പിണറായി സർക്കാറിൽ ചോർച്ച തുടരുന്നു......!
ഫിറോസ് വെളിയങ്കോട്
പിണറായി സർക്കാർ അധികാരം ഏറ്റെടുത്ത ശേഷം ഒരു വർഷത്തിനുള്ളിൽ എന്തൊക്കെ സംഭവിച്ചു. സർക്കാറിനു തന്നെ സർക്കാരിന്റെ നയങ്ങൾ പോലും പാളിയതായി തോന്നിത്തുടങ്ങി. ആദ്യമായി ബജറ്റ് അവതരിപ്പിക്കുന്പോൾ ബജറ്റ് ചോർന്നുപോയി. അതിന്റെ സമരങ്ങളും മറ്റു കാര്യങ്ങളും ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്പോഴും തൊട്ടടുത്തു വന്നു അടുത്ത ചോർച്ച. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ കണക്കു പരീക്ഷ ചോദ്യപേപ്പർ മോഡൽ പരീക്ഷയ്ക്കു വന്ന ചോദ്യമായിരുന്നു ഭൂരിഭാഗവും. ഇതിന്റെ പ്രസക്തി എത്രമാത്രമാണെന്ന് ഗൗരവത്തിൽ എടുക്കേണ്ട ഒന്നായിരുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു എന്തു പ്രശ്നം വന്നാലും എല്ലാം വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ മേൽ വന്നിരുന്നു. കോലം കത്തിക്കൽ മറ്റു സമരപരിപാടികൾ വിദ്യാഭ്യാസ മന്ത്രി രാജി വെയ്ക്കും തുടങ്ങി ഒട്ടനവധി പ്രശ്നങ്ങളും സമരങ്ങളും നാം കണ്ടതാണ്. വിദ്യാഭ്യാസ സമരത്തിന്റെ യുക്തി തീരുമാനങ്ങൾ, വിദ്യാഭ്യാസ മന്ത്രിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കുറ്റങ്ങൾ മറ്റുള്ളവരാണ് ചെയ്യുന്നത്. ഇതും ഈ സർക്കാറിന് മനസ്സിലായിട്ടുണ്ടാകും. മാത്രമല്ല, ചോദ്യപേപ്പർ ഉണ്ടാക്കിയവർ മലപ്പുറം ജില്ലയിൽ നിന്നുള്ള ആൾ ഉണ്ടെന്നും മലപ്പുറം ജില്ലയിലെ മോഡൽ പരീക്ഷയിൽ വന്ന ചോദ്യങ്ങളാണെന്നും അറിഞ്ഞതോടെ ഈ ഭരണം ഒന്നു മാറി അത് അബ്ദുറബ്ബിന്റെ കൈയിലാണെങ്കിൽ യുദ്ധക്കളമായേനെ നമ്മുടെ സെക്രട്ടറിയേറ്റ്. ‘ഇപ്പോഴെന്താ ഇവർക്കൊന്നും മിണ്ടാട്ടമില്ലെന്ന്’ അബ്ദുറബ്ബിന്റെ ചോദ്യം വളരെ പ്രസക്തം.
കഴിഞ്ഞില്ല ഇതിന്റെ നൂലാമാലകൾ തുടങ്ങുന്പോഴേയ്ക്കും അടുത്ത ചോർച്ച വന്നു. ഗതാഗത മന്ത്രി ശശീന്ദ്രന്റെ ഫോൺകോൾ ചോർച്ച. ഫോൺ കോൾ ചോർച്ച വന്നപ്പോൾ നമ്മുടെ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് തൽക്കാലം രക്ഷപ്പെട്ടു. എല്ലാവരും മാധ്യമക്കാരും ശശീന്ദ്രന്റെ പിന്നാലെ കൂടി. മാധ്യമങ്ങൾ കൊട്ടിയാഘോഷം നടത്തുന്ന പോലെയായിരുന്നു. ഗതാഗതമന്ത്രിയുടെ ഫോൺ കോൾ ചോർച്ച. മംഗളം ടി.വിയുടെ പുതിയ ലോഞ്ചിംഗ് അധിഭീകരമായി കൊണ്ടു വന്ന ന്യൂസ് മണിക്കൂറുകൾ കഴിയുന്പോഴേക്കും ഗതാഗത മന്ത്രിയുടെ രാജി. പിന്നെ പല ഭീഷണികൾ മാധ്യമങ്ങൾ, രാജിവെച്ചതോടെ മാധ്യമക്കാർക്ക് ഒന്നും കിട്ടാതെ അടുത്ത ന്യൂസിനു വേണ്ടി നെട്ടോട്ടമോടുന്പോൾ ഇതാ വീണ്ടും പ്ലസ് വൺ പരീക്ഷ ചോദ്യപേപ്പർ ആവർത്തിച്ചു വന്നു എന്ന്.
ഇതൊക്കെ കാണുന്പോൾ നമ്മുടെ കേരളം എങ്ങോട്ട് പോകുന്നു? മറുവശത്ത് പീഡനങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണമില്ലായ്മ, നമ്മുടെ സർക്കാർ പിന്നോട്ട് പോകുകയാണോ? അതാ ഈ കാലത്തിന്റെ കുഴപ്പമാണോ? കുറെയൊക്കെ നമ്മുടെ നീതി വകുപ്പിൽ നിന്ന് പലരും സംരക്ഷിക്കപ്പെടുന്നതു കൊണ്ടാണ് ഇതൊക്കെ എന്നു പറയാം.
ജീവിതം സാക്ഷി, പലരും പലതും ചെയ്യുന്നു. പ്രിയ മുഖ്യമന്ത്രി താങ്കൾ ഇതിനെല്ലാം ഒരു പരിഹാരം കണ്ടെത്തണം. നമ്മുടെ കേരളത്തെ നാണിപ്പിക്കുന്ന തരത്തിൽ നടക്കുന്ന ആഭാസങ്ങൾ, അട്ടഹാസങ്ങൾ, കോലാഹലങ്ങൾ.
എവിടേക്കു പോലും ഒറ്റയ്ക്ക് യാത്ര ചെയ്യുവാനോ മാത്രമല്ല ഫോൺ കോൾ ചെയ്യാനോ എല്ലാം പേടിയായിരിക്കുന്നു. ഈ കാലത്ത് ഒരു പരിധി വരെ നമ്മുടെ സർക്കാറിന് എന്തെങ്കിലും ചെയ്യാൻ കഴിയട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് ഈ വാരാന്ത്യവീക്ഷണത്തിന് വിട...