പറന്നു പറന്നു പറന്ന്
വി.ആർ. സത്യദേവ്
ആകാശം എന്നും മനുഷ്യനെ മോഹിപ്പിക്കുന്ന ഒന്നാണ്. പക്ഷികളെപ്പോലെ അനന്തവിഹായസ്സിൽ പറന്നുയരാനും യഥേഷ്ടം സഞ്ചരിക്കാനും ആശിക്കാത്ത മനുഷ്യരുണ്ടാവില്ല. ആ അഭിവാഞ്ജയുടെ ഫലമായി ചൂട് വായു നിറച്ച് ഉയർന്നു പൊന്തുന്ന ബലൂണുകളും പിന്നെ സെപ്പല്ലിനുകളും ഗ്ലൈഡറുകളും ഒക്കെ പിറവികൊണ്ടു. 1903 ഡിസംബർ 17ന് അമേരിക്കയിലെ റൈറ്റ് സഹോദരന്മാരിലൂടെ ആധുനിക വിമാനമെന്ന യാഥാർത്ഥ്യവും പിറന്നു. മറ്റ് പല കാര്യങ്ങളിലുമെന്നപോലെ ഇക്കാര്യത്തിലും ലോകത്തിന്റെ ഇതരഭാഗങ്ങളിലും ഇതിന് മുന്പുതന്നെ സമാനമായ പരീക്ഷണങ്ങളും വിജയങ്ങളും ഉണ്ടായിരുന്നുവെന്ന വാദങ്ങളും വിസ്മരിക്കുന്നില്ല. പിന്നീടിങ്ങോട്ട് വ്യോമയാത്രയുടെ കാര്യത്തിൽ വലിയ കുതിപ്പാണ് ഉണ്ടായത്. ഭൂമിയിൽ നിന്നും പുത്തനാകാശങ്ങൾ തേടി ആകാശയാനങ്ങൾ അപാരമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടേയിരുന്നു. ഭൂമിക്കപ്പുറം പാർക്കാനൊരിടം സ്വപ്നം കാണാൻ മനുഷ്യനെ തുണച്ചത് യഥാർത്ഥത്തിൽ ഈ യന്ത്രപ്പറവകൾ തന്നെയായിരുന്നു. വേഗതകളുടെ സാദ്ധ്യതകൾ വികാസത്തിന് പ്രകാശ വേഗം നൽകി.
പറഞ്ഞു വന്നത് ഗുണപരമായ നേട്ടങ്ങളെക്കുറിച്ചാണ്. ഇതിന് കടകവിരുദ്ധമായി ആപത്തിന്റെയും ആശങ്കയുടെയും ആഴം വർദ്ധിപ്പിക്കുന്നതും കൂടിയായിരുന്നു വ്യോമയാന രംഗത്ത് ലോകം കൈവരിച്ച നേട്ടങ്ങൾ. അത്യന്തം വിനാശകാരികളായ ആയുധങ്ങളുടെ ഉപയോഗം കൂടുതൽ എളുപ്പത്തിലാക്കുന്നതായിരുന്നു ഈ രംഗത്തെ പുരോഗതി. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ജനലക്ഷങ്ങളുടെ ഉയിരെടുത്ത അണുബോംബുകൾ വർഷിച്ചത് വിമാനങ്ങളിൽ നിന്നായിരുന്നു. യുദ്ധഭൂമികളെന്ന സംജ്ഞയ്ക്ക് യുദ്ധവിഹായസ്സുകളെന്ന പുത്തൻ മാനം നൽകുന്ന കാര്യത്തിൽ മത്സരിക്കുകയാണ് ലോക ശക്തികൾ. സിനിമകൾക്കും ഹോളിവുഡ് സിനിമകൾക്കും മാത്രം വിഷയമായിരുന്ന നക്ഷത്രയുദ്ധം പോലും അസാദ്ധ്യമല്ല എന്നതാണ് ഇന്നത്തെ സ്ഥിതി.
ഇക്കാര്യത്തിൽ മുന്പന്മാരായ അമേരിക്കയ്ക്ക് വെല്ലുവിളിയുയർത്തിക്കൊണ്ട് ആഗോള ഭീഷണിയുടെ പുതിയ കരാളമുഖം വെളിവാക്കുകയാണ് ഉത്തര കൊറിയ. ഇതിനെക്കുറിച്ചുള്ള പുത്തൻ വർത്തമാനമാണ് ഇന്ന് കാലത്ത് പുറത്തുവരുന്നത്. അടിക്കടി ആയുധപരീക്ഷണ വാർത്തകൾ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന ഉത്തര കൊറിയ ഇന്നലെ തങ്ങളുടെ ഏറ്റവും പുതിയ റോക്കറ്റ് പരീക്ഷിച്ചു എന്നാണ് അവകാശപ്പെട്ടിരിക്കുന്നത്. റോക്കറ്റ് പരീക്ഷണത്തെ മാർച്ച് 18 വിപ്ലവമെന്നാണ് ഉത്തര കൊറിയൻ നായകൻ കിം ജോംഗ് ഉൻ വിശേഷിപ്പിച്ചിരിക്കുന്നത്. റോക്കറ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവാകുന്നതേയുള്ളൂ. അമേരിക്കയുടെ വിലക്ക് ലംഘിച്ചാണ് ഉത്തര കൊറിയ മിസൈൽ പരീക്ഷണവുമായി മുന്നോട്ട് പോയത്. ഇതിൽ ഉത്തര കൊറിയയുടെ അയൽക്കാരായ തെക്കൻ കൊറിയ തികച്ചും ആശങ്കാകുലരാണ്. മേഖലയിലെ മാത്രമല്ല ആഗോളതലത്തിൽ തന്നെയുള്ള ശാന്തിക്കും സമാധാനത്തിനും ഉത്തരകൊറിയയുടെ നടപടികൾ കടുത്ത ഭീഷണിയാണ് എന്ന കാര്യത്തിൽ തർക്കമില്ല. കടുത്ത നിലപാടുകാരനായ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇക്കാര്യത്തിൽ എന്ത് നിലപാടെടുക്കും എന്നതാണ് ലോകം ഉറ്റു നോക്കുന്ന കാര്യം. എന്നാൽ ആകാശപ്പറവകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇങ്ങനെ ആശങ്കയുണ്ടാക്കുന്നതല്ല.
ആധുനിക സമൂഹങ്ങളെല്ലാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഗതാഗതക്കുരുക്ക്. ജോലിസ്ഥലത്ത് ചിലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം ജോലിസ്ഥലത്തേക്ക് എത്തിച്ചേരാൻ ചിലവിടേണ്ടി വരുന്നവരാണ് നമ്മിൽ പലരും. ഓരോയിടത്തും മീറ്റിംഗുകൾക്കും മറ്റുമായി എത്തിച്ചേർന്നാൽ അഭിമുഖീകരിക്കേണ്ട മറ്റൊരു പ്രശ്നം പാർക്കിംഗാണ്. പ്രമുഖ നഗരങ്ങളിലെല്ലാം സ്ഥിതി ഇത് തന്നെയാണ്. സ്വന്തം വീട്ടിലും ഓഫീസിലും ഒക്കെ നിന്ന് വിമാനത്താവളത്തിലും റെയിൽവേ േസ്റ്റഷനിലും ഒക്കെ കൃത്യസമയത്ത് എത്തിച്ചേരാൻ അനുഭവിച്ചിട്ടുള്ള ബുദ്ധിമുട്ട് ചില്ലറയല്ല. സമയത്തിന് പൊൻ വിലയുള്ള ബിസിനസ് സാമ്രാട്ടുകളുടെയും വലിയ എക്സിക്യൂട്ടിവുകളുടെയും കാര്യം പറയാനുമില്ല. റോഡുകളും ഗതാഗത സംവിധാനങ്ങളും എത്ര പുരോഗമിച്ചിട്ടും ദുബൈ പോലുള്ള നഗരങ്ങളിൾ സമയമേറെ നീളുന്ന ഗതാഗത തടസ്സം പതിവ് സംഭവമാണ്. ഇതാ പരിഹരിക്കാനുള്ള പുതിയ സംവിധാനമായി ദുബൈ ഭരണകൂടം നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ മാർഗ്ഗവും ആകാശാനുബന്ധമാണ്. ഒറ്റയാൾക്ക് തനിയെ പറക്കാവുന്ന എയർ ടാക്സി സംവിധാനത്തിലൂടെ ഗതാഗതക്കുരുക്കിൽ നിന്നും കുറേപ്പേരെയെങ്കിലും രക്ഷിക്കാനുള്ള നീക്കത്തിലാണ് സർക്കാർ.
ഈഹാംഗ് 184 എന്ന പൈലറ്റില്ലാ പറക്കും കാറാണ് നഗരക്കുരുക്കിൽ നിന്നും രക്ഷനേടാനുള്ള പുതിയ ഉപാധിയായി സർക്കാർ ഏർപ്പെടുത്തുന്നത്. ഒരു ചൈനീസ് കന്പനിയാണ് ഈ ഡ്രോണുകളുടെ നിർമ്മാതാക്കൾ. നൂറ് കിലോ ഭാരം വഹിക്കാൻ കഴിയുന്ന ഡ്രോണുകളിൽ ഒരാൾക്ക് സഞ്ചരിക്കാം. നേരെ മുകളിലേയ്ക്ക് പറന്നുയരാനും പറന്നിറങ്ങാനും കഴിവുള്ളവയാണ് ഇവ. ഫോർ ജി വിദൂര നിയന്ത്രണ സംവിധാനമുപയോഗിച്ചാണ് ഡ്രോണുകളുടെ ഗതി, പ്രവർത്തന നിയന്ത്രണം. ഇതിന്് ചിലവാകുന്ന തുക സംബന്ധിച്ച കാര്യങ്ങൾ അറിവായിട്ടില്ല. നിലവിൽ ഡ്രോണൊന്നിന് രണ്ട് ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ ഡോളർ വില വരുമെന്നാണ് അറിയുന്നത്.
ഗതാഗതക്കുരുക്കിൽ നിന്നും മോചനമാകുമെങ്കിലും ഡ്രോണിന്റെ സുരക്ഷ സംബന്ധിച്ച വലിയ ചോദ്യങ്ങളാണ് ഉയരുന്നത്. എന്നാൽ ഡ്രോണിനെ പറത്തുന്ന എട്ട് പ്രൊപ്പല്ലറുകളിൽ നാലെണ്ണം വരെ പ്രവർത്തനരഹിതമായാലും സംഗതി കൂൾ കൂളായി പറക്കുമെന്നാണ് ഈഹാംഗ് സി.ഇ.ഒ ഹുവാസി ഹു അവകാശപ്പെടുന്നത്. മൊബൈൽ ഫോണുകളുടെയും ഡിജിറ്റൽ ടി.വിയുടെയുമൊക്കെ സിഗ്നൽ കട്ടാകുന്നതുപോലെ ഡ്രോണിന്റെ ഫോർ ജി സിഗ്നൽ കട്ടായാൽ ശേഷം ചിന്ത്യം ആണോ ഫലം എന്ന് കണ്ട് തന്നെ അറിയണം.
സുരക്ഷ സംബന്ധിച്ച ആശങ്കകൾ അവിടം കൊണ്ടും അവസാനിക്കുന്നില്ല. ഇത്തരം പറക്കും വാഹനങ്ങൾ ദോഷകരമായ കാര്യങ്ങൾക്കായി തട്ടിയെടുക്കാനുള്ള സാദ്ധ്യതകളും അധികൃതർ മുൻകൂട്ടി കണ്ട് വേണ്ട മുൻകരുതലെടുക്കുമെന്ന് പ്രത്യാശിക്കാം. എങ്കിലും വ്യോമഗതാഗതം കൂടിയ മേഖലകളിൽ ഈ വ്യോമ പേടകങ്ങളുടെ നിയന്ത്രണം അത്ര എളുപ്പമാവാനിടയില്ല. എങ്കിലും ഇത് ഒരു അനിവാര്യതയും സംഭവ്യവുമാണ് എന്ന് തന്നെ വിലയിരുത്തുന്നതാവും ഉചിതം. ആശങ്കകളുണ്ടെങ്കിലും ദുബൈയിലെ തിരക്കില്ലാത്തയിടങ്ങളിൽ ഈ ഡ്രോണുകൾ പരീക്ഷണപ്പറക്കൽ ആരംഭിച്ചുകഴിഞ്ഞു എന്നാണ് അറിയുന്നത്. എറെത്താമസിയാതെ കാശുമുടക്കാൻ കഴിവുള്ളവന് ദുബൈയിൽ ലഭ്യമാവുന്ന മറ്റൊരു കൗതുകം തന്നെയാവും ഈ ഡ്രോണുകൾ. കാശില്ലാത്തവന് തൽക്കാലം കണ്ടെങ്കിലും രസിക്കാം. ഇത് ടാക്സി സർവ്വീസിന്റെ കാര്യം. എന്നാൽ സ്വയമോടിച്ചും പറപ്പിച്ചും രസിക്കാവുന്ന വിമാനക്കാറുകൾ 2020ഓടെ സാദ്ധ്യമാകുമെന്ന വാഗ്ദാനമാണ് ലോകപ്രശസ്ത വിമാന നിർമ്മാതാക്കളായ ബോയിംഗ് മുന്നോട്ട് വയ്ക്കുന്നത്. പ്രമുഖ ഡിസൈനർമാരായ ഇറ്റാൽ ഡിസൈനേഴ്സുമായി ചേർന്നുള്ള എയർബസ്സിന്റെ പറക്കും കാർ പദ്ധതിയും ഇക്കഴിഞ്ഞയാഴ്ചയാണ് അനാവരണം ചെയ്യപ്പെട്ടത്. ലോകപ്രശസ്തമായ ജനീവ മോട്ടോർഷോയിൽ പദ്ധതതിയെക്കുറിച്ച് അധികൃതർ വിശദീകരിച്ചു. പദ്ധതിക്ക് വാഹനം എന്നർത്ഥമുള്ള വാഹന എന്ന പേരാണ് നൽകിയിരിക്കുന്നത് എന്നത് ഭാരതീയർക്ക് ഏറെ കൗതുകകരമാവും. കുറഞ്ഞപക്ഷം പുരാണങ്ങളിലെ പുഷ്പകമടക്കമുള്ള വിമാനങ്ങളെക്കുറിച്ച് അറിവും ആത്മാഭിമാനവും ഉള്ളവർക്കെങ്കിലും ആ പേര് കൗതുകകരമാകുമെന്നുറപ്പ്. സന്പൂർണ്ണ പ്രകൃതി സൗഹൃദ വാഹനമായിരിക്കും വാഹന എന്നാണ് എയർബസ് അധികൃതർ ആഗ്രഹിക്കുന്നത്. ഈഹാംഗും വാഹനയുമെല്ലാം ചേർന്ന് നമ്മുടെ വ്യോമയാന ചരിത്രം വലിയ തരത്തിൽ തിരുത്തിക്കുറിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
ഇവയ്ക്കൊപ്പം ജീവശാസ്ത്രരംഗത്ത് വൻ കുതിപ്പ് നടത്തിയ ഒരു കുഞ്ഞൻ പറക്കും യന്ത്രത്തെക്കുറിച്ച് കൂടി പറയാതിരിക്കാനാവില്ല. ലോകത്തെ 75 ശതമാനത്തോളം ഫലവർഗ്ഗങ്ങൾ പരാഗണത്തിനായി ആശ്രയിക്കുന്നത് ഷഡ്പദങ്ങളെയാണ്. ലോകത്തെ 40 ശതമാനത്തോളം പ്രാണി വർഗ്ഗങ്ങളാവട്ടെ വംശനാശ ഭീഷണിയിലുമാണ്. ഈ പ്രശ്നം കുഞ്ഞൻ ഡ്രോണുകളെയുപയോഗിച്ച് പരിഹരിക്കാമോയെന്ന പരീക്ഷണത്തിലാണ് ശാസ്ത്രലോകം. ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സയൻസ് ആൻഡ് ടെക്നോളജിയിലെ ശാസ്ത്രജ്ഞന്മാർ ഇക്കാര്യത്തിൽ വിജയം വരിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. കുഞ്ഞൻ ഡ്രോണുകളിൽ കുതിര രോമം പിടിപ്പിച്ച് അതിൽ പ്രത്യേകമായി വികസിപ്പിച്ച ജെൽ ഉപയോഗിച്ചുള്ള പരീക്ഷണമാണ് വിജയം കണ്ടതെന്ന് ഇതിന് നേതൃത്വം നൽകിയ എയ്ജിറോ മിയാക്കോ പറഞ്ഞു. എന്നാലിത് നൂറുശതമാനം പ്രശ്നപരിഹാരമാകുന്നില്ലെന്ന് ശാസ്ത്ര ലോകം സമ്മതിക്കുന്നുമുണ്ട്. അതെന്തായാലും പറന്നു പറന്നു പറന്ന് അത്ഭുതത്തിന്റെയും ആശ്വാസത്തിന്റെയും ആശങ്കയുടെയും പുത്തനാകാശങ്ങൾ കീഴടക്കുകയാണ് മനുഷ്യകുലം.