ഫ്രാൻസിലെ തിരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നത്...
ഇ.പി അനിൽ
ഇന്ത്യൻ ഭരണഘടനയിലെ സമത്വ സങ്കൽപ്പങ്ങൾക്ക് ഫ്രഞ്ച് റിപബ്ലിക്കിനോട് കടപ്പെട്ടിരിക്കുന്നു എന്നത് ഫ്രാൻസിനെപ്പറ്റിയുള്ള ഒറ്റപ്പെട്ട വാർത്തയല്ല. മനുഷ്യരുടെ സ്വപ്നം മാത്രമായി താലോലിച്ചു വന്ന സോഷ്യലിസ്റ്റ് സങ്കൽപ്പങ്ങളെ പ്രയോഗത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ച ചരിത്രത്തിലെ ആദ്യ രാജ്യമാണ് ഫ്രാൻസ്. അതിനും മുന്പ് ലോക പുരോഗതിക്ക് നിദാനമായിട്ടുള്ള മുതലാളിത്ത വ്യവസ്ഥയുടെ സാമൂഹിക മേൽക്കോയ്മക്ക് രാജ്യം അവസരമൊരുക്കി. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എ ന്ന മാനവിക ആശയങ്ങൾക്ക് രാഷ്ട്രീയമായ വിജയം നേടുവാൻ ആദ്യമായി അവസരം ഒരുക്കിയ ഫ്രാൻസിനെ (പതിനെട്ടാം നൂറ്റാണ്ടിലെ വിപ്ലവം) ആധുനിക ലോകത്തിന്റെ വഴികാട്ടിയായി നമുക്ക് കാണാം.
20ാം നൂറ്റാണ്ടിന്റെ അവസാന കാലം മുതൽ ലോകത്ത് നടന്നുവരുന്ന സമത്വാതിഷ്ഠിതവും മത-വർണ്ണ-നിരപേക്ഷവുമായ രാഷ്ട്രീയത്തിന് മേൽ തിരിച്ചടികൾ ഉണ്ടാകുന്നുണ്ട്. ചൂഷണരഹിതവും പൊതു സംവിധനങ്ങൾക്ക് മുൻഗണനയും കോളനി വിരുദ്ധ സമീപനവും അതുവഴി യുദ്ധരഹിതവുമായ ലോകത്തെ സ്വാഗതം ചെയ്തു വന്ന രാഷ്ട്രീയത്തിന് നേരിട്ട തിരിച്ചടിയുടെ പ്രതിഫലനമാണിത്. യൂറോപ്പിൽ ആകെ വളർന്ന തൊഴിലാളി അനുകൂല രാഷ്ട്രീയം ഏറ്റവും വലിയ ചലനങ്ങൾ ആദ്യം ഉണ്ടാക്കിയ ഫ്രാൻസിൽ തന്നെയാണ് തൊഴിലാളി വർഗ്ഗം തിരിച്ചടി നേടിയതും. 1871ലെ 72 ദിവസം മാത്രം നിലനിന്ന തൊഴിലാളികളുടെ ഭരണം അവസാനിപ്പിക്കുവാൻ ബോണപ്പാട്ടിന്റെ സൈന്യവും പ്രമാണിമാരും അവരുടെ സഹായികളും നടത്തിയ ആക്രമണത്തിൽ ഒരു ലക്ഷം പാരിസ് കമ്മ്യൂൺ പ്രതിനിധികൾ കൊലചെയ്യപ്പെട്ടു. എന്നാൽ ആ സമരം പാരീസിലെ തൊഴിലാളികൾക്ക് മാത്രമല്ല ലോകത്താകെ പുതിയ പ്രതീക്ഷകൾ നൽകി. കാറൽ മാർക്സും ഏംഗൽസും പാരിസ് കമ്മ്യൂണിൽ സംഭവിച്ച തിരിച്ചടികളിൽ നിന്നും പലതും പഠിച്ചു. തൊഴിലാളി സർക്കാർ കീഴടങ്ങിയ ശേഷം പതിനായിരങ്ങളെ ജയിൽ അടച്ച നെപ്പോളിയൻ ഭരണത്തുടർച്ച ഫ്രാൻസിലെ തൊഴിലാളി സംഘടനയ്ക്ക് തിരിച്ചടിയായിരുന്നു.
ലോകത്തെ ആദ്യ ഗ്രീറ്റ് ഡിപ്രഷൻ (1920കൾ) എന്ന് വിശേഷിപ്പിച്ച കാലത്ത് അമേരിക്കയിലും ഒപ്പം യൂറോപ്പിലും ഉണ്ടായ സാന്പത്തിക തകർച്ച തൊഴിലാളികളെയും മറ്റ് സാധാരണക്കാരെയും സമരരംഗത്ത് എത്തിച്ചു. അതിന്റെ ഭാഗമായി ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളിലും സമരങ്ങളുടെ തുടർച്ചയായി കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ചേർന്ന് കൊണ്ടുള്ള സർക്കാരുകളും നിലവിൽ ഉണ്ടായി. റഷ്യൻ തൊഴിലാളി വിപ്ലവം വലിയ ആവേശം പരത്തിയ സംഭവങ്ങൾ മറ്റ് യൂറോപ്പ്യൻ രാജ്യങ്ങളിൽ തുടർചലനങ്ങൾ പ്രതീക്ഷിച്ചത്രയും ഉണ്ടാക്കിയില്ല. അതേസമയം അമേരിക്ക നടത്തിയ വിപ്ലവ വിരുദ്ധ പ്രചരണങ്ങൾ അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒറ്റപ്പെടുത്തി ആക്രമിക്കുവാൻ ലക്ഷ്യം വെച്ചുള്ളതായിരുന്നു. അമേരിക്കനിസം, ലോയലിസം തുടങ്ങിയ ദേശീയ വികാരത്തിൽ അമേരിക്കക്കാരെ അണിനിരത്തി നടത്തിയ കമ്മ്യൂണിസ്റ്റ് വിരുദ്ധ (റഷ്യൻവിപ്ലവ വിരുദ്ധ) പ്രചരണം ലക്ഷ്യം കാണുവാൻ തുടങ്ങി.
19ാം നൂറ്റാണ്ടിൽ ഫ്രാൻസിൽ കാത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ളവരും (വലതുപക്ഷക്കാർ) പള്ളി വിരുദ്ധരും (ഇടതുപക്ഷം) രണ്ട് ചേരിയായി നിലയുറപ്പിച്ചു. ആ സംഘർഷമാണ് നൂറ്റാണ്ടിന്റെ അവസാനം പാരിസ് കമ്മ്യൂണുകളിൽ എത്തിച്ചേർന്നത്. ഫ്രാൻസിൽ ലോകത്ത് വളർന്ന് വന്ന കമ്മ്യൂണിസ്റ്റ് ആശയങ്ങളും തൊഴിലാളി സംഘടനകളും വലിയ ചലനങ്ങൾ ഉണ്ടാക്കി. റഷ്യൻ വിപ്ലവവും അവിടെ നടപ്പിൽ വരുത്തിയ സോഷ്യലിസ്റ്റ് ഭരണ സമീപനവും ഫ്രഞ്ച് തൊഴിലാളി സംഘടനയിൽ ആശയ സംഘർഷങ്ങൾക്ക് വഴിതുറന്നു. ഫ്രഞ്ച് രാഷ്ട്രീയത്തിൽ വലത്, ഇടത് ചേരി എന്ന് പറയുന്പോൾ തന്നെ ഇരു ചേരികളിലും വ്യത്യസ്ത വിഭാഗങ്ങൾ വിവിധങ്ങളായ നിലപാടുകളുമായി നിലനിന്നു.
വലത് പക്ഷത്തിൽ മൂന്ന് തരത്തിൽ ഉള്ള ആളുകൾ ഉണ്ടായിരുന്നു. ഒരു വിഭാഗം വിപ്ലവത്തെ ചെറുക്കുക മുഖ്യ നിലപാടായി ഉയർത്തിക്കണ്ടു. മറ്റൊരു വിഭാഗം ലിബറലുകൾ എന്ന് വിളിക്കുന്നവർ. മൂന്നാം വിഭാഗത്തിൽ പെട്ടവരാണ് ബോണാപാർട്ടിസ്റ്റുകൾ (പഴയ ഫ്രാൻസ് ഭരിച്ച ബോണപ്പാർട്ട് ഭരണത്തെ സ്മരിക്കുന്നവർ). വിപ്ലവവിരുദ്ധ കക്ഷിക്കാർ എക്കാലവും തീവ്ര നിലപടുകാരായിരുന്നു. രണ്ടാം വിഭാഗത്തിൽ പെടുന്നവർ ക്ഷേമ സങ്കൽപ്പങ്ങളെ തള്ളിപ്പറയുന്നില്ല. എന്നാൽ സ്വകാര്യവൽക്കരണം, കോർപ്പറേറ്റ് താൽപ്പര്യം തുടങ്ങിയവ പ്രകടിപ്പിക്കുന്നു. ബോണാപ്പാർട്ടിസ്റ്റുകൾ ഒരു വ്യക്തിയിൽ അധികാരം കേന്ദ്രികരിക്കണം എന്നും പാരന്പര്യങ്ങൾ സംരക്ഷിക്കുന്നതിന് മുൻതൂക്കം ഉണ്ടാകണം എന്നും ആഗ്രഹിക്കുന്നു. 1958ഓടെ ഫ്രാൻസ് ഇന്നത്തെ ഭരണ സംവിധാനത്തിലേക്കെത്തിയത് ഗൗള്ളിസം എന്ന് പിൽക്കാലത്ത് വിളിച്ച ഭരണത്തിന് നേതൃത്വം കൊടുത്ത ചാർളി ഡേ ഗൗള്ളിന്റെ നേതൃത്വത്തിലായിരുന്നു. (നാഷണൽ ഫ്രാൻസ് (NF)എന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഇപ്പോൾ രണ്ടാം റൗണ്ടിൽ എത്തി 33.9% നേടിയ മറിനെലീപെൻ, ഗൗള്ളിസം ആശയങ്ങളെ ഓർമ്മിപ്പിക്കുന്നു. അവർ വിപ്ലവ വിരുദ്ധ ചിന്തകളെ വളരെയധികം പിന്തുണക്കുകയും ചെയ്യുന്നു.) റിപ്പബ്ലിക്കൻ പാർട്ടിക്കാർ ലിബറൽ നിലപാട് സ്വീകരിച്ചുവരുന്നവരാണ്. അവരുടെ പ്രതിനിധികളാണ് നിക്കോളാസ് സർക്കോവിസ്കിയും മറ്റും. തൊഴിലാളി വിപ്ലവത്തോടൊപ്പം ചലിക്കാതിരുന്ന ഫ്രാൻസിൽ മറ്റ് രാജ്യങ്ങളെക്കാൾ മെച്ചപ്പെട്ട തൊഴിലവകാശങ്ങൾ നിലവിലുണ്ട്. ലോകത്തെ തന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ CGTയുടെ അംഗസംഖ്യയിൽ പിൽകാലത്ത് വലിയ കുറവുണ്ടായി. (മറ്റ് സംഘടനകളും തിരിച്ചടികൾ നേരിട്ടു. പിൽക്കാലത്ത് ആഗോളവൽക്കരണത്തിനെതിരെ വലിയ സമരങ്ങൾ ഉയർന്നു വരുന്ന ഫ്രാൻസിൽ തൊഴിലാളികൾ അവരുടെ സംഘടനകളിൽ വലിയ തോതിൽ അണിനിരക്കുന്നു. ഇക്കഴിഞ്ഞ മെയ് ഒന്നിന് ഫ്രാൻസിൽ നടന്ന തൊഴിലാളി പ്രക്ഷോഭം അതിനുള്ള നല്ല തെളിവാണ്.)
ആഗോളവൽക്കരണം ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും പുരോഗമന പ്രസ്ഥാനങ്ങൾക്ക് തിരിച്ചടികൾ വരുത്തി. ഓരോ രാജ്യവും സാന്പത്തികമായി തകരുകയും അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായ വില ലഭിക്കാതിരിക്കുകയും കാർഷിക-കാലി വളർത്തൽ, ചെറുകിട ഉൽപ്പാദനം തുടങ്ങിയ രംഗത്ത് സാധരണക്കാർ പ്രതിസന്ധിയിലാകുകയും ചെയ്ത സാഹചര്യം പുതിയ പ്രവണതകൾക്ക് അവസരങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ അസ്ഥിരതയ്ക്ക് കാരണം അന്യനാട്ടുകാരാണ് എന്നും പുറംപണി തുടങ്ങിയ രീതികൾ തുടരാനനുവദിക്കില്ല എന്നും വാദങ്ങൾ ഉയർന്നു. ലോകത്തെ ആകെ ഒരു ഗ്രാമമായി കണ്ട് യഥേഷ്ടം ഉൽപ്പന്നങ്ങൾ കയറ്റി -ഇറക്കി ലോക വ്യാപാരവും അത് വഴി ലോകത്തെ എല്ലാ ജനങ്ങൾക്കും ഉയർന്ന ജീവിത നിലവാരം ആർജ്ജിക്കുവാൻ ആഗോള വൽക്കരണത്തിന് കഴിയും എന്ന് ലോകത്തെ പഠിപ്പിച്ച അമേരിക്ക ഇന്ന് സ്വന്തം രാജ്യത്തിലെ ജനങ്ങളെ മറ്റുള്ളവരിൽ നിന്നും സംരക്ഷിക്കുവാൻ വ്യഗ്രത കാട്ടുന്നു. സ്വന്തം രാജ്യത്തെ ജനങ്ങളുടെ തിരിച്ചടികൾക്ക് കാരണമായ ആഗോളവൽക്കരണ നിലപാടുകൾ അന്യ രാജ്യങ്ങൾക്ക് മുകളിൽ ശക്തമാക്കുവാൻ മടികാണിക്കാത്ത അമേരിക്ക മറ്റ് രാജ്യങ്ങളുടെ മാർക്കറ്റിനെ മാത്രമല്ല അവരുടെ അധികാരത്തിൽ പോലും കൈകടത്തുവാൻ വിമുഖരല്ല. ആഗോളവൽക്കരണം കുത്തകകളെ വളർത്തുന്പോഴും തൊഴിൽ രാഹിത്യം, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങളാൽ ജനങ്ങൾ ദുരിതത്തിൽ ആണ്. ഈ സാഹചര്യത്തിനൊപ്പം ഇസ്്ലാം വിരുദ്ധ നിലപാടുകൾ പുലർത്തുന്ന ലോക മാധ്യമങ്ങളും അവരെ നിയന്ത്രിക്കുന്ന ഭരണാധികാരികളും യൂറോപ്യൻ രാജ്യങ്ങളുടെ ദുരിതങ്ങൾക്ക് മൂന്നാം ലോകജനങ്ങളുടെ കടന്നുവരവിന് പങ്കുള്ളതായി യൂറോപ്യന്മാരിൽ ഒരു വിഭാഗത്തെ കൊണ്ട് സമ്മതിപ്പിക്കുവാൻ മറക്കുന്നില്ല. അതിന്റെ തുടർച്ചയായി മത മൗലവികതാ വാദം, വംശീയ വെറി മുതൽ ഫാസിസത്തെ അംഗീകരിക്കുന്ന പ്രസ്ഥാനങ്ങൾ വരെ യുറോപ്പിൽ ശക്തി പ്രാപിക്കുന്നുണ്ട്. യഥാർത്ഥ ശത്രുവിനെ തിരിച്ചറിയാതെ വൈകാരികമായി വിഷയങ്ങൾ ജനമധ്യത്തിൽ എത്തിച്ച് ജനാധിപത്യ വിരുദ്ധ നിലപാടുകൾ ഉയർത്തുന്ന പാർട്ടികൾക്കും മത-വംശീയത സംഘടനകൾക്കും ലഭിക്കുന്ന സ്വാധീനം, യുറോപ്യൻ രാജ്യങ്ങളുടെ അന്യ രാജ്യക്കാരോടും മത വിശ്വസികളോടും പുലർത്തിവന്ന സഹിഷ്ണതയിൽ മങ്ങൽ വീഴ്ത്തുന്നു. അത് നോർവേയിലും ജർമ്മനിയിലും റഷ്യ, അമേരിക്ക, ക്യാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും മറ്റും വിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ ഉയരുവാൻ കാരണമായി. ആഗോളവൽക്കരണം യുറോപ്പ്യൻ രാജ്യങ്ങളിൽ തന്നെ ജർമ്മനി പോലെയുള്ള വൻകിട രാജ്യങ്ങളുടെ മേൽക്കൊയ്മയ്ക്കാണ് അവസരം ഒരുക്കിയത്. അതുവഴി ഒട്ടുമിക്ക രാജ്യങ്ങളിലേയും കർഷകരും പാൽ ഉൽപ്പാദന രംഗവും പ്രതിസന്ധിയിലായി.
ലോകത്തെ ഏറ്റവും വലിയ കോളനി രാജ്യമായിരുന്ന ബ്രിട്ടൻ അപ്പാർത്തീട് ഭരണത്തെ പോലും പിന്തുണച്ചു എന്ന് പറയാമെങ്കിലും മറ്റ് രാജ്യങ്ങളോടും അവിടെ നിന്നുള്ളവരോടും സൗഹൃദം നടിക്കുന്നതിൽ പിന്നോക്കമായിരുന്നില്ല. അവരുടെ രാജ്യത്തേക്ക് മുന്നാം രാജ്യങ്ങളിൽ നിന്നും യഥേഷ്ടം കുടിയേറ്റക്കാർ ഉണ്ടായി. രാഷ്ട്രീയ അഭയം കൊടുക്കുവാൻ അവർ വിമുഖത കാട്ടിയില്ല. യൂറോപ്യൻ യൂണിയൻ എന്ന യൂറോ രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് ബ്രിട്ടൻ അണിചേരുവാൻ വിമുഖത കാട്ടാത്തത് സ്വാഭാവികമായിരുന്നു. രണ്ടാം ലോകയുദ്ധത്തിന് ശേഷം സാന്പത്തികമായും രാഷ്ട്രീയമായും ലോകത്തെ ഒന്നാസ്ഥാനം നഷ്ടപെട്ട അവർ ആഗോളവൽക്കരണത്തോടെ കുറേകൂടി കുഴപ്പത്തിലായി. അമേരിക്കൻ താൽപ്പര്യങ്ങളെ പ്രതിരോധിക്കുവാൻ ഉണ്ടാക്കിയ യൂറോപ്യൻ കൂട്ടുകെട്ട് പലരെയും എന്നപോലെ ബ്രിട്ടനെയും കൂടുതൽ പ്രതിസന്ധിയിൽ എത്തിച്ചു. അങ്ങനെ ബ്രിട്ടനും കുടിയെറ്റക്കാരെ നിരുത്സാഹപ്പെടുത്തുവാനും രാജ്യത്തിന്റെ പ്രശ്നങ്ങൾക്ക് ഉത്തരവാദികൾ അന്യനാട്ടുകാരാണെന്ന നിലപാടുകൾ എടുക്കുവാനും തുടങ്ങി. യൂറോ രാജ്യങ്ങളുമായി ഉണ്ടാക്കിയ കൂട്ടുകെട്ട് പോർച്ചുഗൽ- സ്പെയ്ൻ മുതലായ അയൽരാജ്യങ്ങളിൽ നിന്നും കൂടുതൽ ആളുകൾക്ക് തങ്ങളുടെ രാജ്യത്ത് തൊഴിൽ ചെയ്യുവാൻ അവസരം ഉണ്ടാക്കി, തങ്ങളുടെ തൊഴിൽ അവസരങ്ങൾ കുറച്ചു എന്ന ദേശിയവാദം ഉയർത്തി യൂറോപ്പ്യൻ യുണിയനിൽ നിന്നും പുറത്തു വരുവാൻ വ്യഗ്രത കാട്ടി. ചെറിയ ഭൂരിപക്ഷത്തിൽ ആണെങ്കിലും ബ്രക്സിറ്റ് വിഷയത്തിൽ ഉണ്ടായ തീരുമാനത്തിലൂടെ ബ്രിട്ടൻ യൂറോ സംവിധാനത്തിൽ നിന്നും പുറത്ത് വന്നത് ബ്രിട്ടിഷ് ജനതയിൽ ഉയർന്നു വന്ന അന്യ ദേശവിരുദ്ധ വികാരത്തെ സൂചിപ്പിച്ചു.
ലോകത്തെ ഏറ്റവും വലിയ സന്പന്ന രാജ്യം നാളിതുവരെ ആഗോളവൽക്കരണത്തിന്റെ അപ്പോസ്തലനായി അന്തർദേശീയ കരാറുകളുടെയും രാജ്യാന്തര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ആവശ്യകതകൾ പറഞ്ഞുവന്ന രാജ്യമാണ്. അമേരിക്കൻ കുത്തകകളുടെ അസ്ഥിയിൽ (ലോക കുത്തകകളിൽ ഏറെയും അമേരിക്കൻ ആസ്ഥാനമായി പ്രവർത്തിക്കുന്നു) കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയ്ക്ക് ഉണ്ടായ വൻ വളർച്ച രാജ്യത്തെ പാപ്പരാക്കി മാറ്റി. തൊഴിൽ രാഹിത്യം, വരുമാനത്തിൽ ഇടിവ് ഇവ സന്പന്നരുടെയും പിന്നോക്കക്കാരുടെയും വരുമാനത്തിൽ വലിയ അന്തരം വരുത്തി. 10% ജനങ്ങൾ 50%ലധികം ആസ്തികൾ കയ്യടക്കുന്ന അവസ്ഥയുണ്ടായി. ഈ പ്രതിസന്ധികൾ അമിത ദേശിയ വാദികളും ക്ഷേമ പദ്ധതികളെ എതിർക്കുന്നതിൽ മടിക്കാത്തവരുമായ റിപ്പബ്ലിക്കുക്കാരുടെ നിലപാടുകളെ കടുപ്പിക്കുവാൻ അവസരം ഒരുക്കി. വൻകിട കച്ചവക്കാരനും ഒബാമ കെയർ തുടങ്ങിയ ജനപക്ഷ സമീപനങ്ങളെ എതിർക്കുവാൻ മടി കാണിച്ചിട്ടില്ലാത്ത ഡോണാൾഡ് ട്രംപ് റിപ്പബ്ലിക്കനുകളുടെ അമേരിക്കനിസം പ്രകടിപ്പിക്കുവാൻ അനുയോജ്യനായി രംഗത്ത് വന്നു. മാധ്യമങ്ങളും മറ്റും പ്രവചിച്ചതിന് വിരുദ്ധമായി മിതവാദി എന്ന് ഒരു പക്ഷെ വിളിക്കാൻ കഴിയുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയെ പരാചയപ്പെടുത്തി ട്രംപ്സ് അധികാരത്തിൽ എത്തി. അദ്ദേഹത്തിന് മുൻതൂക്കം ലഭിച്ച സംസ്ഥാനങ്ങളിൽ തൊഴിൽ രാഹിത്യവും വ്യവസായങ്ങൾ പൂട്ടി പോകലും കൂടുതൽ ഉണ്ടായിരുന്നു എന്നതിൽ നിന്നും ആഗോളവൽക്കരണ വിരുദ്ധ വികാരം ദേശീയ വികാരമായി വളരുകയായിരുന്നു എന്ന് കാണാം. ഇപ്പോൾ ഇന്ത്യക്കാരെയും മറ്റും കായികമായി പോലും കൈകാര്യം ചെയ്യുന്ന അനുഭവങ്ങൾ വലത് പക്ഷ രാഷ്ട്രീയത്തിന് അമേരിക്കയിൽ ലഭിച്ച വർദ്ധിച്ച അംഗീകാരത്തിന്റെ അടയാളങ്ങളായി മനസ്സിലാക്കാം.
ഫ്രാൻസിന്റെ കഴിഞ്ഞ അരനൂറ്റാണ്ട് ചരിത്രത്തിൽ സോഷ്യലിസ്റ്റുകളും റിപ്പബ്ലിക്കനുകളും മാറി മാറി അധികാരം പങ്കുവെക്കുന്ന അനുഭവമായിരുന്നു ഉണ്ടായിരുന്നത്. ഇന്നത്തെ ഫ്രഞ്ച് ഭരണരീതിക്ക് (1958) തുടക്കം കുറിച്ച Gallene ഭരണത്തിന് ശേഷം (69) 1981 വരെ വലതുപക്ഷ രാഷ്ട്രീയക്കാരാണ് ഫ്രാൻസിൽ ഭരണം നടത്തിയത്.(ഇന്ന് ആ പാർട്ടിയെ UMP എന്ന് വിളിക്കുന്നു.) അവരുടെ നയങ്ങൾ കാത്തോലിക്ക സഭയുമായി ഒത്തുപോകുന്നതും മുതലാളിത്ത താൽപ്പര്യങ്ങളെ പ്രോത്സഹിപ്പിക്കുന്നതും ആണ്. ഫ്രഞ്ച് കമ്മ്യൂണിസ്റ്റുകാരായ 4 പേർ അംഗമായിക്കൊണ്ടുള്ള ഇടത് ഭരണം 1981 മുതൽ 1995 വരെ തുടർന്നു. ഫ്രഞ്ച് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ പ്രധാനി ജീൻ ജോർസ് സോഷ്യലിസം എന്താണ് ലക്ഷ്യം വെക്കുന്നത് എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ മിത്താറാങ്ക് നേതൃത്വം കൊടുത്ത സോഷ്യലിസ്റ്റ് ഭരണം ഇടതു പ്രതീക്ഷകളെ നിരാശപ്പെടുത്തി. അദ്ദേഹത്തിന്റെ സർക്കാരിലെ പ്രധാനമന്ത്രിയായിരുന്ന പിയറെമോറി നടപ്പിൽ വരുത്തിയ വൻകിടക്കാർക്ക് നികുതി, തൊഴിൽ സമയം ആഴ്ച്ചയിൽ 39 മണിക്കൂർ, വിദ്യാലയങ്ങളെ പള്ളികളിൽ നിന്നും മോചിപ്പിക്കുക തുടങ്ങിയ പരീക്ഷണങ്ങൾക്ക് ശേഷം, മിത്താറാങ്ക് റെയ്ഗനിസം- താച്ചറിസം നയങ്ങളുമായി ഒത്തു പോയി. (കാത്തോലിക്ക -വലതുപക്ഷ പാർട്ടികളുമായി ഏറ്റുമുട്ടലിന് വഴിയൊരുക്കി അദ്ദേഹത്തിന് സ്ഥാനം ഒഴിയേണ്ടി വന്നു). ക്ഷീണിതരായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി കുറെക്കൂടി ജ നങ്ങളിൽ നിന്നും ഒറ്റപ്പെട്ടു എന്ന് കാണാം. അവർ 4 വർഷ ത്തിന് ശേഷം മന്ത്രിസഭ വിട്ടു എങ്കിലും മിത്താറാങ്കുമായുള്ള കൂട്ടുകെട്ട് മറ്റൊരു മടങ്ങിപ്പോക്കായിരുന്നു. 1969ൽ 22% വോട്ട് കിട്ടിയിരുന്ന അവർക്ക് 95ൽ എത്തുന്പോഴേക്കും വോട്ട് 9%മായും 2007ൽ 2% ആയിത്തീരുകയും ചെയ്തു. പിന്നീട് നടന്ന തിരഞ്ഞുടുപ്പുകളിൽ നില കുറച്ച് മെച്ചപ്പെടുത്തിയിട്ടുണ്ട്.
മിത്താറാങ്കിന് ശേഷം ഫ്രാൻസിലെ സോഷ്യലിസ്റ്റ് പ്രസിഡണ്ട് ഫ്രാങ്കോസ് ഹോല്ലണ്ടോ ആഗോളവൽക്കര ണനയങ്ങളുടെ കൂടുതൽ വിശ്വസ്തനായ നടത്തിപ്പുകാരനായി 2012 മുതൽ 2017 വരെ ഫ്രാൻസ് ഭരിച്ചു. അതോടെ ഫ്രാൻസ് കൂടുതൽ പ്രതിസന്ധിയിലായി. പൂർണ്ണമായും വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രതിനിധികളും ഒപ്പം സോഷ്യലിസ്റ്റ് പാർട്ടികാരും ഏതാണ്ട് ഒരേ നയങ്ങൾ നടപ്പിൽ വരുത്തിയ ഫ്രാൻസിൽ മറ്റ് രാജ്യങ്ങളെ ഓർമ്മിപ്പിക്കും വിധം പ്രതിസന്ധികൾ കടുത്തു. തൊഴിൽരാഹിത്യം വർദ്ധിച്ചു. വിലക്കയറ്റം രൂക്ഷമായി, ക്ഷേമ പദ്ധതികൾ കുറഞ്ഞു. ഇസ്്ലാമോഫോബിയ വല്ലാതെ പിടിമുറുക്കി. (ഒപ്പം മുന്നാം ലോക വിരുദ്ധ വികാരവും) ജനങ്ങളുടെ നിരാശയിൽ നിന്നും തീവ്ര വലതുപക്ഷ ചിന്തകൾ സജീവമായിതീർന്നു.
അതിന്റെ അടയാളങ്ങൾ കഴിഞ്ഞ കാലത്തെ തിരഞ്ഞെടുപ്പിലും കാണാമായിരുന്നു. രണ്ടാം റൗണ്ടിൽ എത്തിയ ലീപെനിന്റെ അച്ഛൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോശമല്ലാത്ത വോട്ടുകൾ നേടി ത്രീവ്ര ദേശീയ വികാരത്തിന്റെയും അതിന്റെ ഭാഗമായ സയനിസത്തിന്റെയും സ്വാധീനം അറിയിച്ചു.
ചരിത്രത്തിൽ ആദ്യമായി രണ്ട് മുഖ്യ പാർട്ടി സ്ഥാനാർത്ഥികൾ ഇല്ലാത്ത ഫൈനൽ റൗണ്ട് തിരഞ്ഞെടുപ്പിന് 2017ലെ ഫ്രഞ്ച് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന ഇമ്മാനുവൽ മാക്രോണും (എൻ മാർച്ചെ എന്ന പാർട്ടി) പൂർണ്ണ വംശ-ദേശീയ വെറിയുടെ ആശങ്ങൾ പ്രചരിപ്പിച്ച ലീപെന്നും (നാഷണൽ ഫ്രണ്ട്) തമ്മിൽ ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പിൽ മാക്രോൺ ജയിച്ചുവരുവാനായി മറ്റെല്ലാ പാർട്ടിക്കാരും വോട്ട് ചെയ്തു. അങ്ങനെ ഫ്രാൻസിന്റെ മതേതര-ജനാധിപത്യമൂല്യങ്ങളെ ഒരു പരിധിവരെയെങ്കിലും താൽക്കാലികമായി രക്ഷിച്ചു എന്ന് ആശിക്കാം. ഫ്രാൻസിലെതെന്ന പോലെ തീവ്ര നിലപാടുകൾ ഉയർത്തി ഓസ്ട്രിയയിൽ 46% വോട്ട് നേടിയ തീവ്രദേശീയവാദി ഹോഭറും നെതർലൻഡ്സിലെ പ്രസിഡണ്ട് സ്ഥാനാർത്ഥി ഗ്രീറ്റ് വൈൽടെറസ്സും അപകടകരമായി ശക്തി പ്രാപിക്കുന്ന ജനവിരുദ്ധ രാഷ്ട്രീയത്തെ ഓർമ്മിപ്പിക്കുന്നു. ഫ്രാൻസിൽ തന്നെ ഏറ്റവും കുറച്ചാളുകൾ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത, കൂടുതൽ ആ ളുകൾ തിരഞ്ഞെടുപ്പ് ബാലറ്റുകൾ പ്രതിക്ഷേധത്തോടെ നശിപ്പിച്ച (3%) തിരഞ്ഞെടുപ്പ് ലോകത്ത് ഇന്ന് തുടരുന്ന വികസന നിലപാടുകളോടുള്ള പ്രതിക്ഷേധമായി കാണേണ്ടതുണ്ട്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ 1990കൾക്ക് ശേഷം സമാനമായ സംഭവങ്ങൾ നടന്നു വരുന്നു. കോൺഗ്രസ് എന്ന ലിബറൽ സോഷ്യലിസ്റ്റ് പാർട്ടി ദിനം പ്രതി ക്ഷീണിക്കുകയാണ്. സോഷ്യലിസ്റ്റുകൾ ഏതാണ്ട് നാമാവിശേഷമായി. രാജ്യത്തെ വൻ പ്രതീക്ഷയായിരുന്ന കമ്മ്യൂണിസ്റ്റുകൾ അവരുടെ ശക്തി കേന്ദ്രങ്ങളിൽ തന്നെ പ്രതിസന്ധിയിൽ എത്തി. സ്വാധീനമുള്ള സ്ഥലങ്ങളിൽ തന്നെ ഇടതു-മത നിരപേക്ഷ -സാമ്രാജ്യത്വ നയങ്ങളെ കാറ്റിൽ പറത്തി തങ്ങൾ മറ്റാരെക്കാളും മെച്ചമല്ല എന്ന് തെളിയിക്കുന്നു. അങ്ങനെ ഹൈന്ദവ മതാതിഷ്ഠിത രാഷ്ട്രീയം രാജ്യത്ത് ശക്തമായിത്തീരുന്പോൾ ഫ്രാൻസിലും അമേരിക്കയിലും സംഭവിച്ച കാര്യങ്ങൾക്ക് സമാനമായി ഇന്ത്യൻ രഷ്ട്രീയവും ഒരു ഇറക്കത്തിലാണ് എന്ന് മനസ്സിലാകേണ്ടതുണ്ട്. ലോകത്ത് വളർന്ന വലതുപക്ഷ രാഷ്ട്രീയത്തെ ചെറുക്കുവാൻ കഴിയുന്ന ആഗോളവൽക്കരണ വിരുദ്ധവും അതുവഴി അദ്ധ്വാനിക്കുന്നവരുടെ താൽപ്പര്യങ്ങളെ മാനിക്കുന്ന മാനവിക രാഷ്ട്രീയവും ഉയർന്നു വരേണ്ടതുണ്ട്. ഫ്രാൻസ് തിഞ്ഞെടുപ്പ് വലതു പക്ഷ ആശയങ്ങളുടെ പിടിയിൽ നിന്നും ലോകത്തെ രക്ഷിക്കുവാനുള്ള താക്കീതായി നമുക്ക് കാണുവാൻ ശ്രമിക്കാം.