ഭീ­കരതയു­ടെ­ മൊ­ത്ത വി­തരണം


വി.ആർ. സത്യദേവ്

 

ന്നലെ ലോകം ഉയിർപ്പു തിരുനാൾ ആഘോഷിച്ചു. പ്രത്യാശാഭരിതമായ ദിനം. യേശുദേവന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ ദിനം. ഇതേ ദിനത്തിൽ ആഗോള ക്രൈസ്തവ സഭാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ സന്ദേശവും ലോകത്തെ പ്രത്യാശാഭരിതമാക്കുന്നതാണ്. ലോകത്തെ ഭീതിദമാക്കുന്ന ഭീകരതയ്ക്കു സ്നേഹം കൊണ്ടു മറുപടി നൽകണമെന്നാണ് മാർപ്പാപ്പ ലോകത്തോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ഫ്രാൻസിസ് മാർപ്പാപ്പയുടെ ഈസ്റ്റർ സന്ദേശം പ്രത്യാശ പകരുന്പോഴും ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുയർന്നു കേൾക്കുന്ന ഇതര വർത്തമാനങ്ങൾ പക്ഷേ തികച്ചും ആശങ്കപ്പെടുത്തുന്നതാണ്. 

ലോകം എന്നും മറ്റൊരു മഹായുദ്ധഭീഷണിയുടെ നിഴലിലാണ്. ആ നിഴലിനിപ്പോൾ കൂടുതൽ കനം വെച്ചിരിക്കുന്നു. ദൗർഭാഗ്യത്തിന് ഏഷ്യാ വൻകരയുടെ ചിലയിടങ്ങളിലാണ് അത്തരമൊരു യുദ്ധസാദ്ധ്യതയുടെ ഇരുൾമേഘങ്ങൾ ഉരുണ്ടുകൂടുന്നത്. അഫ്ഗാനിസ്ഥാനും കൊറിയൻ ഉപദ്വീപും സിറിയയുമെല്ലാം വർഷങ്ങളായി സംഘർഷ ഭൂമികളാണ്. എന്നാൽ സമീപദിവസങ്ങളായി ആ സംഘർഷത്തിന്റെ തീവ്രത അതി ഭയങ്കരമായ തോതിൽ വർദ്ധിക്കുകയാണ്. സംയമനത്തിന്റെയും സമവായത്തിന്റെയും എല്ലാ സാദ്ധ്യതകളും ഇല്ലാതാക്കുന്ന തരത്തിലാണ് ഈ മൂന്നിടങ്ങളിലും അക്രമണങ്ങൾക്ക് അരങ്ങാവുന്നത്. സമാധാനപ്രതീക്ഷ നൽകുന്ന യാതൊന്നും ഈയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ സംഭവിക്കുന്നില്ല. പുറത്തു വരുന്നതെല്ലാം രക്തച്ചൊരിച്ചിലിന്റെയും അതിഭീതിയുടെയും വർത്തമാനങ്ങളാണ്. അതിൽ തന്നെ ഏറ്റവും ആശങ്കയുണ്ടാക്കുന്നത് കൊറിയയിൽ നിന്നുള്ള വാർത്തകളാണ്. ലോകത്തെ ആശങ്കപ്പെടുത്തുന്ന തരത്തിൽ ഉഗ്രനാശശേഷിയുള്ള ആയുധങ്ങൾ ദക്ഷിണകൊറിയ വികസിപ്പിച്ചെടുക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. 

ഇത്തരത്തിൽ വികസിപ്പിച്ചെടുത്ത അത്യന്താധുനിക ആയുധങ്ങളുടെയും കരുത്തുറ്റ പട്ടാളത്തിന്റെയും അത്യുഗ്രൻ പരേഡാണ് ഉത്തരകൊറിയ ഇന്നലെ നടത്തിയത്. രാഷ്ട്രസ്ഥാപകൻ കിം ഇൽ സുംഗിന്റെ റ നൂറ്റിയഞ്ചാം ജന്മവാർഷികാചരണങ്ങളോടനുബന്ധിച്ചായിരുന്നു ഉത്തരകൊറിയൻ സേനയുടെ കരുത്തു ലോകത്തോട് ഉദ്ഘോഷിക്കുന്ന പരേഡ് തലസ്ഥാനമായ പോംഗ്യാംഗിൽ അരങ്ങേറിയത്. രാഷ്ട്രനായകനായ കിം ജോംഗ് ഉൻ അഭിവാദ്യം സ്വീകരിച്ച സൈനിക പ്രകടനത്തിനു തൊട്ടു പിന്നാലേ ഇന്നു കാലത്ത് പുതിയൊരു മിസൈൽ പരീക്ഷണവും ഉത്തര കൊറിയ നടത്തി. അത്യുഗ്ര ശേഷിയുണ്ടെന്ന് അവരവകാശപ്പെടുന്ന മിസൈലിന്റെ പരീക്ഷണം പക്ഷേ പരാജയമായിരുന്നുവെന്നാണ് ബദ്ധശത്രുക്കളായ ദക്ഷിണ കൊറിയയും അമേരിക്കയും വിലയിരുത്തുന്നത്. 

ഉത്തര കൊറിയയുടെയും വിശകലനം ശരി തന്നെയാവും. ശരി എന്നതിലേറെ അതു പക്ഷേ അവരുടെ ആഗ്രഹവും ആവശ്യവുമാണ്. ഉത്തരകൊറിയ ഇത്തരത്തിൽ ഭീതിയുടെ പോർമുനകൾ കൊണ്ടു രാജ്യത്തെ നിറക്കുന്നതിനുള്ള പ്രധാനകാരണം ഈ രണ്ടു രാജ്യങ്ങളുടെ നിലപാടുകളും നടപടികളുമാണ്. ദക്ഷിണകൊറിയയിലെ വർദ്ധിക്കുന്ന അമേരിക്കൻ സൈനിക സാന്നിദ്ധ്യമാണ് വാസ്തവത്തിൽ കിമ്മിനുള്ള ഒന്നാം നന്പർ പ്രകോപനം. 28000 അമേരിക്കൻ സൈനികരാണ് ഉത്തരകൊറിയൻ ഭീഷണിയിൽ നിന്നും ദക്ഷിണകൊറിയയെ സംരക്ഷിക്കാനെന്ന പേരിൽ ആ മണ്ണിലുള്ളത്. മിസൈൽ പ്രതിരോധ സംവിധാനങ്ങളടക്കം വിന്യസിച്ചിരിക്കുന്നത് വലിയ ആയുധശേഖരവും. ഇതിനൊക്കെ പുറമേ കഴിഞ്ഞദിവസം യു.എസ്.എസ് കാൾ വിൻസണെന്ന കപ്പൽ വ്യൂഹത്തെ കൊറിയയിലേക്ക് അയച്ചിരിക്കുകയുമാണ്. ഇതിനിടെയാണ് ഇന്നു കാലത്ത് ഉത്തര കൊറിയ നടത്തിയ മിസൈൽ പരീക്ഷണം. അമേരിക്കൻ സേനാ നീക്കങ്ങൾ കണ്ട് ഉത്തര കൊറിയ പത്തിമടക്കില്ലെന്ന സന്ദേശമാണ് ഇന്നത്തെ പരീക്ഷണം നൽകുന്നത്.

ഉത്തര കൊറിയയുടെ സൈനിക നീക്കങ്ങളും ആയുധ പരീക്ഷണങ്ങളും ലോകത്തെ ഒരു മഹായുദ്ധത്തിലേക്കു കൂടുതൽ അടുപ്പിക്കുന്നതാണ്. എന്നാൽ അതിനു ഗതിവേഗം കൂട്ടുന്ന കാര്യത്തിൽ അമേരിക്കുള്ള പങ്ക് അവഗണിക്കാനോ അതിനെ മഹത്വവൽക്കരിക്കാനോ കഴിയില്ല. 1953ലെ ഉഭയക്ഷി ഉടന്പടി ലംഘിച്ച് മേഖലയിൽ ആയുധ വിന്യാസം നടത്തി ഏകപക്ഷീയമായ പ്രകോപനം തുടരുന്നത് പ്രധാനമായും അമേരിക്ക തന്നെയാണ്. അവരുടെ ലോക പൊലീസ് ചമയലും ആയുധ വിപണിയിലെ സ്വാർത്ഥ താൽപ്പര്യങ്ങളുമാണ് അതിനുള്ള പ്രധാന കാരണങ്ങളും. ലോകത്തിന്റെ ഭീതിയകറ്റാനും ലോക സമാധാനത്തിനും എന്ന പേരിൽ അമേരിക്ക നടത്തുന്ന ഇത്തരം നീക്കങ്ങൾ വാസ്തവത്തിൽ ആഗോള ഭീതിയുടെ ആഴം കൂട്ടുന്നു. 

കൊറിയയിലേതിനു സമാനമാണ് സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും അമേരിക്കൻ നടപടികളും എന്നു വിലയിരുത്തുന്ന വിദഗ്ദ്ധരുണ്ട്. സിറിയയിൽ പ്രസിഡണ്ട് ബാഷർ അൽ അസദ് മാറണമെന്നതാണ് അമേരിക്കയുടെ സിംഗിൾ പോയിൻ്റ് അജണ്ട. അതിന് അനാവശ്യമായ ഊന്നൽ നൽകുന്പോൾ അതുമൂലം ആഗോള തീവ്രവാദത്തിന് ആക്കം കൂടുന്നുണ്ടോ എന്ന കാര്യത്തെക്കുറിച്ച് അമേരിക്ക ഒരിക്കലും ആശങ്കാകുലരല്ല എന്നതാണ് വാസ്തവം. സിറിയയിലെ വിമത പോരാട്ടം ഐഎസ്സിന്റെ പ്രവർത്തനങ്ങളെ ശാക്തീകരിക്കുന്നുണ്ട്. വിമതരെ സഹായിക്കുന്നത് ഐ.എസ്സിന് വളം വെയ്ക്കുന്നതിനു തുല്യമാണ്. വിമതർക്കെതിരായ പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന സിറിയൻ സൈന്യത്തിനെതിരായ ആക്രമണം ഫലത്തിൽ തീവ്രവാദത്തെ സഹായിക്കലാണെന്ന് റഷ്യ തുറന്നടിച്ചത് ഈ സാഹചര്യത്തിലാണ്. സിറിയയുടെ ദുരിതങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും അമേരിക്കയിലെ മാറിമാറി വരുന്ന ഭരണകൂടങ്ങൾക്ക് ഒഴിഞ്ഞു നിൽക്കാനാവില്ല. ഈ അസ്വസ്ഥതകളുടെ തുടർച്ചയാണ് വടക്കൻ നഗരമായ റാഷിദിനിൽ ഇന്നലെയുണ്ടായ ചാവേറാക്രമണം. ഷിയ ഗ്രാമമായ അൽ ഫുവയിൽ നിന്നും ആലപ്പോയിലേക്കു പോവുകയായിരുന്ന വാഹനവ്യൂഹത്തിനു നേർക്കുണ്ടായ ചാവേറാക്രമണത്തിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. തീവ്രവാദ വിരുദ്ധ നടപടികളിൽ നിന്നും സാധാരണക്കാരേ രക്ഷപെടുത്തുന്നതിന്റെ ഭാഗമായുള്ള ഒഴിപ്പിക്കലിനിടെയായിരുന്നു ചാവേർ ആക്രമണം നടത്തിയത്. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റടുത്തിട്ടില്ല. 

അടുത്തത് അഫ്ഗാനിസ്ഥാനാണ്. പതിനാലാണ്ടായി നീളുന്ന സൈനിക സംഘർഷങ്ങളുടെ മണ്ണാണ് അഫ്ഗാൻ. ഇറാഖിലും സിറിയയിലുമായി ഐ.എസ് സ്ഥാപിക്കാനുദ്യമിക്കുന്ന കലീഫസാമ്രാജ്യത്തിനു സമാനമായ കൊറാസാൻ എന്ന കലീഫസാമ്രാജ്യത്തിന്റെ മണ്ണ്. ഇവിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ യുദ്യമത്തിലേക്ക് ആകർഷിക്കപ്പെട്ടവരും സഖ്യസേനയുമായി നിരന്തര പോരാട്ടത്തിലാണ്. അതീവ ദുഷ്കരമാണ് സഖ്യ സേനയ്ക്ക് ഈ മണ്ണിലെ പോരാട്ടം. ദുരങ്കങ്ങളും ഗുഹകളുമൊക്കെ താവളങ്ങളാക്കിയാണ് തീവ്രവാദികൾ അമേരിക്കൻ പക്ഷത്തിനു നേർക്ക് ആക്രമണം നടത്തുന്നത്. ഇതിനെതിരേ അമേരിക്ക മോബ് (MOAB) അഥവാ സർവ്വ ബോംബുകളുടെയും മാതാവ് എന്ന ബോംബു പ്രയോഗിച്ചിരിക്കുന്നു. കനത്ത ആൾനാശമാണ് തീവ്രവാദികൾക്ക് ഇതുണ്ടാക്കിയിരിക്കുന്നത്. ഇതിൽ നമ്മുടെ സ്വന്തം നാട്ടിൽ നിന്നുള്ളവരുമുണ്ട് എന്നത് ഭൂമിമലയാളത്തിനും അൽപ്പമെങ്കിലും ആശങ്ക പകരുന്ന വർത്തമാനമാണ്.

അമേരിക്ക 14 വർഷം മുന്പു തന്നെ പ്രയോഗ സജ്ജമാക്കിയ ആയുധമാണ് MOAB. Mother Of All Bombs അഥവാ സർവ്വ ബോംബുകളുടെയും മാതാവ് എന്നു വിളിക്കുന്പോഴും MOAB എന്നതിന്റെ പൂർണ്ണരൂപം മറ്റൊന്നാണ്. Massive Ordanance Air Blast എന്നതാണ് ഈ ചുരുക്കെഴുത്തിന്റെ പൂർണ്ണരൂപം. ഇരുപത്തിരണ്ടായിരം പൗണ്ടാണ് ബോംബിന്റെ ശക്തി. നിലവിലെ അമേരിക്കൻ പോർവിമാനങ്ങൾക്കൊന്നും ഇത്ര വലിയ ആയുധം വഹിക്കനുള്ള ശേഷിയില്ലാത്തതിനാൽ പ്രത്യേക ചരക്കു വിമാനമുപയോഗിച്ചാണ് അഫ്ഗാനിസ്ഥാനിൽ ബോംബു വർഷിച്ചത്. സ്ഫോടനത്തെ തുടർന്ന് ഉയർന്നു പൊങ്ങുന്ന തീനാളങ്ങൾ 20 മൈൽ ദൂരത്തു നിന്നു പോലും കാണാനായി. 16 ദശലക്ഷം അമേരിക്കൻ ഡോളർ ചെലവഴിച്ചാണ് അമേരിക്ക ബോംബു വികസിപ്പിച്ചത്. ഇതാദ്യമായാണ് ഈ ബോംബ് അമേരിക്ക പ്രയോഗിക്കുന്നത്. ഒരു ചെറുകിട അണുബോംബിനു സമാനമാണ് മോബിന്റെ പ്രഹരശേഷി. വാസ്തവത്തിൽ തങ്ങളെയെതിർക്കുന്നവർക്കെല്ലാം എതിരെയുള്ള അമേരിക്കയുടെ മുന്നറിയിപ്പു കൂടിയാണ് അഫ്ഗാനിസ്ഥാനിൽ അവർ ഇപ്പോൾ നടത്തിയിരുക്കുന്ന ബോംബാക്രമണം. 

മോബ് പ്രയോഗം തീവ്രവാദികൾക്ക് കനത്ത പ്രഹരമാണ്. എന്നാൽ ഇപ്പോൾ അത്തരത്തിലൊരു ആക്രമണം ആവശ്യമായിരുന്നോ എന്ന് ചോദിക്കുന്നവരുണ്ട്. തീവ്രവാദികളിൽ നിന്ന് ആവശ്യത്തിലേറെ അനുഭവിച്ച മുൻ പ്രസിഡണ്ട് ഹമീദ് കർസായി പോലും ഈ അഭിപ്രായമുള്ള വ്യക്തിയാണ്. വൻ തുകമുടക്കി വികസിപ്പിച്ച ബോംബു പരീക്ഷിക്കാൻ അഫ്ഗാൻ ജനതയെ അമേരിക്ക ഗിനിപ്പന്നികളാക്കുകയായിരുന്നു എന്നാണ് കർസായിയുടെ പക്ഷം. 

പക്ഷങ്ങളെന്തായാലും ഈ യുദ്ധമുഖങ്ങളിലൊക്കെ അമേരിക്കൻ സാന്നിദ്ധ്യം നമുക്കു കാണാനാവുമെന്നത് പച്ചപ്പരമാർത്ഥമാണ്. ലോക പൊലീസെന്ന മേനി നടിച്ചുള്ള അമേരിക്കയുടെ നീക്കങ്ങളുടെ ഉദ്ദേശശുദ്ധി ഇവിടങ്ങളിലെല്ലാം ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്. ഉറപ്പുള്ളത് ഒരേയൊരുകാര്യമാണ്. ആഗോള സമാധാനം എന്നത്തെക്കാളും അപകടത്തിലാണ്. ഒരു ലോകയുദ്ധം ഒഴിവാകാൻ ഒരുപാടു കക്ഷികൾ സംയമനം പാലിച്ചേ മതിയാവൂ. അത് അതീവ ദുഷ്കരമാണ്. പക്ഷേ യുദ്ധങ്ങൾ ഉണ്ടാവാതിരിക്കട്ടെ എന്നു നമുക്കു പ്രത്യാശിക്കാം. പ്രത്യാശകളാണല്ലോ മനുഷ്യകുലത്തെ മുന്നോട്ടു നയിക്കുന്ന ചാലകശക്തികളിൽ പ്രധാനം. 

You might also like

Most Viewed