ശാ­സ്ത്രോ­ രക്ഷതി­


വി.ആർ. സത്യദേവ്

“Our scientific power has outrun our spiritual power. We have guided missiles and misguided men.”

 Martin Luther King, Jr.

“Survival of the fittest” എന്നത് ചാൾസ് ഡാർവിൻ്റെ പരിണാമ സിദ്ധാന്തത്തിലെ പ്രധാന തത്വങ്ങളിലൊന്നാണ്. മാറുന്ന സാഹചര്യങ്ങൾക്കനുസൃതമായി ജീവിവർഗ്ഗങ്ങളിലും വ്യതിയാനങ്ങളുണ്ടാകുന്നു. ഇതിൽ സാഹചര്യങ്ങൾക്ക് കൂടുതൽ ചേരുന്ന മാറ്റങ്ങൾ നില നിൽക്കുന്നു. അല്ലാത്തവ മാറ്റത്തിനു കീഴപ്പെടുന്നു. പ്രകൃതിയുടെ തിരഞ്ഞെടുപ്പാണ് ഇതെന്നാണ് ശാസ്ത്ര ലോകം വിലയിരുത്തുന്നത്. സിദ്ധാന്തത്തിൻ്റെ  ഉപജ്ഞാതാവ് ഡാർവ്വിനാണെങ്കിലും ആ പ്രയോഗം മറ്റൊരാളുടേതാണ്. ഡാർവ്വിനിൽ നിന്നും പ്രചോദനമുൾക്കൊണ്ട് വിക്ടോറിയൻ കാലത്തെ പ്രമുഖ ചിന്തകനും താത്വികനും എഴുത്തുകാരനുമൊക്കെയായിരുന്ന ഹെർവെർട് സ്പെൻസറുടേതാണ് സർവ്വകാല പ്രസക്തമായ ആ കൽപ്പന. പ്രകൃതി നിർദ്ധാരണം എന്ന ഒരൽപ്പം കടുകട്ടി വാക്കാണ് ഡാർവ്വിൻ്റെ  തിയറിക്ക് മലയാളത്തിൽ സൂചിപ്പിക്കാനുള്ളത്. ഇത് അംഗീകരിക്കുന്നവരും അംഗീകരിക്കാത്തവരും നമുക്കിടയിലുണ്ട്. അതെന്തായാലും പ്രകൃതിക്കും സമൂത്തിനുമൊക്കെ ആവശ്യമുള്ളതിന് അഥവാ ആവശ്യമുള്ളവയ്ക്ക് സ്വീകാര്യതയും വളർച്ചയും ഒക്കെയുണ്ടാവും എന്ന കാര്യത്തിൽ തർക്കമില്ല. 

ഇപ്പറഞ്ഞു വന്നതൊക്കെ ശാസ്ത്രാനുബന്ധിയായ കാര്യങ്ങളാണ്. ശാസ്ത്രത്തിൻ്റെ  കാര്യത്തിലും ഈ സിദ്ധാന്തത്തിനു വലിയ പ്രാധാന്യമുണ്ട്. മനുഷ്യരാശിക്ക് പൊതുവിൽ ഗുണകരമായ കാര്യങ്ങൾ ഉണ്ടാവുന്നതുകൊണ്ടാണ് ശാസ്ത്രത്തിന് പ്രസക്തിയുണ്ടാകുന്നത്. മനുഷ്യജീവൻ കൂടുതൽ കൂടുതൽ ആയാസരഹിതവും സുഖപ്രദവുമാക്കിക്കൊണ്ടിരിക്കുന്നത് ശാസ്ത്രരംഗം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കണ്ടുപിടുത്തങ്ങളും അവയുടെ പ്രയോഗതലത്തിലെ ഉപയോഗവും ഒക്കെയാണ്. ശാസ്ത്ര ലോകത്തിൻ്റെ  കണ്ടെത്തലുകൾ മുഷ്യരാശിക്ക് ഒഴിച്ചുകൂടാൻ ആവാത്തവയാണ്. 

ശാസ്ത്രവികാസമില്ലാതെ ലോക വികാസമെന്നത് പ്രായേണ അസാദ്ധ്യവും. അതുകൊണ്ടു തന്നെ ശാസ്ത്രം സംരക്ഷിക്കപ്പെടുക തന്നെ ചെയ്യും. അനാദികാലത്തോളം അത് ഉറപ്പാണ്. ആ ഉറപ്പാണ് ഈ കുറിപ്പിന്റെ തലക്കെട്ടായി കുറിച്ച ശാസ്ത്രോ രക്ഷതി എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കിയത്. ധർമ്മോ രക്ഷതി രക്ഷിത: എന്ന വാക്യം അനുകരിച്ചുള്ളതാണ് തലക്കെട്ടിലെ പ്രയോഗം. ധർമ്മം സംരക്ഷിക്കപ്പെട്ടാൽ അത് നമ്മളെ രക്ഷിക്കും എന്നതാണ് ആ പ്രയോഗത്തിന്റെ സാമാന്യ അർത്ഥം. ശാസ്ത്രത്തിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്. അങ്ങനെ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുള്ള ശാസ്ത്രത്തിന്റെ രക്ഷക്കായി ലോകവ്യാപകമായി പ്രക്ഷോഭങ്ങൾ അരങ്ങേറുന്ന കാഴ്ച അതുകൊണ്ടു തന്നെ കൗതുകകരമെന്ന് വിശേഷിപ്പിക്കാതെ വയ്യ. 

അമേരിക്കയിൽ ലോക ഭൗമദിനത്തോടനുബന്ധിച്ചായിരുന്നു ഇത്തരത്തിലൊരു ശാസ്ത്ര രക്ഷാ പ്രക്ഷോഭത്തിനു തുടക്കം. ശാസ്ത്രത്തിന്റെ മഹത്വം വാഴ്ത്തിപ്പാടുന്ന അതിമനോഹരങ്ങളായ വാക്യങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകളുമേന്തി ഘോരഘോരം മുദ്രാ വാക്യങ്ങളും വിളിച്ചായിരുന്നു മാർച്ച്. അമേരിക്കയിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലും സമാനമായ സംരക്ഷണ മാർച്ചുകൾ അരങ്ങേറി. വിയന്നയും ലണ്ടനുമെല്ലാം പ്രകടനങ്ങൾക്കു വേദികളായി. ശാസ്ത്രം സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അതിന് പ്രകടനമാണോ യുക്ത മാർഗ്ഗമെന്നകാര്യത്തിൽ തർക്കമുണ്ട്. ശാസ്ത്രത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത് അത് മനുഷ്യരാശിക്കു പുരോഗതിയുണ്ടാക്കുന്നു എന്നതുകൊണ്ടാണ്. മുഷ്യരാശിക്ക് കൂടുതൽ പുരോഗതി ഉണ്ടാക്കിക്കൊണ്ടിരുന്നാൽ ശാസ്ത്ര സാങ്കേതിക രംഗങ്ങൾക്ക് എന്നും പ്രാധാന്യം വർദ്ധിക്കുക തന്നെ ചെയ്യും. അതിനു സമരങ്ങളുടെ ആവശ്യമില്ല. സമരത്തിന്റെ ശാസ്ത്രവും സാങ്കേതിക വിദ്യയും ശാസ്ത്രത്തിന് ആവശ്യമില്ല എന്നല്ല. സമരസപ്പെടലിന്റെ വഴിയല്ല ശാസ്ത്രത്തിൻ്റേത്. സമാനതകളില്ലാത്ത പുത്തൻ കണ്ടുപിടുത്തങ്ങളുടേതാണ് ശാസ്ത്രം. കണ്ടുപിടുത്തങ്ങളും മനുഷ്യ സമൂഹങ്ങളിലെ അവയുടെ ഗുണപരമായ പ്രയോഗ സാദ്ധ്യതകളുമാണ് ശാസ്ത്രത്തെ കൂടുതൽ കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നത്. പ്ലക്കാർഡുകളുമേന്തി മുദ്രവാക്യങ്ങളും വിളിച്ചുള്ള സമരാഭാസങ്ങൾക്ക് ആത്യന്തികമായി ശാസ്ത്രത്തെ രക്ഷിക്കാനാവില്ല തന്നെ. 

അങ്ങനെ വരുന്പോൾ അമേരിക്കയിൽ നമ്മൾ കണ്ട ശാസ്ത്ര സംരക്ഷണ റാലിക്കു പിന്നിൽ ശാസ്ത്രത്തിനുപരി മറ്റെന്തെങ്കിലുമുണ്ടാവാനുള്ള സാദ്ധ്യത നമുക്കു സാരമായും സംശയിക്കാം. സമരം സംബന്ധിച്ച വാർത്തകളിൽ പലതിലുമുണ്ട് അതിനെക്കുറിച്ചുള്ള വ്യക്തമായ സൂചന. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പുതിയ ബജറ്റ് നിർദ്ദേശങ്ങളാണത്രേ പ്രതിഷേധങ്ങൾക്കുള്ള മൂലകാരണം. തെരഞ്ഞെടുപ്പു വാഗ്ദാനപാലനത്തിന്റെ ഭാഗമായി പ്രതിരോധ ചെലവു തുക ഗണ്യമായി ഉയർത്തിയ ട്രംപ് ആഗോളതാപനവുമായി ബന്ധപ്പെട്ട സഹായങ്ങൾ വൻതോതിൽ വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിരുന്നു. ഇതാണ് വാസ്തവത്തിൽ പ്രകടനക്കാരെ പ്രകോപിപ്പിച്ചത്. ആഗോളതാപം അമേരിക്കൻ തന്ത്രവും നുണക്കഥയുമാണെന്ന വാദം നേരത്തേ ഉയർന്നിരുന്നു. ഇപ്പോഴത് ഒരു അമേരിക്കൻ നായകൻ തന്നെ ആവർത്തിക്കുകയും ചെയ്യുന്നു. പ്രകൃതിസംരക്ഷണകാര്യത്തിൽ താൻ പ്രതിജ്ഞാ ബദ്ധനാണെന്നും അത് അമേരിക്കക്കാരന്റെ നിലനിൽപ്പ് അവതാളത്തിലാക്കിയിട്ടായിരിക്കരുത് എന്നും ട്രംപ് തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. എന്തൊക്കെപ്പറഞ്ഞാലും ഭൂരിപക്ഷം അമേരിക്കൻ നായകന്മാരുടെയും യഥാർത്ഥ നിലപാട് ഇതുതന്നെയുമായിരുന്നു. 

എന്നിട്ടും അമേരിക്കൻ പ്രസിഡണ്ടിനെതിരെയല്ല എന്നു പറഞ്ഞുകൊണ്ട് ഒരുപക്ഷം അതിനെതിരേ ശാസ്ത്ര സംക്ഷണത്തിന്റെ പേരുപറഞ്ഞ് സമരവും ചെയ്യുന്നു. പരീക്ഷണശാലകളിലും നിരീക്ഷണ നിഗമനങ്ങളിലും കൂടി വളരേണ്ട ശാസ്ത്രത്തെ സമരംചെയ്തു സംരക്ഷിക്കാനൊരുങ്ങുന്നവർ പക്ഷേ അങ്ങനെ ചെയ്യുന്നതിലൂടെ ശാസ്ത്രത്തിന്റെ ശാസ്ത്രീയതയെയും അന്തസത്തയെയും തന്നെ ചോദ്യം ചെയ്യുകയല്ലേ എന്ന സംശയം ശക്തമാണ്. അതിന് യുക്തിയുടെ പിൻബലവുമുണ്ട്. 

“Science is a wonderful thing if one does not have to earn one’s living at it.” Albert Einstein. ശാസ്ത്രത്തെ ശാസ്ത്രം തന്നെ സംരക്ഷിക്കും എന്നുറപ്പ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed