പ്രവാസ ജീവിതത്തെ ലാബ്രിന്തിനോട് ഉപമിച്ച് ഷാർളി ബെഞ്ചമിൻ
സലീം അയ്യനത്ത്
ഗുൽമോഹർ പൂത്തുനിൽക്കുന്ന ഒരു സന്ധ്യയിലൂടെ അബൂഷഗാറ പാർക്കിനെ വലംചുറ്റിയാണ് ഞാൻ ഷാർളി ബെഞ്ചമിന്റെ ഫ്ളാറ്റിലേക്ക് നടന്നത്. ഇന്നലെ വരെ ഈ പൂന്തോട്ടത്തിൽ പൂത്തുനിന്നതൊക്കെ മഞ്ഞപ്പൂക്കൾ, ഇന്നോ ഗുൽമോഹറിന്റെ രക്തശോണിമ. വർഷങ്ങളായിട്ട് അടുത്തുണ്ടായിട്ടുപോലും പോയി കാണാൻ സാധിച്ചിരുന്നില്ല, ചിലരെ അകലെ നിന്ന് സ്നേഹിക്കുന്പോഴാണ് മഹത്വമെന്ന് തോന്നാറുണ്ട്. ഒഴിഞ്ഞ ഗ്ലാസ്സലമാരകൾ പുസ്തകങ്ങൾ ശൂന്യമായ ചുമർ അലമാരകൾ. പ്രവാസം അവസാനിപ്പിച്ചുള്ള യാത്രയ്ക്ക് തയ്യാറെടുത്തിരിക്കുകയാണ്. പോകുന്നതിന് മുന്പ് ചെയ്തുതീർക്കാൻ ഇത്തിരികാര്യങ്ങൾ കൂടി ബാക്കിയാകുന്നു. കഴിഞ്ഞയാഴ്ച എല്ലാ പുസ്തകങ്ങളും നാട്ടിലേക്ക് അയച്ചതേയുള്ളൂ. സംസാരത്തിൽ കാർമേഘങ്ങൾ പെയ്തൊഴിയാതെ ഘനീഭവിച്ചു. വിഷാദത്തിന്റെ തിരിച്ചറിയാനാവാത്ത എന്തോ ഷാർളിയേട്ടനെ പിടികൂടിയിട്ടുണ്ടോ എന്ന് ഞാൻ സംശയിക്കാതിരുന്നില്ല. എനിക്കങ്ങനെ പറയാനാണ് തോന്നിയത്. പോയാലും തിരിച്ചുവരണം. അടുത്ത് സംസാരിച്ചപ്പോൾ മുപ്പത്തിയഞ്ച് വർഷം രൂപപ്പെടുത്തിയ പ്രവാസത്തിന്റെ ദൈന്യതകളൊന്നും ആ കണ്ണുകളിലും വാക്കുകളിലുമുണ്ടായിരുന്നില്ല, സ്വതസിദ്ധമായ ഒരു നനുത്ത പുഞ്ചിരി. പഠിച്ചത് ജന്തുശാസ്ത്രം, ഉടുപ്പി ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായി പഠിച്ചുകൊണ്ടിരിക്കുന്പോഴാണ് അമ്മയുടെ നിർബന്ധപൂർവ്വം കുവൈറ്റിലേക്ക് ഒരു വിസ തരപ്പെടുന്നത്. പഠിച്ചത് പ്രയോഗിക്കാൻ കഴിയാത്ത ക്ലെറിക്കൽ പോസ്റ്റിലായിരുന്നു ആദ്യനിയമനം. ഓയിൽ കന്പനിയിലെ മൂന്ന് വർഷത്തെ ജോലിക്ക് ശേഷം ഞാൻ എന്നെ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. പാലസ്തീൻ വിപ്ലവം കൊടുന്പിരികൊള്ളുന്ന നാളുകളിൽ കുവൈറ്റ് ടൈംസിലെ ജോലിയുണ്ടാക്കിയെടുത്ത കനപ്പെട്ട സംസാരത്തിനിടയിൽ കടന്നുപോയത് മഹ്്മൂദ് ദർവീഷിനെ കുറിച്ചും അറബ് പാലസ്തീൻ സാഹിത്യം വായനയിൽ ഉണ്ടാക്കിയെടുത്ത മാറ്റത്തെ കുറിച്ചുമുള്ള വലിയ ഓർമ്മകൾ. കുവൈറ്റ് ടൈംസിലെ ജോലിയാണ് ഒരു പക്ഷെ എന്നിലെ പത്രപ്രവർത്തകനെ ഉരുവപ്പെടുത്തിയെടുത്തതെന്ന് ഷാർളി ബെഞ്ചമിൻ ഉറച്ചുവിശ്വസിക്കുന്നു. ഇറാഖ്-കുവൈറ്റ് യുദ്ധം തീർത്ത അരക്ഷിതാവസ്ഥ, പുറത്തേക്ക് പോകുന്ന ഓരോ സ്റ്റോറിയും പത്രഭാഷയിൽ വാർത്ത. കടുത്ത നിയന്ത്രണത്തിനിടയിലാണ് പത്രപ്രവർത്തനത്തിന്റെ ആദ്യനാളുകൾ, കുവൈറ്റിലെ അറബി ഓഫീസർക്ക് മലയാളം അറിയില്ലെങ്കിലും വായിച്ചു കേൾപ്പിക്കണം. പ്രീസെൻസർഷിപ്പിൽ സ്വാതന്ത്ര നഷ്ടപ്പെടുത്തുന്ന എഴുത്ത് പത്രപ്രവർത്തകന്റെ വെല്ലുവിളിയും ഗതികേടുമാണെന്ന് തിരിച്ചറിഞ്ഞ് നിരാശപ്പെട്ട നാളുകൾ. എല്ലാം വിറ്റുപെറുക്കി ബാഗ്ദാദിലേക്കുള്ള യാത്രാവേളയിൽ അനുഭവിച്ചതിപ്പോഴും യുദ്ധത്തിന്റെ ഭീതിയെന്നോണം ആ കണ്ണുകളിലും ചലനങ്ങളിലും ശരിക്കും കത്തിനിന്നു. എല്ലാ യുദ്ധങ്ങളും നശിപ്പിച്ചിട്ടേയുള്ളൂ, മനുഷ്യരെയും ജീവികളും അജീവികളുമായ സംസ്കൃതിയെയും.
യുദ്ധങ്ങളും കലാപങ്ങളും മനുഷ്യപുരോഗതിയുടെ ശത്രുക്കളാണ്. ഭാര്യയേയും മൂന്ന് മാസം പ്രായമായ മകളേയും കൊണ്ട് രായ്ക്കുരാമാനം പലായനം ചെയ്തില്ലെങ്കിൽ നഷ്ടപ്പെടുന്നത് ജീവിതമായിരിക്കും. ഇറാഖിലെത്തിയപ്പോൾ കുവൈറ്റ് ദിനാറിന് കടലാസിന്റെ വിലപോലുമില്ലെന്നറിഞ്ഞപ്പോൾ തകർന്നുപോയി. ഭാഗ്യത്തിന് കുടുംബാംഗങ്ങളുടെ കൈവശം ഡോളർ ഉണ്ടായിരുന്നു. ബുക്ക് ചെയ്തിരുന്ന ഹോട്ടൽ യുദ്ധപോരാളികളുടെ കൈവശം, പണവും പോയി താമസിക്കാൻ ഒരിടവുമില്ലാതെ ബസ്സിൽ അലഞ്ഞു, മരുഭൂമിയിലൂടെ പൊടിക്കാറ്റിലൂടെയുള്ള ദീർഘയാത്ര ഒടുവിൽ അമ്മാൻ വഴി ബോംബെയിലേക്കുള്ള ഫ്ളൈറ്റിൽ നാട്ടിലേത്തി. അവിടെന്നങ്ങോട്ടുള്ള റഫൂജി ട്രെയ്നിനെ കുറിച്ച് അദ്ദേഹം വല്ലാതെ വാചാലനായി. ഇടയ്ക്കെപ്പഴോ കണ്ണുകൾ നിറഞ്ഞു. പിറ്റേന്ന് സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയ്ക്കിടയിലുള്ള മറുപടി പ്രസംഗത്തിലും ഷാർളി ബെഞ്ചമിൻ അതുമാത്രമേ പറഞ്ഞുള്ളൂ. മതങ്ങൾക്കപ്പുറത്തുള്ള മാനുഷിക ബന്ധങ്ങളിലാണ് ഞാനെന്നും വിശ്വസിക്കുന്നത്. മതങ്ങൾക്കപ്പുറത്ത് മാനവികതയ്ക്ക് പ്രാധാന്യം കൊടുക്കുന്പോൾ മാത്രമേ ഒരു രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാകൂ. തിരിച്ചു പോകുന്പോൾ കൊണ്ടുപോകാനുള്ളത് കുന്നോളമുള്ള പുസ്തകങ്ങൾ... ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ എഴുതിയുണ്ടാക്കിയ തൊണ്ണൂറ്റി നാലുപേജുള്ള പുസ്തകവും. ലാബ്രിന്ത് എന്ന അപ്രകാശിത കൃതിയുടെ കയ്യെഴുത്ത് പ്രതി വായിക്കാനിടയായതിൽ അനൽപ്പമായ സന്തോഷമുണ്ട്. ശീർഷകം പോലെ തന്നെ ഉള്ളടക്കത്തിലും വ്യത്യസ്ഥത പുലർത്താൻ എഴുത്തുകാരൻ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. ഭാഷയുടെ പ്രൗഢി കൊണ്ട് റിവേഴ്സ് നൊസ്റ്റാൾജിയയെ തത്വചിന്താപരമായി അടയാളപ്പെടുത്തുന്ന നല്ലൊരു കൃതി. പത്രപ്രവർത്തകന്റെ ചുരുക്കിയെഴുത്തിന്റെ സൗന്ദര്യം നോവലിലുടനീളം ദർശിക്കാൻ കഴിഞ്ഞു. വയനയ്ക്കിടയിൽ കയറി വരുന്ന ബൈബിൾ വചനങ്ങളുടെ സൗന്ദര്യം ഒട്ടും ചോർന്നുപോകാതെ കാത്തുസൂക്ഷിക്കുന്പോഴും ജീവിച്ചയിടത്തെ പ്രകൃതിയേയും ജീവജാലങ്ങളേയും മനുഷ്യരുമായുള്ള അടുപ്പവും ശാസ്ത്രീയപരമായ അപഗ്രഥിക്കുന്നുണ്ട്. മൂന്നുദിവസത്തെ ഒരു നോവലിൽ അവതരിപ്പിക്കുന്പോഴുണ്ടാകുന്ന കാലഘടനയന്ന നോവലിന്റെ സാങ്കേതങ്ങളെ പൊളിച്ചടുക്കുന്നു.
നേവൽ ഇറങ്ങിക്കഴിയുന്പോൾ കൂടുതൽ ചർച്ചയാകുമെന്ന് വിശ്വസിക്കാം. വഴിവിളക്കുകൾ അണഞ്ഞുതുടങ്ങിയ പാർക്കിന്റെ ഓരത്തുകൂടെ തിരിച്ചു നടക്കുന്പോൾ നഷ്ടപ്പെടുന്നത് നല്ലൊരു സുഹൃത്തും പത്രപ്രവർത്തകനും തന്റേടിയുമായ ഒരു മനുഷ്യന്റെ സാമീപ്യമാണ്. മുന്പേ പറന്ന പക്ഷികളെ പോലെ ഒരിക്കൽ നാമെല്ലാം നമ്മുടെ വാസസ്ഥലം തേടിപ്പറക്കേണ്ടതുണ്ട്.