ഇനി­ പു­ണ്യങ്ങളു­ടെ­ പൂ­ക്കാ­ലം


സ്വന്തം ലേഖകൻ

 ണ്യ റമദാൻ സമാഗതമായിരിക്കുന്നു. ഇനി പുണ്യങ്ങളുടെ പൂക്കാലം. ഇസ്ലാം മതവിശ്വാസികൾ നോന്പ് കാലത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. പ്രവസികളും തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുന്നു. നാട്ടിലാണെങ്കിലും പുറം നാട്ടിലാണെങ്കിലും വിശ്വാസം ഒന്നാണെന്നിരിക്കെ നോന്പിനും റമദാനും എല്ലായിടത്തും ഓരേ പ്രാധാന്യമാണ്. വിശ്വാസികൾ പകൽ സമയങ്ങളിൽ ഭക്ഷണമുപേക്ഷിച്ച് വ്രതമനുഷ്ടിക്കുന്നു. നീണ്ട 30 ദിവസത്തെ വ്രതാനുഷ്ടാനത്തിന് ശേഷം റമദാൻ വന്നെത്തും.

ക്ഷമയുടെ മാസമാണ് റമദാൻ‍. ക്ഷമയുടെ പ്രതിഫലം സ്വർ‍ഗം തന്നെയാണ്. നോന്പ് എനിക്കുള്ളതാണ്. അതിന്റെ പ്രതിഫലവും ഞാൻ‍ തന്നെ നൽ‍കുന്നതാണ് എന്ന അല്ലാഹുവിന്റെ വാക്യം നോന്പിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.

മാനവ സമൂഹത്തിനാകെ അവസാന നാൾ‍ വരെ വഴികാട്ടിയായ വിശുദ്ധ ഖുർ‍ആന്റെ അവതീർ‍ണം കൊണ്ട് അനുഗ്രഹിക്കപ്പെട്ട മാസമാണിത്. ആയിരം മാസങ്ങ
ളേക്കാൾ‍ പുണ്യം നിറഞ്ഞ ലൈലത്തുൽ‍ ഖദ്‌റും റമദാനിലാണെന്ന് ഖുർ‍ആൻ തന്നെ വ്യക്തമാക്കുന്നു. അവിശ്വാസത്തിനും അധർ‍മ്മത്തിനുമെതിരെ വിശ്വാസത്തിന്റെയും ധർ‍മ്മത്തിന്റെയും പതാക ഉയർ‍ന്ന ബദറിന്റെ മാസം കൂടിയാണ് റമദാൻ‍. ബദർ‍ യുദ്ധം നടന്നത് റമദാൻ‍ 17നാണ്. മക്കാവിജയവും റമദാനിലാണ്.

റമദാൻ‍ മാസത്തിലെ വ്രതാനുഷ്ഠാനം ഇസ്ലാമികചര്യയുടെ പഞ്ച സ്തംഭങ്ങളിലൊന്നാണ്. പ്രായപൂർ‍ത്തിയായ, ബുദ്ധിസ്ഥിരതയുള്ള എല്ലാവർ‍ക്കും നോന്പ് നിർ‍ബന്ധമാക്കപ്പെട്ട മാസണിത്. ദാനധർ‍മ്മങ്ങൾ‍ ഒഴുകുന്ന മാസം കൂടിയാണ് റമദാൻ‍. ഇല്ലാത്തവന്റെ ദുഃഖം മനസ്സിലാക്കി ഉള്ളവന്റെ മനസ്സലിയിക്കാനും റമദാൻ‍ വഴിയൊരുക്കുന്നു. സ്വാർ‍ത്ഥമോഹങ്ങൾ‍ മലിനപ്പെടുത്തിയ മനസ്സുകൾ‍ വിമലീകരിക്കുന്നതിനും ഹൃദയത്തിലെ കന്മഷങ്ങളുടെ കറ കഴുകിക്കളയുന്നതിനും ഈ ഉപവാസമാസത്തിലെ വിശുദ്ധ രാപ്പകലുകൾ‍ സുവർ‍ണാവസരമാകുന്നു.

ആഹാരപാനീയങ്ങൾ‍ വർ‍ജിക്കുക മാത്രമല്ല നോന്പ്. വ്യർ‍ത്ഥവും മ്ലേച്ഛവുമായ വാക്കുകൾ‍ വർ‍ജിക്കലുമാണ് നോന്പ്. നിന്നോട് ആരെങ്കിലും വഴക്കിടുകയോ നിന്നെ ആരെങ്കിലും ചീത്തപറയുകയോ ചെയ്താൽ‍ ഞാൻ‍ നോന്പുകാരനാണ് എന്ന് അവനോട് പറയുക.

സമൂഹത്തിലെ കഷ്ടപ്പെടുന്നവരോട് അനുകന്പയും സഹാനുഭൂതിയും പ്രകടിപ്പിക്കുകയും ദാനധർ‍മ്മങ്ങൾ‍ അധികരിപ്പിക്കുകയും ചെയ്യേണ്ട സുവർ‍ണാവസരവുമാണ് റദാൻ‍. പുണ്യമാസത്തിലെ ആരാധനാകർ‍മ്മങ്ങൾ‍ക്കെന്നപോലെ ദാനധർ‍മ്മങ്ങൾ‍ക്കും പതിന്മടങ്ങ് പ്രതിഫലമാണുള്ളത്. നമസ്‌കാരവും നോന്പും പോലെ പ്രധാനപ്പെട്ട ആരാധനാകർ‍മ്മമാണ് സക്കാത്ത്. ഭൂമിയിൽ‍ പടച്ചവന്റെ പ്രതിനിധിയെന്ന നിലയിൽ‍ സന്പത്ത് അവന്‍ ഏൽ‍പ്പിച്ച അമാനത്താണ്. ദൈവഹിതപ്രകാരം ചെലവഴിച്ചില്ലെങ്കിൽ‍ അത് നരകത്തിലേക്കുള്ള പാതയൊരുക്കും. സക്കാത്തിന്റെ കാര്യത്തിൽ‍ വീഴ്ച വരുത്തുന്ന പക്ഷം നമസ്‌കാരത്തിലും നോന്പിലും മറ്റ് ആരാധനകളിലും എത്ര കണിശത കാണിച്ചിട്ടും ഫലമില്ലെന്നതാണ് യാഥാർ‍ത്ഥ്യം.

ജീവിതത്തിലുടനീളം അല്ലാഹുവിന്റെ വിധിവിലക്കുകളനുസരിച്ചും അവനെ സൂക്ഷിച്ചും ഭയപ്പെട്ടും ജീവിക്കുന്നതിനുള്ള പരിശീലനമാണ് റമദാൻ‍ പ്രദാനം ചെയ്യുന്നത്. രഹസ്യമായും പരസ്യമായും ദൈവത്തെ അനുസരിക്കാനും അവന് കീഴ്‌പ്പെട്ട് ജീവിക്കാനും വ്രതാനുഷ്ഠാനം പ്രാപ്തമാക്കുന്നു.

റമദാന്റെ ചൈതന്യം നിലനിർ‍ത്തി ആരാധനകൾ‍ അത്യധികം വർദ്‍ധിപ്പിക്കുകയും ദൈവകാരുണ്യം വഴിഞ്ഞൊഴുകുന്ന ആദ്യപത്തും പാപമോചനത്തിന് വഴിതുറക്കുന്ന രണ്ടാമത്തെ പത്തും നരകത്തിൽ‍ നിന്നും മോചനത്തിന് വഴിയൊരുക്കുന്ന അവസാന പത്തും പരമാവധി മുതലെടുത്ത് അല്ലാഹുവിനോട് കൂടുതൽ‍ അടുക്കാനും ആവശ്യങ്ങൾ‍ ചോദിച്ചുവാങ്ങാനും അവന്റെ ഇഷ്ടാനിഷ്ടങ്ങൾ‍ക്കനുസൃതമായി പുതുജീവിതം നയിക്കുമെന്ന് പ്രതിജ്ഞയെടുത്ത് അതിനായി അത്യധ്വാനം ചെയ്യാനുമുള്ള അവസരമാണ് റമദാൻ‍. ഈ അവസരത്തെ ഫലപ്രദമായി വിനിയോഗിക്കാൻ‍ വിശ്വാസികൾ‍ക്കാവണം.

ജീവിതത്തിന്റെ ലക്ഷ്യസാഫല്യമായ ആഖിറ വിജയത്തിലേയ്ക്ക് ചുവടുവെയ്ക്കാനുള്ള സുവർ‍ണാവസരമാണ് റമദാൻ‍. തിന്നും കുടിച്ചും നന്മയിൽ‍ ബദ്ധമാകാൻ‍ അശ്രദ്ധ കാണിച്ചവർ‍ക്കും ശുഷ്‌കിച്ച ചിന്തമൂലം നന്മകൾ‍ ചെയ്യാൻ വിസമ്മതം പ്രകടിപ്പിച്ചവർ‍ക്കും സുകൃതങ്ങൾ‍ ചെയ്ത് സാഫല്യം നേടാനും അതുവഴി സ്വർ‍ഗസ്ഥരാകാനും അല്ലാഹു കാണിച്ചു തരുന്ന വഴി. സുകൃതങ്ങൾ‍ ചെയ്ത് ഭംഗിയാക്കേണ്ടതാണ് റമദാൻ മാസത്തെ‍. നല്ലത് ചെയ്ത് ഹൃദയത്തെ നന്മ വിളയുന്ന ഇടമാക്കിമാറ്റണം. അതിലൂടെ നമുക്ക് ഭയഭക്തി ലഭിക്കുന്നു. നോന്പ് നിർ‍ബന്ധമാക്കിയത് നിങ്ങൾ‍ ഭയഭക്തിയുള്ളവരാകാൻ‍ വേണ്ടിയാണ് എന്ന ഖുർ‍ആൻ ഭാഷ്യം ഇതാണ് സൂചിപ്പിക്കുന്നത്.

അർ‍പ്പണ ബോധത്തോടെ നോന്പ് അനുഷ്ഠിക്കുന്പോൾ‍ അവന്റെ വീഴ്ചകൾ‍ പരിഹൃതമാകുന്നു. റമദാൻ‍ എന്ന വാക്കിന്റെ ഒരർ‍ത്ഥം തന്നെ കരിച്ചുകളയുന്നത് എന്നാണല്ലോ? മഹാനായ സൈനുദ്ദീൻ‍ മഖ്ദൂം(റ) ഈ മാസത്തിന് റമദാൻ‍ എന്ന് പേര് വെയ്ക്കാനുള്ള കാരണമായി പറഞ്ഞത് തെറ്റുകൾ‍ പൊറുക്കപ്പെടുകയും ഹൃദയം വിമലീകരിക്കപ്പെടുകയും ചെയ്യും എന്നതാണ്. അതുകൊണ്ട് മുഅ്മിനീങ്ങളേ, അശ്രദ്ധവാന്മാരായും അലസന്മാരായും കിടയറ്റ ഈ വേള പാഴാക്കിക്കളയരുത്. മറ്റു മാസങ്ങൾ‍ക്കൊന്നുമില്ലാത്ത വ്രതാചരണം ഈ മാസത്തിന് നൽ‍കിയത് തന്നെ ഇലാഹീ പരമായ ദൃഷ്ടാന്തങ്ങളും സാമീപ്യവഴികളും ഒരുപാടുണ്ടായത് കൊണ്ടാണെന്ന് ഇമാം റാസി(റ) പറയുന്നുണ്ട്. ‘അല്ലാഹുവിനെ ഉദ്ധരിച്ച് നബി(സ) പറയുന്നു: മനുഷ്യരുടെ അമലുകൾ‍ക്ക് പത്ത് മുതൽ‍ 700 വരെ ഇരട്ടി പ്രതിഫലം നൽ‍കും. റമദാൻ ‍ നോന്പൊഴിച്ച്, അതെനിക്കുള്ളതാണ്, ഞാനാണതിന് പ്രതിഫലം നൽ‍കുന്നത്.’

ഈ ഹദീസിന്റെ ഗൗരവം പ്രത്യേകം കണക്കിലെടുക്കേണ്ടതുണ്ട്. നോന്പിനെ കുറിച്ച് മാത്രമാണ് ഞാനാണതിന് പ്രതിഫലം നൽ‍കുന്നത് എന്ന് അല്ലാഹു പ്രത്യേകം പറഞ്ഞത്. മറ്റുള്ള അമലുകൾ‍ക്കും അല്ലാഹു തന്നെയാണ് പ്രതിഫലം നൽ‍കുന്നതെങ്കിലും അല്ലാഹു ഇങ്ങനെ പ്രഖ്യാപിക്കാനുള്ള കാരണം പണ്ധിതന്മാർ‍ വിശദീകരിക്കുന്നു: നോന്പ് രഹസ്യമായ ആരാധനയാണ്. റബ്ബിന്റേയും അടിമയുടേയും ഇടയിലുള്ള ഈ ആരാധനയെ കുറിച്ച് അല്ലാഹു മാത്രമെ അറിയുകയുള്ളൂ. മറ്റുള്ളവർ‍ കാണത്തക്ക വിധത്തിലുള്ള ആരാധനയല്ല ഇത്. അതിനാൽ‍ അല്ലാഹു അവനിലേയ്ക്ക് നോന്പിനെ ചേർ‍ത്തി. ഇവിടെ നാം സൂക്ഷിക്കേണ്ടത് രഹസ്യ ജീവിതത്തിന്റെ സംരക്ഷണമാണ്. വെറും പുറംമോടി കൊണ്ട് കാര്യമില്ല, ഭക്ഷണ പദാർ‍ത്ഥം ഒഴിവാക്കിയത് കൊണ്ടും മാത്രമായില്ല. മറിച്ച് അബദ്ധങ്ങൾ‍ പിണയാതെ നന്മകൾ‍ കൊണ്ട് ധന്യമാക്കണം.

പുണ്യങ്ങൾ‍ വാരിവിതറുന്ന മാസത്തിൽ‍ അനാവശ്യ കാര്യങ്ങളിലേർ‍പ്പെട്ട് റമദാനിന്റെ മഹത്വം കളഞ്ഞ്കുളിക്കരുത്. അത് ചിലപ്പോൾ‍ ശാപത്തിന് ഇടയാകും. പ്രവാചകർ‍(സ) മിന്പറിൽ‍ വെച്ച് ജിബ്‌രീൽ‍(അ) ന്റെ പ്രാർ‍ത്ഥനക്ക് ആമീൻ‍ പറഞ്ഞത് ഇത്തരക്കാർ‍ക്കെതിരായിരുന്നു. നാം ഈ വിഭാഗത്തിൽ‍ അകപ്പെടാതിരിക്കണം. അതിന് റമദാനിന്റെ ബഹുമാനത്തിന് ഭംഗം വരാതെ നോക്കണം. ഇർ‍ശാദുൽ‍ ഇബാദിൽ‍ ഒരു വിവരണം കാണാം: മുഹമ്മദ് എന്ന് പേരുള്ള ഒരു വ്യക്തി പള്ളിയിൽ‍ പോകാറില്ല. നിസ്‌കാരം തീരെയില്ല. പക്ഷേ റമദാൻ‍ ആഗതമായാൽ‍ നല്ല വസ്ത്രമണിഞ്ഞ്, സുഗന്ധം പൂശി നിസ്‌കരിക്കുവാൻ‍ തുടങ്ങുകയും നഷ്ടപ്പെട്ടത് ഖളാഅ് വീട്ടുകയും പതിവായിരുന്നു. പിന്നീട് മരണപ്പെട്ടപ്പോൾ‍ അദ്ദേഹം സ്വർ‍ഗത്തിൽ‍ പരിലസിക്കുന്നതായിട്ടാണ് സ്വപ്നദർ‍ശനമുണ്ടായത്. റമദാനിനെ ബഹുമാനിച്ചത് കാരണമായി അദ്ദേഹത്തിന് ദോഷങ്ങളൊക്കെ പൊറുത്ത് കൊടുത്തു. റമദാനിന്റെ പവിത്രത കാത്തുസൂക്ഷിക്കുവാനാണ് റമദാൻ‍ ആഗതമാകുന്നതിന് മുന്പ് തന്നെ സജ്ജീകരണം നടത്തണമെന്നും വരവേൽ‍പ്പിന് സ്വാഗതമോതണമെന്നും വിശ്വാസികൾ‍ കരുതുന്നത്.

വന്നണഞ്ഞ ഈ സൗഭാഗ്യം പൂർ‍ണ്ണമായി നേടിയെടുക്കാൻ വിശ്വാസികൾ‍ ശ്രമിക്കണം. ഖുർ‍ആനിന്റെ വാർ‍ഷികമായ റമദാനിൽ‍ ഖുർ‍ആൻ‍ പാരായണം വർദ്‍ധിപ്പിക്കൽ‍ അത്യന്താപേക്ഷിതമാണ്. ഇതുകൊണ്ട് നോന്പിനെ ധന്യനിമിഷമാക്കി മാറ്റണം. സ്വദഖ വർ‍ദ്ധിപ്പിക്കണം, ഇഅ്തികാഫ്, റിലീഫ് പ്രവർ‍ത്തനം ഇവയൊക്കെ കരണീയം തന്നെ. ഇത്തരം സുകൃതങ്ങൾ‍ കൊണ്ട് റമദാനിനെ സക്രിയമാക്കിയാൽ‍ പാരത്രിക ലോകത്ത് അവന് ശിപാർ‍ശകനായി റമദാൻ‍ വരുന്നതാണ്. ഇനിയങ്ങോട്ടുള്ള ജീവിതം നന്മകൊണ്ട് നിബിഡമാക്കണം. ചിട്ടയോടുള്ള നിസ്‌കാരം, ഖുർ‍ആൻ‍ ഓത്ത് തുടങ്ങിയ കർ‍മ്മങ്ങൾ‍ നിത്യമാക്കുന്ന രൂപത്തിലാകണം റമദാനിനെ വരവേൽ‍ക്കേണ്ടതും യാത്രയയപ്പ് നൽ‍കേണ്ടതും. പുണ്യ റമാദൻ അത്തരത്തിലുള്ളതാകട്ടെ... നമുക്ക് മനസ്സും ശരീരവും സമർപ്പിച്ച് റമദാനെ വരവേൽക്കാം...

You might also like

Most Viewed