ഈദുൽ ഫിത്തറെന്ന ചെറിയ പെരുന്നാൾ
ചക്രവാള സീമയിൽ ശവ്വാൽ പിറയെന്ന പൊന്നന്പിളി മാനത്ത് തെളിയുന്നതോടെ പെരുന്നാൾ സമാഗതമാകുന്നു. തക്ബീർ ധ്വനികളാൽ മുഖരിതമായ മണ്ണിലും വിണ്ണിലും ഖൽബകമിലും വസന്തത്തിന്റെ തേരോട്ടം നിഴലിച്ച് കൊണ്ട് ഈദെന്ന കനക കിനാവിന്റെ വർണ്ണ പ്രപഞ്ചം രൂപാന്തരപ്പെടുന്ന ധന്യ നിമിഷാർദ്ധങ്ങൾ. വ്രതശുദ്ധിയിലൂടെ കരഗതമായ ആത്മ സംസ്കരണത്തിന്റെയും ആത്മീയ വിശുദ്ധിയുടെയും ധന്യതയാർന്ന ഓർമ്മച്ചെപ്പുകൾ അയവിറക്കുന്ന സുദിനം ഈദുൽ ഫിത്തർ എന്ന ചെറിയ പെരുന്നാൾ. പുണ്യ വസന്തങ്ങളുടെ മികവിൽ നന്മയേറെ നിറഞ്ഞ പൂക്കാലത്തിന്റെ സമാരംഭം കുറിച്ച് കൊണ്ട് വിരുന്നെത്തിയ വിശുദ്ധ റമദാൻ വ്രതനാളുകളുടെ തിരിച്ച് പോക്കിന് നാന്ദി കുറിക്കപ്പെടുന്ന പെരുന്നാൾ.
ആത്മസംസ്കരണത്തിലൂടെ വ്രതവിശുദ്ധിയുടെയും സഹനത്തിന്റെയും മാനവ സ്നേഹത്തിന്റെയും നേർക്കാഴ്ചകൾ നിത്യ കൗതുകമായും വിസ്മയകരമായും അനുഭവഭേദ്യമായ വെണ്മ ചൊരിഞ്ഞ അതുല്യ നോന്പ് നാളുകൾക്ക് പതിനൊന്ന് മാസത്തേക്ക് വിട ചൊല്ലുകയുമാണ് പ്രപഞ്ചം.
സഹിഷ്ണുതയും സമത്വവും സാഹോദര്യവും സർവ്വ മത സൗഹാർദ്ദവും ഉദ്ഘോഷിച്ച് അഖിലാണ്ധ മണ്ധലങ്ങളും അണ്ധ കഠാഹങ്ങളും ചരാചരങ്ങളും നവോന്മേഷത്തോടെ വരവേൽക്കുന്ന ഈദുൽ ഫിത്തറിന്റെ ധന്യവേള കുലിഷിതമായ നവലോക ക്രമത്തിന് പ്രത്യാശയും നവോന്മേഷവും മർദ്ദിത വിഭാഗങ്ങൾക്ക് ആശ്വാസവും പ്രതീക്ഷയും പകർന്നേകുന്നു.
കുചേല കുബേര വൈജാത്യമില്ലാതെ ഉപവാസ മഹത്വത്തിലൂടെ അപരന്റെ ഹൃദയ വേദന ബോധ്യമാവാൻ ഉടയ തന്പുരാൻ കനിഞ്ഞേകിയ ജീവിതത്തിലെ കനകാവസരമായ പുണ്യ റമദാനും ഈദുൽ ഫിത്തറും നിമിത്തമാകട്ടെ എന്നാശംസിക്കുന്നു.
ഒരു മാസക്കാലം തനിക്കനുവദനീയമായ ഭക്ഷണ പാനീയങ്ങളടക്കം ദൈവ കൽപ്പനയാൽ ഒരു നിശ്ചിത സമയ നിഷ്ഠയോടെ സുദീർഘ നേരം ത്യജിക്കലിലൂടെ സംജാതമാകുന്ന ദാഹത്തിന്റെയും വിശപ്പിന്റെയും അവശതയും സഹനവും തീഷ്ണതയും വ്രതമനുഷ്ഠിക്കുന്ന വിശ്വാസി സ്വ അനുഭവത്തിലൂടെ തിരിച്ചറിയുന്നു. ദിനരാത്രങ്ങൾ പല കാരണങ്ങളാൽ ഭക്ഷണവും കുടിവെള്ളം പോലും ലഭിക്കാതെ പട്ടിണിയിൽ കഴിയുന്ന പരഃശതം മനുഷ്യ മക്കളുടെ ദുരിതവും ആകുലതയും അകക്കണ്ണ് കൊണ്ട് തിരിച്ചറിയാൻ വ്രതാനുഷ്ഠാനത്തിലൂടെ സ്വായത്തമാക്കിയ കരുത്ത് നോന്പുകാരന് ഇതരർ ദ്രോഹിക്കപ്പെടരുത് എന്ന ദൃഢ പ്രതിജ്ഞ സ്വയം ഏറ്റുചൊല്ലാൻ ആവസരമേകുന്ന പുണ്യനാൾ കൂടിയാണ് പെരുന്നാൾ എന്ന ആഘോഷ നാൾ. മർദ്ദിതനും ദൈവത്തിനുമിടയിൽ മറയില്ലെന്ന ആപ്ത വാക്യം മനസാ വാചാ കർമ്മണാ ഇതരരോട് അനീതിയും ദ്രോഹവും അന്യായവും ചെയ്യുന്നതിൽ നിന്നും മുക്തി പ്രാപിക്കാൻ മാനവരാശിക്ക് പ്രചോദനമാകട്ടെ ഈ വിശുദ്ധ പെരുന്നാൾ സുദിനം. നന്മയുടെയും സുകൃതങ്ങളുടെയും പ്രയാണത്തിലൂടെ സ്വർഗ്ഗ പ്രാപ്തിയിലേക്കുള്ള വാതായനമാവട്ടെ മാലോകർക്ക് ഈ പെരുന്നാൾ ദിനം.
അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്.