ഐ.ടിയിലെ ഭൂകന്പങ്ങൾ!
ജെ. ബിന്ദുരാജ്
കശാപ്പിനായുള്ള കാലിവിൽപ്പനയ്ക്ക് വനം പരിസ്ഥിതി മന്ത്രാലയം ഏർപ്പെടുത്തിയ നിരോധനം കർഷകർക്കും കന്നുകാലിവിൽപ്പനക്കാർക്കും തൊഴിൽ നഷ്ടമുണ്ടാക്കുമെന്ന ഭീതി നിലനിൽക്കുന്പോൾ തന്നെ രാജ്യത്തെ ഇൻഫർമേഷൻ ടെക്നോളജി രംഗത്ത് പ്രവർത്തിക്കുന്ന മുപ്പത് ലക്ഷത്തോളം ജീവനക്കാരും തങ്ങളുടെ മേഖലയിലെ ഡിജിറ്റലൈസേഷനും ഓട്ടോമേഷനുമുണ്ടാക്കിയ പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. കശാപ്പുകാരുടെ കന്നുകാലി വിപണിക്കാര്യവും ഐ.ടി മേഖലയിലെ തൊഴിൽ പ്രതിസന്ധിയും താരതമ്യം ചെയ്യുന്നത് വെള്ളക്കോളർ ജോലിക്കാർക്ക് തെല്ലൊരു അപകർഷതാബോധമുണ്ടാക്കിയേക്കാമെങ്കിലും ഈ രണ്ട് മേഖലകളും തമ്മിൽ സാദൃശ്യങ്ങൾ ധാരാളമുണ്ടെന്നതാണ് സത്യം. രണ്ട് കൂട്ടരും അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരാണെന്നത് മാത്രമല്ല ആ സാമ്യം. പാടത്ത് പണിയെടുക്കുന്ന കാളകൾ പ്രായമാകുന്പോൾ ഉപയോഗശൂന്യമാകുന്നത് പോലെയാണ് മുപ്പത്തിയഞ്ച് വയസ്സു കഴിഞ്ഞ ഐ.ടി ജീവനക്കാർക്ക് ഇന്ന് തൊഴിൽ നഷ്ടപ്പെടുന്നത് എന്നതാണ് പ്രധാന സാദൃശ്യം. വയസ്സായ കാളയും പുതിയ സ്കിൽ പരിശീലിപ്പിച്ചെടുക്കാനാകാത്ത ഐ.ടി തൊഴിലാളിയും ഒരർത്ഥത്തിൽ ഒരുപോലെയാണ്. പ്രായം ചെന്ന കാളയെ അറവുശാലയിലേക്ക് വിടാൻ പുതിയ ഉത്തരവ് പ്രകാരം സാധ്യമല്ലാത്തത് പോലെ പ്രായം ചെന്ന, പുതിയ സ്കിൽ പഠിക്കാനാകാത്ത ഐ.ടി തൊഴിലാളിക്ക് മറ്റൊരു തൊഴിൽ നൽകാൻ ഐ.ടി സ്ഥാപനങ്ങൾക്കുമാവില്ല. അതുകൊണ്ട് തന്നെ ഈ നാൽക്കാലികളായ തൊഴിലാളികളുടേയും ഇരുകാലികളായ ജീവനക്കാരുടേയും അവസ്ഥകൾക്ക് സാമ്യങ്ങളേറെയുണ്ട്.
ഇന്ത്യയിലെ ഐ.ടി മേഖല ഒരു കാലിത്തൊഴുത്തു പോലെയാണ്. ജീവനക്കാർക്ക് പ്രത്യേക അവകാശങ്ങളൊന്നുമില്ല. എന്തിന്, സംഘടിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. തൊഴിൽ സുരക്ഷിതത്വമെന്ന വാക്ക് ഉച്ഛരിക്കാൻ പോലും അവകാശമില്ലാത്ത തൊഴിലാളി വർഗ്ഗമാണവർ. കുറച്ചുകാലം മുന്പു വരെ ഐ.ടി മേഖലയിൽ തൊഴിൽ നഷ്ടമുണ്ടാകാനുള്ള സാധ്യതകളൊന്നും തന്നെ ആരും കണ്ടിട്ടില്ലാതിരുന്നതിനാൽ മക്കളെ ഐ.ടി എഞ്ചിനീയർമാരാക്കി വിദേശത്തേക്ക് കടത്തുന്നതിലായിരുന്നു മാതാപിതാക്കൾക്കും ശ്രദ്ധ. പക്ഷേ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. എപ്പോഴാണ് ഏതെങ്കിലുമൊരു കാരണം പറഞ്ഞ്, വിശദീകരണം ചോദിക്കാതെ പിരിച്ചുവിടൽ കത്ത് ഇ-മെയിലിൽ എത്തുന്നതെന്ന് അവർക്ക് പറയാനാവില്ല. കേരളത്തിൽ നിന്നുള്ള നിരവധി ഐ.ടി ജീവനക്കാർ ഇതിനകം തന്നെ ചെറിയ കാരണങ്ങളുടെ പേരിൽ പിരിച്ചുവിടൽ നേരിട്ടുകഴിഞ്ഞിരിക്കുന്നു. തൊഴിലെടുക്കേണ്ടത്ര സമയം ഓഫീസിൽ ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞോ പെർഫോമൻസ് പ്രതീക്ഷിച്ചപോലെ ഉയർന്നില്ലെന്നോ പറഞ്ഞാണ് ഒട്ടുമിക്കവരേയും പറഞ്ഞയച്ചത്. മറ്റ് ചിലരോട് അവർ വർക്ക് ചെയ്തിരുന്ന പ്രോജക്ട് അവസാനിക്കുകയാണെന്നും അവരെ പുതിയ പ്രോജക്ട് വരുന്നതു വരെ ടാലന്റ് പൂളിലേക്ക് മാറ്റുകയാണെന്നുമായിരുന്നു സന്ദേശം. എന്തായാലും രണ്ടോ മൂന്നോ മാസങ്ങൾക്കിടയിൽ മാത്രം ഐ.ടി ജീവനക്കാർക്കിടയിൽ നിന്നും വലിയൊരു ശതമാനം പേർ പിരിച്ചുവിടപ്പെടുകയോ പിരിച്ചുവിടൽ ഭീഷണി നേരിടുകയോ ചെയ്യുന്നു. ഐ.ടി രംഗത്ത് തൊഴിൽ നഷ്ടഭീതി വളർന്നുവരുന്നതു മൂലം ഇത്തവണ ഐ.ടി പഠിക്കാൻ എഞ്ചിനീയറിംഗ്് കോളേജുകളിൽ ആളില്ലാതാകുന്ന അവസ്ഥയ്ക്കും ഇടയാക്കിയിട്ടുണ്ട്. ഐ.ടി രംഗത്ത് വരും വർഷങ്ങളിൽ വലിയ കുതിപ്പുണ്ടാകുമെന്നാണ് നാസ്കോം പ്രവചിച്ചിരുന്നതെങ്കിലും ഡിജിറ്റൽ രംഗത്തെ പുതുസാങ്കേതികതയുടെ വരവും അമേരിക്കൻ കന്പനികളിലോ ഇന്ത്യക്കാരുടെ അമേരിക്കയിലുള്ള സ്ഥാപനങ്ങളിലോ ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടം സംഭവിക്കാനിടയുണ്ടെന്ന പ്രവചനങ്ങളുമാണ് ഐ.ടി രംഗത്തെ ഇപ്പോഴത്തെ സ്ഥിതിവിശേഷങ്ങൾക്കിടയാക്കിയിരിക്കുന്നത്. എന്തിനധികം പറയുന്നു, രാജ്യത്തുടനീളം ഐ.ടി മേഖലയിൽ ഈ ഭീതി ശക്തിപ്പെട്ടതിനെ തുടർന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് ജൂൺ ആദ്യവാരം ഡൽഹിയിൽ വെച്ച് രാജ്യത്തെ പ്രമുഖ ഐ.ടി കന്പനികളുടെ മേധാവികളുമായി വിഷയം ചർച്ച ചെയ്യുന്നതിനായി അടിയന്തരയോഗം വിളിച്ചുചേർത്തിരിക്കുകയാണിപ്പോൾ. ഇൻഫോസിസ്, വിപ്രോ, ടി.സി.എസ്, എച്ച്.സി.എൽ തുടങ്ങിയ പ്രമുഖ ഇന്ത്യൻ ഐ.ടി കന്പനികൾ ഈ യോഗത്തിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
ഐ.ടി രംഗത്ത് കുതിച്ചുചാട്ടം ഉണ്ടാകുമെന്ന പ്രവചനങ്ങളായിരുന്നു കഴിഞ്ഞ ഒരു വർഷം മുന്പു വരെ സോഫ്റ്റ്്വെയർ സ്ഥാപനങ്ങളുടെ സംഘടനയായ നാസ്കോം അടക്കം നടത്തിയിരുന്നത്. 2025ഓടെ 25 ലക്ഷം മുതൽ 30 ലക്ഷം വെര പേർക്ക് ഐ.ടി മേഖലയിൽ തൊഴിൽ ലഭിക്കുമെന്നാണ് നാസ്കോം പ്രവചിച്ചിരുന്നത്. കേന്ദ്ര ഐ.ടി മന്ത്രാലയമാകട്ടെ ഇതിനേക്കാൾ ഒരുപടി കൂടി മുന്നോട്ടുപോയി 40 പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടാനുള്ള അവസരമാണ് ഇന്ത്യയിലുള്ളതെന്ന് പറയുന്നു. എട്ട് മുതൽ ഒന്പത് ശതമാനം വരെ വളർച്ചാനിരക്ക് നിലവിൽ കാണിക്കുന്ന ഐ.ടി രംഗത്ത് വൻതോതിലുള്ള തൊഴിൽ നഷ്ടത്തിനുള്ള സാഹചര്യങ്ങൾ ഇപ്പോഴില്ലെന്നാണ് സർക്കാരിന്റെ പക്ഷം. പകരം വാർഷിക അപ്രൈസലിന്റെ ഭാഗമായി കന്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നതിനപ്പുറം ഇപ്പോഴത്തെ തൊഴിൽ നഷ്ടങ്ങൾക്ക് മറ്റ് കാരണങ്ങളൊന്നുമിെല്ലന്നാണ് കേന്ദ്ര ഐ.ടി സെക്രട്ടറി അരുണാ സുന്ദർരാജൻ പറയുന്നത്. കഴിഞ്ഞ രണ്ടര വർഷത്തിനിടയ്ക്ക് അഞ്ച് ലക്ഷം പേർക്ക് ഐ.ടി വ്യവസായരംഗം തൊഴിൽ നൽകിയിട്ടുണ്ടെന്നും സർക്കാർ പറയുന്നു.
എന്നാൽ പുറമേയ്ക്ക് ധൈര്യം പ്രകടിപ്പിച്ചുകൊണ്ടുള്ള സർക്കാരിന്റെ ഈ മുഖംമൂടിക്കും കണക്കുകൾക്കും പിന്നിൽ ഗൗരവതരമായ പല യാഥാർത്ഥ്യങ്ങളും സത്യങ്ങളും ഒളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നതാണ് വാസ്തവം. വാർഷിക അപ്രൈസലിന്റെ ഭാഗമായി നടത്തുന്ന പിരിച്ചുവിടലായി മാത്രം ഇപ്പോഴത്തെ സംഭവവികാസങ്ങളെ ചുരുക്കിക്കാണുന്നത് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നുള്ള ഒരു ഒളിച്ചോടൽ മാത്രമാണെന്നാണ് ഐ.ടി രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
പുതിയ സാങ്കേതികവിദ്യകളുമായി നിലവിലുള്ള ജീവനക്കാരെ പരിശീലിപ്പിച്ചെടുക്കാൻ കാലതാമസെമടുക്കുമെന്നതിനാൽ ഐ.ടി രംഗത്ത് 1.75 ലക്ഷം പേർ മുതൽ രണ്ട് ലക്ഷം പേർ വരെ പ്രതിവർഷം പിരിച്ചുവിടപ്പെടാൻ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് സെർച്ച് സ്ഥാപനമായ ഹെഡ് ഹണ്ടേഴ്സ് ഇന്ത്യ നേരത്തെ പ്രവചിച്ചിരുന്നതുമാണ്. ഇതിന് പുറമേ, വരുന്ന മൂന്ന് നാല് വർഷക്കാലയളവിൽ നിലവിൽ ഐ.ടി രംഗത്ത് തൊഴിലെടുക്കുന്ന പകുതിയിലേറെപ്പേർ ഉപയോഗശൂന്യരായി മാറുമെന്ന് മകിൻസേ ആൻഡ് കന്പനിയുടെ ഒരു റിപ്പോർട്ടും വ്യക്തമാക്കിയിരുന്നതാണ്. അതായത് നിലവിൽ 39 ലക്ഷം പേരോളം വരുന്ന തൊഴിൽശേഷിയുള്ള ഐ.ടി രംഗത്ത്, ഒട്ടുമിക്കവർക്കും പുനർപരിശീലനം നടത്താത്തപക്ഷം അവരെ തൊഴിലിൽ നിയമിക്കാവില്ലെന്നാണ് വിദഗ്ദ്ധമതം. ക്ലൗഡ് അധിഷ്ഠിത സേവനങ്ങളടക്കം ഡിജിറ്റൽ സാങ്കേതികതാരംഗത്ത് പുതിയ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നതിനാൽ കന്പനികൾ അവ പഠിക്കാനും ജീവനക്കാരെ പഠിപ്പിക്കാനുമുള്ള തീവ്രശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണിപ്പോൾ. എന്നാൽ 35 വയസ്സിനുമേൽ പ്രായമുള്ളവർക്ക് പുതിയ സാങ്കേതികവിദ്യ സ്വായത്തമാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലാത്തതിനാൽ അവരെ നീക്കം ചെയ്യാനാകും ഒട്ടുമിക്ക കന്പനികളും ശ്രമിക്കാൻ സാധ്യത.
ആറ് ലക്ഷത്തോളം ഐ.ടി ജീവനക്കാർക്ക് വരുന്ന മൂന്ന് വർഷത്തിനുള്ളിൽ തൊഴിൽ നഷ്ടപ്പെടുന്ന പക്ഷം അത് ഇന്ത്യയുടെ റിയൽ എേസ്റ്ററ്റ് മേഖലയിൽ വലിയ പ്രതിസന്ധികളുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഉയർന്ന ശന്പളം വാങ്ങുന്ന ഐ.ടി പ്രൊഫഷണലുകളും പ്രവാസികളുമാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ റിയൽ എേസ്റ്ററ്റ് വിപണിയെ ഇക്കാലമത്രയും സജീവമായി നിലനിർത്തിക്കൊണ്ടിരുന്നത്. തൊഴിൽ നഷ്ടം സംഭവിക്കുന്നതോടെ പ്രതിമാസഗഡുവിൽ വീട് സ്വന്തമാക്കിയിരുന്നവർ പലരും അത് ചുരുങ്ങിയ വിലയ്ക്ക് വിറ്റ് കടക്കെണിയിൽ നിന്നും രക്ഷ നേടാൻ ശ്രമിക്കുക സ്വാഭാവികമാണ്. ഐ.ടി രംഗത്തെ വളർച്ച മുന്നിൽക്കണ്ട് കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെ ഫ്ളാറ്റ് സമുച്ചയങ്ങൾ കെട്ടിപ്പൊക്കിക്കൊണ്ടിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം പഴയ ഫ്ളാറ്റുകൾ ചെറിയ വിലയ്ക്ക് ഐ.ടിക്കാർ വിൽക്കുന്നതു മൂലം അപ്പാർട്ട്മെന്റുകളുടെ വിലയിൽ സാരമായി ഇടിവുണ്ടാകാനുള്ള സാധ്യതകൾ കാണുന്നുണ്ട്. റിയൽ എേസ്റ്ററ്റ് രംഗത്ത് ചട്ടങ്ങൾ കർശനമാക്കുകയും കള്ളപ്പണത്തിന്റെ ഒഴുക്ക് സർക്കാർ നിയന്ത്രിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സ്ഥിതിയിൽ ഐ.ടി രംഗത്തെ തൊഴിൽ നഷ്ടം റിയൽ എേസ്റ്ററ്റ് മേഖലയ്ക്ക് കൂനിന്മേൽ കുരുവാകുമെന്ന കാര്യത്തിൽ സംശയമില്ല.
തൊഴിലാളി യൂണിയനുകളുെട സാന്നിദ്ധ്യം ഒട്ടുമില്ലാത്ത മേഖലയാണ് ഐ.ടി. നേരത്തെ ഈ മേഖലയിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സംഘടനകൾ രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ജീവനക്കാരിൽ നിന്നും പിന്തുണ ലഭിക്കാത്തതിനാൽ അവയൊന്നും തന്നെ യാഥാർത്ഥ്യമായിരുന്നില്ല. ഇത്തരം യൂണിയനുകളുണ്ടാക്കാൻ ശ്രമിച്ചവരെ ഐ.ടി സ്ഥാപനങ്ങൾ പുറത്താക്കുകയും ചെയ്തിരുന്നു. നിലവിലും അവസ്ഥ ഭിന്നമല്ല. തൊഴിലിൽ നിന്നു പുറത്തായവർ പോലും തങ്ങളുടെ പേരു പോലും പുറത്തുവരരുത് എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. ഭാവിയിൽ മറ്റ് ഐ.ടി കന്പനികളിൽ തൊഴിൽ ലഭിക്കുന്നതിന് അത് ദോഷകരമായി മാറുമെന്നാണ് അവരുടെ പക്ഷം.
ഐ.ടി രംഗത്തുള്ളവർ മറ്റ് മേഖലകളിലുള്ളവരേക്കാൾ സാന്പത്തികമായി മുന്നിൽ നിൽക്കുന്നതിനാൽ അവരാണ് സാധനസാമഗ്രികളുടെ വിലവർദ്ധനവിന് ഇടയാക്കുന്നതെന്ന ധാരണയാണ് പൊതുവേ സാധാരണ ജനങ്ങൾക്കിടയിലുള്ളത്. ഈ രംഗത്തെ തൊഴിൽ ചൂഷണത്തെപ്പറ്റിയൊന്നും അവർക്ക് മതിയായ ധാരണയില്ലെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ ഐ.ടി ജീവനക്കാർക്കായി ശബ്ദമുയർത്താനോ അവർക്കുവേണ്ടി സമരരംഗത്തിറങ്ങാനോ ഒന്നും തൊഴിലാളി സംഘടനകളിലെ സാധാരണക്കാർ തയ്യാറാകുമെന്ന് കരുതാനും വയ്യ. ഐ.ടി രംഗത്തുള്ളവർ സ്വയം കന്പനിക്കുള്ളിൽ അസോസിയേഷനുകളെങ്കിലും സ്ഥാപിച്ച് അവയെ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുമായി ബന്ധിപ്പിച്ച് സമരരംഗത്തേക്കിറങ്ങിയാൽ മാത്രമേ ഒരു പരിധിവരെയെങ്കിലും ചെറുത്തുനിൽപ്പിനായി അവർക്ക് സാധിക്കുകയുള്ളു. ഐ.ടി രംഗത്തുള്ളവരെ യൂണിയൻ പ്രവർത്തനത്തിലേക്കും രാഷ്ട്രീയത്തിലേക്കുമിറക്കാനുള്ള സുവർണാവസരമായാണ് ഇപ്പോഴത്തെ സാഹചര്യങ്ങളെ ട്രേഡ് യൂണിയനുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും കാണുന്നത്. നഗര യുവ ഇന്ത്യക്കാരിലേക്ക് എത്തിച്ചേരുന്നതിൽ കോൺഗ്രസ്സിന്റേയും ബി.ജെ.പിയുടേയും ഇടതുപക്ഷ സംഘടനകളുടേയും നേതാക്കൾ പരാജയപ്പെട്ടിരുന്ന സമയത്ത് ഇത്തരമൊരു സംഭവവികാസം ഉണ്ടായതോടെ രാഷ്ട്രീയക്കാർ ഐ.ടി മേഖലയുടെ ചരിത്രത്തിൽ സ്ഥാനം നേടിക്കഴിഞ്ഞിരിക്കുന്നു.
വർദ്ധിച്ചുവരുന്ന ഓട്ടോമേഷന്റേയും പുതിയ ഡിജിറ്റൽ സാേങ്കതികതയുടേയും വരവ് ഐ.ടി രംഗത്തെ തൊഴിലുകൾ ആഗോളതലത്തിൽ തന്നെ താറുമാറാക്കാനുള്ള സാധ്യത നാസ്കോം അടക്കമുള്ള സംഘടനകൾ മുന്നിൽക്കണ്ടിരുന്നതാണെന്നതാണ് വാസ്തവം. 15 ലക്ഷേത്താളം വരുന്ന ഐ.ടി ജീവനക്കാരെ പുനർപരിശീലിപ്പിച്ചില്ലെങ്കിൽ അവരെക്കൊണ്ട് കന്പനികൾക്ക് പ്രത്യേകിച്ച് ഉപയോഗമൊന്നുമുണ്ടാകില്ലെന്ന് നാസ്കോം കഴിഞ്ഞ ഫെബ്രുവരിയിൽ അവർ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ ഇന്ത്യയിൽ പുനർപരിശീലന പദ്ധതി വിജയകരമാവില്ലെന്നാണ് പല കൺസൾട്ടിംഗ് സ്ഥാപനങ്ങളും വിലയിരുത്തിയത്. ഇതിനു പുറമേ, നേരത്തെ പത്തുവർഷത്തോളം അനുഭവപരിജ്ഞാനമുള്ള പല ഐ.ടി ജീവനക്കാർക്കും നൽകപ്പെട്ടിരുന്ന പല തൊഴിലുകളും പുതിയ സാങ്കേതികവിദ്യയുടെ വരവോടെ യന്ത്രങ്ങൾ ഏറ്റെടുത്തു തുടങ്ങിയിരിക്കുന്നു. വിവിധ പ്രോജക്ടുകൾക്കായി ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് കൺസൾട്ടിംഗ് സ്ഥാപനങ്ങൾ ഇപ്പോൾ ഐ.ബി എമ്മിന്റെ കോഗ്നിറ്റീവ് കൺസൾട്ടിംഗ് ടൂളായ വാട്സണാണ് ഉപയോഗിക്കുന്നത്. എന്തിനധികം പറയുന്നു, ഒരു പ്രോജക്ടിന് എത്ര പേർ വേണമെന്നും എത്ര സമയത്തിനുള്ളിൽ അത് പൂർത്തിയാക്കാനാകുമെന്നുമൊക്കെ തീരുമാനിക്കുന്നതിന് ഇൻഫോസിസ് ജീവനക്കാർക്കായി ഒരു മെഷീൻലേണിംഗ് പ്ലാറ്റ്ഫോം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. ഇതെല്ലാം തന്നെ ഐ.ടി രംഗത്തെ മധ്യനിര ജീവനക്കാർക്കും സീനിയർ ജീവനക്കാർക്കും വൻതോതിൽ തൊഴിൽ നഷ്ടത്തിനിടയാക്കുമെന്നാണ് കൺസൾട്ടിംഗ് സ്ഥാപനങ്ങൾ പറയുന്നത്. എന്നാൽ ഡിജിറ്റൽ കാലവുമായി കൂടുതൽ അടുത്തു നിൽക്കുന്ന പുതിയ തലമുറയിൽപ്പെട്ട യുവാക്കൾക്ക് ഐ.ടി മേഖലയിൽ കൂടുതൽ തൊഴിലുകൾ ലഭിക്കാനിടയുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ട്. പുതിയ ജീവനക്കാരെ എളുപ്പത്തിൽ പുതിയ സാങ്കേതിക വിദ്യ പരിചയപ്പെടുത്താനും പഠിപ്പിക്കാനും കഴിയുമെന്നതാണ് അതിന്റെ ഗുണം.
അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് സ്വന്തം രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ തൊഴിൽ സൃഷ്ടിക്കാനായി നടത്തിയ നീക്കങ്ങളും ഐ.ടി മേഖലയ്ക്ക് മുറിവേൽപ്പിക്കുന്നതായിരുന്നു. വിസ നൽകുന്ന കാര്യത്തിൽ ചട്ടങ്ങൾ കൂടുതൽ കർശനമാക്കിയതിനു പുറമേ, ഇന്ത്യൻ ഐ.ടി ജീവനക്കാർക്ക് അമേരിക്കയിലെ ജീവനക്കാർക്ക് നൽകുന്ന അതേ ശന്പളം തന്നെ നൽകണമെന്ന വ്യവസ്ഥ കൊണ്ടുവന്നതും ഇന്ത്യൻ ജീവനക്കാരേക്കാൾ അവിടത്തുകാരെ തന്നെ നിയമിക്കുന്നതാണ് കൂടുതൽ മെച്ചമെന്ന അവസ്ഥ സംജാതമാക്കി. അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിക്കണമെന്ന ട്രംപിന്റെ നിലപാടിനെ ആർക്കും ചോദ്യം ചെയ്യാനുമാകില്ല. സ്വന്തം രാജ്യത്തെ പൗരന്മാർക്ക് തൊഴിൽ ലഭിക്കണമെന്ന മോഹം അമേരിക്കക്കാരും പങ്കുവയ്ക്കുന്നുണ്ടെന്നതിന്റെ തെളിവാണല്ലോ ട്രംപ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിൽ നിന്നു തന്നെ വ്യക്തമാകുന്നത്.
2017ൽ ഐ.ടി രംഗത്ത് ഇന്ത്യയിൽ നിന്നും വിദേശ കന്പനികളെടുക്കുന്ന ജീവനക്കാരുടെ എണ്ണം കുറയാനുള്ള സാധ്യതയാണ് പൊതുവേ കാണുന്നത്. ഐ.ടി രംഗത്തെ പ്രമുഖ സ്ഥാപനങ്ങൾ തങ്ങൾ ജോലിക്കെടുക്കാൻ ഉദ്ദേശിച്ചിരുന്ന എഞ്ചിനീയറിംഗ് ബിരുദധാരികളിൽ 40 ശതമാനത്തോളം കുറവ് വരുത്തുമെന്നാണ് റിപ്പോർട്ടുകൾ. കോഗ്നിസെന്റ് പതിനായിരത്തോളം പേരെയും സിസ്കോ തങ്ങളുടെ ജീവനക്കാരിൽ ഏഴ് ശതമാനം പേരെയും ഐ.ബി.എം 5,000 പേരെയും മൈക്രോസോഫ്റ്റ് 2,800 പേരെയും ഈ വർഷം ഒഴിവാക്കുമെന്നാണ് കന്പനികൾ അറിയിച്ചിട്ടുള്ളത്. ഇതിലൂടെ ലാഭിക്കുന്ന പണം ഇന്റർനെറ്റിലും ക്ലൗഡ് കന്പ്യൂട്ടിംഗിലും മുടക്കാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്.
കേരളത്തിന്റെ കാര്യത്തിൽ ഐ.ടി വ്യവസായരംഗത്തെ ഈ തൊഴിൽ നഷ്ടങ്ങൾ വലിയ പ്രത്യാഘാതങ്ങളാകും സൃഷ്ടിക്കുക. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ ഉയർന്ന സാന്പത്തിക വളർച്ചാനിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും തൊഴിലവസരം സൃഷ്ടിക്കുന്നതിലേയ്ക്ക് ഇത് പരിവർത്തനം ചെയ്തിട്ടില്ല. കേന്ദ്ര തൊഴിൽ മന്ത്രാലയം 2015-16ൽ നടത്തിയ അഞ്ചാമത് വാർഷിക തൊഴിൽതൊഴിലില്ലായ്മ സർവ്വേ പ്രകാരം പ്രധാന സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിട്ടുളള സംസ്ഥാനങ്ങളിലൊന്നാണ് കേരളം (12.5 ശതമാനം). കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് ദേശീയ ശരാശരി (5 ശതമാനം) യേക്കാൾ കൂടുതലാണെന്നതും കേരളത്തേക്കാൾ ഉയർന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത് സാക്ഷരതയിൽ പോലും പിന്നിൽ നിൽക്കുന്ന സിക്കിമിലും ത്രിപുരയിലും മാത്രമാണെന്നതും നാം ശ്രദ്ധിക്കേണ്ട കാര്യമാണ്.
കേരളത്തിന്റെ മൊത്തം ജനസംഖ്യയുടെ 23 ശതമാനം യുവാക്കളാണെന്നിരിക്കേയാണ് ദേശീയ ശരാശരിയേക്കാൾ നമ്മൾ താഴെ പോയിരിക്കുന്നതെന്നതും വിചിത്രമായ കാര്യം തന്നെ. അഭ്യസ്തവിദ്യരായ മലയാളികൾ ഏറെ താൽപ്പര്യപ്പെട്ടിരുന്ന മേഖലയാണ് ഐ.ടി. ഇതിന് പുറമേ, ജനസാന്ദ്രത കൂടിയ സംസ്ഥാനമായതിനാൽ മലിനീകരണമുണ്ടാക്കാത്തതും അഭ്യസ്തവിദ്യ രായവർക്ക് പരമാവധി തൊഴിൽ ലഭിക്കാനിടയുള്ളതും വലിയ വിദേശനാണ്യം ലഭിക്കാനും സാധ്യതയുള്ള മേഖലയായി സർക്കാർ കണക്കാക്കിയിരുന്നതും ഐ.ടിയെ തന്നെയാണ്. 2012ലെ സർക്കാരിന്റെ ഐ.ടി നയം അപ്പറഞ്ഞത് സാധൂകരിക്കുകയും ചെയ്യുന്നുണ്ട്. 2020ഓടെ ഐ.സി.ടി മേഖലയിൽ അഞ്ച് ലക്ഷം തൊഴിലുകൾ സൃഷ്ടിക്കാനും 3,000 ഐ.ടി സ്റ്റാർട്ട് അപ്പുകൾ കേരളത്തിലുണ്ടാക്കാനുമാണ് ആ നയം വിഭാവനം ചെയ്യുന്നത്. സംസ്ഥാനത്ത് സർക്കാരിന്റെ മേൽനോട്ടത്തിൽ ടെക്നോപാർക്കും ഇൻഫോപാർക്കും സൈബർ പാർക്കും സ്ഥാപിച്ചതിന് പുറമേ, സ്വകാര്യ മേഖലയിലേക്ക് സ്മാർട്ട് സിറ്റി പോലുള്ള ബൃഹത് പദ്ധതികൾ ആവിഷ്കരിച്ചതുമെല്ലാം ഐ.ടി രംഗത്ത് കേരളത്തിന് ഒരു കുതിച്ചുചാട്ടം സാധ്യമാണെന്ന പ്രതീക്ഷ വെച്ചുപുലർത്തിക്കൊണ്ടു തന്നെയാണ്.
13,000 കോടി രൂപയോളമാണ് കേരളത്തിൽ നിന്നുള്ള ഇപ്പോഴത്തെ ഐ.ടി കയറ്റുമതി. ഇത് 2020 ആകുന്പോഴേക്കും ഒന്പത് ശതമാനം കണ്ട് വളർന്ന് 110 ബില്യണിലെത്തുമെന്നായിരുന്നു വിദഗ്ദ്ധരുടെ കണക്കുകൂട്ടലുകൾ. നിലവിൽ ഐ.ടി വ്യവസായങ്ങൾക്കാവശ്യമായ സ്പേസിന് വലിയ ദൗർലഭ്യം നേരിടുന്ന കേരളത്തിൽ സ്മാർട്ട്സിറ്റിയുടേയും (65 ലക്ഷം ചതുരശ്ര അടി) ടെക്നോപാർക്കിന്റേയും (72 ലക്ഷം ചതുരശ്ര അടി നിലവിൽ; 25 ലക്ഷം ചതുരശ്ര അടി നിർമ്മാണത്തിൽ) ഇൻഫോപാർക്കിന്റേയും (150 ലക്ഷം ചതുരശ്ര അടി) നിർമ്മാണം പൂർത്തിയാകുന്പോൾ ലഭിക്കുന്ന ഐ.ടി സ്പേസിന് പുറമേ, കോഴിക്കോട്ടെ സൈബർ പാർക്കിൽ നിന്നും ടി.സി.എസ്സിന്റേയും ഇൻഫോസിസിന്റേയും യു.എസ്.ടിയുടേയും പുതിയ ക്യാന്പസ്സുകളിലൂടേയും വലിയ സ്പേസുകളാണ് സൃഷ്ടിക്കപ്പെടാൻ സർക്കാർ ശ്രമിച്ചവരുന്നത്. ഈ മേഖലയിലേക്ക് വലിയൊരു മുതൽമുടക്ക് നടക്കുന്പോഴാണ് ഐ.ടി രംഗത്ത് തൊഴിൽ നഷ്ടങ്ങൾ ഒരു തുടർക്കഥയാകുന്നതെന്നതാണ് ദയനീയം. തൊഴിൽ നഷ്ടപ്പെടുന്ന പഴയ ഐ.ടി ജീവനക്കാരെ പുനരധിവസിപ്പിക്കാൻ സർക്കാരിന് സാധ്യമല്ലെന്നിരിക്കേ, ചെറുപ്പത്തിലേ തന്നെ തൊഴിലിൽ നിന്നും വിരമിക്കേണ്ടി വരുന്ന ഈ ജീവനക്കാരുടെ ഭാവി ആശങ്കാജനകമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇവരിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിൽ സർക്കാരിന്റെ അടിയന്തരശ്രദ്ധ പതിയേണ്ടതുണ്ട്. ഐ.ടി മേഖലയിൽ പ്രതിസന്ധി ഇല്ലെന്ന മട്ടിലുള്ള സർക്കാരിന്റെ വാദഗതികൾ ഇനിയും വിലപ്പോവില്ലെന്നതാണ് സത്യം.