അറി­യണം ഗുഡ് ടച്ചും ബാഡ് ടച്ചും


കൂക്കാനം റഹ്്മാൻ

 

വിദ്യാലയങ്ങളിൽ‍ നടത്തുന്ന ബോധവത്ക്കരണ ക്ലാസുകൾ‍ അപകടങ്ങളിലേക്ക് നീങ്ങുന്നുണ്ടോ എന്നൊരു സംശയം. ഒരു അനുഭവം ഇവിടെ പങ്കുവയ്ക്കട്ടെ. സ്‌കൂൾ‍ വിട്ടുവന്ന മൂന്നാം ക്ലാസുകാരി അച്ഛനോടായി ചോദിച്ചു.

‘അച്ഛനും മാമ്മന്‍മാരും അപ്പച്ഛന്‍മാരും ആരും എന്നെ തൊടാൻ പാടില്ലേ അച്ഛാ? ‘എന്താ ഇപ്പോൾ‍ ഒരു സംശയം’ അച്ഛൻ ആരാഞ്ഞു. ‘അതോ അച്ഛാ, ഇന്നെന്റെ സ്‌കൂളിൽ‍ ഒരാന്റി വന്നു. അവർ‍ ഞങ്ങൾ‍ക്ക് ഒരു ക്ലാസെടുത്തു. അവർ‍ പറഞ്ഞതാണ് പെൺ‍കുട്ടികൾ‍ അച്ഛന്‍മാരെപ്പോലും ഉമ്മ വെയ്ക്കുത്. ആണുങ്ങളെ തൊടാൻ പാടില്ല, ആരെങ്കിലും തൊട്ടാൽ‍ ടീച്ചറോടും അമ്മയോടും ഉടൻ പറയണം’. ഇത്രയും കേട്ട അച്ഛൻ അവളോടായി പറഞ്ഞു. ‘മോളേ, മോളുടെ ഇഷ്ടമോ അനുവാദമോ ഇല്ലാതെ മോളുടെ ദേഹത്ത് തൊടുകയോ, ഉപദ്രവിക്കുകയോ ചെയ്താൽ‍ പറയണം എന്നാണ് ആ ചേച്ചി ഉദ്ദേശിച്ചത്.’

‘അല്ല അച്ഛാ നിങ്ങളെ വീട്ടിൽ‍ വെച്ച് അച്ഛന്‍മാർ‍ ഉമ്മ വെയ്ക്കുന്നുണ്ടോ എന്നൊക്കെ ചോദിച്ചു കുറച്ചുകുട്ടികൾ‍ ഉണ്ടെന്ന് പറഞ്ഞു. അവരെയൊക്കെ മാറ്റി നിർ‍ത്തി എവിടെയാണ് ഉമ്മ വെയ്ക്കുന്നത് എന്ന് ചോദിച്ചു. എനിക്ക് പേടിയായി ഞാൻ മിണ്ടാതെയിരുന്നു. ഇത്രയും പറഞ്ഞ് അവൾ‍ ഏങ്ങലടിച്ച് കരയാനൻ തുടങ്ങി. അവൾ‍ അച്ചനോടായി വീണ്ടും പറഞ്ഞു.

‘എല്ലാ ദിവസവും രാത്രിയിൽ‍ ഗുഡ്‌നൈറ്റ് പറഞ്ഞ് അച്ഛനെന്റെ നെറ്റിയിൽ‍ ഉമ്മ തരാറില്ലേ.. അതെല്ലാം ഇനി പറ്റില്ല എന്നാണോ? അച്ഛന്റെ ഗുഡ് നൈറ്റ് കിട്ടാതെ ഞാനെങ്ങനെ ഉറങ്ങും. ഇക്കാര്യം സ്‌കൂളിലെ ആന്റി അറിഞ്ഞാൽ‍ അച്ഛനെ പോലീസ് പിടിക്കുമോ? അയാൾ‍ ഒന്നും പറയാതെ നിശ്ശബ്ദത പൂണ്ടു.

പെൺ‍കുട്ടികളെ അച്ഛന്മാരിൽ‍ നിന്ന് പേടിപ്പിച്ച് അകറ്റിനിർ‍ത്തേണ്ടതില്ല. ചില മാനസിക രോഗികൾ‍ ഉണ്ടെന്ന് കരുതി സ്‌നേഹസന്പന്നരായ പിതാക്കന്മാരുടെ സ്‌നേഹം അവർ‍ക്ക് ലഭിക്കാതിരിക്കരുത്. അച്ഛന്‍മാരുടെ സ്‌നേഹ ചുംബനവും തലോടലിന്റെ ആശ്വാസവും നമ്മുടെ പെൺ‍മക്കളെ വൈകാരികമായ പക്വതയിലെത്തിക്കും.

സംശയകണ്ണുകളോടെ മാത്രം അച്ഛനെ നോക്കാൻ പെൺ‍മക്കളോട് ഒരിക്കലും പറയരുത്. പിന്നീട് സ്വന്തം ഭർ‍ത്താവിനെയടക്കം ലോകത്ത് ഒരാണിനെയും അവർ‍ വിശ്വസിക്കാതാവും. ഭർ‍ത്താവ് (അച്ഛൻ) പീഡോഫീലിയക്കാരനാണെങ്കിൽ‍ (കുഞ്ഞുങ്ങളെ ലൈംഗിക കൃത്യത്തിന് ഉപയോഗിക്കുന്നവർ‍) അത് മനസ്സിലാക്കാൻ ഭാര്യ(അമ്മയ്ക്ക്)ക്കാവണം. അത്തരം അമ്മമാർ‍ കുട്ടിയോട് ‘അച്ഛനെ സൂക്ഷിക്കണം’ എന്നു പറയുന്നതിന് പകരം അയാളെ ചവിട്ടി പുറത്താക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ‍ അയാളിൽ‍ നിന്നും സുരക്ഷിത സ്ഥലത്തേക്ക് മാറുക. വേണ്ടാത്ത കാര്യങ്ങൾ‍ പറഞ്ഞ് കുഞ്ഞുങ്ങളുടെ മനസിൽ‍ വിഷം നിറക്കാതിരിക്കുക.

കുട്ടികൾ‍ പൂന്പാറ്റകളെ പോലെ പറന്നു നടക്കട്ടെ. ചെന്നുപെടുന്ന കെണികളെ കുറിച്ച് അവർ‍ക്ക് മുന്നറിയിപ്പ് നൽ‍കുകയാണ് വേണ്ടത്. അല്ലാതെ അവരുടെ ചിറകുകൾ‍ മുറിച്ച് മാറ്റുകയല്ല. സ്വശരീരത്തിലെ സ്വകാര്യഭാഗങ്ങളിൽ‍ സ്പർ‍ശിക്കാൻ മുതിരുന്ന ആരായാലും അവരിൽ‍ നിന്ന് കുതറിയോടാനുള്ള മനോധൈര്യം കുഞ്ഞുങ്ങളിലുണ്ടാക്കിയെടുക്കണം. കുഞ്ഞുങ്ങളെ ഭയപ്പെടുത്തി കാര്യം ബോധ്യപ്പെടുത്താതെ രസകരമായും അവരുടെ ഉള്ളിൽ‍ തട്ടും വിധവും എങ്ങിനെയാണ് ഇത്തരക്കാരോട് പെരുമാറേണ്ടതെന്ന് ഉദാഹരണ സഹിതം പറഞ്ഞു കൊടുക്കണം.

മോൾ മനോഹരമായ പൂന്പാറ്റയെ കാണുന്പോൾ‍ അതിന്റെ പൂഞ്ചിറകുകളിൽ‍ ആകൃഷ്ടയായി മെല്ലെ മെല്ലെ പതിഞ്ഞു നിന്ന് പിടിക്കാൻ ശ്രമിക്കാറില്ലേ? അപ്പോൾ‍ പൂന്പാറ്റ എന്തു ചെയ്യും മോളെ?

‘അത് പറന്ന് ദൂരെ പോകും’.. ‘ആ മോൾ ദ്രോഹിക്കും എന്ന് വിചാരിച്ചല്ലേ പൂന്പാറ്റ പറന്ന് പോയത്, അതുപോലെ മോളെ ആരെങ്കിലും അനാവശ്യമായി തൊടാൻ വരുന്പോൾ‍ രക്ഷപ്പെടണം.’ ‘ചെറിയ പട്ടികുഞ്ഞിനെ അതിനടുത്ത് ചെന്ന് പിടിക്കാനോ എടുക്കാനോ ശ്രമിക്കുന്പോൾ‍ അത് എന്തു ചെയ്യും?’ ‘പട്ടിക്കുഞ്ഞ് കുരയ്ക്കും’.. ‘ ആ.. അങ്ങനെ മോളെ ആരെങ്കിലും ദ്രോഹിക്കാനാണ് വരുന്നതെന്നുതോന്നിയാൽ‍ രക്ഷപ്പെടാൻ പറ്റുന്നില്ലെങ്കിൽ‍ ഉറക്കെ കരയണം, വിളിച്ച് പറയണം.’

‘അതുപോലെ തലപുറത്തേക്കിട്ട് നടക്കുന്ന ആമയെ കണ്ടില്ലേ? ആരെങ്കിലും അതിനടുത്ത് ചെന്ന് തൊടാൻ ശ്രമിച്ചാലെന്ത് ചെയ്യും?’.. ‘ആമ തല ഉള്ളിലേയ്ക്ക് വലിക്കും’.. ‘അതുപോലെ മോളെ ആരെങ്കിലും ദ്രോഹിക്കാൻ വരുന്പോൾ‍ വീട്ടിലേയ്ക്കോ ക്ലാസ് മുറിയിലേക്കോ ചെന്ന് വാതിലടക്കണം..’

കൊച്ചു കുഞ്ഞുങ്ങളെ ലൈംഗികാസക്തിക്ക് വിധേയമാക്കുന്നത് അടുത്ത ബന്ധുക്കളും രക്ഷിതാക്കളുമാണെന്ന് ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളാണ് ദിവസേനയെന്നോണം കേട്ടുകൊണ്ടിരിക്കുന്നത്. അച്ഛാച്ഛൻ കൊച്ചുമകളെ പീഡിപ്പിക്കുന്നു, അച്ഛൻ സ്വന്തം മകളെ, അദ്ധ്യാപകൻ വിദ്യാർ‍ത്ഥിനിയെ, ജ്യേഷ്ഠൻ അനിയത്തിയെ ലൈംഗിക അതിക്രമം നടത്തുന്ന നാണക്കേടുകൾ‍ നിത്യ സംഭവമായി മാറിയ കാലം.

സഹോദരന്റെ സ്ഥാനത്തുനിൽ‍ക്കുന്ന ചെറുപ്പക്കാരൻ എളേമ്മയുടെ മകളെ ആളില്ലാനേരം കട്ടിലിൽ‍ ബന്ധനത്തിലാക്കി ലൈംഗിക കടന്നുകയറ്റത്തിലൂടെ ദ്രോഹിച്ച വസ്തുത ഏഴാം ക്ലാസുകാരിയായ കൊച്ചു പെൺ‍കുട്ടി തന്റെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നു. ഇത് ഒരു തവണ അല്ല പലതവണ ആവർ‍ത്തിക്കുന്നു. ഇതേ വരെ പുറത്ത് പറയാതെ ഒതുക്കി വെച്ച കാര്യം വിമ്മിഷ്ടത്തോടെ തുറന്ന് പറയാൻ അവളെ പ്രേരിപ്പിച്ചത് കഴിഞ്ഞ മൂന്ന് മാസമായി മാസമുറ നടക്കാത്തതിനാലാണ്. ഇക്കാര്യം കൂട്ടുകാർ‍ വഴി ടീച്ചർ‍ അറിയുന്നു. ടീച്ചർ‍ ചൈൽ‍ഡ് ലൈനിനെ അറിയിക്കുന്നു. ചൈൽ‍ഡ് ലൈൻ പ്രവർ‍ത്തകർ‍ കുട്ടിയേയും കുട്ടിയുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് പോലീസിൽ‍ അറിയിക്കുന്നു.

നിയമപ്രകാരമുള്ള നടപടികളുമായി പോലീസ് മുന്നോട്ടുപോവുകയാണ്. മെഡിക്കൽ‍ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ‍ ബന്ധപ്പെട്ട ഡോക്ടർ‍ ലൈംഗിക കടന്നുകയറ്റം നടന്നതായി തെളിയുന്നില്ല എന്നാണ് റിപ്പോർ‍ട്ട് നൽ‍കിയത്. ഇവിടെ കുട്ടി നടന്നകാര്യം കൃത്യമായി തെളിയിച്ച് പറഞ്ഞിട്ടുപോലും മെഡിക്കൽ‍ ടെസ്റ്റിൽ‍ അത് വ്യക്തമാകുന്നില്ല എന്ന നിഗമനം മൂലം വേട്ടക്കാരന്‍ വലയ്ക്ക് പുറത്താകാനാണ് സാധ്യത.

പല പ്രമുഖ വനിതകൾ‍ക്കും ജീവിതത്തിൽ‍ കുഞ്ഞായിരിക്കുന്പോൾ‍ ചീത്ത തൊടലുകൾ‍ അവരുടെ ജീവിതകുറിപ്പുകളിൽ‍ പച്ചയായി രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരം അനുഭവങ്ങൾ‍ വർ‍ത്തമാനകാല സമൂഹ ജീവിതത്തിലും കുഞ്ഞുങ്ങൾ‍ അറിയുകയും അതിൽ‍ നിന്നുള്ള പാഠം ഉൾ‍ക്കൊള്ളുകയും വേണം.

ഒരു പ്രമുഖ മാധ്യമ പ്രവർ‍ത്തകയായ ജിഷ ജോഷ് അവരുടെ ആറാം വയസ്സിലെ അനുഭവം പറയുന്നതിങ്ങനെയാണ്. ‘അന്ന് ഞാൻ ഒന്നാം ക്ലാസുകാരിയാണ്. തനിച്ച് ആൾ‍പാർ‍പ്പില്ലാത്ത വഴിയിലൂടെ സ്‌കൂൾ‍ വിട്ട് തിരിച്ച് വരികയാണ്. പെട്ടെന്ന് കറുത്ത രൂപമുള്ള നീണ്ട ഒരു മാമൻ പിറകിലൂടെ വരുന്നത് കണ്ടു. ആ വഴിയിൽ‍ നിറയെ കായ് നിറഞ്ഞു നിൽ‍ക്കുന്ന ഒരു നെല്ലിമരമുണ്ട്. മോൾ‍ക്ക് നെല്ലിക്ക വേണോ? മാമൻ പറിച്ചു തരാം. കൊതിയോടെ ഞാൻ പറഞ്ഞു.. വേണം മാമാ. അയാൾ‍ മരത്തിലേക്ക് ആഞ്ഞു വലിഞ്ഞ് കയറി. നെല്ലിക്ക തുരുതുരെ പറിച്ച് തഴേക്കിട്ടു. അവ പെറുക്കിയെടുത്ത് എന്റെ കുഞ്ഞു ബാഗ് നിറഞ്ഞു. ഞാൻ കുനിഞ്ഞിരുന്ന് നെല്ലിക്ക പെറുക്കുന്ന ശ്രദ്ധയിലായിരുന്നു. പെട്ടെന്ന് മാമൻ എന്റെ മേലിൽ‍ ചാടി വീണു. പിന്നെ ഒന്നും എനിക്കോർ‍മ്മയില്ലായിരുന്നു. അയാളുടെ പിടിയിൽ‍ നിന്നു രക്ഷപ്പെട്ട ഞാൻ വീട്ടിലേക്കോടി. 21 കൊല്ലം മുന്‍പ് നടന്ന ആ സംഭവം ഇന്നും എന്നെ വേദനിപ്പിക്കുന്നു. എവിടെ ചെല്ലുന്പോഴും ആ സംഭവം എന്നെ തളർ‍ത്തുന്നു.’

തെരുവിൽ‍ വളർ‍ന്ന് ഇന്ന് ഭർ‍ത്താവിനൊപ്പം ദുബൈയിൽ‍ സംതൃപ്തമായ ജീവിതം നയിച്ചു വരുന്ന പ്രമുഖ എഴുത്തുകാരി ഷമി. അവൾ‍ എഴുതിയ സ്വന്തം ജീവിത കഥയായ ‘നടവഴിയിലെ നേരുകൾ‍‘ എന്ന പുസ്തകത്തിൽ‍ അവരുടെ കുഞ്ഞുനാളിലെ അനുഭവങ്ങൾ‍ പങ്കിടുന്നതും ഇന്നത്തെ കുഞ്ഞുങ്ങളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ടതുതന്നെയാണ്. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ‍ ആയിരുന്നു അവൾ‍ അന്ന്. രക്ഷിതാക്കളോടൊപ്പം കുഞ്ഞുന്നാളിൽ‍ ഒരു വാടക വീട്ടിൽ‍ സഹോദരങ്ങളോടൊപ്പം ജീവിച്ചുവരികയായിരുന്നു. അവളുടെ ബാപ്പ തെരുവുകച്ചവടക്കാരനാണ്. അദ്ദേഹത്തെ പോലുള്ള പലരും അവിടെ കടന്നുവരാറുണ്ട്. പല്ലൂന്തി, ഇരുകവിളിലൂടെ ചാറൊലിക്കുന്ന ഇരുകാലിനും വ്രണങ്ങമുളള ഒരു ബലൂൺ വിൽ‍പ്പനക്കാരനും അവളുടെ കുടിലിൽ‍ ഇടക്കിടെ ബാപ്പയോടൊന്നിച്ച് വരാറുണ്ട്. അന്ന് ഷമിക്ക് അഞ്ച് വയസ്സായി കാണും. അയാളുടെ കൈയ്യിലുള്ള ബലൂൺ കെട്ട് കാണുന്പോൾ‍ അവൾ‍ക്ക് കൊതി തോന്നും. അയാൾ‍ ബലൂൺ കാണിച്ച് അടുത്തേക്ക് വിളിക്കും. ഇരു കൈയും നീട്ടി അവളെ വാരി മടിയിലിരുത്തും. അയാളുടെ വായനാറ്റം അവൾ‍ക്ക് സഹിക്കാൻ കഴിയില്ല. ബലൂൺ കാണിച്ചു കൊണ്ട് അയാൾ‍ അവളെ കൊതിപ്പിക്കും. അയാൾ അതിരുകടക്കുന്പോൾ അവൾ‍ കുതറി എഴുന്നേൽ‍ക്കും. വീണ്ടും അയാൾ‍ അയാളിലേക്ക് അവളെ അടുപ്പിക്കും. ആദ്യത്തെ പോലെ തുടരുന്പോൾ‍ അവൾ‍ നിലവിളിക്കും. കരച്ചിൽ‍ കേട്ട് ഉമ്മ വരുന്പോഴേക്കും അയാൾ‍ അവളെ കൈവിടും...

ഇതൊക്കെ അറിയുന്പോൾ‍ ആൺ‍കുട്ടികളും, പെൺ‍കുട്ടികളും ഒപ്പം കളിക്കുന്നതും, പഠിക്കുന്നതും, ഭക്ഷണം കഴിക്കുന്നതും ഒക്കെ വിലക്കുകയല്ല വേണ്ടത്. ആണുങ്ങളെ കാണുന്പോഴൊക്കെ ഭയപ്പാടോടെ മാറി നിൽ‍ക്കുകയല്ല വേണ്ടത്. ബന്ധു ജനങ്ങളായ ആൺ പ്രജകളിൽ‍ നിന്ന് അകന്ന് നിൽ‍ക്കാൻ പ്രേരിപ്പിക്കുകയല്ല വേണ്ടത്. മറിച്ച് സ്വശരീരത്തിൽ‍ അനാവശ്യമായി സ്പർ‍ശിക്കുവാൻ തുടങ്ങുന്പോൾ‍ അരുത് എന്ന് പറയുവാനുള്ള ആജ്ഞാശക്തി കുഞ്ഞുങ്ങളിൽ‍ ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed