അസ്മോ; ഓർമ്മയുടെ രണ്ടാണ്ട്
ഇ.കെ ദിനേശൻ
പ്രിയപ്പെട്ട അസ്മോക്ക നമ്മെ വിട്ട് പിരിഞ്ഞിട്ട് മെയ് പതിനൊന്നിന് രണ്ട് വർഷം തികഞ്ഞു. പ്രവാസ ലോകത്ത് നിന്ന് മലയാള കവിതയെഴുത്തിൽ ഒരിടം രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു അസ്മോക്കയുടെ മടക്കം. എന്നാൽ പ്രവാസ സാഹിത്യ ലോകത്ത് അദ്ദേഹത്തിന്റെ ഓർമ്മ ഇപ്പോഴും നിറസാന്നിദ്ധ്യമാണ്. ചില സാന്നിദ്ധ്യങ്ങൾ അങ്ങിനെയാണ്. താൻ ജീവിച്ച കാലത്തെ ആഴത്തിൽ തന്നെ രേഖപ്പെടുത്തി വെച്ചിരിക്കും. ഇത് ജീവിച്ച കാലത്ത് നിർവ്വഹിച്ച ഇടപെടലിന്റെ ബാക്കിയിരിപ്പാണ്. അ സ്മോക്ക പിറന്ന മണ്ണിൽ ആയിരുന്നില്ല ഇത്തരം അ ടയാളപ്പെടുത്തൽ നടത്തിയത്, പകരം അനേകം ദേശസംസ്കൃതികളാൽ വലയം ചെയ്യപ്പെട്ട അറേബ്യൻ മണ്ണിലെ യു.എ.ഇയിൽ ആയിരുന്നു.
1974-ൽ ആണ് തൃശ്ശൂർ ജില്ലയിലെ പുത്തൻചിറ ഗ്രാമത്തിൽ ഉമ്മറിന്റെയും ഐഷയുടെയും മകനായ സെയ്തു മുഹമ്മദ് ഒമർ എന്ന അസ്മോ പുത്തൻചിറ അബുദാബിയിൽ എത്തുന്നത്. എൺപതുകളിൽ തന്നെ അസ്മോ കവിത മലയാളത്തിലെ മുഖ്യധാര പ്രസിദ്ധീകരണങ്ങളിൽ തന്റെ സാന്നിദ്ധ്യം അറിയിച്ച് കഴിഞ്ഞിരുന്നു. അതിനിടയിൽ അബുദാബി ഗ വൺമെന്റിന്റെ സാംസ്ക്കാരിക കേന്ദ്രമായ അബുദാബി കൾച്ചറൽ സെന്ററിന്റെ കീഴിൽ തുടങ്ങിയ പോയറ്റ് കോർണറിന്റെ ക്യാപ്റ്റനായി പ്രവർത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇങ്ങിനെ യു.എ.ഇ -യിലെ കലാ-സാഹിത്യ - സാംസ്കാരിക രംഗത്ത് സജീവ മായ ഇടപെടൽ നടത്തിക്കൊണ്ടിരിരുന്നു. ടി.വി കൊച്ചുബാവയുടെ നേതൃത്വത്തിൽ തുടങ്ങിയ 'പൂമുഖം' പിന്നീട് ഉണ്ടായ 'കോലായ'യിലും അസ്മോക്ക നിറസാന്നിദ്ധ്യമായിരുന്നു. അങ്ങിനെ സാംസ്ക്കാരിക പക്ഷത്തും, കവിതയിലും നിറഞ്ഞ് നിൽക്കുന്നതിനിടയിലാണ് 2015-മെയ് 11-ന് അസ്മോക്ക തന്റെ എഴുതിത്തീരാത്ത കവിത ബാക്കി വെച്ച് വിട പറഞ്ഞത്.
ജീവിതം കൊണ്ട് താൻ ഏർപ്പെടുന്ന മണ്ധലത്തെ അർത്ഥവത്താക്കുക എന്നത് അനുഗ്രഹിക്കപ്പെട്ട കാര്യമാണ്. തന്റെ എഴുത്ത് ജീവിതത്തിലും വ്യക്തി ജീവിതത്തിലും സുതാര്യത കാത്ത് സൂക്ഷിക്കാൻ കഴിഞ്ഞു എന്നതും അസ്മോക്കയുടെ കഴിവായിരുന്നു. ഏത് പരിപാടിക്ക് എത്തിയാലും ഒരു ധ്യാനാത്മകതയിൽ എന്ന പോലെ ഒരിരിപ്പാണ്. അതിന് ചു റ്റും വന്നു നിറയുന്ന ഏകാന്തതയെ ഒരാഭരണമായി അദ്ദേഹം എടുത്തണയുന്നു. ഇതിന്റെ ബാക്കി വായനയെന്നോളം കവിതയിൽ ഇത്തരം ജീവിത രസ സങ്കലനങ്ങളെ വായനയ്ക്കായി അസ്മോക്ക എഴുതി വെച്ചിട്ടുണ്ടായിരുന്നു.
ഡി .സി ബുക്സ് പുറത്തിറക്കിയ 'ചിരിക്കുരുതി' എന്ന പുസ്തകത്തിലെ കവിത ആ ജീവിതത്തിന്റെ വീക്ഷണത്തെയും ചിന്താ വ്യാപനത്തെയും ബോദ്ധ്യപ്പെടുത്തുന്നുണ്ട്. അസ്മോക്കയുടെ അക്ഷരങ്ങൾക്ക് ഹൃദയത്തോട് ഒട്ടിനിൽക്കാനുള്ള കഴിവുണ്ട്. എഴുത്ത് ഒരു ക്യത്യനിർവ്വഹണത്തിനുമപ്പുറം ആശയ ത്തിന്റെയും പ്രതികരണത്തിന്റെയും അർത്ഥവത്തായ അടയാളപ്പെടുത്തലായി മാറുന്നുണ്ട്. സൗഹൃദത്തിന് വലിയ വില കൽപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ മരുന്ന് എന്ന കവിതയിൽ ഇങ്ങിനെ...
എല്ലാവരെയും
മിത്രങ്ങളാക്കാൻ
കഴിയില്ലെങ്കിലും
ആരെയും
ശത്രുക്കളാക്കാതിരിക്കാൻ
മൗനം കുടിക്കുക.
ഇങ്ങിനെ മൗനം മരുന്നായി കുടിക്കുന്പോഴും പ്രതികരണത്തിന്റെ അഗ്നി അദ്ദേഹത്തിൽ ആളിക്കത്തുന്നുണ്ടായിരുന്നു. പ്ലേഗ് എന്ന കവിതയിലെ നാല് വരി...
തെരുവിലേക്ക് തുറക്കുന്ന
ആയുധപ്പുരയും
വീട്ടിൽ നിന്നൊഴുകുന്ന
കണ്ണീർ പുഴയും
ദേശീയതയുടെ കണക്കിൽ
വരവെഴുതും.
ആധുനിക കാലത്ത് ദേശീയത വംശീയ രാഷ്ട്രീയ ത്തിന് വഴിവെട്ടിക്കൊടുക്കുന്പോൾ അതുണ്ടാക്കുന്ന വിളവെടുപ്പാണ് ഈ വരികൾ. എഴുത്തിന്റെ വഴിയിലെ നിലപാട് ഒരു എഴുത്തുകാരന്റെ ജീവിതത്തെയും രാഷ്ട്രീയത്തെയും പറഞ്ഞ് വെക്കുന്നുണ്ട്. ചിലപ്പോൾ അറിഞ്ഞും ചിലപ്പോൾ അറിയാതെയും. പക്ഷം എന്ന കവിതയിൽ...
എനിക്ക്
പൊക്കമുണ്ടെന്നു
നീയെന്റെ മുന്പിൽ
വന്നു നിന്നപ്പോളാണറിഞ്ഞത്.
ഈ ലോകത്തിൽ മറ്റാരാളിലൂടെ മാത്രമേ ചിലപ്പോൾ നമുക്ക് നമ്മെ തന്നെ തിരിച്ചറിയാൻ കഴിയുന്നുള്ളു.അത്തരം വായന അസ്മോ കവിതയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അതേസമയം ജീവിതത്തിന്റെ നനഞ്ഞ പ്രതലത്തിൽ നിന്നു കൊണ്ടുള്ള എഴുത്തിൽ പലപ്പോഴും ഒരു തണുത്ത കാറ്റ് വായനക്കാരെ വന്നു പൊതിയാറുണ്ട്. പിൻഗാമി എന്ന കവിതയിൽ,
ഭാര്യ പരിതപിച്ചു
ഇതുവരെ നമുക്ക്
കുഞ്ഞു ജനിച്ചിട്ടില്ല
കവി പ്രതികരിച്ചു
നമുക്കല്ലാതെ
ഈ ലോകത്ത്
ഒരു കുഞ്ഞും
ജനിച്ചിട്ടല്ല.
സർവ്വമാനവീകത എന്ന സത്യത്തിന്റെ തണലിൽ സ്വയം ആത്മശാന്തി കണ്ടെത്തുകയാണ് കവി. അതിനിടയിൽ ഒന്നും ചോദിച്ച് വാങ്ങിയില്ല. അർഹതപ്പെട്ടത് പോലും കിട്ടാതെ പോയല്ലോ എന്ന് ബാക്കിയുള്ളവർ ഇന്ന് പരിതപിക്കുന്നുണ്ട്. 2014- ചിരിക്കുരുതി എന്ന കവിത സമാഹാരത്തിന് ദുബൈ പ്രവാസി ബുക്ക് ട്രസ്റ്റ് അവാർഡ് കിട്ടിയിട്ടുണ്ട്. തന്റെ നാല് പതിറ്റാണ്ടിന്റെ സാഹിത്യ ജീവിതത്തിൽ എഴുതിയത് ഇരുന്നൂറോളം കവിതകൾ. രണ്ടാമത്തെ പുസ്തകത്തിന്റെ തയ്യാറെടുപ്പിനിടയിലാണ് അസ്മോക്ക നമ്മോട് യാത്ര പറഞ്ഞത്. എക്കാലത്തും ഓർക്കാൻ മാത്രം ശക്തമാണ് ആ സൗഹൃദം. ഒരാളോടും പരിഭവമില്ലാതെ, എല്ലാവർക്കും വേണ്ടി ഒരു ചിരി എപ്പോഴും ആ മുഖത്ത് കാണാം. അസ്മോക്ക പ്രവാസ ലോകത്ത് ഇന്നും നിറഞ്ഞ് നിൽക്കുന്നുണ്ട്. ചിരിക്കുരുതിയുടെ അവസാനത്തെ പേജിൽ എഴുതിയത് പോലെ
ഉരുക്കിന്റെ ആർജ്ജവം
നിരാഹാരത്തിന്റെ ശക്തി
നിശബ്ദ്ദതയുടെ മുഴക്കം
പകരം വെക്കാനില്ലാത്ത ജന്മം.