കണ്ണീ­രു­ണങ്ങാ­തെ­ ഖാ­ൻ­ഷെ­യ്ഖൗ­ൺ


വി.ആർ. സത്യദേവ് 

രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ വാർത്താമുറികളിലിരുന്നു വിദേശ വാർത്തകൾ പരതുന്പോൾ പശ്ചിമേഷ്യയിലെ ഫലസ്തീനിൽ നിന്നുള്ള ആക്രമണ, മരണ വർത്തമാനങ്ങൾ ഒരു പതിവ് വാർത്തയായിരുന്നു. ഫലസ്തീന്റെ മണ്ണിൽ നിന്നുള്ള അക്രമ വർത്തമാനങ്ങളില്ലാതെ ഒരു വാർത്താബുള്ളറ്റിനുകളും പോവില്ല എന്നതായിരുന്നു സ്ഥിതി. അത് മാറിയിരിക്കുന്നു. ഇന്ന് അശാന്തിയുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന പശ്ചിമേഷ്യൻ മണ്ണ് സിറിയയാണ്. കഴിഞ്ഞ ആറാണ്ടായി സിറിയ പതിവായി ഈ നിലയിലെത്തിയത്. ചരിത്രമുറങ്ങുന്ന മണ്ണാണ് സിറിയ. ആയിരക്കണക്കിന് മനുഷ്യൻ തുടർച്ചയായി അധിവസിക്കുന്ന മണ്ണ്. സംസ്കാരികമായും വ്യാവസായികമായും സാന്പത്തികവുമായെല്ലാം ഏറെ നേട്ടങ്ങൾ കൈവരിച്ച മണ്ണ്. പക്ഷേ ഇന്നു കണ്ണീരിൻ്റെയും അശാന്തിയുടെയും തുടർച്ചയായ ചോര ചൊരിച്ചിലിന്റെയും മണ്ണാണ് സിറിയ. മരണം കരാള നൃത്തമാടുന്ന, പൈശാശികത പത്തി വിരിച്ചാടുന്ന മണ്ണ്. സിറിയയൽ നിന്നും ഈയാഴ്ചയെത്തുന്നത് രണ്ടു വലിയ ആക്രമണങ്ങളുടെ വർത്തമാനമാണ്. 

കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ച വടക്കൻ നഗരമായ ഖാൻഷയ്ഖൗണിലാണ് ആദ്യ ആക്രമണം നടന്നത്. 70 ജീവനുകളാണ് ഈ ആക്രമണത്തിൽ നഷ്ടമായത്. ഇവരിൽ ഏറെയും കുഞ്ഞുങ്ങളാണ് എന്നാണ് ഖാൻഷെയ്ഖൗണിനു സമീപ നഗരമായ ആലപ്പോയിലെ ആലപ്പോ മെഡിക്കൽ സെന്ററിൽനിന്നുള്ള റിപ്പോർട്ടുകൾ നൽകുന്ന സൂചന. പ്രസിഡണ്ട് ബാഷർ അൽ അസ്സദിനെ എതിർക്കുന്ന വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ഖാൻ ഷയ്ഖൗൺ. ചെവ്വാഴ്ച കാലത്ത് ആറരയോടെയായിരുന്നു നഗരത്തിനുമേലുള്ള ആദ്യ വ്യോമാക്രമണം. ജനവാസകേന്ദ്രങ്ങളും ആശുപത്രികളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് വിമത സംഘടനകൾ ആരോപിക്കുന്നു. അതെന്തായാലും സംഭവത്തിന്റെതായി പുറത്തുവരുന്ന ദൃശ്യങ്ങൾ ഹൃദയ ഭേദകങ്ങളാണ്. ഇത്തരം ആക്രമണങ്ങളിടെ ഇരകൾ ഊന്നൽ നൽകുന്നത് കുഞ്ഞുങ്ങളും സ്ത്രീകളുമടക്കമുള്ള നിരപരാധികൾ ആക്രമിക്കപ്പെടുന്നതായിരിക്കും. സമാനമായ സംഭവങ്ങളിൽ പലതിലും നമ്മൾ ഇത് കണ്ടിട്ടുള്ളതാണ്. സൈനിക നടപടികളുണ്ടാവുന്പോൾ കുഞ്ഞുങ്ങളെയുപയോഗിച്ച് മനുഷ്യകവചങ്ങൾ തീർത്തതിനെപ്പറ്റിയുള്ള റിപ്പോർട്ടുകളും പലതും നമ്മൾ കണ്ടിട്ടുണ്ട്. പുറത്തു വിട്ട ചിത്രങ്ങളിൽ ഇത്തരം ദൃശ്യങ്ങൾക്ക് പ്രാമുഖ്യം നൽകാൻ ബന്ധപ്പെട്ടർ ശ്രദ്ധ വെച്ചിട്ടുണ്ടാവാം. എന്നാൽ തികച്ചും അപ്രതീക്ഷിതമായ ഈ ആക്രമണത്തിൽ കുഞ്ഞുങ്ങളെ വെച്ച് മനുഷ്യമതിൽ ഉണ്ടാക്കാൻ ഒരുതരത്തിലും സാദ്ധ്യതയില്ല. 

കൊല്ലപ്പെട്ടവരുടേതായി പുറത്തുവിട്ട ചിത്രങ്ങളിൽ കാണുന്ന കുഞ്ഞുങ്ങളുടെ ശരീരത്തിൽ പരിക്കുകളൊന്നും കാണാനില്ല. ഇവരിലേറെയും ശ്വാസം മുട്ടിയാവണം മരിച്ചത്. അതുകൊണ്ടുതന്നെയാണ് ആക്രമണത്തിൽ രാസായുധങ്ങൾ ഉപയോഗിച്ചിരിക്കാമെന്ന വിലയിരുത്തലുണ്ടാവുന്നത്. സിറിയയിലെ വിമത പോരാളികളാണ് ഈ ആരോപണമുന്നയിച്ചിരിക്കുന്നത്. കാലത്തു നടന്ന വ്യോമാക്രമണത്തോടേ ഒട്ടേറെപ്പേർക്ക് തലചുറ്റലുമുണ്ടായി. നിരവധിആൾക്കാർക്ക് കാഴ്ച മങ്ങി. ഇവർക്കൊക്കെ മതിയായ ചികിൽസ ലഭ്യമാകാത്തത് സ്ഥിതിഗതികൾ കൂടുത‌ൽ വഷളാക്കുന്നു. യുദ്ധമുഖങ്ങളിൽ പോലും ആതുരാലയങ്ങൾക്ക് നേരേ ആക്രമണങ്ങളുണ്ടാകുന്നത് അത്യപൂർവ്വമാണ്. പലപ്പോഴും അബദ്ധത്തിലാവും അങ്ങനെ സംഭവിക്കുക. സിറിയയിൽ അസ്സദ് ഭരണകൂടം പക്ഷേ ബോധപൂർവ്വം തന്നെ ഇക്കാര്യത്തിൽ തന്ത്രപരമായ വീഴ്ച വരുത്തുന്നു. ആശുപത്രികളില്ലാതായാൽ ശത്രുപക്ഷം കൂടുതൽ ദുർബ്ബലരാവും എന്നതാണ് യുദ്ധത്തിലെ അസ്സദിൻെറ തന്ത്രം.

അതിനിടെയാണ് അസദിനെതിരെയുള്ള നിലപാട് അമേരിക്ക കൂടുതൽ കടുപ്പിച്ചത്. രാജ്യത്തെ പ്രശ്നങ്ങളുടെ പേരിൽ അസദ് സ്ഥാനത്തുനിന്നു മാറണമെന്നതാണ് ഒബാമയുടെ കാലം തൊട്ട് അമേരിക്കയുടെ നിലപാട്. എന്നാൽ റഷ്യയെടുത്തിരിക്കുന്ന അതിശക്തമായ അസദ് അനുകൂല നിലപാടുമൂലം അമേരിക്കക്കും സഖ്യകക്ഷികൾക്കും ഇത് അസാദ്ധ്യമായി തുടരുകയാണ്. റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുചിനും അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപും തമ്മിൽ ഉണ്ടായിരുന്നു എന്നു തോന്നിപ്പിച്ച ഊഷ്മള ബന്ധം സിറിയൻ പ്രശ്നത്തിൽ അസദിന് അനുകൂലമായ അന്ത്യമുണ്ടാകുമെന്ന തോന്നലും ജനിപ്പിച്ചിരുന്നു. എന്നാൽ സ്വന്തം രാജ്യത്തു തന്നെ ഭരണ നടത്തിപ്പിൽ ട്രംപിനു തിരിച്ചടികളുടെ പരന്പര തന്നെ നേരിടേണ്ടി വരുന്നതിനാണ് വർത്തമാനകാലം സാക്ഷ്യം വഹിക്കുന്നത്. അതിനൊപ്പം കൊട്ടിഘോഷിക്കപ്പെട്ട ട്രംപ്−-പുചിൻ സൗഹൃദത്തിന്റെ കാന്പില്ലായ്മയും വെളിവായി തുടങ്ങി. സ്വന്തം മണ്ണിൽ കാര്യങ്ങൾ കൈവിട്ടു പോവുന്പോഴൊക്കെ അമേരിക്കൻ നായകർ പതിവായി ചെയ്യുന്ന കാര്യമാണ് ലോക പോലീസുകളിച്ച് സമാധാന പാലനമെന്നപേരിൽ ഏഷ്യൻ ഭൂഖണ്ധത്തിലെ ഏതെങ്കിലും രാജ്യങ്ങൾക്കുമേൽ കുതുരകയറുക എന്നത്. അഫ്ഗാനിസ്ഥാനെതിരെയും ഇറാഖിനെതിരെയും ഒക്കെയുള്ള സൈനിക നടപടികൾക്കു പിന്നിലെല്ലാം ഇത്തരം സമാനമായ സാഹചര്യങ്ങൾ നമുക്കു വായിച്ചെടുക്കാം. ഇപ്പോഴുണ്ടായിരിക്കുന്ന സൈനിക നടപടിക്കു കാരണമായി അമേരിക്ക പറയുന്നത് ഖാൻ ഷയ്ഖൗണിൽ സിറിയൻ സൈന്യം നടത്തിയതായി പറയുന്ന രാസായുധ പ്രയോഗമാണ്. ഇത്തരത്തിലൊരു രാസായുധ പ്രയോഗം നടത്തിയിട്ടില്ല എന്നതാണ് സിറിയൻ നായകൻ ബാഷർ അൽ അസദിന്റെ പക്ഷം. എതിരാളികൾക്കു നേരേ രാസായുധം പ്രയോഗിക്കുക എന്നത് സിറിയയുടെ രീതിയല്ല എന്നും അസദ് പറഞ്ഞുവയ്ക്കുന്നു. ഇക്കാര്യത്തിലെ അമേരിക്കൻ വാദം തെളിവുകളുടെയും സൂഷ്മപരിശോധനകളുടെയും അഭാവത്തിൽ പൂർണ്ണമായും അംഗീകാരിക്കാനും ആവില്ല. 

രാസായുധ പ്രയോഗമാരോപിച്ച് വെള്ളിയാഴ്ചയാണ് സിറിയയിലെ അൽ ഷയ്റാത് വ്യോമതാവളത്തിനുനേരേ അമേരിക്ക വ്യോമാക്രമണം നടത്തിയത്. ഇവിടെ നിന്നാണ് ഖാൻ ഷെയ്ഖൗൺ നഗരത്തിനുനേരെയുള്ള സിറിയൻ ആക്രമണത്തിനുള്ള വിമാനങ്ങൾ പറന്നുയർന്നത് എന്നതാണ് അതിന് നേർക്ക് ആക്രമണം നടത്താനുള്ള കാരണമായി അമേരിക്ക വ്യക്തമാക്കുന്നത്. ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. വ്യോമതാവളത്തിനു കാര്യമായ കേടുപാടു പറ്റിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതലാക്രമണങ്ങൾക്ക് അമേരിക്ക തയ്യാറാണെന്ന് യു.എന്നിലെ അമേരിക്കൻ അംബാസഡർ നിക്കി ഹേലി പറഞ്ഞു. എന്നാൽ അതിന്റെ ആവശ്യമുണ്ടാവില്ലെന്നും ഹേലി പറയുന്പോൾ ഉടനൊരു പുനരാക്രമണത്തിന് സാദ്ധ്യതയില്ല എന്നതാണ് വ്യക്തമാകുന്നത്. 

പക്ഷേ അമേരിക്കയുടെ ആക്രമണത്തിനെതിരെ അതിശക്തമായ നിലപാടാണ് റഷ്യ എടുത്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇക്കാര്യത്തിലെ റഷ്യൻ വിദേശകാര്യമന്ത്രിയുടെ നിലപാട് കടുത്തതും ചിന്തനീയവുമാണ്. ആഭ്യന്തര തീവ്രവാദികളുമായി സമരത്തിലേർപ്പെട്ടിരിക്കുന്ന രാജ്യമാണ് സിറിയ. ആ രാജ്യത്തിനെതിരെയുള്ള ആക്രമണത്തിലൂടെ ആത്യന്തികമായി തീവ്രവാദികളെ ശാക്തീകരിക്കുകയാണ് അമേരിക്ക ചെയ്യുന്നതെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറയുന്നു. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന് നേരെ നടത്തുന്ന അമേരിക്കൻ കടന്നാക്രമണം ഇക്കാര്യത്തിലെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് എന്ന് റഷ്യൻ നായകൻ വ്ളാദിമിർ പുചിനും ശക്തമായ അസദ് അനുകൂല നിലപാട് വ്യക്തമാക്കുന്നു. ഇതൊക്കെ വിലയിരുത്തുന്പോൾ ഉറപ്പാകുന്ന ഒരേയൊരു കാര്യം സിറിയയിൽ അടുത്തെങ്ങും തിരിച്ചു വരില്ല എന്നതു തന്നെയാണ്. കണ്ണീരുണങ്ങാത്ത സിറിയയെ കാലം കാക്കട്ടെ.

You might also like

Most Viewed