ആക്രമണം വംശീ­യം : ആശങ്ക ആഗോ­ളം


വി.ആർ.സത്യദേവ് 

ഗോള വർത്തമാനങ്ങളിൽ കടന്നു പോകുന്ന വാരവും നിറഞ്ഞു നിൽക്കുന്നത് അമേരിക്കൻ നായകനായ ഡൊണാൾഡ് ട്രംപ് തന്നെയാണ്. വംശീയതയിലൂന്നിയ കടുത്ത തീരുമാനങ്ങളിലൂടെയല്ല ഇത്തവണ ട്രംപ് ശ്രദ്ധയാകർഷിക്കുന്നത് എന്ന് മാത്രം. എറെ വിവാദമായ ഒബാമ കെയറിന് പകരം കൂടുതൽ മെച്ചപ്പെട്ടൊരു നിയമം കൊണ്ടുവരുമെന്ന തിരഞ്ഞെടുപ്പ് പ്രചാരണവേളയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് നടപ്പാക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വലിയ തിരിച്ചടി നേരിട്ട വാരമാണ് ഇത്. സെനറ്റിലും കോൺഗ്രസിലും ഭൂരിപക്ഷമുണ്ടായിട്ടും പുതിയ ബിൽ പാസാക്കാൻ പ്രസിഡണ്ടിന് കഴിഞ്ഞിട്ടില്ല. ബിൽ പാസാക്കാൻ 215 വോട്ടുകളാണ് വേണ്ടിയിരുന്നത്. എന്നാൽ സ്വന്തം പാർട്ടിക്കാരായ 35 അംഗങ്ങൾ കൂടി എതിർപ്പുമായി രംഗത്തെത്തിയതോടെയാണ് ഒബാമകെയറിനെ കുഴിച്ച് മൂടാനുള്ള നീക്കത്തിൽ ട്രംപിന് തടസ്സമായത്. ഒബാമ കെയറിനോടുള്ള പ്രതിപത്തിയല്ല മറിച്ച് പുതിയ ബില്ലിൽ കൂടുതൽ മികച്ച നിർദ്ദേശങ്ങളില്ല എന്നതാണ് 35 അംഗങ്ങളുടെ പ്രതിലോമ നിലപാടിന് കാരണം.

ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതിൽ തടസ്സമുണ്ടെങ്കിലും മറ്റ് നയങ്ങൾ നടപ്പാക്കുന്നതുമായി ട്രംപ് മുന്നോട്ടു പോവുകയാണ്. ഈ കുതിപ്പിൽ ഇന്ത്യൻ സമൂഹത്തിനും പരിക്കേൽക്കുന്നു എന്നത് ആശങ്ക അധികരിപ്പിക്കുകയാണ്. അമേരിക്കൻ താൽപ്പര്യങ്ങൾക്ക് എല്ലാ തരത്തിലും പ്രാധാന്യം നൽകുമെന്നുമുള്ള നിലപാടിന്റെ ഭാഗമായി ഐ.ടി അടക്കമുള്ള രംഗങ്ങളിൽ ഇന്ത്യൻ വിദഗ്ദ്ധരുടെ ബാഹുല്യമാണ് ഇപ്പോഴുള്ളത്. 150 ബില്യൺ ഡോളർ മൂല്യമുള്ളതാണ് അമേരിക്കയിലെ ഐ.ടി വിപണി. ഇതിന്റെ 60 ശതമാനം ജോലികളും ചെയ്യുന്നത് ഇന്ത്യൻ വിദഗ്ദ്ധ തൊഴിലാളികളാണ്. കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യമാണ് ഇതുവഴി ഇന്ത്യക്കാരും ഇന്ത്യൻ കന്പനികളും ചേർന്ന് നേടിയെടുക്കുന്നത്.

അമേരിക്കയുടെ ഐ.ടി മേധാവിത്വത്തിന് ഇന്ത്യൻ തലച്ചോറുകൾ നൽകുന്ന സംഭാവന അളവില്ലാത്തതാണ്. ഇത് വിസ്മരിക്കും വിധമാണ് പക്ഷേ രാജ്യത്തെ പൊതു വികാരം. ഇന്ത്യൻ തലച്ചോറുകൾ അമേരിക്കക്കാരന്റെ തൊഴിലവസരങ്ങൾ തട്ടിപ്പറിക്കുകയാണ് എന്ന തരത്തിലാണ് അവർക്കിടയിലെ പുതിയ ധാരണ പരക്കുന്നത്. ഇത്രയൊക്കെ കണ്ടിട്ടും ഇന്ത്യൻ തലച്ചോറിന്റെയും പ്രയത്നമികവിന്റെയും മേൽക്കൈ സായിപ്പ് തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് സത്യം. സത്യമെന്തായാലും രാജ്യത്ത് ഇന്ത്യൻ സമൂഹത്തിനെതിരായ തൊലിവെളുത്ത അമേരിക്കക്കാരന്റെ മനസ്സിൽ പകയുടെ കനലുകൾ കൂടുതൽ ശക്തമായി എരിയുകയാണ്. ഇന്ത്യൻ വംശജർക്കതിരായ അക്രമ വാർത്തകളുടെ എണ്ണം ഏറുകയാണ്. ഇത് ആശങ്ക വർദ്ധിപ്പിക്കുന്നു.

അമേരിക്കയിൽ വെടിവെപ്പും കത്തിക്കുത്തും ഒന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. എന്നാൽ രാജ്യത്ത് ഇന്ത്യൻ വംശജർക്കെതിരെ മുന്പങ്ങും ഇത്തരത്തിൽ ആക്രമണങ്ങളുടെ കുത്തൊഴുക്ക് ഉണ്ടായിരുന്നില്ല. ഐ.ടി അടക്കമുള്ള മേഖലകളിൽ നിന്നും 270 ഇന്ത്യക്കാരെ നാടുകടത്തുമെന്ന അമേരിക്കൻ സർക്കാരിന്റെ പ്രഖ്യാപനവും ഈ ആശങ്ക വർദ്ധിപ്പിക്കുന്നു. 2009 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ 5 ലക്ഷത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ വലിയൊരു വിഭാഗത്തിന് അമേരിക്കയുടെ നിലപാട് കടുപ്പിക്കൽ വലിയ ദോഷമുണ്ടാക്കുമെന്നുറപ്പാണ്. 

ഇന്ത്യൻ വംശജർക്കതിരായ ആക്രമണവാർത്തകൾ തമ്മിലുള്ള ഇടവേളയുടെ ദൈർഘ്യം അതിവേഗം കുറഞ്ഞു വരികയാണ്. ആന്ധ്ര സ്വദേശികളായ നാരാ ശശികലയെന്ന ഐ.ടി പ്രൊഫഷണലും ഏഴ് വയസ്സുകാരൻ മകനും ക്രൂരമായ നിലയിൽ കൊല്ലപ്പെട്ടത് കഴിഞ്ഞ വ്യാഴാഴ്ച‍യാണ്. ഇവരെ ന്യൂജേഴ്സിയിലെ ബർളിംഗ്ടണിലുള്ള വസതിയിൽ കഴുത്തുമുറിച്ചു കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു. ഐ.ടി ഉദ്യോഗസ്ഥൻ തന്നെയായ ഭർത്താവാണ് മരണം ആദ്യമായി കണ്ടത്. ആന്ധ്രയിലെ പ്രകാശം ജില്ലക്കാരായ ഇവർ പത്ത് വർഷം മുന്പാണ് അമേരിക്കൻ മണ്ണിലേയ്ക്ക് കുടിയേറിയത്. ഇവരുടെ കൊലപാതകം ഇന്ത്യൻ വംശജരുടെ ആശങ്ക അധികരിപ്പിച്ചിരിക്കുകയാണ്.

ഇതിനിടെ കഴിഞ്ഞ ദിവസം തനിക്ക് വംശീയ അതിക്രമം നേരിടേണ്ടിവന്നുവെന്ന പരാതിയുമായി സിഖ് വംശജയായ രാജ്പ്രീത് ഹെയർ എന്ന യുവതി രംഗത്തെത്തിയിട്ടുണ്ട്. മാൻഹട്ടനിൽ ട്രയിനിൽ സഞ്ചരിക്കുന്നതിനിടെ അമേരിക്കക്കാരായ ഒരു സ്ത്രീയും പുരുഷനും തന്നെ അപമാനിക്കും വിധം പെരുമാറിയെന്നാണ് കേസ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം കൻസസിൽ െവച്ച് ഒരു ഇന്ത്യൻ എഞ്ചിനീയറെ വെള്ളക്കാരനായ ഒരാൾ വെടിവെച്ചു കൊന്നതും വംശീയ അതിക്രമം തന്നെയായിരുന്നു. ആന്ധ്രപ്രദേശ് സ്വദേശിയായ എഞ്ചിനീയർ ശ്രീനിവാസ് കുച്ചീഭോട്ലയായിരുന്നു അന്നു വെടിവെപ്പിൽ കൊല്ലപ്പെട്ടത്. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ വംശജന് അന്ന് പരിക്കേറ്റിരുന്നു. 

ഇക്കാര്യത്തിൽ അമേരിക്കയുമായുള്ള ഉഭയകക്ഷി ഉടന്പടികളെക്കാളൊക്കെ പ്രാധാന്യം ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിനാണെന്ന് വിദേശകാര്യമന്ത്രി സുഷ്മസ്വരാജ് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലെ ആശങ്ക അമേരിക്കയെ ഇന്ത്യ അറിയിച്ചിട്ടുമുണ്ട്. അമേരിക്കൻ പ്രസിഡണ്ടുതന്നെ കോൺഗ്രസിലെ തന്റെ ആദ്യ അഭിസംബോധനയിൽ ഇത്തരം വംശീയ അതിക്രമങ്ങൾക്കെതിരെ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അമേരിക്കയിൽ നിന്നുമാത്രമല്ല ഇത്തരത്തിലുള്ള സംഭവങ്ങൾ പതിവായി കേൾക്കുന്നത് എന്നതാണ് വാസ്തവം.

അമേരിക്കക്കൊപ്പം ഇന്ത്യക്കാർക്കെതിരായ വംശീയ അതിക്രമ വാർത്തകൾ വരുന്ന മറ്റൊരു രാഷ്ട്രം ഓസ്ട്രേലിയയാണ്. കുറേക്കാലമായി ഇത് ആരംഭിച്ചിട്ട്. ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരെയുള്ള അതിക്രമങ്ങളുടെ പേരിൽ 2009ഓടേ അത് അതിന്റെ പാരമ്യതയിലെത്തിയപ്പോൾ അന്നത്തെ വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണ പ്രശ്നത്തിൽ അതി ശക്തമായി ഇടപെട്ടിരുന്നു. ഇതാടേ ഒട്ടൊന്ന് കെട്ടടങ്ങിയ അതിക്രമങ്ങൾ അടുത്ത കാലത്ത് വീണ്ടും പതിവാകുകയാണ്.

ഓസ്ട്രേലിയയിലെ ഹോബർട്ടിൽ കോട്ടയം സ്വദേശിയായ ടാക്സി ഡ്രൈവർ ആക്രമിക്കപ്പെട്ടതാണ് ഇതിൽ ഏറ്റവും പുതിയ സംഭവം. ടാസ്മാനിയ സംസ്ഥാനത്തെ ഒരു ഭക്ഷണശാലയിൽ െവച്ചാണ് കോട്ടയം സ്വദേശിയായ ലീമാക്സിന് മർദ്ദനമേറ്റത്. ഇതിന് തൊട്ടു മുൻപ് ഇതുമായി ബന്ധപ്പെട്ടു വന്ന വാർത്തയും ഒരു മലയാളിക്കെതിരെ ആയിരുന്നു. കോഴിക്കോട് സ്വദേശിയും ഫോക്നറിലെ പള്ളി വികാരിയുമായ ഫാദ‍ മാത്യുവായിരുന്നു അന്ന് ആക്രമിക്കപ്പെട്ടത്. ഇറ്റാലിയൻ വംശജനായ ഒരു അക്രമി അദ്ദേഹത്തെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം ഇരുപതിന് ടാക്സി ഡ്രൈവർ ജസ്വിന്ദർ സിംഗ് ഉപ്പലെന്ന് ഇന്ത്യൻ വംശജന് നേരെയും ആക്രമണമുണ്ടായി. ഇംഗ്ലീഷ് ക്ലാസിൽ നിന്നും പുറത്തു വരുന്നതിനിടെ വംശവെറിയനായ അക്രമി ഉപ്പലിന്റെ മുഖത്തിടിക്കുകയായിരുന്നു.

2016 ഒക്ടോബർ 16ന് ഓടിക്കൊണ്ടിരുന്ന ഒരു ബസിന്റെ ഡ്രൈവറായ 29കാരനായ ഇന്ത്യൻ വംശജനെ വംശീയ അക്രമി ചുട്ടുകൊന്നിരുന്നു. അറിഞ്ഞതും അറിയാത്തതുമായ അക്രമങ്ങളും വാർത്തകളുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുകയാണ്. അനാവശ്യ വിവാദങ്ങളും വിരോധങ്ങളും തൊഴുത്തിൽ കുത്തും പാരയുമൊക്കെ ഉപേക്ഷിച്ച് ലോകവ്യാപകമായി തന്നെ ഇന്ത്യൻ സമൂഹം കൂടുതൽ ഒന്നിക്കാനും അതിജീവന മാർഗ്ഗങ്ങൾ കൈക്കൊള്ളാനുമുള്ള നേരം അതിക്രമിച്ചിരിക്കുന്നു.

You might also like

Most Viewed