ആ ദീപം ഇന്നും ജ്വലിച്ചുകൊണ്ടിരിക്കുന്നു...
സ്വന്തം ലേഖകൻ
അനന്ത കോടി നക്ഷത്രങ്ങൾ, മാസ്മരികമായ പ്രപഞ്ചം, അനേകലക്ഷം ജീവജാലങ്ങൾ− പ്രപഞ്ചത്തെ സാകൂതം നിരീക്ഷിക്കുന്ന ഒരാൾക്ക് ഈ വിസ്മയം സമ്മാനിക്കുന്നത് സത്യമറിയുവാനുള്ള അടങ്ങാത്ത ആഗ്രഹമാണ്. പൂർവ്വജന്മങ്ങളിലോ ബാല്യകാലത്തിലെപ്പോഴോ ഉള്ളിൽ കത്തിവീഴുന്ന സ്ഫുരണങ്ങൾ സാവധാനം കത്തിത്തുടങ്ങും, പിന്നീട് അത് പടർന്ന് സ്വത്വത്തെത്തന്നെ ആളിക്കത്തിക്കും, കത്തിച്ചാന്പലാകുന്പോൾ അവിടെ മറ്റൊരു മനുഷ്യൻ ഉയിർത്തെഴുന്നേൽക്കും. ഉജ്ജ്വല തേജസ്സുള്ള മറ്റൊരു മനുഷ്യൻ. നമുക്ക് ചുറ്റും ജീവിച്ചിരുന്ന, ജീവിക്കുന്ന പല മഹാന്മാരുടെയും ജീവിതങ്ങൾ ഇതിന് സാക്ഷ്യപത്രമാണ്. അവരുടെ വെളിച്ചമാണ് ഭൂമിയിൽ ഇന്നും വഴിവിളക്കുകളായി നിലനിൽക്കുന്നത്. വഴിവിളക്കുകൾ തെളിച്ചു കൊണ്ട് അനന്തതയിലേക്ക് യാത്രയായ അങ്ങനെയൊരു മഹത് വ്യക്തിത്വമാണ് ചിന്മയാനന്ദൻ എന്ന കർമ്മയോഗി!
അതാത് കാലഘട്ടങ്ങളിലെ ഇരുട്ടിനെ തുടച്ചുനീക്കി ഋഷിവര്യന്മാർ കടന്നു പോയി, വേദങ്ങളും ഉപനിഷത്തുകളുമായി അറിവിന്റെ ഭണ്ധാരങ്ങൾ ബാക്കിവെച്ച്. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഭാരതത്തിൽ ഉദിച്ചുയർന്ന്, അജ്ഞാനാന്ധകാരത്തിൽ വഴികാണാതെ അലഞ്ഞിരുന്ന ഒരു ജനതയെ ശ്രേയോമാർഗ്ഗത്തിലേക്കുള്ള വഴികാട്ടിയ ജ്ഞാനസൂര്യനായിരുന്നു സംപൂജ്യനായ ചിന്മയാനന്ദ സ്വാമികൾ. വിവേകാനന്ദ സ്വാമികൾ വിഭാവനം ചെയ്തിരുന്നതു പോലെ “വേദോപനിഷത്തുകളിലെ ജ്ഞാനം ജനങ്ങളിലെത്തിക്കുക” എന്ന ലക്ഷ്യം നിറവേറ്റുന്നതിനാണ് തന്റെയും ജീവിതം അദ്ദേഹം ഉഴിഞ്ഞു വെച്ചത്. പാശ്ചാത്യസംസ്കാരത്തിന്റെ പുറംമോടിയിൽ മതിമറന്ന് പൈതൃകസംസ്കാരത്തെ തികച്ചും വിസ്മരിച്ച് ജീവിതം നയിച്ചിരുന്ന വിദ്യാസന്പന്നരെന്ന് അഹങ്കരിച്ചിരുന്നവരിൽ ഉപനിഷത്തുക്കളിലെ ഋഷിമാരുടെ ദിവ്യസന്ദേശമെത്തിക്കുകയെന്ന ദൗത്യമായിരുന്നു അദ്ദേഹമേറ്റെടുത്തത്. ഗീതാജ്ഞാന യജ്ഞങ്ങളിലൂടെ ജീവിതത്തിന്റെ പ്രാവർത്തികതലം വ്യക്തമാക്കി അദ്ദേഹം മനുഷ്യമനസ്സുകളെ വേദാന്തദർശനത്തിലേക്ക് നയിച്ചു. ആ ദൗത്യം ഇന്ന് ചിന്മയാമിഷൻ എന്ന പടർന്ന് പന്തലിച്ചുനിൽക്കുന്ന സ്ഥാപനം മനോഹരമായി നിർവ്വഹിക്കുന്നു.
1916 മെയ് എട്ടിന് കുട്ടൻ മേനോൻ−-പാറുക്കുട്ടി ദന്പതികളുടെ മകനായി എറണാകുളത്താണ് ബാലകൃഷ്ണ മേനോൻ ജനിക്കുന്നത്. എറണാകുളത്തെ മോഡേൺ ഇം ഗ്ലീഷ് സ്‌കൂളിലെ പാശ്ചാത്യ വിദ്യാഭ്യാസത്തോടൊപ്പം മലയാളവും സംസ്‌കൃതവും പഠിച്ചെടുത്തു. 1940ൽ ലഖ്‌നൗ സർവ്വകലാശാലയിൽ ബാലകൃഷ്ണ മേനോൻ ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്‍ഥിയായി. കോളേജിൽ നാടക നടനും സാഹിത്യ സമാജത്തിലെ സജീവാംഗവും സർവ്വകലാശാലാ ടെന്നീസ് ടീം അംഗവുമായിരുന്നു. പക്ഷെ കർമ്മയോഗിയുടെ ബഹിർസ്ഫുരണങ്ങൾ അപ്പോൾ തന്നെ അദ്ദേഹത്തിൽ കണ്ടുതുടങ്ങിയിരുന്നു. 1942ൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ പങ്കെടുത്ത ബാലകൃഷ്ണ മേനോൻ ജയിലിലടയ്ക്കപ്പെട്ടു. ജയിൽവാസത്തിനിടയിൽ പനിപിടിച്ച അദ്ദേഹത്തിനെ ബ്രിട്ടീഷുകാരനായ ജയിലർ തെരുവിൽ ഉപേക്ഷിച്ചു. കരുണയുള്ള ഒരു ക്രിസ്ത്യൻ സ്ത്രീ ആ യുവാവിലെ നന്മ തിരിച്ചറിഞ്ഞ് കണ്ടെത്തി സ്വഭവനത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. പുതിയൊരു ജീവിതം!
ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന മേനോൻ നിയമത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദമെടുത്തു. പത്രപ്രവർത്തനം ലക്ഷ്യമാക്കി 1945ൽ ഡൽഹിയിലെത്തിയ അദ്ദേഹത്തിനെ ആദ്യം സ്വാഗതം ചെയ്തത് ‘നാഷണൽ ഹെറാൾഡ്’ എന്ന പത്രമായിരുന്നു. ലേഖകനായി തന്റെ ജോലിയിൽ വ്യാപൃതനായിരിക്കുന്പോഴാണ് മേനോന്റെ ജീവിതം ഒരു മാനസിക പരിവർത്തനത്തിലൂടെ കടന്നു പോകുന്നത്. നാസ്തികനായിരുന്ന അദ്ദേഹം ഈ ശ്വരചിന്തയുടെ തെളിമയിലൂടെ ജീവിതത്തെ ദർശിച്ചു തുടങ്ങി. തത്വചിന്താഗ്രന്ഥങ്ങളുടെ വായ നയിലൂടെ ഹിമാലയസാനുക്കളിലെ രഹസ്യങ്ങൾ തേടി ഒരു യാത്ര. അവിടെ സന്യാസി സ്വാമി ശിവാനന്ദനാണ് മേനോനെ കൂടുതൽ ആകർഷിച്ചത്.
1947ൽ ഒരു യുവ പത്രപ്രവർത്തകന്റെ കൗതുകത്തോടെ സ്വാമി ശിവാനന്ദനെ കാണാനായി ബാലകൃഷ്ണൻ ഹിമാലയത്തിലെ ഋഷികേശിലേയ്ക്ക് പോയി. ശിവാനന്ദനുമായി ദീർഘസംഭാഷണങ്ങളിൽ മേനോൻ മുഴുകി. ഒരു മാസത്തിന് ശേഷം ഡൽഹിയിലേയ്ക്ക് മടങ്ങുകയും ഒരു വർഷത്തിന് ശേഷം വീണ്ടും ഋഷികേശിലെത്തുകയും മടങ്ങുകയും ചെയ്തു. ഇങ്ങനെ യാത്രകൾ പലതവണ ആവർത്തിച്ചു. 1949 ഫെബ്രുവരി 25ന് ബാലകൃഷ്ണ മേനോൻ ശിവാനന്ദാശ്രമത്തിൽ അന്തേവാസിയായി. സ്വാമി ചിന്മയാനന്ദ സരസ്വതി എന്ന പേരോട് കൂടി അദ്ദേഹത്തിന് സ്വാമി ശിവാനന്ദൻ സന്യാസ ദീക്ഷ നൽകി. കുറച്ച് കാലത്തിന് ശേഷം ഉത്തരകാശിയിൽ തപോവനം എന്ന ആശ്രമം സ്ഥാപിച്ചു കഴിയുന്ന മലയാളിയായ തപോവന സ്വാമികളുടെ കീഴിൽ പഠനം നടത്തിയ ചിന്മയാനന്ദൻ ഭഗ വത്ഗീതയും ഉപനിഷത്തുകളും ബ്രഹ്മസൂത്രവും പഠിച്ചു. അതിന് ശേഷം ഗുരുവിന്റെ അനുവാദത്തോടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് പോയി ആത്മീയ സന്ദേശ പ്ര ചരണം നടത്തിയ അദ്ദേഹം ആറ് മാസത്തിന് ശേഷം 1951 നവംബറിൽ ഗുരുവിന്റെ അടുത്തേയ്ക്ക് മടങ്ങിച്ചെന്നു. രാജ്യം മുഴുവൻ ഭിക്ഷുവായി അലഞ്ഞും ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും ഉറങ്ങിയുമാണ് ആറ് മാസം കഴിച്ചു കൂട്ടിയത്. വേദാന്ത തത്വചിന്തയുടെ പ്രചാരണത്തിന് വേണ്ടി ഗീതാപ്രഭാഷണങ്ങൾ നടത്താനുള്ള ആഗ്രഹം ഗുരുവിനെ അറിയിച്ചു. പ്രഭാഷകനുൾപ്പടെ നാല് ശ്രോതാക്കളെ കിട്ടുകയാണെങ്കിൽ പ്രഭാഷണം ആകാമെന്നായിരുന്നു തപോവന സ്വാമികളുടെ ഉപദേശം.
ഗുരുവിന്റെ വാക്ക് സത്യമായി. നാല് കേൾവിക്കാരുമായാണ് പൂനെയിൽ സ്വാമി ചിന്മയാനന്ദൻ തന്റെ ആദ്യത്തെ ഗീതാജ്ഞാന യജ്ഞം ആരംഭിച്ചത്. വേദാന്ത തത്വങ്ങൾ ഇംഗ്ലീഷിൽ പറയുന്ന സ്വാമിയെ യാഥാസ്ഥിതികരായ ഹിന്ദു പണ്ധിതന്മാരും പുരോഹിതന്മാരും എതിർത്തു. തന്റെ യത്‌നത്തിൽ ഉറച്ചു നിന്ന സ്വാമിയുടെ പ്രഭാഷണങ്ങൾക്ക് ശ്രോതാക്കൾ കൂടിക്കൂടി വന്നു. 1953ൽ അദ്ദേഹത്തിന്റെ അനുയായികൾ ചേർന്ന് ചിന്മയ ഫൗണ്ടേഷൻ സ്ഥാപിച്ചു. ആത്മീയം, വിദ്യാഭ്യാസം, ജീവകാരുണ്യം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുകയായിരുന്നു ലക്ഷ്യം. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചിന്മയ മിഷന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശാഖകളുണ്ട്. കുട്ടികളുടെ മാനസിക വികാസം ലക്ഷ്യമാക്കി ബാലവിഹാർ, യുവകേന്ദ്ര എന്നീ ക്ലാസ്സുകളും സ്വാമി ചിന്മയാനന്ദൻ ആരംഭിച്ചു. ഇന്ന് ഇന്ത്യയിൽ പല ഭാഗങ്ങളിലായി സ്‌കൂളുകൾ, ആശുപത്രികൾ, അനാഥാലയങ്ങൾ, ആ ശ്ര മങ്ങൾ എന്നിവയുമുണ്ട്.
1992ൽ ഐക്യരാഷ്ട്ര സഭയിൽ ‘ഭൂമി പ്രതിസന്ധിയിൽ’ എന്ന പ്രഭാഷണം ചിന്മയാനന്ദൻ നടത്തി. അമേരിക്കയിലെ ഷിക്കാഗോവിൽ നടന്ന മതങ്ങളുടെ പാർലമെന്റിന്റെ ശതാബ്ദി സമ്മേളനത്തിൽ ഹിന്ദുമതാദ്ധ്യക്ഷൻ അദ്ദേഹമായിരുന്നു. 1993 ആഗസ്റ്റ് ആറ് മുതൽ എട്ട് വരെ വാഷിംടണിൽ നടന്ന ‘വേൾഡ് വിഷൻ 2000’ എന്ന മത സമ്മേളനത്തിൽ സ്വാമിയെ ആദരിക്കാൻ തീരുമാനിച്ചിരുന്നു. പക്ഷെ ആഗസ്റ്റ് മൂന്നിന് സ്വാമി ചിന്മയാനന്ദൻ സമാധിയായി. ഷിക്കാഗോവിൽ വെച്ചായിരുന്നു അന്ത്യം. ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന ഭൗതികശരീരം ഹിമാലയത്തിലെ സിദ്ധബാഡിയിലുള്ള ആശ്രമത്തിൽ സമാധി ഇരുത്തി.
ജീവിതം ഒരു യുദ്ധക്കളമാണ്. ആയുധമെടുത്ത് പോരാടാൻ അറിയാത്തവരും അതിന് മടിച്ചുനിൽക്കുന്നവരും അതിന്റെ സാങ്കേതിക സ്വഭാവം ഗ്രഹിക്കാത്തവരും ഇവിടെ പരാജയപ്പെടും. ഇന്ത്യ ശക്തിയാർജ്ജിക്കണമെങ്കിൽ ജീവിതപുരോഗതി കൈവരിക്കണമെങ്കിൽ നാം നമ്മുടെ സാംസ്കാരിക മഹിമയും ആദ്ധ്യാത്മിക പൈതൃകവും എന്തെന്നറിയുകയും അത് ജീവിതത്തിൽ പകർത്താൻ സന്നദ്ധരാവുകയും വേണം. ഒരു സ്വതന്ത്രരാഷ്ട്രമെന്ന നിലയിൽ സ്വാതന്ത്ര്യസമരത്തിന്റെ രണ്ടാംഘട്ടം ഇവിടെ വെച്ചാണ് ആരംഭിക്കുന്നത്. സാംസ്കാരികമായ ഉത്തേജനവും ആത്മീയമായ പ്രബുദ്ധതയും ദേശീയപാരന്പര്യത്തെക്കുറിച്ചുള്ള അറിവും കൈവരിച്ച ഒരു ജനതയ്ക്ക് മാത്രമേ ശ്രേയസ്കരമായ ജീവിതം നയിക്കാൻ സാധിക്കുകയുള്ളു. കർത്തവ്യനിർവ്വഹണവും അതിനായുള്ള ത്യാഗശീലവും ജ്ഞാന-കർമ്മ-ഭക്തി യോഗങ്ങളുടെ സമന്വയവുമാണ് ഭഗവത്ഗീതയുടെ മുഖ്യസന്ദേശം.
ഓരോ ജീവിയും വിശാലമായ ഈ വിശ്വത്തിന്റെ ഘടകമാണ്. പ്രപഞ്ചം ഒരു പ്രത്യേക താളക്രമത്തിലാണ് സഞ്ചരിക്കുന്ന തും പ്രവർത്തിക്കുന്നതും. വ്യക്തി ധർമ്മത്തെ പ്രപഞ്ചധർമ്‍മവുമായി സംയോജിപ്പിക്കുവാൻ പരിശീലിക്കുന്ന ഒരാൾക്ക് മാത്രമേ ഉത്തമസാമൂഹ്യജീവിതം നയിക്കുവാൻ സാധിക്കുകയുള്ളൂ. വി ഷാദവിവശനായ അർജ്ജുനനെ ശക്തിയിലേക്കും വിജയത്തിലേക്കും നയിച്ച ശ്രീകൃഷ്ണനെപ്പോലെ ഭാരതത്തിലെ ജനകോടികളെയും അതുവഴി മുഴുവൻ മനുഷ്യവംശത്തെയും സന്പൂർണ്ണവും ശ്രേയസ്കരവുമായ ജീവിതമാർഗ്ഗത്തിലൂടെ നയിക്കണം. അതാഗ്രഹിക്കുകയും അതാണ് തന്റെ ധർമ്മമെന്ന് കരുതുകയും ചെയ്തതിന്റെ ഫലമായാണ് സ്വാമിജി ഗീതയെയും ഉപനിഷത്തുക്കളെയും മറ്റ് ആദ്ധ്യാത്മിക പ്രകരണഗ്രന്ഥങ്ങളെയും പഠനവിഷയമാക്കിക്കൊണ്ട് പ്രചരിപ്പിക്കാൻ ശ്രമിച്ചത്.
സ്വാമിജി ഗീതാജ്ഞാനയജ്ഞങ്ങളിലൂടെ എല്ലാ മനുഷ്യർക്കും വിവേകവും വിജ്ഞാനവും പ്രദാനം ചെയ്തു. പ്രസന്നഭാവ ത്തോടും ആത്മവിശ്വാസത്തോടും ധീരതയോടുംകൂടി ജീവിതപ്രശ്നങ്ങളെ സമീപിക്കുവാനുള്ള പരിശീലനം നൽകി. വേദാന്തവിദ്യയുടെ സന്ദേശം ഇന്ത്യക്കകത്തും പുറത്തും പ്രചരിപ്പിച്ചു. തത്ത്വചിന്തയെ സാധാരണക്കാരന്റെ നിത്യജീവിതവുമായി കൂട്ടിയിണക്കി. ലൗകികജീവിതം കേവലം ഭൗതികസുഖത്തിന് വേണ്ടിയുള്ളതല്ലെന്നും അത് ആത്മീയാനുഭൂതിക്ക് വേണ്ടിയുള്ളതാണെന്നും, ഇവ രണ്ടും പരസ്പര പൂരകങ്ങളാണെന്നും സ്വാമിജി ഉദ്ബോധിപ്പിച്ചു. ധർമ്മശാസ്ത്രമെന്നും ദാർശനിക ഗ്രന്ഥമെന്നും മോക്ഷകാവ്യമെന്നും ആചാര്യന്മാർ വിശേഷിപ്പിച്ച ഗീതയെ ജനലക്ഷങ്ങളുടെ നിത്യജീവിതത്തിലേക്കിറക്കിക്കൊണ്ടുവന്ന് അവരുടെ കർമ്മവീര്യത്തെ ഉണർത്താൻ അദ്ദേഹത്തിന് സാധിച്ചു. മോക്ഷത്തിനുള്ള ഒരുപായമോ ഉപകരണമോ എന്നതുപോലെ തന്നെ സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങളിൽ സഹായിക്കാനും ഗീതക്കെങ്ങനെ കഴിയും എന്നദ്ദേഹം വിശദീകരിച്ചു. ഒരു സാധാരണ മനുഷ്യനിൽ നിന്ന് കർമ്മയോഗിയിലേക്കോ ജ്ഞാനയോഗിയിലേക്കോ സ്ഥിതിപ്രജ്ഞനിലേക്കോ വളരെ ദൂരമില്ലെന്ന് തന്റെ ശ്രോതാക്കളെ ബോദ്ധ്യപ്പെടുത്തുവാൻ സ്വാമിജിക്ക് കഴിഞ്ഞിരുന്നു. അങ്ങനെ അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ഞൂറിലേറെ ഗീതാജ്ഞാനയജ്ഞങ്ങൾ നടത്തിയിരുന്നു.
ഗീതാജ്ഞാനയജ്ഞങ്ങളിലൂടെ സ്വാമിജി സാമൂഹ്യസേവനവും രാഷ്ട്രത്തിന്റെ പുനരുദ്ധാരണകർമ്മവും നിർവ്വഹിക്കുകയായിരുന്നു. ജനകോടികളുടെ ഉദ്ധാരണത്തിലൂടെയുള്ള ഈശ്വരപ്രാപ്തിയുടെ മാർഗ്ഗം അതാണെന്ന് അദ്ദേഹം കണ്ടെത്തിയിരുന്നു. ഡോ. രാജേന്ദ്രപ്രസാദ് സ്വാമിയുടെ ഗീതാപ്രഭാഷണത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: "സ്വാമിജിയുടെ ഗീതാപ്രഭാഷണത്തിലൂടെ നമ്മുടെ മനസ്സ് കൂടുതൽ വിശാലമാവും. അപ്പോൾ നമുക്ക് ഈ പഴയ വിജ്ഞാന ഭണ്ധാരത്തിൽ നിന്ന് പലതും നേടാൻ കഴിയും. അതിലൂടെ ഇന്ത്യയുടെ വിധിയെ മാറ്റിമറിക്കാൻപോലും സാധിക്കും. യഥാർത്ഥത്തിൽ ഭാരതത്തിൽ ഉടലെടുത്തിട്ടുള്ള ശാസ്ത്രങ്ങളൊക്കെയും ഉദ്ദേശിക്കുന്നത് മറ്റൊന്നുമല്ല, മനസ്സിനെ പ്രപഞ്ചത്തോളം വിശാലമാക്കുക, എല്ലാ വൈവിധ്യങ്ങളും നിലനിൽക്കേ, പക്ഷെ പ്രപഞ്ചത്തിലെ ഓരോ കണങ്ങളിലുമുള്ള ചൈതന്യം ഏകമാണെന്ന് തിരിച്ചറിയുക, അതിലൂടെ ഭൂമിയിലെ ജീവിതം മനോഹരമാക്കുക."
സ്വാമി ചിന്മയാനന്ദ തെളിച്ചു വെച്ച ദീപം ഇന്നും ജ്വലിച്ചുകൊണ്ടിരിക്കുകയാണ്, ആ കർമ്മയോഗി കെട്ടിപ്പടുത്ത സ്ഥാപ നങ്ങളിൽ, ആ സ്ഥാപനങ്ങളിൽ വിദ്യയുടെ വെളിച്ചം തേടി ചെന്നെത്തുന്ന അനേകായിരം പിഞ്ചുമനസ്സുകളിൽ. ആ മനസ്സുകളിലൂടെ ചിന്മയാനന്ദൻ വെളിച്ചം പരത്തുകയാണ്, ഭാരതത്തിലെന്നല്ല, ലോകത്തിലുടനീളം, സ്നേഹത്തിന്റെ ചിന്മയദീപം!
(കടപ്പാട്: ചിന്മയാമിഷൻ, കുമാർ എസ്.ജെ.ആർ )