എന്തുകൊണ്ട് തട്ടം മാത്രം വിവാദമാകുന്നു?
കൂക്കാനം റഹ്മാൻ
ശിരസിലണിയുന്ന ശിരോവസ്ത്രത്തിന് പല മാനദണ്ധങ്ങളുമുണ്ട്. അധികാര ചിഹ്നമായി രാജാക്കന്മാർ ധരിക്കുന്ന കിരീടവും, ആരാധനയുടെ ഭാഗമായി പോപ്പ് ധരിക്കുന്ന തൊപ്പിയും, മൗലവിമാർ ധരിക്കുന്ന തലപ്പാവും മറ്റും വിവിധോദ്ദേശപരമാണ്. മാന്യതയുടെയും, പവിത്രതയുടെയും മുഖമുദ്രയുണ്ട് ഇവയ്ക്ക് ഓരോന്നിനും. ബിരുദ ദാനച്ചടങ്ങിൽ തലയിൽ പ്രത്യേകതരം കേപ്പ് വെച്ചാണ് ബിരുദ സർട്ടിഫിക്കറ്റ് കൈപ്പറ്റുന്നത്.
പട്ടാളക്കാരന്റെ തൊപ്പിയും, പോലീസ് തൊപ്പിയും, സംരക്ഷണത്തിനുവേണ്ടിയാണെങ്കിലും സ്ഥാന പദവിയുടെ ചിഹ്നവും കൂടിയാണത്. ഗാന്ധിയന്മാർ അണിയുന്ന ഗാന്ധിതൊപ്പി എളിമയുടെ, തിരിച്ചറിയാനുള്ള അടയാളത്തിന്റെ ഭാഗമാണ്. ഡോ. രാധാകൃഷ്ണൻ മുതൽ അണിയുന്ന തലപ്പാവിന് ബൗദ്ധികതയുടെ പരിവേഷമാണുള്ളത്. കാർഷീക തൊഴിലാളികളണിയുന്ന തൊപ്പിപ്പാള (കൊട്ടന്പാള) ഗ്രാമീണ സംസ്കൃതി വെളിപ്പെടുത്തുന്നതാണ്. തെയ്യങ്ങൾ അണിയുന്ന തിരുമുടികളും ആരാധനയ്ക്ക് അതിഭാവുകത്വം കൈവരുത്തുവാൻ സഹായിക്കുന്നതാണ്. തുർക്കിത്തൊപ്പിയും, മാപ്പിളത്തൊപ്പിയും, അലാമിത്തൊപ്പിയും വ്യത്യസ്തമാണെങ്കിലും എല്ലാത്തിന്റെയും ധർമ്മം ഒന്നാണ്. അതണിയുന്പോഴേ തങ്ങളുടെ വ്യക്തിത്വം പൂർണ്ണമാവുകയുള്ളു എന്നവർ ധരിക്കുന്നു.
സ്ത്രീകളും തലമറയ്ക്കുന്നതിൽ വ്യത്യസ്തത പുലർത്തുന്നുണ്ട്. തലമറയ്ക്കുകയെന്നത് മതചിഹ്നമായി കൊണ്ടുനടക്കുന്നവരാണ് മുസ്ലീം സ്ത്രീകൾ. ആരാധനാ ചടങ്ങുകളിലും, ആഘോഷ വേളകളിലും, വിവാഹവേളകളിലും ക്രിസ്ത്യൻ സ്ത്രീകളും തലയിൽ തട്ടമിടാറുണ്ട്. വടക്കേ ഇന്ത്യൻ ഹിന്ദുസ്ത്രീകൾ ഏത് ജാതി വിഭാഗത്തിൽപെട്ടവരായാലും സാരിത്തലപ്പുകൊണ്ട് എന്നും തലമറച്ചാണ് നടക്കുന്നത്. കേരളത്തിലെ ഉന്നതകുല ഹിന്ദുവിഭാഗത്തിൽ പെട്ട സ്ത്രീജനങ്ങളും ഈ രീതി തുടർന്നു വരുന്നത് കാണാറുണ്ട്.
ഇതിൽ വിവാദമാകുന്നത് മുസ്ലീം വിഭാഗത്തിൽ പെട്ട പുരുഷന്മാർ ധരിക്കുന്ന തൊപ്പിയെക്കുറിച്ചും, സ്ത്രീകൾ ധരിക്കുന്ന തട്ടത്തെക്കുറിച്ചുമാണ്. ഇതെന്തുകൊണ്ട് സംഭവിക്കുന്നു എന്ന് പഠനവിഷയമാക്കേണ്ടതാണ്. പ്രധാനമന്ത്രി മോഡി പങ്കെടുത്ത സ്ത്രീ ശാക്തീകരണ ദേശീയ സെമിനാറിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട പ്രതിനിധികളായെത്തിയ ഹിജാബ് ധരിച്ച മുസ്ലീം വനിതാ ജനപ്രതിനിധികളെ ഹാളിലേയ്ക്ക് സെക്യൂരിറ്റിക്കാർ കടത്തിവിട്ടില്ല. ഡ്രസിനെ എന്തിനാണ് ഇക്കൂട്ടർ ഭയപ്പെടുന്നത്?. അവിടെ ബോംബ് വെച്ച് തകർക്കോനോ, പ്രതിഷേധിക്കാനോ എത്തിയവരല്ല ഈ മുസ്ലീം വനിതാ ജനപ്രതിനിധികൾ. ആകാംക്ഷയോടെ സെമിനാർ ഹാളിൽ കടക്കാനും, അവിടെ നടക്കുന്ന കാര്യങ്ങൾ പഠിക്കാനും ചെന്നവരാണ്. അവരെയാണ് തടഞ്ഞു നിർത്തി അപമാനിച്ചത്. ഇതറിഞ്ഞ കേരളത്തിലെ പ്രബുദ്ധതയുള്ള ഇതര വനിതാ പ്രതിനിധികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഹിജാബ് ധരിച്ചുകൊണ്ട് തന്നെ സെമിനാർ ഹാളിലേയ്ക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെട്ടു. തർക്കത്തിനും മറ്റും ഇടവരുത്തി. അവസാനം അവരെ കടത്തിവിട്ടു.
ഹാളിനുള്ളിൽ പ്രതിഷേധിക്കാൻ കറുത്ത തുണി തലക്കണിഞ്ഞ് വന്നവരാണിവർ എന്നാണ് പോലും സെക്യൂരിറ്റിക്കാർ ചിന്തിച്ചത്. നമ്മുടെ വിദ്യാഭ്യസമുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ ന്യായം നോക്കണേ! ഇന്നും പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലീം പെൺകുട്ടികൾ തലയിൽ തട്ടമിടുന്നത് വിലക്കാറുണ്ട്. കാരണം മറ്റൊന്നുമല്ല വിഭാഗീയതയുണ്ടാക്കി പ്രശ്നങ്ങൾ സൃഷ്ടിക്കുകയെന്നത് മാത്രമാണ്. ഒരു വ്യക്തി അണി
യുന്ന വസ്ത്രം മൂലം മറ്റുള്ളവർക്ക് പ്രയാസമുണ്ടാക്കുന്നുണ്ട് എങ്കിലേ അതിൽ പ്രതിഷേധിക്കുകയോ, തടയുകയോ വേണ്ടൂ. ഭക്ഷണവും വസ്ത്രവും വ്യക്തിയുടെ അവകാശമാണ്. എന്ത് ഭക്ഷിക്കണമെന്നും, എന്ത് ഉടുക്കണമെന്നും വ്യക്തിയുടെ ഇഷ്ടമാണ്. ജനാധിപത്യരാജ്യമായ ഇന്ത്യയിലെപൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ അവകാശം സംരക്ഷിച്ചേ പറ്റൂ.
പണ്ട് കാലത്ത് മുസ്ലീം സ്ത്രീകളോട് മതപരമായ ചിട്ട പാലിക്കപ്പെടാൻ നിർദേശങ്ങൾ വെച്ചിട്ടുണ്ട്. തലയും മാറിടഭാഗവും ഒന്നുകൂടി മറച്ചുവെയ്ക്കണം എന്ന രീതിയിലാണ് നിർദേശിക്കപ്പെട്ടത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം മുടിയാണ് ആകർഷകം. പുരുഷൻ സ്ത്രീകളുടെ മുടിയഴക് കണ്ട് ഭ്രമിച്ചു പോവാതിരിക്കാനാണ് തലമറക്കണമെന്ന നിർദേശം ഉണ്ടായിട്ടുണ്ടാവുക. സ്ത്രീയുടെ മറ്റൊരു ആകർഷക അവയവമാണ് മാറിടം. അവിടെയും ശ്രദ്ധപതിയാതിരിക്കാൻ ബ്ലൗസിനും മറ്റും മുകളിൽ തട്ടത്തിന്റെ ഭാഗവും മറയാക്കണം എന്ന ചിന്തയും നിർദേശത്തിനുണ്ടാവാം.
എന്തായാലും തട്ടം സൗന്ദര്യ വർദ്ധക വസ്ത്രം തന്നെയാണ്. സ്ത്രീയുടെ മുഖലാവണ്യം കൂടുതൽ ശോഭിതമാവുന്നത് തട്ടം ധരിക്കുന്പോഴാണ്. ശാലീനതയും സൗകുമാര്യവും വർദ്ധിതമാനതോതിൽ കാഴ്ചയൊരുക്കുന്നതിൽ തട്ടത്തിന് പ്രത്യേകസ്ഥാനമുണ്ട്. പണ്ട് കാലത്തെ മക്കന ധരിക്കുന്ന രീതി ആധുനിക കാലത്തെ ന്യൂജൻസ് പെൺകുട്ടികൾ മാറ്റി മറിച്ചിരിക്കുകയാണ്. മുൻകാലങ്ങളിൽ മതപണ്ഡിതന്മാർ ലക്ഷ്യമിട്ട രീതിയിൽ തന്നെ മുഖവും മറ്റും കൃത്യതയോടെ മറച്ചാണ് സ്ത്രീകൾ ജീവിച്ചുവന്നത്. അന്നത്തെ രീതിയിൽ മുഖം മാത്രമെ വെളിവാകുമായിരുന്നുള്ളു.
ഇന്ന് നേർത്ത തട്ടമാണ് ഉപയോഗിക്കുക. ഉള്ളിലെ മുടിയഴക് ഒന്നു കൂടി ഇരട്ടിപ്പിച്ച് കാഴ്ചപ്പെടുത്തുന്ന അവസ്ഥയാണിന്നത്തേത്. മുടി ഉയർത്തിക്കെട്ടി വെച്ച് അതിന്മേൽ തട്ടമിട്ടാൽ കാണാൻ കൂറേക്കൂടി ചന്തം തോന്നും. മുടിയിൽ ചൂടിയ പൂവും, ആർട്ടിഫിഷൽ ആയി ഉപയോഗിക്കുന്ന വസ്തുക്കളും എല്ലാം പുറത്ത് പ്രദർശിപ്പിക്കുന്ന രീതിയാണിന്നുള്ളത്. തട്ടം ഇടയ്ക്കിടയ്ക്ക് കൈകൊണ്ട് ഇളക്കി ശരിയാക്കിവെയ്ക്കുന്നതും തന്റെ മുടിയുടെ സൗന്ദര്യം മറ്റുള്ളവർ കണ്ടോട്ടെ എന്ന ഉദ്ദേശ്യത്തോടെ തന്നെയാവാം.
ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയ്ക്കിരുന്ന ഒരു മുസ്ലീം പെൺകുട്ടിക്ക് താൻ ധരിച്ച തട്ടം വരുത്തിവെച്ച വിനയെക്കുറിച്ച് അവൾ പറയുന്നത് കേൾക്കൂ... ‘കണക്ക് പരീക്ഷാദിവസമാണ് ആ സംഭവമുണ്ടായത്. ആ ഹാളിൽ ഞാൻ മാത്രമെ മുസ്ലീം പെൺകുട്ടിയായുള്ളു. തട്ടമിട്ട കുട്ടി ഞാൻ മാത്രമായിരുന്നു. അന്ന് ഇൻവിജിലേറ്ററായി വന്ന ടീച്ചർ എന്നെ തന്നെ ശ്രദ്ധിക്കുന്നത് കണ്ടു. മറ്റുള്ള കുട്ടികൾ കേൾക്കാത്തക്കവിധം ‘എന്താടീ തട്ടത്തിനുള്ളിൽ കോപ്പി അടിക്കാനുള്ള കടലാസുകഷ്ണങ്ങൾ സൂക്ഷിച്ചിട്ടുണ്ടോ?’ എന്ന് ചോദിച്ചു. ചോദ്യം കേട്ട് ഞാൻ ഭയന്നുപോയി. അത്തരം സ്വഭാവക്കാരിയല്ല ഞാൻ. ‘ഇല്ല’ എന്ന് മാത്രം ഞാൻ ഉത്തരം പറഞ്ഞു. പിന്നെ ടീച്ചർ എന്റെ അടുത്ത് നിന്ന് മാറാതെ എന്നെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ മാനസികമായി തളർന്നു. എനിക്ക് എഴുതാൻ പ്രയാസമായി. എങ്ങിനെയൊക്കെയോ പരീക്ഷയെഴുതി. മാനസികമായി തളർന്നുപോയ ഞാൻ പരീക്ഷാപേപ്പർ കെട്ടിക്കൊടുക്കാത്തതിനും ടീച്ചർ വഴക്കുപറഞ്ഞു. എന്തോ വൈരാഗ്യം ഉള്ള വ്യക്തിയെ പോലെയാണ് ടീച്ചർ പെരുമാറിയത്. ഞാൻ വീട്ടിലെത്തി രക്ഷിതാക്കളോട് കാര്യം പറഞ്ഞു. അവർ അതിന്റെ തുടർനടപടികളുമായി മുന്നോട്ടു പോകുന്നുണ്ട്...
ഒരു കാര്യം തീർച്ച. തട്ടത്തിനുപിറകിൽ കള്ളത്തരമാണുള്ളതെന്നും, അതിനുവേണ്ടിയുള്ള ഒരു കെണിയാണിതെന്നുമുള്ള തെറ്റിദ്ധാരണ എല്ലാവരും മാറ്റണം. കളവുചെയ്യാനും മറ്റും തട്ടം മാത്രമല്ല മറ്റു വസ്ത്ര ഭാഗങ്ങളും, ശരീരവും ഉപയോഗപ്പെടുത്തുന്നില്ലേ പലരും.? പാവം തട്ടത്തോടും തലമറക്കുന്ന പെൺകുട്ടികളോടും സ്നേഹവും, കരുണയും, കാണിക്കണം. തട്ടമണിഞ്ഞ സൗന്ദര്യത്തെ ആസ്വദിക്കാനുള്ള മനസാന്നിധ്യമാണ് എല്ലാവർക്കും വേണ്ടത്.