കുടുംബ ശൈഥില്യം; സ്മാർട്ട് ഫോണും ഇന്റർനെറ്റും പ്രധാന വില്ലന്മാർ
ജമാൽ ഇരിങ്ങൽ
വിവരസാങ്കേതിക വിദ്യയുടെ ഏറ്റവും ജനകീയമായ കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സാമാന്യം വിലക്കുറവിൽ സ്മാർട്ട് ഫോണുകൾ വ്യാപകമാവുകയും എല്ലാവിധ സംവിധാനങ്ങളും ഇത്തരം ഫോണുകളിൽ ലഭ്യമാവുകയും ചെയ്തതോടെ ഏത് സാധാരണക്കാർക്കും ഇതിന്റെ ഉപഭോക്താക്കളാകുവാനുള്ള അവസരം കൈവന്നിരിക്കുന്നു. നവമാധ്യമങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന സോഷ്യൽ മീഡിയകൾ അതിശക്തമായ രീതിയിലാണ് ഇന്ന് സമൂഹത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്. ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങൾക്കും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതക്കും കടിഞ്ഞാണിടാൻ ഇത്തരം ഇടപെടലുകൾക്ക് സാധ്യമായിട്ടുണ്ട്. ഏതൊരാൾക്കും താൻ പ്രതിനിധാനം ചെയ്യുന്ന ആശയത്തെ ഒരു എഡിറ്റിംഗുമില്ലാതെ സമൂഹസമക്ഷം എളുപ്പത്തിൽ അവതരിപ്പിക്കാനും പ്രസരിപ്പിക്കാനും സാധിക്കുന്നു എന്നത് സോഷ്യൽ മീഡിയയുടെ അപാര സാധ്യതകളിൽ ഒന്നാണ്. ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും തങ്ങളുടെ കുടുംബവുമായും നാടുമായും നിരന്തരബന്ധം കാത്ത് സൂക്ഷിക്കാൻ വാട്ട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും സ്കൈപ്പിലൂടെയും സാധിക്കും. സംഘടനകൾ, നാട്ടുകാർ, സ്ഥാപനക്കാർ, രാഷ്ട്രീയ പാർട്ടികൾ, കുടുംബങ്ങൾ, വിവിധ പരിപാടികൾ എന്ന് തുടങ്ങി എന്തിനും ഏതിനും ഇന്ന് ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും ഗ്രൂപ്പുകളുണ്ട്. ഇതിലൂടെ ഫോട്ടോകൾ, വീഡിയോകൾ, വിവരങ്ങൾ എന്നിവ പരസ്പരം കൈമാറാൻ സാധിക്കുന്നു. വിദേശത്തുള്ളവർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ വിവാഹം, മരണം, മരണാനന്തര ചടങ്ങുകൾ, ചരട് കെട്ട്, പ്രസവാനന്തര ചടങ്ങുകൾ, മറ്റിതര സന്തോഷ/സന്താപ അവസരങ്ങൾ തുടങ്ങിയവ ഇതിലൂടെ കണ്ട് നിർവൃതിയടഞ്ഞു കൊണ്ടിരിക്കുകയാണ്.! നാട്ടിലുള്ള സമ്മേളനങ്ങളും പ്രഭാഷണ പരിപാടികളും ഉത്സവങ്ങളും നേർച്ചകളും ഉറൂസുകളും ചന്ദനക്കുടങ്ങളും ആളുകൾ ഇങ്ങിനെ തൽസമയം കാണുന്നുണ്ട്. നാട്ടിലും മറുനാട്ടിലുമുള്ള മഹിളാമണികൾ തങ്ങളുടെ പാചകനൈപുണ്യം, ഏഷണി, പരദൂഷണം എന്നിവയുടെ പ്രസരണത്തിനും ഇതിനെ ഉപയോഗിച്ചു വരുന്നു. രാവിലെ മക്കൾ സ്കൂളിലും ഭർത്താവ് ജോലിക്കും പോയാൽ പിന്നെ ചില വീട്ടമ്മമാർക്ക് കന്പ്യൂട്ടറിന്റെ മുന്നിലോ സ്മാർട്ട് ഫോണിന്റെ മുന്പിലോ ആണ് പ്രധാന ജോലി. രാവിലെ മുതൽ വൈകുന്നേരം വരെ ഇതിന്റെ മുന്പിൽ തന്നെയായിരിക്കും. ടി.വിയും പത്രവും ഒക്കെ ഇന്റർനെറ്റിലൂടെ വായിക്കാമെന്നതും ചുരുങ്ങിയ നിരക്കുകളിൽ ഇന്റർനെറ്റ് ലഭ്യമാണെന്നതും ഇവർക്ക് അനുകൂലമായ ഘടകങ്ങളാണ്. എന്നാൽ ഏതൊരു കാര്യത്തിനും നല്ലതും ചീത്തയുമായ വശങ്ങൾ ഉണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. നിരന്തരമായ ഇന്റർനെറ്റ് ഉപയോഗം പല സ്വഭാവ വൈകല്യങ്ങൾക്കും വൈകൃതങ്ങൾക്കും കാരണമായിത്തീരുന്നുണ്ട് എന്നാണ് ആധുനിക പഠനങ്ങൾ തെളിയിക്കുന്നത്. ഭാര്യയും ഭർത്താവും മക്കളും മുഴുവൻസമയവും ഇതിന്റെ മുന്പിലായതു കൊണ്ട് പല കുടുംബങ്ങളും ഗുരുതരമായ പ്രശ്നങ്ങൾ അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്. അതിരുവിട്ട ചാറ്റിംഗിലൂടെയും മൊബൈൽ ഫോണിലുടെയുള്ള സല്ലാപത്തിലൂടെയും സദാചാര പരിധികൾ വിടുന്നതും ഒളിച്ചോടലുകളും ഇന്ന് വാർത്തയേയല്ലാതായിരിക്കുന്നു.
സാമൂഹ്യ പ്രതിബദ്ധതയുള്ളവർ ഏത് േമഖലയിൽ ഇടപെടുന്പോഴും അവിടെ കണിശവും സൂക്ഷ്മവുമായ നിലപാടുകൾ സ്വീകരിക്കേണ്ടതുണ്ട്. കൃത്യമായ അവബോധവും കാഴ്ചപ്പാടുകളും നമുക്ക് ഏത് വിഷയത്തിലുമുണ്ടായിരിക്കണം. ചാനലുകൾ, ഫേസ്ബുക്ക്, ട്വിറ്റർ, ഇ−മെയിൽ, വാട്ട്സ്ആപ്പ്, വൈബർ, സ്കൈപ്പ് തുടങ്ങിയ നിരവധി സംവിധാനങ്ങളാണ് നിലവിൽ ആശയകൈമാറ്റത്തിനായി ഉള്ളത്. എന്നാൽ ഇത്തരം നവമാധ്യമങ്ങൾ ഉപയോഗിക്കുന്പോൾ നിർബന്ധമായും പാലിക്കേണ്ട ചില പെരുമാറ്റചട്ടങ്ങൾ നാം തീരുമാനിക്കേണ്ടതുണ്ട്. സത്യത്തെ അസത്യമാക്കാനും അസത്യത്തെ സത്യമാക്കാനും ധർമ്മത്തെ അധർമ്മമാക്കാനും അധർമ്മത്തെ ധർമ്മമാക്കാനും ഇത്തരം മാധ്യമങ്ങളിലൂടെ സാധിക്കും. പ്രസംഗങ്ങളേക്കാളും എഴുത്തുകളെക്കാളും എളുപ്പത്തിൽ മനുഷ്യമനസ്സുകളെ ഇന്ന് സ്വാധീനിച്ചു കൊണ്ടിരിക്കുന്നത് ഇതിലൂടെയുള്ള കാഴ്ചകളും വായനകളുമാണ്.
ഈ സൗകര്യങ്ങൾ നമുക്ക് ഉപയോഗിക്കാനും അനുഭവിക്കാനും സാധിക്കുന്നത് ദൈവത്തിന്റെ അപാരമായ അനുഗ്രഹമായി മനസ്സിലാക്കുക എന്നതാണ് ഈ വിഷയത്തിൽ നാം ഒന്നാമതായി ചെയ്യേണ്ടത്. ‘ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം തന്റെ വകയായി അവൻ നിങ്ങൾക്ക് അധീനപ്പെടുത്തിത്തരികയും െചയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങൾക്ക് തീർച്ചയായും അതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്.’ (ഖുർആ;ജാഥിയ: 13) പ്രപഞ്ചത്തിലുള്ള ഇത്തരം വസ്തുതകളെ ദൈവം നമുക്ക് അധീനപ്പെടുത്തിത്തരുന്പോൾ നാം കൂടുതൽ വിനയാന്വിതരാവണം. അതിന്റെ ഉപയോഗം ദൈവിക കൽപ്പനയെ നിരാകരിക്കുന്നതോ നിഷേധിക്കുന്നതോ ആവാൻ പാടില്ല. പ്രവാചകന്മാരുടെയും മുനിമാരുടെയും പുണ്യപുരുഷന്മാരുടെയും അദ്ധ്യാപനങ്ങളെ അവമതിക്കുന്നതോ നിസാരവൽക്കരിക്കുന്നതോ ആവാനും പാടില്ല.
നമ്മുടെ ഇൻബോക്സ് ചാറ്റിംഗും ഗ്രൂപ്പ് ചാറ്റിംഗ് കമന്റുകളും ലൈക്കുകളും എല്ലാം നാം ഈ മാനദണ്ധമുപയോഗിച്ച് വേണം കൈകാര്യം ചെയ്യാൻ. നാം റോഡിലൂടെ നടന്നുപോവുന്പോഴും മാർക്കറ്റിലും ഓഫീസുകളിലും കയറിയിറങ്ങുന്പോഴും സുന്ദരികളായ അന്യസ്ത്രീകളോട് ഒരിക്കലും ഒരു ഹായ് പറയുകയോ അവരോട് കമന്റടിക്കുകയോ െചയ്യാറില്ലല്ലോ. എന്നാൽ ഒരർത്ഥത്തിൽ നമ്മിൽ പലരും ദിവസേന ഫേസ്ബുക്കിൽ ഇതല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്. ഫേസ് ബുക്കിൽ ആരൊക്കെയോ പോസ്റ്റ് ചെയ്യുന്ന അവരുെട ഫോട്ടോകൾക്കും വർത്തമാനങ്ങൾക്കും വീഡിയോകൾക്കും യാതൊരു പരിധിയും മാനദണ്ധവുമില്ലാതെയാണ് ൈലക്കുകളും ഫോട്ടോകളും കമന്റുകളും ഇടുന്നത്. ദ്വയാർത്ഥങ്ങളും അശ്ലീലചുവയുമുള്ള കമന്റുകളും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെയാണ് പലരും നടത്തിക്കൊണ്ടിരിക്കുന്നത്.
തന്റെ സംസാരം, എഴുത്ത്, നോട്ടവും കാഴ്ചയും തന്റെ പ്രസരണങ്ങൾ (പോസ്റ്റിംഗ്, ഷെയറിംഗ്, ഫോർവേഡിംഗ്...) എന്നിവയിൽ നാം ചില പരിധികളും മാനദണ്ധങ്ങളും സൂക്ഷിക്കേണ്ടതില്ലേ? താൻ ജീവിത്തതിൽ ഒരിക്കലും കാണുകയോ പരിചയപ്പെടുകയോ ചെയ്യാത്തവരുമായി സൗഹൃദത്തിലാവുന്നതും ദീർഘനേരം അവരുമായി ഇൻബോക്സിലൂടെയും അല്ലാതെയും വാട്ട്സ്ആപ്പിലൂടെയും മൊബൈലിലൂടെയും സംസാരിക്കുന്നതും സല്ലപിക്കുന്നതും ആശാവഹമാണോ.
ഈ വിഷയത്തിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നമ്മൾ ഫേസ്ബുക്കിലും ബ്ലോഗിലും മറ്റ് ഇതര സോഷ്യൽ മീഡിയകളിലും ഇടുന്ന പോസ്റ്റുകളുടെയും കമന്റുകളുടെയും ആധികാരികത, ധാർമ്മികത, വരും വരായ്കകൾ തുടങ്ങിയവ. സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും സംഘർഷങ്ങളും ഉണ്ടാക്കാൻ ചിലപ്പോൾ അത് നിമിത്തമാവും. നാം ഒരു പോസ്റ്റിന് ലൈക്കടിക്കുന്പോൾ പോലും നിരുത്തരവാദപരമായ രീതിയിൽ അതിനെ നോക്കിക്കാണരുത്. നമ്മുടെ ആശയത്തെയാണ് അതിലൂടെ നാം വെളിപ്പെടുത്തുന്നത് എന്ന ബോധ്യം നമുക്കുണ്ടാവണം.
അനാശാസ്യങ്ങൾ കാണരുത് എന്നതിലുള്ള ജാഗ്രത കുറഞ്ഞുവരികയും സമയബോധം നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്നു എന്നത് ഇന്റർെനറ്റിന്റെയും സോഷ്യൽ മീഡിയകളുടെയും ഒരു പ്രശ്നമാണ്. ഈ വിഷയത്തിൽ അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ വഴിതെറ്റി പോവാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ഓഫീസുകളിലും മറ്റ് ജോലിസ്ഥലത്തുമുള്ള നമ്മുെട ശ്രദ്ധയും ഏകാഗ്രതയും ഇത് മൂലം നഷ്ടപ്പെടുകയും ചെയ്യും. കന്പനി ആവശ്യങ്ങൾക്ക് വേണ്ടി നമുക്കനുവദിക്കുന്ന ഇന്റർനെറ്റ് സംവിധാനങ്ങളും സ്മാർട്ട് ഫോണുകളും പലരും തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. പഠിക്കാനും വായിക്കാനും ആരാധനാലയങ്ങളിൽ പോവാനും കുടുംബത്തോടൊപ്പം ചിലവഴിക്കാനും സമയം ലഭിക്കുന്നില്ല എന്ന് പലരും പരാതി പറയാറുണ്ട്. എന്നാൽ ഈ കൂട്ടരെ മണിക്കൂറുകളോളം സ്മാർട്ട്ഫോണിന്റെ മുന്പിലും കന്പ്യൂട്ടറിന്റെ മുന്നിലും സമയം ചിലവഴിക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. അവരുടെ കാഴ്ചകളിലേക്കും ചിന്തകളിലേക്കും ഈ ദീർഘനേരത്തെ ഇരുത്തം ചിലപ്പോഴെങ്കിലും അശ്ലീലതയും അസഭ്യങ്ങളും തെറ്റായ ആശയങ്ങളും ദർശനങ്ങളും മറ്റ് പാപങ്ങളും കടന്നുവരാൻ ഇടയാവുന്നു. ജീവിതത്തോട് അതിര് കവിഞ്ഞ അഭിനിവേശവും ആർത്തിയും ഉണ്ടാക്കാനും ഇതിടയാക്കുന്നു.
കുടുംബജീവിതത്തിൽ ശൈഥില്യമുണ്ടാക്കുന്നതിൽ ഇന്റർെനറ്റും സ്മാർട്ട് ഫോണും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നമ്മൾ നമ്മുടെ കുട്ടികൾക്ക് വാങ്ങിക്കൊടുക്കുന്ന പുതിയ മോഡൽ സ്മാർട്ട് ഫോണുകൾ അവർ ഏതൊക്കെയാവശ്യങ്ങൾക്കാണ് ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നത് എന്നത് അവർക്കും ദൈവത്തിനും മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. യഥാർത്ഥത്തിൽ കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കേണ്ടയാവശ്യം ഇല്ല എന്നതാണ് വസ്തുത. വീട്ടിൽ നിന്നും സ്കൂളിലേക്ക് രാവിലെ പോയി സ്കൂൾ ബസിൽ വൈകുന്നേരം തിരിച്ചെത്തുന്ന ഇവർക്ക് ഫോൺ ഉപയോഗിക്കേണ്ട ആവശ്യം എവിടെയാണുള്ളത്. ഹോസ്റ്റലിൽ പഠിക്കുന്ന കുട്ടികൾക്കും വീട്ടുകാരുമായി ബന്ധപ്പെടാനുള്ള സംവിധാനങ്ങൾ അതത് ഹോസ്റ്റൽ അധികാരികൾ ആവശ്യത്തിനനുസരിച്ച് സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്. അവരുടെ യാത്രയിൽ ഉപയോഗിക്കാൻ വേണ്ടി അത്യാവശ്യമാണെങ്കിൽ സാധാരണ മൊബൈൽ ഫോണുകൾ അവർക്ക് വാങ്ങിക്കൊടുക്കാവുന്നതാണ്. എന്നാൽ ആ ഫോണുകൾ അവർ വീട്ടിലേക്കും ഹോസ്റ്റലിലേക്കുമുള്ള യാത്രയിൽ മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് കൃത്യമായി വീട്ടുകാരും ഹോസ്റ്റൽ അധികാരികളും പരിശോധിച്ചുറപ്പ് വരുത്തേണ്ടതുണ്ട്. പലരും തങ്ങൾക്ക് കിട്ടാത്ത സൗകര്യങ്ങൾ മക്കൾക്ക് ലഭ്യമാക്കണം എന്ന ലളിതയുക്തിയിൽ നിന്നും ചെയ്യുന്ന പല കാര്യങ്ങളും പിന്നീട് തിരുത്താൻ പറ്റാത്ത ദുരന്തങ്ങളിൽ ചെന്ന് കലാശിക്കുകയാണ്.
അച്ഛനും അമ്മയും മക്കളും ഒരുമിച്ചിരുന്ന് വർത്തമാനം പറയേണ്ട വീടകങ്ങൾ ഇന്ന് മരണവീട് പോലെ നിശബ്ദമാണ്. മൂകമായ ഈ ഗൃഹാന്തരീക്ഷം സൃഷ്ടിക്കുന്നത് ഇന്റർനെറ്റും സ്മാർട്ട് ഫോണുകളും തന്നെയാണ്. ചില കുടുംബിനികൾ രാവിലെ മുതൽ ഇതിന്റെ മുന്പിൽ തന്നെയാണ്. ചാറ്റിംഗിനിടയിൽ പരിചയപ്പെടുന്ന ഏതൊക്കെയോ ആളുകളുമായി അവർ വല്ലാതെയടുക്കുന്നു. സ്വന്തം ഭർത്താവിനേക്കാളും മക്കളേക്കാളും പിന്നെ അവരുമായാണ് ഈ കുടുംബിനികൾ സമയം ചെലവഴിക്കുന്നത്. താൻ വെച്ച പുതിയ ഭക്ഷണങ്ങളുടെ ഫോട്ടോകൾ ഷെയർ ചെയ്യുകയും അതിന് അവരുടെ ലൈക്കോ സുഖിപ്പിക്കുന്ന കമന്റോ വാങ്ങുകയാണ് ചെയ്യലാണ് ആദ്യപടി. പിന്നീട് എല്ലാം അവർക്ക് മുന്പിൽ തുറന്ന് വെക്കുകയാണ്. നേരിട്ട് പറയാൻ സങ്കോചമുള്ള പല കാര്യങ്ങളും ടൈപ്പ് ചെയ്യാൻ യാതൊരു മടിയും ഉണ്ടാവില്ല. തന്റെ കറികൾക്കോ താൻ കഷ്ടപ്പെട്ടുണ്ടാക്കുന്ന മറ്റ് ഭക്ഷണപദാർത്ഥങ്ങൾക്കോ ഭർത്താവിൽ നിന്നും പലപ്പോഴും നല്ല വാക്കുകൾ കിട്ടാത്ത ഭാര്യമാർ എളുപ്പത്തിൽ മറ്റുള്ളവരുടെ മധുരം പുരട്ടിയ ചാറ്റിംഗിൽ പെട്ടു പോവുകയാണ്. താൻ എഴുതിയ കവിതയും കഥയും എല്ലാം പിന്നെ ആദ്യം കാണിക്കുക തന്റെ ഫേസ്ബുക്ക്/വാട്ട്സആപ്പ് സുഹൃത്തുകൾക്കാണ്. ഭർത്താക്കന്മാരും സമാനമായ രീതിയിൽ തന്നെയാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഇവരെ കണ്ട് വളരുന്ന മക്കൾ വേറിട്ട വഴി സ്വീകരിക്കും എന്ന് കരുതുന്നത് ശുദ്ധമൗഢ്യമാണ്.
ഇന്റർെനറ്റും സ്മാർട്ട് ഫോണുകളും ഉപയോഗിക്കുന്നതിൽ നാം സ്വയം ഒരു പെരുമാറ്റച്ചട്ടം നിർബന്ധമായും ഉണ്ടാക്കുന്നില്ലെങ്കിൽ നമ്മുടെ കുടുംബത്തിന്റെ ഗതി അധോഗതിയായി മാറും എന്നതിൽ യാതൊരു സംശയവുമില്ല. വീട്ടിലെത്തിയാൽ പിന്നെ നമ്മുടെ സമയം നമ്മുടെ കുടുംബത്തിന് വേണ്ടിയുള്ളതാണ്. ഭാര്യക്കും മക്കൾക്കും ആ സമയം നാം തീർച്ചയായും നൽകിയിരിക്കണം. അവരുടെ കൂടെ ഇരിക്കാനും കൊച്ചുവർത്തമാനങ്ങൾ പറയാനും ആ ദിവസം അവരുടെ പകലുകളിൽ സംഭവിച്ച ചെറുതും വലുതുമായ കാര്യങ്ങൾ അന്വേഷിക്കുവാനും നാം മറന്നു പോവാൻ പാടില്ല. നമ്മുടെ കാഴ്ചപ്പാടിൽ ചെറുതാണെന്ന് തോന്നുന്ന പല കാര്യങ്ങളും അവരുടെ നോട്ടത്തിൽ വളരെ വലിയ സംഭവങ്ങളാണ്. വീട്ടിലെത്തിയാൽ ഇങ്ങിനെ ചിരിച്ചും കളിച്ചും ഉറങ്ങുന്നത് വരെ അവരുമായി സമയം ചെലവഴിച്ചാൽ നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ബന്ധങ്ങളുടെ പശിമ തിരിച്ച് പിടിക്കാൻ സാധിക്കുന്നതാണ്.