മാർ ക്രിസോസ്റ്റ - ദൈവാത്മാവിന്റെ കുളിർതെന്നൽ
വൽസ ജേക്കബ്
ദൈവത്തിനും മനുഷ്യനും പ്രിയങ്കരനായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത നൂറിന്‍റെ നിറവിലേയ്ക്ക്. വലിയ ചിന്തകളെ ചെറിയ വാക്കുകളും വാചകങ്ങളും നർമ്മരൂപേണ സമന്വയിപ്പിച്ച് ജനഹൃദയങ്ങളിൽ ചലനം സൃഷ്ടിച്ച മഹാപ്രഭാവൻ. ചിരിയും ചിന്തയും കോർത്തിണക്കി നന്‍മയുടെയും കരുതലിന്റെയും സന്ദേശം ഓരോ മനുഷ്യരിലും എത്തിച്ച മഹാനുഭാവൻ. സാമൂഹിക വിഷയങ്ങളിൽ തന്‍റേതായ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയാൻ മടിക്കാത്ത ജനപ്രിയ നായകൻ. ഏപ്രിൽ 27−ന്, നൂറാം വയസ്സിലേയ്ക്ക് പ്രവേശിക്കുന്പോൾ ക്രിസോസ്റ്റം തിരുമേനിയുടെ അതുല്യ വ്യക്തിപ്രഭാവത്തെ അടുത്തറിഞ്ഞവരും കേട്ടറിഞ്ഞവരും ഒരുപോലെ ആശംസകളുമായി അദ്ദേഹത്തെ മനസ്സാ പ്രണമിക്കുന്നു.
കേരളത്തിലെ മാത്രമല്ല, ലോകമെന്പാടുമുള്ള ജനങ്ങളിൽ ക്രൈസ്തവരും അക്രൈസ്തവരും എന്ന വ്യത്യാസമില്ലാതെ, പ്രത്യേകിച്ച് മലയാളികൾക്കും പ്രിയങ്കരനാവുവാൻ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സാമൂഹികസാംസ്കാരിക വിഷയങ്ങളിൽ സജീവ സാന്നിദ്ധ്യം, പ്രാദേശിക രാഷ്ട്രീയത്തിൽ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും മുഖം നോക്കാതെയുള്ള അഭിപ്രായ പ്രകടനം, അശരണർക്കും ആലംബഹീനർക്കും എത്തിപ്പെടാവുന്ന അത്താണി, പ്രായഭേദമന്യേ എല്ലാവരുമായും ഇണങ്ങിച്ചേരാനുള്ള വലിയ മനസ്സ്, ജാതി, വർണ്ണ, വർഗ്ഗ നിലകളിൽ വേർതിരിവിന് ഇടം നൽകാത്ത മനുഷ്യ സ്നേഹി, നർമ്മരസം വാരിക്കോരി പെയ്യുന്ന മഹാത്മാവ് ഇവ അദ്ദേഹത്തെ വ്യത്യസ്ഥരിൽ വ്യത്യസ്ഥനാക്കുന്ന കാര്യങ്ങളിൽ ചിലത് മാത്രം.!
ചെറുപ്പകാലത്ത് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചില ചെറിയ പ്രസ്ഥാനങ്ങളിൽ ഭാഗഭാക്കായി പ്രവർത്തിച്ചത് പിന്നീടുള്ള ജീവിതത്തിൽ സാമൂഹ്യസേവനത്തിനും, മിഷണറിയായി പ്രവർത്തിക്കാനും അദ്ദേഹത്തെ സഹായിച്ചു. മാത്രമല്ല, മിഷണറിയായി പ്രവർത്തിച്ച പിതാവിന്‍റെ പ്രവർത്തനം, പൗരോഹിത്യത്തിൽ ആയിരുന്ന പിതാവിന്‍റെ സഹോദരന്‍റെ ഉപദേശങ്ങൾ, ദൈവവേല എന്നത് ചുറ്റുമുള്ള മനുഷ്യരെ സ്നേഹിക്കുന്നതിലും കരുതുന്നതിലുമാണ് എന്ന് പഠിപ്പിച്ച അദ്ധ്യാപകരുടെ സ്വാധീനം, ചെറുപ്പം മുതൽ പള്ളിയും ചുറ്റുവട്ടവുമായുള്ള ജീവിതക്രമങ്ങൾ, മാത്രമല്ല ചെറുപ്പകാലങ്ങളിൽ സമീപദേശത്തെ വൈദ്യന്മാരുടെ പ്രതിഫലം പറ്റാതെയുള്ള സേവനമുൾപ്പെടെ, വെള്ളപ്പൊക്ക സമയങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ കരുതുന്ന സമൂഹത്തിലെ കൂട്ടായ്മകൾ, ഗതാഗത സൗകര്യം ഇല്ലാതിരുന്ന കാലങ്ങളിൽ പകലും രാത്രിയും ചുറ്റുമുള്ള വിടുകളിൽ ഉള്ളവർ ഒരുമിച്ചുള്ള യാത്രകൾ, ഉത്‍സവങ്ങളിൽ, പെരുനാളുകളിൽ ജാതിമതഭേദമെന്യെ ഒന്നായുള്ള ആഘോഷങ്ങൾ, മതിലുകൾ വേർതിരിക്കാത്ത കൂട്ടായ്മകൾ ഇതൊക്കെ കേരളത്തിലെ സാമൂഹിക സംസ്കാരിക രംഗങ്ങളിൽ സജീവമായി ഇടപെടുന്ന ആത്മീയ നേതാവെന്ന മാർ ക്രിസോസ്റ്റത്തിന്‍റെ ഉദയത്തിന് കാരണമായി.
'ക്രിസോസ്റ്റം' എന്ന പേരിന്റെ അർത്ഥം 'സ്വർണ നാവുള്ളവൻ-' എന്നാണ്. ആ പേരിനെ അന്വർത്‍ഥമാക്കിയുള്ള തിരുമേനിയുടെ വാക്കുകൾ പൊൻ താലത്തിലെ വെള്ളി നാരങ്ങ പോലെയാണ്. വർഷങ്ങൾ നീണ്ട തന്‍റെ ആത്മീയ ജീവിതത്തിലുടനീളവും വിശ്വാസത്തിന്റേയും കരുണയുടേയും സന്ദേശം തികച്ചും നർമ്മബോധത്തോടെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികളിലെത്തിക്കാൻ ക്രിസോസ്റ്റം തിരുമേനിക്ക് സാധിച്ചു. ഇന്നും അത് തുടരുന്നു. മതത്തിന്‍റെ ചട്ടക്കൂടിൽ നിന്നിറങ്ങി, ജാതിമതഭേദമെന്യെ ചുറ്റുമുള്ളവരിലെ ഒരുവനായി ചിന്തിക്കാനും, സംസാരിക്കാനും, പ്രവർത്തിക്കുവാനും അദ്ദേഹത്തിന് മാത്രമാണ് കഴിയുന്നത്. ഏത് ചോദ്യങ്ങൾക്കും, എന്ത് പ്രശ്നത്തിനും തന്‍റേതായ ശൈലിയിലുള്ള ഉത്തരവും, പരിഹാരവും അദ്ദേഹത്തിനുണ്ട്. നമ്മൾ ജീവിക്കുന്ന സാഹചര്യവും സംസ്‌ക്കാരവും അതിന്റെ പ്രേരകമായിട്ടുള്ള അടിസ്ഥാനവും മനുഷ്യനെ രൂപീകരിക്കുന്നതിനുള്ള വലിയ ഘടകമാണെന്നുള്ള സത്യം മ
നസ്സിലാക്കിയ തിരുമേനി പറഞ്ഞത്, നമ്മളുടെ സംസ്‌ക്കാരത്തിലും സമൂഹ ജീവിതത്തിലും ദൈവികമൂല്യങ്ങളുടെ സ്ഥാനം എന്നും ശരിയായി നിലനിർത്തേണ്ടത് നമ്മോടും നമ്മുടെ സമൂഹത്തോടുമുള്ള വലിയ കടപ്പാടാണ് എന്നാണ്. അദ്ദേഹത്തിന്റെ ജീവിതവീക്ഷണം മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ്. ഓരോ വാക്കിലും കർമ്മ ജീവിതത്തിന്‍റെ വെളിച്ചവും, കട
മകളുടെ ഓർമ്മപ്പെടുത്തലും, ജീവിതത്തിന്‍റെ അർത്ഥവും ഉൾക്കൊള്ളുന്നു.
സ്വകാര്യ ജീവിതത്തിലെ പല സംഭവങ്ങളും തുറന്നു പറയുന്നതിൽ അഭിവന്ദ്യ തിരുമേനി ഒട്ടും ലജ്ജിക്കുന്നില്ല. താനൊരു കൊച്ചുകള്ളനാണ്, ചെറുപ്പകാലങ്ങളിൽ പള്ളിയിലിടാൻ കൊടുത്ത നേർച്ചയിൽ പകുതിയെടുത്ത് കപ്പലണ്ടി മിഠായി വാങ്ങിയെന്നും. ഇതു പറഞ്ഞതിനുശേഷം അദ്ദേഹം ചോദിക്കുന്നു, “ദൈവത്തിന് പൈസ എന്തിന്?, ദൈവം ചോദിക്കുന്നില്ലല്ലോ, നമ്മുടെ ചുറ്റും കഷ്ട്പ്പെടുന്ന സഹജീവികൾക്ക് സഹായം ചെയ്യുവാൻ ആണ് നാം ഈ പൈസ ഉപയോഗിക്കേണ്ടത്”. ചെറുപ്പത്തിലെ പ്രണയകഥയും അതിലെ നായികമാരെയും പിന്നീട് കണ്ടപ്പോൾ കണ്ണിറുക്കി കാണിച്ച കഥകളും പറയുന്പോൾ സ്വയം പുകഴ്ചയല്ല, സത്യങ്ങളാണ് നമ്മെ നയിക്കുന്നതെന്ന യാഥാർത്ഥ്യം വരച്ചു കാട്ടുന്നു. യുവാവായിരുന്നപ്പോൾ തമിഴ്നാട്ടിലെ ഷോലാർ പേട്ടയിലെ റെയിൽവേ േസ്റ്റഷനിൽ പോർട്ടറായി ജോലി ചെയ്ത അദ്ദേഹം അദ്ധ്വാനത്തിന്റെയും വിയർപ്പിന്‍റെയും വിശപ്പിന്‍റേയും രുചി അറിഞ്ഞിട്ടുണ്ട്. ചെറുപ്പകാലങ്ങളിൽ വീട്ടിൽ വന്ന തേങ്ങാവെട്ടുകാരനെയും, പണി ചെയ്തിരുന്നവരെയും, കൂട്ടുകാരെയും, അദ്ധ്യാപകരെയും, ആത്മീയ-ഭൗതിക ജീവിതത്തിൽ നയിച്ചവരെയും, കണ്ടുമുട്ടിയവരെയും, കടന്നുപോയവരെയും മറക്കാതിരിക്കുന്നതും അവരുടെ സാമീപ്യം, ജീവിതരീതികൾ ഇവ തന്‍റെ ജീവിതത്തിൽ എങ്ങനെയൊക്കെ സ്വാധീനിച്ചു എന്നു തുറന്നു പറയുന്പോളും അവർക്കൊക്കെയും തിരുമേനി കൊടുക്കുന്ന ആദരമാണ് ആ വാക്കുകളിൽ പ്രകടമാകുന്നത്.
എല്ലാവരും അറിഞ്ഞോ അറിയാതെയോ മറന്നുപോകുന്ന കാര്യങ്ങൾ ആണ് ദൈവത്തെയും മനുഷ്യനെയും അറിയുക, സത്യം പറയുക, തെറ്റുകൾ ചൂണ്ടിക്കാണിക്കുക, കടകമകളും കർത്തവ്യങ്ങളും നിർവ്വഹിക്കുക, ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുക എന്നതൊക്കെയും. എന്നാൽ ഓരോ മനുഷ്യന്‍റെയും പ്രധാന ചുമതല ജീവിത സത്യം പ്രഖ്യാപിക്കുകയും, പ്രാവർത്തികമാക്കുകയും, ജീവിക്കാൻ സഹായിക്കുകയുമാണ്. ദൈവ ദർശനവും ജ്ഞാനവും അനുഭവിച്ചറിഞ്ഞ പുണ്യാത്മക്കൾക്ക് മാത്രമാണ് മനുഷ്യരിൽ ദൈവത്തെ ദർശിക്കാൻ കഴിയുക. ദൈവം മനുഷ്യനുവേണ്ടിയാണ് ഈ പ്രകൃതിയും ചരാചരങ്ങളും സൃഷ്ടിച്ചുണ്ടാക്കിയത്. മനുഷ്യത്വം ദൈവത്വത്തിൽ സ്ഥിതി ചെയ്യുന്നു. ദൈവത്തെ അറിയാനും അനുഭവിക്കുന്നതിനും ഈശ്വരൻ നൽകിയിട്ടുളള അനുഭവവും ക്രമീകരണവുമാണ് ഈ ലോകത്തിലെ ഓരോ നല്ല മനുഷ്യരും. അങ്ങനെയുള്ള ചുരുക്കം ചില മനുഷ്യരിൽ ദൈവം വസിച്ച് പ്രവർത്തിക്കുന്പോൾ അവർ ദൈവത്തിനും മനുഷ്യർക്കും ഒരുപോലെ പ്രിയപ്പെട്ടവരാകുന്നു. തിന്മയെ തിന്മയായി പ്രസ്താവിപ്പാനും തിന്മയോട് പോരാടുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും അതിനായി ജനങ്ങളെ സജ്ജമാക്കുന്നതിനുമായി മതവും സാമൂഹിക ചുറ്റുപാടും രാഷ്ട്രീയ നേതൃത്വവും ഒരുപോലെ ഇടപെടണമെന്ന് ഇങ്ങനെയുള്ള മഹാത്മാക്കൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ഇന്ന് ലോകത്ത് കാണുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താൻ ഒരു പരിധിവരെയെങ്കിലും ഇങ്ങനെയുള്ള ആത്മീയ ഗുരുക്കന്മാരുടെ വാക്കുകൾക്ക് ശക്തിയുണ്ട്. ഇവിടെയാണ് ക്രിസോസ്റ്റം തിരുമേനി എന്ന യോഗിവര്യന്‍റെ കർമ്മജീവിതം. സത്യം, നീതി, സന്തോഷം, കരുണ, കരുതൽ ഇവയൊക്കെ ഇന്ന് സമൂഹത്തിൽ അന്യംനിന്നു കൊണ്ടിരിക്കുകയാണ്. മനുഷ്യനെ മനുഷ്യനായി കാണുകയും അനീതിക്കെതിരെ പൊരുതുകയും ദൈവസ്നേഹത്തിലൂടെ നമ്മുടെ ജീവിതവഴികൾ നാം നയിക്കേണ്ടത് നമ്മുടെ ധർമ്മമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.
കുഞ്ചൻ നന്പ്യാർക്കും ഇ.വി കൃഷ്ണ പിള്ളയ്ക്കും ശേഷം മലയാളികളെ ഏറ്റവും അധികം ചിരിപ്പിച്ച വ്യക്തി എന്ന നിലയിലാണ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അറിയപ്പെടുന്നതെങ്കിലും, അദ്ദേഹത്തിന്റെ ചിരിയുണർത്തുന്ന ഓരോ വാക്കിലും നന്‍മയുടെ, ദൈവസ്നേഹത്തിന്‍റെ സുവിശേഷം ഉണ്ട്. കൂടുന്പോൾ ഇന്പമായിരുന്ന കുടുംബം, കൂടുന്പോൾ ഭൂകന്പമായി മാറുന്ന തകർച്ചക്ക് കാരണം ദൈവഭയമില്ലാത്തതും സ്നേഹമില്ലായ്മയുമാണെന്ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം നമ്മെ ഓർമ്മപ്പെടുത്തുന്പോൾ, സ്വന്തബന്ധങ്ങൾ നഷ്ടപ്പെട്ട്, ജീവിത സാഹചര്യങ്ങളുടെ പിരിമുറുക്കത്തിൽ ആത്മഹത്യയിൽ അഭയം തേടുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കാനും, ഏകാന്തപഥികർക്ക് തുണയാകാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. സാമൂഹികപ്രവർത്തനങ്ങളുടെ മുന്നണി പോരാളിയാണദ്ദേഹം. പരേതനായ സഹോദരന്‍റെയും തന്‍റേയും വീട് വയോജന പരിചരണത്തിനായി തുറന്നു നൽകി. കുടുംബ സ്വത്തായി തങ്ങൾക്ക് ലഭിച്ച കുന്പനാട് ആശുപത്രി ഉൾപ്പെട്ട വസ്തുവകകൾ സഭയ്ക്കായി നൽകി. ഈ സ്ഥലത്ത് ഇന്ന് സാമൂഹിക നന്മ ലക്ഷ്യമാക്കിയുള്ള പല പ്രവർത്തനങ്ങളും നടന്നു വരുന്നു. ഭിന്ന ശേഷിയുള്ള കുട്ടികളുടെ പുനരധിവാസം, ദരിദ്ര കുടുംബങ്ങൾക്കുള്ള ഭവന പദ്ധതി, തെരുവിലലയുന്നവർക്കുള്ള ഭക്ഷണം, അനാഥ സംരക്ഷണം, വയോജന പരിചരണം തുടങ്ങി അനേകം സാമൂഹ്യ പ്രവർത്തങ്ങളിൽ അദ്ദേഹം പങ്കാളിയാകുന്നു. എല്ലാവർക്കും വീട്, ഭക്ഷണം, വിദ്യാഭ്യാസം, ചികിത്‍സ ഇതൊക്കെയാണ് തന്‍റെ സ്വപ്നം. പള്ളികളിലും ഞായറാഴ്ചകളിലും ഒതുങ്ങാതെ ഏവർക്കും സമാധാനവും സന്തോഷവും കരുണയും കരുതലും നൽകുവാൻ ചുമതലയുണ്ടെന്ന് വിശ്വാസികളെ ഓർമ്മപ്പെടുത്തുകയും, മനുഷ്യന്‍റെ അത്യാർത്തി പ്രകൃതി നശീകരണത്തിലെത്തി നിൽക്കുന്പോൾ ഒരു തിരിച്ചുപോക്ക് ചിന്തിക്കണമെന്ന് സമൂഹത്തെ പ്രബോധിപ്പിക്കുകയും ചെയ്യുന്നു. പഴയകാല ഇസ്രായേൽ ജനതയെപ്പോലെ യുദ്ധം ജയിച്ച് രാജ്യം നശിപ്പിക്കാൻ നോക്കരുതെന്ന് സഭയോടും സമൂഹത്തോടും രാജ്യത്തോടും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
തികഞ്ഞ ലാളിത്യത്തിന്‍റെയും നിറഞ്ഞ ആത്മീയ ജ്ഞാനത്തിന്‍റെയും ഉത്തമ ഉദാഹരണമാണ് ക്രിസോസ്റ്റം തിരുമേനി. കുംഭമേളയിൽ ഒരു പുരോഹിതനൊപ്പം പങ്കെടുത്ത തിരുമേനി മേളസ്ഥലത്ത് നിന്നും ഗീതയും പുരാണങ്ങളും വാങ്ങിച്ചു. മാത്രമല്ല സ്വാമിമാരുടെ പ്രസാദവും ബഹുമാനപൂർവ്വം വാങ്ങി ഭക്ഷിച്ചു. കൂടെയുണ്ടായിരുന്ന പുരോഹിതൻ പ്രസാദം വാങ്ങി കളയാൻ തുടങ്ങിയപ്പോൾ ഭക്ഷണസാധനങ്ങൾ അവിശുദ്ധമായി ദൈവം കൽപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മാതാ അമൃതാന്ദമയിയെയും, കഥകളി ആചാര്യന്‍മാരേയും, രാഷ്ട്രീയ നേതൃത്വത്തെയും, കലാകായിക പ്രതിഭകളെയും, വിദേശഭരണാധികാരികളെയും മറ്റ് ആത്മീയ നേതാക്കളെയും സന്ദർശിച്ച അദ്ദേഹം ലോകനേതാക്കൾ മുതൽ കുഞ്ഞുങ്ങളുമായി വരെ സൗഹൃദം പങ്കുവയ്ക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നു.
പത്തനംതിട്ട ജില്ലയിൽ ഇരവിപേരൂർ എന്ന സ്ഥലത്ത്, 1918 ഏപ്രിൽ മാസം 27−ന് അടങ്ങപ്പുറത്ത് തറവാട്ടിൽ കലമണ്ണിൽ കുടുംബത്തിൽ ഫിലിപ്പ് ഉമ്മൻ എന്ന മാർ ക്രിസോസ്റ്റം ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് റവ. കെ.ഇ ഉമ്മൻ കുന്പനാട്ട് പള്ളിയിലെ വികാരിയായിരുന്നു. അമ്മ ശോശാമ്മ കാർത്തികപ്പള്ളി നടുക്കേൽ ഭവനത്തിലെ അംഗവും. ഇരവിപേരൂർ, മാരാമൺ, കോഴഞ്ചേരി എന്നിവിടങ്ങളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം ആലുവ യു.സി കോളേജിൽ നിന്നും ബിരുദവും സന്പാദിച്ചു. തുടർന്ന്‍ ബംഗളൂരു, കാന്‍റൻബറി എ
ന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്രത്തിൽ പഠനം പൂർത്തിയാക്കി. 1944− ജനുവരിയിൽ ശെമ്മാശനായും, അതേവർഷം ജൂണിൽ പട്ടത്വശുശ്രൂഷയിലേക്കും പ്രവേശിച്ചു. 1953− മെയിൽ തന്നെ റന്പാനായും, യൂഹാനോൻ മാർത്തോമ്മ മെത്രപ്പോലിത്തയിൽ നിന്നും എപ്പിസ്ക്കോപ്പൽ സ്ഥാനവും ലഭിച്ച മാർ ക്രിസോസ്റ്റം വിവിധ ഭദ്രാസനങ്ങളുടെ ചുമതലക്കാരനും മിഷണറി ബിഷപ്പായും പ്രവർത്തിച്ചിട്ടുണ്ട്. 1999−ൽ അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനത്യാഗം ചെയ്തപ്പോൾ മാർത്തോമ്മ സഭയുടെ പരമാദ്ധ്യക്ഷ സ്ഥാനത്തേക്കും അദ്ദേഹം നിയോഗിക്കപ്പെട്ടു. 2007−ൽ ക്രിസോസ്റ്റം തിരുമേനി ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന്‍ സ്ഥാനത്യാഗം ചെയ്തു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പെട്ട സ്ഥാനത്തിരുന്ന വ്യക്തി, മാർത്തോമ്മ സഭയുടെ ഈ വലിയ മെത്രാപ്പോലീത്ത ആണ്. ദേശീയ ക്രിസ്ത്യൻ കൗൺസിലിന്റെ അദ്ധ്യക്ഷ സ്ഥാനം വഹിച്ച അദ്ദേഹം 1954−ലും 1968ലും നടന്ന ആഗോള ക്രിസ്ത്യൻ കൗൺസിൽ സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. രണ്ടാം വത്തിക്കാൻ സമ്മേളനത്തിൽ പങ്കെടുത്ത മാർ ക്രിസോസ്റ്റം സഭൈക്യ പ്രസ്ഥാനത്തിന് ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്.
കഥ പറയും കാലം, കന്പോള സമൂഹത്തിലെ ക്രൈസ്തവ ദൗത്യം, ആകാശമേ കേൾക്ക..ഭൂമിയെ ചെവിതരിക, വെള്ളിത്താലം, ക്രിസോസ്റ്റം പറഞ്ഞ നർമ്മകഥകൾ, തിരുഫലിതങ്ങൾ, ആത്മകഥ തുടങ്ങി അനേകം പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായും അദ്ദേഹത്തെപ്പറ്റിയും ഇറങ്ങിയിട്ടുണ്ട്. ‘100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം’ എന്ന ഡോക്യുമെന്‍ററിയും തയ്യാറായി. യാഥാസ്ഥികതയെ ഇത്രയേറെ ആഴത്തിൽ സ്പർശിച്ചതും വെല്ലുവിളിച്ചതും ജാതിമതഭേദമെന്യേ ഇത്രയേറെ അണികളെ നേടിയെടുത്തതുമായ ക്രൈസ്തവ നേതാവും, ആത്മീയ ഗുരുവും ഈ നൂറ്റാണ്ടിന്‍റെ ശബ്ദവുമായി നമുക്ക് ചൂണ്ടിക്കാണിക്കാൻ ഫിലിപ്പോസ് മാർ ക്രിസോസ്റ്റമല്ലാതെ മറ്റാരുമില്ല! ആചാര്യ ശ്രേഷ്ഠാ, ശതകോടി പ്രണാമം... ഒപ്പം ആയുരാരോഗ്യ സൗഖ്യവും അ
ഷ്ടൈശ്വര്യങ്ങളും നേർന്നുകൊള്ളട്ടെ....