ലോകാ സമസ്താ സുഖിനോ ഭവന്തു
സുമ സതീഷ് നീലേശ്വർ
ഭാരതീയ സംസ്ക്കാരത്തേയും പാരന്പര്യത്തേയും ലോകമെന്പാടും അംഗീകരിക്കപ്പെടുന്ന ഒരു ദിനം, അതാണ് ജൂൺ 21. യോഗയുടെ മഹത്വം ഏറി വരികയാണ്. ആധുനിക ലോകത്തിലെ മികച്ച മുന്നേറ്റങ്ങൾക്കൊപ്പം വളരെ അധികം പ്രയാസങ്ങൾ ഉണ്ടെന്ന് ലോകം മനസ്സിലാകുന്നതിന് തെളിവാണ് പുരാതന കാലത്തേക്കുള്ള മനുഷ്യന്റെ എത്തിനോട്ടം. പല പുരാതന ചികിത്സാരീതികളും പരന്പരാഗത ആരോഗ്യപരിപാലന രീതികളും ഇന്ന് അന്വേഷിച്ചു കണ്ടെത്താൻ ബുദ്ധിജീവികൾ മുന്നിട്ടിറങ്ങുന്നുണ്ട്. അതിന്റെ ഭാഗമാണ് അയ്യായിരം വർഷം പഴക്കമുള്ള യോഗയും മറ്റും തിരിച്ചു വരുന്നതിനാധാരം. നൂറിലധികം സംസ്കാരങ്ങൾ തേടി അലഞ്ഞ പണ്ധിതരും ചിന്തകരും കണ്ടെത്തിയത് ഇന്നും പൂർവ്വാധികം ശക്തിയോടെ നിലനിൽക്കുന്ന ഒരേ ഒരു സംസ്കാരം ഭാരതീയ സംസ്കാരമാണെന്നതാണ്. പുരാതന രീതിയിലെ യോഗ എന്ന ഉജ്ജ്വലമായ ഭാരതീയ സംഭാവനയെ ലോകം മുഴുവൻ സ്വീകരിച്ചത് ആധുനിക ലോകത്ത് അഭൂത പൂർവ്വമായ നേട്ടങ്ങൾ ഉണ്ടാക്കാൻ അതിനാകും എന്ന ഉ റച്ച വിശ്വാസത്തിൽ തന്നെ ആണ്.
യോഗ ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താരീതിയിലും നിലപാടിലും വലിയ വ്യത്യാസമുണ്ടാക്കുന്നു. സുബുദ്ധിയും അവബോധവും വിവേകവും കരുത്തും സംവേദന ശേഷിയും വേണമെങ്കിൽ യോഗയെ പിന്തുടരേണ്ടിയിരിക്കുന്നു. യോഗ, പ്രാണായാമം, ധ്യാനം എന്നിവ ചെയ്യുകയും യമനിയമങ്ങൾ പിന്തുടരുകയും ചെയ്യുന്നുണ്ടെങ്കിൽ ആ വ്യക്തിയുടെ പ്രവർത്തിയിൽ നൈപുണ്യം ഉണ്ടാകും. യോഗ എന്നും ധ്യാനത്തിൽ അധിഷ്ഠിതമാകണം, അല്ലെങ്കിൽ അത് വെറും വ്യായാമമാകും. രാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ, രമണ മഹർഷി, ശ്രീനാരായണഗുരു എന്നിവരാണ് ആധുനിക കാലഘട്ടത്തിലെ യോഗയുടെ ദാർശനികരായി അറിയപ്പെട്ടിരുന്നത്. ആരോഗ്യമുള്ള ജനതയ്ക്ക് മാത്രമേ ആരോ ഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാനാകൂ. ശാന്തമായ മന സ്സിനേ ശക്തമായും കാര്യക്ഷമമായും പ്രവർത്തിക്കാനാവൂ. അതിന്റെ നേർക്കാഴ്ചയാണ്, സഹജീവികളുടെ കഷ്ടതയിൽ മനസ്സ് സംഘർഷഭരിതമായപ്പോൾ സിദ്ധാർത്ഥനെന്ന രാജകുമാരൻ ധ്യാനത്തിലൂടെയുള്ള യോഗാസനത്തിലും പ്രാർത്ഥനയിലും ശ്രീ ബുദ്ധനായത്. മാത്രമല്ല, നമ്മുടെ പൂർവ്വികരിൽ എത്രയോ മഹാത്മാക്കൾ ഇതിനുദാഹരണമായുണ്ട്. ഭാരതം കണ്ട മഹദ് വ്യക്തികൾ ആരായാലും ചിട്ടയായ ധ്യാനവും യോഗയും പിന്തുടരുന്നവരായിരുന്നു എന്ന് കാണാം. അതിന്നും മഹാത്മാക്കൾ തുടരുന്നുണ്ട്. മാനസിക പിരിമുറുക്കത്തിന് അയവു വരുത്താൻ യോഗയ്ക്കുള്ള കഴിവ് അവിശ്വസനീയമാണ്. യോഗ അനുഷ്ഠിക്കുക വഴി മനസ്സിനും ശരീരത്തിനും ഉത്സാഹവും ഉന്നമനവും ലഭിക്കുന്നു. ഏതൊരു കർമ്മമായാലും ദൈവികമായ അർപ്പണത്തോടെ ചെയ്യുവാൻ ശീലിക്കുന്നതിലൂടെ നന്മ മാത്രം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു.
പ്രകൃതിയുടേയും പരിസ്ഥിതിയുടേയും പ്രാധാന്യവും മനുഷ്യനും തമ്മിലുള്ള പാരസ്പര്യവും സുദൃഢമാക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ആഗോളവ്യാപകമായി പ്രചാരണം കൂടി വന്ന ഈ വേളയിൽ ഭൂമിയുടെ സംശുദ്ധി പരിരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന് ആദ്യം വേണ്ടത് മനുഷ്യ മനസ്സുകളുടെ സമചിത്തതയാണ്. അതിന് ധ്യാനത്തിലൂടെയുള്ള യോഗയും മറ്റും കൂടിയേ തീരൂ എന്ന തിരിച്ചറിവ് ആഗോളവ്യാപകമായി വർദ്ധിച്ചു വരുന്നുണ്ട്. അതിന്റെ തെളിവാണ് 47 മുസ്ലിം രാഷ്ട്രങ്ങളടക്കം 177 രാഷ്ട്രങ്ങളുടെ പിന്തുണ യോഗ ദിനാചരണത്തിന് കിട്ടിയത്. ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തിത്തി ൽ 193 രാജ്യങ്ങളാണ് പങ്കെടുത്തിരുന്നത്.
യോഗാഭ്യാസത്തിന്റെ ഒരു പ്രധാന ഘടകമാണ് പ്രാ ണായാമം. ശ്വാസോച്ഛാസ ഗതികളെ നിയന്ത്രിക്കുന്ന തിനെയാണ് പ്രാണായാമം എന്ന് പറയുന്നത്. ബോധപൂർവ്വം ചില നിയന്ത്രണങ്ങൾ പാലിച്ച്കൊണ്ടാണ് ഇവിടെ ശ്വാസോച്ഛ്വാസം നടത്തുന്നത്. ഇപ്രകാരം ആവശ്യമായ ഓക്സിജനും ഊർജ്ജവും ആഗിരണം ചെയ്യപ്പെടുന്നു. മനസ്സും ശ്വാസവും പര സ്പരപൂരകങ്ങളാണ്. വികാരതീവ്രത മനസ്സിനെ ബാധിക്കുന്പോൾ അത് ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗതയേയും മാറ്റുന്നത് നമുക്കറിയാം. ഇതിനെ നിയന്ത്രണവിധേയമാക്കാൻ പ്രാണായാമം കൊണ്ട് സാധ്യമാകുന്നു. മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്ക് അതിൽ നിന്നും മോചനം നേടാനും മനസ്സ് വൈകല്യങ്ങളിലേക്ക് വീണുപോകാതെ സ്ഥിരമാക്കി നിർത്താനും ഇതുകൊണ്ട് സാധ്യമാകുന്നു.
ലോകത്തിലെ പ്രാമാണികരായ പണ്ധിതന്മാരുടെ ശ്രേണിയിൽ ശ്രേഷ്ഠസ്ഥാനമുള്ള പണ്ധിതനാണ് അൽ-ബിറൂനി. അദ്ദേഹം ഇന്ത്യയിലെ മതങ്ങൾ, ആചാരങ്ങൾ, ഇന്ത്യാചരിത്രം, ഇന്ത്യൻ സംഖ്യാവ്യവസ്ഥ (ദശാംശ രീതി) ഇവയെകുറിച്ചെല്ലാം പഠനം നടത്തുകയും ധാരാളം ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. പതഞ്ജലിയുടെ യോഗസൂത്രം അറബി ഭാഷയിലേക്ക് തർജ്ജിമ ചെയ്തതോടെ ആണ് യോഗാഭ്യാസം മുസ്ലിം സമുദായത്തിലേക്കും പടർന്നത്. അങ്ങിനെ എല്ലാ മതക്കാരും അവരവരുടെ ദൈവ നാമം ഉച്ഛരിച്ച് യോഗ തുടർന്ന് വന്നിരുന്നു. യോഗാഭ്യാസം മനുഷ്യ നന്മയ്ക്ക് വേണ്ടി മാത്രമുള്ളതാണ്.
മനുഷ്യനിലുള്ള മൃഗീയ വാസനകളെ മാറ്റി ധാർമ്മിക മൂല്യങ്ങലുള്ള ഉത്തമ മനുഷ്യനാകാൻ സഹായിക്കുന്ന അനേകം സാങ്കേതികത അടങ്ങുന്നതാണ് യോഗ. മനഃശാത്രപരമായ സാമൂഹ്യമായ സാന്പത്തികമായ അങ്ങിനെ എല്ലാ തലങ്ങളിലും ഉള്ള ഉയർച്ചയ്ക്ക് യോഗ വലിയ പങ്ക് വഹിക്കുന്നു. ധ്യാനത്തിലൂടെ പ്രാണായാമവും യോഗയും ചെയ്യുന്നതോടൊപ്പം അഹിംസയും സത്യവും, ക്ഷമയും, സഹിഷ്ണുതയും, അനുകന്പയും, സൗമ്യതയും, ശുദ്ധമായ ഭക്ഷണം കഴിക്കലും, ശുചിത്വവും എന്നിങ്ങനെയുള്ള പെരുമാറ്റ ചട്ടങ്ങൾ കൈമുതലാക്കുന്നു. ഇത്തരത്തിൽ പൂർണമായ മാനസിക ശരീരരിക ആരോഗ്യമാണ് നമ്മുടെ യോഗയിലൂടെ ഇന്ത്യ മുന്നോട്ട് വെച്ചത്. ഈ ഭാരതത്തിന്റെ പൈതൃകത്തെ ലോകം മുഴുവൻ അംഗീകരികരിച്ച്ത് ചെറിയ കാര്യമല്ല. എന്നാൽ ഇത്രയും മൂല്യമുള്ള പൈതൃകത്തിനുടമകളായ നമ്മൾ ഇന്ത്യക്കാർ പ്രത്യേകിച്ചും കേരളം അനാരോഗ്യത്തിന്റെ അഗ്നിപർവ്വതത്തിന്റെ കൊടുമുടിയിലാണ്. മലയാളികളിൽ പ്രബുദ്ധരെന്ന് അവകാശെപ്പടുന്നവർ യോഗയെ പരിഹസിക്കുന്പോഴും പുച്ഛിക്കുന്പോളും അത് വിഷയത്തെ പഠിച്ചിട്ടാവണം എന്നേ ഓർമ്മിപ്പിക്കാനുള്ളു. അന്ധവിശ്വാസെമന്ന പേരിലുള്ള എതിർപ്പുകളും ഭൗതിക ലോകത്തിലേക്കുള്ള കാൽവെപ്പും സനാതന മൂല്യ ശോഷണത്തിനിടയായി. സംസ്കൃതിയെ കുറിച്ചും സംസ്കൃത ഭാഷയെ കുറിച്ചും പറഞ്ഞാൽ അവിടേയും വർഗ്ഗീയത കാണുന്ന ചില മഹാത്മാക്കളുണ്ട്. അത് നാടിന് ശാപം തന്നെ ആണ്. അറിയേണ്ടതിനെ അറിഞ്ഞും തള്ളേണ്ടതിനെ മാത്രം തള്ളിയും ആണ് സംസ്കാരത്തെ സംരക്ഷിക്കേണ്ടത്.
അനാഥമായി നിന്ന യോഗയെ വിശ്വത്തിന് മു ന്നിൽ ദൈവിക പരിവേഷം നൽകാൻ കഴിഞ്ഞതിലൂടെ യോഗ ഒരു ജീവിതശൈലിയാക്കാനും അതിലൂടെ രോഗമില്ലാത്ത ശരീരം, അസ്വാസ്ഥ്യരഹിതമായ ശ്വാസം, സമ്മർദ്ദമില്ലാത്ത മനസ്സ്, സ്വതന്ത്ര ബുദ്ധി, കുറ്റമറ്റ ചിന്ത, കുശാഗ്ര ബുദ്ധി, ഓർമ്മശക്തി. എല്ലാവരെയും ഉൾക്കൊള്ളാനുള്ള മനസ്സ് ഒക്കെ ലഭ്യമാകുന്നു. കൂടാതെ മനുഷ്യനും പ്രകൃതിയുമായുള്ള പൊരുത്തം ബലപ്പെടുത്തി ജീവിത ശൈലി രോഗങ്ങൾക്കും മറ്റെല്ലാ തരം രോഗങ്ങൾക്കും അർബുദരോഗങ്ങൾക്കുപോലും ശമനം ഉണ്ടാക്കുന്നു.
ഗിന്നസ് റെക്കോർഡ് നേടിയെടുത്ത ആദ്യ യോഗാദിന പരേഡിനെ വെല്ലുന്നതായിരുന്നു രണ്ടാം യോഗാദിനാചരണം. ഭാരതം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത യോഗ പരേഡ് അമേരിക്കയിലായിരുന്നു. അന്താരാഷ്ട്ര യോഗ ദിനത്തിൽ അമേരിക്കയിലെ ടൈം സ്ക്വയറിൽ 30,000 പങ്കെടുത്ത യോഗ പരേഡ് ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറൽ ആണ് നയിച്ചത്. 177 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത പരേഡ് വളരെ വലിയ സ്ക്രീനിൽ ലൈവ് ആയി പ്രദർശിപ്പിച്ചിരുന്നു. ന്യൂയോർക്കിലെ ഐക്യരാഷ്രസഭയുടെ ആസ്ഥാനത്ത് ആദ്യ അന്താരാഷ്ട്ര യോഗ ദിനാചരണ പ്രഖ്യാപന വേളയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ശ്രീ ശ്രീ രവിശങ്കർ ആയിരുന്നു. അദ്ദേഹം യോഗ, ശരീരം മനസ്സ് ആത്മാവ് പ്രപഞ്ചം എന്നിവയെ സംയോജിപ്പിക്കുന്ന ഒന്നാണ് എന്നും ശ്വാസത്തിന് മതമില്ലെന്നും യോഗ അവനവനുടെ ആരോഗ്യത്തിനുള്ളതാണെന്നും പറയുക യുണ്ടായി.
ന്യൂയോർക്കിലെ ഐക്യരാഷ്രസഭയുടെ ആസ്ഥാന ത്ത് രണ്ടാമത്തെ അന്താരാഷ്ട്ര യോഗ ദിനാചരണ വേളയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ശ്രീ ജഗത്ഗുരു ആയിരുന്നു. ഈ വർഷത്തെ യോഗ ദിനാചരണവും വളരെ വിപുലമായി കൊണ്ടാടാനാണ് ഭരണകൂടങ്ങളും സ്ഥാപ നങ്ങളും തീരുമാനിച്ചിരിക്കുന്നത്. 2017 അന്താരാഷ്ട്ര യോഗ ദിനത്തിൽ ന്യൂയോർക്കിലെ ഐക്യ രാഷ്ട്രസഭ ആസ്ഥാനത്ത്, ഇന്ത്യയിലെ 'രത്നപുരേ വിദ്യാലയം സ്കൂൾ ഓഫ് ശങ്കർ റെഡ്ഡി'യെ പ്രതിനിധീകരിച്ച് 300ഓളം അദ്ധ്യാപകരും കുട്ടികളും യോജിക് എക്സർസൈസ് നടത്താൻ പദ്ധതിയിട്ടുണ്ട്. ചുകപ്പ് കോട്ടയിൽ 50,000 പേർ പങ്കെടുക്കുന്ന യോഗ സമ്മേളനം നടത്തപ്പെടും.
ബഹ്റൈൻ ഗവർൺമെന്റിന്റെ അകമഴിഞ്ഞ സഹായത്തോടെ എംബസിയും മറ്റ് സംഘടനകളും ആകർഷകമായ രീതിയിൽ യോഗ ദിനം ആചരിച്ചു. ഇന്ത്യൻ എംബസി നടത്തുന്ന ഓൺലൈൻ പ്രശ്നോത്തരിയും യോഗയെ സംബന്ധിച്ച രചനകളും ക്ഷണിച്ച് കൊണ്ട് നല്ലൊരു പ്രചാരണ രീതി മുന്നോട്ടു വെച്ചത് ആശാവഹമായ രീതി തന്നെ ആണ്. എല്ലാ അർത്ഥത്തിലും യോഗാദിനാചരണം വൻ ശ്രദ്ധ നേടിയിരിക്കുന്നു.
ഇന്ന് ലോകം നേരിടുന്ന രൂക്ഷ പ്രശ്നങ്ങളായ ഭീകരവാദവും പകർച്ചവ്യാധികളും പോലെ തന്നെ ഒന്നാണ് ജീവിതശൈലി രോഗങ്ങൾ. മനുഷ്യരെ മൊത്തമായും കാർന്ന് തിന്നുന്ന ഇതിനെ മറികടക്കാൻ പ്രകൃതിയിലേക്കുള്ള മടക്കം തന്നെയാണ് ശാശ്വത പരിഹാരങ്ങളും. അതുകൊണ്ടു തന്നെ യോഗയും ആയുർവ്വേദവും പ്രകൃതി ചികിത്സരീതിയും പ്രചരിപ്പിക്കപ്പെട്ടേ തീരൂ. വൻ കെട്ടിടങ്ങളും ആശുപത്രികളും കെട്ടിപൊക്കുന്നതിന് പകരം ജനങ്ങൾക്കും ഭൂമിക്കും ഭാരമാകാത്ത ഇത്തരം സംരംഭങ്ങൾ ഉണ്ടാവണം. യോഗയുടെ മാഹാത്മ്യം പ്രചരിപ്പിക്കാനും പ്രായോഗിക രീതിയിൽ എത്തിക്കാനും എല്ലാർക്കും സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ.
''അയം നിജ: പരോ വേദി ഗണനാ ലഖുചേതസാം
ഉദാരചരിതാനാം തൂ വസുധൈവ കുടുംബകം''
(ഇത് എന്റേത് നിന്റേത് എന്ന ചിന്തയും അല്ലെങ്കിൽ ഇദ്ദേഹം തന്റേതാണ് വേറെയാണ് എന്നൊക്കെയുള്ള ചിന്തയും ഇടുങ്ങിയ മനസ്സുള്ളവർക്കാണ്. വിശാല ഹൃദയമുള്ളവർക്ക് ഈ വിശ്വം തന്നെ ഒരു കുടുംബമാണ്).
ഉത്തരായാനന്ത ദിനമായ ജൂൺ 21, ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായത് കൊണ്ടുതന്നെ ലോകത്തിന്റെ പല ഭാഗത്തും ഈ ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട് എന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശമാണ്, ഐക്യരാഷ്ട്രസഭ 'ജൂൺ 21' അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. അങ്ങിനെ 2015 ജൂൺ 21 സമാധാനത്തിന്റെ പുതു യുഗപിറവിയായി. ഭാരതീയ സംസ്ക്കാരത്തെയും പാരന്പര്യത്തെയും ലോകമെന്പാടും അംഗീകരിക്കപ്പെടുന്ന ഒരു ദിനം ആഗതമായി !!. ന്യൂഡൽഹിയിൽ നടന്ന ആദ്യ അന്താരാഷ്ട്ര യോഗ ദിനാചരണം ചരിത്ര സംഭവമായിരുന്നു. രാജപഥിൽ കുട്ടികളടക്കം ഒരു ലക്ഷത്തോളം പേർ പങ്കെടുത്തു. രാജ്യമെന്പാടുമായി ആയിരങ്ങൾ യോഗ അഭ്യസിച്ചു. ഇത്രയും വലിയ യോഗാഭ്യാസ പരിപാടി ലോകത്ത് തന്നെ ആദ്യമായതിനാൽ ഗിന്നസ് റിക്കാഡിനും അർഹമായി. ഭാരതത്തിലെ പ്രധാന യോഗ ഗുരുക്കന്മാർ പല വിദേശ രാജ്യങ്ങളിലും പോയി യോഗാഭ്യാസ പരിപാടി നയിക്കുകയും ചെയ്തിരുന്നു.