സ്ത്രീ ആയത് അവളുടെ കുറ്റമോ ?
കൂക്കാനം റഹ്്മാൻ
മനുഷ്യകുലം ഒന്നാണ്, തുല്യരാണ്. ദൈവദൃഷ്ടിയിലും സമൂഹത്തിന്റെ കാഴ്ച്ചപ്പാടിലും ഇതിന് വ്യത്യാസമില്ല. ആണായാലും, പെണ്ണായാലും ഭിന്നലിംഗക്കാരായാലും ലൈംഗികാവയവങ്ങളിൽ മാത്രമാണ് വ്യത്യാസമുള്ളത്. ഈ വ്യത്യാസം അനിവാര്യവുമാണ്. എങ്കിലേ മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പ് സാധ്യമാവൂ. മനുഷ്യനിർമ്മിതമായ ഏത് സ്ഥാപനത്തിലും, സ്ഥലത്തും, ഏത് പരിതസ്ഥിതിയിലും സ്ത്രീക്കും പുരുഷനും കടന്നു ചെല്ലാൻ തടസ്സങ്ങളില്ല. പിന്നെന്തുകൊണ്ട് ആരാധനാലയങ്ങളിലും, പുണ്യസ്ഥലങ്ങളിലും സ്ത്രീകൾക്ക് പ്രവേശനാനുമതി നിഷേധിക്കപ്പെടുന്നു?
കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനുള്ള ഗർഭപാത്രം എന്ന അവയവം വഹിക്കുന്നതാണോ ഇവരെ അശുദ്ധികൽപ്പിച്ച് പ്രവേശം നിഷേധിക്കാൻ കാരണം? അവർക്ക് മാസത്തിൽ ഒരു തവണ പ്രകൃത്യാനടക്കുന്ന പ്രക്രിയ എങ്ങിനെ അശുദ്ധമാവും? ശബരിമല ദർശനത്തിൽ നിന്ന് സ്ത്രീകളെ അകറ്റി നിർത്തുന്നതിന് കാരണമായി പറയുന്ന കാര്യമിതാണ്. പത്തിനും അന്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും, പെൺകുട്ടികൾക്കും അവിടെ പ്രവേശനാനുമതിയില്ല. ആർത്തവം നടക്കുന്ന പ്രായപരിധി ഇതാണെന്നാണ് ട്രാവൻകൂർ ദേവസ്വം ബോർഡ് കണ്ടെത്തിയിരിക്കുന്നത്.
അന്പത് വയസ്സ് പൂർത്തിയായ സ്ത്രീകൾക്ക് വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ശബരിമലയിൽ അയ്യപ്പനെക്കണ്ട് തൊഴാം. ആർത്തവ പ്രക്രിയയുടെ കാലപരിധി ഇതുവരെ നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത സ്ഥിതിക്ക് വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിനേക്കാൾ ആർത്തവം നിന്നിരിക്കുന്നു എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതല്ലേ ഉചിതം? കാര്യമതല്ല സ്ത്രീയായിപ്പോയി എന്നകാരണത്താൽ മാത്രമാണ് അവരെ സന്നിധാനത്തിലെത്താൻ അനുവദിക്കാത്തതിന് പിന്നിൽ. അയ്യപ്പന് സ്ത്രീകളോട് ഇത്രയും വിരോധമുണ്ടാകുമോ? അതോ നടത്തിപ്പുകാരുടെ ആൺപ്രമാണിത്തമോ ഇതിനു പിന്നിൽ.
ഈ ഏപ്രിൽ പതിനൊന്നിന് ഏതാനും സ്ത്രീകൾ ശബരിമല സന്നിധിയിലെത്തി പ്രാർത്ഥിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വന്നപ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടായത്. അവിടെ എത്തിയ സ്ത്രീകളെല്ലാം 50 വയസ്സുകഴിഞ്ഞവരാണെന്ന സർട്ടിഫിക്കറ്റ് ഗേറ്റിൽ കാണിച്ചിരുന്നു എന്നും അതിനാലാണ് അവരെ അകത്തേയ്ക്ക് കയറ്റിവിട്ടതെന്നുമാണ് ബന്ധപ്പെട്ട സെക്യൂരിറ്റിക്കാർ പറയുന്നത്. ഫോട്ടോയിൽ ചെറുപ്പക്കാരികളായ സ്ത്രീകളും ഉണ്ടായിരുന്നു എന്നാണ് സോഷ്യൽ മീഡിയകളിൽ ചർച്ചചെയ്യപ്പെട്ടത്. ബി.ജെ.പി നേതാവ് ടി.ജി മോഹൻദാസും ട്വീറ്റ് ചെയ്തത് ആ സ്ത്രീകളെല്ലാം അന്പത് വയസ്സ് കടന്നവരാണെന്നായിരുന്നു. സ്‌റ്റേറ്റ് വിജിലൻസ് ഡിപ്പാർട്ട്‌മെന്റും ഇതേക്കുറിച്ച് അന്വേഷണം നടത്തി. വയസ്സ് പരിശോധിച്ച ശേഷമാണ് പ്രവേശിപ്പിച്ചതെന്ന് കണ്ടെത്തി.
ഭരണകൂടവും, ദേവസ്വം ബോർഡുകാരും എല്ലാം സ്ത്രീകൾ സന്നിധാനത്തിൽ പ്രവേശിച്ചതിൽ ഭയചകിതരായി. എന്തോ വലിയ അപാകം വന്നപോലെയാണ് എല്ലാവരും പെരുമാറിയത്. ഭരണത്തിലിരിക്കുന്ന എൽ.ഡി. എഫ് സർക്കാറാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ സ്ത്രീകൾക്കും ശബരിമല സന്ദർശനത്തിനു അനുവാദം നൽകണമെന്ന് 2016 ൽ സുപ്രീംകോടതിയിൽ സത്യവാഗ്മൂലം കൊടുത്തതും ഇടതുപക്ഷമുന്നണിയാണ്. ഭരണത്തിലെത്തുന്പോൾ മതത്തെയും ആരാധനാരീതികളെയും, മതചിഹ്നങ്ങളെയും തൊട്ടുകളിക്കാൻ ഇടതുപക്ഷത്തിനും ഭയമാണ്. അതല്ലേ മുന്നാറിൽ അനധികൃതമായി കയ്യേറിയ സ്ഥലത്ത് സ്ഥാപിച്ച കരിങ്കൽ കുരിശ് തകർത്തപ്പോൾ മുഖ്യമന്ത്രിക്ക് അരിശം വന്നത്? ഭരണത്തിലല്ലായിരുന്നുവെങ്കിൽ പ്രതികരണം മറിച്ചാകുമായിരുന്നില്ലേ? പ്രശസ്ത കന്നടനടി ജയമാല 1987ൽ തന്റെ 27−ാമത്തെ വയസ്സിൽ ശബരിമല കയറി സന്നിധാനത്തിൽ എത്തി തൊഴുതിട്ടുണ്ട്. ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല.
2011ൽ 35 വയസ്സുള്ള ആന്ധ്രാപ്രദേശുകാരിയായ സ്ത്രീയും മലചവിട്ടി പ്രാർത്ഥിച്ചു തിരിച്ചിറങ്ങിയിട്ടുണ്ട്. അയ്യപ്പസ്വാമി ബ്രഹ്്മചാരി ആയതിനാലാണ് സ്ത്രീകളെ അവിടേക്ക് പ്രവേശിപ്പിക്കാത്തതെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. ഈ രണ്ട് സ്ത്രീകളും പ്രവേശിച്ചത് കൊണ്ട് അപകടമൊന്നും ഉണ്ടാവാത്ത സ്ഥിതിക്ക് അവിടെ എല്ലാസ്ത്രീകളും പ്രവേശനം അനുവദിക്കുന്നതല്ലേ കരണീയം.
മുംബൈയിൽ മുസ്ലീം പള്ളി പ്രവേശനാനുമതി നിഷേധിച്ചതിൽ സ്ത്രീകൾ സമരത്തിനിറങ്ങി. ബോംബെയിലെ ഹാജി അലി ദർഗയിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചതിൽ കോപിതരായ സ്ത്രീകൾ മുംബൈ ആസാദ് മൈതാനത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ദർഗയിലേയ്ക്ക് സ്ത്രീകൾക്ക് പ്രവേശനം നൽകാതിരിക്കാൻ ഭരണസമിതിക്ക് ആരാണ് അധികാരം നൽകിയതെന്നാണ് സ്ത്രീകൾ ഒന്നടങ്കം ചോദിക്കുന്നത്. തങ്ങൾക്കും അവകാശപ്പെട്ടതാണ് ദർഗയിലേക്കുള്ള പ്രവേശനം. അതനുവദിച്ചു തരണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു കൂട്ടം സ്ത്രീകൾ ബോംബെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. ഇവിടുത്തെ മുസ്ലീം പള്ളികളിൽ കയറി സ്ത്രീകൾക്ക് പ്രാർത്ഥിക്കാൻ വിലക്കുണ്ട്.
മുജാഹിദ് വിഭാഗം സ്ത്രീകൾ വെള്ളിയാഴ്ച ജുമഅ നമസ്‌ക്കാരത്തിന് പള്ളിയിൽ ചെല്ലണമെന്ന് നിർബ്ബന്ധിക്കുന്നുണ്ട്. ഈദ് നമസ്‌ക്കാര ചടങ്ങുകളിലും സ്ത്രീകൾക്ക് ഇവർ പ്രവേശനം അനുവദിക്കുന്നുണ്ട്. നബിയുടെ കാലം മുതൽ സ്ത്രീകൾ പള്ളിയിൽ പ്രവേശിച്ച് നിസ്‌ക്കരിക്കാറുണ്ടെന്നും, അതിന് ഖുർആനോ, നബിചര്യയോ തടസ്സമല്ലെന്നുമാണ് മുജാഹിദ് വിഭാഗം ന്യായീകരിക്കുന്നത്. ഇങ്ങിനെ സ്ത്രീകൾക്ക് പള്ളി പ്രവേശനത്തിനുള്ള വിലക്കിന് അൽപാൽപമായി മാറ്റം നടന്നു വരുന്നുണ്ട്.
ദൈവികമായ പുണ്യസ്ഥലങ്ങളിലും, ആരാധനാകേന്ദ്രങ്ങളിലും പ്രാർത്ഥനാ കേന്ദ്രങ്ങളിലും സ്ത്രീകൾക്ക് പ്രവേശനത്തിനുള്ള വിലക്കേർപ്പെടുത്തുന്ന സ്ഥിതി ഇല്ലാതാക്കണം. ദൈവസന്നിധിയിൽ മനുഷ്യരെല്ലാം തുല്യരാണെന്ന് പറയുന്ന മത നേതൃത്വങ്ങൾ ഇക്കാര്യത്തിൽ ഒരു പുനരാലോചനയ്ക്ക് തയ്യാറായേ തീരൂ. ആത്മ ശാന്തിക്കും, സംതൃപ്തിക്കും, പരലോകത്തേക്കുവേണ്ടിയും ദൈവ സന്നിധിയിലെത്തി പ്രാർത്ഥിക്കാൻ അവസരം സ്ത്രീകൾക്കുമാത്രം നിഷേധിച്ചാൽ, ഈശ്വരദൃഷ്ടിയിൽ പുരുഷന്മാർ കുറ്റവാളികളാവില്ലേ? അതിനാൽ ജീവിക്കാനുള്ള അവകാശം പോലെ തന്നെ പ്രാർത്ഥിക്കാനുള്ള അവകാശവും സ്ത്രീകൾക്ക് ലഭ്യമാക്കണം.
സ്ത്രീകൾ നിസ്സഹായരായിരുന്ന പഴയകാലം മാറിത്തുടങ്ങി. അവർ വിദ്യാഭ്യാസകാര്യത്തിലും പൊതുകാര്യത്തിലും ഏറെ മുന്നോട്ടുകുതിച്ചു. പ്രാർത്ഥനാലയങ്ങളും, പുണ്യ കേന്ദ്രങ്ങളും തങ്ങൾക്കു നിഷേധിക്കുന്നതിൽ അവർ പ്രതികരിക്കാൻ തുടങ്ങിക്കഴിഞ്ഞു. മത സ്ഥാപനങ്ങളും, മതനേതാക്കളും ഇക്കാര്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും ഉചിതമായ തീരുമാനത്തിൽ എത്തുകയും ചെയ്യുന്നതാവും നല്ലത്.