കുട്ടികൾ പീഡിപ്പിക്കപ്പെട്ടാൽ : ഇന്ത്യൻ നിയമവും ശിക്ഷാരീതിയും
കൂക്കാനം റഹ്്മാൻ
ആൺകുട്ടികളെയും പെൺകുട്ടികളെയും വ്യാപകമായി ലൈംഗിക പീഡനത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അവരെ സംരക്ഷിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ പോക്‌സോ ആക്ട് നിയമം രക്ഷിതാക്കൾ പ്രത്യേകിച്ച് അമ്മമാർ പഠിക്കേണ്ടതാണ്.
ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ശീലത തുടങ്ങിയ കുറ്റ കൃത്യങ്ങളിൽ നിന്നും കുട്ടികളെസംരക്ഷിക്കുന്നതിനും അങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കുവേണ്ടി സ്‌പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ടതോ ആയ കാര്യങ്ങൾക്കും വേണ്ടിയുള്ള ഒരു നിയമമാണ് പോക്‌സോ ആക്ട്.
കുട്ടികളുടെ സുരക്ഷിത ബാല്യത്തിനായി നിയമങ്ങളും വ്യവസ്ഥകളും സംവിധാനങ്ങളും രൂപികരിക്കാൻ ഭരണഘടനയുടെ 14, 15 (3), 19, 21, 23, 24, 25 വകുപ്പുകൾ അധികാരപ്പെടുത്തുന്നുണ്ട്. ലോകത്തിലെ എല്ലാ കുട്ടികളുടെയും അവകാശങ്ങളെ പ്രതിപാദിക്കുന്ന കുട്ടികളുടെ അവകാശ ഉടന്പടി 1992ൽ ഇന്ത്യ ഒപ്പുവെച്ചു. 2013 കുട്ടികൾക്കു വേണ്ടിയുള്ള ദേശീയ നയം രൂപികരിക്കുകയും കുട്ടികളെ ശ്രേഷ്ഠവും പ്രധാനവുമായ മുതൽ കൂട്ടായി പ്രഖ്യാപിക്കുകയും ചെയ്തു.
കുട്ടികൾക്ക് സുരക്ഷിതവും ശ്രദ്ധയും പരിചരണവും ലഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കണമെന്നും കുട്ടികളുടെ അപകട സാധ്യത പരമാവധി ഇല്ലാതാക്കണമെന്നും, എല്ലാവിധ അതിക്രമങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്നും ഇന്ത്യയുടെ കുട്ടികൾക്കുവേണ്ടിയുള്ള നയം നിർദ്ദേശിക്കുന്നു.
കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ ഇവയാണ്
1. ലൈംഗിക ആക്രമണം
2. ഗൗരവകരമായ ആക്രമണം
3. ലൈംഗിക പീഡനം
4. അശ്ശീല കാര്യങ്ങൾക്കുവേണ്ടി കുട്ടികളെ ഉപയോഗിക്കുന്നത്
ആ വ്യക്തി ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണം നടത്തിയാൽ ഇതിന് ഏഴുവർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ തടവുശിക്ഷയും പിഴ ശിക്ഷയും ലഭിക്കും.
ഒരു കുട്ടിയിന്മേൽ ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണം ഒരു പോലീസ് ഓഫീസറോ, ഏതെങ്കിലും ഒരു പബ്ലിക് സെർവന്റോ, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെയോ, മതസ്ഥാപനത്തിലേയോ, ജയിലിന്റെയോ, റിമാൻഡ് ഹോമിന്റെയോ, പ്രൊട്ടക്ഷൻ ഹോമിന്റെയോ, ഒബ്‌സർവേഷൻ ഹോമിന്റെയോ, കുട്ടികളുടെ സംരക്ഷണത്തിനും പരിചരണത്തിനും വേണ്ടി സ്ഥാപിച്ചിട്ടുള്ള സ്ഥാപനത്തിന്റെയോ, സർക്കാർ/സ്വകാര്യ ആശുപത്രിയുടെയോ ഭരണ നിർവ്വഹണത്തിനധികാരപ്പെട്ട ഉദ്യോഗസ്ഥനോ, ജീവനക്കാരനോ നടത്തിയാൽ അത് ഗൗരവമായ ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണമാണ്.
കുട്ടിയുമായി ബന്ധുത്വത്തിൽ പെട്ടതോ, രക്ഷകർത്താക്കളുമായി ബന്ധമുള്ളതോ, കുട്ടിയോടൊപ്പം ഒരേ സ്ഥലത്ത് ഒരുമിച്ച് താമസിക്കുകയോ ചെയ്യുന്ന ഒരാൾ കുട്ടിയെ ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന് വിധേയമാക്കിയാൽ അത് ഗൗരവകരമായ ലൈംഗിക കടന്നു കയറ്റമാവും.
ഒരാൾ കുട്ടിയുടെ മാനസിക ശാരീരിക വൈകാല്യങ്ങളെ മുതലെടുത്ത് കുട്ടിയെ ലൈംഗിക കടന്നു കയറ്റത്തിലൂടെ ആക്രമിക്കുന്നതും കുട്ടിയെ ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന് വിധേയമാക്കിയതിന്റെ ഫലമായി കുട്ടിക്ക് ശാരീരിക/മാനസിക വൈകല്യങ്ങൾ ഉണ്ടാകുകയോ, കുട്ടി ഗർഭിണിയാവുകയോ, ജീവന് ഭീഷണി ഉയർത്തുന്ന ഏതെങ്കിലും അസുഖമോ, അണുബോധയോ ഉണ്ടായാൽ അത് ഗൗരവകരമായ ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണമാണ്.
12 വയസ്സിന് താഴെയുള്ള ഒരു കുട്ടിയെ ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന് വിധേയമാക്കിയാൽ, ഒരാൾ കുട്ടിയെ ഒന്നിൽ കൂടുതൽ പ്രാവശ്യമോ, അല്ലെങ്കിൽ തുടർച്ചയായോ, ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന് വിധേയമാക്കിയാൽ കുട്ടി വിശ്വാസം അർപ്പിച്ചിരിക്കുന്നതും കുട്ടിയിന്മേൽ അധികാരമുള്ളതുമായ ഒരാൾ, ഒരു സ്ഥാപനത്തിൽ വെച്ചോ അല്ലെങ്കിൽ കുട്ടിയുടെ വീട്ടിൽ വെച്ചോ മറ്റ് എവിടെങ്കിലും വെച്ചോ കുട്ടിയെ ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന് വിധേയമാക്കിയാൽ ഈ കുറ്റത്തിന് 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ ആവുന്നതുമായ കാലത്തേയ്ക്ക് കഠിന തടവും കൂടാതെ പിഴയും ലഭിക്കും.
ഒരു വ്യക്തി ലൈംഗിക ഉദ്ദേശത്തോടുകൂടി ഒരു കുട്ടിയെ സ്പർശിച്ചാൽ അതും ലൈംഗിക ആക്രമണമാണ്. ഈ കുറ്റത്തിന് മൂന്ന് വർഷത്തിൽ കുറയാത്തതും, 5 വർഷം വരെ ആകാവുന്നതുമായ തടവുശിക്ഷയും പിഴ ശിക്ഷയും ലഭിക്കും.
ഒരാൾ ഏതെങ്കിലും മാധ്യമത്തിലൂടെ ലൈംഗിക സംതൃപ്തിക്കായി ഒരു കുട്ടിയുടെ ലൈംഗിക അവയവം പ്രദർശിപ്പിക്കുകയോ, ലൈംഗിക കൃത്യങ്ങളിലേർപ്പെടാൻ കുട്ടിയെ ഉപയോഗിക്കുകയോ, അശ്ലീലമായി കുട്ടിയെ പ്രദർശിപ്പിക്കുകയോ ചെയ്താൽ അയാൾ കുട്ടിയെ അശ്ലീലകാര്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്നതാണ്. ഇതും ശിക്ഷാർഹമാണ്.
കേസുകൾ റിപ്പോർട്ട്
ചെയ്യുന്നതിനുള്ള നടപടിക്രമം
ആർക്കെങ്കിലും ഈ നിയമപ്രകാരമുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ നടന്നു എന്ന് അറിവുണ്ടെങ്കിലോ, നടക്കാൻ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടെങ്കിലോ അയാൾ അത്തരം അറിവ് സ്‌പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റിന് അല്ലെങ്കിൽ ലോക്കൽ പോലീസിന് നിർബന്ധമായും നൽകണം.
പോക്‌സോ ആക്ടിന്റെ പരിധിയിൽ വരുന്ന പരാതികൾ ചൈൽഡ്‌ലൈൻ മുഖേന വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലീസ് േസ്റ്റഷനിൽ അറിയിക്കണം. ഏതെങ്കിലും ഒരാൾ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ വീഴ്ച വരുത്തിയാൽ അയാൾ അത്തരം വീഴ്ചകൾക്ക് ആറ് മാസം വരെ ആകാവുന്ന തടവു ശിക്ഷയ്ക്കും പിഴ ശിക്ഷയ്ക്കും അർഹമാണ്. കുറ്റകൃത്യത്തിന് ഇരയാകുന്ന കുട്ടിയുമായി ബന്ധപ്പെടുന്ന ഒരു വിവരവും ആരും പരസ്യപ്പെടുത്തുവാൻ പാടില്ല. നമ്മുടെ കുട്ടികൾ ആക്രമിക്കപ്പെടാതിരിക്കട്ടെ...