മദ്യനയം ജനങ്ങൾ­ക്ക് സംരക്ഷണമോ­? അതോ­ മദ്യശാ­ലകളെ­ രക്ഷി­ക്കാൻ മറു­വഴി­യോ­?


ഫിറോസ് വെളിയങ്കോട്

ദേശീയ, സംസ്ഥാന പാതകളോട് ചേർന്നുള്ള മദ്യശാലകൾ അടച്ചുപൂട്ടാനുള്ള സുപ്രീം കോടതി വിധി മറികടക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന ചില നീക്കങ്ങൾ ശക്തമായി എതിർക്കപ്പെടണം. അതിൽ ഏറ്റവും പ്രധാനം മദ്യശാലകൾക്ക് അനുമതി നൽകുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള അധികാരം ഇല്ലാതാക്കാനുള്ള നീക്കമാണ്. സർവ്വകക്ഷിയോഗം വിളിച്ചു കൂട്ടി എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സമ്മതം ഉറപ്പാക്കി തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഈ അധികാരം എടുത്തുകളയാനുള്ള നീക്കമാണ് നടക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലെങ്കിലും ഇത്തരമൊരു നീക്കമുണ്ടായാൽ അതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരും.

ദേശീയ സംസ്ഥാന പാതകളിൽ നിന്ന് 500 മീറ്റർ അകലെ വേണം മദ്യശാലകൾ പ്രവർത്തിക്കാൻ എന്ന സുപ്രീം കോടതി ഉത്തരവ് മദ്യ വിൽപ്പനയിൽ നഷ്ടം ഉണ്ടാകും എന്നത് ശരിയാണ്. എന്നാൽ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സുപ്രീം കോടതിയുടെ ഈ വിധിയെ മറികടക്കാൻ ശ്രമിക്കുന്നത് ശരിയാണോ...?

വരുമാനം നഷ്ടമാകും എന്നതുകൊണ്ട് മറ്റൊരു വഴി കണ്ടെത്തുകയല്ലേ വേണ്ടത്...! വേറെ എന്തൊക്കെ മാർഗ്ഗങ്ങളുണ്ട് വരുമാനം ഉണ്ടാക്കാൻ സർക്കാരിന്. ഇടത്തരം കുടുംബങ്ങളിലും ദരിദ്ര കുടുംബങ്ങളിലും ഭക്ഷണത്തിനും വസ്ത്രത്തിനും കുട്ടികളുടെ പഠനത്തിനും വിനിയോഗിക്കപ്പെടേണ്ട പണമാണ് മദ്യശാലകളുെട മേശപ്പുറത്ത് വീഴുന്ന പണത്തിന്റെ ഭൂരിഭാഗവും. അത് ഉപയോഗിക്കുന്നവരുടെ ആരോഗ്യം ക്ഷയിപ്പിക്കുക മാത്രമല്ല അവരുമായി ബന്ധപ്പെട്ടവരുടെ ജീവിതം ദുരിത പൂർണ്ണമാക്കുകയും ചെയ്യുന്നു.

സുപ്രീം കോടതിയുടെ ഈ ഉത്തരവോടെ അടച്ചുപൂട്ടേണ്ടി വന്ന മദ്യശാലകൾ തുറക്കാൻ ഓരോ സംസ്ഥാനവും പലതരം തന്ത്രങ്ങളും പരീക്ഷിക്കുകയാണ്. സംസ്ഥാന പാതകളെ ജില്ലാ പാതകളാക്കി മാറ്റാനാണ് മറ്റു ചിലരുടെ തന്ത്രങ്ങൾ.

ഇതൊക്കെ കാണുന്പോൾ ജനനന്മ കണക്കിലെടുത്ത് സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധിയെ അതിലംഘിക്കാൻ വഴികൾ തേടുകയല്ല ജനക്ഷേമത്തിന് താൽപ്പര്യമുള്ള സർക്കാരുകൾ ചെയ്യേണ്ടത്. 

മദ്യശാലകൾ അടച്ചു പൂട്ടുന്നത് സംസ്ഥാനങ്ങളുടെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നതാണ് കോടതി വിധി മറികടക്കാൻ നടത്തുന്ന ശ്രമങ്ങൾക്കുള്ള ന്യായ വാദം. എന്നാൽ മദ്യം ജനങ്ങളുടെ  ആരോഗ്യത്തിനെയും സന്പത്തിനെയും കുടുംബ ഭദ്രതയെയും എത്രമാത്രം ബാധിക്കുന്നുണ്ടെന്നത് സർക്കാരുകൾക്ക് ഒരു വിഷയമല്ല. അത്തരമൊരു സർക്കാരിന് ജനപക്ഷ സർക്കാരെന്ന് എങ്ങനെ അവകാശപ്പെടാനാകും?

പിന്നെ ടൂറിസം മേഖല മദ്യവ്യവസായവുമായി ബന്ധപ്പെട്ട തൊഴിലാളികൾ, ബീവറേജ് കോർപ്പറേഷനിൽ ജോലി ചെയ്യുന്നവർ ഇവർക്കൊക്കെ ജോലി എന്നത് വസ്തുത തന്നെയാണ്. ഇവരുടെയെല്ലാം പുനരധിവാസം സർക്കാർ ഏറ്റെടുക്കണം. അത് എത്രമാത്രം പ്രായോഗികമാകുമെന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും വലിയൊരു വിപത്ത് ഒഴിവാക്കുന്പോൾ ഉണ്ടാകുന്ന ഇത്തരം പ്രതിസന്ധികൾ എങ്ങിനെയെങ്കിലും പരിഹരിച്ചാലേ മതിയാവൂ.

കള്ളുഷാപ്പുകളിലൂടെ വിദേശ മദ്യം വിൽക്കാനുള്ള ആലോചന ദുരുപദിഷ്ടമാണ്. ഗ്രാമപ്രദേശങ്ങളെ മദ്യത്തിൽ മുക്കി കൊല്ലാൻ മാത്രമേ അതുകൊണ്ടാവൂ. മദ്യശാലകൾ പലതും അടച്ചതോടെ ശേഷിക്കുന്ന മദ്യശാലകൾക്ക് മുന്നിൽ കിലോ മീറ്ററോളം ക്യൂ നിൽക്കുന്ന വാർത്തകളുമുണ്ട്. ഇതൊക്കെ കാണുന്പോൾ നമ്മുടെ നാട്ടിൽ നോട്ട് നിയന്ത്രണത്തിൽ ക്യൂ നിൽക്കേണ്ടി വന്ന അവസ്ഥ കണ്ട ജനം തന്നെയാണ് കിലോമീറ്ററോളം നീളത്തിൽ ചുട്ടു പൊള്ളുന്ന വെയിലിൽ മദ്യത്തിനായി ക്യൂ നിൽക്കുന്നത് കാണുന്നത്. ഇതിനോടുപമിച്ച് പ്രശസ്ത സിനിമാതാരം മോഹൻലാൽ പറഞ്ഞപ്പോൾ ട്രോളുകളുടെ നീണ്ട നിശയായിരുന്നു. 

എന്തുമാകട്ടെ... ഈ മദ്യ നയം ജനങ്ങളുടെ സംരക്ഷണത്തിനാണോ അതോ മദ്യശാലകളെ രക്ഷിക്കാൻ മറുവഴി കണ്ടെത്തലാണോ? ഒന്നിനും ഉത്തരം കിട്ടാതെ ജനങ്ങൾ നെട്ടോട്ടമോടുന്നു. കാത്തിരിക്കാം. കാത്തിരുന്ന് കാണാമെന്ന ശുഭ പ്രതീക്ഷയോടെ വാരാന്ത്യ വീക്ഷണത്തിന് വിട... 

You might also like

  • Lulu Exchange
  • Straight Forward

Most Viewed