കൊച്ചി മെട്രോയിലെ ലിംഗ വിപ്ലവം !
ജെ. ബിന്ദുരാജ്
ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പാസ്സായശേഷം ഒരു സ്റ്റാർ ഹോട്ടലിലായിരുന്നു രാഗ രഞ്ജിനിക്ക് ജോലി. ഉയർന്ന തസ്തികയിൽ തൊഴിലെടുത്തിരുന്ന അവർ പക്ഷേ ഒരു ദിവസം ജോലിയിൽ നിന്നും പുറത്താക്കപ്പെട്ടു. സ്ത്രീ എന്ന നിലയിൽ തൊഴിലിൽ പ്രവേശിച്ചിരുന്ന അവർ ഒരു ട്രാൻസ്ജെന്ററാണെന്ന് ഹോട്ടൽ അധികൃതർ കണ്ടെത്തിയതാണ് തൊഴിൽ നഷ്ടപ്പെടാനിടയാക്കിയത്. സ്വന്തം അസ്തിത്വം മറച്ചുവെച്ചുകൊണ്ട് തൊഴിൽ ചെയ്യാൻ നിർബന്ധിതരായ ആയിരക്കണക്കിന് ട്രാൻസ്ജെന്റർമാരിൽ ഒരാൾ മാത്രമായിരുന്നു രാഗ. ജോലിക്കെടുക്കണമെങ്കിൽ ആണോ പെണ്ണോ ആയിരിക്കണമെന്ന നിബന്ധന സമീപകാലം വരെ മിക്കവാറും തൊഴിൽ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ ട്രാൻജെന്ററുകൾക്കും വോട്ടവകാശം നൽകപ്പെടുകയും അവരെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ മാധ്യമങ്ങളിലൂടെയുള്ള ബോധവൽക്കരണത്തിലൂടെ പൊതുസമൂഹത്തിൽ നിന്ന് അകലുകയും ചെയ്തതോടെ വലിയൊരു പരിധി വരെ അവർ സമൂഹത്തിൽ നേരിട്ടിരുന്ന അയിത്തത്തിൽ നിന്നും മോചിതരാകാൻ തുടങ്ങി. എന്നിരുന്നാലും സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളുമൊക്കെ അവരെ തങ്ങളുടെ സ്ഥാപനങ്ങളിൽ നിയമിക്കാൻ അപ്പോഴും മടിച്ചുനിൽക്കുക തന്നെയായിരുന്നു ഇതുവരെ. പക്ഷേ യാഥാസ്ഥിതികതയുടെ ഈ കെട്ടുപാടുകൾക്കു പരിഷ്കൃത സമൂഹത്തിൽ സ്ഥാനമില്ലെന്നു തെളിയിച്ചുകൊണ്ട് പുതിയൊരു ദൗത്യത്തിനു തയ്യാറായിരിക്കുകയാണ് കൊച്ചി മെട്രോ. കൊച്ചി മെട്രോയിൽ നിയമിക്കുന്ന 570 ടിക്കറ്റിങ്-ഹൗസ് കീപ്പിങ് ജീവനക്കാരിൽ 60 പേർ ട്രാൻസ്ജെന്റർമാരായിരിക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ എംആർഎൽ) മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ് ഏതാനും മാസങ്ങൾക്കു മുന്പ് പ്രഖ്യാപിച്ചപ്പോൾ അത് വിപ്ലവകരമായ ഒരു മാറ്റത്തിനുള്ള തുടക്കമാണെന്ന് അന്നേ തന്നെ വ്യക്തമായിരുന്നതാണ്. ലിംഗപരമായ പ്രശ്നങ്ങൾ മൂലം അരികുജീവിതങ്ങളിലേയ്ക്ക് വീണുപോകുന്നവരെ മാന്യമായ തൊഴിലിൽ എത്തിക്കാനുള്ള സാമൂഹ്യപ്രതിബദ്ധതോടെയുള്ള നീക്കമായി അത് വിലയിരുത്തപ്പെട്ടു. ഇന്ന് ഏലിയാസ് ജോർജ് ആ ലക്ഷ്യം നിറവേറ്റിയിരിക്കുന്നു. 60 പേരെ നിയമിക്കാനായില്ലെങ്കിലും 23 ട്രാൻസ്ജെന്ററുകൾക്ക് ഇതിനകം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നിയമനം നൽകിക്കഴിഞ്ഞിരിക്കുന്നു. ഇതിൽ ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച അഞ്ചുപേർ ടിക്കറ്റിങ് ജീവനക്കാരാണെങ്കിൽ പതിനെട്ടുപേർ ഹൗസ് കീപ്പിങ് ജീനക്കാരാണ്. രാജ്യത്തിനു മൊത്തം മാതൃകയാകുന്നതാണ് കൊച്ചി മെട്രോയുടെ ഈ പദ്ധതി. മെട്രോയിലെ ടിക്കറ്റിങ് ജോലികൾ കുടുംബശ്രീയെ ഏൽപിച്ച ഏലിയാസ് ജോർജിന്റെ വിപ്ലവകരമായ തീരുമാനത്തേക്കാൾ മികച്ചതായി മാറിയിരിക്കുന്നു പുതിയ നടപടി. രാജ്യത്തെ ഏറ്റവും മഹത്തായ ഒരു ലിംഗ വിപ്ലവത്തിന് കൊച്ചി മെട്രോ നാന്ദി കുറിച്ചിരിക്കുന്നു.
ആൺ ശരീരത്തിനുള്ളിൽ പെണ്ണിന്റെ മനസ്സും പെൺ ശരീരത്തിനുള്ളിൽ ആണിന്റെ മനസ്സുമായി ജീവിക്കേണ്ടി വരുന്നവർ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമൊക്കെയുണ്ടെങ്കിലും ഓരോ ദേശങ്ങളിലും അവർക്ക് കൽപിക്കപ്പെട്ടിരുന്ന അയിത്തമാണ് പൊതുധാരയിൽ നിന്നും സമൂഹത്തിൽ അവർ അകറ്റിനിർത്തപ്പെടാൻ ഇടയാക്കിയിരുന്നത്. ഭിക്ഷാടനത്തിലേയ്ക്കും തെരുവു നൃത്തത്തിലേയ്ക്കും ലൈംഗിക തൊഴിലിലേക്കുമൊക്കെ പോകാൻ അത് അവരെ നിർബന്ധിതരാക്കി. മൂന്നാംലിംഗക്കാരായ മക്കളെ അവരായി തന്നെ അംഗീകരിക്കുകയും അവരെ അവരുടേതായ രീതികളിൽ വളർത്തുകയും ചെയ്യുന്ന മാതാപിതാക്കൾ പോലും പിന്നീട് ഇവർക്ക് തൊഴിൽ കണ്ടെത്തി നൽകുന്നതിൽ പരാജയപ്പെടുകയും മറ്റുള്ളവരുെട സഹായത്താൽ മാത്രം അവർ പിൽക്കാലം ചെലവിടേണ്ട ഗതികേടുണ്ടാകുകയും ചെയ്തു. വീട്ടിൽ നിന്നും നാട്ടിൽ നിന്നുമുള്ള വിവേചനം മൂലം കേരളത്തിൽ നിന്നും ഒളിച്ചോടി തമിഴ്നാട്ടിലെ മൂന്നാം ലിംഗ സംഘങ്ങളിൽ ചേരേണ്ടി വന്ന നിരവധി മലയാളികളുണ്ടെന്നത് ഒരു വസ്തുതയാണെന്നിരിക്കേ, കൊച്ചി മെട്രോ ഒരർത്ഥത്തിൽ അരികുജീവിതങ്ങളുടെ ദൈനംദിന ജീവിതത്തിലേക്കാണ് വെളിച്ചം കൊണ്ടുവന്നിരിക്കുന്നത്. വിദ്യാഭ്യാസം സിദ്ധിച്ചിട്ടും ലിംഗം മൂലം തൊഴിൽ നിഷേധിക്കപ്പെട്ടവർക്ക് ഒരു സർക്കാർ സ്ഥാപനം നൽകുന്ന ഏറ്റവും വലിയ പ്രതീക്ഷയാണത്. ട്രെയിനുകളിൽ ഭിക്ഷാടനം നടത്താനും ഇരുണ്ട തെരുവുകളിൽ ശരീരം വിൽക്കാനും വിധിക്കപ്പെട്ടിരുന്നവർ കൊച്ചി മെട്രോയുടെ ടിക്കറ്റിങ് കൗണ്ടറുകളിലും േസ്റ്റഷനുകളിലും യൂണിഫോമിട്ട് ഇനി തൊഴിലെടുക്കും. ടിക്കറ്റിങ് സ്റ്റാഫിന് 13,000 രൂപ മുതൽ 15,000 രൂപ വരെയും ഹൗസ് കീപ്പിങ് സ്റ്റാഫിന് പതിനായിരം രൂപയുമാണ് കൊച്ചി മെട്രോ വേതനമായി നിശ്ചയിച്ചിരിക്കുന്നത്. ധാരാളം ട്രാൻസ്ജെന്റർമാർ മെട്രോയിൽ അഭിമുഖത്തിനായി എത്തിയിരുന്നുവെങ്കിലും പൊലീസും കുടുംബശ്രീ പ്രവർത്തകരും സംയുക്തമായി കൂടിയാലോചിച്ചാണ് കുറ്റകൃത്യങ്ങളിലൊന്നും ഉൾപ്പെടാത്ത ട്രാൻജെന്റർമാരെ കണ്ടെത്തിയതും അവർക്ക് നിയമനം നൽകിയതും.
ഇന്ത്യയിൽ ഇപ്പോഴും ട്രാൻസ്ജെന്റർമാർ പലതരത്തിലുള്ള വിവേചനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ലോകമെന്പാടും മൂന്നാം ലിംഗക്കാരുടെ അവകാശങ്ങൾക്കായി ശബ്ദമുയരുന്പോഴും ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി പോലും മൂന്നാംലിംഗക്കാർക്കു നേരെ മുഖംതിരിച്ചത് നാം നേരിൽ കണ്ടതാണ്. തികച്ചും വിവേചനപരമായ ഒരു നിലപാടാണ് സുപീംകോടതി 2013-ൽ 377-ാം വകുപ്പ് നിലനിർത്തിക്കൊണ്ട് പുറപ്പെടുവിച്ച വിധി. 2013ലെ വിധിന്യായം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട റിവ്യൂ ഹർജികൾ 2015ൽ തള്ളിയതിലൂടെ സുപ്രീം കോടതി വീണ്ടും തങ്ങളുടെ യാഥാസ്ഥികത്വം ജനസമക്ഷം വെളിവാക്കുകയുമായിരുന്നു.
സ്വകാര്യതയിൽ ഒരേ ലിംഗക്കാർ തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണെന്ന 377ാം വകുപ്പ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയത് 2009ലായിരുന്നു. ഇന്ത്യയിലെ ലൈംഗിക ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഈ വിധിന്യായം തുടർന്ന് പല അവകാശങ്ങളും ചോദിച്ചുവാങ്ങാനുള്ള ഒരു ചവിട്ടുപടിയായി മാറേണ്ടതായിരുന്നു ലിംഗസമത്വത്തിലേക്കും ലിംഗനീതിയിലേക്കുമൊക്കെ മുന്നേറാൻ അതവർക്ക് വലിയ ഊർജം പകർന്നുകൊടുക്കാൻ ഏറെ സഹായകമാകുകയും ചെയ്യുമായിരുന്നു. എന്നാൽ യാഥാസ്ഥിതിക മതസംഘടനകൾ ഈ വിധിന്യായത്തെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയിൽ അപ്പീൽ നൽകി. 2013ൽ സുപ്രീം കോടതി ഡൽഹി ഹൈക്കോടതിയുടെ വിധിന്യായം റദ്ദാക്കുകയും സ്വവർഗഭോഗം ശിക്ഷാർഹമാണെന്ന 377ാം വകുപ്പ് ഭരണഘടനാപരമായി നിലനിൽക്കുന്നതാണെന്നും വിധിച്ചു. ഇതിനെതിരെ പുരോഗമനപരമായി ചിന്തിക്കുന്ന സംഘടനകളും വ്യക്തികളും റിവ്യൂ ഹർജി നൽകിയെങ്കിലും സുപ്രീം കോടതി തങ്ങളുടെ നിലപാടിൽ മാറ്റം വരുത്താൻ തയാറായില്ല. ലൈംഗിക ന്യൂനപക്ഷങ്ങൾ കടുത്ത വിവേചനം നേരിടുകയും പോലീസിൽ നിന്നും നാട്ടുകാരിൽ നിന്നും കടുത്ത പീഡനങ്ങൾക്ക് വിധേയരാകുകയും പൊതുസമക്ഷം സ്വയം വെളിവാകാൻ പോലും മടിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് മാറ്റത്തിന്റെ വിത്തുകൾ പൊട്ടിമുളച്ചുകൊണ്ടിരുന്ന ഒരു സമയത്താണ് സുപ്രീം കോടതി അവയെല്ലാം അസ്ഥാനത്താക്കുന്ന മട്ടിലൊരു വിധിന്യായം നടത്തുകയും അതിനെ പിന്നീട് റിവ്യൂ ഹർജി വന്ന അവസരത്തിൽ പോലും ശരിവയ്ക്കുകയും ചെയ്തത്. 2016 ഫെബ്രുവരിയിൽ വിധിയിലെ അപാകതകൾ പരിഹരിക്കണമെന്ന് അപേക്ഷിച്ച നാസ് ഫൗണ്ടേഷൻ സുപ്രീം കോടതിയിൽ നൽകിയ ഹർജിയെ തുടർന്ന് വിഷയം വീണ്ടും അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്.
ഇന്ത്യയിൽ ട്രാൻസ്ജെന്ററുകൾ ഹിജഡ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഉർദുവിൽ ഈ വാക്കിന് സ്വന്തം ‘വംശത്തിൽ നിന്നും വേറിട്ടവൻ’ എന്നാണ് അർത്ഥം. സാധാരണഗതിയിൽ പുരുഷന്മാരായി ജനിക്കുകയും സ്ത്രീയുടെ മനസ്സുള്ളവരെയാണ് ഹിജഡയെന്ന് വിശേഷിപ്പിക്കുന്നതെങ്കിലും ഉഭയലൈംഗികത്വമുള്ളവരും ഈ ഗണത്തിൽ ചിത്രീകരിക്കപ്പെടുന്നുണ്ട്. പുരുഷനോ സ്ത്രീയോ അല്ലാത്ത മൂന്നാം ലിംഗമായി തങ്ങളെ അംഗീകരിക്കണമെന്നും തൊഴിൽ മേഖലയിലടക്കം തങ്ങൾക്ക് മറ്റ് രണ്ട് ലിംഗക്കാരെപ്പോലെ പ്രാതിനിധ്യം നൽകപ്പെടുകയും വേണമെന്നാണ് ഒട്ടുമിക്ക രാജ്യങ്ങളിലും ട്രാൻജെന്ററുകൾ പ്രധാനമായും ആവശ്യപ്പെടുന്നത്. ഇന്ത്യയിൽ 2014 ഏപ്രിലിൽ ഹിജഡകളെ മൂന്നാം ലിംഗമായി സർക്കാർ നിയമപ്രകാരം അംഗീകരിക്കുകയുണ്ടായി. പാസ്സ്പോർട്ടിലും ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ് തുടങ്ങിയ സർക്കാർ രേഖകളിലുമൊക്കെ ട്രാൻസ്ജെന്റർ എന്ന് ലിംഗം രേഖപ്പെടുത്താനുള്ള അവകാശം ഇന്ത്യൻ സർക്കാർ മൂന്നാം ലിംഗങ്ങൾക്ക് നൽകിയത് കേവലം മൂന്നു വർഷങ്ങൾക്കു മുന്പു മാത്രമാണെന്നത് സ്വതന്ത്ര ഇന്ത്യയിൽ ഹിജഡകൾ നേരിട്ട കടുത്ത വിവേചനമാണ് വെളിവാക്കുന്നത്. 2009ലെ പൊതു തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മൂന്ന് ഹിജഡ സ്ഥാനാർത്ഥികൾക്ക് അവർ പുരുഷൻ അല്ലെങ്കിൽ സ്ത്രീ എന്ന് ലിംഗം എഴുതാത്തപക്ഷം മത്സരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞതോടെയാണ് ഈ വിഷയം രാഷ്ട്രീയമായി രാജ്യം ചർച്ച ചെയ്തു തുടങ്ങിയത്. ഇതേതുടർന്നാണ് നാഷണൽ ലീഗൽ സർവീസസ് അതോറിട്ടി ഈ വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതും മൂന്നാം ലിംഗമായി ഹിജഡകളെ അംഗീകരിച്ചുകൊണ്ട് ജസ്റ്റിസ് കെഎസ് രാധാകൃഷ്ണന്റെ സുപ്രധാന വിധി വന്നതും.
സുപ്രീം കോടതിയുടെ ഈ വിധിന്യായത്തിനു ശേഷമാണ് ഐഡന്റിറ്റി കാർഡും ഡ്രൈവിങ് ലൈസൻസും മറ്റ് സർക്കാർ രേഖകളുമൊക്കെ ട്രാൻസ്ജെന്ററുകൾക്ക് ലഭ്യമാകാൻ തുടങ്ങിയത്. സുപ്രീം കോടതി വിധിക്കുശേഷം ആദ്യമായി ഡ്രൈവിങ് ലൈസൻസ് നേടിയ ബഹുമതി ബംഗളുരൂവിലെ ട്രാൻസ്ജെന്റർ ആക്ടിവിസ്റ്റായ അക്കയ് പദ്മശാലിയക്കാണ്. സുപ്രീം കോടതി വിധി പ്രകാരം ട്രാൻസ്ജെന്റർമാർക്ക് അവർക്ക് ഇഷ്ടപ്പെട്ട ലിംഗം തെരെഞ്ഞടുക്കാമെന്നു കൂടി പറയുന്നുണ്ടെന്നതിനാൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ അക്കയ് തെരഞ്ഞെടുത്തത് സ്ത്രീ എന്ന ലിംഗമാണ്. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ലൈംഗിക തൊഴിലാളിയായി ജീവിക്കുകയും പിന്നീട് ലൈംഗിക ന്യൂനപക്ഷങ്ങളായ ട്രാൻസ്ജെന്ററുകളുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന ആക്ടിവിസ്റ്റായി ഒരു സംഘടനയ്ക്ക് ജന്മം നൽകുകയും ചെയ്തവരാണ് അക്കയ് പദ്മശാലി നിരവധി പരീക്ഷണഘട്ടങ്ങളും സമരങ്ങളും പ്രതിഷേധങ്ങളുടേയും വഴികൾ പിന്നിട്ടാണ് അവകാശങ്ങൾ നേടിയെടുത്തത്. പുരുഷനായി പിറന്ന് സ്ത്രീയായി ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യക്കാരിയായി അക്കയ് മാറിയപ്പോൾ വാസ്തവത്തിൽ ഇന്ത്യയിലെ ട്രാൻജെൻഡർ സമൂഹം പുതിയൊരു തിരിച്ചറിവിലേക്ക് കടക്കുകയായിരുന്നു.- തങ്ങളും മറ്റേതൊരു ഇന്ത്യക്കാരനും ലഭ്യമാകുന്ന അവകാശങ്ങൾക്ക് അർഹരാണെന്ന തിരിച്ചറിവ്.
മൂന്നാം ലിംഗക്കാർക്ക് ഇതാദ്യമായല്ല സ്ഥാപനങ്ങൾ തൊഴിൽ നൽകുന്നതും അവരെ സഹായിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതും. പുതുച്ചേരിയിലെ മഹാത്മാഗാന്ധി മെഡിക്കൽ കോളേജ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 2012-ൽ മൂന്നാംലിഗക്കാർക്ക് അവിടെ തൊഴിൽ നൽകുകയും 2011-ൽ അവർക്കായി സൗജന്യട്രാൻസ്ജെന്റർ ക്ലിനിക്കിന് രൂപം നൽകുകയും ചെയ്തിരുന്നു. തമിഴ്നാട്ടിൽ ടെലിവിഷൻ ഷോ അവതാരകയായി പേരെടുത്ത റോസ് വെങ്കിടേശന്റെ നേട്ടം കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലേയും മൂന്നാം ലിംഗക്കാർക്ക് ആത്മവിശ്വാസം പകരുകയും ചെയ്തു. ഇന്ത്യയിലാദ്യമായി മൂന്നാം ലിംഗക്കാർക്കായി നയരൂപീകരണം നടത്തിയ സംസ്ഥാനമാണ് കേരളമെന്നത് പ്രധാനമാണ്. 2014-ലെ സുപ്രീം കോടതി വിധിക്കുശേഷമായിരുന്നു അത്. മൂന്നാം ലിംഗക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ നടപ്പാക്കുന്നതിന്റെ പ്രാരംഭ നടപടിയെന്ന നിലയ്ക്കാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് 2015-ൽ ഈ നയരേഖ പ്രകാശിപ്പിച്ചത്.
എന്നിരുന്നാലും മൂന്നാം ലിംഗമെന്ന സുപ്രീം കോടതി ഉത്തരവ് പ്രാബല്യത്തിൽ വന്നിട്ടുപോലും ട്രാൻസ്ജെണ്ടറുകളുടെ അസ്തിത്വവും വ്യക്തിത്വവും അവരുടെ ജൈവികമായ ലൈംഗികതയേയും അംഗീകരിക്കാൻ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യൻ ഭരണവർഗമോ സമൂഹമോ തയാറായിട്ടില്ലെന്ന് ഇവർ ഇന്നും നേരിടുന്ന വിവേചനവും പരിഹാസവും അയിത്തവുമൊക്കെ വെളിപ്പെടുത്തുന്നുണ്ട്. കൊച്ചി മെട്രോയിൽ നിയമനം ലഭിച്ച ഈ 23 ട്രാൻസ്ജെന്ററുകളും അവർ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നേരിട്ട പീഡനങ്ങളെക്കുറിച്ചും തങ്ങളോട് സമൂഹം പുലർത്തിയ അസഹിഷ്ണുതയുമൊക്കെ തുറന്നുപറയുന്നുമുണ്ട്. സ്വന്തം ലൈംഗികത വെളിപ്പെട്ടപ്പോൾ ജോലിയിൽ നിന്നും നീക്കം ചെയ്യപ്പെട്ടവരും വീട്ടുകാരും നാട്ടുകാരും സംരക്ഷിക്കാനില്ലാതെ ലൈംഗിക തൊഴിലിലേക്കും തെരുവു നൃത്തത്തിലേക്കുമൊക്കെ മാറിയവരുമൊക്കെ അക്കൂട്ടത്തിലുണ്ട്. കേരളത്തിൽ സൂര്യ വിനോദിനെപ്പോലുള്ള മൂന്നാം ലിംഗക്കാർ കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് എങ്ങനെയാണ് ടെലിവിഷനും സിനിമയുടമക്കമുള്ള മേഖലകളിൽ തങ്ങളുടെ അസ്തിത്വം വെളിപ്പെടുത്തിക്കൊണ്ടു തന്നെ ഉപജീവനോപാധി തേടുന്ന കാഴ്ചയും തങ്ങളുടെ സമൂഹത്തിനായി വാദിക്കേണ്ടതും ശബ്ദമുയർത്തേണ്ടതും അവകാശങ്ങൾക്കായി പോരാടേണ്ടതും തങ്ങൾ തന്നെയാണെന്ന് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. സ്ത്രീയുടെ മനസ്സ് പുരുഷ ശരീരത്തിൻ പേറേണ്ടി വരുന്ന ദുരന്തത്തെപ്പറ്റി മൂന്നാം ലിംഗത്തിൽപ്പെട്ട തൃശൂർ സ്വദേശിയായ വിജയരാജ മല്ലിക എന്ന മനു ജെ കൃഷ്ണൻ മുന്പേ പറഞ്ഞിട്ടുള്ളതാണ്. പതിനാറു വയസ്സിൽ തന്നെ തന്റെ ഉള്ളിൽ തുടിക്കുന്നത് സ്ത്രീയാണെന്നറിഞ്ഞിട്ടും വീട്ടുകാർ അംഗീകരിക്കാൻ തയ്യാറാകാതിരുന്ന കഥയാണ് അവൾ സമൂഹത്തോട് പറഞ്ഞത്. പുരുഷനായി തന്നെ മനുവിനെ നിലനിർത്താൻ ഹോർമോൺ ചികിത്സ ആരംഭിച്ചെങ്കിലും അതെല്ലാം ദോഷഫലങ്ങളാണ് ഉണ്ടാക്കിയത്. രണ്ടാം റാങ്കോടെ ബിരുദം പാസ്സായി എംഎസ്ഡബ്ല്യു പൂർത്തിയാക്കിയ വിജയരാജമല്ലികയെ വീട്ടുകാർ കൈയൊഴിയുകയും ജോലി നഷ്ടമാകുകയും ചെയ്തു. ചീര വിൽക്കാനും ഷൂസ് പോളീഷ് ചെയ്യാനുമൊക്കെ പോകേണ്ടി വന്നുവത്രേ ഇവർക്ക്. ഇന്ന് മൂന്നാം ലിംഗക്കാരുടെ ക്ഷേമത്തിനായി സഹജ് ഇന്റർനാഷണൽ എന്ന സംഘടന ആരംഭിച്ച് പ്രവർത്തിക്കുകയാണിവർ.
പോലീസിൽ നിന്നും നാട്ടുകാരിൽ നിന്നും ഹിജഡകൾ ഇവർ പീഡനങ്ങൾ നേരിടുകയാണെന്നത് ഒരു യാഥാർത്ഥമാണ്. കൊച്ചിയിൽ 2016 ജൂലൈയിലാണ് പോലീസ് വളഞ്ഞന്പലത്ത് ഒരു ബസ്സ് സറ്റോപ്പിൽ ബസ്സുകാത്ത് നിന്നിരുന്ന രണ്ട് മൂന്നാംലിംഗക്കാരെ പൂർണയും ഐഷയും പോലീസ് പിടികൂടി േസ്റ്റഷനിലെത്തിക്കുകയും പ്രദേശത്തെ നാട്ടുകാരെ അവർ ശല്യം ചെയ്യുകയാണെന്ന് ആരോപിച്ച് തല്ലിച്ചതച്ചതും. ലൈംഗികതയുടെ കാര്യത്തിൽ പക്ഷേ ഇന്നും ട്രാൻസ്ജെന്ററുകൾ അവഗണന നേരിട്ടുകൊണ്ടേയിരിക്കുകയാണ്. ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിൽ പരസ്പരസമ്മതത്തോടെയാണെങ്കിൽ പോലും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണെന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് ഇപ്പോഴും അവർക്കുമേൽ മൂർച്ചയേറിയ കഠാര പോലെ തൂങ്ങിനിൽക്കുന്നു. ലൈംഗികത്തൊഴിലാളികളായി ജീവിക്കുന്ന പല ട്രാൻസ്ജെന്റർമാരും പൊലീസിൽ നിന്നും പലപ്പോഴും കടുത്ത പീഡനമാണ് നേരിടുന്നത്. പലരും ഈ പീഡനങ്ങളെ ചെറുത്തതിനെത്തുടർന്ന് ക്രിമിനൽ കേസ്സുകളിൽ പോലും പൊലീസ് പ്രതി ചേർത്തിരിക്കുന്നു. കൊച്ചി മെട്രോയിലേക്ക് തൊഴിലിന് അപേക്ഷിച്ചവരിൽ പല ട്രാൻസ്ജെന്റർമാർക്കും പൊലീസ് പരിശോധനയിൽ ജോലി നഷ്ടപ്പെട്ടത് അവർക്കുമേൽ ക്രിമിനൽകേസ്സുകൾ ചുമത്തപ്പെട്ടിരിക്കുന്നതു കൊണ്ടായിരുന്നുവെന്നതാണ് സത്യം.
കൊച്ചിയിൽ 2016 ജൂലൈയിൽ മൂന്നാം ലിംഗക്കാർക്കെതിരെ നടന്ന പൊലീസ് അതിക്രമമാണ് എന്തുകൊണ്ട് മൂന്നാം ലിംഗക്കാർക്ക് മാന്യമായ തൊഴിൽ കൊച്ചി മെട്രോയിൽ നൽകി അവരെ പുനരധിവസിപ്പിച്ചു കൂടാ എന്ന ചിന്തയിലേയ്ക്ക് കെഎംആർഎൽ മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജിനെ കൊണ്ടെത്തിച്ചത്. പതിനെട്ട് വയസ്സുള്ള ഷെറിൻ മുതൽ 62-കാരിയായ ശാന്തി വരെ മെട്രോയിൽ നിയമനം ലഭിച്ച 23 പേരിൽ ഉൾപ്പെടുന്നു. പുതിയ തൊഴിൽ ചെയ്യാൻ ഇവരെ സജ്ജരാക്കാൻ കൊച്ചിയിലെ രാജഗിരി കോളേജിൽ ഇവർക്ക് ഏപ്രിൽ മാസത്തിൽ പെരുമാറ്റം, ആശയവിനിമയം പോലുള്ള കാര്യങ്ങളിൽ പ്രത്യേക പരിശീലനവും നൽകിയിരുന്നു. തങ്ങളുടെ യഥാർത്ഥ അസ്തിത്വം മറച്ചുവെയ്ക്കാൻ താൽപര്യപ്പെടുന്നവർക്ക് അവർ ആഗ്രഹിക്കുന്ന ലിംഗക്കാരുടെ യൂണിഫോമായിരിക്കും കെഎംആർഎൽ നൽകുക. ഇവർക്കായി പ്രത്യേക ബാത്ത്റൂമുകൾ അനുവദിക്കുമെന്നതിനു പുറമേ, യാത്രക്കാർ ഇവരെ പരിഹസിക്കുന്നതു തടയാൻ അത്തരം അധിക്ഷേപം നേരിട്ടാൽ ഉടനടി അത് അറിയിക്കാൻ പ്രത്യേക വിഭാഗവും കൊച്ചി മെട്രോയിൽ ഉണ്ടാകും. കൊച്ചി മെട്രോ അതിന്റെ പൂർണത കൈവരിക്കുന്പോൾ കൂടുതൽ മൂന്നാം ലിംഗക്കാർക്ക് തങ്ങൾ നിയമനം നൽകാൻ ശ്രമിക്കുമെന്നാണ് കെഎംആർഎൽ വക്താവ് രശ്മി സി ആർ പറയുന്നത്.
അധികം വൈകാതെ കൊച്ചി മെട്രോ ഉയർത്തിനിർത്തിയ തൂണുകൾക്കുമേലെ കൂടി ഓടിത്തുടങ്ങുന്പോൾ വർധിച്ച ആത്മവിശ്വാസത്തോടെ മെട്രോയുടെ പ്ലാറ്റ്ഫോമുകളിലെ ടിക്കറ്റ് കൗണ്ടറുകളിലും ഹൗസ് കീപ്പിങ് ജീവനക്കാർക്കിടയിലും വിൻസി ആന്റണിയും ഷെറിനും ശീതൾ ശ്യാമും രാഗ രഞ്ജിനിയും ജാസ്മിനും പൂജയും സ്വീറ്റി ബെർനാഡുമൊക്കെയുണ്ടാകും. ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെന്ററുകൾക്ക് മാന്യമായ ഒരു തൊഴിൽ നൽകാൻ തയ്യാറായ കൊച്ചി മെട്രോയുടെ സമീപനം മറ്റ് സ്ഥാപനങ്ങളും വൈകാതെ ഏറ്റെടുക്കുമെന്നു കരുതാം. ലിംഗപരമായ വിവേചനം നേരിട്ടിരുന്ന ഒരു ജനതതി സാന്പത്തിക സ്വാതന്ത്യത്തിലേയ്ക്കും സമൂഹത്തിനുമുന്നിൽ മാന്യമായ തൊഴിലിലേക്കുമെത്തപ്പെടുന്നതാണ് ഒരു പരിഷ്കൃത സമൂഹത്തിലെ യഥാർത്ഥ വിപ്ലവം. ആ വിപ്ലവത്തിന് കൊച്ചി മെട്രോ നാന്ദി കുറിച്ചിരിക്കുന്നു.