വിളക്കുകൾ കെടാതെ കാക്കുവാൻ...
അന്പിളിക്കുട്ടൻ
മനുഷ്യൻ എന്ന പ്രതിഭാസം എന്താണ്? ഒരു ശരീരം മാത്രമാണോ, അതിനെ നിയന്ത്രിക്കുന്ന മനസ്സാണോ അതിനും അതീതമായ ആത്മാവാണോ അതോ ഇത് മൂന്നും കൂടിയുള്ള സമഞ്ജസമായ ഒരു സങ്കലനമാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ കാലാകാലങ്ങളായി മനുഷ്യരാശിയുടെ ചിന്തയിൽ ഉത്തരം കിട്ടാതെ കുടികൊള്ളുന്നുണ്ട്. ഒരു കാര്യം ഏവർക്കും യുക്തിപൂർവ്വം മനസ്സിലാക്കാൻ സാധിച്ചു. എന്റെ ശരീരം എന്ന് ഓരോ വ്യക്തിയും ചിന്തിക്കുന്പോൾ ഞാനെന്നത് ശരീരമല്ല, അതിന്റെ താത്ക്കാലിക ഉടമസ്ഥാവകാശം മാത്രമുള്ള വ്യത്യസ്തമായൊരു ഉൺമയാണ് എന്നതാണത്. അതെന്ത് തന്നെയായാലും നാം ഉപയോഗിക്കുന്ന ഏത് വസ്തുവിനെയും പോലെ സ്വന്തം ശരീരത്തെയും കയ്യിലുള്ള കാലത്തോളം ശ്രദ്ധാപൂർവ്വം ഉപയോഗിക്കാൻ കടപ്പെട്ടിരിക്കുന്നു മനുഷ്യൻ. പക്ഷെ ഇന്നത്തെ ലോകം ഉയർത്തുന്ന ഏറ്റവും ശക്തമായ വെല്ലുവിളി അത് കേടുകൂടാതെ പരിപാലിക്കാനുള്ള ഓരോ മനുഷ്യന്റെയും അവകാശത്തിന് നേരെയാണ് ഉയരുന്നത്, ഉയർത്തുന്നതും മനുഷ്യൻ തന്നെ. മനുഷ്യന് അവനവന്റെ ശരീരത്തിലെ താത്പ്പര്യമുള്ളൂ, മറ്റ് ശരീരങ്ങളിൽ ജീർണത ഏൽപ്പിക്കുന്നതിൽ മനഃസാക്ഷിക്കുത്തില്ല.
കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് വാങ്ങിയ മത്സ്യം കഴുകാനായി വെള്ളമൊഴിച്ചപ്പോൾ അതിൽനിന്നും പുക ഉയരുന്നത് കാണുവാനിടയായി.ശക്തമായ ഏതോ രാസപദാർത്ഥം അതിൽ പ്രയോഗിക്കപ്പെട്ടിരിക്കുന്നു എന്നത് വ്യക്തം. ചേർക്കുന്നവർക്ക് അത് അവരുടെ ജോലി, വിൽക്കുന്നവർക്ക് അത് ബിസിനസ്സ്, വാങ്ങുന്നവർക്ക് അത് വിഷം. ഇവിടെ ഇത് ചെയ്യിക്കുന്ന വ്യക്തിയാണ് സഹജീവിക്ക് വിഷം കൊടുത്തുകൊണ്ട് സ്വന്തം വയറിൽ കൊഴുപ്പ് നിക്ഷേപം കൂട്ടുന്നവൻ. സ്വന്തം രക്തക്കുഴലുകൾക്കൊപ്പം അയാൾ ലോകത്തെയും ദ്രവിപ്പിക്കുന്നു. ഇതുപോലെയുള്ള നിരവധിയായ മനുഷ്യനിർമ്മിതവും പാരിസ്ഥികവുമായ വെല്ലുവിളികളാണ് മനുഷ്യശരീരത്തിന് നേരെ ഉയരുന്നത്.
മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യം തൊള്ളായിരത്തി അറുപതുകളിൽ എഴുപത് വയസ്സായിരുന്നത് രണ്ടായിരത്തി പന്ത്രണ്ടിൽ എഴുപത്തിയൊന്പതായി ഉയർന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇക്കാലയളവിൽ വൈദ്യശാസ്ത്ര മേഖലയിൽ ഉണ്ടായ പുതിയ കാൽവെപ്പുകളും ചികിത്സാ രീതികളിൽ വന്ന കാര്യക്ഷമമായ പരിവർത്തനങ്ങളും ഇതിന് സഹായിച്ചു. എന്നാൽ ഇക്കാലയളവിൽ മനുഷ്യൻ സൃഷ്ടിച്ച ജീർണവൽക്കരണം ഈ പുരോഗതിയെ വീണ്ടും പിറകിലേക്ക് നടത്തുന്നു. ഹിംസാത്മകമായ ലോകത്ത് സമ്മർദ്ദങ്ങൾക്ക് വശംവദനായി ജീവിക്കുന്ന മനുഷ്യന് അവൻ തന്നെ ആർജിച്ച ശരീരപരിപാലനത്തിന്റെ നവീന സാധ്യതകളെ ഉപയോഗിച്ച് ആയുരാരോഗ്യം നേടാനുള്ള യോഗ
മില്ല.
എന്നിരുന്നാലും വയസ്സാകൽ എന്ന പ്രക്രിയയെ നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമോ എന്ന പരീക്ഷണങ്ങളിൽ ലോകം വ്യാപൃതമാണ്.ആധുനിക സാങ്കേതികവിദ്യകളെ ഉപയോഗിച്ച് ആയുസ്സിനെ നിയന്ത്രിക്കുന്ന ജീവശാസ്ത്രത്തെ അടുത്തറിയുക, അതിലൂടെ മനുഷ്യ ജീവിതത്തെ ദീർഘവും ആരോഗ്യകരവുമാക്കാനുള്ള വിവിധങ്ങളായ മാർഗ്ഗങ്ങളെ ക്രോഡീകരിച്ച് വ്യക്തമായ ഫലങ്ങൾ ഉണ്ടാക്കി മനുഷ്യരാശിക്ക് കൈമാറുക എന്നീ ലക്ഷ്യങ്ങളോടെ കാലിക്കോ എന്ന ഒരു ഗവേഷണ വികസന സ്ഥാപനം ഗൂഗിളിന്റെ സഹസ്ഥാപകരായ സെർജി ബ്രിന്നും ലാറി പേജും ചേർന്ന് സ്ഥാപിച്ചിട്ടുണ്ട്. വൈദ്യശാസ്ത്രം, ഔഷധ ഗവേഷണം, തന്മാത്രാ ജീവശാസ്ത്രം, പാരന്പര്യ ശാസ്ത്രം, കന്പ്യൂട്ടർ സാങ്കേതികത, റോബോട്ടിക് വൈജ്ഞാനികത എന്നിവയെ സംയോജിപ്പിച്ച് കൊണ്ടുള്ള ഗവേഷണമാണ് ഇതിലൂടെ നടത്തപ്പെടുന്നത്. ചിലയിനം ജെല്ലി മത്സ്യങ്ങൾ മരണാതീതരായി ജീവിക്കുന്നു എന്ന കണ്ടെത്തലാണ് ഇത്തരമൊരു സംയോജിത ഗവേഷണം എന്ന ആശയത്തിന് ബീജാവാപം നൽകിയത്. മനുഷ്യന്റെ ആയുർദൈർഘ്യം എത്രകണ്ട് വർദ്ധിപ്പിക്കാം എന്നതിൽ ഈ ഗവേഷണഫലങ്ങൾ വിപ്ലവാത്മകമായ പുരോഗതി കൈവരിച്ചേക്കാം. മരണത്തെ അതിജീവിക്കാമെന്നുള്ള വ്യാമോഹമൊന്നും ആരും വെച്ച് പുലർത്തുന്നില്ലെങ്കിലും ഉള്ള ആയുസ്സ് മുഴുവനും ആരോഗ്യത്തോടെ കർമ്മമണ്ധലത്തിൽ വ്യാപരിക്കാനുള്ള ഏത് മനുഷ്യന്റെയും അദമ്യമായ ആഗ്രഹമാണ് ഇതിലൂടെ സഫലമാവേണ്ടത്. മനുഷ്യന് പ്രകൃതി നൽകിയിരിക്കുന്ന പരമായുസ്സായ നൂറ്റിയിരുപത് വയസ്സുവരെ ആയുരാരോഗ്യത്തോടെ ജീവിക്കാൻ വരും തലമുറയെ സജ്ജരാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഗവേഷണങ്ങൾ. മറ്റൊരു തരത്തിൽ റോബോട്ടിക് രംഗത്ത് സമാന്തരമായ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. അവ ശരീരത്തിന് സംഭവിക്കുന്ന അപരിഹാര്യമായ തകരാറുകളാൽ വിഷമിക്കുന്ന പൂർണമായും പ്രവർത്തനക്ഷമമായ തലച്ചോറുകളെ റോബോട്ടിക് ശരീരവുമായി ബന്ധിപ്പിക്കുന്നതിലൂടെ സൃഷ്ടിക്കുന്ന ജീവയന്ത്ര പാരസ്പര്യത്തിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവുമെന്ന ഒരു സ്ഥിതിവിശേഷത്തിലേക്ക് നയിച്ചേക്കാം.
ഇത്തരത്തിലുള്ള വിവിധങ്ങളായ സമീപനങ്ങളിലൂടെ മരണമെന്ന പ്രതിഭാസത്തെ അനന്തമായി നീട്ടിക്കൊണ്ടു പോകാമെന്ന് വിശ്വസിക്കുന്നവരും ഉണ്ടെങ്കിലും മനുഷ്യന് കൈവരിക്കാനാവുന്ന ഏത് നേട്ടത്തിനും അതീതമായി വർത്തിക്കുന്ന പ്രകൃതിനിയമം അതിന് അനുവദിക്കില്ല. കാരണം അതിന്റെ വിധിന്യായങ്ങളിൽ ഈ മഹാബ്രഹ്മാണ്ധത്തിലെ നൂറുകണക്കിന് ഗ്യാലക്സികളിൽ ഒന്ന് മാത്രമായ ക്ഷീരപഥത്തിൽ ഉള്ള അഞ്ഞൂറുകോടി നക്ഷത്രങ്ങളിൽ ഒന്ന് മാത്രമായ സൂര്യനെ ചുറ്റുന്ന എട്ട് ഗ്രഹങ്ങളിൽ ഒന്നുമാത്രമായ ഭൂമി വെറുമൊരു മൺതരി പോലുമല്ല. അതിനാൽ ബ്രഹ്മാണ്ധനിയമങ്ങൾ ശരിയായി പഠിക്കാൻ പോലുമാവാത്ത മനുഷ്യൻ അതിന് അതീതനാവാമെന്നത് വ്യാമോഹത്തേക്കാൾ താഴെയുള്ള ഒരു വ്യർത്ഥത മാത്രമാണ്.