വി­നയവും സമർ­പ്പണവും തലപ്പാ­ളി­യാ­ക്കി­യ കളി­യാ­ട്ടക്കാ­വു­കളി­ലെ­ ‘വി­നു­’മാ­ർ­ഗം


മധു കെ.

(മലബാറിലെ ഏറ്റവും പ്രശസ്തനായ തെയ്യം കലാകാരൻ പി. വിനോദ് പെരുവണ്ണാൻ, കണ്ടോന്താറുമായി ഒരു മുഖാമുഖം)

വടക്കേ മലബാറിൽ ഒരു കളിയാട്ടക്കാലം കൂടി അവസാനിക്കാൻ പോവുകയാണ്. കർക്കിടകത്തിൽ മാടായിക്കാവിൽ മാരിത്തെയ്യങ്ങളായി പെയ്തിറങ്ങി തുലാപ്പത്തോടു കൂടി നാട്ടിൽ അനുഗ്രഹ വർഷം ചൊരിയാൻ തുടങ്ങുന്ന തെയ്യക്കാലം വളപട്ടണം കളരിവാതിൽക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടെ പര്യവസാനിക്കുന്നു. സമസ്ത കലകളും സന്നിവേശിപ്പിക്കപ്പെട്ട മഹത്തായ ഒരനുഷ്ഠാനമാണ് തെയ്യം. അതിൽ സംഗീതവും നൃത്തവും നാട്യവും ചിത്രമെഴുത്തും താളവാദ്യങ്ങളും ശില്പകലയും സമന്വയിച്ചിരിക്കുന്നു. ആരോഗ്യവും ആത്മവിശ്വാസവും സഹിഷ്ണുതയും പ്രതിബദ്ധതയും ഉണ്ടെങ്കിലേ ഒരാൾക്ക് നല്ലൊരു തെയ്യക്കാരനാകാൻ കഴിയുകയുള്ളൂ. ശാരീരികവും മാനസികവുമായയ നിരവധി പ്രതിസന്ധികൾ തരണം ചെയ്തു വേണം ഒരു കോലക്കാരന് തന്റെ തെയ്യം പൂർത്തിയാക്കാൻ. അതിനിടയിൽ സംഭവിക്കുന്ന ഒരു ചെറിയ പിഴവു പോലും അയാളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടു തന്നെ തെയ്യം ജാഗ്രതയുടെ കലയും ത്യാഗത്തിന്റെയും സമ‍ർപ്പണത്തിന്റെയും അനുഷ്ഠാനവുമാണ്. പാരന്പര്യത്തിന്റെ പ്രയോഗ ക്ഷമതയാണ് ഏതൊരു അനുഷ്ഠാനത്തിന്റെയും നിലനിൽപ്പിന്നാധാരം. അനുഭവങ്ങൾ കാലത്തിനു നേരെ ഉയർത്തിയ വെല്ലുവിളികളാണ് തെയ്യങ്ങളുടെ പാരന്പര്യം. അത് ഉൾക്കൊള്ളാൻ കഴിഞ്ഞാലേ ഒരു തെയ്യം പൂ‍‍ർണതയിലെത്തുകയുള്ളൂ. ഇത്തരത്തിൽ പാരന്പര്യത്തിന്റെ ഊർജ്ജവും സംസ്കാരവും നെഞ്ചിലേറ്റി തെയ്യത്തിനായി ജീവിതം സമർപ്പിച്ച് ആവിഷ്കാരത്തിന്റെ ആത്മാർത്ഥതയും വൈഭവവും കൊണ്ട് ജനമനസുകളിൽ സ്ഥാനം നേടിയ തെയ്യം കലാകാരനാണ്  വിനു പെരുവണ്ണാൻ, കണ്ടോന്താർ. മുപ്പത്തിരണ്ടുകാരനായ അദ്ദേഹം ഈ ചെറിയ പ്രായത്തിനിടയിൽ കെട്ടിയാടാത്ത തെയ്യങ്ങൾ വിരളമാണ്. കണ്ണൂ‍ർ ജില്ലയിലെ മാതമംഗലത്തിനടുത്ത് കണ്ടോന്താർ ഗ്രാമത്തിലാണ് ജനനം. അച്ഛൻ പരേതനായ കവിണ്ടിശ്ശേരി കുഞ്ഞിരാമൻ പെരുവണ്ണാൻ. പ്രഗത്ഭനും പ്രശസ്തനുമായ തെയ്യക്കാരനായിരുന്നു. അമ്മ: കുറുവാട്ട് കല്യാണി അമ്മ. സഹോദരൻ: അനൂപ്, ഭാര്യ: പ്രീജ, മക്കൾ: ഹരിനന്ദ്, ശ്രീനന്ദ്. യുവതലമുറയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തെയ്യക്കാരിൽ ഒരാളായ വിനു പെരുവണ്ണാൻ തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ തെയ്യത്തിന്റെ അരങ്ങും അണിയറയും നമ്മളുമായി പങ്കുവയ്ക്കുന്നു.

 

തെയ്യത്തിൽ ആരായിരുന്നു താങ്കളുടെ ഗുരു? എപ്പോഴായിരുന്നു അരങ്ങേറ്റം?

അച്ഛൻ തന്നെയായിരുന്നു എന്റെ ആദ്യ ഗുരു. കുട്ടിക്കാലം മുതലേ അച്ഛനോടൊപ്പം കാവുകളിൽ പോകുമായിരുന്നു. അത് തെയ്യത്തെക്കുറിച്ചും മറ്റു ചടങ്ങുകളെക്കുറിച്ചും മനസിലാക്കാനും പഠിക്കാനുമുള്ള അവസരമൊരുക്കി. അങ്ങനെയാണ് ഒന്പതാം വയസിൽ ആദിവേടൻ കെട്ടിയാടിയത്. ഏഴാം ക്ലാസിൽ പഠിക്കുന്പോൾ കതിവന്നൂർ വീരന്റെ തിടങ്ങൽ തോറ്റം ചെയ്തു. ഇതാണ് തെയ്യത്തിലെ തുടക്കം.

അച്ഛനെക്കൂടാതെ സ്വാധീനിച്ച മറ്റാരെങ്കിലുമുണ്ടോ?

അച്ഛൻ മരിച്ചതിനു ശേഷം എനിക്ക് കാര്യങ്ങൾ പറഞ്ഞു തരുന്നതും സംശയനിവ‍ൃത്തി വരുത്തുന്നതുമെല്ലാം ബന്ധുക്കളായ രാജേഷ് പെരുവണ്ണാനും (കുഞ്ഞിമംഗലം) കുഞ്ഞിരാമ പെരുവണ്ണാനും (ചെങ്ങൽ) ആണ്.

താങ്കൾ അവതരിപ്പിക്കാറുള്ള പ്രധാന തെയ്യങ്ങൾ ഏതെല്ലാമാണ്?

ജന്മാധികാരത്തിന്റെയും കടമയുടെയും ഭാഗമായാണ് മിക്ക തെയ്യങ്ങളും ചെയ്യുന്നത്. കരിവന്നൂർ വീരൻ, കണ്ടനാർ, കേളൻ, മുത്തപ്പൻ, വയനാട്ടു കുലവൻ, പുതിയ ഭഗവതി, തോട്ടുങ്കര ഭഗവതി, പെരുന്പുഴയച്ഛൻ, കക്കര ഭഗവതി, രുധിരകാളി, ഭദ്രകാളി, കുടിവീരൻ, ഊർപ്പഴശ്ശി തുടങ്ങി നിരവധി തെയ്യങ്ങൾ ചെയ്യാറുണ്ട്. കഥകളി, കൂടിയാട്ടം തുടങ്ങിയ മറ്റു കലകളിൽ വേഷക്കാരൻ ഇഷ്ടമുള്ള വേഷം തിര‍ഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ തെയ്യങ്ങളിൽ തെയ്യക്കാരൻ തിരഞ്ഞെടുക്കുകയല്ല മറിച്ച്, ഒരു നിയോഗമായി അവൻ സ്വീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. ആ നിയോഗം ഏറ്റെടുത്ത് ഭംഗിയായി നിർവഹിക്കുകയെന്നതാണ് കോലക്കാരന്റെ കടമ.

ഏതൊരു കോലക്കാരനെ സംബന്ധിച്ചും അയാളുടെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് ആചാരപ്പെടൽ. എപ്പോൾ എവിടെ വെച്ചായിരുന്നു അങ്ങനെയൊരു സൗഭാഗ്യം താങ്കൾക്ക് വന്നുചേർന്നത്?

ഒന്പത് വർഷം മുന്പ് 2008ൽ ഇരുപത്തി മൂന്നാം വയസിൽ ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിൽ വച്ചാണ് ആചാരപ്പെട്ടത്. ഞാൻ കണ്ടനാർ കേളൻ ദൈവം അവതരിപ്പിച്ച കരിവെള്ളൂർ പുതിയ പുരയിൽ തറവാട്ടുകാർ അന്ന് അവിടെ വച്ച് പട്ടും വളയും സമ്മാനിച്ചു.

നിരവധി തെയ്യങ്ങൾ ചെയ്യാറുള്ള താങ്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും ഇഷ്ടം തോന്നാറുള്ള തെയ്യം ഏതാണ്?

മറ്റ് കലകളെ സംബന്ധിച്ചിടത്തോളം ഈ ചോദ്യം പ്രസക്തമായിരിക്കും. എന്നാൽ തെയ്യത്തിന്റെ കാര്യത്തിൽ കോലക്കാരന് ഏതെങ്കിലും ഒന്നിനോട് പ്രത്യേകം ഇഷ്ടം തോന്നുന്ന ഒരവസ്ഥയില്ല.. പലപ്പോഴും ഒരു തെയ്യക്കാരൻ വ്യത്യസ്ത കാവുകളിൽ വ്യത്യസ്ത മൂർത്തികളെയാണ് അവതരിപ്പിക്കുന്നത്. ഓരോ സ്ഥലത്തും അവിടുത്തെ മൂർത്തിയായി മാറുകയാണ് അയാൾ ചെയ്യുന്നത്. അപ്പോൾ അയാളുടെ മനസിൽ അത് വിജയിപ്പിക്കണമേ എന്ന ഒറ്റ പ്രാർത്ഥനയാണുണ്ടാവുക. അതുകൊണ്ട് തെയ്യക്കാരന് എല്ലാ മൂർത്തികളെയും ഇഷ്ടമായിരിക്കും. അവനെ സംബന്ധിച്ചിടത്തോളം മുന്പു സൂചിപ്പിച്ചതു പോലെ ഓരോന്നും ഒരു നിയോഗമാണ്.

അനുഷ്ഠാന കലയായ തെയ്യങ്ങൾ കാവുകൾക്ക് പുറത്ത് മറ്റു പൊതുവേദികളിൽ അവതരിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് എന്താണഭിപ്രായം?

പണത്തിനും പ്രശസ്തിക്കും മറ്റു നിർബന്ധങ്ങൾക്ക് വഴങ്ങിയും മറ്റും അങ്ങനെ ചെയ്യുന്നതിനോട് യോജിക്കാനാവില്ല., തെയ്യത്തിൽ കലയുണ്ടെങ്കിലും അതൊരു കലാരൂപമല്ല, അനുഷ്ഠാനമാണ്. മാത്രമല്ല അതിനൊരു ചുറ്റുപാടുണ്ട്. ആ ചുറ്റുപാടിൽ നിന്നകന്നാൽ പിന്നെ തെയ്യമില്ല. വെറും വേഷം മാത്രമാണ്. ജീവനില്ലാത്ത ഒരു മൃതവേഷം.

തെയ്യങ്ങൾക്ക് ബൃഹത്തായ ഒരു സാമൂഹിക തലമുണ്ടല്ലോ? ഇത് ഒരു തെയ്യക്കാരനെ എങ്ങനെ സ്വാധീനിക്കുന്നു?

ഒരു നാട്ടിലെ ജനങ്ങളുടെ നീണ്ട കാത്തിരിപ്പിനും പ്രതീക്ഷയ്ക്കും പ്രാർത്ഥനയ്ക്കും പ്രയത്നങ്ങൾക്കും നിറവേകിക്കൊണ്ടാണ് ഒരു തെയ്യം പ്രത്യക്ഷപ്പെടുന്നത്. ഇത് തെയ്യക്കാരനിലുണ്ടാക്കുന്ന സ്വാധീനവും ഉത്തരവാദിത്വവും വളരെ വലുതാണ്. ഒരു ചെറിയ പിഴവു പോലും പറ്റാതെ ജനങ്ങളോടുള്ള തന്റെ കടമ പൂർത്തിയാക്കണം എന്ന അദമ്യമായ ആഗ്രഹമാണ് മറ്റെല്ലാ അസൗകര്യങ്ങളും അവഗണിച്ച് ഒരു കോലക്കാരൻ പ്രവർത്തിക്കുന്നതിന് കാരണം. അതിനാവശ്യമായ ഭക്തിയും ആത്മവിശ്വാസവും ശക്തിയും വിശുദ്ധിയും അയാൾക്കുണ്ടെങ്കിലേ  അത് വിജയിപ്പിക്കാൻ കഴിയുകയുള്ളൂ.

എല്ലാ അസൗകര്യങ്ങളും അവഗണിച്ച് എന്നത് കൊണ്ട് എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്?

ഒരു തെയ്യത്തെ ജനാഭിലാഷമനുസരിച്ച് പൂർണതയിൽ എത്തിക്കുവാൻ കോലക്കാരൻ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ നിരവധി സമ്മർദ്ദങ്ങളും പ്രയാസങ്ങളും ത്യാഗങ്ങളുമുണ്ട്. പുറപ്പാട് കഴിഞ്ഞ് പന്ത്രണ്ട് മണിക്കൂറിലധികം സമയം മുടിയുമായി നിൽക്കുന്ന തെയ്യങ്ങളുണ്ട്. ശരീരത്തിന്റെ നിരവധി ഭാഗങ്ങളിൽ നാഡി ഞരന്പുകളെ നിശ്ചലമാക്കുന്ന നിരവധി കെട്ടുകൾ അത്രയും സമയം പ്രാഥമിക കർമ്മങ്ങൾ നി‍‍ർവഹിക്കാനാവാത്ത അവസ്ഥ. ശരീരത്തിനാവശ്യമായ ജലത്തിന്റെ അഭാവം, ഭക്ഷണമില്ലായ്മ, നിരന്തരമായ ഉറക്കമിളയ്ക്കൽ, ചൂട്, പൊടി ഇങ്ങനെയുള്ള സങ്കീർണമായ അവസ്ഥകളെ ഒരു കോലക്കാരൻ തരണം ചെയ്യേണ്ടതുണ്ട്. ദൈവങ്ങളുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹവും ജനമനസുകളിലെ സ്നേഹവുമാണ് ഇതെല്ലാം മറികടക്കാൻ ഒരു കോലക്കാരനെ സഹായിക്കുന്നത്.

ആരോഗ്യക്ഷമതയും കായികക്ഷമതയും അനിവാര്യമായ ഈ അനുഷ്ഠാനത്തിന് വലിയ ‘റിസ്ക്കു’ണ്ടല്ലോ. അതെക്കുറിച്ച് എന്താണഭിപ്രായം?

അകാല വാർദ്ധക്യമാണ് ഒരു തെയ്യക്കാരനെ കാത്തിരിക്കുന്ന വിധി. കോലം ധരിക്കുന്പോൾ അയാൾ എല്ലാ പ്രശ്നങ്ങൾക്കും അതീതനാണെങ്കിലും അതു കഴിയുന്പോൾ അനുഭവിക്കുന്ന ശാരീരിക അവശതകൾ ഏറെയാണ്. വേഷത്തിന്റെ ഭാഗമായുള്ള ചില കെട്ടുകൾ മുറുകിപ്പോയാൽ രക്തചംക്രമണം കുറഞ്ഞ് ശരീരമാകെ മരവിച്ചു പോകാം. ചില തെയ്യങ്ങൾക്കു ശേഷം ദിവസങ്ങളോളം പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാൻ പോലും പ്രയാസമായിരിക്കും. ഇതൊന്നും ആരും മനസിലാക്കുന്നില്ല.

ഇത്രമേൽ ത്യാഗങ്ങൾ അനുഷ്ഠിക്കുന്ന ഈ മേഖലയെ സമൂഹമോ സർക്കാരുകളോ അർഹിക്കുന്ന തരത്തിൽ അംഗീകരിക്കാത്തത് എന്തുകൊണ്ടാണ്?

എനിക്കിതുവരെ മനസിലാകാത്ത ഒരു കാര്യമാണിത്. തെയ്യത്തെയല്ലാതെ തെയ്യക്കാരനെ അംഗീകരിക്കാൻ ഇന്നും നമുക്ക് വൈമനസ്യമാണ്. പഴയജാതി ബോധം പലരുടെയും മനസിൽ ഇപ്പോഴും നിലനിൽക്കുന്നതു കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്. മറ്റൊന്ന് തെയ്യത്തിന്റെ കലാപരതയെക്കുറിച്ച് ഇനിയും നമ്മൾ വേണ്ടവിധം മനസിലാക്കിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ജനതയ്ക്ക് മനസിലാവാത്തത് സർക്കാരുകൾക്കും മനസിലാവില്ല. അതുകൊണ്ട് മറ്റു മേഖലകളോടു കാണിക്കുന്ന അനുഭാവപൂ‍‍ർണമായ സമീപനം സർക്കാരുകളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. ഓരോ തെയ്യക്കാരനും ജന്മാവകാശത്തിന്റെ പരിധികളുണ്ട്. അവകാശപ്പെട്ട സ്ഥലങ്ങളിലുള്ള കാവുകളിൽ മാത്രമെ തെയ്യങ്ങൾ ചെയ്യാൻ കഴിയുകയുള്ളൂ. കതിവന്നൂർ വീരൻ, കണ്ടനാർ കേളൻ, ബാലി തുടങ്ങിയ ചില തെയ്യങ്ങൾ‍ മാത്രമാണ് ഇതിനപവാദം. ഇത് സാർവത്രികമായ അംഗീകാരത്തിന് വിലങ്ങു തടിയാകുന്നു. 

ശരീരവും മനസും സമർപ്പിച്ച് നടത്തുന്ന ഈ അനുഷ്ഠാനത്തിന് ഇന്നും മാന്യമായ പ്രതിഫലം കിട്ടുന്നില്ല എന്ന് പലപ്പോഴും പരാതി കേൾക്കാറുണ്ട്. ഇതും നേരത്തെ പറഞ്ഞ അവഗണനയുടെ ഭാഗമാണോ?

ജന്മാവകാശത്തിന്റെ പേരിൽ ഉത്തരവാദിത്വങ്ങൾ നിറവേറ്റണ്ടത് ഒരു ബാധ്യത ആണല്ലോ. ഭൂരിഭാഗം തെയ്യക്കാരും ദിവസങ്ങളോളം ഉറക്കൊഴിഞ്ഞ് അടിയന്തിരങ്ങൾ നിറവേറ്റിക്കഴിഞ്ഞാലും മറ്റു തൊഴിലെടുക്കുന്നവർക്കു കൊടുക്കുന്ന തരത്തിലുള്ള മാന്യമായ ഒരു പ്രതിഫലം മിക്കപ്പോഴും തെയ്യക്കാർക്ക് കിട്ടാറില്ല. മറ്റു പരിപാടികൾക്ക് ലക്ഷങ്ങൾ ചെലവഴിക്കുന്പോഴും തെയ്യക്കാരുടെ കാര്യം വരുന്പോൾ ഇതാണവസ്ഥ. ഒരു കളിയാട്ടക്കാലം കഴിയുന്പോൾ ശാരീരികാസ്വാസ്ഥ്യങ്ങളിൽ നിന്ന് മോചനം നേടാൻ പോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണ് മിക്ക തെയ്യക്കാർക്കുമുള്ളത്.

തെയ്യം മേഖലയിലെ പുതുതലമുറയുടെ സാന്നിദ്ധ്യം എങ്ങനെയുണ്ട്?

പുതിയ തലമുറ ഈ രംഗത്തേക്ക് കടന്നുവരുന്നത് വളരെ കുറവാണ്. വരുന്നവരിൽ കുറച്ചു പേർ മാത്രമേ ഈ രംഗത്ത് തുടരുന്നുള്ളൂ. ചെറുപ്പത്തിന്റെ ഊർജസ്വലതക്കു ശേഷം ഒരു തെയ്യക്കാരൻ അനുഭവിക്കേണ്ടി വരുന്ന ശാരീരീക പ്രശ്നങ്ങൾ മനസിലാക്കുന്പോൾ പുതിയ ആളുകൾ ഈ രംഗത്തേക്ക് വരാൻ മടിക്കും. അല്ലെങ്കിൽ അത്രമാത്രം അംഗീകാരമോ സാന്പത്തിക ഭദ്രതയോ ലഭിക്കണം. അത് ഈ മേഖലയിൽ ഇനിയും ഉണ്ടായിട്ടില്ല.

ജനകീയാംഗീകാരം മുന്പത്തെക്കാളും ഇന്നു വർദ്ധിക്കുകയല്ലേ ചെയ്തത്!

തീർച്ചയായും അതിന് സോഷ്യൽ മീഡിയയോടാണ് നന്ദി പറയേണ്ടത്. മുന്പ് ഒരു നിശ്ചിത തട്ടകത്തിൽ മാത്രം അറിഞ്ഞിരുന്ന തെയ്യക്കാരെ എല്ലാ സ്ഥലത്തും അറിയാനിടയാക്കിയത് സോഷ്യൽ മീഡിയയാണ്. ഇതിലൂടെ താൽപ്പര്യമുള്ളവർക്ക് തെയ്യങ്ങൾ എവിടെയുണ്ടെന്ന് അറിയാനും പോയി കാണാനും കഴിയുന്നു.

വളരെ ദൗർഭാഗ്യകരമായ ഒന്നായിരുന്നു കണ്ണൂരിലെ സുമേഷ് പെരുവണ്ണാന്റെ അപകടം. ഇത് തെയ്യങ്ങളുടെ അനുഷ്ഠാനങ്ങളിലെ കാലോചിതമായ പരിഷ്കരണത്തിലേക്കും പുതിയ കാണികളുടെ ആസ്വാദന രീതി മാറ്റേണ്ടതിന്റെ ആവശ്യകതയിലേക്കും വിരൽ ചൂണ്ടുന്ന ഒന്നായിരുന്നു. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചില്ല.

അങ്ങനെ ഒരു ചർച്ച പരക്കെ ഉയർന്നുവരാത്തതിൽ ഏറെ വിഷമമുണ്ട്. ഓരോ തെയ്യക്കാരനിലും ഒരു മനുഷ്യനുണ്ട് എന്ന ബോധം സമൂഹം മറക്കുന്നുവോ എന്ന ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്. ഓരോ കോലക്കാരന്റെയും ജീവിതത്തിനു വേണ്ടി അവൻ തന്നെ മുൻകരുതൽ എടുക്കണം എന്ന ആശാസ്യമല്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് എന്ന് തോന്നുന്നു. തെയ്യം എന്ന അനുഷ്ഠാനം കാണികളുടെ ആവേശത്താൽ നിറവേറ്റപ്പെടേണ്ടതല്ല. ജീവനു ഭീഷണിയായ പല ആചാരങ്ങളും അനുഷ്ഠാനങ്ങളും കാലാന്തരത്തിൽ മാറ്റം വരുത്തിയ ചരിത്രമുണ്ട്. എങ്കിലും സന്തോഷമുണ്ട്, സോഷ്യൽ മീഡിയയിലൂടെ തെയ്യത്തെ സ്നേഹിക്കുന്നവർ രൂപം നൽകിയ നിരവധി സ്നേഹക്കൂട്ടായ്മകളിലൂടെ സുമേഷിനെ സഹായിക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ചതിൽ. ഇത് എല്ലാ തെയ്യക്കാരിലും ആത്മവിശ്വാസം ജനിപ്പിക്കും.

ബാല്യത്തിൽ തുടങ്ങിയ തീക്ഷ്ണമായ യൗവനത്തിൽ എത്തി നിൽക്കുന്നതാണല്ലോ താങ്കളുടെ തെയ്യജീവിതം. ഈയൊരു കാലഘട്ടത്തെക്കുറിച്ച് എന്തു തോന്നുന്നു?

ദൈവത്തിന്റെ കാരുണ്യത്താൽ പൂ‍‍ർവികരും ഗുരുക്കന്മാരും പാരന്പര്യമായി സംരക്ഷിച്ച് പകർന്നു തന്ന മഹത്തായ വരദാനമാണ് തെയ്യം. അത് എനിക്കെന്റെ ജീവിതമാണ്. അതിനു പകരമാകാൻ പണത്തിനോ മറ്റു നേട്ടങ്ങൾക്കോ കഴിയില്ല. അത്ര അമൂല്യമാണത്. എല്ലാ പരിമിതികളും മറികടന്ന് ഇതുവരെ ചെയ്തതു പോലെ തുടർന്നും തടസങ്ങളില്ലാതെ തെയ്യം ചെയ്യാൻ കഴിയേണമേ എന്നാണ് ദൈവത്തോടുള്ള പ്രാർത്ഥന. അതിനായി ദൈവങ്ങളുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹവും ജനങ്ങളുടെ സ്നേഹവും എന്നിലുണ്ടാകണമെന്ന് ആത്മാർത്ഥമായ ആഗ്രഹിക്കുന്നു.

ആധികളും വ്യാധികളും മാറ്റി എല്ലാ ജനങ്ങൾക്കും ഗുണം വരുത്താനുള്ള ചരിത്ര നിയോഗവുമായി  ഇനിയും ഒരുപാട് കാലം നിരവധി കോലങ്ങലും കാവുകളും താണ്ടാൻ ഈ പെരുവണ്ണാന് ആരോഗ്യവും കരുത്തുമുണ്ടാകട്ടെയെന്ന് മനസ് നിറഞ്ഞ് ആശംസിച്ചു. കാരണം “ത്യാഗമെന്നതേ നേട്ടം താഴ്മതനഭ്യുന്നതി” എന്ന കവിവാക്യത്തിന്റെ നിദർശനമാണ് ഈ മഹാനായ കലാകാരൻ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed