കാലാവസ്ഥ, കലാപം, രാഷ്ട്രീയം
വി.ആർ. സത്യദേവ്
പാരീസ് ഉടന്പടി അമേരിക്കൻ താൽപ്പര്യങ്ങൾക്കും വ്യവസായത്തിനും കനത്ത തിരിച്ചടിയാവുമെന്നാണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറയുന്നത്. തൊഴിലവസരങ്ങളുടെ കാര്യത്തിലും വലിയ കുറവുവരുന്നതോടെ രാജ്യത്ത് പലരും പട്ടിണിയിലാവുമെന്നും ട്രംപ് പറഞ്ഞു െവയ്ക്കുന്നു. ആഗോളതാപന ഭീഷണിയെ കുറച്ചെങ്കിലും പിടിച്ചുകെട്ടാനുറച്ചുള്ള പാരീസ് ഉടന്പടിയിൽ നിന്നുള്ള അമേരിക്കൻ പിൻമാറ്റത്തിനുള്ള ന്യായീകരണങ്ങളിലാണ് ട്രംപിന്റെ ഈ അവകാശവാദങ്ങൾ. ഇത് പച്ചക്കള്ളമാണെന്നും പിന്മാറ്റം കൊടിയ വഞ്ചനയാണെന്നും ആരോപിച്ച് പരിഷ്കൃത ലോകം ട്രംപിനെതിരെ പ്രതിഷേധാഗ്നി ആളിക്കത്തിക്കുകയാണ്. ആരോപണ പ്രത്യാരോപണക്കാർക്ക് അവരവരുടെ ന്യായാന്യായങ്ങളുണ്ട്. അതിലേയ്ക്കു വരും മുന്പ് ആഗോള രാഷ്ട്രീയ രംഗത്തു നിന്നും ഇന്നലെയുണ്ടായ ഒരു ആക്രമണ വാർത്ത പരാമർശിക്കാതിരിക്കാനാവില്ല.
തെരേസ മേ പറഞ്ഞത് ശരിയായിരുന്നു. ബ്രിട്ടൺ തീവ്രവാദി ആക്രമണഭീഷണിയുടെ മുൾമുനയിലാണ് എന്നായിരുന്നു കഴിഞ്ഞയാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞത്. മാഞ്ചസ്റ്റർ ചാവേറാക്രമണത്തിന്റെ വെളിച്ചത്തിലായിരുന്നു മേയുടെ പ്രസ്താവന. മാഞ്ചസ്റ്റർ ആക്രമണത്തെ തുടർന്ന് രാജ്യത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ആക്രമണ ഭീഷണി ഏറ്റവും കടുത്ത നിലവാരത്തിലാണെന്നും വിലയിരുത്തപ്പെട്ടു. ഏതു സമയത്തും എവിടെയും മറ്റൊരു തീവ്രവാദിയാക്രമണം പ്രതീക്ഷിക്കാമെന്ന മേയുടെ മുന്നറിയിപ്പ് ഇന്നലെ രാത്രി സത്യമായി. ഈ മാസം എട്ടിന് പൊതു തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് രാജ്യത്ത് തീവ്രവാദിയാക്രമണങ്ങൾ അധികരിച്ചിരിക്കുന്നത്.
പ്രസിദ്ധമായ ലണ്ടൻ പാലത്തിലും തൊട്ടടുത്ത ബറോ മാർക്കറ്റിലും തീവ്രവാദികൾ മരണതാണ്ധവമാടിയപ്പോൾ പൊലിഞ്ഞത് 6 ജീവനുകൾ. അതിവേഗത്തിൽ ഒരു വെള്ള വാൻ കാൽനടയാത്രക്കാർക്കിടയിലേയ്ക്ക് ഓടിച്ചു കയറ്റിയായിരുന്നു ആക്രമണം. രാത്രി പ്രാദേശികസമയം 10 മണികഴിഞ്ഞായിരുന്നു പാലത്തിലെ ആക്രമണം. ഒരു മണിക്കൂറിനുള്ളിൽ ബറോയിലും ആക്രമികൾ മരണം വിതച്ചു. ബാറുകളും ഹോട്ടലുകളും മറ്റും നിറഞ്ഞ പ്രദേശമാണ് ബറോ. ആക്രമണം നടത്തിയത് മൂന്നു തീവ്രവാദികളാണ് എന്നതാണ് പ്രാഥമിക നിഗമനം. മൂന്നു പേരെയും സുരക്ഷാ സൈനികർ വെടിവെച്ചു കൊന്നു.
സർക്കാർ പുലർത്തിയ ജാഗ്രത മൂലം തന്നെയാണ് മൂന്ന് അക്രമികൾ തുനിഞ്ഞിറങ്ങിയിട്ടും മരണസംഖ്യ 6ൽ ഒതുങ്ങിയത് എന്നുറപ്പ്. അക്രമികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. എങ്കിലും നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്പോൾ ഇതിനു പിന്നിലും ഐ.എസ് തന്നെ ആകാനാണ് സാദ്ധ്യത എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം നടന്ന മാഞ്ചസ്റ്റർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. അന്ന് ചാവേറായത് ലിബിയൻ വംശജനായ സൽമാൻ റമദാൻ അബേദി എന്ന 22 കാരനായിരുന്നു. പ്രമുഖ ഗായിക അരിയാനേ ഗ്രാൻഡേയുടെ സംഗീത നിശയ്ക്കിടെ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സിറിയയിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിനുള്ള പ്രതികാരമായാണ് അബേദി ചാവേറായത് എന്നായിരുന്നു ഐ.എസ് അവകാശവാദം. മുവമ്മർ ഗദ്ദാഫിയുടെ ഭരണകാലത്ത് മാഞ്ചസ്റ്ററിലേയ്ക്കു കുടിയേറിയ കുടുംബത്തിൽ ജനിച്ച ബ്രിട്ടീഷ് പൗരനായിരുന്നു അബേദി.
ഐഎസ്സിന്റേതായി വന്ന അവകാശവാദം എന്തായാലും അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന നേതാക്കൾ പലരുണ്ട്. കുടിയേറ്റങ്ങൾക്കെതിരെയുള്ള തന്റെ നടപടികളെയും നിലപാടിനെയും സാധൂകരിക്കാൻ സംഭവത്തെ ആയുധമാക്കിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കോടതികൾ കവർന്നെടുത്ത തങ്ങളുടെ അധികാരങ്ങൾ തിരിച്ചു നൽകാൻ തയ്യാറാവണമെന്നും സംഭവത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ട്രംപ് പറഞ്ഞു െവച്ചു. പാരീസ് ഉടന്പടിക്കാര്യത്തിലും പ്രസിഡണ്ടു തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലാരോപണത്തിലും കളങ്കപ്പെട്ട പ്രതിച്ഛായ തീവ്രവാദ വിരുദ്ധ പോരാട്ടത്തിലെ ഐക്യദാർഢ്യം കൊണ്ടു തിരുത്താനുള്ള അവവസരമാക്കി മാറ്റാനാണ് ട്രംപിന്റെ നീക്കം. ഈ സാഹചര്യം ദുരുപയോഗംചെയ്യപ്പെടുന്നത് ഒട്ടും ആശാസ്യമല്ല. എന്നാൽ അത്തരം സാദ്ധ്യതകളുടെ ശക്തി വർദ്ധിപ്പിക്കുന്നതാണ് ഇന്നലെ രാത്രി ലണ്ടനെയും ലോകത്തെ തന്നെയും നടുക്കിയ ആക്രമണം എന്ന സത്യം തള്ളിക്കളയാനാവില്ല.
ദിവസങ്ങളുടെ വ്യത്യാസത്തിൽ ആക്രമണം ആവർത്തിക്കപ്പെട്ടിരിക്കുന്നു. എന്നാൽആക്രമണത്തിൽ കൂടുതലാൾക്കാർ പങ്കെടുത്തിട്ടും മരണ സംഖ്യ ആറിലൊതുക്കാനായി എന്നതിൽ സുരക്ഷാ, ഭരണ സംവിധാനങ്ങൾക്ക് അഭിമാനിക്കാം. അതെന്തായാലും പന്ത്രണ്ടാണ്ടുകൾക്കു മുന്പ് ഒരു ജൂലൈ മാസത്തിൽ അരങ്ങേറിയ തീവ്രവാദിയാക്രമണം പോലെ തന്നെ ലണ്ടനെ നടുക്കുന്നതാണ് ഇത്തവണത്തെയും ആക്രമണം. 2005 ജൂലൈ 7ന് ലണ്ടൻ ട്യൂബ് റയിൽ സംവിധാനത്തിൽ മൂന്നു ടനങ്ങളും ലണ്ടൻ ബസ്സിൽ ഒരു സ്ഫോടനവുമാണ് ഉണ്ടായത്. ആകെ മരണസംഖ്യ 56 എന്ന് റിപ്പോർട്ടു ചെയ്യപ്പെട്ടു എങ്കിലും മരണ സംഖ്യ അതിലുമേറെയായിരുന്നു എന്ന് പിന്നാന്പുറ റിപ്പോർട്ടുകളുണ്ടായിരുന്നു. അതുകഴിഞ്ഞിങ്ങോട്ട് വർഷം 12 കഴിയുന്പോൾ രാജ്യം നേരിടുന്ന തീവ്രവാദ ഭീഷണി അന്നത്തേതിന്റെ പതിന്മടങ്ങാണ്. അതിനു പലതിനു പിന്നിലും കുടിയേറ്റക്കാരാണ് എന്നത് ആശങ്കപ്പെടുത്തുന്ന വാസ്തവവുമാണ്. തീവ്രവാദത്തിന്റെ വഴിയേ പോകാത്ത പതിനായിരക്കണക്കിനു കുടിയേറ്റക്കാരുടെ ഭാവി ഇരുളടഞ്ഞതാക്കുന്നതാണ് ചാവേറുകളുടെ ഈ ദുഷ്പ്രവൃത്തി. ആഭ്യന്തര സംഘർഷങ്ങളിൽപ്പെട്ടുഴലുന്ന ഒരുപാടു ഹതാശരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്നതുമാണ് ഇത്തരം സംഭവങ്ങൾ.
ലോകശക്തിയായ ബ്രിട്ടണിലുണ്ടായതു കൊണ്ട് ആക്രമണത്തിനു കൂടുതൽ പ്രാധാന്യം ലഭിക്കുന്നു. ആക്രമണങ്ങൾക്കു ലഭിക്കുന്ന പ്രാമുഖ്യം പോലെ തന്നെയാണ് അവയിൽ മരിക്കുന്ന നിരപരാധികളുടെ ജീവന് ലോകം വെയ്ക്കുന്ന വിലയും. ഈ കുറിപ്പു തയ്യാറാക്കുന്പോൾ കിട്ടുന്ന വിവരമനുസരിച്ച് ലണ്ടൻ ആക്രമണത്തിൽ മരണസംഖ്യ ആറാണ്. ലണ്ടനു പുറമേ ഭൂഗോളത്തിന്റെ ഇതര ഭാഗങ്ങളിൽ പലതിലും സമാനമായ ചോരപ്പുഴകളൊഴുകുന്നു. പലപ്പോഴും അവയിലൊക്കെ പൊലിയുന്ന മനുഷ്യ ജീവനുകളുടെ സംഖ്യ ഇന്നലെ നഷ്ടമായതിനേക്കാൾ ഏറെയാണ്. എന്നാൽ അവയ്ക്കൊന്നും കാര്യമായ പ്രാധാന്യം നമ്മൾ നൽകുന്നില്ല.