കടിഞ്ഞാൺ കൈവിടരുത് !
ജെ. ബിന്ദുരാജ്
ഭീകരതയ്ക്ക് മുന്പുണ്ടായിരുന്ന നിർവ്വചനങ്ങൾ ഇന്നില്ല. പട്ടിണി മരണങ്ങളും ജാതി വെറി മൂലമുള്ള കൊലപാതകങ്ങളും പ്രകൃതി ദുരന്തങ്ങളുടെ താണ്ധവങ്ങളുമൊക്കെയായിരുന്നു മുന്പ് ഭീകരതയായി നിർവ്വചിക്കപ്പെട്ടിരുന്നത്. പക്ഷേ സപ്തംബർ 11ന്റെ അമേരിക്കൻ ആക്രമണത്തോടെ ഭീകരത എന്നത് മതഭീകരത എന്ന ഒരൊറ്റ അച്ചുതണ്ടിലേക്ക് എത്തപ്പെട്ടു. അങ്ങനെയാണ് അമേരിക്ക ഇസ്ലാമിക ഭീകരത എന്ന സംജ്ഞ തന്നെ സൃഷ്ടിക്കുന്നത്. ഇത് ഇസ്ലാമോഫോബിയക്ക് തുടക്കമിട്ടു. ലോകരാജ്യങ്ങൾ മുസ്ലിം ജനവിഭാഗത്തെ സംശയത്തോടെ മാത്രം വീക്ഷിക്കാൻ തുടങ്ങി. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇസ്ലാം മതവിശ്വാസികൾക്ക് വിസ നൽകുന്നതിൽ പ്രത്യേക പരിശോധനകളും നിയന്ത്രണങ്ങളും ആരംഭിച്ചു. ലോകത്തെന്പാടുമുള്ള ബിസിനസ് സ്ഥാപനങ്ങൾ മുസ്ലിങ്ങളെ ജോലിക്കെടുക്കുന്നതിന് മടിച്ചു. നെറികെട്ട ചില മതഭീകരരുടെ പ്രവർത്തനം എങ്ങനെയാണ് ഒരു സമുദായത്തെ മുഴുവൻ പ്രതിക്കൂട്ടിലാക്കുകയും അവർക്കുള്ള അവസരങ്ങൾ നിഷേധിക്കുന്നതിനിടയാക്കുകയും ചെയ്തതെന്ന് ആ സംഭവങ്ങൾ വെളിവാക്കി. അതോടെ തങ്ങൾ പ്രാന്തവൽക്കരിക്കപ്പെട്ട ജനതയാണെന്ന ചിന്ത ആ ജനസമൂഹത്തിനിടയിൽ ശക്തമായി. ജിഹാദി പ്രസ്ഥാനങ്ങളാകട്ടെ ജനതയുടെ ആ വികാരം നവമാധ്യമങ്ങളിലൂടെ ജ്വലിപ്പിക്കാനും സമുദായത്തിലുള്ളവരെ മതഭീകരവാദത്തിലേക്ക് മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ എത്തിക്കാനും ശ്രമിച്ചു തുടങ്ങി. ഇന്ത്യയിൽ ഗുജറാത്തിലെ വംശഹത്യയിലൂടെ ന്യൂനപക്ഷങ്ങളുടെ പേടിസ്വപ്നമായി മാറിയ നരേന്ദ്ര മോഡി പ്രധാനമന്ത്രി പദത്തിലെത്തുകയും ന്യൂനപക്ഷങ്ങൾക്ക് ആശങ്കകൾക്കിടയാക്കുന്ന നടപടികൾക്ക് തുടക്കമിടുകയും ചെയ്തതോടെ അവർക്കിടയിൽ ഭീതി കൂടുതൽ രൂക്ഷമായി. ഗോരക്ഷകർ എന്ന പേരിലുള്ള സാമൂഹ്യവിരുദ്ധർക്ക് അഴിഞ്ഞാടാനുള്ള അവസരം സംഘ്പരിവാർ ശക്തികൾ നാട്ടിൽ ഒരുക്കിക്കൊടുക്കുക കൂടി ചെയ്തതോടെ ഇന്ത്യ പോലുള്ള ഒരു മതേതര രാജ്യത്ത് തങ്ങൾ ജീവിക്കുന്നത് ഭൂരിപക്ഷമായ ഹിന്ദുക്കളുടെ ഔദാര്യത്തിന് പുറത്താണെന്ന തെറ്റിദ്ധാരണ മുസ്ലിങ്ങൾക്കിടയിൽ പോലും ഉണ്ടാകാൻ അതിടയാകുകയും ചെയ്തു. സംഘ്പരിവാറിന്റെ വിഭജന അജണ്ടയെ അതിശക്തം പ്രതിരോധിക്കേണ്ടിയിരുന്ന ഇടതുപക്ഷ സംഘടനകളും കോൺഗ്രസ്സും വോട്ട് ബാങ്കിൽ കണ്ണുവെച്ച് മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കാൻ തുടങ്ങിയതോടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുണ്ടായ മുസ്ലിങ്ങളുടെ വിശ്വാസവും നഷ്ടപ്പെടാൻ തുടങ്ങി.
ഇതുവരെ പറഞ്ഞത് കേവലം വർത്തമാനകാല പശ്ചാത്തലമായിരുന്നുവെങ്കിൽ ആ പശ്ചാത്തലത്തിൽ അവതരിപ്പിക്കാൻ സംഘ് പരിവാർ ഒരുക്കുന്ന തിരക്കഥയെപ്പറ്റിയാണ് ഇനി പറയാൻ പോകുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ബി. ജെ.പിയെ സംസ്ഥാനത്ത് ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായി കഴിഞ്ഞയാഴ്ചയാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തിയത്. ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാതെ, കേരളത്തിൽ ബി.ജെ.പിക്ക് വിജയം നേടാനാവില്ലെന്നും അധികാരത്തിലെത്താനാവില്ലെന്നും തിരിച്ചറിഞ്ഞ അമിത് ഷാ തന്റെ ഇത്തവണത്തെ വരവ് ക്രിസ്ത്യൻ വിശ്വാസസമൂഹത്തിന്റെ പിന്തുണ പിടിച്ചുപറ്റാൻ വേണ്ടിയാണ് ഉപയോഗിച്ചത്. ക്രൈസ്തവ തിരുമേനിമാരെ നേരിട്ടു പോയി കാണുകയും മറ്റ് സഭാ നേതാക്കളുടെ യോഗം വിളിച്ചു ചേർക്കുകയും ചെയ്തു ഷാ. ഷാ തിരിച്ചുപോകുന്ന ദിവസം തന്നെ മറ്റൊന്നു കൂടി കേരളത്തിൽ സംഭവിച്ചു. ബി.ജെ.പിക്കെതിരെ കോൺഗ്രസ് നേതൃത്വത്തിലുള്ള മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് മുസ്ലിം ലീഗിന്റെ ദേശീയ രാഷ്ട്രീയ ഉപദേശക സമിതി വിലയിരുത്തിയത് അന്നായിരുന്നു. ന്യൂനപക്ഷങ്ങളുടെ ഏകീകരണത്തേക്കാൾ എന്തുകൊണ്ടും നല്ലത് മതനിരപേക്ഷ കക്ഷികളുടെ ഏകീകരണമാണെന്ന് ലീഗ് ചിന്തിച്ചതിന് കാരണം ലളിതമാണ്. ഏതെങ്കിലുമൊരു മതവിഭാഗം ബി.ജെ.പിക്കെതിരെ മുന്നണിയുണ്ടാക്കാൻ ശ്രമിച്ചാൽ ബി.ജെ.പിക്ക് അത് കൂടുതൽ ഗുണം ചെയ്യുകയേ ഉള്ളൂവെന്നതാണത്. ഹിന്ദു വിഭാഗത്തിൽപ്പെട്ടവർ കൂടുതലായി പിന്തുണയ്ക്കുന്ന ബി.ജെ.പിക്കെതിരെ മുസ്ലിം ലീഗ് മുസ്ലിങ്ങളുടെ കൂട്ടായ്മ ഉണ്ടാക്കുന്നപക്ഷം അത് വർഗ്ഗീയമായ ചേരിതിരിവിലേക്ക് നീങ്ങുകയും അപകടകരമായ ഒരു സ്ഥിതിവിശേഷത്തിനിടയാക്കുകയും ചെയ്യും. ബി.ജെ. പി ആഗ്രഹിക്കുന്നതും വാസ്തവത്തിൽ അതുതന്നെയാണ്. കേരളത്തിലെത്തിയ ബി.ജെ.പി അദ്ധ്യക്ഷൻ ഇത്തവണത്തെ വരവിൽ ക്രിസ്ത്യൻ സമുദായ നേതാക്കളെ കണ്ടതല്ലാതെ മുസ്ലിം സംഘടനകളുടെ ഒരു പ്രതിനിധിയെപ്പോലും കാണാൻ കൂട്ടാക്കിയില്ലെന്നത് അമിത് ഷാ കേരളത്തിൽ സ്വീകരിക്കാൻ പോകുന്ന തന്ത്രങ്ങളുടെ മുന്നോടിയായി വേണം കാണാൻ. ഷാ മടങ്ങിയ ദിവസം തന്നെ ഷായുടെ വരവ് കേരളത്തിൽ വർഗ്ഗീയ കലാപമുണ്ടാക്കാനാണെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി തുറന്നടിച്ചത് കേവലമൊരു പ്രതിഷേധത്തിന്റെ ഭാഗമായിട്ടെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഷായുടെ തന്ത്രങ്ങൾ രാജ്യം തിരിച്ചറിയുന്നുണ്ടെന്നതിന്റെ സൂചനയായിരുന്നു ആ ആരോപണം. മാത്രവുമല്ല സംഘ്പരിവാറിനേയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായേയും കേരളത്തിലെ മുസ്ലിം ജനവിഭാഗം എത്ര ആശങ്കയോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ പ്രസ്താവന.
വർഗ്ഗീയധ്രുവീകരണം നടത്തി, കലാപങ്ങളിലൂടെ ജനതയെ അകറ്റി, നേട്ടം കൊയ്യുന്ന രീതിയാണ് അമിത് ഷാ നടത്തിക്കൊണ്ടിരിക്കുന്നതെന്നതിനാൽ അതിനുള്ള സാധ്യത കോൺഗ്രസ്സും സി.പി.എമ്മും തള്ളിക്കളയുന്നുമില്ല. ഷായുടെ വരവിന് ഏതാനും ദിവസങ്ങൾക്ക് മുന്പാണ് നിലന്പൂരിലെ ഒരു ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തകർത്ത സംഭവം അരങ്ങേറിയത്. വിവരമറിഞ്ഞ് ക്ഷേത്രത്തിലേക്ക് നീങ്ങിയ പ്രദേശത്തെ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിനെ സംഘ്പരിവാറുകാർ തടയുകയുകയും വിഗ്രഹം തകർത്തത് മുസ്ലിങ്ങളാണെന്ന മട്ടിൽ പ്രചാരണം അഴിച്ചുവിടുകയും ചെയ്തത് അത്ര നിസ്സാരമായി കാണാവുന്ന കാര്യമല്ല. ഒടുവിൽ തിരുവനന്തപുരത്തുകാരനായ രാജാറാം മോഹൻദാസ് എന്നയാളാണ് വിഗ്രഹം തകർത്തതെന്ന് പോലീസ് കണ്ടെത്തുന്നു. ഹിന്ദുമതത്തിലെ അനാചാരങ്ങൾക്കെതിരെയുള്ള പ്രതിഷേധമെന്ന നിലയ്ക്കാണ് താൻ വിഗ്രഹം തകർത്തെതന്നാണ് രാജാറാം പോലീസിനോട് പറഞ്ഞത്. പക്ഷെ, ആ പറച്ചിലിൽ തന്നെയുണ്ട് അതിന്റെ കള്ളമെന്ന് വ്യക്തം. തിരുവനനന്തപുരത്തുകാരൻ അനാചാരത്തിനെതിരെ പ്രതിഷേധിക്കാൻ മലപ്പുറത്തെ നിലന്പൂരിൽ വന്ന് ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ ഉടയ്ക്കേണ്ട ആവശ്യമെന്താണ്? മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഒരിടത്ത് ഹിന്ദുക്കളുടെ ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുകയാണെന്ന ഒരു പ്രചാരണം അഴിച്ചുവിടാൻ സംഘ്പരിവാർ നടത്തിയ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണോ ക്ഷേത്രത്തിലെ വിഗ്രഹമുടയ്ക്കൽ എന്ന വിഷയം അന്വേഷണവിധേയമാക്കേണ്ടതാണ്. നിലന്പൂരിൽ ക്ഷേത്രത്തിലെ വിഗ്രഹം തകർത്ത സംഭവത്തിൽ ആദ്യം മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിലാക്കാൻ ഹർത്താൽ നടത്തിയും റോഡ് ഉപരോധിച്ചും സംഘ് പരിവാർ ശ്രമിച്ചത് അതിനുള്ള ഒരു സാധ്യത അവർ പരിശോധിച്ചുവെന്നതിന്റെ തെളിവുമാണ്. വിഗ്രഹം തകർത്തയാളെ പോലീസ് കണ്ടെത്തിയപ്പോഴാകട്ടെ, പോലീസ് ശരിയായ പ്രതിയെയല്ല അറസ്റ്റ് ചെയ്തതെന്നായി സംഘ്പരിവാറിന്റെ പ്രചാരണം. ഗുജറാത്തിൽ കലാപങ്ങൾക്ക് സംഘ്പരിവാർ സംഘടനകൾ അവലംബിച്ച അതേ തന്ത്രം തന്നെയാണ് അവർ കേരളത്തിലും പയറ്റുന്നതെന്ന് ഇതോടെ വ്യക്തമായിക്കഴിഞ്ഞു. ഭൂരിപക്ഷ സമുദായത്തിന്റെ മനസ്സിൽ അരക്ഷിതത്വം സൃഷ്ടിച്ച്, ന്യൂനപക്ഷങ്ങളെ അവരിൽ നിന്നും അകറ്റുകയെന്ന തന്ത്രമല്ലാതെ മറ്റെന്താണത്? കേരളം പോലുള്ള ഒരു സംസ്ഥാനമായതുകൊണ്ട് മാത്രമാണ് സംഘ്പരിവാറിന്റെ വിഘടന അജണ്ടകൾക്ക് കേരളത്തിൽ പിന്തുണ ലഭിക്കാതെ പോകുന്നതെന്നുറപ്പാണ്. ഹിന്ദു സമൂഹത്തിലെ ഏതാനും കുറെ വിവേകരഹിതരുടെ കൂട്ടായ്മ മാത്രമാണ് സംഘ്പരിവാറെന്ന ബോധം മലയാളിക്കുള്ളതു കൊണ്ടും ജനാധിപത്യബോധമുള്ള തലമുറയായതുകൊണ്ടും മാത്രമാണ് ഫാസിസ്റ്റ് ഇടപെടലുകളെ കേരളം ചെറുത്തുനിൽക്കുന്നത്. പക്ഷേ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുടെ അവസ്ഥ കേരളത്തിലേതെന്നത് പോലെ അത്ര ശുഭകരമല്ല.
രാജ്യത്തിന്റെ അഖണ്ധ ഇല്ലാതാക്കുന്നതിന് ഫാസിസ്റ്റ് ശക്തികൾ നടത്തുന്ന ഈ വർഗ്ഗീയ വിഷച്ചീറ്റൽ പോലെ തന്നെ അപകടകരമാണ് പാവപ്പെട്ടവനെ മുൻനിർത്തി, അവർക്കുവേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്ന നിലയിൽ മാവോയിസ്റ്റുകൾ നടത്തുന്ന പ്രഘോഷണങ്ങൾ. എല്ലാവരേയും ഉൾക്കൊണ്ടുള്ള വികസനമെന്ന ആശയത്തിന് വഴിതെറ്റിയതാണ് മാവോയിസ്റ്റ് സംഘടനകളുടെ വളർച്ചയ്ക്ക് രാജ്യം അടിപ്പെടാൻ കാരണം. ഭരണാധിപന്മാരുടെ വികസന കാഴ്ചപ്പാടുകൾ ഏതാനും ചില രംഗങ്ങളിലേക്ക് മാത്രം കേന്ദ്രീകരിക്കാൻ തുടങ്ങിയതോടെ ഒരു വിഭാഗം ജനത വികസനത്തിന്റെ ഇരകളായി മാറി. നഗരങ്ങളിൽ മൂലധന നിക്ഷേപം ശക്തിപ്പെടുകയും അവ സന്പന്നതയുടെ പാതയിലേക്ക് നീങ്ങുകയും ചെയ്തപ്പോൾ അധഃകൃത സമൂഹവും ആദിവാസികളും കൂടുതൽ ഒറ്റപ്പെടാൻ തുടങ്ങി. ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്താൻ ആവിഷ്‌കരിച്ച പദ്ധതികളാകട്ടെ പലതും അവരെ പരന്പരാഗത തൊഴിലുകളിൽ നിന്നും പൂർണമായും അകറ്റി. എന്നാൽ അവരെ സക്രിയമായി പുതിയ മേഖലകളിലേക്ക് എത്തിക്കുന്നതിനോ പുതിയ ജീവിതക്രമത്തിലേക്ക് അവരെ മാറ്റി നടുന്നതിനോ ക്രിയാത്മകമായ പ്രവർത്തങ്ങൾ സർക്കാരിന്റെ പക്ഷത്ത് നിന്നും ഉണ്ടായതുമില്ല. പ്രദേശത്തെ സാഹചര്യങ്ങളെപ്പറ്റി മതിയായ ബോധമില്ലാത്ത പലരും, തോന്നിയപോലെ ആവിഷ്‌കരിച്ച പദ്ധതികൾ നടപ്പാക്കാൻ തയ്യാറായതോടെ പിന്നാക്കക്കാരുടെ ജീവിതവും ആദിവാസി ജീവിതവുമെല്ലാം അടിതെറ്റി. എങ്ങുമെത്താതെ പോയ അടിസ്ഥാന സൗകര്യവികസനവും തൊഴിൽ ദൗർലഭ്യവും അവരെ ആശങ്കയുടെ തുരുത്തുകളിലേക്കെത്തിച്ചു. സമൂഹത്തിലെ മറ്റുള്ളവരെപ്പോലെ തൊഴിൽ കാര്യശേഷിയുള്ളവരോ മികവുറ്റവരോ അല്ല തങ്ങളെന്ന അപകർഷതാബോധം അവരെ മാവോയിസ്റ്റ് സംഘടനകൾ പോലുള്ള വിഘടനവാദ പ്രസ്ഥാനങ്ങളിലേക്കാണ് കൊണ്ടെത്തിച്ചത്. മാവോയിസ്റ്റുകൾക്ക് തങ്ങൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും തൊഴിലും ഉണ്ടാക്കി നൽകാനാകുമെന്ന് ഈ ജനത തെറ്റിദ്ധരിപ്പിക്കപ്പെട്ടു. ജനാധിപത്യക്രമത്തിലേക്ക് ആ ജനവിഭാഗത്തെ, അവരെ ഉൾക്കൊണ്ടുള്ള പദ്ധതികൾ നടപ്പാക്കി എത്തിക്കുന്നതിന് പകരം മാവോയിസ്റ്റ് വേട്ടയിലൂടെ ജനതയെ നിശ്ശബ്ദരാക്കാമെന്ന് സർക്കാർ പ്രത്യാശിച്ചു. പക്ഷേ ആ ചിന്താഗതി സ്ഥിതിഗതികൾ കൂടുതൽ മോശമാക്കുകയാണുണ്ടാക്കിയത്. പകരത്തിന് പകരം എന്ന പോലെ മാവോയിസ്റ്റുകളും സി.ആർ.പി.എഫ് ജവാന്മാരും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. തങ്ങളുടെ അധീനതയിൽ ചുവപ്പുഭൂമി സൃഷ്ടിച്ചുവെന്നും സമാന്തര ഭരണകൂടം സൃഷ്ടിച്ചുവെന്നും മാവോയിസ്റ്റുകൾ അവകാശപ്പെടുന്പോൾ അവരുടെ മനുഷ്യകവചങ്ങളായി ഒടുങ്ങാൻ ഈ ജനത നിർബന്ധിതരാക്കപ്പെടുന്നു. എത്ര ദയനീയമായ സ്ഥിതിവിശേഷമാണത്.
ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ രണ്ട് ഭീകരതകൾ ഇസ്ലാമിക തീവ്രവാദ സംഘടനകളിൽ നിന്നുള്ള ഭീകരതയും മാവോയിസ്റ്റ് ഭീകരതയുമാണെന്ന് രാജ്യം തീർച്ചപ്പെടുത്തിയതിലേക്ക് നീങ്ങിയ സാഹചര്യങ്ങൾ ഇതൊക്കെ തന്നെയാണ്. എൺപതുകളിലെ സിഖ് തീവ്രവാദ ഭീഷണിയിൽ നിന്നും പുതിയ രണ്ട് ഭീഷണികളിലേക്ക് രാജ്യം നീങ്ങിയിരിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രാലയം തന്നെ സ്ഥിരീകരിക്കുന്ന കാര്യവുമാണ്. ഇസ്ലാമിക തീവ്രവാദത്തിന്റെ കാര്യത്തിൽ ലോകരാഷ്ട്രങ്ങൾ പലതും ഭീഷണി നേരിടുന്നുണ്ടെങ്കിലും ഇന്ത്യയിൽ സംഘ്പരിവാരിന്റെ നിർമ്മിതിയായ കാവിഭീകരത ശക്തിപ്പെട്ടിരിക്കുന്നതിനാൽ സാധാരണക്കാരായവരിൽ നിന്നു പോലും ജിഹാദി പ്രസ്ഥാനങ്ങൾക്ക് പിന്തുണ ലഭിക്കാനുള്ള സാധ്യതകൾ വലുതാണ്. ഇന്ത്യയിൽ സംഘ്പരിവാറിൽ നിന്നും തങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന പീഡനങ്ങൾ അവരെ ഒരുതരം അരക്ഷിതാവസ്ഥയിലെത്തിച്ചിരിക്കുന്നു എന്നതാണ് സത്യം. ഒരു തരം ഫിയർ സൈക്കോസിസ്സ് ആയിപ്പോലും അത് മാറാനുള്ള സാഹചര്യങ്ങളുമുണ്ട്. ലോകത്തു തന്നെ രണ്ടാമത്തെ ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ വസിക്കുന്ന ഒരു പ്രദേശത്ത് അതുണ്ടാക്കാവുന്ന പ്രതിസന്ധികൾ ചെറുതായിരിക്കില്ലെന്നത് വേറെ കാര്യം. നവമാധ്യമങ്ങളിലൂടെയുള്ള മസ്തിഷ്‌ക പ്രക്ഷാളനവും സ്ലീപ്പർ സെല്ലുകളുടെ പ്രവർത്തനങ്ങളുമാണ് ഒരുവിധത്തിൽ കേരളത്തിൽ നിന്നടക്കം നിരവധി പേർ സിറിയയിൽ ഇസ്ലാമിക് േസ്റ്ററ്റ് എന്ന ഭീകരവാദ പ്രസ്ഥാനത്തിന്റെ ചാവേറുകളാൻ തയ്യാറായി നാടുവിട്ടതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അദ്വാനിയുടെ രഥയാത്രയും ബാബറി മസ്ജിദിന്റെ തകർക്കലും വിദ്വേഷത്തിന്റെ ആദ്യകണങ്ങൾ വിതച്ച മണ്ണിലേക്ക് ആഗോള ഇസ്ലാമിക മതഭീകര സംഘടനകളുടെ വേരുകൾക്ക് എളുപ്പം ആഴ്ന്നിറങ്ങാനാകുമെന്നത് വേറെ കാര്യം. ഗോധ്ര സംഭവത്തെ തുടർന്ന് ഗുജറാത്തിൽ നിഷ്‌ക്കരുണം ഹിന്ദു ഭീകരർ മുസ്ലിങ്ങളെ വേട്ടയാടിയതാകട്ടെ, കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും അവരുടെ സഹപ്രസ്ഥാനങ്ങളും കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നതിന് നന്നായി ഉപയോഗിക്കുകയും ചെയ്തു. ഇന്ത്യൻ മുജാഹിദ്ദീൻ പോലുള്ള ഭീകരവാദി പ്രസ്ഥാനങ്ങളെ അമർച്ച ചെയ്യുന്നതിന് തങ്ങൾക്കായെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഊറ്റം കൊള്ളുന്നുണ്ടെങ്കിലും പുതിയകാല ഭീകരതയ്ക്ക് ഒരു സംഘടിത രൂപത്തിന്റെ ആവശ്യമേയില്ലെന്നും അത് രൂപപ്പെടുന്നത് സൈബർ മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെയാണെന്നും സിംഗ് തിരിച്ചറിയാതെ പോകുന്നുവെന്നതാണ് ഖേദകരമായ കാര്യം. ബ്രിട്ടനിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ നടന്ന ആക്രമണങ്ങൾ എങ്ങനെയാണ് പുതിയകാലത്ത് മസ്തിഷ്‌ക പ്രക്ഷാളനത്തിനടിപ്പെട്ടവർ നടത്തുന്നതെന്നും നാം കണ്ടു കഴിഞ്ഞു.
ഇന്ത്യയിൽ സംഘ്പരിവാറിന്റെ വിദ്വേഷരാഷ്ട്രീയം സൃഷ്ടിക്കുന്ന വിഭാഗീയതയേക്കാൾ വലിയ ഭീകരത മറ്റൊന്നുമില്ലെന്നതാണ് വാസ്തവം. ഇന്ത്യയുടെ മതേതര ഒരുമയുടെ ഫാബ്രിക്കിനെ അവതാളത്തിലാക്കാൻ പോകുന്നതും അതേ അജണ്ട തന്നെയാണ്. മുഹമ്മദ് ആഖ്ലാഖിനെ ഉത്തരപ്രദേശിലെ ദാദ്രിയിൽ ഗോമാംസം വീട്ടിൽ സൂക്ഷിച്ചതിന്റെ പേരിൽ ജനക്കൂട്ടം തല്ലിക്കൊന്നപ്പോഴും കന്നുകാലി വിൽപ്പനക്കാരനായ പെഹലു ഖാനെ ഗോരക്ഷകർ ആക്രമിച്ചുകൊന്നപ്പോഴും ഭരണകൂടം അവയെ തള്ളിപ്പറയാൻ മടിച്ചത് ഇന്ത്യൻ മുസ്ലിങ്ങൾക്കിടയിൽ ഉണ്ടാക്കിയ അരക്ഷിതബോധത്തെ തീവ്രവാദ പ്രസ്ഥാനങ്ങൾ മുതലെടുത്താൽ അതിന് പ്രതിക്കൂട്ടിലാക്കേണ്ടത് സംഘ്പരിവാർ എന്ന ഭീകര പരിവാരത്തെ തന്നെയാണെന്ന കാര്യത്തിൽ ആർക്കാണ് സംശയം?
ഇതിനിടയിലാണ് ഇസ്ലാമിക് േസ്റ്ററ്റിൽ നിന്നും പ്രചോദനമുൾക്കൊണ്ട് സ്ഥാപിതമായ പല മോഡ്യൂളുകളും തകർക്കാൻ തങ്ങൾക്കായെന്നാണ് സർക്കാർ ആഭ്യന്തര സുരക്ഷിതത്വത്തെപ്പറ്റി വീരവാദം മുഴക്കുന്നത്. ആ മോഡ്യൂളിൽപ്പെട്ട 90ഓളം പേർ അറസ്റ്റിലാകുകയും ചെയ്തു. എന്നാൽ 90 എന്നത് ചെറിയൊരു സംഖ്യയാണെന്നും ലക്ഷക്കണക്കിന് മനസ്സുകളിൽ ഇന്ന് ഇത്തരം തീവ്രവാദ പ്രസ്ഥാനങ്ങളോടുള്ള ആഭിമുഖ്യം വർദ്ധിച്ചുവരികയാണെന്നും നാം കാണാതെ പോകുന്നു. സിറിയയിൽ ആടുമേയ്ക്കാൻ പോകുന്നതിനെക്കുറിച്ചും ദൈവത്തിന് വേണ്ടി പൊരുതി മരിക്കുന്നതിനെക്കുറിച്ചുമാണ് ഇന്ന് കേരളത്തിലെ പലരും ചിന്തിക്കുന്നത്. സ്നേഹത്തിന്റേയും വിശ്വാസത്തിന്റേയും പ്രമാണങ്ങളിലേക്ക് ക്രൗര്യത്തിന്റേയും വിദ്വേഷത്തിന്റേയും രക്തച്ചൊരിച്ചിലിന്റേയും തെറ്റിദ്ധരിപ്പിക്കലുകൾ കടന്നുകൂടുന്പോഴാണ് ഛിദ്രശക്തികൾ അത് മുതലെടുത്തുകൊണ്ട് നാട്ടിൽ അസമാധാനം വിതയ്ക്കാനെത്തുന്നത്. പ്രശ്നങ്ങളെ വികാരപരമായി കത്തിക്കാനും അതുവഴി സമുദായത്തിന്റെ പിന്തുണ ആർജ്ജിക്കാനും തീവ്രവാദ സ്വഭാവമുള്ള ചില മുസ്ലിം സംഘടനകൾ സമീപകാലത്ത് ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നുവെന്നതും ഇതുമായി ചേർത്തുവായിക്കേണ്ടതു തന്നെ. അഖില എന്ന പെൺകുട്ടി ഹാദിയ എന്ന പേരിൽ ഇസ്ലാമിലേക്ക് മതം മാറിയതിനെ തുടർന്ന്, കോടതിയെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു മുസ്ലിം സംഘടനയുടെ പിന്തുണയോടെ, കോടതി നടപടികൾ തുടരുന്പോൾ ഹാദിയയുടെ വിവാഹം നടത്തിയതാണ് നിയമപരമായ കാരണങ്ങൾ മുൻനിർത്തി േൈഹക്കാടതി റദ്ദാക്കിയതെന്നിരിക്കേ, അതിനെതിരെ പോപ്പുലർ ഫ്ര ണ്ട് ഓഫ് ഇന്ത്യയും അവരുടെ രാഷ്ട്രീയ പ്രസ്ഥാനമായ എസ്.ഡി.പി.ഐയും വളച്ചൊടിച്ചത് നാം കണ്ടതാണ്. ഹൈക്കോടതിക്ക് മുന്നിൽ സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ച അവർ യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ചുകൊണ്ട് നടത്തിയ പ്രചാരണവും എറണാകുളം ജില്ലയിൽ നടത്തിയ ഹർത്താലും തീവ്രവാദ സ്വഭാവമുള്ള പ്രസ്ഥാനങ്ങൾ എങ്ങനെയാണ് സന്ദർഭങ്ങളെ തങ്ങൾക്ക് ആൾബലവും സമുദായത്തിന്റെ പിന്തുണയും നേടുന്നതിനുള്ള അവസരങ്ങളാക്കി മാറ്റുന്നതെന്ന് നമ്മെ ബോധ്യപ്പെടുത്തി തരികയും ചെയ്തു. സംഘ് പരിവാർ നടത്തുന്ന അതേമട്ടിലുള്ള വർഗ്ഗീയ വിഷച്ചീറ്റലുകൾ തന്നെയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും എസ്.ഡി.പി.ഐയും നടത്തുന്നത്.
വർഗ്ഗീയ ഭീഷണി പോലെ തന്നെ അപകടകരമാണ് സായുധ വിപ്ലവത്തിലൂടെ അധികാരം കൈക്കലാക്കാമെന്നുള്ള മാവോയിസ്റ്റുകളുടെ വാദവും. നിലവിലുള്ള വ്യവസ്ഥിതിയെ തൂത്തെറിഞ്ഞ്, കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി സൃഷ്ടിക്കുമെന്ന് പറയുന്ന സായുധവിപ്ലവകാരികളായ മാവോയിസ്റ്റുകൾക്ക് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ അനുഭാവികൾ വളർന്നുവരുന്നുവെന്നതാണ് മറ്റൊരു കാര്യം. വിപ്ലവപ്രസ്ഥാനങ്ങളോട് ആഭിമുഖ്യമുള്ള ഒരു സംസ്ഥാനത്ത്, കുടിയിറക്കപ്പെടുന്നവർക്കൊപ്പവും ആദിവാസികൾക്കൊപ്പവും നിലകൊള്ളുന്നവരും അഴിമതിക്കാരായവരെ അമർച്ച ചെയ്യുന്നവരും മലിനീകരണമുണ്ടാക്കുന്ന ഫാക്ടറികൾക്കെതിരെയും മൾട്ടിനാഷണൽ കുത്തകകന്പനികൾക്കെതിരെയും പോരാടുന്നവരാണ് തങ്ങളെന്ന മിഥ്യാബോധം സൃഷ്ടിച്ചാണ് മാവോയിസ്റ്റുകൾ സമത്വസുന്ദര ലോകമെന്ന ആശയവുമായി യുവാക്കളെ തങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നത്. തങ്ങൾക്കായി പോരാടുന്നവരാണ് മാവോയിസ്റ്റുകൾ എന്ന തോന്നൽ ദുർബല ജനവിഭാഗക്കാർക്കിടയിൽ ജനിപ്പിക്കാൻ അവർക്കാകുന്നതോടെ അവരുടെ ലക്ഷ്യത്തിന്റെ ആദ്യപടി മാവോയിസ്റ്റുകൾ സാക്ഷാത്ക്കരിച്ചുവെന്ന് വേണമെങ്കിൽ പറയാം. കർഷകരേയും ആദിവാസികളേയും സംഘടിപ്പിച്ചുകൊണ്ട് ഭരണകൂടത്തിനെതിരെ പടപൊരുതി അധികാരം കൈകളിലെത്തിക്കാമെന്ന സ്വപ്നം പങ്കിടുന്ന മാവോയിസ്റ്റുകൾ വാസ്തവത്തിൽ ഒരു ഭീകരപ്രവർത്തനം തന്നെയാണ് നടത്തുന്നത്. അവരുടെ തന്ത്രങ്ങളിൽ വീണുപോകുന്ന പാവപ്പെട്ടവരെ മനുഷ്യകവചമായി ഉപയോഗിക്കാനാണ് സി.പി.ഐ (മാവോയിസ്റ്റ്)യും അനുബന്ധ നക്സൽ പ്രസ്ഥാനങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാവോയിസ്റ്റ് വേട്ട ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം അതീവ ദുഷ്‌കരമായി തീരുന്നതും ഇക്കാരണം കൊണ്ടു തന്നെ. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കൾക്ക് അനുഭാവ പ്രകടനവുമായി എത്തിച്ചേരുന്ന രാഷ്ട്രീയ നേതാക്കളാരും തന്നെ അവർ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനെതിരെ സായുധവിപ്ലവം നയിക്കുന്നവരാണെന്ന കാര്യം കണക്കിലെടുക്കാറേയില്ല. ഒരു വിഭാഗം മാധ്യമങ്ങളാകട്ടെ മാവോയിസത്തെ ഇന്നത്തെ പൈങ്കിളിവൽക്കരിക്കുകയും മാവോവാദികൾക്ക് ഇന്ന് പാവപ്പെട്ടവന്റെ പോരാളികളുടെ സ്ഥാനം നൽകുകയും ചെയ്തിരിക്കുന്നു.
തോക്കിൻ കുഴലിലൂടെ അധികാരം എന്നത് കാലഹരണപ്പെട്ട ഒരു ആശയമാണ്. ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു സർക്കാർ അധികാരത്തിലുള്ളപ്പോൾ എങ്ങനെയാണ് ആ സർക്കാരിനെ സായുധവിപ്ലവത്തിലൂടെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്യാനാകുക? അധികാരത്തിലെത്താൻ ജനതയുടെ വിശ്വാസമാർജ്ജിക്കാൻ കഴിഞ്ഞാൽ മതിയെന്നും അക്രമ മാർഗ്ഗങ്ങൾ അതിനാവശ്യമില്ലെന്നും താരതമ്യേനെ പുതിയ രാഷ്ട്രീയ പാർട്ടിയായ ആം ആദ്മി പാർട്ടി ഡൽഹിയിൽ അധികാരത്തിലെത്തുക വഴി തെളിയിക്കുകയും ചെയ്തു. കുറച്ച് പട്ടാളക്കാരെ കുഴിബോംബ് വെച്ച് കൊല്ലുന്നതിലൂടെയോ ഫാക്ടറികൾ ആക്രമിക്കുന്നതിലൂടെയോ ഒന്നും മാവോയിസ്റ്റുകൾ മോഹിക്കുന്ന ജനപിന്തുണയുണ്ടാക്കാൻ അവർക്ക് സാധിക്കുകയുമില്ല. നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ അന്പതാം വാർഷികം ഇക്കഴിഞ്ഞ മെയ് 25ന് ഘോഷിക്കുന്ന സമയത്തുപോലും ഇത്തരമൊരു വകതിരിവ് ആ പ്രസ്ഥാനത്തെ നയിക്കുന്നവർക്കുണ്ടായിട്ടില്ലെന്നതാണ് വാസ്തവം. കമ്മ്യൂണിസ്റ്റുകളാണ് തങ്ങളെന്നാണ് മാവോയിസ്റ്റുകളുടെ വാദം. കമ്മ്യൂണിസത്തോട് സാധാരണക്കാർക്കുള്ള ആഭിമുഖ്യം മുതലെടുത്ത് മുന്നേറുന്ന മാവോയിസ്റ്റുകൾക്ക് അധികാരത്തിലെത്തുക എന്ന അജണ്ടയല്ലാതെ ഇപ്പോൾ അവർ ഘോഷിക്കുന്ന പോലെ പാവപ്പെട്ടവന്റെ ജീവിതം സുന്ദരമാക്കണമെന്നോ അസമത്വം അവസാനിപ്പിക്കണമെന്നോ ഉള്ള താൽപ്പര്യങ്ങളൊന്നും തന്നെയില്ലെന്ന് അവരുടെ ഭൂതകാലപ്രവർത്തനങ്ങൾ വ്യക്തമാക്കുന്നുണ്ട്. അസമത്വങ്ങൾ നിലനിന്നാലെ തങ്ങൾക്ക് നിലനിൽപ്പുള്ളുവെന്നതാണ് വാസ്തവത്തിൽ മാവോയിസത്തെ നയിക്കുന്ന വികാരം. അതുകൊണ്ടു തന്നെ ആദിവാസികൾക്കും സർക്കാരുകൾ കൊണ്ടുവരുന്ന പദ്ധതികളെ എങ്ങനെ തുരങ്കം വയ്ക്കാമെന്നും അവരെ എങ്ങനെ പഴയരീതിയിൽ തന്നെ നിലനിർത്താമെന്നുമാണ് മാവോയിസ്റ്റുകൾ ചിന്തിക്കുന്നത്.
ഇന്ത്യ നേരിടുന്ന ഈ രണ്ട് ഭീഷണികളും ഇന്ന് സാക്ഷര കേരളത്തിലും വ്യാപിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. വിവേകത്തോടെയുള്ള വീക്ഷണവും ബോധവൽക്കരണ പരിപാടികളും അടിസ്ഥാന ജനവിഭാഗത്തിലേക്ക് മാധ്യമങ്ങൾ എത്തിക്കാത്തപക്ഷം കേരളവും ഇത്തരം പ്രചാരണങ്ങൾക്കടിപ്പെട്ടുപോകാനിടയുണ്ട്. ഒരിക്കൽ ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കപ്പെട്ടതാണ് നമ്മുടെ നാട്. ഇനിയും അത്തരം വിശേഷണങ്ങൾ ലഭിക്കാനിടയാക്കുന്ന സാഹചര്യങ്ങളിലേക്ക് നാം കൂപ്പുകുത്തരുത്.