പെണ്ണുങ്ങളുടെ എണ്ണം കുറയുന്നു?
കൂക്കാനം റഹ്മാൻ
‘ആദ്യത്തെ കണ്മണി ആണായിരിക്കണം’ മിക്ക ദന്പതികളുടെയും ആഗ്രഹമിതാണ്. രണ്ടാമത്തേതോ അത് ആണോ പെണ്ണോ ഏതെങ്കിലും ആയിക്കോട്ടേ പ്രശ്നമില്ല. രണ്ടാമത്തേതും ആണാണെങ്കിൽ സന്തോഷം. ഇതാണ് പൊതുവെ ഇന്ത്യൻ സമൂഹത്തിൽ കണ്ടുവരുന്ന കുട്ടികൾ ജനിക്കുന്നതിലുള്ള സംതൃപ്തി.
സുഹൃത്തുകൾ പരസ്പരം കണ്ടാൽ സ്നേഹപൂർവ്വം ചോദിക്കുന്ന കാര്യങ്ങളിലൊന്ന് മക്കളൊക്കെ എങ്ങിനെയാണ്. ഉത്തരം ഇത്തരത്തിലാണ് പുറത്തേക്ക് വരിക. ‘രണ്ടും പെൺകുട്ടികളാ’ ദുഃഖംസ്ഫുരിക്കുന്ന ഉത്തരം. ആൺകുട്ടികളാണെങ്കിൽ ‘രണ്ട് ആൺപിള്ളേരാ’ എന്തോ ഒരു സംതൃപ്തിയോടെയുള്ള പ്രതികരണം. ആൺകുട്ടികൾ ഉണ്ടാവുന്നത് സന്തോഷവും പെൺകുട്ടികൾ ജനിക്കുന്നത് ദുഃഖവുമായി മാറുന്ന മനോഭാവം പലരിലുമുണ്ട്.
സൂര്യകൃഷ്ണ മൂർത്തി നാടക രചനയുമായോ മറ്റോ ബന്ധപ്പെട്ട് ബിഹാറിലെ ഒരു ഗ്രാമാന്തരീക്ഷത്തിൽ താമസിക്കുന്പോഴുണ്ടായ അനുഭവക്കുറിപ്പ് വായിച്ചത് ഓർക്കുന്നു. രാത്രി അദ്ദേഹത്തിന്റെ താമസ സ്ഥലത്തിനടുത്ത ഒരു കുടുലിൽ നിന്ന് കൂട്ടക്കരച്ചിൽ കേട്ടു. കൂട്ടുകാരൊത്ത് അദ്ദേഹം ആകുടിലിലെത്തി. കാര്യം തിരക്കി ആ കുടിലിൽ ഒരുപെൺകുഞ്ഞ് പിറന്നിരിക്കുന്നു. പെൺകുഞ്ഞ് പിറന്നതിന്റെ ദുഃഖമാണ്. ആ കൂട്ടക്കരച്ചിലിനുകാരണം. അവിടുന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ വേറൊരു കുടിലിൽ ആർത്തട്ടഹാസവും, സന്തോഷ പ്രകടനങ്ങളും കേൾക്കാനിടയായി. അവിടെ ആൺകുഞ്ഞ്പിറന്ന സന്തോഷമായിരിക്കാം അവർ പ്രകടിപ്പിക്കുന്നതെന്ന് കരുതിയാണ് പ്രസ്തുത കുടിലിലേയ്ക്ക് ഇദ്ദേഹം ചെന്നത്. അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നു. തൊഴുത്തിൽ പശു ഒരു പെൺപശുക്കിടാവിന് ജന്മം നൽകിയിരിക്കുന്നു. അതാണ് സന്തോഷത്തിന് കാരണം. മനുഷ്യൻ പെൺകുഞ്ഞിന് ജന്മം നൽകിയപ്പോൾ ദുഃഖവും പശു പെൺകുഞ്ഞിന് ജന്മം നൽകിയപ്പോൾ സന്തോഷവും!
ഒന്ന് ചിലവ് വർദ്ധിപ്പിക്കുന്നത് മറ്റേത് വരവ് കൂട്ടുന്നത്! പെൺകുഞ്ഞുങ്ങൾ ബാധ്യതയായിട്ടാണ് സമൂഹം കാണുന്നത്. ആൺകുഞ്ഞുങ്ങൾ ബാധ്യതയല്ലായെന്ന ചിന്തയും മനുഷ്യർക്കുണ്ട്. യാഥാർത്ഥ്യം മറിച്ചാണ് താനും. ജനസംഖ്യാവർദ്ധനയെക്കുറിച്ച് പഠിക്കുന്ന ഫ്രാൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് റിസർച്ച് എന്ന ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തിലെ വിവരങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. ഇന്ത്യയിൽ 50 വർഷത്തിനകം 100 സ്ത്രീകൾക്ക് 191 പുരുഷന്മാരുണ്ടാവും. 91 പുരുഷന്മാർക്ക് സ്ത്രീകളെ കിട്ടാത്ത അവസ്ഥ സംജാതമാവും.
2010−15 കാലഘട്ടത്തിൽ ഇന്ത്യയിൽ 100 പെൺകുട്ടികൾക്ക് 111 ആൺകുട്ടികളാണുണ്ടായിരുന്നത്. യുണൈറ്റഡ് നേഷൻസിന്റെ കണക്കനുസരിച്ച് 2012ൽ ഇന്ത്യയിൽ പുരുഷന്മാരേക്കാൾ 4.3 കോടി സ്ത്രീകളുടെ കുറവുണ്ട്. കേരളത്തിൽ 2011ലെ സെൻസസ് പ്രകാരം ആറുവയസ്സുള്ള 16.95 ലക്ഷം ആൺകുട്ടികളും 16.25 ലക്ഷം പെൺകുട്ടികളുമാണുള്ളത് 69,000 പെൺകുട്ടികളുടെ കുറവ് കാണുന്നു.
സമൂഹത്തിൽ എണ്ണത്തിൽ ആൺ−പെൺ വ്യത്യാസം ഈ രൂപത്തിൽ സംഭവിച്ചാൽ ബഹുമുഖമായ പ്രശ്നങ്ങൾ ഉടലെടുക്കും. ഇപ്പോൾ തന്നെ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ പെൺകുട്ടികളുടെ എണ്ണം വളരെ കുറവാണ്. പഞ്ചാബിലാണ് ഈ പ്രശ്നം ഗുരുതരമായിട്ടുള്ളത്. കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്ന് സ്ത്രീകളെ വിവാഹം ചെയ്ത് പഞ്ചാബിലേക്ക് കൊണ്ടുപോയിട്ടുണ്ട്. പരസ്പരം അറിഞ്ഞും ഉടന്പടി ചെയ്തും ആണ് വിവാഹങ്ങൾ നടത്തിയത്. പക്ഷേ വിവാഹിതയായി അവിടെ എത്തിയപ്പോഴാണ് കാര്യങ്ങൾ കൂടുതൽ ബോധ്യപ്പെട്ടത്. പെണ്ണിനെ കൊണ്ടുപോയ വീടുകളിൽ കുറേയേറെ സഹോദരങ്ങൾ അവിവാഹിതരായി കഴിയുന്നു. പെണ്ണിനെ കിട്ടാത്തതുമൂലമാണ് അത് സംഭവിച്ചത്. ഒരു സ്ത്രീ രണ്ടോ മൂന്നോ സഹോദരങ്ങൾക്ക് ഭാര്യയായിത്തീരേണ്ട അവസ്ഥവരെ അവിടങ്ങളിലുണ്ടായിത്തുടങ്ങിയെന്നാണ് അറിയാൻ കഴിഞ്ഞത്.
പെണ്ണ് ശല്യമാണ്, ബാധ്യതയാണ് എന്നൊക്കെ കരുതിയിരുന്ന സമൂഹത്തിന് അഭിപ്രായം മാറ്റേണ്ടിവന്നിരിക്കുന്നു. സ്ത്രീ അമൂല്യമാണ്, അത്യാവശ്യ വസ്തുവാണ് എന്ന് തിരുത്തേണ്ട കാലം വന്നിരിക്കുകയാണ്. ഇങ്ങിനെയൊരു മാറിയ ചിന്തയും പ്രവൃത്തിയും വരേണ്ടതുതന്നെ. പെൺകുഞ്ഞാണെന്നറിഞ്ഞാൽ ഗർഭത്തിൽ വെച്ചു തന്നെ അരിഞ്ഞെടുത്ത് കളയുന്ന പാപ പങ്കിലമായ പ്രവൃത്തികൾ ഇനിയെങ്കിലും അവസാനിക്കുമല്ലോ? സ്ത്രീകൾക്ക് അംഗീകാരവും, ആദരവും കിട്ടും. പെൺകുട്ടിയാണ് ജനിക്കേണ്ടതെന്ന് അച്ഛനമ്മമാർ കൊതിക്കുന്ന കാലം വരും.
സ്ത്രീധനത്തിന്റെ പേരിൽ ഇനി പെൺകുട്ടികളുടെ മാതാപിതാക്കൾ ആശങ്കപ്പെടേണ്ട. സ്ത്രീധന സന്പ്രദായം പൂണമായും ഇല്ലാതാവും. പെണ്ണിനെ കിട്ടണമെങ്കിൽ ‘പുരുഷധനം’ കൊടുക്കേണ്ട അവസ്ഥവരും. ചെക്കന് കെട്ടാൻ പെണ്ണില്ലാത്തതുമൂലം സ്ത്രീധന സന്പ്രദായം അവസാനിക്കുമെന്ന് പഠനങ്ങളും പറയുന്നു. ഇനി പെണ്ണുകാണൽ ചടങ്ങിന് പകരം ആണുകാണൽ ചടങ്ങാണ് ഉണ്ടാവാൻ പോവുന്നത്. പെൺകുട്ടികൾക്ക് ഡിമാന്റ് കൂടിക്കൂടി വരും. ആഹ്ലാദത്തോടെ അഭിമാനത്തോടെ തല ഉയർത്തി നടക്കാനുള്ള അവസ്ഥയിൽ പെൺകുട്ടികൾ എത്തിച്ചേരും. ആ ഒരു അവസ്ഥ ഉണ്ടാവാൻ പെൺസമൂഹം കൊതിച്ചതാണ്. അത് പ്രകൃതി തന്നെ സഫലീകരിച്ചു കൊടുത്തിരിക്കുന്നു.
സ്ത്രീ−പുരുഷാനുപാദത്തിലുണ്ടാകുന്ന കുറവ് അക്രമങ്ങൾക്ക് ഇടയാക്കുമെന്ന സൂചനയും ചിലർ നൽകുന്നുണ്ട്. പെണ്ണിനെ കിട്ടാതായാൽ മസിൽ പവർ ഉപയോഗിച്ചുകൊണ്ട് പുരുഷന്മാർ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഇടയുണ്ടാവും. കച്ചവട തന്ത്രം പോലെ സാധനങ്ങൾ ലഭ്യമല്ലാതെ വരുന്പോൾ കേറിവാരുന്ന അവസ്ഥയോ, ഒളിച്ചുകടത്തുന്ന അവസ്ഥയോ ഉണ്ടാവും. അതേ പോലെ വിവാഹം കഴിക്കാൻ പെൺകിടാങ്ങളെ കിട്ടാതെ വരുന്പോൾ പ്രശ്നങ്ങൾ ഉണ്ടാവുക സ്വാഭാവികം.
പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിൽപ്പന നടത്തുന്ന അവസ്ഥയും സംജാതമാകാൻ സാധ്യതയുണ്ട്. സ്ത്രീകൾ ലൈംഗിക തൊഴിലാളികളായി മാറാനും ഇത്തരം സാഹചര്യം ഇടയാക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.
വർത്തമാനകാല സാഹചര്യത്തിൽ തന്നെ പലയുവാക്കളും പെണ്ണിനെ തേടിനടക്കുകയാണ്. അനുയോജ്യമായ പെൺകുട്ടികളെ കണ്ടെത്താൻ കഴിയാതെ വിവാഹം വേണ്ടെന്നുവെക്കുന്ന ചെറുപ്പക്കാരുടെ എണ്ണവും കൂടിവരുന്നുണ്ട്. ഒരേ ജാതിയിൽപെട്ട പെൺകുട്ടിയെ കിട്ടാതായപ്പോൾ ജാതി ചിന്ത വെടിഞ്ഞ് പെണ്ണിനെ സ്വീകരിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
ഇനിയങ്ങോട്ട് പെൺകുട്ടികളാണ് തങ്ങളുടെ ആവശ്യങ്ങൾ പുരുഷന്മാരുടെ മുന്നിൽ വെയ്ക്കുക. ദൂഷ്യസ്വഭാവങ്ങളില്ലാത്ത ചെറുപ്പക്കാരെ മാത്രമെ ഞങ്ങൾ പങ്കാളികളായി സ്വീകരിക്കൂ എന്ന ആവശ്യം മുന്നോട്ട് വെയ്ക്കാൻ പെൺകുട്ടികൾ തയ്യാറാവും. അത്തരമൊരുനീക്കം സമൂഹത്തിൽ മൊത്തം നടക്കുകയാണെങ്കിൽ നല്ലൊരുസാമൂഹ്യമാറ്റത്തിനും അത് ഇടയാക്കും. പക്ഷേ ഏറ്റവും നല്ലത് സ്ത്രീ-പുരുഷ അനുപാതം തുല്യമായിരിക്കുന്ന അവസ്ഥ ഉണ്ടാവുകയെന്നതാണ്. ഇതേവരെ സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായപ്പോൾ സംജാതമായത് ദോഷങ്ങളാണ്. പുരുഷന്റെ എണ്ണം വർദ്ധിച്ചാലും വേറൊരു തരത്തിൽ സമൂഹത്തിൽ ദോഷം ഉണ്ടാവും.
സ്ത്രീവിഭാഗത്തിന് മാന്യത ഉണ്ടാവുന്ന അവസ്ഥയാണ് സമൂഹത്തിൽ നിലനിൽക്കേണ്ടത്. അതിനാൽ സ്ത്രീകളുടെ എണ്ണത്തിൽ കുറവു സംഭവിച്ചാലെങ്കിലും മാന്യമായ സ്ഥാനം സ്ത്രീകൾക്ക് ഉണ്ടാവട്ടെയെന്ന് ആശിച്ചുപോവുന്നു. അവർ അനുഭവിച്ച യാതനകൾക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാൻ ഈയൊരു അവസ്ഥാവിശേഷത്തിന് സാധ്യമാവട്ടെയെന്നും ആഗ്രഹിക്കുന്നു...