ദുഷ്ചിന്താഗതിക്കാർക്ക് ഇതൊരു പാഠം
ഫിറോസ് വെളിയങ്കോട്
നീതിയുടെയും സമാധാനത്തിന്റെയും നിറഞ്ഞ സ്വാതന്ത്ര്യം ഉള്ള നമ്മുടെ നാട്ടിൽ നിന്നും പുതിയൊരു നിയമം ഒരു പെൺകുട്ടി തന്നെ നിർവഹിച്ചു. ജനങ്ങൾ കൊതിച്ചതും ഇതുതന്നെ. ഒരുപാട് വർഷങ്ങൾ പീഡനത്തിനെതിരായ സ്ത്രീകൾ, പെൺകുട്ടികൾ, കൊച്ചു കുട്ടികൾ അവരെല്ലാം ഈ തരത്തിലുള്ള നിയമത്തിൽ അൽപമെങ്കിലും ആശ്വസിക്കും. ഇതൊരു നിയമം അല്ല. പക്ഷേ ആ കുട്ടിയുടെ ആത്മരക്ഷയ്ക്ക് വേണ്ടി ചെയ്ത ഒരു ത്യാഗം. പലരും അതിനു അനുകൂലമായി പ്രതികരിച്ചു. പലരും പ്രതികൂലമായും. സത്യത്തിൽ ഈ തരത്തിൽ പെൺകുട്ടി ധൈര്യപൂർവ്വം ചെയ്ത കാര്യം കേരളത്തിലെന്നല്ല ഒട്ടു രാജ്യങ്ങൾക്കും അവിടെ താമസിക്കുന്ന, പഠിക്കുന്ന, ജോലികൾ ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും ബലം തന്നെയാണ്.
പാവപ്പെട്ട പെൺകുട്ടികൾ ഇന്നും ഒരുപാട് പീഡനത്തിനിരയാകുന്നുണ്ട്. പലരും അത് മറച്ചു വെയ്ക്കുന്നു. പല വന്പൻ വ്യക്തികളെ പേടിച്ച്. കാരണം അവർക്ക് അനുകൂലമായ ഒരു നടപടിയും ഉണ്ടാകാറില്ല. അവർ ആഗ്രഹിക്കുന്നതും സ്വപ്നം കാണുന്നതുമായ ജീവിതം പിന്നെ നയിക്കാൻ സാധിക്കില്ല. അതിനാൽ പലരും അത് മറച്ചുവെയ്ക്കുന്നു. ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്ന പീഡനങ്ങൾ ഒരു തവണ വാർത്തയായി വന്നാൽ തൊട്ടടുത്ത ദിവസം അതിനേക്കാൾ അപ്പുറം വേദന അർഹിക്കുന്ന മറ്റൊരു വാർത്തയാകാം. അതിന്റെ ചർച്ചകൾക്ക് വിരാമമിടുന്പോഴേയ്ക്കും മറ്റൊരു പീഡന കഥകൾ. ഇതിനെതിരെ തുടർച്ചയായി നീങ്ങിക്കൊണ്ടിരിക്കും.
പക്ഷേ ജീവിതത്തിൽ പല വ്യക്തികൾ, ആ പെൺകുട്ടി ചെയ്ത പ്രവർത്തിയെ ചെയ്യാൻ പാടില്ലാത്തതെന്ന് പറഞ്ഞ് നടക്കുന്പോൾ ഒന്നു ചിന്തിക്കണം ആ നേതാക്കന്മാർ. നമ്മുടെ വീട്ടിലും പെൺകുട്ടികൾ സ്ത്രീകൾ ജീവിക്കുന്നുണ്ടെന്ന കാര്യം. പീഡനത്തിൽ പെട്ട് മരിച്ചുപോയ എത്രയോ പേരെ നാം കണ്ടുകൊണ്ടിരിക്കുന്നു. അവർക്ക് കിട്ടുന്ന ശിക്ഷകളെ പറ്റിയും നമുക്കറിയാം. പിന്നീട് വർഷങ്ങൾ കഴിഞ്ഞ് അവർ പുറത്തിറങ്ങും. എന്നിട്ടും അതിന് കുറവുണ്ടോ? പിന്നെ അതിന്റെ പിന്നാലെ സാക്ഷി പറഞ്ഞവർക്കെതിരെ നിയമം പറഞ്ഞവർക്കെതിരെ മറ്റൊരു തരത്തിലുള്ള ഭീഷണികൾ, ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കുന്പോൾ കണ്ണുമടച്ച് ആർക്കും ഇരിക്കാൻ പറ്റില്ല...
ധീരതയെന്നത് ഒരു സത്യം തന്നെയാണ്. ഗൾഫ് രാജ്യങ്ങളിൽ ഏതു സമയത്തും സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാമെങ്കിൽ ആരെയും ഭയപ്പെടാതെ ജീവിക്കാമെങ്കിൽ എന്തുകൊണ്ട് നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് സ്വസ്ഥമായി സ്വന്തം വീട്ടിൽ ജീവിച്ചു കൂടാ... സ്വസ്ഥമായി സ്കൂളിൽ പോയിക്കൂടാ... സ്വസ്ഥമായി ജോലിക്ക് പോയിക്കൂടാ...
ഇനി നമ്മുടെ നാടിന്റെ കണ്ണുകൾ തുറക്കണം. പീഡിപ്പിക്കുന്നവനെയും അതിന് സഹായം നൽകുന്നവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ശിക്ഷിക്കണം, പരമാവധി ശിക്ഷാ ഉറപ്പിക്കണം. വെറുമൊരു വാക്കിൽ ഒതുക്കരുത്. ആശംസ മാത്രമാകരുത്. ധീരതയെന്ന് വാക്കുകൾ പറഞ്ഞ് പറ്റിക്കരുത്. സർക്കാർ ഇറങ്ങണം. നിയമങ്ങൾക്ക് കരുത്ത് നൽകണം.
ഇനിയേത് കാമഭ്രാന്തുള്ള പുരുഷനും ഒന്ന് ഭയക്കണം. ആരെയും ഉപദ്രവിക്കുന്പോൾ നാം ചെയ്യുന്നത് തെറ്റാണെന്ന് അവർക്ക് ബോധ്യപ്പെടുത്തി കൊടുക്കാൻ നമുക്കാകില്ല. ധീരതയോടെ നമ്മളും നിൽക്കണം. പല കാമവെറിയന്മാർക്ക് ഇതൊരു പാഠമാകട്ടെ. ദുഷ്ചിന്താ ഗതിക്കാർക്ക് നന്മ മനസിൽ നിറയാൻ ഇതൊരു അംഗീകൃത പ്രവർത്തിയാകട്ടെ.
എല്ലാ അമ്മമാരും ആഗ്രഹിച്ചതും നടന്നതും സത്യത്തിൽ നന്മയുള്ളതാകട്ടെ എന്ന പ്രതീക്ഷയോടെ ഈ വാരാന്ത്യ വീക്ഷണത്തിന് വിട...