എ ജ്ഞാനി ഓഫ് ആക്ഷൻ
നിതിൻ നാങ്ങോത്ത്
ആക്ഷേപത്തിന്റെ പരീക്ഷയിൽ സർവ്വജ്ഞപീഠം കയറിയിറങ്ങിയ മന്ത്രിപുംഗവന്മാർ കേരളത്തിൽ സംഭവിച്ചതിൽ ആനന്ദജുഗൽബന്ദി അനുഭവിക്കുന്നു. ജഗദ്ഗുരു ശ്രീശങ്കരഭഗവത്പാദരും, മര്യാദാ പുരുഷോത്തമൻ ശ്രീരാമചന്ദ്രരുമൊക്കെ ഇക്കൂട്ടരുടെ മുന്പിൽ “യെന്ത്’’? താത്ത്വികാചാര്യൻ ഇഎംഎസ്സോളം വരില്ല വെറും അദ്വൈതവാദിയായ ശ്രീശങ്കരൻ. രാവണന്റെ ഡീസൻസിക്ക് മുന്പിൽ രാമനൊക്കെ അമാന്യൻ. കക്ഷി കിഡ്നാപ്പിന് ഉപയോഗിച്ച വാഹനം തന്നെ നോക്കുക. ഓമ്നിവാൻ ആണോ? അല്ല. ചെകുത്താൻ എന്നെഴുതിയ പാണ്ടി ലോറിയാണോ? അതുമല്ല. നല്ല ഒന്നാന്തരം സ്വിസ് മെയിഡ് പുഷ്പകവിമാനം! കുബേരമുതലാളിയുടെ കൈയിൽനിന്നും റെന്റിന് എടുത്തതായാലുമെന്താ ഡീസൻസി കീപ്പു ചെയ്തു. കൊണ്ടു പോയി ത്രീസ്റ്റാർ സൗകര്യത്തിൽ റേപ്പു ചെയ്തില്ല. തൊട്ടു അശുദ്ധമാക്കിയതു പോലുമില്ല. നേരെ അശോകവനികയിൽ കൊണ്ടിരുത്തി ബോഡിഗാർഡ്സിനെ ചുറ്റിലും നിരത്തി. അഭിനവരാമന്മാരൊക്കെ കണ്ടു പഠീ...
വാമൊഴിവഴക്കം ഫെയിം മഹാകവി മഹാമന്ത്രി ജീ പൊളിച്ചടുക്കുകയാണ്. ലോകപരിസ്ഥിതി ദിനത്തിൽ തന്നെ രാജ്യവും പ്രജാക്ഷേമ താൽപര്യവും ത്യജിച്ച് വനവാസം പുൽകിയ രാമനും ലക്ഷ്മണനും സീതയ്ക്കുമിട്ട് മാരീചബാണം വിട്ടത് നന്നായി. മരം നടീലിൽ ഒറ്റദിവസം കൊണ്ട് കോടിപതിപ്പട്ടം നേടി മലയാളമനസ്സുകൾ സസ്യശ്യാമളകോമളമായിട്ടുണ്ട്. ഇത്തരം വിഗ്രഹഭഞ്ജകത്വം കൂടിയാവുന്പോൾ ഒരു പേമാരി പ്രതീതി ഫീൽ ചെയ്യും. ഇന്നലെ ആലപ്പുഴയിൽ സംഭവിച്ചത് അതാണ്. ലിംഗഛേദം നടത്തിയ പെൺകൊടിക്ക് അവാർഡ് കൊടുക്കണം എന്നു കൂടി തിട്ടൂരമിട്ടു. കേരളത്തിന്റെ ഭാവി ശോഭനമാണെന്ന കാര്യത്തിൽ ഇനി ദ്വൈതാഭിപ്രായമില്ല.
അഴീക്കോട് മാഷിന്റെയും വിജയൻ മാഷിന്റെയും അഭാവം ശരിക്കും ഫീൽ ചെയ്യുന്നു. മറ്റാരു പൊറുത്താലും ഇത്തരം ഞാനിപീഡനങ്ങളിൽ അവർ ഇടപെടും. ഉറപ്പ്. ചന്തുവിനെ കേമനാക്കിയ, ഭീമനെ ലന്പടനാക്കിയ പുതിയ ലിറ്ററേച്ചർ ലൈനിന്റെ വാമൊഴി മിനിയേച്ചറാണ് ജീ വായ വഴി അനർഗ്ഗള നിർഗ്ഗളം പ്രവഹിച്ചു കൊണ്ടിരിക്കുന്നത്. ശബരിമല ശാസ്താവിനും പരശുരാമനും ദുർഗ്ഗാദേവിക്കുമൊക്കെ ആർത്തവരക്തത്തിൽ ചാലിച്ച് വിമർശനപീരങ്കി ഉണ്ടകൾ മുന്നേ തന്നെ കിട്ടിബോധിച്ചിട്ടുണ്ട്. വിഗ്രഹഭഞ്ജകത്വം പ്രോത്സാഹിക്കപ്പെടേണ്ട ഒന്നല്ല. മഹാഗുരുക്കന്മാരുടെ ത്യാഗസങ്കീർണ്ണമായ ജീവിതത്തെ വെറും കൈയടിക്കു വേണ്ടി മൈക്കിനു മുന്നിൽ പോസ്റ്റ് മോർട്ടം ചെയ്യുന്നത് നല്ല പ്രവണതയാണോ? ഗുരുനിന്ദ ഉമിത്തീയിൽ ദഹിച്ചാലും തീരാത്ത പാപകർമ്മമായി വി.ടി ഭട്ടതിരിപ്പാട് കണ്ണീരും കിനാവിലും ആണയിട്ടത് ഇത്തരുണത്തിൽ സ്മരണീയമാണ്. വ്യക്തമായ യുക്തിയുടേയും ശാസ്ത്രചിന്തയുടേയും അടിസ്ഥാനത്തിൽ സംവാദങ്ങളാവാം. അടച്ചാക്ഷേപം ശരിയോ?
ഇഎംഎസ്സിനേയും അദ്വൈതാചാര്യനെയും ഒരേ വേവ് ലെങ്ത്തിൽ വിചിന്തനം ചെയ്തതിൽ വിയോജിപ്പുണ്ട്. ചരിത്രത്തിനൊപ്പം നടന്ന താത്ത്വികാചാര്യൻ മഹാൻ തന്നെ. അദ്ദേഹത്തിന്റെയും നാരായണഗുരുദേവന്റെയും വ്യക്തി പ്രഭാവത്തിനു മുന്പിൽ ഒറിജിനൽ വിപ്ലവസിംഹമായ ശങ്കരസ്വാമികൾ ഒന്നുമല്ല എന്ന നിരീക്ഷണം ആഴത്തിൽ മുറിപ്പെടുത്തുന്നു. കവികൂടിയായ ജീ ഇങ്ങനെ പറഞ്ഞതിലാണ് ഞെട്ടൽ. വെറും നാലു വർഷം കൊണ്ട് നൂറ്റന്പതിലധികം മഹദ്ഗ്രന്ഥങ്ങൾ രചിച്ച മഹാമനീഷി കൂടിയാണ് ശങ്കരാചാര്യർ എന്ന് ഓർക്കാതെ പോയതെന്തേ!! സനാതനധർമ്മത്തിന്റെ മൗലിക പ്രമാണങ്ങളായ ഉപനിഷത്തുക്കൾക്കും ബ്രഹ്മസൂത്രത്തിനും ഭഗവദ്ഗീതയ്ക്കും ഭാഷ്യം രചിച്ച് സ്വസിദ്ധാന്തം സ്ഥാപിച്ച മഹത്വത്തെ കണ്ടില്ലെന്ന് നടിക്കാമോ? വിവേകചൂഡാമണിയും ഉപദേശസാഹസ്രിയും യോഗതാരാവലിയും പ്രപഞ്ചസാരവും അങ്ങയുടെ പൂച്ചക്കവിതകൾക്കു മുന്നിൽ സാഷ്ടാംഗപ്പെടണോ? സൗന്ദര്യലഹരിയും ശിവാനന്ദലഹരിയും ദക്ഷിണാമൂർത്ത്യഷ്ടകവും വായിച്ചവർ അങ്ങയുടെ ‘എനിക്കൊന്നുറങ്ങണം ‘കാവ്യം വായിച്ചിട്ട് ആശ്ചര്യപ്പെടണോ? ആത്മബോധം, പ്രശ്നോത്തര രത്നമാല, അപരോക്ഷാനുഭൂതി, വാക്യവൃത്തി... അനർഘങ്ങളും ലോകോത്തരങ്ങളുമായ ശാങ്കര കൃതികളോട് മത്സരിക്കാൻ വ്യാസനും വാത്മീകിയുമല്ലാതെ വേറെ ആരുണ്ട് ഈ ഉലകത്തിൽ??
വിഗ്രഹഭഞ്ജകത്വം ഒരു ഫാഷനാവാതിരിക്കട്ടെ. ന്യൂ ജെന്നിന്റെ തലയിലെങ്കിലും ന്യൂജിന്ന് വളരാതിരിക്കട്ടെ. ചോദ്യം ചെയ്ത് പഠിക്കുക നല്ല പ്രവണത തന്നെ. പക്ഷെ അത് പിതാമഹരുടെ കളരിയിലും ഗുരുക്കളുടെ നെഞ്ചത്തുമാവുന്നതിൽ അഭംഗിയുണ്ട്. വിഗ്രഹം എന്ന പദത്തിന്റെ ഒന്നാമത്തെ അർത്ഥം ശരീരം എന്നു തന്നെയാണ്. മൽപ്പിടുത്തം എന്ന് പിന്നെയും പ്രതിമ അഥവാ ബിംബമെന്ന് ഒടുവിലായും. സുധാകരജീയുടെ ശാരീരികവും പ്രതിമാപരവുമായ ഈ ആക്രമണതുടർച്ച ഇനി പലരിൽ നിന്നുമുണ്ടാവാനുമിടയുണ്ട്. മഹാഭാരതം കേരളത്തിൽ രണ്ടാമൂഴം തന്നെയായ സ്ഥിതിക്ക് മൂലകൃതിയിൽ തൊട്ടാൽ വിവരമറിയുമെന്ന അടിയന്തിരാവസ്ഥയിൽ മഷി നിറച്ച ആവിഷ്ക്കാരസ്വാതന്ത്ര്യക്കാലത്ത് ഇത്തരം ചാണകം തെളിക്കലുകൾ ഭാരതസംസ്ക്കാരത്തിന് ഗുരുതരമായ പരിക്കുകൾ ഏൽപ്പിക്കുമെന്ന് ഉറപ്പാണ്. അംബേദ്ക്കറെയാണ് ഇങ്ങനെ ട്രോളിയതെങ്കിൽ അയ്യങ്കാളിപ്പട പന്തം കൊളുത്തുമായിരുന്നില്ലേ? മറ്റേതൊരു മതത്തിന്റെയും യുഗപ്രഭാവന്മാരോടായിരുന്നു ഈ കംപാരിസൺ എങ്കിൽ? വെറുമൊരു മതംമാറ്റ ഇഷ്യൂവിൽ പോലും ഹൈക്കോടതി പരിസരം പീരങ്കിമഴ പെയ്യിക്കുന്ന കാലത്ത്, തീവ്രവാദം ആരോപിച്ച് ഖത്തർ ഒറ്റപ്പെടുന്ന കാലത്ത്, വെറുക്കപ്പെട്ടവനെ കൊലപാതകിയെ വിശുദ്ധനും പൊതുകാര്യപ്രസക്തനുമാക്കാൻ നാട്ടുകാർ മീറ്റിങ് കൂടുന്ന കാലത്ത്, വാട്സാപ്പും ഫേസ്ബുക്കും തുറക്കുന്പോൾ കേരളത്തിൽ ഒരു വർഗ്ഗീയകലാപം നാളെയുണ്ടാവും എന്ന തോന്നലുണ്ടാവുന്ന കാലത്ത് ബഹുമാനപ്പെട്ട ജീ സുധാകരൻ മാസ്റ്ററേ ഇംഗ്ലീഷ് ക്രിട്ടിസിസത്തിന്റെ സ്കോട്ടിയൻ പരിപ്രേക്ഷ്യം പാവം മലയാളി മനസ്സിൽ പരിക്കുകളുണ്ടാക്കും. പരശുരാമൻ മഴു നീട്ടിയെറിയാത്തത് കൊണ്ടാണ് കേരളം ചെറുതായിപ്പോയതെന്ന ട്രോളിങ് ദാ വന്നു കഴിഞ്ഞു. അന്ധവിശ്വാസം പോലെ ഒരു വിശ്വാസമാണ് ദൈവവിശ്വാസവും. തെയ്യവും തിറയും പെരുന്നാളും നോന്പും തിരുപ്പിറവിയുമൊക്കെയായി നമ്മുടെ നാടെങ്കിലും ആനന്ദത്തിലും സമാധാനത്തിലും ജീവിക്കട്ടെ. അറിവ് പലപ്പോഴും ദുഃഖത്തിന്റെ ആരംഭം കൂടിയാണ് !!