വില്ലനായത് സ്ഫോടനമോ പ്രകടനമോ
വി.ആർ. സത്യദേവ്
അടി കനത്തതാകുന്പോൾ അതു വന്ന വഴിയേതെന്നറിയാൻ കാലതാമസമുണ്ടാകും. അത് ചോദിച്ചു വാങ്ങിയ അടിയാകുന്പോൾ അടുത്തിരുന്ന് ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആരും ഉണ്ടാവില്ല. ചുരുക്കിപ്പറഞ്ഞാൽ അതാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ അവസ്ഥ. ഇത് ശരിക്കും പറഞ്ഞാൽ ദുരവസ്ഥയാണ്. മാന്യമായ ഭൂരിപക്ഷമുണ്ടായിരുന്നതാണ് പാർലമെൻ്റിൽ. ഭരണ കാലാവധിയവസാനിക്കാനാവട്ടെ ഇനിയും നീണ്ട മൂന്നു വർഷങ്ങളും. രണ്ടു കൊല്ലം മുന്പ് അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി നേടിയ ഭൂരിപക്ഷമായിരുന്നു. പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടിയെക്കാൾ 101 സീറ്റുകളാണ് കഴിഞ്ഞ പാർലമെൻ്റിൽ തെരേസാ മെയുടെ കൺസർവേറ്റീവ് പാർട്ടിക്ക് അധികമുണ്ടായിരുന്നത്. കാമറോൺ മാന്യമായി പാർട്ടിയെ നയിച്ചും രാജ്യത്തെ ഭരിച്ചും കൊണ്ടു മുന്നേറുന്നതിനിടെയായിരുന്നു ബ്രെക്സിറ്റ് വന്നത്. അത് മഹാ പാരയായി.
യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം തുടരണമോയെന്ന കാര്യത്തിലെ ഹിതപരിശോധന നടത്താമെന്നത് 2015ൽ കാമറോൺ ബ്രിട്ടനു നൽകിയ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. ബാന്ധവം തുടരണമെന്ന പക്ഷക്കാരനായിരുന്നു കാമറോൺ. എന്നാൽ വഴിപിരിയാനുള്ള തീരുമാനവുമായി ഹിതപരിശോധനാഫലം പ്രഖ്യാപിക്കപ്പെട്ടതോടെ കാമറോണിന്റെ കാര്യം കഷ്ടത്തിലായി. ഒടുവിൽ 2016 ജൂലൈ പതിമൂന്നിന് അദ്ദേഹം പടിയിറങ്ങി. ഇതോടെയാണ് ബ്രിട്ടന്റെ ഉരുക്കു വനിത സാക്ഷാൽ മാർഗററ്റ് താച്ചർക്കു ശേഷം ആദ്യമായി ഒരു വനിത ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് അവരോധിതയാകുന്നത്. ഹിതപരിശോധനാപ്രകാരം ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ നിന്നും വേർപെടുത്തുന്നതിനുള്ള ഉത്തരവാദിത്തം അതോടേ തെരേസാ മേയ്ക്കായി.
ചരിത്രപരമായൊരു കാൽെവയ്പ്പാണ് ഇത്. മുൻഗാമി നേടിയ ഭൂരിപക്ഷത്തിന്റെ കരുത്തിൽ മാത്രമാവരുത് ഈ മാറ്റമെന്ന് പ്രധാനമന്ത്രിയും ഉറപ്പിച്ചു. വിവാദമായ ബ്രെക്സിറ്റ് നടപ്പാക്കുന്പോൾ അതിന് കൂടുതൽ ജന പിന്തുണ ഉറപ്പാക്കണമെന്നും അവർ നിശ്ചയിച്ചു. നിലവിലെ സാഹചര്യങ്ങൾ തെരേസാ മേയ്ക്ക് അനുകൂലമായിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം അതു ശരിെവയ്ക്കുന്നു. ഭൂരിപക്ഷം വർദ്ധിപ്പിക്കാനായാൽ മാറ്റത്തിന് അത് കൂടുതൽ ആധികാരികത നൽകുമെന്ന് അവർ വിലയിരുത്തി. യാഥാസ്ഥിതിക കക്ഷിക്ക് 330, ലേബർ പാർട്ടിക്ക് 229, എസ്.എൻ.പി 35, ലിബറൽ ഡെമോക്രാറ്റുകൾ 9, ഡി.യു.പി അഥവാ ഡെമോക്രാറ്റിക് യൂണിയനിസ്റ്റു പാർട്ടി 8 എന്നിങ്ങനെയായിരുന്നു പാർലമെൻ്റിലെ കക്ഷിനില. മെച്ചപ്പെട്ട സാഹചര്യങ്ങളിൽ ഭൂരിപക്ഷം കൂട്ടാമെന്നും മാറ്റം രാജ്യത്തിന് കൂടുതൽ ഗുണകരമാക്കാമെന്നും മേ സ്വപ്നം കണ്ടു.
ഈ സാഹചര്യങ്ങളിലായിരുന്നു സുഖിച്ചു ഭരിക്കാവുന്ന മൂന്നു കൊല്ലക്കാലാവധി ഉപേക്ഷിച്ച് അവർ പൊതു തെരഞ്ഞെടുപ്പു നടത്താൻ തീരുമാനിച്ചത്. തീരുമാനം കേട്ട് പലരും നെറ്റി ചുളിച്ചെങ്കിലും അതിനെ സ്വാഗതം ചെയ്തവരായിരുന്നു അധികവും. മേയുടെ കണക്കു കൂട്ടൽ ശരിെവയ്ക്കുന്ന തരത്തിൽ തന്നെയായിരുന്നു കാര്യങ്ങൾ പുരോഗമിച്ചതും. എന്നാൽ ഇടയ്ക്ക് അപ്രതീക്ഷിതമായ പലതും സംഭവിച്ചു. തെരഞ്ഞെടുപ്പുഫലത്തെ അതൊക്കെ കാര്യമായി ബാധിക്കുകയും ചെയ്തു. തുടക്കത്തിലുണ്ടായിരുന്ന മേൽക്കൈ ഇല്ലാതായി എന്നു മാത്രമല്ല തനിച്ചു ഭരണം ഉറപ്പാക്കാനാവശ്യമായ സീറ്റുകൾ സ്വന്തമാക്കാൻ പോലും തരേസാ മേയ്ക്കും കൺസർവേറ്റീവ് കക്ഷിക്കുമായില്ല. കനത്ത തിരിച്ചടിയാണ് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്കുണ്ടായത്.
നേരത്തേയുണ്ടായിരുന്ന ഭൂരിപക്ഷം കൂട്ടാൻ തെരഞ്ഞെടുപ്പു നേരത്തേയാക്കിയ മേയുടെ കക്ഷിക്കിപ്പോൾ ലേബർ പാർട്ടിയെക്കാൾ അധികമുള്ളത് കേവലം 55 സീറ്റുകൾ. പൊതുവേ ദുർബ്ബലരായിരുന്നു നേരത്തേ പ്രതിപക്ഷം. തൊഴുത്തിൽക്കുത്തും പാരയുമടക്കം ആഭ്യന്തര പ്രശ്നങ്ങളിൽ പെട്ടു നട്ടം കറങ്ങിയിരുന്ന ലേബർ പാർട്ടി ജെറമി കോർബീന്റെ നായത്വത്തിൽ അവഗണിക്കാനാവാത്ത ശക്തിയായിരിക്കുന്നു. ചുരുക്കത്തിൽ വടി കൊടുത്ത് അടിവാങ്ങിയിരിക്കുകയാണ് തെരേസാ മേ.
ഇത് തെരേസാ മേയുടെ പരാജയമാണ് എന്ന കാര്യത്തിൽ തർക്കമില്ല. തെരഞ്ഞെടുപ്പു വിധി അംഗീകരിച്ച് ശരിയായ ജനാധിപത്യ സർക്കാരിനായി മേ വഴിമാറണമെന്ന് ജെറമി കോർബിൻ ആവശ്യപ്പെടുന്നിടം വരെയെത്തി നിൽക്കുകയാണ് കാര്യങ്ങൾ. കോർബിൻ കൂടുതൽ ശക്തനാണ്. കഴിഞ്ഞ തവണത്തെ 229 നെക്കാൾ 31 സീറ്റുകൾ അധികം പാർട്ടിക്കായി നേടാൻ കോർബിന്റെ നായകത്വത്തിനായി. അതിന്റെ വെളിച്ചത്തിലാണ് ഒരു ന്യൂനപക്ഷ സർക്കാരുണ്ടാക്കാൻ താൻ തയ്യാറാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്. എന്നാൽ അതിനായി മറ്റൊരു കക്ഷിയുമായി ഉടന്പടിയുണ്ടാക്കാൻ താൻതയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോർബിന്റെ നിലപാട് യഥാർത്ഥത്തിൽ ഭരണഭാരമേൽക്കലായിരുന്നില്ല. അത് മേ മരണകൂടത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കാൻ ഉദ്ദേശിച്ചുള്ളതു തന്നെയാണ്.
കോർബിന് അങ്ങനെ പലതും പറയാം. എങ്കിലും ഭരണം കൈവിട്ടുകളയുക മേയെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. കോർബിൻ മാത്രമല്ല യാഥാസ്ഥിതിക വാദികളെല്ലാം പ്രധാനമന്ത്രിക്കെതിരേ ഹാലിളകി നിൽക്കുകയാണ്. മേ പാർട്ടിയുടെയും ഭരണത്തിന്റെയും തലപ്പത്തു നിന്നും മാറണമെന്ന ആവശ്യവും അതിശക്തമാകുന്നു. തെരഞ്ഞെടുക്കപ്പെട്ടവരും പരാജിതരുമായ നേതാക്കളിൽ പലരും ഈ ആവശ്യം പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു. മേ മാറി വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ നായകനാവണമെന്നതാണ് വലിയൊരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ തൽക്കാലത്തേക്കെങ്കിലും ജോൺസൺ പരസ്യമായി ഇങ്ങനെയൊരു നീക്കം നടത്തുന്നില്ല. ഇത് പ്രധാനമന്ത്രിക്ക് ആശ്വാസകരമാണ്. അധികാരമാറ്റം ആലോചിക്കാനുള്ള സമയമല്ല ഇത് എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ സാഹചര്യത്തിൽ താൻ പ്രധാനമന്ത്രിയെ സർവ്വാത്മനാ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു.
എന്നാൽ തെരഞ്ഞെടുപ്പു പരാജയത്തിന് പ്രധാനമന്ത്രി നൽകേണ്ടി വന്ന വില തീരെ ചെറുതല്ല എന്നതാണ് വാസ്തവം. വർഷങ്ങളായി തെരേസ മേ എന്ന രാഷ്ട്രീയ പ്രവർത്തകയുടെ വിശ്വസ്തരാണ് നിക് തിമോത്തിയും ഫിയോന ഫില്ലും. പ്രധാനമന്ത്രിയുടെ രണ്ടു വലംകൈകളെന്നു തന്നെ വേണമെങ്കിൽ വിശേഷിപ്പിക്കാവുന്നവർ. പ്രധാനമന്ത്രിയുടെ കാര്യാലയത്തിലെ ചീഫ് ഓഫ് സ്റ്റാഫുമാർ. തെരഞ്ഞെടുപ്പു തകർച്ചയുടെ ഫലമായി നഷ്ടമായത് ഇരുവരുടെയും സ്ഥാനങ്ങളാണ്.
തെരേസാ മേയുടെ വിജയങ്ങളിലും നടപടികളിലുമെല്ലാം നിർണ്ണായക സ്വാധീന ശക്തികളായിരുന്നു ഇരുവരും. പാർട്ടിയിൽ നിന്നു തന്നെ അതിശക്തമായ ആവശ്യമുയർന്നതോടെയാണ് ഇരുവരുമായും സാങ്കേതികമായെങ്കിലും വഴിപിരിയാൻ മേ തയ്യാറായത്. തെരഞ്ഞെടുപ്പു പരാജയത്തിൽ ഇവർക്ക് വലിയ പങ്കുണ്ട് എന്നാണ് പാർട്ടിക്കുള്ളിലുള്ള ആരോപണം.
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച വേളയിൽ കൺസർവേറ്റീവ് പാർട്ടിക്ക് വ്യക്തമായ മേൽക്കൈ ഉണ്ടായിരുന്നു. എന്നാൽ വോെട്ടടുപ്പു ദിനമായപ്പോഴേയ്ക്കും അത് കുറഞ്ഞുവന്നു. എക്സിറ്റ് പോളുകൾ പ്രവചിച്ചതുപോലെ തന്നെ കൺസർവേറ്റീവുകളുടെ ഭൂരിപക്ഷം കുറയുകയും ചെയ്തു. വോട്ടെടുപ്പിനു തൊട്ടു മുന്നിലുള്ള ആഴ്ചകൾ മേയ്ക്കു മാത്രമല്ല രാജ്യത്തിനു തന്നെ ഏറെ പ്രതിസന്ധികൾ സമ്മാനിച്ചതായിരുന്നു. ഒന്നിലേറെ തവണ രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ അഗ്നി പരീക്ഷണത്തിന് വിധേയമായി. തീവ്രവാദികൾ മാഞ്ചെസ്റ്ററിലും ലണ്ടൻ ബ്രിഡ്ജിലുമൊക്കെ നരനായാട്ടു നടത്തി. ആവർത്തിക്കുന്ന സുരക്ഷാ ഭീഷണികൾ ഏതൊരു രാഷ്ട്ര നേതാവിന്റെയും ജനപിന്തുണയും വിശ്വാസ്യതയും കുറച്ചേക്കാം. തെരേസാ മേയുടെ കാര്യത്തിലും അങ്ങനെ സംഭവിക്കാം. പ്രതിസന്ധി ഘട്ടങ്ങളിൽ തേടുന്ന ജനവിധി ചിലപ്പോഴെങ്കിലും ഭരണ നേതൃത്വത്തിന് പ്രതികൂലമാകാം.
അടുത്തിടെ നടന്ന തീവ്രവാദിയാക്രമണ വേളകളിൽ പക്ഷേ പ്രധാനമന്ത്രി ശക്തമായ നിലപാടുകളാണെടുത്തത്. അത് ഒരു പക്ഷേ അവരുടെ ജനപ്രീതി ഉയർത്തേണ്ടതുമായിരുന്നു. പ്രതിസന്ധി ഘട്ടത്തിലും വോട്ടെടുപ്പുമായി മുന്നോട്ടു പോകാൻ അവർ തീരുമാനിച്ചത് ഒരുപക്ഷേ ഇത്തരത്തിലൊരു സാദ്ധ്യത കൂടി മുന്നിൽ കണ്ടുമാകാം. എന്നാൽ അത്തരം സാദ്ധ്യതകളെല്ലാം കാറ്റിൽ പറത്തിയാണ് കക്ഷിക്ക് വലിയ തോതിൽ സീറ്റുകൾ കൈവിട്ടു പോയത്. ഈ സാഹചര്യങ്ങളിലാണ് പരാജയ കാരണം പാർട്ടിയുടെ പ്രകടനപത്രിക മാത്രമാണെന്ന് വാദം പ്രസക്തമാകുന്നത്. തുടക്കത്തിൽ മുന്നിലായിരുന്ന പാർട്ടി പിന്നാക്കം പോയി തുടങ്ങിയത് പ്രകടന പത്രിക പുറത്തിറക്കിയതോടെ ആയിരുന്നു. പ്രമുഖ നേതാക്കളിൽ പലരും ഇതു ശരി വെയ്ക്കുന്നു. പ്രധാനമന്ത്രിയുടെ ആറ്റവും അടുപ്പക്കാരായ നിക് തിമോത്തിയും ഫിയോനയുമായിരുന്നു ഈ പ്രകടന പത്രികയ്ക്കു പിന്നിൽ. അതുകൊണ്ടാണ് ഇരുവരുടെയും സ്ഥാനം തെറിച്ചതും. ഒപ്പം ഇരുവരുമില്ലെങ്കിലും തെരേസ മേയ്ക്ക് ഇനിയും മുന്നോട്ടു പോയേ തീരൂ. ഏതെങ്കിലുമൊരു കക്ഷിയുടെ പിന്തുണ തേടുകയാണ് അതിന് ആകെയുള്ള മാർഗ്ഗം. ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുടെ പിന്തുണയാണ് ഇതിനായി അവർ പ്രതീക്ഷിക്കുന്നത്. പാർലമെൻ്റിൽ പത്തംഗങ്ങളാണ് ഡി.യു.പിക്കുള്ളത്.
അംഗങ്ങൾ പത്തേയുള്ളൂവെങ്കിലും അവരുടെ പിന്തുണയ്ക്ക് നൂറിന്റെ വിലകൊടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അയർലണ്ടിൽ വേരോട്ടമുള്ള കക്ഷിയാണ് ഡീയൂപ്പീ. ഭരണത്തിൽ പങ്കാളിത്തമുണ്ടായാൽ അവർ അയർലണ്ടിൽ തേനും പാലുമൊഴുക്കുമെന്നുറപ്പ്. കക്ഷിയെക്കുറിച്ചും അതിന്റെ നേതാക്കളെക്കുറിച്ചും ഏറെ നല്ല അഭിപ്രായമല്ല പൊതുവെ ഉള്ളത്. സഖ്യം പ്രാവർത്തികമായാൽ അത് എത്രകാലം നിലനിൽക്കും എന്ന കാര്യത്തിൽ പലരും ഇപ്പോൾ തന്നെ സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു. കടും പിടുത്തക്കാരാണ് അവരുടെ ജനപ്രതിനിധികളിൽ പലരും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പ്രധാനമന്ത്രി തെരേസ മേയും ഡീയൂപ്പീ നേതാവ് ഏരിയേൻ ഫോസ്റ്ററുമായി ഭരണകാര്യത്തിൽ ധാരണയിലെത്തുമെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്. അതിന് ഇനി സമയം കുറവാണ്. പോരാഞ്ഞതിന് ബ്രെക്സിറ്റ് നടപ്പാക്കൽ വേഗത്തിലാക്കണമെന്ന് ജർമ്മൻ നായിക ഏഞ്ചല മെർക്കൽ ആവശ്യപ്പെട്ടിട്ടുമുണ്ട്.
തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ് തെരേസ മേ എന്നാണ് ഡീയൂപ്പീയുടെ പിന്തുണ തേടാനുള്ള അവരുടെ തീരുമാനത്തെപറ്റി ഒരു വിദഗ്ദ്ധന്റെ പ്രതികരണം. അതെന്തായാലും നിരവധി അഗ്നി പരീക്ഷകൾ തന്നെയാണ് വരും ദിവസങ്ങളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് എന്നുറപ്പ്.