നാടൻ ശൈലിയും നാട്ടു പ്രമാണിത്വവും
ധനേഷ് പത്മ
ഇടുക്കിയിലെ ഒരു തണുത്ത വൈകുന്നേരം, “ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു അങ്കിളിന്റെ ഫാദറാരാണെന്ന്, ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമുള്ള ഒരു രാജാവ്. പിന്നീട് എന്നെ കാണുന്പോ അവൻ കളിയാക്കി വിളിക്കുമായിരുന്നു പ്രിൻസ്, രാജാവിന്റെ മകൻ”... സ്ക്രീനിൽ ലാലേട്ടൻ തകർക്കുകയാണ്, ചാനൽ മാറിയതിന്റെ ഞെട്ടലിൽ ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ അച്ഛൻ ഉഗ്രരൂപം പൂണ്ട് നിൽക്കുന്നു. ‘ന്യൂസ് ഹവർ തുടങ്ങാറായി അപ്പഴാ അവനും ഒരു രാജാവിന്റെ മകനും’. പുച്ഛിക്കരുത് ഞങ്ങടെ ലാലേട്ടനെ പുച്ഛിക്കരുത്, ഇടതു തോൾ താഴ്ത്തിയിട്ട് ‘ഞാൻ പറഞ്ഞു ചതിക്കും വഞ്ചനയ്ക്കും ഇവിടെ ഒരു നിയമമേയുള്ളു, അത് ഞാനായിരുന്നാലും ശരി അച്ഛനായിരുന്നാലും ശരി’ സാഗർ ഏലിയാസ് ജാക്കി... ചാനൽ മാറ്റിയ അച്ഛൻ ആദ്യം കണ്ടത് പരസ്യമായിരുന്നു. ‘രാമച്ചത്തിന്റെ കുളിരും കസ്തൂരി മഞ്ഞളിന്റെ കാന്തിയും ഒത്തിണങ്ങിയ രാധാസ്’... ഇരുത്തിയൊന്ന് നോക്കിയപ്പോൾ താഴ്ന്ന് കിടന്ന തോൾ നേരെയാക്കി ഞാൻ നടന്ന് അകത്തേയ്ക്ക് പോയി. അമ്മേ ഇന്ന് രാത്രിത്തേയ്ക്ക് കഴിക്കാൻ ചപ്പാത്തിയാണോ? ചപ്പാത്തിയെ കുറിച്ചൊരക്ഷരം മിണ്ടിപ്പോകരുത് ഈ വീട്ടിൽ, ഒരു ചപ്പാത്തിയും പാപ്പാത്തിയും? നിങ്ങക്കിതെന്തിന്റെ കേടാ നാക്ക് വഴങ്ങാത്ത നരവീണവരെ പിടിച്ച് മന്ത്രിയാക്കുന്പോ ആലോചിക്കണം, അമ്മ അതുവരെ അറിഞ്ഞ കാര്യം വെച്ച് മറുപടി നൽകി സോഫയുടെ ഓരം പിടിച്ച് നടന്ന് ഉമ്മറത്തേയ്ക്ക് പോയി. പിന്നേ,... തിരുവഞ്ചൂരിനേക്കാൾ ഭേതാ, അച്ഛൻ തിരിച്ചടിച്ചു. ഉവ്വ് ഉവ്വ് അമേരിക്കയിലോ മറ്റോ ഉള്ള ബോക്സിംഗ് ചാന്പ്യൻ മുഹമ്മദലി മരിച്ചപ്പോ അങ്ങേരെ മലയാളിയാക്കിയ പാർട്ടിക്കാരാ നിങ്ങളുടേത്... അത് മറക്കരുത്. എന്തോ അതിന് അച്ഛൻ മറുപടി പറഞ്ഞില്ല. ടി.വിയിൽ ന്യൂസ് ഹവർ തുടങ്ങി. വിഷയം എം.എം മണിയുടെ പുലഭ്യത്തെ കുറിച്ചായിരുന്നു. അവതാരകന്റെ ചോദ്യങ്ങൾ മുൻകൂട്ടി കണ്ട് ഉത്തരം കടലാസിലെഴുതി കുറച്ച് പേർ ഉള്ളിൽ ചിരിച്ചുകൊണ്ട് നിരന്നിരിക്കുന്നുണ്ട്.
മണി മുത്താണെന്ന് മനസ്സിൽ ഉറപ്പിച്ചാണ് അച്ഛൻ ടി.വി കണ്ടിരിക്കുന്നത്. ആശാൻ വിളിച്ച അത്ര മുദ്രാവക്യങ്ങളൊന്നും ഈ നിരന്നിരിക്കുന്നവന്മാർ വിളിച്ചിട്ടുണ്ടാവില്ലെന്ന് പിറുപിറുത്ത് അച്ഛൻ സോഫയിൽ നിവർന്നിരുന്നു. അവതാരകൻ ആക്ഷൻ പറഞ്ഞതും ചാനലിൽ ആക്ടിംഗ് തുടങ്ങി. മന്ത്രി മണി വായ തുറന്നാൽ വൃത്തികേടേ പറയൂന്ന് ചാനലിൽ ഒരുത്തൻ പറഞ്ഞതും ‘നീ എത്രതവണ കേട്ടിട്ടുണ്ടെടാ മണിയാശാൻ വൃത്തികേട് പറയുന്നത്’ എന്നാക്രോശിച്ച് അച്ഛൻ കൈ ഉയർത്തി. ശബ്ദം കേട്ട് ടി.വിയിരിക്കുന്നിടത്തേയ്ക്ക് ഞാനെത്തിയപ്പോൾ അച്ഛൻ നേരത്തെ പൂണ്ട ആ ഉഗ്രരൂപത്തിൽ തന്നെയായിരുന്നു.
എന്നെ കണ്ടതും, ‘നിന്റെയൊക്കെ വയസ്സിന്റെ ഡബിളുണ്ടാകും മണിയാശാന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്. ഈ ഇടുക്കിയെ ഇടുക്കിയാക്കിയതിൽ വലിയൊരു പങ്ക് മണിയാശാനും കമ്മ്യൂണിസ്റ്റ് പാർട്ടിക്കുമുണ്ട്’ അച്ഛൻ പറഞ്ഞു. (ചുമ്മാതല്ല ഇടുക്കി ഇങ്ങനെ ‘ഇടുങ്ങി’ പോയത്, അച്ഛൻ കേൾക്കാതെ ഞാൻ മുറുമുറുത്തു). അച്ഛൻ പറഞ്ഞുകൊണ്ടിരിക്കുകയാണ്, പണ്ട് മാധവേട്ടന്റെയും ജാനകി ചേച്ചിയുടേയും മൂത്ത മകനായ ആശാൻ ആ കുടുംബത്തെ ഒന്ന് നിവർത്തി നിർത്താൻ തന്റെ നടു ഒരുപാട് വളച്ചിട്ടുണ്ട്. ശരിയാ അഞ്ചാം ക്ലാസ് വരയേ പഠിച്ചിട്ടുള്ളു. പഠിപ്പ് വിശപ്പ് മാറ്റില്ലെന്ന് തിരിച്ചറിഞ്ഞാ പത്ത് വയസ്സ് പ്രായമുള്ളപ്പോ ആശാൻ ഹൈറേഞ്ചിലെത്തിയത്. ആ ചെറുപ്രായത്തിൽ കൂലിവേല ചെയ്ത് കുടുംബത്തിന് അത്താണിയായി. അച്ഛനും അമ്മയും സഹോദരങ്ങളും സുഖമായി മണിയാശാന്റെ തണലിൽ ജീവിച്ചു. കർഷകരുടെ പ്രശ്നങ്ങളിൽ എപ്പോഴും പ്രതികരിച്ചിരുന്ന മണിയാശാൻ വളർന്ന് കർഷകത്തൊഴിലാളികളുടെ നേതാവായി. അങ്ങനെ തൊഴിലാളികൾ വിളിച്ച പേരാ മണിയാശാനെന്ന്, ‘നിനക്കൊക്കെ വല്ലതും അറിയോ അതിന്.’ അച്ഛൻ സങ്കടവും ദേഷ്യവും കലർന്ന സ്വരത്തിൽ എന്നോട് ചോദിച്ചു. എനിക്കെന്തറിയാൻ ഞാൻ അതിന് മണിയാശാനെ വല്ലതും പറഞ്ഞോ? (ഞാൻ)
പക്ഷെ അച്ഛാ മണിയാശാൻ ഇന്നലെ പെന്പിളൈ ഒരുമൈ സമരത്തെകുറിച്ച് മോശമായി പറഞ്ഞെന്നാണല്ലോ കണാരേട്ടന്റെ മോൻ പറഞ്ഞത്. അവനൊക്കെ അത് അങ്ങനേ തോന്നു, അവൻ മറ്റേ പാർട്ടിയാ... ഇടുക്കിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്നിട്ടുണ്ടെങ്കിൽ അതിൽ മണിയാശാന്റെ പങ്ക് ആരോട് ചോദിച്ചാലും പറഞ്ഞു തരും. തോട്ടംതൊഴിലാളികളുടെ പ്രശ്നങ്ങളിലൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇടപെട്ടപോലെ ആരാ ഇടപെട്ടിട്ടുള്ളത്? മണിയാശാൻ നാടൻ ശൈലിയിലാ സംസാരിക്കുവാ, ഇതൊക്കെ വേറെ തരത്തിൽ എടുക്കുന്നതാ പ്രശ്നം. ഒരു ദിവസം നേരം വെളുത്തപ്പോ ചുമ്മാതെയങ്ങ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന ആളൊന്നുമല്ല മണിയാശാൻ. തൊഴിലാളികളുടെ പ്രിയങ്കരനായ മണിയാശാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന ശേഷം എട്ടുതവണ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയായിട്ടുണ്ട്. ദേ ഇപ്പോ മന്ത്രിവരെയായി അറിയോ നിനക്ക്?. നിന്റെയൊക്കെ ഹീറോ മോഹൻലാലും മമ്മൂട്ടിയുമൊക്കെയാണെങ്കിൽ ഞങ്ങടെ, ഇടുക്കിക്കാരുടെ ഹീറോ മണിയാശാനാണ്.
‘ഷിബിനില്ലേ, പുറത്തൂന്ന് ആരോ ചോദിക്കുന്നുണ്ട്, ഉണ്ട് അമ്മ മറുപടി പറഞ്ഞു, ഡാ ഷിബിനേ നിന്നെയിതാ കണാരേട്ടന്റെ മോൻ വിളിക്കുന്നു. ഞങ്ങൾ പുറത്തോട്ടിറങ്ങി നടക്കുന്നതിനിടെ അവൻ ചോദിച്ചു, ഡാ നിവിൻ പോളിയുടെ പുതിയ സിനിമ റിലീസായിട്ടുണ്ട് നമുക്ക് പോകാം? സഖാവാണെന്നാ ചിത്രത്തിന്റെ പേര്. സഖാവോ, നീയി സിനിമയൊക്കെ കാണ്വോ, നീ മറ്റേ പാർട്ടിക്കാരനാന്ന് പറഞ്ഞു അച്ഛൻ. ഏത് പാർട്ടി, എന്ത് പാർട്ടി നിനക്ക് വേറെ പണിയില്ലേ? നീ സിനിമയ്ക്ക് വരുന്നുണ്ടോ? അവൻ ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പൊതുപ്രവർത്തകൻ എങ്ങനെയായിരിക്കണമെന്ന് പുതിയ കാലഘട്ടത്തിന് പറഞ്ഞു തരുന്നുണ്ടത്രേ സിനിമയിൽ. സഖാവ് കൃഷ്ണന്റെ വേഷം നിവിൻ അടിപൊളിയാക്കിയിട്ടുണ്ടെന്നാ സംസാരം, നമുക്ക് പോകാം? വേണ്ട ഇന്നെനിക്ക് മൂഡില്ല, നാളെ പോകാം, ഞാൻ പറഞ്ഞു. ശരി എന്നാ വാ നമുക്ക് കുറച്ച് നേരം ആ മരച്ചുവട്ടിൽ പോയിരിക്കാം.
മരച്ചുവട്ടിൽ ഇരുന്ന് ഞാൻ ‘അവൻ മറ്റേ പാർട്ടിയാ’ എന്ന് അച്ഛൻ പറഞ്ഞതിനെ കുറിച്ചാലോചിച്ചു. അച്ഛനെന്തിനാ അങ്ങനെ പറഞ്ഞത്? ഡാ നീയെന്താ ആലോചിക്കുന്നത്, ഏയ് ഒന്നുമില്ലടാ മണിയാശാനെ എല്ലാരും ചേർന്ന് കരിവാരിതേയ്ക്കുകയാണെന്നോ അദ്ദേഹം പറഞ്ഞത് വളച്ചൊടിക്കുകയാണെന്നോ അങ്ങനെയൊക്കെ അച്ഛൻ പറയുന്നത് കേട്ടു. കണാരേട്ടന്റെ മോൻ എന്നെ പോലയല്ല, പത്രമൊക്കെ വായിക്കും. പൊതുകാര്യങ്ങളിൽ നല്ല വിവരമുള്ളവനാണ്. അവൻ തലതാഴ്ത്തിയിരുന്ന് പറയുന്നുണ്ട്, മണിയാശാൻ ഇപ്പോ കാണിച്ചത് ശരിയല്ലെടാ... അദ്ദേഹം ഒരു മന്ത്രിയല്ലേ, തൊഴിലാളികളുടെ നേതാവായി വളർന്നു വന്ന മന്ത്രി. എന്നിട്ട് തോട്ടംതൊഴിലാളി സമരമായ പെന്പിളൈ ഒരുമൈ സമരത്തെ മോശമായി പരാമർശിക്കുകയുണ്ടായി. ‘എന്താ മണിയാശാൻ പറഞ്ഞത്’? ഞാൻ ആകാംഷയോടെ ചോദിച്ചു.
പെന്പിളൈ ഒരുമൈ സമരത്തിനിടെ കാട്ടിലായിരുന്നു പരിപാടിയെന്നായിരുന്നു മണിയാശാൻ പറഞ്ഞത്. അതിനെന്താ? ഞാൻ ചോദിച്ചു. എടാ പെന്പിളൈ ഒരുമൈ സമരത്തിൽ സ്ത്രീകളായിരുന്നു സമരമുഖത്തുണ്ടായിരുന്നത്. പാർട്ടി തന്നെ പിന്തുണച്ച സമരമായിരുന്നു അത്. അതിനിടെ കാട്ടിൽ പരിപാടിയെന്നൊക്കെ പറഞ്ഞാൽ... അ
തിന് ഡബിൾ മീനിംഗുണ്ട്. ആലോചിച്ചപ്പോ എനിക്കും അ
ങ്ങനെ തോന്നി. ആശാനെന്തിനാ അങ്ങനെ പറഞ്ഞത്. ഛെ അ
ത് മോശായി. അതെ മോശായി അതന്നെ എല്ലാരും പറയുന്ന
ത്. മണി നാടൻ ശൈലിയിൽ പറഞ്ഞതാണെന്ന് ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സപ്പോർട്ട് ചെയ്തതാ ഇപ്പോ ആകെ കുഴപ്പമായത്. ഇതൊക്കെ നാടൻ ശൈലിയാണോ? നാട്ടുപ്രമാണിമാർ പറയുന്പോലെയല്ലേ, തന്നിഷ്ടം. മാപ്പ് പറയില്ലെന്നൊക്കെ മണിയാശാൻ പറയുന്നുണ്ട്. അല്ലേലും ഒരു മാപ്പ് കൊണ്ട് എന്തുണ്ടാവാനാ? ആ സമരം കേരളത്തിൽ ഉണ്ടാക്കിയ ചലനങ്ങൾ ചെറുതൊന്നുമല്ല. അതിനെ മോശമാക്കി കളഞ്ഞു മണിയാശാൻ. പക്ഷെ നമുക്ക് ഇടുക്കിക്കാർക്ക് ആശാനെ തള്ളിപറയാൻ പറ്റില്ല.
അതെന്താ പറഞ്ഞാൽ ഞാൻ ചോദിച്ചു? തെറ്റ് ആര് ചെയ്
താലും പറഞ്ഞാലും തെറ്റന്നല്ലേ? അതൊക്കെ ശരി തന്നെ ഒരു പ്രസംഗത്തിനിടെ കൊലപാതകങ്ങൾ നട
ത്തിയിട്ടുണ്ടെന്ന് എണ്ണിയെണ്ണി പറഞ്ഞ മണിയാശാനെ മന്ത്രിയാക്കിയില്ലേ? എന്തൊരു ദുർവിധിയാണ് നമ്മുടെ
യൊക്കെ അല്ലേ? പണ്ട് ആനപ്പുറത്തിരുന്ന തയന്പ് നോക്കിയാണോ ഭരിക്കാൻ അയക്കുന്നത്. അല്ലെങ്കിൽ തന്നെ ഭരണമല്ലല്ലോ സേവനമല്ലേ ശരിയായ പദം. നീ പറയുന്നതൊക്കെ ശരിയാ പക്ഷെ കേരളത്തിൽ ഇങ്ങനൊക്കെയാണ്. നരവീണവരും നാലിൽ തോറ്റവരുമൊക്കെ മന്ത്രിയാകും. അനുഭവസന്പത്ത് പക്ഷെ അവരോളം ഇളം തലമുറയ്ക്കുണ്ടാവില്ലെന്നാണ് അതിന് ഇവർ പറയുന്ന ന്യായം. അതാ ഇങ്ങനെയൊക്കെ നടക്കുന്നത്, നമുക്ക് പോകാം എന്ന് പറഞ്ഞ് അവൻ എണീറ്റു.
വീട്ടിലേയ്ക്കെത്തി ഞാൻ അച്ഛനോട് ചോദിച്ചു. അച്ഛാ മണിയാശാൻ, അല്ല മന്ത്രി എം.എംമണി ഇപ്പോൾ കാണിച്ചതും പറഞ്ഞതും ശരിയാണെന്ന് അച്ഛന് തോന്നുന്നുണ്ടോ? ഇരുന്നിടത്ത് നിന്ന് എണീറ്റ് പകുതി അഴിഞ്ഞ മുണ്ട് മുറുക്കിയുടുത്ത് മുഖം താഴ്ത്തി കണ്ണാടകൾക്കിടയിലൂടെ കണ്ണ് പുറത്തേയ്ക്ക് തള്ളി അച്ഛൻ എന്നെ സൂക്ഷിച്ചു നോക്കി.
നീയെന്താ അങ്ങനെ ചോദിക്കുന്നത്? അല്ല, കാര്യങ്ങൾ ശരിയായി ഞാൻ ഇപ്പോഴാ അറിഞ്ഞത്. ഓഹോ ആ കണാരന്റെ മോൻ നിന്നെ ഇല്ലാത്തത് പറഞ്ഞ് പിരികേറ്റിക്കാണും അല്ലേ? ഇല്ലാത്തതൊന്നുമല്ല, അവൻ മറ്റേ പാർട്ടിക്കാരനും അല്ല. ഞങ്ങൾക്ക് പാർട്ടിയുമില്ല ഒരു കുന്തവുമില്ല. അച്ഛന്റെ ആരധനാ പുരുഷനായ മണിയാശാൻ സ്ത്രീത്വത്തെ അപമാനിച്ചില്ലേ? മന്ത്രിയാണെന്ന് വിചാരിച്ച് എന്തും പറയാമെന്നാണോ? ദേവേന്ദ്രനല്ല അങ്ങേരുടെ അച്ഛൻ മുത്തുപട്ടരായാലും തെറ്റ് കണ്ടാൽ അത് തെറ്റാണെന്ന് പറയണം. അല്ലാതെ പണ്ട് ചെയ്ത കാര്യങ്ങൾ ചേർത്ത് പിടിച്ച് പിന്നേം പിന്നേം നേതാവാക്കുകയല്ല ചെയ്യേണ്ടത്.
അച്ഛൻ എന്നെ തന്നെ നോക്കുകയാണ്, ഇവനിതെന്ത് പറ്റിയെന്ന ഭാവത്തിൽ, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന തൊഴിലാളികൾ അവർക്ക് നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങൾക്ക് വേണ്ടി രാപ്പകലില്ലാതെ സമരം ചെയ്ത് അത് നേടിയെടുത്ത സമരമായിരുന്നു പെന്പിളൈ ഒരുമൈ. കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കിയ കാലം മുതൽ കൂടെയുണ്ടായിരുന്ന വി.എസ് അച്ച്യതാനന്ദൻ വരെ സമരക്കാർക്കൊപ്പം അന്ന് മുൻനിരയിൽ ഉണ്ടായിരുന്നു. അത്തരമൊരു സമരം നടക്കുന്പോഴാ കാട്ടിൽ പരിപാടിയെന്നും മറ്റും പറഞ്ഞ് അച്ഛന്റെ മണിയാശാൻ ആ സമരത്തെ വ്യഭിചാരമെന്നോണമാക്കിയത്.
നമ്മുടെ വീട്ടിലെ അമ്മയേയും പെങ്ങളേയും ആണ് അച്ഛന്റെ ആശാൻ മണി ഇങ്ങനെ പറഞ്ഞതെങ്കിൽ അച്ഛൻ കേട്ടോണ്ടിരിക്കോ? ഠേ, ഒരു സെക്കന്റ് ഒരു മൂളൽ മാത്രമായിരുന്നു. എന്റെ കരണത്താണ് അടി വീണത്. ഇടതുകൈകൊണ്ട് കരണം പൊത്തി അച്ഛനെ നോക്കുന്നതിന് മുന്പേ എന്റെ കണ്ണിൽ നിന്നും വെള്ളം ധൃതിയിൽ പുറത്തേയ്ക്ക് വന്നിരുന്നു. എന്നെ അടിക്കാനോങ്ങിയ വെപ്രാളത്തിൽ അച്ഛന്റെ കയ്യിലിരുന്ന റിമോട്ട് അബദ്ധത്തിൽ അമർന്ന് ചാനൽ മാറി. അവിടെ കിരീടവും ചെങ്കോലും സിംഹാസനവുമുള്ള ആ രാജാവിന്റെ മകൻ വിൻസന്റ് ഗോമസ് വെടിയേറ്റ് മരിക്കുകയാണ്. വില്ലനായ നായകൻ...