അനി­ശ്ചി­തത്വം... ആഗോ­ള താ­പനം...


വി.ആർ. സത്യദേവ് 

സ്ലാമും ഇസ്ലാമിക ലോകവും ശത്രു പക്ഷമാണെന്ന പൊതു ധാരണ തിരുത്തിയ ആദ്യ വിദേശ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രാജ്യത്തു തിരിച്ചെത്തുന്പോൾ ബാക്കിയാവുന്നത് വലിയ അനിശ്ചിതത്വങ്ങളാണ്. അതിൽ പ്രധാനം ആഗോള താപനം സംബന്ധിച്ചുള്ളതുമാണ്. ആഗോള താപന കാര്യത്തിൽ സപ്തരാഷ്ട്ര സഖ്യം എത്തിച്ചേർന്ന ഉടന്പടികളുടെ കാര്യം എന്താവുമെന്നാണ് ലോകം ഉറ്റു നോക്കുന്നത്. 2015ൽ അന്നത്തെ അമേരിക്കൻ പ്രസിഡണ്ടടക്കമുള്ള പ്രമുഖ ലോക ശക്തികൾ ഒന്നിച്ചെടുത്ത തീരുമാനങ്ങളോട് തുടക്കം മുതൽ വിമുഖതയാണ് ട്രംപ് പുലർത്തുന്നത്. പ്രചാരണവേള മുതൽ കടുത്ത മുസ്ലീം വിരോധം കാട്ടിയിരുന്ന ട്രംപ് സൗദി സന്ദർശനവേളയിൽ അതിനു കടക വിരുദ്ധമായ നിലപാടുകളാണ് കൈക്കൊണ്ടത്. ആഗോള ശക്തികളുടെ സമ്മർദ്ദം കൂടിയാവുന്പോൾ ബ്രസ്സൽസിൽ ചേർന്ന ജീ സെവൻ യോഗത്തിൽ ആഗോള താപന വിഷയത്തിലും സമാനമായൊരു നിലപാടു മാറ്റത്തിന് ട്രംപ് തയ്യാറായേക്കുമെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിരുന്നു. 

സിസിലിയിലെ ടാവോർമിനയിൽ പഴയൊരു ഡൊമിനിക്കൻ സന്യാസാശ്രമം പുതുക്കിയെടുത്ത ആഡംബര ഹോട്ടലിലായിരുന്നു സ്തരാഷ്ട്ര നായകരുടെ ഉച്ചകോടി. വിരുന്നുമുണ്ട് ഫോട്ടോയെടുപ്പും കഴിഞ്ഞ് ആഗോള താപനകാര്യത്തോട് പൂർണ്ണമായല്ലെങ്കിലും അനുകൂലമായൊരു പ്രഖ്യാപനം ട്രംപ് നടത്തുമെന്നു തന്നെയായിരുന്നു ജീ സെവൻ നേത‍ൃനിരയിലെ പ്രമുഖരായ ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കലും പുതിയ ഫ്രഞ്ചു പ്രസിഡണ്ട് എമ്മാന്വേൽ മാക്രണും അടക്കമുള്ളവരൊക്കെ കരുതിയത്. അതാണ് നിലവിലുള്ള ലോകക്രമത്തിലെ മാന്യത എന്ന കാര്യത്തിൽ തർക്കവുമില്ല. എന്നാൽ വിരുന്നുണ്ടു കൈയും തുടച്ച് ട്രംപ് വ്യക്തമാക്കിയ നിലപാട് ഉച്ചകോടിയുടെ കെട്ടുറപ്പിനെത്തന്നെ ബാധിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇപ്പോഴൊന്നും പറയാനില്ലെന്നും മടങ്ങി നാട്ടിലെത്തി ഈയാഴ്ചതന്നെ ഇക്കാര്യത്തിലൊരു അന്തിമ തീരുമാനമെടുക്കുമെന്നതാണ് ട്രംപിന്റെ നിലപാട്. ആഗോള താപന നിയന്ത്രണ പ്രവർത്തനങ്ങളുടെ കാര്യത്തിൽ തന്നെ ഒരു അന്ത്യ വിധിയാവുമോ ഇതെന്ന കാര്യത്തിൽ ആശങ്ക അതി ശക്തമാണ്.

ലോകം ഏറെ അശങ്കയോടെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വാക്കുകളിലൊന്നാണ് ആഗോള താപനം. താപനം  ചൂടാകലാണ്. ആഗോള താപനമെന്നാൽ ലോകത്തിന്റെ ചൂടു വർദ്ധിക്കൽ. അത് നമ്മളൊക്കെ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. ഓരോ വർഷവും ലോകത്ത് ചൂടു കൂടിക്കൊണ്ടിരിക്കുന്നു. ജല സന്പന്നമായിരുന്ന ഭൂമിമലയാളത്തിന്റെ ഹരിതാഭ അനുനിമിഷം അന്യമായിക്കൊണ്ടിരിക്കുന്നു. സൂര്യാതപമേറ്റുള്ള മരണങ്ങൾ മലയാളക്കരയിൽ വർദ്ധിക്കുന്നു. പെരിയാറിന്റെയും ഭാരതപ്പുഴയുടെയും പരിതോവസ്ഥകളെക്കുറിച്ചു മാത്രം പരാതിപ്പെട്ടുകൊണ്ടിരുന്ന നമ്മൾ സ്വന്തം പുരയിടങ്ങളിലെ കിണറുകളിൽ ജലമില്ലായെന്ന സത്യം കണ്ടു പകച്ചു തുടങ്ങിയിരിക്കുന്നു. അവധിക്കു നാട്ടിയെത്തി മുങ്ങിക്കുളിക്കുന്നതിന്റെ സുഖത്തെക്കുറിച്ചു വാചാലനായിരുന്ന പ്രവാസി അവധിക്കാലത്ത് കുടിനീരിനുവേണ്ടി നെട്ടോട്ടമോടുന്നവരുടെ ഒപ്പം കൂടാൻ വിധിക്കപ്പെട്ടവനാകുന്നു. തലകുളിർക്ക ഒന്നു കുളിക്കാൻ അവന് അറബിനാട്ടിൽ തിരിച്ചെത്തേണ്ടിയിരിക്കുന്നു.

ആഗോള താപനം ഒരു പച്ച യാഥാർത്ഥ്യമാകുന്നു. ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ ഒരു ശിഖരം അടുത്തിടെ അടർന്നു പോയിരുന്നു.  ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയെ കാൽക്കീഴിലാക്കിയ ടെൻസിംഗ് നോർഗെയും എഡ്മണ്ട് ഹിലരിയും കാൽ െവച്ച ശിഖരമാണത്രേ ആഗോളതാപനഫലമായി അടർന്നുവീണ് ഇല്ലാതായത്. നമ്മുടെ വാഴ്്വും ചരിത്രങ്ങളും എത്ര നിസാരവും ക്ഷണഭംഗുരവുമാണ് എന്നതിന് ഉദാഹരണമാണ് ഇത്. ഭൂഗോളത്തിന്റെ തെക്കേയറ്റത്തേയ്ക്ക് അടുത്തിടെ പര്യവേഷണയാത്ര നടത്തിയ പ്രയ സുഹൃത്ത് വി.എം മനോഹർ പങ്കുവച്ച നേർസാക്ഷ്യങ്ങളും ഇതു സംബന്ധിച്ച ഭീകരതയുടെ ആഴവും പരപ്പുമാണ് വ്യക്തമാക്കുന്നത്. പെൻഗ്വിനുകളടക്കം അത്യപൂർവ്വ ജീവിവർഗ്ഗങ്ങളുടെ അധിവാസ ഭൂമിയാണ് മഞ്ഞുറഞ്ഞ അൻ്റാർട്ടിക്ക. ലക്ഷക്കണക്കിനു വർഷങ്ങളായി ഉറഞ്ഞു കിടക്കുന്ന ഈ ഭീമൻ ഐസുകട്ടകൾ ഉരുകിക്കൊണ്ടിരിക്കുന്നത് അപായകരമായ വേഗതയിലാണ്. പച്ചപ്പിന്റെ തരിന്പും കാണാനില്ലായിരുന്നു സമീപകാലം വരെ ഈ പ്രദേശത്ത്. മഞ്ഞുപാളികൾ ഉരുകിത്തെളിയുന്ന കുന്നുകളിൽ പച്ചപ്പ് നാന്പെടുത്തു തുടങ്ങിയെന്നാണ് മനോഹർ പറഞ്ഞത്. പലയിടങ്ങളിലും ഭീമാകാരമായ ഐസു പാറകൾ ഏതു നിമിഷവും തകർന്നു വീഴുമെന്ന അവസ്ഥയിലുമാണ്.

മാൽഡീവ്സെന്ന മാലിദ്വീപുകളാണ് ആഗോള താപന ഭീണിക്കു മറ്റൊരു പ്രധാന തെളിവ്. ഇന്ത്യക്കു തെക്കു പടിഞ്ഞാറ് 2100 കിലോമീറ്ററകലെ ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപ സമൂഹമാണ് മാലിദ്വീപ്. ഭാരതവുമായി പലതരത്തിലുള്ള അടുത്ത ബന്ധങ്ങൾ വെച്ചു പുലർത്തുന്ന നാടാണ് മാലിദ്വീപ്. 1988ൽ തമിഴ് തീവ്രവാദികളുടെ  സഹായത്തോടേ നടന്ന അട്ടിമറി ശ്രമത്തെ പരാജയപ്പെടുത്തിയത് ഇന്ത്യൻ സേനയായിരുന്നു. ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്ന അന്നത്തെ പ്രസിഡണ്ട് മൗമൂൺ അബ്ദുൾ ഗയൂമിനെതിരേ അബ്ദുള്ള ലുത്തൂഫിയുടെ നേതൃത്വത്തിൽ നടന്ന അട്ടിമറിശ്രമമായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്. അതിലുമേറെ ബന്ധങ്ങൾ പറയാനുണ്ടാവും നമ്മുടെ സ്വന്തം കേരള ഭൂമിക്ക് ആ തുരുത്തുകളുമായി. അതൊന്നും പക്ഷേ അത്ര മഹത്തരമായ കാര്യങ്ങളല്ല എന്നു മാത്രം. നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിക്കു തന്നെ നാണക്കേടാണ് മാലിക്കല്യാണങ്ങൾ. നമ്മുടെ നിർദ്ധനരായ പെൺകുട്ടികളെ വിവാഹത്തിന്റെ പേരിൽ ദുരിതക്കയത്തിലേയ്ക്കു തള്ളി വിടുന്ന മാലിക്കല്യാണങ്ങളിലെ വരന്മാരുടെ നാടാണ് മാലി. അതിലുമേറെ കെ.കരുണാകരനെന്ന രാഷ്ട്രീയ ഭീമാചാര്യന്റെ ഭാവി ആവിയാക്കിയ ചാരക്കോഴക്കേസിലെ വിവാദ നായികമാരായ മറിയം റഷീദയുടെയും ഫൗസ്യ ഹസ്സന്റെയും നാടാണ് മാലി.

2004ലെ സുനാമിത്തിരമാലകളിൽ പെട്ട് നട്ടം തിരിഞ്ഞ മണ്ണാണ് അതിസുന്ദര ദ്വീപുകളുടെ സമൂഹമായ മാലി. സുനാമിത്തിരമാലകൾ മാലിയുടെ മൂന്നിൽ രണ്ടു ഭൂവിസ്തൃതി ഇല്ലാതാക്കിയെന്നാണ് അവർ പറയുന്ന കണക്ക്. അതിലും ഭീപരമാണ് ആഗോളതാപനം മൂലമുണ്ടായേക്കാവുന്ന ദുരന്തം. ഇപ്പോഴത്തെ തോതിൽ സമുദ്ര ജലനിരപ്പുയർന്നാൽ 2030 ഓടേ ആ രാജ്യം പൂർണ്ണമായും ഇല്ലാതാവുമെന്ന റിപ്പോർട്ട്. 

ഹരിതഗൃഹവാതകങ്ങളുടെ അളവ് ഗണ്യമായി കൂടുന്നതാണ് ആഗോള താപനത്തിന്റെ വേഗം കൂട്ടുന്ന പ്രധാന ഘടകം. വാഹനങ്ങളുടെയും ഫാക്ടറികളിലെയും യന്ത്രങ്ങൾ പ്രവർത്തിച്ചുണ്ടാകുന്ന വാതകങ്ങളും രാസപദാർത്ഥങ്ങളും ചൂടുമൊക്കെയാണ് ഇതിന്റെ ശക്തി കൂട്ടുന്ന ഘടകങ്ങൾ. വികസിത രാഷ്ട്രങ്ങളാണ് ഇതിന് ആക്കം കൂട്ടുന്ന പ്രവൃത്തികൾ കൂടുതലും ചെയ്യുന്നത്. അതുകൊണ്ടു തന്നെ വികസിത രാഷ്ട്രങ്ങൾ ഇക്കാര്യത്തിലുള്ള അതിശക്തമായ നടപടികൾ കൈക്കൊണ്ടാലേ ഇതിന്റെ ഗതിവേഗം കുറയ്ക്കാനും ഭൂഗോളത്തിന്റെ ആയുസ്സു നീട്ടിക്കൊടുക്കാനുമാകൂ. ഈ ദിശയിലെ ചിന്തകളുടെയും പ്രവർത്തനങ്ങളുടെയും പ്രവർത്തനഫലമായാണ് ഇക്കാര്യത്തിലെ പാരീസ് ഉടന്പടി ഒപ്പു വെയ്ക്കപ്പെട്ടത്.  2015  ഡിസംബർ 12ന് പാരീസിൽ നടന്ന ഐക്യരാഷ്ട്ര കാലാവസ്ഥാ മാറ്റം സംബന്ധിച്ച സമ്മേളനത്തിലായിരുന്നു അമേരിക്കൻ നായകൻ ബറാക് ഒബാമയടക്കമുള്ള നേതാക്കൾ ഉടന്പടി ഒപ്പു വെച്ചത്. പ്രതിവർഷ അന്തരീക്ഷ താപവർദ്ധന 2 ഡിഗ്രി സെൻ്റീഗ്രേഡിൽ പിടിച്ചു നിർത്തുക എന്നതായിരുന്നു ഉടന്പടിയുടെ പ്രധാന ഉദ്ദേശം. ഇതിനായി വ്യാവസായിക നിർമ്മാണ മേഘലകളിലും മോട്ടാർ വാഹന നിർമ്മാണത്തിലും കടുത്ത സ്വയം നിയന്ത്രണങ്ങളെടുക്കാൻ അംഗരാജ്യങ്ങളൊക്കെ നിർബന്ധിതമായിരുന്നു.

എന്നാൽ ആഗോള താപനത്തെക്കുറിച്ചുള്ള കോലാഹലങ്ങളൊക്കെ വെറും തട്ടിപ്പുമാത്രമാണെന്ന അഭിപ്രായമുള്ള ചിലർ നമുക്കിടയിലുണ്ട്. പണം തട്ടാനുള്ള തന്ത്രങ്ങളിലൊന്നു മാത്രമാണ് ഇതെന്നാണ് അത്തരക്കാരുടെ പക്ഷം. മഹാവിസ്ഫോടനം തൊട്ടിങ്ങോട്ട് ഭൂമിയുടെ താപനില നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്.  ഭൂമിമൊത്തം തണുത്തുറഞ്ഞിരുന്ന മഹാശൈത്യകാലമടക്കമുള്ള പ്രതിഭാസങ്ങൾ അതിന് ഉദാഹരണമായി അത്തരക്കാർ എടുത്തു കാട്ടുന്നു. മാലിദ്വീപുകാരുടെ ആശങ്കയും പകുതി തട്ടിപ്പാണ് എന്നാണ് ഈ വിഭാഗം പറയുന്നത്. ആഗോള താപന നിയന്ത്രണ നടപടികൾ തങ്ങളുടെ രാജ്യങ്ങളുടെ വ്യവസായങ്ങളുടെ നിലനിൽപ്പിനെയും വികാസത്തെയും ദോഷകരമായി ബാധിക്കുമെന്നു ഇവർ ആശങ്കപ്പെടുന്നു. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ഈ പക്ഷക്കാരനാണ്. തുടക്കം മുതൽ ആഗോള താപന പക്ഷത്തിനും പാരീസ് ഉടന്പടിക്കും എതിരാണ് ട്രംപ്. ആഗോള താപന കാര്യത്തിനായി വൻതുകകൾ വാരിക്കോരി ചെലവഴിക്കേണ്ടകാര്യം അമേരിക്കക്കില്ല എന്നാണ് ട്രംപിന്റെ പക്ഷം. ആ നിലപാടിൽ നിന്നും ട്രംപ് പിന്നാക്കം പോയേക്കില്ല എന്നതാണ് ബ്രസൽസ് ഉച്ചകോടിയിലെ നിലപാടുകളിലും ചെയ്തികളിലും കൂടി ട്രംപ് ലോകത്തിനു നൽകുന്ന സൂചന.

ആഗോള താപനകാര്യം എന്തായാലും കൂടുതൽ ചൂടു പിടിച്ച രാഷ്ട്രീയ സാഹചര്യങ്ങളാണ് ആദ്യ വിദേശ സന്ദർശനം കഴിഞ്ഞെത്തുന്ന ട്രംപിനെ  അമേരിക്കയിൽ കാത്തിരിക്കുന്നത്. ട്രംപിന്റെ റഷ്യൻ ബന്ധം സംബന്ധിച്ച വിവാദങ്ങൾ ചൂടു പിടിക്കുന്നു. റിയാദ് സന്ദർശനത്തിലൂടെ ഇസ്ലാം രാഷ്ട്രങ്ങളുമായുള്ള ബന്ധം ഏറെ മെച്ചപ്പെടുത്താനായെങ്കിലും അതുമായി ബന്ധപ്പെട്ടും വിമർശനങ്ങളേൽക്കേണ്ടി വരുന്നുണ്ട് പ്രസിഡണ്ട് ട്രംപിന്. തലമറയ്ക്കാതെ ഇസ്ലാമിക രാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തി സൗദിയിൽ പൊതു വേദികളിൽ പ്രത്യക്ഷപ്പെട്ട മെലാനി ട്രംപും ഇവാൻക ട്രംപും വത്തിക്കാനിൽ പോപ്പിനെ കണ്ടപ്പോൾ ശിരോവസ്ത്രമിട്ടത് ഇരട്ടത്താപ്പും ഇസ്ലാം വിരോധത്തിനു നിദർശനവുമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. പതിറ്റാണ്ടുകളായി അമേരിക്കൻ േസ്റ്ററ്റ് സെക്രട്ടിമാർ മുടക്കാത്തതാണ് ഈദ് വിരുന്ന്. ട്രംപിന്റെ സെക്രട്ടറി ഓഫ്  േസ്റ്ററ്റ് റെക്സ് ടില്ലേഴ്സൺ ഈദ് വിരുന്നൊരുക്കാത്തതും വിമർശകരെ ചൊടിപ്പിച്ചിരിക്കുന്നു. 

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ സംഗീത പരിപാടിക്കിടെയുണ്ടായ ചാവേറാക്രമണമായിരുന്നു കടന്നു പോകുന്ന ആഴ്ചയിലെ പ്രധാന നൊന്പരങ്ങളിലൊന്ന്. 22 നിരപരാധികളുടെ ജീവനെടുത്ത തീവ്രവാദിയാക്രമണത്തിന്റെ നടുക്കത്തിൽ നിന്നും ലോകം ഇനിയും മുക്തമായിട്ടില്ല. ആക്രമണ റിപ്പോർട്ടിംഗിനെ ചൊല്ലി അമേരിക്കയും ബ്രിട്ടണുമായി ചില അസ്വാരസ്യങ്ങളുമുണ്ടായി. മറ്റൊരു വശത്ത് കൊറിയൻ പ്രകോപനങ്ങളും തുടരുകയാണ്. ലോകഗതിയെ നിയന്ത്രിക്കുന്ന തലച്ചോറുകളിൽ പുണ്യമാസം കൂടുതൽ വെളിച്ചം പകരട്ടെ എന്നു പ്രതാശിക്കുക മാത്രമാണ് ആശങ്കകളുടെ വർത്തമാനത്തെ അതിജീവിക്കാനുള്ള ഏക പോംവഴി.

You might also like

Most Viewed