അധി­ക്ഷേ­പം; അധി­കാ­രം; അത്യാ­ഹി­തം


വി.ആർ. സത്യദേവ് 

 

ന്നലത്തെ വായനയ്ക്കിടെയാണ് പ്രമുഖ അമേരിക്കൻ മാദ്ധ്യമമായ സി.എൻ.എന്നിന്റെ ഓൺലൈൻ പതിപ്പിലെ ഒരു ഫീച്ചറിൽ കണ്ണുടക്കിയത്. The photographer giving Africans in India a voice എന്നതലക്കെട്ടിലുള്ള ലേഖനത്തിന്റെ മുഖ്യ ആകർഷണം മനോഹരമായ ലൈറ്റപ്പിലുള്ള ചിത്രങ്ങളായിരുന്നു. തലക്കെട്ടു സൂചിപ്പിക്കും പോലെ ആഫ്രിക്കൻ വംശജർ ഇന്ത്യയിൽ അനുഭവിക്കുന്ന വംശീയ അതിക്രമങ്ങളെക്കുറിച്ചുള്ള സാക്ഷ്യപ്പെടുത്തലാണ് ലേഖനത്തിന്റെ ഉദ്ദേശ്യം. ബംഗളുരുവിൽ ആഫ്രിക്കൻ വംശജനായ വിദ്യാർത്ഥി അക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സി.എൻ.എൻ ലേഖനത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ ഫോട്ടോഗ്രാഫറായ മഹേഷ് ശാന്താറാമെടുത്ത ചിത്രങ്ങളാണ് ലേഖനത്തിന്റെ ഹൈലൈറ്റ്. 

സെറ്റിട്ടതു പോലെയുള്ള മനോഹര ചിത്രങ്ങളാണ് മഹേഷിന്റെത്. എന്നാൽ അതിനു പിന്നിൽ വലിയൊരു ചതിയുണ്ട് എന്ന് ലേഖനം മുഴുവൻ വായിക്കുന്പോൾ വ്യക്തമാകുന്നു. അമേരിക്കയിലോ പശ്ചിമേഷ്യൻ രാജ്യങ്ങളിലോ ഉള്ളയത്ര ആഫ്രിക്കൻ വംശജരുടെ ബാഹുല്യമുള്ള രാജ്യമല്ല ഇന്ത്യ. കറുത്ത വർഗ്ഗക്കാരായ ആഫ്രിക്കക്കാർക്കതിരേ അമേരിക്കയിൽ നിന്നൊക്കെ കേൾക്കുന്നതുപോലെയുള്ള അതിക്രമ വർത്തമാനങ്ങൾ ഒരിക്കലും ഇന്ത്യയിൽ നിന്നുയർന്നു കേട്ടിട്ടുമില്ല. അതുവച്ചു നോക്കുന്പോൾ ആഫ്രിക്കൻ വംശജർ പങ്കാളികളായി വരുന്ന മയക്കു മരുന്ന് തട്ടിപ്പു വാർത്തകളുടെ എണ്ണത്തിലാവട്ടെ ഒട്ടും കുറവുമില്ല. 

അടുത്തത് കൊട്ടിഘോഷിക്കപ്പെട്ട തലക്കെട്ടു നൽകുന്ന സൂചന സ്ഥിരീകരിക്കുന്ന കണക്കുകളോ മറ്റു വിവരങ്ങളോ ലേഖനത്തിലോ അതിനൊപ്പമുള്ള ചിത്രങ്ങളിലോ ഇല്ല എന്നതാണ്. അഞ്ചു മാസമെടുത്ത് മഹേഷെടുത്ത ചിത്രങ്ങൾ അതിമനോഹരങ്ങളാണ്. പക്ഷേ അതിലൊരിടത്തും കറുത്തവന്റെ തീവ്രവേദന നിഴലിക്കുന്നില്ല.

മറുവശത്ത് അമേരിക്കയിലടക്കം തൊലിവെളുത്തവനു മേധാവിത്വമുള്ള, പരിഷ്കൃതമെന്ന് അഹങ്കരിക്കുന്ന പല രാജ്യങ്ങളിലും ഇരുണ്ട നിറക്കാർക്കു നേരെയുള്ള അതിക്രമങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. ആര്യൻ മേധാവിത്വ ചിന്താഗതിയുടെ പേരിൽ ദശാബ്ദങ്ങളായി പഴിയേൽക്കുന്ന ജർമ്മനിയിൽ നിന്നുമാണ് ഇത്തരത്തിലുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ വരുന്നത്. ജർമ്മനിയിലെ പ്രമുഖ വിമാനത്താവളമാണ് ഫ്രാങ്ക്ഫുർട്. ഫ്രാങ്ക്ഫുർട് വിമാനത്താവളത്തിൽ ഇന്ത്യൻ വംശജയായ ഒരു വനിതയാണ് അപമാനിതയായത്. ഭർത്താവിന്റെ നാടായ ഐസ്്ലാൻഡിലേക്കു പോകും വഴി പൂർണ്ണമായും വസ്ത്രമഴിച്ചുള്ള പരിശോധനയ്ക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർബന്ധം നേരിടേണ്ടി വന്നത്. മുപ്പതുകാരിയായ ശ്രുതി ബാസപ്പ നാല് വയസ്സുള്ള മകളുമൊത്ത് യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. അടുത്തിടെ ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്ന ശ്രുതി ഇക്കാര്യം അറിയിച്ചിട്ടും ഉദ്യോഗസ്ഥർർ വഴങ്ങിയില്ല. ഒടുവിൽ ഐസ്്ലാൻഡ് പൗരനായ ഭർത്താവ് പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് ഉദ്യോഗസ്ഥർ നിലപാട് മയപ്പെടുത്തിയത്. ഫ്രാങ്ക്ഫുർടിൽ മറ്റൊരു ഇന്ത്യൻ വംശജയ്ക്കും ആഴ്ചകൾക്കു മുന്പ് സമാനമായ അപമാനം നേരിടേണ്ടി വന്നതായും റിപ്പോർട്ടുണ്ട്. സിംഗപ്പൂർ പൗരത്വമുള്ള ഗായത്രി ബോസെന്ന 33 കാരിയുടെ പരാതിയിന്മേൽ എന്തു നടപടിയുണ്ടായെന്നു വ്യക്തമല്ല. അടുത്തകാലത്തായി ഇന്ത്യൻ വംശജർക്കു നേരേ വെളുത്ത അമേരിക്കയിലും കൂടുതൽ വെളുപ്പിച്ച ആസ്ട്രേലിയയിലും നടന്ന വംശീയ അതിക്രമങ്ങളെക്കുറിച്ച് കഴിഞ്ഞയാഴ്ച നമ്മൾ സംവദിച്ചതും ഇതിനോടു ചേർത്തു വായിക്കാം. ഇതെല്ലാം മറയ്ക്കാനുള്ള സായിപ്പിന്റെ പതിവു തന്ത്രം മാത്രമായിരുന്നു സ്ഥിതിവിവരക്കണക്കുകളുടെയൊന്നും പിൻബലമില്ലാതെ ഒരു ഇന്ത്യൻ ഫോട്ടോഗ്രാഫറെത്തന്നെ വിലക്കെടുത്ത് സി.എൻ.എൻ പ്രസിദ്ധീകരിച്ച ആ ലേഖനമെന്നു വിലയിരുത്തേണ്ടിവരും. തങ്ങൾക്കു ഹിതകരമല്ലാത്തതിനെയെല്ലാം മാദ്ധ്യമങ്ങളിലൂടെ അപഹസിക്കുന്ന പതിവുണ്ട് പാശ്ചാത്യ മാദ്ധ്യമങ്ങൾക്ക്. ഇന്ത്യയുടെ മംഗൾയാൻ ദൗത്യ വിജയത്തെ കാർട്ടൂണിലൂടെ അപഹസിച്ച ന്യൂയോർക്ക് ടൈംസിന് ഒടുവിൽ മാപ്പു പറയേണ്ടി വന്നത് അടുത്ത കാലത്താണ്. ഇതിന്റെയൊക്കെ തുടർച്ച മാത്രമാണ് ‘Racism: Africans in India’ എന്ന ഫോട്ടോ പരന്പരയെ അധികരിച്ചുള്ള ലേഖനവും. വെടക്കാക്കി തനിക്കാക്കൽ മാത്രമാണ് സായിപ്പ് ഇതിലൂടെ ഉദ്ദേശിച്ചിട്ടുള്ളതെന്ന് പകൽ പോലെ വ്യക്തം. അതിനൊപ്പിച്ച് തുള്ളാനും സ്വന്തം നാടിനെ നാറ്റിക്കാനുള്ള ഉദ്യമത്തിന് ഉപകരണമാക്കപ്പെടുവാനും കലാകാരന്മാരടക്കമുള്ളവർ തയ്യാറാകുന്നു എന്നതാണ് അതിലേറെ പരിതാപകരം.

ഫ്രാങ്ക്ഫുർടിലെ അപമാനത്തെക്കുറിച്ച് കരുത്തയും കർമ്മനിരതയുമായ വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് റിപ്പോർട്ടാവശ്യപ്പെട്ടിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെ തുടരുകയാണെങ്കിൽ ഹിറ്റ്ലറുടെ പിൻമുറക്കാർക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിലും നിക്കറുകീറുന്ന സ്വീകരണം നൽകേണ്ടിവരും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. വിമാനത്താവളങ്ങളിലടക്കം നടക്കുന്ന ഇത്തരം അപമാനങ്ങൾക്കു സമാനം തന്നെയാണ് പ്രമുഖ പാശ്ചാത്യ മാദ്ധ്യമങ്ങൾ നടത്തുന്ന കുൽസിത നീക്കങ്ങളും. അധികൃതർ ഇക്കാര്യത്തിലും ഏറെ വൈകാതെ ശ്രദ്ധ വെയ്ക്കുമെന്ന് നമുക്കു പ്രതീക്ഷിക്കാം. 

പാശ്ചാത്യ ലോകത്തു മാത്രമല്ല പൗരസ്ത്യ ദേശത്തു നിന്നുമുണ്ട് വംശീയമായ നിയന്ത്രണങ്ങളെക്കുറിച്ചുള്ള വാർത്തകൾ. ചൈനയുടെ ആഭ്യന്തര കാര്യങ്ങൾ എങ്ങനെ വേണമെന്നു തീരുമാനിക്കാനുള്ള അവകാശം അവർക്കു മാത്രമാണ്. എന്നാൽ ചൈനയിലെ ഉയിഖൂർ വംശജർക്കു നേരെ ഭരണകൂടമെടുക്കുന്ന പുതിയ കർശന നടപടികൾ കണ്ടില്ലെന്നു വെയ്ക്കാനാവില്ല. പൊതു ഇടങ്ങളിൽ മുഖം മറച്ചുള്ള വസ്ത്ര ധാരണത്തിനും താടി വളർത്തുന്നതിനും ഒക്കെ നിരോധനം ഏർപ്പെടുത്തിക്കൊണ്ടാണ് ഈ അടിച്ചമർത്തൽ നീക്കം. ഉയിഖൂറുകളിൽ ഭൂരിപക്ഷവും ഇസ്ലാം വംശജരാണ്. സുരക്ഷാ കാരണങ്ങളാണ് അധികൃതർ പുതിയ നടപടികൾക്കുള്ള കാരണമായി പറയുന്നത്. എന്നാലിത് കടുത്ത വംശീയ നടപടിയായാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. അധികാര സംവിധാനങ്ങൾ ഒരു തരത്തിലും ദുർബ്ബലമായി പോകാതിരിക്കാനുള്ള ചൈനീസ് സർക്കാരിന്റെ കരുതലിന്റെ ഭാഗം തന്നെയാണ് പുതിയ നടപടികൾ.

അധികാരത്തിനും ആധീശത്വത്തിനും വേണ്ടിയുള്ള മനുഷ്യന്റെ തന്ത്രങ്ങളെല്ലാം എത്ര നിസ്സാരങ്ങളെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്ന സംഭവങ്ങൾക്കും ലോകത്ത് ഒട്ടും പഞ്ഞമില്ല. ഉള്ളുലയ്ക്കുന്ന, കരളലിയിക്കുന്ന അത്തരം വർത്തമാനങ്ങളിൽ ഏറ്റവും പ്രധാനം കൊളംബിയയിൽ നിന്നുമുള്ളതാണ്. കൊളംബിയയിൽ വെള്ളിയാഴ്ച തുടങ്ങിയ കടുത്ത മഴയാണ് മരണ താണ്ധവമാടുന്നത്. പേമാരിയെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയാണ്. വ്യാപകമായ മണ്ണിടിച്ചിലിനെ തുടർന്ന ഇരുന്നൂറിലേറെപ്പേർക്ക് ജീവൻ നഷ്ടമായെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്ന് ഉറപ്പാണ്. കൊളംബിയയിലെ പട്ടുമോയ പ്രവശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ നൂറുകണക്കിനു കുടുംബങ്ങൾ ഭവനരഹിതരായി. നിരവധിയാൾക്കാർ ക്ഷണനേരം കൊണ്ട് അനാഥരായി. 

എന്നാൽ ഇതൊന്നും കണ്ടിട്ടും കേട്ടിട്ടും നേരിട്ട് അനുഭവിച്ചിട്ടും പാഠങ്ങൾ ഉൾക്കൊള്ളാതെ മണ്ണിന്റെയും തൊലിയുടെയും വംശീയതയുടെയും അധികാരത്തിന്റെയും പേരിൽ തമ്മിലടിച്ചും തലകൊയ്തും ക്ഷണഭംഗുരമായ ജീവിതം പാഴാക്കാനാണ് നമ്മിൽ ബഹുഭൂരിപക്ഷത്തിലും താൽപ്പര്യം. ലോകം പണ്ടേ അങ്ങനെയൊക്കെ തന്നെയാണ്. സമാധാനിക്കാൻ നമുക്ക് ഓരോരോ കാര്യങ്ങൾ കണ്ടെത്തിയേ മതിയാവൂ.

You might also like

Most Viewed