കൈയേറ്റക്കാരുടെ സ്വർഗം!
ജെ. ബിന്ദുരാജ്
ഭൂമി കൈയേറിയതിന്റെ പേരിൽ തന്നെ മാറി വരുന്ന സർക്കാരുകൾ വേട്ടയാടുകയാണെന്നാണ് മന്ത്രി എംഎം മണിയുടെ സഹോദരൻ എംഎം ലംബോധരന്റെ വിലാപം. വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്തു തുടങ്ങിയതാണ് ലംബോധരന്റെ ഈ പരിദേവനം. കൈയേറ്റത്തിന് കേസ്സെടുത്തതിനെ തുടർന്ന് ഇടുക്കിയിൽ നിന്നും ലൈബീരിയക്ക് പോയി എട്ടുവർഷം അവിടെ കഴിഞ്ഞുവത്രേ ഈ കക്ഷി. ദാ.. ഇപ്പോ ചേട്ടൻ മന്ത്രിയായപ്പോ എല്ലാം ശരിയാക്കാമെന്നു കരുതിയിരിക്കുകയായിരുന്നു. അപ്പോഴാണ് റവന്യൂ വകുപ്പുമന്ത്രിയും കളക്ടർ പിള്ളേരും ചേർന്ന് വീണ്ടും താൻ ബുദ്ധിമുട്ടി കൈയേറിയ ഭൂമി കൈവശപ്പെടുത്താൻ എത്തിയിരിക്കുന്നത്. എങ്ങനെ സഹിക്കും അതൊക്കെ. കാലാകാലങ്ങളായി ഭൂമി കൈയേറാൻ വേണ്ടിയാണല്ലോ നേരത്തെ താനടക്കം വിപ്ലവ പാർട്ടിയുടെ ഓരം ചേർന്നുനിന്നതും ജനസേവനം നടത്തുകയാണെന്ന് നടിച്ചതുമെല്ലാം. ഭൂമി കൈയേറാനും അഴിമതി നടത്തി നാലു കാശു സന്പാദിക്കാനുമൊക്കെയാണ് രാഷ്ട്രീയ പ്രവർത്തനമെന്ന് ആർക്കാണ് അറിയാത്തത്? മണിയോടു ചോദിച്ചിട്ടു മതി കൈയേറ്റക്കാരുടെ ഒഴിപ്പിക്കലെന്നൊക്കെ മുഖ്യമന്ത്രി പറഞ്ഞതാണ്. എന്നിട്ടും അതിനൊക്കെ പുല്ലുവില കൽപിക്കാതെ ലംബോധരന്റെ കൈയേറ്റ ഭൂമി ഒഴിപ്പിക്കാൻ വരുന്നവരെ എന്താണ് പറയേണ്ടത്? ഈ രാജ്യത്ത് നിയമമോ നീതിന്യായ വ്യവസ്ഥയോ ജനാധിപത്യഭരണകൂടമോ ഒന്നുമില്ലേ? ഇങ്ങനെയൊക്കെയാണ് താൻ വേട്ടയാടപ്പെടുന്നുവെന്ന് വിലപിക്കുന്പോൾ സഖാവ് ലംബോധരന് അനുഭവപ്പെടുന്നത്. പാർട്ടി പ്രവർത്തനത്തിന് സ്വന്തം ഭൂമിയും പണവുമൊക്കെ നൽകിയ സഖാക്കളൊക്കെ ഈ ലംബോധരാദി മണികളെ സംബന്ധിച്ചിടത്തോളം നികൃഷ്ട ജീവികളാണ്.
സമകാലീന രാഷ്ട്രീയത്തിൽ സംഭവിച്ചിട്ടുള്ള മൂല്യത്തകർച്ചയുടെ അടയാളങ്ങൾ എവിടെ നോക്കിയാലും കാണാം. വ്യക്തികളുടെ രൂപത്തിലും നിലപാടുകളുടെ രൂപത്തിലും നിലനിൽപിനായുള്ള കുരിശു ചുമക്കലുകളായുമൊക്കെ അത് പ്രത്യക്ഷപ്പെടാം. അതായത് പുതിയകാലത്തിൽ ഭൂമി കൈയേറ്റം ഒരു രാഷ്ട്രീയമത അധികാരവർഗ കലാരൂപമായി തന്നെ കേരളത്തിൽ മാറിയിരിക്കുന്നുവെന്നു സാരം. കേരളത്തിൽ പലയിടത്തും വ്യാപകമായ ഭൂമി കൈയേറ്റങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. മൂന്നാറിലും ഏലമലക്കാടുകളിലും കെഡിഎച്ച് വില്ലേജിലും മാത്രമല്ല ഈ കൈയേറ്റങ്ങൾ നടക്കുന്നത്. ആദിവാസിക്ക് അർഹതപ്പെട്ട ഭൂമിയിലും സിആർഇസഡ് നിയമങ്ങൾ കാറ്റിൽപ്പറത്തി തീരദേശഭൂമിയിലുമെല്ലാം ഈ കൈയേറ്റങ്ങൾ നിർബാധം തുടർന്നുകൊണ്ടേയിരിക്കുന്നു. വനഭൂമി കൈയേറാൻ മതത്തിന്റെ പിന്തുണ കൈയേറ്റക്കാർ ഉറപ്പാക്കാൻ ശ്രമിക്കുന്പോൾ മറുവശത്ത് റിയൽ എേസ്റ്ററ്റ് മാഫിയകൾ രാഷ്ട്രീയ നേതൃത്വവുമായി കൂട്ടുചേർന്ന് നിർബാധം തങ്ങളുടെ കൈയേറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം കൈയേറ്റങ്ങൾക്കായി വലിയ സംഭാവനകളാണ് രാഷ്ട്രീയകക്ഷികൾക്ക് ഈ കൈയേറ്റങ്ങൾ നൽകുന്നതെന്നത് വേറെ കാര്യം. കൈയേറ്റങ്ങളുടെ കാര്യത്തിൽ ഉദ്യോഗസ്ഥരോട് കണ്ണടയ്ക്കാൻ പറയുന്നത് ഭരണനേതൃത്വങ്ങളോ സംഘടനകളുടെ തലപ്പത്തിരിക്കുന്നവരോ ആണ്. കൊച്ചിയിൽ പോർട്ട്ട്രസ്റ്റ് ഭൂമിയിൽ 30 വർഷക്കാല പാട്ടത്തിനു നൽകിയ ഭൂമിയിൽ ഉയരുന്ന പ്രമുഖ ബിസിനസുകാരന്റെ കൺവെൻഷൻ സെന്റർ മുതൽ ഹാരിസൺ മലയാളവും ടാറ്റയും കൈവശം വച്ചിരിക്കുന്ന അഞ്ചുലക്ഷത്തിലധികം ഏക്കർ ഭൂമി വരെ നീളുന്നു അത്.
വൻകിട കൈയേറ്റങ്ങളെന്നും 10 സെന്റിൽ താഴെയുള്ള കൈയേറ്റങ്ങളെന്നും രണ്ടായി തിരിച്ച് കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ രണ്ട് തട്ടുകളുണ്ടാക്കുകയാണ് ഇപ്പോൾ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. റവന്യൂ വകുപ്പ് ഏറ്റവുമൊടുവിൽ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ട് പ്രകാരം മൂന്നാറിൽ 154 വൻകിടകൈയേറ്റക്കാരും ഉടുന്പൻചോലയിലും ദേവികുളത്തും എൻഒസി ലഭിക്കാത്ത 330 കൊമേഴ്സ്യൽ കെട്ടിടങ്ങളുണ്ടെന്നുമാണ് കണ്ടെത്തപ്പെട്ടിട്ടുള്ളത്. അറിവില്ലായ്മ മൂലമല്ല എൻഒസി ഇല്ലാതെ ഉടുന്പൻചോലയിലും ദേവികുളത്തുമെല്ലാം കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. 2010ലെ ഒരു ഹൈക്കോടതി ഉത്തരവു പ്രകാരം മൂന്നാറിലും പരിസരപ്രദേശങ്ങളിലും കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് റവന്യു വകുപ്പിന്റെ അനുമതി തേടിയിരിക്കണമെന്ന് തദ്ദേശഭരണസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് പറഞ്ഞിട്ടുള്ളതാണ്. ഇതേ തുടർന്ന് ജില്ലാ കളക്ടർ ഉടുന്പൻചോല ദേവീകുളം താലൂക്കുകളിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് റവന്യു വകുപ്പിന്റെ എൻഒസി ആവശ്യമാണെന്ന് വന്നു. വെറുതെയല്ല, എൻഒസിയില്ലാതെ നിർമ്മിക്കുന്ന 108 കെട്ടിടങ്ങൾക്ക് ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ സ്റ്റോപ് മെമ്മോ നൽകിയതും എംഎം മണിയടക്കമുള്ള ഇടുക്കിയിലെ കൈയേറ്റക്കാരുടെ കൂട്ടുകാർ സംയുക്തമായി സബ് കളക്ടർക്കുനേരെ അസഭ്യവർഷം നടത്തി രംഗത്തുവന്നതും.
പക്ഷേ പണത്തിനുമേലെ പരുന്തും പറക്കില്ലെന്നതാണ് സത്യം. മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികൾക്ക് റവന്യു വകുപ്പ് തുടക്കം കുറിക്കുന്നതിന് ഒരു മാസത്തിനു മുന്പ് 2017 മാർച്ച് 27ാം തീയതി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേവികുളം, ഉടുന്പൻ ചോല താലൂക്കുകളിൽ സ്ഥിതി ചെയ്യുന്ന ഏലമലക്കാടുകൾ റവന്യൂ ഭൂമിയാണെന്ന് വ്യക്തമാക്കിയതായാണ് യോഗത്തിന്റെ മിനുട്സ് പറയുന്നത്. ഈ പ്രദേശത്ത് അനധികൃതമായി നിർമ്മിച്ച നൂറിലധികം റിസോർട്ടുകൾ നിലകൊള്ളുന്നുണ്ടെന്നിരിക്കെ, ആ റിസോർട്ടുകൾ സംരക്ഷിക്കുന്നതിനാണ് സർക്കാരിന്റെ നീക്കമെന്ന് ആർക്കാണ് അറിയാത്തത്? കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ഇരു മുന്നണികളിൽപ്പെട്ട രാഷ്ട്രീയ പാർട്ടികൾക്കും സംഭാവനയായി കോടിക്കണക്കിനു രൂപയാണ് ഈ റിസോർട്ട് ഉടമകൾ നൽകിയിട്ടുള്ളത്. ഏലമലക്കാടുകളുടെ പരിധി ഒരു വർഷത്തിനുള്ളിൽ നിശ്ചയിക്കണമെന്നും അവിടെ നിന്നും മരം മുറിക്കരുതെന്നും ഹരിത ട്രൈബ്യൂണൽ 2015ൽ വിധി പ്രഖ്യാപിച്ചതുമാണെന്നിരിക്കേയാണ് ഞാനൊന്നുമറിഞ്ഞില്ലെന്ന മട്ടിൽ മുഖ്യമന്ത്രി പിൻവാതിലിലൂടെ റവന്യു വകുപ്പിനെക്കൊണ്ട് ഈ നീക്കങ്ങൾ നടത്താൻ ശ്രമിച്ചത്. ഏലമലക്കാടുകൾ വനഭൂമിയാണെന്ന സർക്കാരിന്റെ സത്യവാങ്മൂലം സുപ്രീം കോടതിയിൽ നിലനിൽക്കേവയാണ് വനഭൂമിക്കു പുറത്തുള്ള ഏലമലക്കാടുകളിലെ ഭൂമി റവന്യൂ ഭൂമിയാണെന്ന വാദം സർക്കാർ മാർച്ച് 27ന്റെ യോഗത്തിൽ അവതരിപ്പിച്ചത്. ഏലമലക്കാടുകളുടെ ഭൂമി വനഭൂമിയാണെന്ന വാദം ഉന്നയിച്ചുകൊണ്ട് അവയ്ക്ക് പട്ടയം നൽകാനുള്ള രഹസ്യനീക്കമായിരുന്നു പിണറായി വിജയനും കൂട്ടരും നടത്തിയത്.
ഏലമലക്കാടുകളുടെ വിഷയം വർഷങ്ങൾക്കു മുന്പു തന്നെ ചർച്ചാവിഷയമായതാണ്. ഗോദവർമ്മ കേസ്സു മുതൽ തുടങ്ങുന്നു അതിന്റെ ചരിത്രം. ഏലമലക്കാടുകൾ മുഴുവൻ വനഭൂമിയാണെന്നും വനഭൂമിയായി ഏലമലക്കാടുകൾ നിലനിൽക്കുന്നപക്ഷം 1977 ജനുവരിക്കുശേഷം കുടിയേറിയവർക്ക് അത് പതിച്ചുനൽകാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കില്ലെന്നു തിരിച്ചറിഞ്ഞതിനെ തുടർന്നാണ് അതിനുശേഷം പ്രദേശം കൈയേറി കെട്ടിടങ്ങൾ നിർമ്മിച്ച റിസോർട്ട് മാഫിയക്കാർക്ക് പട്ടയം നൽകാൻ ഏലമലക്കാടുകൾക്ക് വനപദവി എടുത്തു കളയാൻ സർക്കാർ തീരുമാനിച്ചതെന്ന് പകൽ പോലെ വ്യക്തം. വലിയ ഒരു അഴിമതിയാണതെന്ന കാര്യത്തിൽ സംശയമില്ല. നിലവിലുള്ള നിയമം അനുസരിച്ച് 1993ലെ ഭൂപതിവു നിയമപ്രകാരം ഏലമലക്കാടുകളിൽ നിന്നും 50,000 ഏക്കർ ഭൂമിയാണ് പട്ടയം നൽകാൻ കേന്ദ്ര സർക്കാർ അനുവദിച്ചത്. പക്ഷേ ഇത് 1977 ജനുവരി ഒന്നിനു മുന്പു കുടിയേറിയവർക്ക് മാത്രമേ ബാധകമാകുകയുള്ളു. അവിടെയാണ് റിസോർട്ട് മാഫിയ രാഷ്ട്രീയ നേതൃത്വത്തിന് വന്പൻ സംഭാവനകൾ നൽകി പാട്ടിലാക്കിയത്.
സംസ്ഥാന സർക്കാരിന് വിവിധ ജില്ലകളിലായി മൊത്തം 92,818 ഹെക്ടർ ഭൂമിയാണ് ആകെയുള്ളത്. ഇടുക്കിയിലാണ് അതിൽ ഏറ്റവുമധികം സർക്കാർ ഭൂമിയുള്ളത്. 54,097 ഹെക്ടർ. പക്ഷേ സർക്കാരിന്റെ കൈവശമുള്ള റവന്യൂ ഭൂമിയായി കണക്കാക്കപ്പെട്ടിട്ടുള്ള ഈ ഭൂമിയിൽ 376 ഹെക്ടർ ഭൂമി (929 ഏക്കർ) ഇന്ന് സ്വകാര്യവ്യക്തികളോ സ്ഥാപനങ്ങളോ കൈയേറിയ നിലയിലാണുള്ളത്. ഇടുക്കിയിൽ 110 ഹെക്ടറും വയനാട് 81 ഹെക്ടറും തിരുവനന്തപുരത്ത് 74 ഹെക്ടറും എറണാകുളത്ത് 31 ഹെക്ടറും കാസർകോഡ് 22 ഹെക്ടറും പാലക്കാട് 14 ഹെക്ടറും കൊല്ലത്ത് 11 ഹെക്ടറും ആലപ്പുഴയിലും കോട്ടയത്തും 8 ഹെക്ടർ വീതവും മലപ്പുറത്ത് ആറ് ഹെക്ടറും തൃശ്ശൂരിലും കോഴിക്കോടും 5 ഹെക്ടർ വീതവും പത്തനംതിട്ടയിൽ 1 ഹെക്ടറും കണ്ണൂരിൽ .89 ഹെക്ടറും സ്വകാര്യ വ്യക്തികൾ കൈയേറിയിട്ടുള്ളതായാണ് നിയമസഭാ രേഖകൾ പറയുന്നത്. ഇടുക്കിയിലാണ് ഏറ്റവുമധികം ഭൂമി കൈയേറ്റം നടന്നതെങ്കിൽ അതിൽ തന്നെ ഏറ്റവുമധികം ഭൂമി കൈയേറിയിരിക്കുന്നത് പാപ്പാത്തിച്ചോലയിൽ കുരിശ് സ്ഥാപിച്ച് കൈയേറ്റം നടത്തിയ സ്പിരിറ്റ് ഓഫ് ജീസസിന്റെ മേൽനോട്ടം വഹിക്കുന്ന വെള്ളൂക്കുന്നേൽ സഖറിയയുടെ കുടുംബമാണെന്നും സർക്കാർ രേഖകൾ പറയുന്നു. രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് തൃപ്പൂണിത്തുറ ചോയിസ് വില്ലയിൽ സിറിൽ പി ജേക്കബും. ഈ സഖറിയയ്ക്കു വേണ്ടിയാണ് അയാൾ കൈയേറ്റക്കാരനല്ലെന്ന് പറഞ്ഞുകൊണ്ട് എംഎം മണി രംഗത്തുവന്നത്. കുരിശിന്റെ പേരു പറഞ്ഞ് മതപ്രശ്നമാക്കാൻ മുഖ്യമന്ത്രിയും തന്നാലാകുന്നതൊക്കെ ചെയ്തതും ഇതേ സഖറിയയ്ക്കു വേണ്ടി തന്നെ.
ഏലമലക്കാടുകളിൽ കൃഷിക്കായി പട്ടയം നൽകപ്പെട്ട ഭൂമിയിൽ 20 വർഷക്കാലയളവിൽ കെട്ടിട നിർമ്മാണം പാടില്ലെന്ന് വ്യവസ്ഥയുണ്ടെങ്കിലും അവയെല്ലാം കാറ്റിൽപ്പറത്തി പലയിടത്തും കെട്ടിടങ്ങൾ ഉയർന്നിട്ടുണ്ട്. ഈ വ്യവസ്ഥ ലംഘിച്ചവർക്കെതിരെ വിഎസ്സിന്റെ കാലത്തു നടന്ന മൂന്നാർ ഒഴിപ്പിക്കലിൽ കെട്ടിടം പൊളിക്കാൻ ശ്രമം നടന്നുവെങ്കിലും പലരും കോടതി കയറി സ്റ്റേ വാങ്ങുകയും പിന്നീട് ആ ദൗത്യം പരാജയപ്പെടുകയും ചെയ്തതാണ്. ഇടുക്കിയിൽ ഏറ്റവുമധികം കൈയേറ്റം നടന്നിട്ടുള്ളത് കെഡിഎച്ച് വില്ലേജിലാണെന്നത് പരസ്യമായ കാര്യമാണ്. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇടനിലക്കാരും ചേർന്ന സംഘടിതമായ ശക്തികളാണ് ഈ കൈയേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. വ്യാജരേഖകൾ ചമച്ച് കൈയേറ്റം സാധ്യമാക്കുന്നതിൽ ഇവർക്ക് തുല്യമായ പങ്കാണുള്ളത്. വൈദ്യുതി വകുപ്പിന്റേയും പൊതുമരാമത്തു വകുപ്പിന്റേയുമൊക്കെ ഭൂമി മൂന്നാറിൽ ടൗണിൽ തന്നെ കൈയേറിയിട്ടുണ്ടെന്നിരിക്കേ, കൈയേറ്റക്കാരുടെ പിന്നിൽ രാഷ്ട്രീയ നേതാക്കളുണ്ടെന്ന കാര്യം നിസ്തർക്കമാണ്. സിപിഎമ്മിലും കോൺഗ്രസിലും സിപിഐയിലും പെട്ടവർ അതിലുൾപ്പെട്ടിട്ടുണ്ടെന്നാണ് സ്രോതസ്സുകൾ പറയുന്നത്.
ഇടുക്കിയിലേക്ക് 1977 ജനുവരി 1നു മുന്പ് കുടിയേറിയ ഒരു ലക്ഷത്തോളം വരുന്ന കുടുംബങ്ങൾക്ക് പട്ടയം നൽകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. റവന്യൂ വകുപ്പും വനംവകുപ്പും ഇത്തരക്കാരുടെ അപേക്ഷ സംയുക്തമായി പരിശോധിച്ചശേഷമാകും പട്ടയം നൽകുക എന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളതെങ്കിലും ഈ പട്ടയവിതരണത്തിനു പിന്നിൽ ചില കൈയേറ്റങ്ങൾ നിയമപരമാക്കിത്തീർക്കാനുള്ള വ്യഗ്രതയുണ്ടെന്നാണ് പൊതുവേ സംശയിക്കപ്പെടുന്നത്. അതിനു കാരണവുമുണ്ട്. മാർച്ച് 27ലെ മന്ത്രിസഭായോഗത്തിന്റെ മിനുട്സിൽ രണ്ടു ലക്ഷം ഏക്കറിലധികം വരുന്ന ഏലമലക്കാടുകളെ റവന്യൂ ഭൂമിയാക്കാൻ ശ്രമിച്ചിരിക്കുന്നതു തന്നെ അതിന്റെ ഭാഗമാണോയെന്ന് സംശയിക്കാവുന്നതാണ്.
വനഭൂമിയിലെ കൈയേറ്റങ്ങളുടെ കണക്കെടുത്താൽ ഇതിനേക്കാൾ എത്രയോ വലുതായി മാറും കൈയേറ്റങ്ങളുടെ കണക്കുകളെന്ന് ആർക്കാണ് അറിയാത്തത്? ഉദാഹരണത്തിന് വയനാട്ടിൽ പശ്ചിമഘട്ടത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലെ 1739 ഹെക്ടർ വനഭൂമി നിലവിൽ കൈയേറിയിട്ടുള്ളതായാണ് സർക്കാരിന്റെ പക്കലുള്ള കണക്കുകൾ. വന്യജീവികളുടെ ആവാസവ്യവസ്ഥ തകർക്കപ്പെടുന്നതിനു പുറമേ, മരങ്ങളും വൻതോതിൽ ഇവിടെ വെട്ടിനശിപ്പിക്കപ്പെടുന്നുണ്ട്. ഇവയിൽ പല കൈയേറ്റങ്ങളും നടത്തിയിട്ടുള്ളത് ആദിവാസികൾ തന്നെയാണെന്നതാണ് പ്രധാനം. 2005-ലെ മുത്തങ്ങ സമരത്തിനുശേഷമാണ് ആദിവാസികൾ ഭൂമി കൈയേറിയതെങ്കിലും 1961-ലെ കേരള വനനിയമ പ്രകാരമോ 1971-ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് നിയമപ്രകാരമോ അവർക്ക് ഇതുവരെ നോട്ടീസുകൾ നൽകാൻ സർക്കാരിനായിട്ടില്ല. നിയമപ്രകാരം നൽകുന്ന ഈ നോട്ടീസ് കൈപ്പറ്റാൻ ആദിവാസികൾ തയാറാകാത്തതാണ് കാരണം. വടക്കൻ മലബാറിലെ ഇത്തരത്തിലുള്ള ആദിവാസികളുടെ ഭൂമി കൈയേറ്റത്തിന് നേതൃത്വം നൽകുന്നത് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ആദിവാസി ക്ഷേമ സമിതിയും കോൺഗ്രസിന്റേയും ബിജെപിയുടേയും ആദിവാസി സംഘടനകളുമാണെന്നാണ് വനം അധികൃതർ പറയുന്നത്. ചീയന്പം, ഇരുളം തുടങ്ങിയ പ്രദേശങ്ങളിൽ അവർ താൽക്കാലിക ഷെഡ്ഡുകൾ വനഭൂമിയിൽ നിർമ്മിച്ചാണ് സമരം നടത്തുന്നത്. വനഭൂമി അനധികൃതമായി കൈയേറി കുടിൽകെട്ടിയവരെ ആറുമാസത്തിനുള്ളിൽ ആരംഭിക്കണമെന്നും ആറുമാസത്തിനുള്ളിൽ അവരെ അവിടെ നിന്നും നീക്കം ചെയ്യാൻ 2015 സെപ്തംബർ നാലിന് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് 1977 ജനുവരി ഒന്നിനു ശേഷം വനഭൂമി കൈയേറിയവർക്ക് നോട്ടീസ് നൽകാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ആദിവാസി ഭൂപ്രശ്നത്തിൽ ഇനിയും പരിഹാരം കാണാത്ത സർക്കാരിന് എങ്ങനെയാണ് വനഭൂമിയിൽ നിന്നും അവരെ പുറത്താക്കാനാകുക?
സെക്രട്ടറിേയറ്റിനു മുന്നിൽ 162 ദിവസം ആദിവാസികൾ ഭൂമിക്കായി നടത്തിയ നിൽപു സമരം ഭരണകൂടത്തിൽ നിന്നുള്ള ചില ഉറപ്പുകളെ തുടർന്നാണ് 2014 ഡിസംബർ 18ന് പിൻവലിക്കപ്പെട്ടത്. മുത്തങ്ങയിൽ നിന്ന് കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്നും ഭൂരഹിതർക്ക് പതിച്ചുനൽകാൻ കേന്ദ്ര സർക്കാർ അനുവദിച്ചുനൽകിയ നിക്ഷിപ്ത വനഭൂമിയിൽ ബാക്കിയുള്ള 12,000 ഏക്കർ പതിച്ചു നൽകാമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന ഉറപ്പിന്റെ പുറത്താണ് സമരം നിർത്താൻ ആദിവാസികൾ തയാറായത്. ആദിവാസി ഊരുകളെ പട്ടിക വർഗമേഖലയിൽ ഉൾപ്പെടുത്താനുള്ള ‘പെസ’ നിയമ നടപ്പാക്കുമെന്നും മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് ജയിലിൽ അടക്കപ്പെട്ട കുട്ടികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്നും മുത്തങ്ങയിൽ കുടിയിറക്കപ്പെട്ടവർക്ക് വീട് വയ്ക്കാൻ ഒരു ഏക്കർ വീതം ഭൂമി നൽകുമെന്നും മുത്തങ്ങയിൽ കുടിയിറക്കപ്പെട്ടവർക്കും അതിക്രമങ്ങൾക്ക് ഇരയായവർക്കും രണ്ടര ലക്ഷം രൂപ ധനസഹായം നൽകുമെന്നും ആറളം ഫാമിൽ ഭൂമി പതിച്ച് നൽകിയത് സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നുമൊക്കെയായിരുന്നു അന്നത്തെ പ്രഖ്യാപനങ്ങൾ. ഇതിനെല്ലാം പുറമേ അട്ടപ്പാടിയിൽ പരന്പരാഗത കൃഷി പ്രോത്സാഹിപ്പിക്കുമെന്നും ആദിവാസി പുനരധിവാസ മിഷൻ പ്രവർത്തനം കാര്യക്ഷമമാക്കുമെന്നുമൊക്കെ വാഗ്ദാനങ്ങൾ ഉണ്ടായിരുന്നു. കേരളത്തിന്റെ മനസ്സാക്ഷിയെ തന്നെ തൊട്ട ആ സമരം വാഗ്ദാനങ്ങളുടെ മറവിൽ ഒത്തുതീർപ്പായെന്ന് തോന്നൽ ജനിപ്പിച്ച സർക്കാർ പക്ഷേ ആദിവാസി ഭൂമി കാര്യത്തിൽ അൽപം പോലും മുന്നോട്ടു പോയിട്ടില്ലെന്നതാണ് വാസ്തവം. മുത്തങ്ങയിൽ നിന്നും കുടിയിറക്കപ്പെട്ടവർക്ക് ഈ നിക്ഷിപ്ത വനഭൂമിയിൽ നിന്നും ഒരു ഏക്കർ വീതം നൽകുമെന്ന കാര്യത്തിൽ മുൻഗണന നൽകുമെന്നാണ് സർക്കാർ വാഗ്ദാനം നൽകിയതെങ്കിലും അക്കാര്യത്തിലും ഇനിയും രേഖാമൂലമുള്ള യാതൊരു ഉറപ്പും സർക്കാർ ആദിവാസികൾക്ക് നൽകിയിട്ടില്ല. 290 പ്ലോട്ടുകൾ കണ്ടെത്തി സർവേ കല്ലുകൾ സ്ഥാപിച്ചുവെന്നതിനപ്പുറം അക്കാര്യവും ഇനിയും മുന്നോട്ടു പോയിട്ടില്ല. 2006-ലെ വനാവകാശ നിയമവും 1996-ലെ പഞ്ചായത്ത് (എക്സ്റ്റൻഷൻ ടു ഷെഡ്യൂൾഡ് ഏരിയാസ്) ആക്ടും നടപ്പാക്കുന്നതിന് ഇപ്പോഴും വെല്ലുവിളികൾ പലതാണെന്നിരിക്കേ, ആദിവാസികളെ കൈയേറ്റ ഭൂമിയിൽ നിന്നും ഇപ്പോൾ ഒഴിപ്പിക്കാനിറങ്ങുന്നത് പ്രശ്നം കൂടുതൽ വഷളാക്കുകയേയുള്ളു.
അതിനു പകരം തെക്കൻ വയനാടിലെ പ്ലാന്റേഷൻ ഉടമകളുടേയും റിസോർട്ട് മാഫിയകളുടേയും സ്വകാര്യവ്യക്തികളുടേയും കൈയേറ്റങ്ങൾ കണ്ടെത്തി അവ ഒഴിപ്പിക്കാനുള്ള നീക്കങ്ങളാണ് സർക്കാർ നടത്തേണ്ടത്. ഈ പ്രദേശത്ത് ആദിവാസികളല്ല ഭൂമി കൈയേറിയിരിക്കുന്നതെന്നാണ് സർക്കാർ അധികൃതർ കണ്ടെത്തിയിരിക്കുന്നത്. ഏതാണ്ട് മൂവായിരത്തിലധികം കുടുംബങ്ങൾ തെക്കൻ മലബാർ വനമേഖലയിൽ നിലവിൽ ഭൂമി കൈയേറിയിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. വയനാട്ടിൽ ഒരു സെന്റു പോലും ഭൂമി ഇല്ലാത്തവരായി 2000ത്തിലധികം ആദിവാസികളും അഞ്ചു സെന്റിൽ താഴെ ഭൂമി ഉള്ളവരായി പതിനായിരത്തോളം പേരുമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അനധികൃതമായി ഭൂമി കൈവശം വച്ചിട്ടുള്ള ഇവരിൽ നിന്നും ഭൂമി ഏറ്റെടുത്തത് കൈമാറാനുള്ള നീക്കമാണ് വാസ്തവത്തിൽ കൈയേറ്റം ഒഴിപ്പിക്കലിനൊപ്പം സർക്കാർ ഊർജിതമാക്കേണ്ടത്. നിലവിൽ ജനവിരുദ്ധ സർക്കാർ പ്രതിച്ഛായയുള്ള ഇടതു സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്തേക്കും.
ടാറ്റയും ഹാരിസൺ മലയാളവുമൊക്കെ നടത്തിയിരിക്കുന്ന വൻകിട കൈയേറ്റങ്ങൾ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ഇനിയും സർക്കാരിന് മുന്നോട്ടു പോകാനാവില്ല. കേരളത്തിലെ 75000-ത്തോളം ഏക്കർ ഭൂമിയാണ് ഹാരിസൺ മലയാളം കൈവശം വ്യാജരേഖകളുടെ പിൻബലത്തിൽ കേരളത്തിൽ കൈവശം വച്ചിരിക്കുന്നത്. എംജി രാജമാണിക്യം റിപ്പോർട്ട് പ്രകാരം ഭൂമി പരിശോധന പൂർത്തിയാക്കിയ 29,000 ഏക്കർ ഭൂമി ഹാരിസണിൽ നിന്നും ഏറ്റെടുക്കുന്നതായി കാട്ടി റിപ്പോർട്ട് നൽകിയത് 2015-ലാണെങ്കിലും ഇനിയും കേസ്സുകൾ തുടരുകയാണ്. ഇതടക്കം അഞ്ചു ലക്ഷം ഏക്കറിലധികം ഭൂമിയാണ് വിദേശ കന്പനികളടക്കമുള്ളവർ വ്യാജരേഖകൾ ചമച്ച് ഇപ്പോഴും കൈവശം വച്ചിരിക്കുന്നത്. വിദേശികൾക്ക് ഇന്ത്യയിൽ ഭൂമി കൈവശം വയ്ക്കാൻ അനുമതിയില്ലെങ്കിലും ഇപ്പോഴും കൈയേറ്റക്കാർ വിദേശികളുടെ പേരിൽ തന്നെയാണ് വസ്തുനികുതി കേരളത്തിൽ അടയ്ക്കുന്നതെന്നതു തന്നെ രാഷ്ട്രീയ - ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഈ മാഫിയക്ക് തണലായി നിൽക്കുന്നുണ്ടെന്നതിനു തെളിവാണ്. സുശീലാ ആർ ഭട്ടിനെ ഹാരിസൺ മലയാളം കേസ്സിൽ സർക്കാരിന്റെ മുൻ പ്ലീഡറായിരുന്ന സുശീലാ ആർ ഭട്ടിനെ തൽസ്ഥാനത്തു നിന്നും നീക്കിയത് കൈയേറ്റക്കാരെ കേസ്സിൽ സഹായിക്കാനാണെന്ന വാദം നിലനിൽക്കുന്നുമുണ്ട്. എന്നാൽ ഹാരിസൺ വിറ്റ ഭൂമികളായ ചെറുവള്ളി എേസ്റ്ററ്റും ബോയ്സും അന്പനാടും റിയയുമൊക്കെ സർക്കാർ ഏറ്റെടുത്തതായി ഉത്തരവുകൾ പുറത്തുവന്നിട്ടും കൈയേറ്റക്കാർ ഇനിയും അത് വിട്ടൊഴിഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ് വിമാനത്താവളത്തിനായി കെ.പി യോഹന്നാന്റെ ഭൂമി സർക്കാർ ഏറ്റെടുക്കുമെന്ന മട്ടിൽ പ്രചരിപ്പിക്കപ്പെടുന്നത്.
ഹാരിസൺ മലയാളം നടത്തിയതുപോലുള്ള വൻകിട കൈയേറ്റങ്ങളെല്ലാം ഏറ്റെടുക്കാൻ ഒരു സ്പെഷ്യൽ ഓഫീസർക്കാവില്ലെന്ന യാഥാർത്ഥ്യം ഇനിയും സർക്കാർ തിരിച്ചറിഞ്ഞിട്ടില്ല. നിലവിലുള്ള നിയമപ്രകാരം ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ടിന്റേയും ഫെറയുടേയും ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഹാരിസൺ മലയാളത്തിന്റെ ഭൂമി ഏറ്റെടുക്കാൻ സർക്കാർ നടത്തുന്ന നീക്കം കോടതിയിൽ നിലനിൽക്കില്ലെന്നാണ് സംസ്ഥാന നിയമസെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് സർക്കാരിന് ഉപദേശം നൽകിയിട്ടുള്ളത്. പകരം ഇതിനായി സർക്കാർ പുതിയ നിയമനിർമ്മാണം നടത്തണമെന്നും ജില്ലാ ജഡ്ജിയുടെ റാങ്കിലുള്ള ഒരു സിംഗിൾ ജഡ്ജി അധ്യക്ഷനായ ബോഡിയുണ്ടാക്കി ഈ കേസ്സുകൾ കൈകാര്യം ചെയ്ത് യുക്തിപരമായ അന്ത്യത്തിലെത്തണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്. പക്ഷേ ഈ ഉപദേശം മുഖവിലയ്ക്കെടുക്കാൻ സർക്കാർ തയാറാകാനുള്ള സാധ്യതകൾ വിരളമാണ്. കാരണം കൈയേറ്റക്കാരെ സംരക്ഷിക്കുന്ന കാര്യത്തിൽ രാഷ്ട്രീയക്കാർ പുറത്തുള്ള വാചകമടി മാത്രമേ നടത്താറുള്ളു. അകത്ത് എല്ലാവരും ഒറ്റക്കെട്ടാണ്. കേസ്സ് തോൽക്കാൻ കൂട്ടുനിൽക്കുന്നവന്റെ റോളിലാകും സർക്കാർ പ്രത്യക്ഷപ്പെടുക. അണ്ടിയോടടുക്കുന്പോളറിയാമല്ലോ, മാങ്ങയുടെ പുളി!