തച്ചു ശാസ്ത്രം..
നിതിൻ നാങ്ങോത്ത്
ഇങ്ങനെ പോയാൽ പാർട്ടിയാപ്പീസുകളുണ്ടാവില്ല, പാർട്ടിയും ജനങ്ങളുമുണ്ടാവും. തച്ചുതകർക്കലിന്റെ ഭീകരതാണ്ധവങ്ങളിലേക്കാണ് കേരളരാഷ്ട്രീയം പൊട്ടിത്തെറിച്ചസ്തമിക്കുന്നത്. പണ്ടൊക്കെ ഒരാളെ കൊന്നാലായിരുന്നു ഹർത്താൽ. ഇന്ന് ഏതെങ്കിലും കൊടികെട്ടിയ പീടികമുറിയുടെ കോലായിലേയ്ക്ക് ഏറുപടക്കമെറിഞ്ഞാലും ബന്ദർത്താലിന് സ്കോപ്പുണ്ട്. കാര്യാലയമോ ഏരിയാബ്രാഞ്ച്, താലൂക്ക് ബ്ലോക്കുകമ്മറ്റി ആപ്പീസോ ആയാൽ പിന്നെ പറയേണ്ട.അവധി അനവധിയായിരിക്കും. രണ്ടോ മൂന്നോ ദിനം തുടരൻ തകർപ്പൻ ജോളിഡെയ്സ്. അന്നന്നത്തെ അദ്ധ്വാനം കൊണ്ടു മാത്രം ജീവിതം പിച്ചവെപ്പിക്കുന്ന ജനവിഭാഗത്തിന്റെ കാര്യമാ കഷ്ടം. മീനും പച്ചക്കറിയുമൊക്കെ സ്പ്രേയടിച്ച് കുളിപ്പിച്ച് കിടത്തുന്നതിന് ഒരു പരിധിയൊക്കെ ഇല്ലേ..!!
മഹത്തായ ഉന്മൂലന സിദ്ധാന്തത്തിന്റെ ഭാഗമായി രാഷ്ട്രീയ എതിരാളികളെ ഡിലീറ്റ് ചെയ്യുന്നതിലായിരുന്നു പാർട്ടിക്കാരുടെ കോൺസൻട്രേഷൻ ഇടക്കാലം വരെ. കേസും കൂട്ടവും നൂലാമാലയും തടവും പരോളുമൊക്കെയായി കൂടുതൽ റിസ്കായതിനാലാണോ എന്നറിയില്ല, കൊടിമരം, ക്ലബുകൾ, ബസ് ഷെൽട്ടറുകൾ, സ്തൂപങ്ങൾ, വായനശാലകൾ ആദിയായ ഭീകരകേന്ദ്രങ്ങൾ തച്ചുതകർത്ത് തരിപ്പണമാക്കുന്നതാണ് ഫാഷൻ. സംഗതി രക്തരൂക്ഷിതമല്ലാത്തതിനാൽ സമരമാർഗ്ഗത്തിനൊരു അന്തസ്സൊക്കെയുണ്ട്.
കനകം മൂലവും കാമിനി മൂലവുമായിരുന്നു കലഹം പലവിധം ഉലകിലെന്ന് കുഞ്ചൻ നന്പ്യാർ തുളളിപ്പാടിയിട്ടുണ്ട്. ഇപ്പോൾ അത് പാർട്ടിയാപ്പീസ് മൂലം സുലഭമെന്ന് വരികൾ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. പ്രതിഷേധസൂചകമായി ആദ്യം പന്തംകൊളുത്തി പ്രകടനം. തിരിച്ചുവരുന്നത് വഴി എതിർകക്ഷിയുടെ ആപ്പീസിനു നേരെ ബോംബേറ്. അന്നു തന്നെ റിപ്ലൈ കിട്ടിയാൽ പിന്നെ ഭവനഭേദനമോ ആപ്പീസ് ഭേദ്യമോ പ്രതീക്ഷിക്കാം. ആദ്യം ട്യൂബ് ലൈറ്റ്, കാരംസ് ബോർഡ്, വിവിധ ട്രോഫികളും കപ്പുകളും ചില്ലലമാരയിൽ സൂക്ഷിച്ചവ പീസു പീസാക്കും. പിന്നീട് കുറച്ച് റെെസ്റ്റടുത്ത് താത്ത്വികാചാര്യന്മാരുടെ, ധീരനേതാക്കന്മാരുടെ ഛായാപടങ്ങൾ നിലത്തിട്ട് ആന ചവിട്ടിയ പരുവത്തിലാക്കും. മൂലയിൽ വിശ്രമിക്കുന്ന കൊടിതോരണങ്ങൾ, റസീറ്റു കുറ്റികൾ, ലഘുലേഖനങ്ങൾ അഗ്നിക്ക് വിഴുങ്ങാൻ കൊടുക്കും. അതുകൊണ്ടരിശം തീരാതെ കെട്ടിടത്തിനു ചുറ്റും മണ്ടി നടന്ന് കരിഒായിൽ കാവ്യം രചിക്കും. ഇത് ഒരു ശരാശരി ട്രെന്റ് ആണ്. കൂട്ടത്തിൽ കലാകാരന്മാർ ഉണ്ടെങ്കിൽ ആപ്പീസിന്റെ മുഖഛായ തന്നെ മാറും. സ്വന്തം പാർട്ടിയുടെ പെയിന്റ് വൃത്തിയായി പൂശി ഫിനിഷ് ചെയ്തിട്ടേ ഉള്ളൂ മടക്കം. ഈ പെയിന്റ് മാറ്റിയടിക്കൽ ന്യൂജെൻ വിപ്ലവസൈക്കോളജിക്കൽ മൂവ്മെന്റാണ്.
ചരിത്രത്തിൽ ഗൂഗിൾ ചെയ്താൽ ഇങ്ങനെ രസകരമായ പല ചിത്രങ്ങളും അവൈലബിളാണ്.അവൈലബിൾ പോളിറ്റ്ബ്യൂറോക്കാരനെ ദില്ലിയിൽ കണ്ണുരുട്ടാൻ നോക്കിയതിനാണ് സമീപ തച്ചുശാസ്ത്രങ്ങൾ. കണ്ണുരുട്ടിയവരെ നേതാവിന്റെ അനുവൃന്ദം നന്നായി നിലത്തിട്ടുരുട്ടിയെന്നത് കഥാന്ത്യം. എന്തായാലും അമിത്ഷാ തന്നെ നേരിട്ടെത്തി മാർഗ്ഗനിർദ്ദേശങ്ങൾ കൈമാറി. ടാർഗറ്റ് അച്ചീവ് ചെയ്യാൻ കൽപന കൊടുത്തു. കനത്ത മഴയിൽ രാഷ്ട്രീയപ്രവർത്തനം മൂടിപ്പുതച്ചുറങ്ങിപ്പോവാതിരിക്കാൻ, സംഗതി ലൈവായിരിക്കാൻ ഇത്തരം പൊടിക്കൈകൾ അഭികാമ്യം. പൊട്ടി കോയിക്കോട്ട് അലക്ഷ്യ ബോംബ്. ഹർത്താൽ. പിന്നെയും ഹർത്താൽ. അക്രമം ആളിപ്പടർന്ന് ഭവനസന്ദർശനത്തിലെത്തുന്പോഴാണ് ബീഭത്സം. ടിവി, ഫ്രിഡ്ജ്, വാഷിങ്മെഷീൻ, കന്പ്യൂട്ടർ തുടങ്ങിയ വിലപിടിപ്പുളള ടെക്കികളൊക്കെ കിണറ്റിൽ നീന്തം പഠിക്കുന്നുണ്ടാവും. ഒന്നോ രണ്ടോ ലക്ഷം മൊതലിട്ട ഫ്രണ്ട് ഡോർ വെട്ടിപ്പിളർന്നിട്ടുണ്ടാവും.വളർത്തുജന്തുവിന്റെ കാൽ അറ്റുതൂങ്ങുന്നുണ്ടാവും.സംഘർഷ റെയ്ഞ്ചിലുളള എതിരനുഭാവികളുടെ വീട്ടുകിണറുകളിലെല്ലാം മുടിയഭിഷേകം, മലാഭിഷേകം നടന്നിട്ടുണ്ടാവും. എതിർപ്പാർട്ടിക്കാരന് കർഷകശ്രീയാണേൽ പറന്പത്ത് വെട്ടിനിരത്തൽ നടന്നിട്ടുണ്ടാവും. കുലയ്ക്കാറായ നൂറുകണക്കിന് വാഴകളൊക്കെ വീരചരമം പുൽകിയത് കാണുന്പോൾ സത്യമായും ചങ്ക് കത്തിപ്പോവും. കൂന്പ് വാടിപ്പോവും. അനുഭവങ്ങളെ ഫോക്കസ് ചെയ്തുളള ഇത്തരം പിത്തലാട്ടങ്ങൾ തദ്ദേശീയരെ പലായനപ്രിയരാക്കുന്നു. ഒഴിവിടത്തിലേയ്ക്ക് സ്വന്തം പാർട്ടിക്കാർ കുടുംബമായി പാർപ്പിടത്തിനെത്തുന്നു. അങ്ങനെ അവിടെയൊരു സാമ്രാജ്യം പണിതുയരുന്നു. ഒരു കൊടിമരമുയരുന്നു.അധികാരത്തിന്റെയും അധീശത്വത്തിന്റെയും അധിനിവേശത്തിന്റെയും.
കൊടിമരം തകർക്കുന്നിടത്താണ് അക്രമത്തിന്റെ തുടക്കം. പിറ്റേന്ന് ഫ്ളക്സ് ബോർഡ് വരും. ഇരുട്ടിന്റെ മറവിൽ കൊടിമരവും പതാകയും നശിപ്പിച്ച ഇരുട്ടിന്റെ സന്തതികളെ തിരിച്ചറിയുക. അന്നു രാത്രി അതും കീറും. പിറ്റേന്നുമുതൽ വെട്ടലായി, കുത്തലായി, ബോംബേറായി. ഒറ്റ കൊടിമര ഇഷ്യൂവിൽ ചുരുങ്ങിയത് മൂന്നു കൊലപാതകങ്ങളെങ്കിലും സംഭവിച്ചിരിക്കും. ഒരു കീറത്തുണിയുടെ വേദാന്തം എത്ര മുരിക്കുമനുഷ്യരയാണ് കടപുഴക്കിയതെന്നോർക്കുന്പോൾ !!! ഇല്ലാ നിങ്ങൾ മരിക്കുന്നില്ലാ. ജീവിക്കുന്നു ഞങ്ങളിലൂടെ.കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല. തോറ്റുപോയത്, പാവം പോറ്റി വളർത്തിയ മാതാപിതാക്കൾ മാത്രം. കരുതലും വരുമാനവും നിലച്ചു പോയ ഭാര്യയും മക്കളും. തച്ചുശാസ്ത്ര രാഷ്ട്രീയം നവകേരളത്തെ എത്രമേൽ വെളളപുതപ്പിച്ചു കിടത്തുമെന്ന് ഒന്നോർക്കുക. അക്രമ തിമിരം ബാധിച്ച് ആവേശത്തിന് ബസ് ഷെൽട്ടറുകൾ പൊളിച്ചടുക്കിയപ്പോൾ ഓർത്തുകാണില്ല. തങ്ങളുടെ കുഞ്ഞോമനകൾ മഴയത്ത് പെരുവഴിയിൽ നനഞ്ഞൊലിക്കുമെന്ന്. വെയിലിൽ വെന്തു വിയർക്കുമെന്ന്. ക്രൗര്യത്തിന്റെ സ്മാരകങ്ങളായി മിക്ക ഗ്രാമനന്മകളിലും കാണും ഇങ്ങനെ ചില വീണുടയലുകൾ. പൊളിച്ചടുക്കലുകൾ.പയ്യന്നൂരിൽ പാർട്ടിസെക്രട്ടറി വന്നു പ്രസംഗിച്ചാൽ അവിടെ വീഴും രാഷ്ട്രീയ പ്രബുദ്ധതകൾ.മൂന്നു ജന്മങ്ങളാണ് തീർന്നു പോയത്. ദേശീയ അദ്ധ്യക്ഷൻ എറണാകുളത്ത് കാലു കുത്തിയാൽ ബോംബുകൾ ബൈക്കിലേറിപ്പോവുന്നുണ്ടോ? നമ്മുടെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറയുകയാണ്. അത്രമേൽ സ്ഫോടനാത്മകം. കുമ്മനം ലക്ഷ്യമാക്കിയും മോഹനൻമാഷെ ടാർഗറ്റ് ചെയ്തും സ്റ്റീൽബോംബുകൾ സഞ്ചരിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഭയപ്പെടുക. കാൻസർ രക്ഷയില്ലാത്തവിധം മൂർച്ഛിച്ചിരിക്കുന്നു. അക്രമങ്ങളുടെ ഗോൾപോസ്റ്റിൽ ആർക്കാണ് ലീഡ് എന്ന് ചാനലമർത്താൻ പോലും ആരും ബാക്കിയുണ്ടാവില്ല. ഇസ്തിരിചുളിയാത്ത സമാധാനചർച്ചകൾ ശാശ്വതപരിഹാരമല്ല. റെഡിമെയ്ഡ് നോട്ടിഫിക്കേഷൻ കൊണ്ടും കാര്യമില്ല. കേരളം അശാന്തി നിലയമാവാതിരിക്കട്ടെ. അടുത്ത ഹർത്താലിന് കരുതേണ്ട ചിക്കനും പെഗ്ഗും നാവിൽക്കൊണ്ട്... കുട്ടിക്കാലത്ത് വിളിച്ച ഒരു മുദ്രാവാക്യം ഓർത്തെടുക്കുന്നു. “അടിക്കും ഞങ്ങൾ. പൊളിക്കും ഞങ്ങൾ.അടിച്ചുപൊളിച്ച് നെരത്തും ഞങ്ങൾ....”