പോർമുനകളും പോർവിളികളും
വി.ആർ. സത്യദേവ്
പഴഞ്ചൊല്ലിൽ പതിരില്ലെന്നാണ് പ്രമാണം. കനകം മൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം എന്ന ചെല്ലിന്റെ കാര്യവും തഥൈവ. പല കാരണങ്ങൾ കൊണ്ടും കാരണങ്ങൾ കാര്യമായി ഒന്നുമില്ലാതെയുമുള്ള കലഹങ്ങൾ ലോകത്തിന്റെ വിവിധയിടങ്ങളിൽ തുടരുകയാണ്. അവയുടെ രൂപഭാവാദികൾക്ക് വ്യത്യാസമുണ്ടെങ്കിലും മാനവസമൂഹത്തിന്റെ സ്വൈര്യ ജീവിതത്തിന് നേരെയുള്ള ഭീഷണിളാണ് ഈ പറഞ്ഞ കലഹങ്ങളെല്ലാം.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ലോകഭീഷണിയുടെ കേന്ദ്രമായിരുന്നത് ഉത്തരകൊറിയയായിരുന്നു. അതീവനാശശേഷിയുള്ള ആയുധങ്ങളുടെ പരീക്ഷണങ്ങളുമായി കമ്യൂണിസ്റ്റു കൊറിയ അക്ഷരാർത്ഥത്തിൽ തന്നെ ലോകത്തിനെ വെല്ലുവിളിക്കുന്ന കാഴ്ചയായിരുന്നു നമ്മൾ കണ്ടുകൊണ്ടിരുന്നത്. ഈ വെല്ലുവിളിയുടെ പ്രധാന ഉന്നം ലോക പോലീസായ അമേരിക്കൻ ഐക്യനാടുകൾ തന്നെയായിരുന്നു. ഇതിനുള്ള പ്രതികരണമായി അമേരിക്കൻ വിമാനവാഹിനികളടക്കമുള്ള പോർമുനകൾ കൊറിയൻ തീരം ലക്ഷ്യമാക്കി കുതിപ്പാരംഭിക്കുകയും ചെയ്തു. അടുത്തുള്ള ജപ്പാനിലും പടയൊരുക്കം തുടങ്ങി. ദക്ഷിണകൊറിയയും പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ സജ്ജമാക്കി. കടുത്ത വേനൽക്കാലത്ത് ഓലപ്പുരയ്ക്കു മുകളിൽ തീപ്പൊരി വീണാൽ ഉണ്ടാകാവുന്ന അപകടം വിളിപ്പാടകലെയെത്തി എന്നു ലോകം ഉറപ്പിച്ച ആഴ്ചകൾ.
വിദഗ്ദ്ധർ പോലും നിരീക്ഷിച്ചത് ഒരു മൂന്നാം ലോകയുദ്ധവും സർവ്വനാശവുമൊക്കെത്തന്നെയാണ്. എന്നാൽ ഇന്ന് ആ സ്ഥിതി അത്രത്തോളം സമ്മർദ്ദം നിറഞ്ഞതല്ല. കൈവിട്ടൊരു കളിക്ക് അമേരിക്കയും ഉത്തരകൊറിയ തന്നെയും തയ്യാറാവില്ല എന്നാണ് പുതിയ വിലയിരുത്തൽ. അതിനർത്ഥം ഉത്തരകൊറിയ പ്രകോപനങ്ങൾ പൂർണ്ണമായും നിർത്തി എന്നല്ല. മറിച്ച് അവർ അത് കൂടുതൽ ശക്തമായി തുടരുകയാണ്. ഇതുവരെ പരീക്ഷിച്ചതിൽ ഏറ്റവും ശക്തമായ മിസൈലാണ് ഇന്നലെയവർ പരീക്ഷിച്ചിരിക്കുന്നത്. ഹ്വാസോംഗ് 12 എന്ന ഭൂഖണ്ധാന്തര മിസൈലാണ് ഉത്തര കൊറിയ പരീക്ഷിച്ചിരിക്കുന്നത്.
പരീക്ഷണങ്ങൾ പലതു നടത്തുന്പോഴും അതിൽ ചിലതുമാത്രം വിജയമായ ചരിത്രമാണ് ഉത്തരകൊറിയയുടേത്. അതിൽ ഏറ്റവും പുതിയത് വിജയമാണെന്നാണ് അവരുടെ പക്ഷം. അതുശരിയാണെന്ന് ഈ രംഗത്തെ വിദഗ്ദ്ധരും സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെയെങ്കിൽ അത് അമേരിക്കയ്ക്ക് കടുത്ത ഭീഷണിയാണുയർത്തുന്നത്. പടിഞ്ഞാറൻ ഉത്തരകൊറിയയിലെ കുസോംഗിൽ നിന്നും വിക്ഷേപിച്ച മിസൈൽ 787 കിലോമീറ്റർ പറന്ന് കടലിൽ പതിക്കുകയായിരുന്നു. ദൂരപരിധി വിലയിരുത്തുന്പോൾ അമേരിക്കയുടെ ഏറ്റവും തന്ത്രപ്രധാന വിമാനത്താവളമായ ആൻഡേഴ്സൺ വ്യോമതാവളത്തിനു നേർക്കു പോലും ആക്രമണം നടത്താൻ ശേഷിയുള്ള മിസൈലാണ് ഹ്വാസോംഗ് 12. അമേരിക്കൻ വ്യോമാക്രമണത്തിന്റെ കുന്തമുനകളായ ബി വൺ, ബി ടു, ബി ഫിഫ്റ്റി ടു തുടങ്ങിയ പോർവിമാനങ്ങൾ ആക്രമണത്തിനായി പറന്നുയരുന്നത് ആൻഡേഴ്സൺ വ്യോമതാവളത്തിൽ നിന്നാണ്. അങ്ങനെ വരുന്പോൾ അമേരിക്കൻകടുംപിടുത്തങ്ങളുടെ മർമ്മത്തിനേറ്റ കനത്ത പ്രഹരം തന്നെയാവും ഹ്വാസോംഗ് 12 പരീക്ഷണ വിജയം. ഭീഷണിയുടെ ഭാഷ തങ്ങൾക്കു നേരേ വേണ്ട എന്ന വ്യക്തമായ സന്ദേശമാണ് മിസൈൽ പരീക്ഷണത്തിലൂടെ കിം ജോംഗ് ഉൻ നൽകുന്നത്.
ഉത്തരകൊറിയൻ ഭീഷണിയോ മുന്നറിയിപ്പോ അമേരിക്കയ്ക്കു നേരേ മാത്രമല്ല എന്നതും ശ്രദ്ധേയമാണ്. കുസോംഗിൽ നിന്നു പറന്നുയർന്ന മിസൈൽ പതിച്ചത് കിഴക്കൻ റഷ്യയിലെ വ്ളാദിവൊസ്തോക്കിൽ നിന്നും അറുപതു കിലോമീറ്ററകലെയാണ് എന്നാണ് ഒരു റിപ്പോർട്ട്. അതായത് കരുത്തരായ റഷ്യയുടെ മൂക്കിനു കീഴേ. എന്നാൽ മിസൈൽ വീണത് റഷ്യൻ അതിർത്തിയിൽ നിന്നും 500 കിലോമീറ്ററകലെയാണ് എന്ന് റഷ്യൻ വാർത്താ ഏജൻസി അവകാശപ്പെടുന്നു. ഈ അവകാശവാദം നാണക്കേടു മറയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗം ആയിക്കൂടായ്കയില്ല. പണ്ടത്തെ ചങ്ങാതിയും വലിയേട്ടനും ഒക്കെയായ റഷ്യയും ഇപ്പോൾ ഉത്തരകൊറിയയുടെ ശത്രുപക്ഷത്താണ്.
പണ്ടത്തെ വലിയേട്ടൻ മാത്രമല്ല നിലവിലെ വലിയേട്ടനും അത്ര ഹിതകരമല്ല ഉത്തരകൊറിയയുടെ പുതിയ മിസൈൽ പരീക്ഷണം. നിലവിൽ ചൈന മാത്രമാണ് ലോകശക്തികളിൽ ഉത്തര കൊറിയയോട് സൗഹൃദം പുലർത്തുന്നത്. ഉത്തരകൊറിയയ്ക്കെതിരായ അമേരിക്കൻ നടപടികളുടെ ഗതിവേഗം കുറയ്ക്കുന്നത് ഈ ചൈനീസ് ബന്ധവും സമ്മർദ്ദ തന്ത്രവും ഒക്കെയാണ്. എന്നാൽ പുതിയ പരീക്ഷണം ചൈനയുടെ താൽപ്പര്യങ്ങൾക്കും ചേർന്നതല്ല. ചൈനീസ് പ്രസിഡണ്ട് സീ ജിംഗ് പിംഗിന്റെ ഒറ്റക്കെട്ട്, ഒറ്റപ്പാത പദ്ധതിയുടെ ഉദ്ഘാടന മാമാങ്കം ചൈനീസ് തലസ്ഥാനത്തു തുടങ്ങാനിരിക്കെയായിരുന്നു കിമ്മിന്റെ പരീക്ഷണവും സിശ്ശബ്ദപ്രഖ്യാപനവും. നിങ്ങളെന്തു വിചാരിച്ചാലും എനിക്കു പ്രശ്നമില്ല എന്നാണ് കിമ്മിന്റെ കൊറിയ വലിയേട്ടനായ ചൈനയോടു പറയാതെ പറയുന്നത്. ചൈനയുടെ പിന്തുണയില്ലാതെ തന്നെ അമേരിക്കൻ പക്ഷത്തോടെതിർക്കാനും പിടിച്ചു നിൽക്കാനും തങ്ങൾക്കാവുമെന്നു തന്നെയാണ് അവർ ആത്മാർത്ഥമായി വിശ്വസിക്കുന്നത്. അതെന്തായാലും കിമ്മും കൊറിയയുമുയർത്തുന്ന വെല്ലുവിളി ലോകസമാധാനത്തിനുയർത്തുന്ന ഭീഷണി വളരെ വലുതും ആപത്കരവുമാണെന്ന് വിലയിരുത്തിയേ മതിയാവൂ. ലോകയുദ്ധം ഉടനുണ്ടായേക്കില്ല. പക്ഷേ ഇവരൊക്കെച്ചേർന്നുയർത്തുന്ന ഭീഷണി പരിഹാരമില്ലാതെ തുടരുകയാണ്.
അധീശത്വത്തിനും സന്പത്തിനും വേണ്ടി ആയുധവും സമ്മർദ്ദവും ഭീഷണികളും കൊണ്ടുള്ള പോരാട്ടം ഒരിടത്തു തുടരുന്പോൾ സൈബർ ലോകവും അതിനൊപ്പമോ അതിലും ഭയാനകമായൊരു ആക്രമണത്തിന്റെ ഭീഷണിയിലും ഭീതിയിലുമാണ്. എന്തും എപ്പോഴും എവിടെയും സംഭവിക്കാം എന്നതാണ് സ്ഥിതി. തലച്ചോറുകൾക്കൊപ്പമോ അതിലധികമോ കൃത്രിമ തലച്ചോറുകളായ കന്പ്യൂട്ടറുകളെ ഉപയോഗിച്ചാണ് ലോകം ഇന്നു മുന്നോട്ടു പോകുന്നത്. അക്കങ്ങൾ കൂട്ടാനും കുറയ്ക്കാനും ഹരിക്കാനുമൊക്കെയുള്ള കാൽക്കുലേറ്ററുകൾതൊട്ട് യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനും വിവരങ്ങൾ ശേഖരിക്കാനും കൈമാറാനും കാര്യങ്ങൾ മനസ്സിലാക്കാനും ഒക്കെയുള്ള അത്യന്താധുനിക കന്പ്യൂട്ടർ ശൃംഖലകൾവരെ ഉൾപ്പെടുന്നതാണ് ഈ കൃത്രിമ തലച്ചോറുകൾ. സാധാരണ തലച്ചോറുകൾ പ്രവർത്തനം നിലയ്ക്കുകയോ തകരാറിലാവുകയോ ചെയ്യുന്പോൾ മനുഷ്യന് എന്തു സംഭവിക്കും എന്നു നമുക്കറിയാം. അതിലും ഭയാനകമാണ് ഈ യന്ത്ര തലച്ചോറുകൾ തകരാറിലായാൽ സംഭവിക്കുന്നത്. കാരണം ഒറ്റപ്പെട്ട തലച്ചോറുകളായല്ല പലയിടത്തും ഇന്ന് ഈ കന്പ്യൂട്ടറുകൾ കാര്യങ്ങൾ സാദ്ധ്യമാക്കുന്നത്. ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള കന്പ്യൂട്ടർ ശൃംഖലകളാണ് ഇന്നു മനുഷ്യ ജീവൻ കൂടുതൽ സരളവും സുഗമവും ആക്കുന്നത്. ഈ കന്പ്യൂട്ടർ ശൃംഖലകൾ തകരാറിലാവുന്പോൾ അവതാളത്തിലാവുന്നത് നമ്മുടെ സാമൂഹ്യ ജീവിതം തന്നെയാണ്.
കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സൈബർ അറ്റാക്കിൽ ബാധിക്കപ്പെട്ട സമൂഹങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ഇംഗ്ലണ്ടിൽ പൊതു ചികിത്സാ രംഗം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു. ജർമ്മനിയിലാവട്ടെ സ്തംഭനാവസ്ഥയിലെത്തിയത് റയിൽവേ ആയിരുന്നു. സുപ്രസിദ്ധ കൊറിയർ സർവ്വീസായ ഫെഡെക്സിന്റെ പ്രവർത്തനവും അവതാളത്തിലായി. നിസ്സാൻ, റെനോ കാർ പ്ലാൻ്റുകളുടെ പ്രവർത്തനവും തടസ്സപ്പെട്ടു, സ്പാനിഷ് ടെലകോമിനും പണികിട്ടി. റഷ്യ, തായ്്വാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലും നിരവധി കന്പ്യൂട്ടർ ശൃംഖലകളെ സൈബർ ആക്രമണം തകരാറിലാക്കി.
പതിവ് ആക്രമണത്തിനു കടകവിരുദ്ധമായി മോചന ദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള വൈറസ് ആക്രമണമാണ് ഇത്തവണ നടക്കുന്നത്. റാൻസംവെയർ എന്ന ഗണത്തിലാണ് ഇത്തരം വൈറസുകൾ അറിയപ്പെടുന്നത്. വാനക്രൈ എന്ന വൈറസുപയോഗിച്ചാണ് ഇത്തവണത്തെ ആക്രമണം. ഇടപാടുകാർ തമ്മിൽ മദ്ധ്യസ്ഥന്മാരില്ലാതെ പണം കൈമാറ്റം നടത്താനാവുന്ന ബിറ്റ്കോയിനിൽ മോചന ദ്രവ്യം കൈമാറിയാൽ വൈറസ് ബാധ നീങ്ങും. ആരാണ് ആക്രമണത്തിനു പിന്നിൽ എന്ന് അന്താരാഷ്ട്ര ഏജൻസികൾ കൊണ്ടുപിടിച്ച അന്വേഷണം തുടരുകയാണ്. മറ്റുള്ളവരുടെ കന്പ്യൂട്ടർ ശൃംഖലകളിൽ നിന്നുള്ള വിവരങ്ങൾ ചോർത്താൻ അമേരിക്ക വികസിപ്പിച്ച എക്േസ്റ്റണൽ ബ്ലൂ എന്ന സോഫ്റ്റ്്വെയർ മോഷ്ടിച്ചെടുത്താണ് ഹാക്കർമാർ വാനക്രൈ വികസിപ്പിച്ച ആക്രമണം നടത്തുന്നത് എന്നാണ് റിപ്പോർട്ട്. പുതിയ വേർഷനുകളിലേയ്ക്ക് അപ്ഡേറ്റു ചെയ്യാത്ത കന്പ്യൂട്ടറുകളും കന്പ്യൂട്ടർ ശൃംഖലകളുമാണ് ആക്രമണത്തിന് ഇരകളാവുന്നത്.
ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനുള്ള വഴികളിലൊന്ന് എത്രയും വേഗം വിൻഡോസ് വേർഷൻ അപ്ഡേറ്റ് ചെയ്യുക എന്നതാണ് എന്ന് ഇതു സംബന്ധിച്ച ലേഖനങ്ങളിലൊക്കെയും കാണുന്നു. പക്ഷേ ഇതുയർത്തുന്ന വലിയൊരു സംശയമുണ്ട്. പ്രമുഖ കന്പ്യൂട്ടർ സോഫ്റ്റ്്വെയർ നിർമ്മാതാക്കൾതന്നെയാണ് ആൻ്റീ വൈറസുകളുണ്ടാക്കുന്നതെന്നത് പരസ്യമായ രഹസ്യമാണ്. അതു െവച്ചു നോക്കുന്പോൾ ഇപ്പോഴത്തെ ആക്രമണത്തിനു പിന്നിൽ ആഗോള സോഫ്റ്റ്്വെയർ കുത്തകയുടെ കൈകളുമുണ്ട് എന്ന അതിശക്തമായ ആരോപണവും വരും ദിനങ്ങളിൽ ഉയർന്നു വന്നേക്കാം. അങ്ങനെയില്ല എന്നു തെളിയിക്കേണ്ടത് വിൻഡോസും കാലവുമാണ്.
അമേരിക്കയിൽ എഫ്ബിഐ നായകൻ കോമിയെ പ്രസിഡണ്ട് ട്രംപ് നീക്കം ചെയ്തതും ഫ്രാൻസിൽ എമ്മാനുവേൽ മാക്രോൺ പ്രസിഡണ്ടായി അധികാരമേറ്റതുമൊക്കെ പ്രധാന സംഭവങ്ങളാണെങ്കിലും അവയെല്ലാം കിമ്മും വാനക്രൈയും ചേർന്ന് ഇല്ലാതാക്കുന്നു. യഥാർത്ഥവും അയാഥാർത്ഥവുമായ ഭീഷണികൾ തുടരുക തന്നെ ചെയ്യും. അവയെല്ലാം തരണം ചെയ്യാൻ പുതുവഴികൾ കണ്ടെത്താൻ മനുഷ്യകുലത്തിനാവുമെന്ന് നമുക്കു പ്രത്യാശിക്കാം.