിഷൻ പദ്ധതിയുടെ ചുമതലയിലേക്ക് അദീലയെ മാറ്റിക്കൊണ്ട് കൈയേറ്റക്കാരോടുള്ള തങ്ങളുടെ പ്രതിബദ്ധത സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടതു മുന്നണി സർക്കാർ, അധികാര അന്ധത ബാധിച്ച പിണറായി വിജയന്റെ നേതൃത്വത്തിൽ കൈയേറ്റക്കാർക്കും അഴിമതിക്കാർക്കും എല്ലാം ശരിയാക്കിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. പാർട്ടിക്ക് ഫണ്ടു നൽകുന്നവരേയും പാർട്ടിക്ക് വേണ്ടപ്പെട്ടവരേയും തഴഞ്ഞുകൊണ്ട് അവർ നടത്തുന്ന കൈയേറ്റമൊഴിപ്പിക്കാൻ മാത്രം വിശാലമനസ്കരോ അഴിമതിവിരുദ്ധരോ അല്ല തങ്ങളെന്ന് പിണറായി വിജയനും സിപിഎമ്മും അനുദിനം തങ്ങളുടെ പ്രവൃത്തികളിലൂടെ ജനതയെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണല്ലോ. ഏറ്റവുമൊടുവിൽ മൂന്നാർ പോലീസ് േസ്റ്റഷൻ പരിസരത്തുള്ള 22 സെന്റ് സ്ഥലവും കെട്ടിടവും ഒഴിപ്പിക്കാൻ ശ്രീറാം നോട്ടീസ് നൽകിയതോടെ വൈദ്യുതി മന്ത്രി എംഎം മണിയുടെ നേതൃത്വത്തിൽ ഒരു സർവകക്ഷി സംഘം ശ്രീറാമിനെതിരെ മുഖ്യമന്ത്രിയെ കാണാൻ പോയി. എംഎം മണിക്കു പുറമേ, സിപി എമ്മുകാരനായ എസ് രാജേന്ദ്രൻ എംഎൽഎ, കോൺഗ്രസ് നേതാവ് എകെ മണി, സിപിഐ നേതാവ് സിഎ കുര്യൻ എന്നിവരുമുണ്ടായിരുന്നു ഈ കൈയേറ്റ സംരക്ഷണ സംഘത്തിൽ. 1948ൽ ഡിസ്റ്റിലറി സ്ഥാപിക്കുന്നതിനായി സർക്കാർ വിട്ടുകൊടുത്ത ഈ സ്ഥലം 1996ൽ അന്നത്തെ മുഖ്യമന്ത്രിയായ എകെ ആന്റണി ചാരായം നിരോധിക്കുന്നതു വരെ ചില അബ്കാരികളുടെ കൈവശമായിരുന്നു. ഈ ഭൂമി കഴിഞ്ഞ 12 വർഷമായി ഒരു സ്വകാര്യവ്യക്തി കൈവശം വെച്ചിരിക്കുകയാണെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് ശ്രീറാം അത് ഒഴിപ്പിക്കാൻ നോട്ടീസ് നൽകിയത്. ജനപ്രതിനിധികളോട് ആലോചിച്ചു മാത്രമേ കൈയേറ്റം ഒഴിപ്പിക്കാവൂ എന്ന വിചിത്രമായ നിലപാട് സ്വീകരിച്ചിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാർ പ്രശ്നത്തിൽ ജൂലൈ ഒന്നിന് വീണ്ടും യോഗം ചേരുന്പോൾ ശ്രീറാമിന്റെ കസേര തെറിപ്പിക്കാനാണ് സാധ്യത. ജനങ്ങളുടെ പിന്തുണ ഈ യുവ ഐ എഎസുകാരനുണ്ടെന്ന് തിരിച്ചറിയുന്നതിനാൽ മാത്രമാണ് സർക്കാർ നിലവിൽ അത്തരമൊരു നടപടിയെടുക്കുന്നതിന് മടിക്കുന്നതെന്നാണ് നേതാക്കളുടെ അടക്കംപറച്ചിൽ.
ഭരണക്കാരുടെ ദാസ്യവേല ചെയ്യുന്നവരുടെ വാലായിത്തീരേണ്ട ചുരുക്കരൂപമല്ല ഐഎഎസ് എന്ന് പുതുതലമുറയിൽപ്പെട്ട അദീല അബ്ദുള്ളയും ശ്രീറാം വെങ്കിട്ടരാമനും പ്രശാന്ത് നായരും ഷൈനാമോളും ടി വി അനുപമയുമൊക്കെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കോഴിക്കോട് കളക്ടറായിരിക്കേ, ജനപ്രിയനീക്കങ്ങളിലൂടെ ശ്രദ്ധേയനായ പ്രശാന്തിനെ മാറ്റുന്നതിന് പിന്നിൽ പ്രവർത്തിച്ചത് രാഷ്ട്രീയനേതാക്കളുടെ അസൂയയായിരുന്നുവെന്നതാണ് സത്യം. തങ്ങളെ ട്രോളാനും പരിഹസിക്കാനുമൊക്കെ തുനിയുന്ന ഉദ്യോഗസ്ഥനെ നിലയ്ക്കു നിർത്താൻ ആരാണ് ആഗ്രഹിക്കാത്തത്? ആർക്കു മുന്നിലും നട്ടെല്ല് പണയം വയ്ക്കാത്ത ഈ യുവ ഐഎഎസ്സുകാരുടെ ധീരത ഭരണക്കാരുടെ മൂടുതാങ്ങികളായ പഴയ ഐഎഎസ് താപ്പാനകളെ ലജ്ജിപ്പിക്കുമെന്നുറപ്പ്്. നിയമം അനുശാസിക്കുന്ന വഴികളിലൂടെ മാത്രമേ തങ്ങൾ സഞ്ചരിക്കുകയുള്ളുവെന്ന് രാഷ്ട്രീയ മാലിന്യങ്ങളുടെ മുഖത്തുനോക്കി പ്രസ്താവിക്കാനുള്ള ധീരത അവർ ഓരോരുത്തർക്കുമുണ്ടെന്ന് വ്യക്തം. അതുകൊണ്ടു തന്നെ അവർക്കെതിരെ ഭരണകൂടത്തിന്റേയും താപ്പാനകളായ ഉദ്യോഗസ്ഥരുടേയും പ്രതികാര നടപടികളുണ്ടാകുമെന്ന കാര്യത്തിലും തർക്കമില്ല.
നിശ്ശബ്ദ പോരാളിയായിരുന്നു അദീല. തൊട്ടതിനും പിടിച്ചതിനുമെല്ലാം മാധ്യമങ്ങളെ വിളിച്ച് വാർത്തയാക്കുന്ന പതിവ് വച്ചുപുലർത്താതിരുന്ന ഐഎഎസുകാരി. കേവലം ഒന്പതു മാസക്കാലം മാത്രമേ എറണാകുളം സബ്കളക്ടറായി ഇരുന്നിട്ടുള്ളുവെങ്കിലും ആ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നഗരത്തിലെ മേലാളന്മാരുടെ ആരും തടുക്കാത്ത കൈയേറ്റങ്ങൾക്കെതിരെയും പാട്ടക്കുടിശ്ശിക നൽകാത്തവർക്കെതിരെയും ശക്തമായ നടപടികളുമായി അവർ മുന്നോട്ടുപോയി. വന്പന്മാർക്ക് പലർക്കും അദീല കണ്ണിലെ കരടായി. ഫോർട്ടുകൊച്ചിയിലെ കൊച്ചിൻ ക്ലബ്ബിന്റെ നാലേക്കറോളം വരുന്ന കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാനൊരുങ്ങിയതോടെയും ഒരു സ്വകാര്യ റിയൽ എേസ്റ്ററ്റ് ഭീമന് ഏഴര ഏക്കർ സ്ഥലം നികത്താൻ അനുമതി നൽകാതിരുന്നതോടും കൂടിയാണ് അദീലയ്ക്കെതിരെ സിപിഎം ജില്ലാ ഓഫീസിലേയ്ക്ക് വന്പന്മാരും അവരുടെ പാർട്ടി ആശ്രിതവൃന്ദവും ഓടിയെത്തിയത്. പിന്നെ താമസിച്ചില്ല. അദീലയ്ക്ക് സ്ഥലംമാറ്റമായി. ഇനി പുതിയ ലാവണത്തിൽ അവരെ ഒതുക്കിയിരുത്തി, കൈയേറ്റക്കാരേയും രാഷ്ട്രീയക്കാരേയും ബഹുമാനിക്കാൻ പഠിപ്പിക്കും സർക്കാർ.
പാവപ്പെട്ടവർക്ക് വീടുവച്ചു നൽകുന്ന പദ്ധതിയായ ലൈഫ് മിഷനിലേക്കാണ് അദീലെയ മാറ്റിയിരിക്കുന്നത്. അടുത്ത നാലു വർഷം കൊണ്ട്
ഭവനവും ഭൂമിയും ഇല്ലാത്ത എല്ലാവർക്കും മാന്യവുംസുരക്ഷിതവുമായ വീട് ചെയ്യുമെന്നു വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണത്. ഭൂരഹിതർക്ക് മികച്ച ഭവനസമുച്ചയങ്ങൾ നിർമ്മിക്കാനും സ്ഥലമുള്ളവർക്ക് സാന്പത്തിക സഹായം നൽകി ഗുണഭോക്താവ് നേരിട്ടോ ഏജൻസി മുഖേനെയോ നിർമ്മാണം നടത്തുകയാണത് ചെയ്യുന്നത്. അദീലയെപ്പോലെ കൃത്യനിർവഹണപ്രാപ്തിയും മികവുമുള്ള ഒരാൾക്ക്ഇരിക്കാനാകുന്ന ഉത്തരവാദപ്പെട്ട ഒരു ഇടം തന്നെയാണ് അത്. ഇനി രാഷ്ട്രീയക്കാർ ഭവനരഹിതരുടെ പട്ടികയിലേക്ക് അനർഹരായവരെ തിരുകിക്കയറ്റുന്പോൾ, അവ കണ്ടെത്തി അവരെ പുറത്താക്കാൻ അദീല തുനിയുന്ന മാത്രയിൽ അവിടെ നിന്നും അദീല മാറ്റപ്പെടുമെന്ന് പ്രവചനസ്വഭാവമുള്ള ഒരു വിലയിരുത്തൽ വേണമെങ്കിൽ ഇപ്പോഴേ നടത്താം.
അദീലയും ശ്രീറാമും എംബിബിഎസ് പഠനം പൂർത്തിയാക്കിയ ഡോക്ടർമാരാണ്. ഇരുവരും പൊതുജനക്ഷേമം മനസ്സിൽ ചെറുപ്പം മുതലേ മനസ്സിൽ കൊണ്ടു നടന്നവർ. ചുറ്റിലും നടക്കുന്ന അനീതികളും അഴിമതികളും സ്വന്തം കണ്ണുകൊണ്ട് കണ്ടവർ. ശരീരത്തിലെ രോഗത്തേക്കാൾ രോഗഗ്രസ്തമായ വ്യവസ്ഥിതിയാണ് ഇവിടെ പുലരുന്നതെന്നു കണ്ടാണ് ആ രോഗങ്ങൾ ആദ്യം പരിഹരിക്കേണ്ടതുണ്ടെന്ന നിശ്ചയദാർഢ്യം അവർ ഇരുവർക്കുമുണ്ടായത്. അതിനവർ ഇരുവരും തെരഞ്ഞെടുത്തത് ഐഎഎസ്സുമാണ്. അതല്ലാതെ ഐഎഎസ് എന്ന മൂന്നക്ഷരപദവി നൽകുന്ന ആദരവോ അംഗീകാരമോ ഒന്നുമല്ല അവരെ ആകർഷിച്ചത്. നട്ടെല്ലോടെ നിലകൊണ്ടാൽ തങ്ങൾക്ക് ഈ വ്യവസ്ഥിതിയിൽ ക്രിയാത്മകമായ മാറ്റങ്ങൾക്ക് നാന്ദി കുറിക്കാനാകുമെന്നും ഈ നാടിനെ കൂടുതൽ മെച്ചപ്പെട്ട ഒരിടമാക്കി മാറ്റാനാകുമെന്നുമൊക്കെ നന്നായി തിരിച്ചറിയുന്നവരാണ് ഇവരെന്ന് അവരുടെ പ്രവർത്തനങ്ങൾ തന്നെ സാക്ഷ്യം പറയുന്നു.
ശ്രീറാമിന് വ്യക്തമായ ലക്ഷ്യങ്ങളും ഉറച്ച നിലപാടുകളുമുണ്ടെന്ന് ഒരു സബ്കളക്ടർക്കെതിരെ രാഷ്ട്രീയക്കാരുടെ സർവകക്ഷിസംഘം ഇറങ്ങിത്തിരിക്കുന്പോൾ തന്നെ ആളുകൾക്ക് ബോധ്യപ്പെടും. ഇടുക്കിയിലെ പാറമടകളിലെ കോടിക്കണക്കിനു രൂപയുടെ നികുതിവെട്ടിപ്പുകളും ക്രമക്കേടുകളും കണ്ടെത്തിയതിനു പിന്നാലെയാണ് ശ്രീറാം വെങ്കിട്ടരാമൻ വൻകിട റിസോർട്ട് മാഫിയകൾ നടത്തുന്ന കൈയേറ്റങ്ങളിലേക്ക് തന്റെ ശ്രദ്ധ തിരിച്ചത്. അനുമതി നൽകിയ പാറമടകൾക്കപ്പുറം ഏക്കറുകണക്കിനു സ്ഥലത്തെ പാറയാണ് മിക്ക പാറമട ഉടമകളും പൊട്ടിക്കുകയും വിൽപന നടത്തുകയും ചെയ്തിരുന്നത്. പ്രദേശത്തെ രാഷ്ട്രീയക്കാരോ അവരുടെ ബിനാമികളോ അഴിമതി വിരുദ്ധ രാഷ്ട്രീയപ്രസ്ഥാനമെന്ന പേരിൽ രൂപം കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയിലെ മേലാളന്മാരോ ഒക്കെയായിരുന്നു പാറമടയുടെ യഥാർത്ഥ ഉടമകൾ. ഒരിക്കലും തടസ്സപ്പെടില്ലെന്നു കരുതിയിരുന്ന തങ്ങളുടെ കള്ളക്കച്ചവടം പിടിക്കപ്പെട്ടതിനെ തുടർന്നു തന്നെ ശ്രീറാമിനെതിരെ ആക്രമണങ്ങൾ ആരംഭിച്ചിരുന്നു. തുടർന്നാണ് അനധികൃത കൈയേറ്റങ്ങൾക്കെതിരെയും റിസോർട്ട് മാഫിയകൾക്കെതിരെയും ശ്രീറാം നീങ്ങിയത്. ഇതിൽ ഹാലിളകിയ പ്രദേശത്തെ സിപിഎം നേതാക്കളും കോൺഗ്രസ് നേതാക്കളുമൊക്കെ ഒറ്റക്കെട്ടായാണ് ശ്രീറാമിനെ തുരത്താൻ തയ്യാറെടുത്തത്. പക്ഷേ നിയമത്തെ മുറുകെ പിടിക്കുന്ന ഒരു ഉദ്യോഗസ്ഥനെന്ന നിലയിൽ അവരെ ഭയക്കേണ്ട ആവശ്യമൊന്നും തനിക്കില്ലെന്ന് അദ്ദേഹത്തിന് പൂർണ ബോധ്യമുണ്ടായിരുന്നു. കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും റിസോർട്ടുകൾ പലതും നിർമ്മാണം തുടർന്നപ്പോൾ അത്തരം നിർമ്മാണം നടത്തിയവർക്കെതിരെ ക്രിമിനൽ കേസ്സുമായി ശ്രീറാം മുന്നോട്ടുപോയി. ഇതോടെ കൈയേറ്റക്കാരുടെ സ്വന്തക്കാരനായ വൈദ്യുതി മന്ത്രി എംഎം മണിക്ക് സർവനിയന്ത്രണങ്ങളും നഷ്ടമായി. ശ്രീറാം നാലു കാലിലായിരിക്കും ഇടുക്കിയിൽ നിന്നു മടങ്ങുകയെന്ന് സിപിഎമ്മിന്റെ എസ് രാജേന്ദ്രൻ എംഎൽഎ ഭീഷണി മുഴക്കി. അതിലും ശ്രീറാം വീഴുന്നില്ലെന്നു കണ്ടപ്പോഴാണ് കൈയേറ്റക്കാർ സ്ഥാപിച്ച സ്പിരിറ്റ് ഇൻ ജീസസിന്റെ കുരിശു നീക്കം ചെയ്ത സംഭവത്തെ മതപ്രശ്നമാക്കി വളർത്താൻ മുഖ്യമന്ത്രി തന്നെ ആഞ്ഞുപിടിച്ച് ശ്രമിച്ചത്. കേരളത്തിലെ ഒരു ഭരണാധിപനും ഇതുവരെ താഴാത്ത നിലവാരത്തിലേക്ക് സിപിഎമ്മിന്റെ പിണറായി വിജയൻ താഴ്ന്നത് അങ്ങനെയാണ്. പിണറായിയുടെ കുരിശുപ്രേമം സമൂഹമാധ്യമങ്ങളിൽ ട്രോളുകളായി നിറഞ്ഞു. 2010ൽ ഹൈക്കോടതിയിൽ വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന ഫയൽ ചെയ്ത കേസ്സിനെ തുടർന്നാണ് മൂന്നാറിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ജില്ലാകളക്ടറുടെ അനുമതിയോടെ മാത്രമായിരിക്കണമെന്ന കോടതി നിർദ്ദേശിച്ചിരുന്നത്. ഈ
നിർദ്ദേശം 2016 ജൂലായിൽ ശ്രീറാം വെങ്കിട്ടരാമൻ ദേവികുളം സബ്കളക്ടറാകുന്നതുവരെ പാലിക്കപ്പെടുന്നുണ്ടായിരുന്നില്ല. ശ്രീറാം അതിനു മുന്നിട്ടിറങ്ങിയപ്പോൾ, കുരിശുവിലാപത്തിലൂടെയെങ്കിലും ശ്രീറാമിനെ നിശ്ശബ്ദനാക്കാമെന്ന പിണറായിയുടേയും സിപിഎമ്മിന്റേയും പ്രതീക്ഷയും പൊലിയുകയായിരുന്നു.
സത്യസന്ധരായ ഉദ്യോഗസ്ഥർ കൊലക്കത്തിക്കിരയാകുന്ന നാടു കൂടിയാണ് ഇന്ത്യ. മണൽ മാഫിയ കൊല ചെയ്ത ഐഎഎസുകാരനായ ഡി കെ രവികുമാറും നാഷണൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യയിലെ പ്രോജക്ട് ഓഫീസറായിരുന്ന സത്യേന്ദ്ര ദുബെയും പെട്രോൾ മാഫിയ കൊല ചെയ്തഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സെയിൽസ് മാനേജറായിരുന്ന ഷണ്മുഖം മഞ്ജുനാഥും അഡീഷണൽ കളക്ടറായിരുന്ന യശ്വന്ത് സോണാവെയ്നും മണൽ മാഫിയ കൊല ചെയ്ത ഐപി എസ്സുകാരൻ നേരന്ദ്ര കുമാർ സിംഗും ആദിവാസി ഗ്രാമത്തിൽ വൈദ്യുതി എത്തിച്ചതിന് മാവോയിസ്റ്റുകൾ കൊല ചെയ്ത ഐഎഎസ്സുകാരൻ വിനീൽ കൃഷ്ണയും മണ്ണെണ്ണയിലെ മായം കണ്ടെത്തിയതിന് കൊല ചെയ്യപ്പെട്ട ജില്ലാ സപ്ലൈ ഓഫീസർ നീരജ് സിംഗുമെല്ലാം പോരാടി മരിച്ച ഉദ്യോഗസ്ഥരുടെ പട്ടികയിലാണുള്ളത്. ഇവരുടെ മരണങ്ങളെല്ലാം തന്നെ ദുരൂഹത നിറഞ്ഞതോ പ്രതികളെ കണ്ടെത്താനാകാതെ കേസ്സ് അവസാനിപ്പിക്കേണ്ടി വന്നതോ ആയതിൽ നിന്നു തന്നെ ഈ കേസ്സുകൾ തെളിവുകളില്ലാതെ അവസാനിപ്പിക്കാൻ രാഷ്ട്രീയക്കാർ പോലീസിനെ സ്വാധീനിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണ്. പക്ഷേഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേർ ഉയരുമെന്നു പറയുന്നതുപോലെ, പോരാട്ടവീര്യമുള്ള സത്യസന്ധരായ ഉദ്യോഗസ്ഥരുടെ തലമുറ വളർന്നുകൊണ്ടേയിരിക്കും.
ഐഎഎസ് ഓഫീസർമാരായ അദീലയും ശ്രീറാമുമൊക്കെ രാഷ്ട്രീയക്കാരുടെ അധിക്ഷേപങ്ങൾക്കും സ്ഥലംമാറ്റങ്ങൾക്കും വിധേയരാകുന്പോഴും നാവു മൂടിക്കെട്ടിക്കഴിയുന്ന ഐഎഎസ് അസോസിയേഷൻ എന്ന ചീഞ്ഞ സംഘടനയെപ്പറ്റി പറയാതിരിക്കുകയാണ് ഭേദം. അഴിമതി ആരോപണം നേരിടുന്ന ടോം ജോസിനെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ തൊഴിൽ മുടക്കി പ്രതിഷേധിക്കാൻ പോലും പദ്ധതിയിട്ടവരാണ് അവരുടെ നേതാക്കൾ. അത്തരം സംഘടനകളുടെ ഭാഗമായിപ്പോലും ഇത്തരത്തിലുള്ള സത്യസന്ധരും കർമ്മയോഗികളുമായ ഉദ്യോഗസ്ഥർ വാസ്തവത്തിൽ ഇരിക്കാൻ പോലും തയ്യാറാകരുത്. നെറികേടുകളുടെ സൂക്ഷിപ്പുകാരും അവിശുദ്ധ ബാന്ധവങ്ങളിൽ അഭിരമിക്കുന്നവരുമാണ് വാസ്തവത്തിൽ ആ അസോസിയേഷന്റെ തലപ്പത്തിരിക്കുന്നവർ.
അദീലയും ശ്രീറാമുമൊക്കെയടങ്ങിയ കേരളത്തിലെ പുതിയ ബ്യൂറോക്രസി ഏറാന്മൂളികളുടേയും അൽപന്മാരുടേയും പഴയ തലമുറക്കാർക്ക് ദഹിക്കാനിടയില്ല. അവർ ശീലിച്ചത് രാഷ്ട്രീയക്കാരുടെ ആസനംതാങ്ങി നിലകൊള്ളുന്ന അടിമത്തചിന്തയായിരുന്നു. കാലം മാറിയിരിക്കുന്നു. കരുത്തും ഇരുത്തവും വന്ന യുവാക്കളുടെ തലമുറയുടെ മുന്നിൽ പഴയ കടൽക്കിഴവന്മാർക്ക് അവരുടെ അഴിമതി ബാന്ധവങ്ങൾ അടച്ചുപൂട്ടേണ്ടി വരും. രാഷ്ട്രീയക്കാരുമായുള്ള അവിഹിതകൂട്ടുകെട്ടുകൾ അവസാനിപ്പിക്കേണ്ടതായും വരും. അതിൽ വേവലാതിപ്പെടുന്നവരുണ്ടാകാം. പക്ഷേ പുതിയകാല ഇന്ത്യ നട്ടെല്ലുള്ള യുവാക്കളുടെ കൈകളിലാകും ചുറ്റിത്തിരിയുകയെന്ന് അവർ തിരിച്ചറിഞ്ഞേ മതിയാകൂ. കാലം അതാണ് അവരോട് ആവശ്യപ്പെടുന്നത്.