വി­ഷു­ ഉത്തരാ­യനത്തി­ലെ­ മേ­ടപ്പെ­രു­മ!


ബാലചന്ദ്രൻ‍ കൊന്നക്കാട്

 ഫലാഗമം കൊണ്ട് ഓരോ വൃക്ഷവും തല ചായ്ക്കുന്ന കാലം, പൂക്കളും പഴങ്ങളും ധാന്യങ്ങളുമെല്ലാം ഫലസമൃദ്ധിയിലെത്തുന്ന കാലം. ആത്മാവിനെ ഉരുക്കുന്ന കൊടുംചൂടിൽ നിന്നും പുതിയൊരുണർ‍വ്വിലേക്ക് മനുഷ്യന്‍റെ പ്രയാണകാലം.−

ദക്ഷിണായനത്തിൽ‍ നിന്നും ഉത്തരായനത്തിലേക്കുള്ള ഭൂമിശാസ്ത്രപരമായ സമവാക്യങ്ങൾ‍ കടന്നു, പ്രാദേശിക വക ഭേദങ്ങളുടെ നിഴലും നിലാവും കടന്നു വീണ്ടും ഒരു വിഷു ആഗാതമാവുകയാണ്. കണിക്കൊന്നയും വിഷുക്കണിയും വിഷുക്കൈനീട്ടവും പടക്കവും മത്താപ്പും പൂത്തിരിയും വിഷു സദ്യയും എല്ലാമായി നമ്മൾ‍ വിഷു ആഘോഷിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

തുന്പ പൂത്താൽ‍ ഓണം, കൊന്ന പൂത്താൽ‍ വിഷു എന്നാണു പ്രമാണം. വിഷു സമൃദ്ധിയുടെ പ്രതീകമായി നാടെങ്ങും സുവർ‍ണ്ണ ശോഭ പരത്തിക്കൊണ്ട് കൊന്ന പൂത്തുനിൽ‍ക്കുന്നത് കാണാൻ എന്ത് ഭംഗിയാണ്.

ശരിക്കും എന്താണ് നമുക്ക് വിഷു. ജ്യോതിശാസ്ത്രപ്രകാരമുള്ള വർ‍ഷാരംഭം മാത്രമോ? അതോ കാലഗണനയുടെ പുസ്തകത്തിലെ ദീപ്തമായ ഏടുകൾ‍ മാത്രമോ? നമ്മളിലെ നമ്മളെ വിശ്വസിക്കാൻ സ്വാമി വിവേകാനന്ദൻ നമ്മളോട് ആഹ്വാനം ചെയ്തു. നമ്മളിലെ വിശ്വാസം പണ്ടേ നഷ്ടപ്പെട്ട നമ്മൾ‍ ചാരിനിൽ‍ക്കാൻ തിരഞ്ഞെടുത്ത സുവർ‍ണ്ണ ഉത്സവം മാത്രമാണോ വിഷു? വിശ്വാസങ്ങൾ‍ക്കെല്ലാം അപ്പുറം മലയാളികളുടെ കൊയ്ത്തുത്സവമാണ് വിഷു. 

നമ്മുടെ പരന്പരാഗതമായ എല്ലാ ആഘോഷങ്ങൾ‍ക്കും കൃഷിയുമായി വേർ‍പെടുത്താനാവാത്ത ബന്ധമുണ്ട്. വിഷുക്കണിയൊരുക്കത്തിൽ‍ ഉരുളിയിൽ‍ നാളികേരം, മാങ്ങ, ചക്ക, വാഴപ്പഴം, വെള്ളരിക്ക, ഉണക്കലരി തുടങ്ങിയ കാർ‍ഷിക വിളകളും പിന്നെ കണിക്കൊന്നയും സ്വർ‍ണവും വാൽ‍ക്കണ്ണാടിയും ഗ്രന്ഥക്കെട്ടും അലക്കിയ മുണ്ടും കണിയുരുളിയിൽ‍ കൂടെയുണ്ടാവും.

പ്രകൃതിയുടെ ഭാവപ്പകർ‍ച്ച ഓരോ ഉത്സവങ്ങളുടെയും നിമിത്തമായി തീരാറുണ്ട്. മേടം ഒന്നാം തീയതിയാണ് നാം വിഷു ആഘോഷിക്കുന്നത്. അന്ന് സൂര്യൻ നേരെ കിഴക്കായിരിക്കും ഉദിക്കുക. വിഷുവിന്‍റെ തലേദിവസമാണ് സൂര്യൻ മീനരാശിയിൽ‍ നിന്നും മേടരാശിയിലേക്ക് പ്രവേശിക്കുന്നത്‌. വിഷുദിനത്തിൽ‍ രാപ്പകലുകൾ‍ തുല്യമായിരിക്കും. സമരാത്രദിനമെന്നർ‍ത്ഥം വരുന്ന വിഷുവത് എന്ന പദമാണ് വിഷു എന്നായി മാറിയത്. വർ‍ഷത്തിൽ‍ രണ്ടു സമരാത്രദിനങ്ങൾ‍ ഉണ്ടാവാറുണ്ട്. തുലാം ഒന്നാം തീയതിയാണ് മറ്റേത്‌. സൂര്യന്‍റെ ഉച്ചപ്രവേശ, വസന്ത−ചൈത്രകാലം, കൊയ്ത്തും പുതുകൃഷിയുടെ ആരംഭവും, കലിവർ‍ഷാരംഭം എന്നിങ്ങനെ മേടവിഷുവിനു പ്രാധാന്യം ഏറെയുണ്ട്.

നമ്മുടെ പ്രിയപ്പെട്ട കവികളെല്ലാം കണിക്കൊന്നയും വിഷുക്കണിയും പൂത്തിരിയും വിഷുപക്ഷിയുടെ പാട്ടും കാവ്യബിംബങ്ങളാക്കിയിട്ടുണ്ട്. നമ്മുടെ മഹാകവി പി.കുഞ്ഞിരാമൻ ‍നായരുടെ ഏതാനും വരികൾ‍ നോക്കുക.

 

മലയജമുരസിപ്പരിമളമേകും 

കാട്ടിൽ‍ വിഷുവേല

മേടപ്പുലരി കൊളുത്തും തങ്ക−

വിളക്കിന്‍ വിഷുവേല

പൗർ‍ണ്ണമി വെയ്ക്കും വെള്ളിവിളക്കിന്‍

മംഗള വിഷുവേല

പട്ടം കെട്ടിയ മലകൾ‍ നിരക്കും

ദിക്കിന്‍ വിഷുവേല

തങ്കപ്പൂവണി മലയാളത്തിന്‍

കാവിൽ‍ വിഷുവേല.

(വിഷുപക്ഷിയുടെ പാട്ട്) 

 

“കണികൊന്നയല്ലേ വിഷുക്കാലമല്ലെ പൂക്കാതിരിക്കാനെനിക്കാവതില്ലേ” എന്ന് അയ്യപ്പ പണിക്കരും പാടിയിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ‍ ഓരോ കൊന്നയും കുട നിവർ‍ത്തുന്ന കാലം, വിഷുക്കാലത്ത് പൂക്കാതിരിക്കാനാവില്ല ഒരു കൊന്നയ്ക്കും. −പിന്നെങ്ങനെ അതേക്കുറിച്ച് എഴുതാതിരിക്കാൻ കവികൾ‍ക്ക് സാധിക്കും?

ഉത്തരഭാരതത്തിൽ‍ ബിഹു എന്ന ആഘോഷവും വൈശാഖി എന്ന ആഘോഷവും നമ്മുടെ വിഷുവിനു സമാനമായാണ് കൊണ്ടാടാറുള്ളത്. അസമിലെ രാംഗോലിബിഹു പൂർ‍ണ്ണമായും ഒരു കാർ‍ഷികഘോഷമാണ്. അതേപോലെ തന്നെ ആന്ധ്ര, കർ‍ണ്ണാടക എന്നിവിടങ്ങളിൽ‍ യുഗാദി എന്ന ആഘോഷമാണുള്ളത്‌. പേരുകളിൽ‍ വ്യത്യസ്തത ഉണ്ടെങ്കിലും ആചാര രീതികൾ‍ ഭാരതമാസകലം ഏറെക്കുറെ ഒരുപോലെ തന്നെയാണ്. വിഷുവിനെ സംബന്ധിച്ച് പല ഐതിഹ്യങ്ങൾ‍ നിലവിലുണ്ട്. നരകാസുരവധവുമായും രാവണവധവുമായും ബന്ധപ്പെട്ടതാണ് അതിൽ‍ ഏറെയും. ഭാസ്കര രവിയുടെ തൃക്കൊടിത്താനം ശാസനത്തിലാണ് വിഷുവിനെ കുറിച്ചുള്ള ആദ്യ പരാമർ‍ശം ഉള്ളത്.

ഓണസദ്യ പോലെ തന്നെ മലയാളികൾ‍ക്ക് പ്രിയപെട്ടതാണ് വിഷുസദ്യയും. രുചികരമായ പലതരം വിഭവങ്ങൾ‍ ഓരോരുത്തരുടെയും താൽപ്പര്യമനുസരിച്ച് ഉണ്ടാക്കുന്നു. എത്രതന്നെ ദാരിദ്ര്യമനുഭവിക്കുന്നവരായാലും ഓണത്തിനും വിഷുവിനും ഒരു കൊച്ചുസദ്യയെങ്കിലും ഒരുക്കാതിരിക്കുകയില്ല. തേങ്ങയും ശർ‍ക്കരയും പച്ചരിയും ചേർ‍ത്തുണ്ടാക്കിയിരുന്ന വിഷുക്കട്ട പണ്ടുകാലത്തെ ഒരു പ്രത്യേക വിഭവമായിരുന്നു.

മുതിന്നവർ‍ കുഞ്ഞുങ്ങൾ‍ക്ക് ഐശ്വര്യം നിറഞ്ഞ നാളേക്കായി നൽ‍കുന്ന വിഷുകൈനീട്ടം വിഷുവിന്‍റെ ഒരു പ്രധാന പ്രതീകമാണ്. ധനധാന്യസമൃദ്ധി, ഐശ്വര്യം, അറിവ് എല്ലാം നിനക്ക് കരഗതമാവട്ടെ എന്ന പ്രാർ‍ത്ഥനയോടെയാണ് കൈനീട്ടം നൽ‍കുന്നത്. യാന്ത്രികമായ ജീവിതത്തിൽ‍ പൂർ‍വ്വികർ‍ പകർ‍ന്നുതന്ന വിഷു ആഘോഷത്തിന്‍റെ തനിമ നഷ്ടപ്പെടാതെ നിലനിർ‍ത്തുന്നത് ഒരുപരിധിവരെ മറുനാടൻ മലയാളികളാണെന്നു പറഞ്ഞാൽ‍ അതിശയോക്തി ആവില്ല.

കാലഗണനയിലെ ധാർ‍മ്മികതയുടെ പ്രതീകമായ ഉത്തരായനത്തിൽ‍ അധർ‍മ്മ ശക്തികളുടെ മേൽ‍ വിജയം നേടുന്ന ധാർ‍മ്മിക ശക്തികളുടെ സന്തോഷപ്രകടനത്തിന്റെയും, ഒപ്പം മനുഷ്യനും പ്രകൃതിയും തമ്മിൽ‍ ഉള്ളതും ഉണ്ടായിരിക്കേണ്ടതുമായ അഭേദ്യമായ ബന്ധത്തിന്റെ പവിത്രമായ സന്ദേശമാകട്ടെ നമുക്ക് ഈ വിഷുദിനം.

You might also like

Most Viewed